മുഗൾറാണി

അബ്ദുല്ല നദ്‌വി കുറ്റൂര്‍
മാര്‍ച്ച് 2017
മുഗള്‍ ഭരണാധികാരികളില്‍ മൂന്നാമന്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ ഭാര്യാപദം അലങ്കരിക്കാന്‍ ഭാഗ്യം സിദ്ധിച്ച മഹിളാ രത്‌നമാണ് റുഖിയ്യ സുല്‍ത്താന്‍ ബീഗം.

മുഗള്‍ ഭരണാധികാരികളില്‍ മൂന്നാമന്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ ഭാര്യാപദം അലങ്കരിക്കാന്‍ ഭാഗ്യം സിദ്ധിച്ച മഹിളാ രത്‌നമാണ് റുഖിയ്യ സുല്‍ത്താന്‍ ബീഗം. മുഗള്‍ സാമ്രാജ്യത്തിലെ അരമനയില്‍ കൂടുതല്‍ കാലം മഹാറാണിയായി തുടരാന്‍ സാധിച്ച ഏക വനിത എന്ന സവിശേഷതയും ഇവര്‍ക്കുണ്ട്. 1542-ല്‍ ഹിംദാല്‍ മീര്‍സയുടെയും സുല്‍ത്താന ബീഗത്തിന്റെയും പുത്രിയായി റുഖിയ്യ ബീഗം അഫ്ഗാനിസ്താനില്‍ ജനിച്ചു. അക്ബര്‍ ചക്രവര്‍ത്തിയുടെ പിതൃവ്യന്‍ കൂടിയാണ് റുഖിയ്യയുടെ പിതാവ് ഹിംദാല്‍ മീര്‍സാ. മുഗള്‍ കുടുംബം പൂര്‍വകാലം മുതല്‍ക്കേ വിദ്യാസമ്പന്നരായത് കൊണ്ട് റുഖിയ്യബീഗത്തിനും അക്കാലത്തെ ഉന്നതവിദ്യാഭ്യാസം ലഭിച്ചു. സ്വഭാവ മഹിമയിലും ധാര്‍മിക മൂല്യങ്ങളിലും മികവ് പുലര്‍ത്തിയ അവര്‍ ചക്തായി, പേര്‍ഷ്യന്‍, അറബിക,് ഉര്‍ദു തുടങ്ങിയ അനേകം ഭാഷകളില്‍ പ്രാവീണ്യം നേടി. 

ഹുമയൂണ്‍ ചക്രവര്‍ത്തി തന്റെ പുത്രന്‍ അക്ബര്‍ രാജകുമാരന് നന്നേ ചെറുപ്പത്തില്‍ തന്നെ റുഖിയ്യാ ബീഗത്തിനെ വിവാഹം ചെയ്തുകൊടുത്തു. അന്ന് അക്ബറിന് 10 വയസ്സും റുഖിയക്ക് 9 വയസ്സുമായിരുന്നു പ്രായം. റുഖിയ്യയുടെ പിതാവ് ഹിംദാല്‍ മീര്‍സയുടെ അകാല ചരമത്തെ തുടര്‍ന്ന് ആകസ്മികമായിരുന്നു വിവാഹം. പിതാവ് ഹിംദാല്‍ മീര്‍സ ഒരു യുദ്ധത്തില്‍ വധിക്കപ്പെടുകയാണുണ്ടായത്. 1551- നവംബര്‍ മാസം അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വെച്ച് കൊച്ചു ബാലനായ അക്ബര്‍ ഗസ്‌നി ജയിച്ചടക്കിയ അസുലഭ മുഹൂര്‍ത്തമാണ് വിവാഹത്തിന് വേദിയായത്. 1556-ല്‍ അക്ബര്‍ കിരീടാവകാശിയായി സ്ഥാനാരോഹണം ചെയ്തപ്പോള്‍ റുഖിയ്യ പാദുഷാബീഗമായി. മുഗള്‍ ചക്രവര്‍ത്തിയുടെ ആദ്യത്തെ രാജകുമാരിക്ക് സ്വന്തമായുള്ള സ്ഥാനപേരായിരുന്നു അത്.

ഷേര്‍ഷായോട് പരാജയപ്പെട്ട് പലായനം ചെയ്ത ഹുമയൂണിന്റെ പ്രവാസകാലത്ത് സിന്ദ് പ്രവിശ്യയിലെ ഉമര്‍കോട്ടില്‍ 1542-ലാണ് അക്ബര്‍ ജനിക്കുന്നത്. യാഥാസ്ഥിക സുന്നി ചിന്താഗതിക്കാരനായ ഹുമയൂണ്‍ തന്റെ മകന് ജലാലുദ്ദീന്‍ മുഹമ്മദ് അക്ബര്‍ എന്ന് നാമകരണം ചെയ്തു. ജലാലുദ്ദീന്‍ എന്നാല്‍ മതതേജസ്സ് എന്നാണര്‍ഥം.

'ജന്‍' പട്ടണത്തിലെ ഒരു കൊച്ചുവീട്ടില്‍ 9 മാസക്കാലം മാത്രമേ അക്ബറിന് മാതാവ് ഹമീദാബാനുബീഗത്തോടൊപ്പം താമസിക്കാന്‍ കഴിഞ്ഞുള്ളൂ. എതിരാളികളുടെ ഉപജാപം ഭയന്ന് പിതാവ് ഹുമയൂണ്‍ മകന്‍ അക്ബറിനെ അവിടെ ഉപേക്ഷിച്ച് ഹമീദയോടൊപ്പം ഇറാനിലേക്ക് രക്ഷപ്പെട്ടു. പിന്നീട് അക്ബറിനെ വളര്‍ത്തിയത് മഹന്‍ ആംഗെയാണ.് അക്ബറിന്റെ വിദ്യാഭ്യാസത്തിനും ശിക്ഷണത്തിനും മേല്‍നോട്ടം വഹിച്ചിരുന്നത് ഹുമയൂണിന്റെ സൈന്യാധിപനായിരുന്ന ബൈറംഖാനായിരുന്നു. അദ്ദേഹം അക്ബറിനെ പഠിപ്പിക്കാന്‍ മീര്‍ അബ്ദുല്‍ ലതീഫ് എന്ന ഒരു പേര്‍ഷ്യന്‍ പണ്ഡിതനെ ഏല്‍പിച്ചു. അക്ബര്‍ നിരക്ഷരനായിരുന്നുവെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. പ്രവാചകനെ പോലെ ആത്മീയ പരിവേഷം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഇതെന്നാണ് തോന്നുന്നത്. 

14-ാം വയസ്സില്‍ (1556 ഫെബ്രുവരി 14-ന്) അക്ബര്‍ ഡല്‍ഹിയുടെ ചക്രവര്‍ത്തി പദത്തില്‍ ഉപവിഷ്ഠനായപ്പോള്‍ അദ്ദേഹത്തിന്റെ ഏക പത്‌നിയായും ആത്മസഖിയായും റുഖിയ്യ ബീഗം പ്രശോഭിച്ചു.

14-ാം വയസ്സില്‍ മുഗള്‍ റാണിയായി മാറിയ റുഖിയ്യക്ക് സന്താന സൗഭാഗ്യം ലഭിച്ചില്ല. അങ്ങനെ അക്ബര്‍ വീണ്ടും പല സ്ത്രീകളെയും വിവാഹം കഴിച്ചു. അത് ഇസ്‌ലാം അനുവദിച്ച നാല് ഭാര്യമാരില്‍ ഒതുങ്ങിനിന്നില്ല. അതിന് ഇസ്‌ലാമിക മാനം കാണാന്‍ അദ്ദേഹം പണ്ഡിതന്മാരോട് ആവശ്യപ്പെട്ടു. സുന്നീ പണ്ഡിതന്മാര്‍ അക്ബറിനെ കൈവെടിഞ്ഞപ്പോള്‍ അദ്ദേഹം ശിയാപണ്ഡിതന്മാരെ കൂട്ട് പിടിച്ചു.

അങ്ങനെ ഒരു ശിയാപണ്ഡിതന്‍ ഖുര്‍ആനിലെ ഈരണ്ടായും മുമ്മൂന്നായും നന്നാലായും വിവാഹം കഴിക്കുക എന്ന വചനത്തെ ഗുണന സംഖ്യയായി പരിഗണിച്ച് വിവാഹം കഴിക്കാമെന്ന് ഫത്‌വ നല്‍കി.

ഒരു മകന് വേണ്ടി ആത്മാര്‍ഥമായി ആഗ്രഹിച്ച അക്ബര്‍ അജ്മീര്‍ ആഗ്ര പോലുള്ള സ്ഥലങ്ങളിലെ മുഊനുദ്ദീന്‍ ചിശ്തി സലിം, ജിശ്തി തുടങ്ങിയ പുണ്യാത്മാക്കളുടെ ദര്‍ഗകളില്‍ പോയി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. ഒരിക്കല്‍ രാജസ്ഥാനിലെ ജയ്പൂര്‍ വഴി യാത്ര തിരിക്കവേ അവിടുത്തെ രജപുത്ര ഭരണാധികാരി ബഹാരി മുല്ലയുമായി അടുപ്പത്തിലായി. ഈ സൗഹൃദബന്ധം ബഹാരിയുടെ മകള്‍ ജോദാഭായിയുമായുള്ള വിവാഹത്തോളം വളര്‍ന്നു. അങ്ങനെ 1562-ല്‍ അക്ബര്‍ രജപുത്ര രാജകുമാരിയായ ജോദാബായിയെ വിവാഹം കഴിച്ചു. ഈ ഹിന്ദു സ്ത്രീയിലാണ് അക്ബറിന് സലീം രാജകുമാരന്‍ (ജഹാംഗീര്‍ ചക്രവര്‍ത്തി) ജനിക്കുന്നത്.

റുഖിയ്യക്ക് കുഞ്ഞുണ്ടായില്ല എന്നത് കൊണ്ട് അക്ബര്‍ അവരെ അവഗണിക്കുകയോ അവമതിക്കുകയോ ചെയ്തില്ല. എന്നല്ല, ഇതര ഭാര്യമാരെ അപേക്ഷിച്ച് വിശിഷ്ട സ്ഥാനത്ത് തന്നെ അക്ബര്‍ അവരെ അവരോധിച്ചു. തന്റെ പ്രഥമ ഭാര്യയും അനേകം ജാഗീറുകളുടെ ഉടമയും തന്റെ പിതൃവ്യനുമായ ഹിംദാല്‍മീര്‍സയുടെ ഏക പുത്രിയാണെന്ന പരിഗണനയും റുഖിയ്യക്ക് ലഭിച്ചു. ആഗ്ര കോട്ടക്ക് സമീപം യമുന നദിയുടെ തീരത്ത് അക്ബര്‍ അവര്‍ക്കായി ഒരു മന്ദിരം പണിയിച്ചുകൊടുത്തു. സന്താന സൗഭാഗ്യമുണ്ടായില്ല എന്ന ന്യൂനത പരിഹരിക്കാന്‍ പില്‍കാലത്ത് തനിക്ക് പേരക്കുഞ്ഞ് (ഷാജഹാന്‍) പിറന്നപ്പോള്‍ അക്ബര്‍ റുഖിയ്യയെ ഏല്‍പിച്ചു. അവരാണ് ഷാജഹാനെ പോറ്റിവളര്‍ത്തിയതും സമുന്നത വിദ്യാഭ്യാസം നല്‍കിയതും. സ്വന്തം മാതാവ് പരിപാലിക്കുന്നതിനേക്കാള്‍ ആത്മാര്‍ഥതയോടെ സ്‌നേഹിച്ചും ലാളിച്ചുമാണ് അവര്‍ രാജകുമാരനെ വളര്‍ത്തിയത്. പതിമൂന്ന് വയസ്സായ ശേഷമാണ് ഷാജഹാന്‍ സ്വന്തം മാതാവിന്റെ അടുക്കലെത്തിയത്. ഷാജഹാന്റെ മാതാവ് നൂര്‍ജഹാനോടും റുഖിയ്യ അഭേദ്യമായ വൈകാരിക ബന്ധം നിലനിര്‍ത്തി.

പില്‍കാലത്ത് പുത്രന്‍ ജഹാംഗീറും അക്ബറും തമ്മില്‍ അസ്വാരസ്യം ഉടലെടുത്തപ്പോള്‍ അക്ബറിനെ പുത്രനിലേക്ക് അടുപ്പിക്കാനുള്ള കരുക്കള്‍ നീക്കുകയും അതേ തുടര്‍ന്ന് ജഹാംഗീറിനെ ഭരണ സാരഥ്യത്തിലേക്ക് എത്തിച്ചതിലും റുഖിയ്യ നിര്‍ണായക പങ്ക് വഹിക്കുകയുണ്ടായി.

മുഗള്‍ സാമ്രാജ്യത്തിന്റെ മഹാശില്‍പി എന്ന പേരില്‍ വിഖ്യാതനായ അക്ബറിന്റെ കാലത്താണ് മുഗള്‍സാമ്രാജ്യം അതിന്റെ പരമോന്നതിയിലെത്തിയത്. വ്യത്യസ്ത മതവിഭാഗങ്ങളോട് സഹിഷ്ണുതാ മനോഭാവം പുലര്‍ത്തിയത് കൊണ്ട് ഹിന്ദു-മുസ്‌ലിം ഇഴചേര്‍ന്നുള്ള കലാ സാഹിത്യ മേഖല പുരോഗതി പ്രാപിച്ചു. 1569-ല്‍ നിര്‍മിതമായ ഹുമയൂണ്‍ ശവകുടീരം, ആഗ്ര, ലാഹോര്‍, അലഹാബാദ് എന്നിവിടങ്ങളിലെ കോട്ടകള്‍ ഫത്ഹ്പൂര്‍ സിക്രിയിലെ രമ്യഹര്‍മങ്ങള്‍ എന്നിവ അക്ബര്‍ ചക്രവര്‍ത്തിയുടെ കലാദിനിവേഷത്തില്‍ മികച്ച പ്രതീകങ്ങളാണ്. അക്കാലത്തെ പ്രഗല്‍ഭ സംഗീതജ്ഞനായിരുന്ന താന്‍സന്‍, പ്രശസ്ത പണ്ഡിതന്മാരും ചരിത്രകാരന്മാരുമായിരുന്ന അബൂഫസല്‍, ഫൈസി, രസികശിരോമണിയും തന്ത്രജ്ഞനുമായിരുന്ന  ബീര്‍ബല്‍ തുടങ്ങിയ ഒരു കൂട്ടം പ്രതിഭാശാലികള്‍ അക്ബറിന്റെ കൊട്ടാരത്തിന് അലങ്കാരമായി തിളങ്ങിനിന്നു.

അക്ബറിന്റെ സാമ്രാജ്യത്തിന്റെ സമ്പല്‍ സമൃദ്ധിയും സാംസ്‌കാരികമായും കലാസാഹിത്യ രംഗത്തും രാജ്യം കൈവരിച്ച ഉന്നതിയും കേട്ടറിഞ്ഞ് ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി പ്രശസ്ത സഞ്ചാരിയായ തോമസിനെ ഇന്ത്യയിലേക്ക് പറഞ്ഞയച്ചിരുന്നുവത്രെ. വിവിധ ഭാഷയിലുള്ള 24000 കൈയെഴുത്ത് ഗ്രന്ഥങ്ങള്‍ അക്ബറിന്റെ കൊട്ടാര ലൈബ്രറിയില്‍ ഉണ്ടായിരുന്നു. അക്ബര്‍ പരിചിന്തനത്തിനും ധ്യാനത്തിനുമായി ഏകാകിയായി കുറെ സമയം ഒരു ഗുഹയില്‍ ചെലവഴിച്ചിരുന്നുവത്രെ. വിജ്ഞാനത്തെയും കലയെയും സ്‌നേഹിച്ചിരുന്ന അഭ്യസ്ത വിദ്യയായ റുഖിയ്യ അക്ബറിന്റെ സംരംഭങ്ങളെ ആവോളം പ്രോത്സാഹിപ്പിച്ചു.

ബുദ്ധിമാനും പരീക്ഷണകുതുകിയുമായ അക്ബറിന് പുതിയ അനുഭവങ്ങളോട് വലിയ കമ്പമായിരുന്നു. ഹിന്ദുക്കളെ പ്രീണിപ്പിക്കാനായി 1563-ല്‍ അക്ബര്‍ ഹിന്ദു തീര്‍ഥാടകരെ നികുതിയില്‍ നിന്ന് ഒഴിവാക്കി.

1564-ല്‍ ജിസ്‌യ നിര്‍ത്തല്‍ ചെയ്തു. ഹിന്ദുക്കളുടെ മതവികാരം പരിഗണിച്ച് പശുബലി നിരോധിച്ചു. മതകീയ സംവാദങ്ങള്‍ അക്ബറിന് എന്നും ഹരമായിരുന്നു. പരസ്പരം തര്‍ക്കിച്ചുകൊണ്ടിരുന്ന കൊട്ടാര പണ്ഡിതന്മാരുടെ സങ്കുചിത വീക്ഷണം അക്ബറിനെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ചക്രവര്‍ത്തിയുടെ തെറ്റുകള്‍ തിരുത്തുന്നതിനു പകരം അദ്ദേഹം ചെയ്യുന്നതെല്ലാം ന്യായീകരിക്കാനാണ് അവര്‍ ശ്രമിച്ചത്. യഥാര്‍ഥത്തില്‍ അക്ബറിന്റെ കാലത്തെ മഹാപണ്ഡിതര്‍ മുജദ്ദിദ് അല്‍ഫിസാനിയും ഷാ അബ്ദുല്‍ ഹഖുമായിരുന്നു. എന്നാല്‍ ഇവര്‍ ഇമാം അബൂഹനീഫ, ഇമാം ശാഫിഈ, അബ്ദുല്‍ ഖാദിര്‍ ജിലാനി എന്നിവരെ പോലെ കൊട്ടാരത്തില്‍നിന്ന് അകന്ന് സ്വതന്ത്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്.

തന്റെ 84 -ാം വയസ്സില്‍ 1626-ല്‍ അക്ബര്‍ അന്തരിച്ചു. 20 വര്‍ഷം കഴിഞ്ഞ് റുഖിയ്യ ഈ ലോകത്തോട് വിടപറഞ്ഞു. പിതാമഹന്‍ ബാബര്‍ അന്ത്യവിശ്രമം കൊള്ളുന്ന ഏമൃറലി ീള ആമൃയലൃ ല്‍ കാബൂളിലാണ് അവര്‍ സംസ്‌കരിക്കപ്പെട്ടത്. ബാബര്‍ ഉദ്യാനത്തിലെ 15-ാം ലവലിലാണ് അവരുടെ മഖ്ബറ. ജനാസ സംസ്‌കരണത്തിന് നേതൃത്വം നല്‍കിയതും അവരുടെ മഖ്ബറ മനോഹരമായി പണിയിച്ചതും തന്റെ പേരക്കുട്ടി കൂടിയായ ഷാജഹാന്‍ ചക്രവര്‍ത്തിയാണ്.


ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media