ബീറ്റ്റൂട്ട് നൂല്‍പുട്ട്
ഷീബ അബ്ദുസലാം
മാര്‍ച്ച് 2017
പച്ചക്കറി പുട്ട്
ബീറ്റ്റൂട്ട് പൂരി
- അരിപ്പൊടി -- രണ്ട് കപ്പ്
- ബീറ്റ്റൂട്ട് -- രണ്ട്
- വെള്ളം -- മൂന്ന് കപ്പ്
- ഉപ്പ് -- പാകത്തിന്
- തേങ്ങ ചുരണ്ടിയത്-- ആവശ്യത്തിന്
- നെയ് -- ഒരു സ്പൂണ്‍ (നിര്‍ബന്ധമില്ല)
ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയില്‍ അരച്ചെടുക്കുക. വെള്ളം ചേര്‍ത്ത് അരിച്ച് മൂന്ന് കപ്പ് ആക്കിയെടുക്കുക. ഇത് ഉപ്പും നെയ്യും ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളക്കുമ്പോള്‍ പൊടി അതിലിട്ട് വാട്ടിയെടുക്കുക. വെള്ളം പോരെങ്കില്‍ ചേര്‍ത്തുകൊടുക്കണം. നേര്‍മയുള്ള ഇടിയപ്പച്ചില്ല് സേവനാഴിയിലിട്ടു മാവ് അതിലാക്കി ഇഡ്ഡലിത്തട്ടിലേക്ക് ഞെക്കിയെടുക്കുക. തേങ്ങ ചുരണ്ടിയത് ആവശ്യത്തിന് മുകളില്‍ ഇടുക. തേങ്ങ അടിയില്‍ ഇട്ടാല്‍ നിറം മാറിപ്പോകും. ഇത് അപ്പചെമ്പില്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കുക.
പച്ചക്കറി പുട്ട്
- അരിപ്പൊടി -- ഒരു കിലോ
- കാരറ്റ്ചുരണ്ടിയത് -- ഒരു കപ്പ്
- ബീറ്റ്റൂട്ട് ചുരണ്ടിയത് -- ഒരു കപ്പ്
- തേങ്ങ -- ആവശ്യത്തിന്
അരിപ്പൊടി സാധാരണ പുട്ടിന് നനക്കുന്നത് പോലെ ഉപ്പ് വെള്ളത്തില്‍ നനക്കുക. കൂടെ ചുരണ്ടി വെച്ചിരിക്കുന്ന കാരറ്റും ബീറ്റ്റൂട്ടും ചേര്‍ക്കുക. സാധാരണ പുട്ടുണ്ടാക്കുന്നത് പോലെ ഇടയില്‍ തേങ്ങയും ചേര്‍ത്ത് ആവിയില്‍ വേവിച്ചെടുക്കുക. ഉണക്കലരിപ്പൊടി കൊണ്ട് ഉണ്ടാക്കിയാല്‍ ഈ പുട്ടിന് സ്വാദേറും.
ബീറ്റ്റൂട്ട് പൂരി
- റവ -- ഒരു കപ്പ്
- മൈദ -- ഒരു കപ്പ്
- നെയ് -- രണ്ട് ടീസ്പൂണ്‍
- ഉപ്പ് -- പാകത്തിന്
- ബീറ്റ്റൂട്ട് ജ്യൂസ് -- കുഴക്കാന്‍ ആവശ്യമായത്
റവ, മൈദ, നെയ്, ഉപ്പ് എന്നിവ ഒന്നിച്ചാക്കി ആവശ്യത്തിനു ബീറ്റ്റൂട്ട് ചേര്‍ത്ത് കുഴച്ച് അര മണിക്കൂര്‍ വെക്കുക. അതിനുശേഷം അല്പം കട്ടിയില്‍ പൂരിയുടെ വട്ടത്തില്‍ പരത്തി എണ്ണയില്‍ പൊരിച്ച് എടുക്കുക.