കലാലയങ്ങളിൽ ചോരവീഴാതിരിക്കാൻ

ചര്‍ച്ച
മാര്‍ച്ച് 2017
ഇന്നത്തെ കാലലാലയങ്ങളിലെ അധ്യാപകരെയും സ്ഥാപന മേധാവികളെയും ഭയം വല്ലാതെ പിടികൂടിയിട്ടുണ്ട്. കാരണം അവരെല്ലാവരും ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആളുകളായിരിക്കും.

തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കുന്നില്ല

പ്രൊഫ ഒ.ജെ. ചിന്നമ്മ

ഇന്നത്തെ കാലലാലയങ്ങളിലെ അധ്യാപകരെയും സ്ഥാപന മേധാവികളെയും ഭയം വല്ലാതെ പിടികൂടിയിട്ടുണ്ട്. കാരണം അവരെല്ലാവരും ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആളുകളായിരിക്കും. കുട്ടികളും അതുപോലെതന്നെ. അതുകൊണ്ടു തന്നെ ഇവര്‍ ഒരു തെറ്റ് ചെയ്താല്‍ മതിയായ ശിക്ഷ നല്‍കാന്‍ സാധിക്കുന്നില്ല. അപരാധികളില്‍ ചെയ്യുന്ന ദണ്ഡം രാഷ്ട്രത്തിന്റെ ശുദ്ധീകരണത്തിനാണ്. നമ്മുടെ കുട്ടികളില്‍ തെറ്റുകാണുമ്പോള്‍ അത് ശരിയായില്ല എന്നുപറയാനുള്ള ഒരധികാരമുണ്ട്. എന്നാല്‍ ഇന്നത്തെകാലത്ത് കലാലയങ്ങളില്‍ കാണുന്ന പ്രത്യേകത ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വന്തം അനുയായികള്‍ക്ക് യാതൊരു വിധത്തിലുള്ള ശിക്ഷയും ലഭിക്കാത്ത വിധത്തിലാണ് തീരുമാനമെടുക്കുന്നത്.

ഇവിടെ അധ്യാപകര്‍ക്ക് പ്രധാന റോളുണ്ട്. അധ്യാപകരുടെ ധര്‍മം എന്നുപറയുന്നത് ഏത് കുട്ടിയാണെങ്കിലും ന• ചെയ്യുന്നവനാണെങ്കില്‍ അവനോടൊപ്പം നില്‍ക്കുകയും തിന്മ ചെയ്യുന്നവരെ പരമാവധി അതില്‍നിന്ന് പിന്തിരിപ്പിച്ച് മാനസികമായി പരിവര്‍ത്തനം ചെയ്ത് മാറ്റിയെടുക്കുക എന്നൊരു ധര്‍മമുണ്ട്. പക്ഷേ ഇവിടെ കുറ്റവാളി ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല. ഇത് വീണ്ടും തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അധ്യാപകരും പാര്‍ട്ടിയും തന്നെ രക്ഷിക്കുമെന്ന വിശ്വാസം തെറ്റിന്റെ ആക്കം കൂട്ടുകയാണ്.

മറ്റൊരു പ്രധാന പ്രശ്‌നം ആന്റി റാഗിംഗ് സെല്ലുകളിലോ, കമ്മറ്റികളിലോ നിഷ്പക്ഷരായിട്ടും ധാര്‍മികരായിട്ടും രാഷ്ട്രീയ അതിപ്രസരം ഇല്ലാത്ത അധ്യാപകരെയൊന്നും ഇത്തരം കമ്മറ്റികളില്‍ അടുപ്പിക്കാറില്ല. ഈ കമ്മറ്റികളില്‍ വരുന്ന പലര്‍ക്കും ക്രിമിനല്‍ സ്വഭാവം കണ്ടുവരാറുണ്ട്. ഇതൊരു വല്ലാത്ത പ്രശ്‌നമാണ്.

ഇന്ന് മാതാപിതാക്കള്‍ കുട്ടികളുടെ ആധ്യാത്മിക വളര്‍ച്ചക്കാവശ്യമായ ഒന്നും ചെയ്യുന്നില്ല. ഇതൊരു ധാര്‍മിക വളര്‍ച്ചയാണ്. അല്ലാതെ മതം പഠിപ്പിക്കലല്ല. ഇതിനൊരു ഊന്നല്‍ കൊടുക്കേണ്ടതുണ്ട്. നമ്മള്‍ മാര്‍ക്ക് ഉല്‍പാദിപ്പിക്കുന്ന യന്ത്രങ്ങള്‍ ഉണ്ടാക്കുന്നു. അവര്‍ പണം ഉണ്ടാക്കാന്‍ ഏത് ഹീനകൃത്യവും ചെയ്യുന്നു. ധാര്‍മികമായ വളര്‍ച്ചയുടെ അഭാവം വലിയൊരു പ്രശ്‌നം തന്നെയാണ്.

രക്ഷിതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് പലരും അവര്‍ക്കിഷ്ടമില്ലാത്ത വിഷയങ്ങളില്‍ ഉന്നതപഠനം നടത്തുന്നത്. ഇത് അവരെ മാനസികമായി തളര്‍ത്തുമ്പോള്‍ മറ്റ് വൃത്തികേടുകളിലേക്ക് തിരിയുന്നത് സ്വഭാവികം. മോശമായ കുടുംബപശ്ചാത്തലത്തില്‍ നിന്നു വരുന്നവരും അക്രമസ്വഭാവമുള്ളവരുമായ കുട്ടികളുടെ കൂട്ടുകെട്ടിലേക്ക് ഇവര്‍ ആകര്‍ഷിക്കപ്പെടുന്നു. മദ്യവും മയക്കുമരുന്നും ഇതിന്റെ ഭാഗമായി സ്വാധീനിക്കപ്പെടുന്നു. കണക്കില്ലാതെ ധാരാളം പണം രക്ഷിതാക്കള്‍ നല്‍കുമ്പോള്‍ കുട്ടികള്‍ അതു ദുരുപയോഗം ചെയ്യുന്നു. രക്ഷിതാക്കളുടെ കൊള്ളരുതായ്മകൊണ്ട് തിന്മകളിലേക്ക് വീണുപോകുന്ന മക്കളാണ് ഭൂരിഭാഗം കുറ്റവാളികളും. അരക്ഷിതത്വ കുടുംബ പശ്ചാത്തലത്തില്‍ വളരുന്നവര്‍ക്കെങ്ങനെയാണ് മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കഴിയുക. കുടുംബബന്ധങ്ങള്‍ ഊഷ്മളമാക്കുകയും കുട്ടികളില്‍ മൂല്യബോധവും പൗരധര്‍മവും വളര്‍ത്തിയെടുക്കുകയുമാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്.

 

 വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി വേണം

കെ.എം. അഭിജിത്

(കെ.എസ്.യു സംസ്ഥാന സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ ചെയര്‍മാന്‍)

റാഗിംഗ് ചെയ്യുന്നതുമൂലം തങ്ങളുടെ ഭാവി കൂടിയാണ് അപകടത്തിലാവുന്നതെന്ന കാര്യം പലരും ഓര്‍ക്കാറില്ല എന്നാണ് എനിക്ക് തോന്നുന്നത്. റാഗിംഗിന്റെ ഭവിഷ്യത്ത് എന്തൊക്കെയാണെന്നുള്ള അജ്ഞതയാണ് പലരേയും റാഗിംഗ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. നാലാള്‍ കൂടിയാല്‍ തങ്ങളാണ് എല്ലാവരേക്കാളും വലിയവരാണെന്ന തെറ്റിദ്ധാരണ വരികയും ഇത് കാരണം ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായി റാഗിംഗ് ചെയ്യുന്ന അവസ്ഥയുമാണുള്ളത്. ഇത് കേരളത്തില്‍ മാറിയേ തീരൂ.

കാമ്പസ്സുകളില്‍ റാഗിംഗിനു നേതൃത്വം കൊടുക്കുന്നത് കൂടുതലും സംഘങ്ങളാണ് (ഗാങ്ങുകള്‍) ഇത്തരം ഗാങ്ങുകള്‍ ഇല്ലാതാവണമെങ്കില്‍ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാനുള്ള അനുമതി കൊടുക്കണം. ഇന്ന് പല കാമ്പസുകളിലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. അത് ഗാങ്ങുകളുടെ വളര്‍ച്ചക്ക് കാരണമാകുന്നു.

മറ്റൊരു കാര്യം, വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യക്തമായ അവബോധം സൃഷ്ടിക്കുന്ന തരത്തിലുള്ള ബോധവല്‍കരണ ക്ലാസ്സുകള്‍ നടത്തുകയെന്നതാണ്. സീനിയര്‍ വിദ്യാര്‍ഥികളെപോലെ തന്നെ സ്വാശ്രയ മാനേജ്‌മെന്റുകളും വിദ്യാര്‍ഥികളെ റാഗ് ചെയ്യുന്നുണ്ട്. ഇത് പലപ്പോഴും കാണാതെ പോവുകയാണ്. മാനേജ്‌മെന്റുകളുടെ ദുഷ്പ്രവൃത്തികളെ കൂച്ചുവിലങ്ങ് ഇടാന്‍ നിയമനിര്‍മാണങ്ങള്‍ ഉണ്ടാവേണ്ടതായിട്ടുണ്ട്.

ഇരയുടെയും വേട്ടക്കാരന്റെയും ഭാവിയാണ് റാഗിംഗ് എന്ന ക്രൂരവിനോദം കൊണ്ട് തകരുന്നതെന്ന വസ്തുത നമ്മുടെ വിദ്യാര്‍ഥിസമൂഹം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. റാഗിംഗിനെ ഒരു സമൂഹവും അംഗീകരിച്ചിട്ടില്ല. ആര്‍ക്കും ഒരു നേട്ടവും ഇല്ലാത്ത ഈ കാടന്‍ സംസ്‌കാരത്തെ നമുക്ക് പിഴുതെറിയേണ്ടതായിട്ടുണ്ട്. റാഗിംഗിനെ പിന്തുണക്കുന്നവരെ സമൂഹത്തില്‍ നിന്ന് പുറന്തള്ളുകയും വേണം.

 

 

ബോധവല്‍കരണം വേണം

മോഹിത മോഹന്‍

(കോഴിക്കോട് ഗവ. ലോ കോളേജ് നാലാംവര്‍ഷ നിയമവിദ്യാര്‍ഥിനി, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം)

റാഗിംഗ് തുടച്ചുനീക്കണമെങ്കില്‍ ബോധവല്‍കരണത്തിന് വലിയ പങ്കുണ്ട്. വിദ്യാര്‍ഥികളില്‍ പാഠ്യേതര വായനാശീലം കുറഞ്ഞുവരുന്നത് ഒരു പ്രശ്‌നമാണ്. റാഗിംഗ് പ്രവണത യഥാര്‍ഥത്തില്‍ ഒരു മാനസിക വൈകല്യമാണ്. അതിനു പ്രധാന കാരണം പുസ്തകത്തില്‍ മാത്രം കേന്ദ്രീകരിച്ചുള്ള പഠനത്തിനു പുറമേക്ക് സാമൂഹികപരമായും രാഷ്ട്രീയപരമായും ചിന്തിക്കാനുള്ള ഒരു ഇടം പല കലാലയങ്ങളും കൊടുക്കാത്തത്, അതിനുള്ള അന്തരീക്ഷം ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താത്തത് ഇതെല്ലാം ഇതിനുകാരണമാണ്.

ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുകയാണ് ഇതിനൊരു പരിഹാരം. അതായത് വിദ്യാര്‍ഥികള്‍ക്ക് ചര്‍ച്ചകളും സംവാദങ്ങളും കലാലയങ്ങളില്‍ നടക്കുന്നത് റാഗിംഗിനെ ഒരുപരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. ജനാധിപത്യത്തെക്കുറിച്ചും പരസ്പര ബഹുമാനത്തിന്റെ ആവശ്യകതയെക്കുറിച്ചും കലാലയങ്ങളില്‍ ബോധവല്‍കരണം വേണം. സഹജീവിയുടെ സംസാരം സംഗീതമാവുന്ന തലത്തിലേക്ക് നമ്മുടെ മനോനിലയെ ഉയര്‍ത്തിപ്പിടിക്കണം.

 

 

കലാലയ രാഷ്ട്രീയം റാഗിംഗ് തടയും

സിദ്ദീഖ് അസ്‌ലം

(കാസര്‍കോഡ് സെന്‍ട്രല്‍ യൂണിറ്റി ഓഫ് കേരളയില്‍ ആന്റി റാഗിംഗ് സെല്‍ വിദ്യാര്‍ഥി)

യു.ജി.സിയുടെ പ്രത്യേക നിര്‍ദേശമുണ്ട് എല്ലാ കോളേജുകളിലും ആന്റി റാംഗിംഗ് സെല്‍ രൂപീകരിക്കണമെന്ന്. കഴിഞ്ഞ രണ്ടു വര്‍ഷമായി എന്റെ സഹപാഠികളില്‍ നിന്നോ മറ്റോ ഇവിടെ റാഗിംഗ് നടന്നതായി അനുഭവമില്ല. ഞങ്ങള്‍ ചെയ്യുന്നത് പ്രധാനമായും, യൂനിവേഴ്‌സിറ്റിയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും അതായത്, ലൈബ്രറി, കാന്റീന്‍, കോറിഡോര്‍, ഗാര്‍ഡന്‍, പ്രോഗ്രാം നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം റാഗിംഗിനെതിരായുള്ള ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പതിപ്പിക്കുകയെന്നതാണ്. ക്ലാസ്സ് ആരംഭിക്കുമ്പോള്‍ തന്നെ റാഗിംഗ് എന്താണെന്നും അതിനുള്ള ശിക്ഷയും മറ്റും ഉള്‍പ്പെടുത്തിയുള്ള ബോധവല്‍കരണ ക്ലാസ്സും സംഘടിപ്പിക്കുന്നുണ്ട്. 

ആന്റി റാഗിംഗ് സെല്ലില്‍ പ്രധാനമായും നാല് വിഭാഗത്തിലുള്ളവരുടെ പ്രതിനിധികളുണ്ടാവും. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, നോണ്‍ ടീച്ചിംഗ് സ്റ്റാഫ് എന്നിവരുടെ പ്രതിനിധികളാണുണ്ടാവുക. ഇതിലെ മെമ്പര്‍ സെക്രട്ടറിയായും ലീഗല്‍ അഡൈ്വസറുമായുണ്ടാവും.

ഈ യൂണിവേഴ്‌സിറ്റിയില്‍ ഏതാണ്ട് 1500-ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. അതില്‍ 40 ശതമാനത്തോളം പേര്‍ കേരളത്തിനു പുറത്തുള്ളവരാണ്. എന്നിട്ടും ഇവിടെ റാഗിംഗിന്റെ അംശംപോലും കണ്ടിട്ടില്ല. 

സര്‍ക്കാര്‍ കലാലയങ്ങളില്‍ റാഗിംഗ് കുറവാണ്. അതിന് പ്രധാനകാരണം വിദ്യാര്‍ഥിരാഷ്ട്രീയമാണ്. എന്നാല്‍ ചില കാമ്പസ്സുകളില്‍ മേധാവിത്വമുള്ള പാര്‍ട്ടിക്കാര്‍ എതിര്‍പാര്‍ട്ടികളെ ഇല്ലാതാക്കാന്‍ അവിടെ റാഗിംഗ് ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ കലാലയങ്ങളില്‍ മറ്റൊരു തരത്തിലും റാഗിംഗ് നടക്കുന്നുണ്ട്. എന്‍.സി.സി., എന്‍.എസ്.എസ്. യൂണിറ്റിലെ ജൂനിയേഴ്‌സിനെ സീനിയേഴ്‌സ് പണിഷ്‌മെന്റ് നല്‍കി റാഗിംഗ് ചെയ്യുന്നതും കാണാവുന്നതാണ്. എന്നാല്‍ ഇത് പലപ്പോഴും റാഗിംഗിന്റെ കാറ്റഗറിയില്‍ വരാറില്ലെന്ന് മാത്രം. ഇതിനെതിരെ കേസെടുക്കാനൊന്നും ആവില്ല.

കേരളത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയം ഒരു പരിധിവരെ റാഗിംഗ് തടയുമ്പോള്‍ ഏകാധിപത്യ രാഷ്ട്രീയം റാഗിംഗ് വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് അഭിപ്രായം.

 

 

 മാതൃകാപരമായ ശിക്ഷ നല്‍കണം

കെ.സി. റോസക്കുട്ടി ടീച്ചര്‍

(സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ)

കലാലയങ്ങളില്‍ നിയമംമൂലം തടഞ്ഞ ഒന്നാണ് റാഗിംഗ്. എന്നാല്‍ ഇത് നിയമം മൂലം മാത്രം തടയാന്‍ സാധിക്കുന്ന ഒന്നല്ല എന്നതാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദ്യാര്‍ഥി സമൂഹത്തെ ഏറെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് റാഗിംഗ് എന്ന വസ്തുത ഏവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ കലാലയങ്ങളിലേക്കു വിദ്യാര്‍ഥികളെ പറഞ്ഞുവിടുന്ന മാതാപിതാക്കള്‍ ചെയ്യേണ്ടത്, കുറേക്കൂടി ശ്രദ്ധയും മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കാത്ത രീതിയില്‍ നമ്മുടെ മക്കള്‍ പെരുമാറണമെന്നുള്ള പ്രാഥമികമായ ഏറ്റവും വലിയ നിര്‍ദേശം നല്‍കുക എന്നതാണ്. പലപ്പോഴും റാഗിംഗിന് ഇരയാകുന്നവര്‍ ഒറ്റക്കാണ് ഈ പീഡനങ്ങളെല്ലാം അനുഭവിക്കുന്നത്. ഇത് അവരുടെ ഭാവിയെ തന്നെ തകര്‍ക്കുന്ന രീതിയിലാണ്. എന്നാല്‍ മറുവശത്ത്, റാഗിംഗ് നടത്തിയ കുട്ടികള്‍ മാതാപിതാക്കളുടെ പിന്തുണയോടെ നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെട്ടുപോകുന്ന കാഴ്ചയാണ് കാണുന്നത്. മാതാപിതാക്കളുടെ മാത്രമല്ല, സ്ഥാപന മേധാവികളുടെ സഹായവും കൂടുതല്‍ ലഭിക്കുന്നത് ഇരകളായവര്‍ക്കല്ല, പകരം ഈ ഹീനകൃത്യം നടത്തിയവര്‍ക്കാണ് എന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ കാര്യമാണ്.

ഇന്ന് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ജൂനിയറായി വരുന്ന കുട്ടികളോട് വളരെ മോശമായി, ലജ്ജിപ്പിക്കുന്ന രീതിയില്‍ ആ കുട്ടികളെ പീഡനത്തിന് ഇരയാക്കുന്നുവെന്നത് കേരളസമൂഹത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അപലപനീയമാണ്. ഇത് അവസാനിപ്പിക്കേണ്ടതാണ്. ഇതിന് ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കു തന്നെയാണ്. കുറ്റം ചെയ്ത കുട്ടികളെ മാതാപിതാക്കള്‍ രക്ഷപ്പെടുത്തുമ്പോള്‍ മറ്റുകുട്ടികളുടെ അവകാശങ്ങളെ ഹനിക്കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് ജീവിക്കാനും പഠിക്കാനും സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

വിദ്യാഭ്യാസ അവകാശനിയമം നമ്മുടെ നാട്ടില്‍ ഉള്ളപ്പോള്‍ നമ്മുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനത്തില്‍ വേണ്ടരീതിയില്‍ പരിരക്ഷ കിട്ടുന്നില്ല എന്നത് നമ്മുടെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്നതാണ്. സമൂഹം ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അടിച്ചമര്‍ത്താന്‍ നോക്കേണ്ടതുണ്ട്. മാതാപിതാക്കള്‍ക്കും വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധികൃതര്‍ക്കുമാണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്തമുള്ളത്. റാഗിംഗിന് ഇരയായ കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമുക്ക് ഇത് ഒരു പരിധിവരെയെങ്കിലും കുറക്കാനാകൂ.

 

 

 

വിദ്യാര്‍ഥി രാഷ്ട്രീയം പൊതു രാഷ്ട്രീയത്തിലെ നെറികേടുകളുടെ നേര്‍പകര്‍പ്പ്

ബിനോയ് വിശ്വം (മുന്‍ മന്ത്രി)

 

മനുഷ്യബന്ധങ്ങളുടെ മൗലിക സ്ഥാനത്ത് മാനവിക മൂല്യങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. ആ സ്ഥിതിക്ക് ആഗോളവല്‍കരണം മാറ്റംവരുത്തി. അധികാരവും പണവും ആധിപത്യം വഹിക്കുന്ന കമ്പോള മൂല്യങ്ങള്‍ സമൂഹത്തില്‍ ആധിപത്യം നേടാന്‍ തുടങ്ങി. ഇതിന്റെ ആപത്ത്തകര്‍ച്ചയില്‍ നിന്നും കാമ്പസ്സുകള്‍ക്ക് മാത്രം മാറിനില്‍ക്കാന്‍ സാധിക്കുന്നതെങ്ങനെയാണ്. സാമൂഹ്യകണ്ണുകളുടെ സ്വാഭാവിക പ്രതിഫലനമാണ് അവിടെയും സംഭവിക്കുക. കാരണം സമൂഹത്തിന്റെ പരിഛേദമാണ് കാമ്പസ്സുകള്‍.

റാഗിംഗ് നമ്മുടെ കാമ്പസ്സുകളെ മലിനമാക്കുന്നതിന്റെ കാരണങ്ങള്‍ തേടുമ്പോള്‍ ഈ വസ്തുത വിസ്മരിക്കാവുന്നതല്ല. രാഷ്ട്രീയത്തെ കാമ്പസ്സില്‍നിന്നും നാടുകത്താന്‍ ആഹ്വാനം മുഴക്കിയവരും അതിനുവേണ്ടി യുദ്ധം നടത്തിയവരും ഇപ്പോള്‍ എന്തുപറയും എന്നറിയില്ല.

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം ഇല്ലാത്ത കാമ്പസ്സുകളില്‍ എല്ലാത്തരം അരാജകത്വങ്ങളും അഴിഞ്ഞാടുകയാണ്. ചീത്തക്കളത്തിന്റെ കെട്ടുനാറിയ സംസ്‌കാരമാണ് അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അധ്യാപക - വിദ്യാര്‍ഥി ബന്ധത്തിലും, വിദ്യാര്‍ഥിനി -വിദ്യാര്‍ഥി സൗഹൃദങ്ങളിലും സമൂഹവും കാമ്പസ്സുമായുള്ള ബന്ധത്തിലും എല്ലാം ദുഷിച്ച സ്വാധീനത്തിന്റെ കരിനിഴലുകള്‍ വീണിരിക്കുന്നു. 

കാമ്പസ്സുകളെ വിദ്യാര്‍ഥി ചൈതന്യത്തിന്റെയും അന്വേഷണബുദ്ധിയുടെയും കേന്ദ്രങ്ങളാക്കി മാറ്റുകയെന്നത് കഠിനപ്രയത്‌നം ആവശ്യപ്പെടുന്ന ഒരു മല്‍സരമാണ്. ആഗോളവല്‍കരണത്തിനെതിരായ സമരവുമായി പ്രബുദ്ധ കാമ്പസ്സുകള്‍ തിരിച്ചുപിടിക്കാന്‍ പടവെട്ടേണ്ടവരാണ് നീതിബോധമുള്ള വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥി സംഘടനകളെ ആ ബോധത്തില്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

നിലവിലുള്ള വിദ്യാര്‍ഥി രാഷ്ട്രീയം പൊതുരാഷ്ട്രീയത്തിലെ നെറികേടുകളുടെ നേര്‍പകര്‍പായി മാറിയതാണ് അവയുടെ അപചയത്തിന്റെ പ്രധാനപ്പെട്ട കാരണം. കാമ്പസ്സുകളില്‍ പുതുതായി ശക്തിപ്രാപിക്കേണ്ടത് അത്തരം നെറികെട്ട വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനമല്ല. ആ ജീര്‍ണ്ണോന്മുഖ ശൈലിക്കെതിരായി സര്‍ഗാത്മക രാഷ്ട്രീയത്തിന്റെ പുതിയ അടിത്തറയിന്മേലാണ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം കാമ്പസ്സുകളില്‍ ശക്തിപ്രാപിക്കേണ്ടത്. എല്ലാത്തരം ജീര്‍ണതക്കു മുമ്പിലും തലകുനിക്കാത്ത സര്‍ഗാത്മകത എന്നതായിരിക്കണം അതിന്റെ മുദ്രാവാക്യം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media