റാഗിംഗ് എന്ന കൗമാര കല
കെ. എസ് നവീന്‍
മാര്‍ച്ച് 2017
പലപ്പോഴും ഇംഗ്ലീഷില്‍ മാത്രമാണ് നാം വാക്കുകളിട്ട് സംസാരിക്കുന്നത്. പല വാക്കുകളും ഇംഗ്ലീഷിലേ ഉപയോഗിക്കൂ. പക്ഷേ പലപ്പോഴും അതിന്റെ അര്‍ഥം പോലുമറിയാതെയാണ് ഉപയോഗി ക്കുന്നതെന്ന് തോന്നിപ്പോകും.
പലപ്പോഴും ഇംഗ്ലീഷില്‍ മാത്രമാണ് നാം വാക്കുകളിട്ട് സംസാരിക്കുന്നത്. പല വാക്കുകളും ഇംഗ്ലീഷിലേ ഉപയോഗിക്കൂ. പക്ഷേ പലപ്പോഴും അതിന്റെ അര്‍ഥം പോലുമറിയാതെയാണ് ഉപയോഗി ക്കുന്നതെന്ന് തോന്നിപ്പോകും. എല്ലാം ഒരു രസത്തിന് തുടങ്ങി രസത്തിന്റെ മാധുര്യം അഥവാ അതിന്റെ കാഠിന്യം കൂട്ടി രസിക്കുന്ന ഒരു കൂട്ടരായ് മാറുന്നത് മനപൂര്‍വമാകാമെന്ന് അറിയാതെ പോകുന്നു. പറഞ്ഞു വരുന്നത് റാഗിംഗ് എന്ന കൗമാര കലയെക്കുറിച്ചാണ്. പരിഹാസമെന്ന കുഞ്ചന്‍ നമ്പ്യാര്‍ രീതിയായ് റാഗിംഗിനെ കാണുന്നവരുണ്ട്. ആക്ഷേപം അതിരു കടന്ന് അക്രമത്തിന് വഴിമാറിയാണ് റാഗിംഗ് നടക്കുന്നത്. കാമ്പസില്‍ പുതിയ കൂട്ടുകാര്‍ വരുമ്പോള്‍ പരിചയപ്പെടുന്ന നാടന്‍ കലയായി തുടങ്ങി കലാപത്തേക്കാള്‍ മാരകമായ ഒന്നാക്കി സംസ്ഥാനത്തിനകത്തും പുറത്തും നിന്നും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളായ് റാഗിംഗ് വിനോദം അരങ്ങ് തകര്‍ക്കുകയാണ്. മാരകമായി പരിക്കു പറ്റി മാധ്യമങ്ങളിലൂടെ അറിയുന്നവയെ മാത്രം എണ്ണി നോക്കിയാല്‍ തിട്ടപ്പെടുത്താന്‍ അത്ര വേഗം കഴിയയാത്തത്ര കേസുകളുണ്ട്. സുഹൃത്തിന്റെ അഭിമാനത്തെ വഴിയില്‍ പിടിച്ചുനിര്‍ത്തി പച്ചക്ക് റാഞ്ചിയെടുക്കുന്ന ഈ കല അല്‍പം മാരകമാണ്. ദ്രോഹിച്ചും പീഡിപ്പിച്ചും ആക്ഷേപിക്കുകയെന്നാണ് ഒരു ഡിക്ഷ്ണറിയില്‍ നിന്ന് ലഭിച്ച അര്‍ഥം. ഈ വിനോദത്തിന്റെ ക്രൂരത കണ്ട് മനസിലാക്കി നിഘണ്ടുവില്‍ എഴുതിച്ചേര്‍ത്തതു പോലുണ്ട് അര്‍ഥം. പേരും നാളും വീടും കൂടും ചോദിച്ച് കൂട്ടുകൂടിയ റാഗിംഗ് ചുവന്ന് തുടുത്ത് കഴിഞ്ഞു. ഉന്നത വിദ്യഭ്യാസത്തിലെ ആദ്യ ദിന അഭ്യാസമിന്ന് ആഭാസമാവുകയാണ്. രണ്ട് വര്‍ഷം മുമ്പ് ബംഗളൂരുവില്‍ റാഗിങ്ങിനിരയായ അഹാബ് ഇബ്രാഹിം എന്ന വിദ്യാര്‍ഥി മരിച്ച സംഭവം ചില്ലറ പ്രശ്‌നമായി കാണാന്‍ കഴിയില്ല. പല കേസുകളും പുറത്ത് വരുന്നില്ല. വന്നാല്‍ തന്നെ കേസൊതുക്കാന്‍ കോളേജ് അധികൃതര്‍ തന്നെ രംഗത്തിറങ്ങും. അഭിമാനവും ഇന്റേണലും കാട്ടി കുട്ടിയേയും രക്ഷിതാക്കളേയും 'പറഞ്ഞു മനസിലാക്കി' ഒതുക്കുന്നു. ഇങ്ങനെയും ഒതുങ്ങുന്നില്ലെങ്കില്‍ പിന്നെ എല്ലാത്തരം അടവും തന്ത്രവും പുറത്തെടുക്കുന്നു. ഓരോ സംഭവവും പരിശോധിച്ചാല്‍ ഇത് മനസിലാകും. ചാലക്കുടി സ്വദേശിയും എഞ്ചിനീയറിങ് വിദ്യാര്‍ഥിയുമായ അഹാബ് ഇബ്രാഹിമിന്റെ മരണമാണ് തെളിവില്ലെന്ന പേരില്‍ അവസാനിപ്പിച്ചത്. എറണാകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും തുടര്‍നടപടികളുണ്ടായില്ല. 2014 മാര്‍ച്ച്10-നാണ് ബംഗളൂരു ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോളി ടെക്‌നികിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ അഹാബ് ഇബ്രാഹിം മരിച്ചത്. തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. നിരന്തരമായി റാഗിംഗിന് ഇരയാകുന്നതിനെ കുറിച്ച് കോളജ് അധികൃതരോട് പരാതിപ്പെട്ടതാണ് സീനിയര്‍ വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചത്. കണ്ണൂരില്‍ നിന്നുള്ള അഞ്ചംഗ സംഘമാണ് അഹാബിനെ അക്രമിച്ചതെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. ദൃക്‌സാക്ഷിയുണ്ടായിട്ടും തെളിവില്ലെന്ന കാരണം പറഞ്ഞാണ് കര്‍ണാടക പൊലീസ് കേസ് അവസാനിപ്പിച്ചത്. എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ ചോദ്യം ചെയ്യാന്‍ പോലും തയ്യാറായില്ലെന്നും ആരോപണമുണ്ട്. ഈ അടുത്ത് നമ്മുടെ തൊട്ടടുത്ത സംസ്ഥാനത്ത് പഠിച്ച നഴ്‌സിംഗ് വിദ്യാര്‍ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവം. ഇരയും പ്രതികളും മലയാളികളായ പ്രശ്‌നം കുപ്രസിദ്ധമായ കല്‍ബുര്‍ഗി റാഗിംഗ് എന്ന് അറിയപ്പെട്ടതല്ലാതെ ഒന്നും സംഭവിച്ചില്ല. കേരളത്തിലെ ഉന്നത കലാലയമായ കുസാറ്റിലെ കുപ്രസിദ്ധമായ റാഗിംഗുകള്‍ വിദ്യാഭ്യാസ രംഗത്തെ ഞെട്ടിക്കുന്നതായിരുന്നു. സംഭവം തടയാന്‍ ശ്രമിച്ച കുസാറ്റിലെ പ്രധാന കസേരയിലിരുന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇവിടെ പട്ടാളം വന്നാലും രക്ഷയില്ലെന്നാണ്. കാരണം പഠിത്തം കഴിഞ്ഞ് മടങ്ങേണ്ടവരെല്ലാം വര്‍ഷങ്ങളായി കോളജ് ഹോസ്റ്റല്‍ ഉപയോഗിച്ച് വിരട്ടി അതായത് റാഗ് ചെയ്ത് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നടത്തുകയാണ്. ഹോസ്റ്റലുകളുടെ പേരു പോലും ആ തരത്തില്‍ മാറ്റി ഒരു തരം ഗുണ്ടാ വിളയാട്ടം നടത്തിയ സംഭവം, കസേരയില്‍ വേറെയാളുവരുമെന്ന ഭയത്താല്‍ രഹസ്യമായിട്ടാണെങ്കില്‍ പോലും പറഞ്ഞിട്ടുണ്ട്. റാഗിങ് എന്നത് വിളിച്ചുവരുത്തി പീഡിപ്പിക്കുക മാത്രമല്ല. അത്തരമൊരു കല ഈ കാമ്പസിന്റെ അലങ്കാരമാണ് എന്ന ഭാവത്തില്‍ കൊണ്ടുനടക്കുന്ന നിരവധി കാമ്പസുകള്‍ നാട്ടിലുണ്ട്. തിരുവന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ നടത്തിയ വാഹനാപകടം ഏത് കള്ളിയിലൊതുക്കി വിചാരണ ചെയ്യും. ആകെ കേരള ഫയര്‍ ഫോഴ്‌സിന് പെരുമാറ്റ ചട്ടം കൊണ്ടുവന്നു എന്നതൊഴിച്ചാല്‍ ആരും അറിയാതെ പോകുകയാണ് ഇങ്ങനെ ഓരോന്നും. മാനേജ്‌മെന്റ് പീഡനം മുതല്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ വരെ റാഗിംങ് നടത്തി കാമ്പസ് ഭാഷയില്‍ പറഞ്ഞാല്‍ അടിച്ചു പൊളിക്കുകയാണ്. പീഡന കലയുടെ സകല അതിരുകളും ഭേദിച്ച് മുന്നേറുമ്പോള്‍ വിവിധ തരത്തിലെ വിചാരണകളാണാവശ്യം. കാരണം റാഗിംഗ് കേസുകളെ കുറിച്ച് സര്‍വ കലാശാല ഗ്രാന്റ് കമ്മീഷന്‍ അഥവാ യു.ജി.സിയുടെ പഠനം ശ്രദ്ധേയമാണ്. സംസ്ഥാനത്ത് റാഗിംഗ് കൂടിയതായി യു.ജി.സിയുടെ റിപ്പോര്‍ട്ട് പറയുന്നു. 35 കേസുകളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. റാഗിംഗില്‍ രാജ്യത്ത് നാലാം സ്ഥാനം കേരളത്തിനാണ്. റാഗിംഗിന്റെ സ്വഭാവത്തെക്കുറിച്ചും യു.ജി.സി അടിവരയിടുന്നു. മുന്‍കാലത്തേക്കാള്‍ കൂടുതല്‍ അപകടകരമായി മാറിയെന്നാണ് കണ്ടെത്തല്‍. യു.ജി.സി പഠനത്തില്‍ കണ്ടെത്തിയ കണക്കുകള്‍ നോക്കൂ. 2009-ല്‍ കേസുകള്‍ എട്ട്, 2010-ല്‍ 12, 2011-ല്‍ ഇത് 27 ആയി വര്‍ധിച്ചപ്പോള്‍ 2012-ല്‍ മാത്രമാണ് കുറഞ്ഞത് 18. എന്നാല്‍ 2013-ല്‍ 25 ആയപ്പോള്‍ 2015-ല്‍ 29 ആയി. കേരളത്തിന് പുറത്ത് കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇത് കോളേജില്‍ മാത്രം സംഭവിക്കുന്നതും അധികൃതര്‍ രജിസ്റ്റര്‍ ചെയ്തതും മാത്രമാണ്. കാമ്പസിന് പുറത്ത്, ഹോസ്റ്റല്‍, മറ്റിടങ്ങള്‍ ഇവിടെങ്ങും വെച്ച് സംഭവിക്കുന്നതൊന്നും രേഖയില്‍ ഇടം പിടിക്കുന്നില്ല. ഇനി ഇടം പിടിച്ചാലുള്ള അവസ്ഥയാണ് നേരത്തേ പലപ്പോഴായി പറഞ്ഞത്. പതിവ് പോലെ ഇതിനെയും നേരിടാന്‍ നിയമമുണ്ട്. മറ്റ് സംവിധാനങ്ങളുമുണ്ട്. കാമ്പസുകളില്‍ ആന്റി റാഗിംഗ് സെല്ലുകളും മറ്റുമുണ്ട്. എല്ലാമുണ്ടായിട്ടെന്താ റാഗിംഗ് എന്ന കല കലോല്‍സവങ്ങളില്‍ ഇല്ലെന്ന് മാത്രമേയുള്ളൂ. കാമ്പസുകള്‍ക്കകത്തും പുറത്തും ഗംഭീരമായി അരങ്ങ് തകര്‍ക്കുന്നുണ്ട്. ശാരീരികമായും മാനസികമായും പീഡിപ്പിക്കുക, കിടപ്പിലാക്കുക, കൊലപ്പെടുത്തുക ഇങ്ങനെ എല്ലാ അറ്റത്തുമെത്തിക്കുമ്പോഴും കെട്ടിയുണ്ടാക്കിയ നിയമങ്ങള്‍ പതിവു പോലെ എഴുതിവെച്ച പുസ്തകങ്ങളില്‍ ഭദ്രമാണ്. ക്രിമിനല്‍ കുറ്റമാക്കി വെച്ച് ഇരകള്‍ക്ക് നീതി നിഷേധം തുടരുകയാണ്. ഇക്കാര്യത്തിലൊന്നും വിദ്യാര്‍ഥി സംഘടനകള്‍ക്കോ അധ്യാപകര്‍ക്കോ എന്തിന് വിദ്യാഭ്യാസ വകുപ്പിനു പോലും തെല്ല് ആശങ്കയില്ല. തല്ല് തന്നെ ശീലമാക്കിയവരില്‍ നിന്ന് തെല്ലും പ്രതീക്ഷിച്ചിട്ടു കാര്യവുമില്ല.
കൂടെ പഠിക്കുന്നവന്‍ മറ്റ് സംഘടനയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കുനിച്ച് നിര്‍ത്തി മുതുകില്‍ കത്തികൊണ്ട് ചാപ്പ കുത്തി രസിക്കുന്നവരാണ് പലരും. തങ്ങളല്ലാത്തവരാരും അല്ലെങ്കില്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ കഴിയാത്തവര്‍ ഇവിടെ വേണ്ടെന്ന് പറഞ്ഞ് ക്ലാസ് മുറികള്‍ ആയുധപ്പുരകളാക്കുന്ന ഫാഷിസ്റ്റ് രീതി നടപ്പിലാക്കുന്ന നിരവധി കാമ്പസുകളാണുള്ളത് കേരളത്തില്‍. ഇതിനെതിരെ മിണ്ടുന്നവരെ ഭീകര രാക്കി ചിത്രീകരിക്കല്‍ നേരത്തേ തുടങ്ങിയതാണ്. കാമ്പസുകളെ കലാപ പരിസരമാക്കാതെ പഠനത്തി ന്റെ ഉല്ലാസപ്പറമ്പാക്കി മാറ്റാനുള്ള ചര്‍ച്ചകള്‍ക്കാണ് താല്‍പര്യം കാണി ക്കേണ്ടത്. കാമ്പസുകള്‍ തരിശു പാടങ്ങളായി മാറുന്നത് കണ്ട് എല്ലാം ന്യൂ ജനറേഷന്റെ മണ്ടയില്‍ കെട്ടിവെച്ച് പഴി പറയുന്നതിനപ്പുറം യാഥാര്‍ഥ്യത്തെ അറിഞ്ഞ് ചികിത്സിക്കാന്‍ തയ്യാറാ വണം. കാമ്പസുകളെ പഠനത്തി ന്റെയും ഗവേഷണത്തിന്റെയും ഇട മാക്കി മാറ്റാന്‍ കഴിയുന്നിടത്തേ സര്‍ഗാത്മകതകളുണ്ടാവൂ. കാമ്പസു കളെ അതിന് വിട്ടുകൊടുക്കു കയാണ് വേണ്ടത്.