സന്തോഷം, ആനന്ദം, അനുഭൂതി തുടങ്ങിയവ മനുഷ്യന്റെ സ്വത്വപരമായ വികാരങ്ങളാണ്. അവ കൊതിക്കാത്ത ആരുമുണ്ടാവില്ല. ജീവിതം സംതൃപ്തി
സന്തോഷം, ആനന്ദം, അനുഭൂതി തുടങ്ങിയവ മനുഷ്യന്റെ സ്വത്വപരമായ വികാരങ്ങളാണ്. അവ കൊതിക്കാത്ത ആരുമുണ്ടാവില്ല. ജീവിതം സംതൃപ്തി നിറഞ്ഞതായിയിരിക്കണമെന്നാണ് മുഴുവന്‍ മനുഷ്യരുടെയും ആഗ്രഹം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ജീവിതം തൃപ്തികരമാവുകയെന്നത് മനുഷ്യന്റെ ജന്മാവകാശം കൂടിയാണ്. അവന്‍ ധ്യാനിക്കുന്നതും വ്യവഹരിക്കുന്നതും ജീവിതത്തിന് സുഖം ലഭിക്കാനാണ്. ദുഖം, ദുരിതം, ദുരന്തം പോലുള്ളവ ഓര്‍ക്കുമ്പോള്‍ തന്നെ നടുക്കമാണ്. അവയിലകപ്പെടാതെ രക്ഷപ്പെടാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. എന്നാല്‍ ജീവിതം സന്തോഷം മാത്രമാവുകയെന്നത് മനുഷ്യന്റെ അഭിലാഷം മാത്രമാണ്. സംതൃപ്തിയെ സംബന്ധിച്ച സങ്കല്‍പങ്ങള്‍. യഥാര്‍ഥത്തില്‍ സന്തോഷവും സന്താപവും നിറഞ്ഞതാണ് ജീവിതം. സുഖവും ദുഖവും സമ്മിശ്രമായുള്ളതാണ് ജീവിതം. മധുരമൂറുന്നതും കയ്പ്പുറ്റതുമായ നിമിഷങ്ങള്‍ ജീവിതത്തിലുണ്ട്. ഇവിടെയാണ് യഥാര്‍ഥ സംതൃപ്തി എന്താണെന്ന ചോദ്യം ഉയര്‍ന്നുവരുന്നത്.
എന്താണ് സംതൃപ്തി? അതിന്റെ നിര്‍വചനമെന്താണ്? സംതൃപ്തിയുടെ സ്രോതസ്സ് എവിടെയാണ്? സംതൃപ്തിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളാണിവ. സംതൃപ്തിയുടെ മാനദണ്ഡങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോ വിധത്തിലാണ്. ഭൗതികജീവിതം നയിക്കുന്ന വ്യക്തിക്ക് സംതൃപ്തിയുടെ മാനദണ്ഡം ഭൗതികജീവിതം മാത്രമാണ്. തിന്നുക, കുടിക്കുക, ഭോഗിക്കുക എന്നീ ശരീരപ്രധാനമായ കാര്യങ്ങളില്‍ മാത്രമാണ് അവന്‍ സംത്യപ്തി കണ്ടെത്തുക. തത്വജ്ഞാനിക്ക് സംതൃപ്തിയെന്നാല്‍ തത്വജ്ഞാനമാണ്. ചിന്താപരമായ പ്രശ്‌നങ്ങള്‍ കുരുക്കഴിക്കുന്നതിലുമായി രിക്കും അവന്റെ സംതൃപ്തി. ആത്മജ്ഞാനിക്ക് സംതൃപ്തിയെന്നാല്‍ ആത്മജ്ഞാനമാണ്. ആത്മാവിന്റെയും മറ്റും നിഗൂഢതകളിലേക്കവന്‍ ആഴ്ന്നിറങ്ങും.
എന്നാല്‍ മുസ്‌ലിമിന്റെ സംതൃപ്തി എന്താണ്? അത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. ബുദ്ധിയുപയോഗിച്ച് സ്വീകരിച്ച ദൈവവും ദൂതനും തന്റെ സ്വത്വത്തിന് മതിയാവലാണ് മുസ്‌ലിമിന്റെ സംതൃപ്തി. അഥവാ ദൈവത്തിന്റെയും ദൂതന്റെയും തൃപ്തിയാണ് മുസ്‌ലിമിന്റെ സംതൃപതി. ചിന്തകളും കര്‍മങ്ങളും ആന്തരികമായ അനുഭൂതി നല്‍കുന്നുവെന്നത് നേരാണ്. എന്നാല്‍ അതുകൊണ്ടുമാത്രം കാര്യമായില്ല. പ്രസ്തുത അനുഭൂതി തിന്മകളിലേര്‍പ്പെടുമ്പോഴും ലഭിക്കാവുന്ന ഒന്നാണല്ലോ. തിന്മകളില്‍ ദൈവത്തി ന്റെയും ദൂതന്റെയും തൃപ്തി ഒട്ടുമുണ്ടാവില്ലെന്നതാണ് സത്യം. ചിന്തകളും കര്‍മങ്ങളും നന്നാവണമെന്നത് സംതൃപ്തിയുടെ ഒരു മാനദണ്ഡമാണ്. അവയുടെ പ്രചോദനവും ദൈവത്തിന്റെയും ദൂതന്റെയും തൃപ്തിയാവണമെന്നത് സംതൃപ്തിയുടെ മറ്റൊരു മാനദണ്ഡമാണ്.
അപ്പോള്‍ സമ്പത്തല്ല മുസ്‌ലിം ജീവിതത്തിന്റെ സംതൃപ്തി. സ്ഥാനമോ പദവിയോ അല്ല. പ്രൗഢിയും കേവല കര്‍മവവുമല്ല. മറിച്ച് ദൈവവും ദൂതനുമാണ് മുസ്‌ലിം ജീവിതത്തിന്റെ സംതൃപ്തി. ജീവിതത്തിന് അവര്‍ നിശ്ചയിച്ച ചില വരകളും കുറികളുമുണ്ട്. അവ സ്വീകരിക്കുന്നതിലും പാലിക്കുന്നതിലുമാണ് സംതൃപ്തി. ഈ സംതൃപ്തി അധ്യാത്മികവും ഭൗതികവുമാണ്. ദൈവത്തെയും ദൂതനെയും സ്‌നേഹിക്കുന്ന മുസ്‌ലിമിന് ഭൗതികാര്‍ഥത്തില്‍ വ്യവഹരിക്കപ്പെടുന്ന അനുകൂലവും പ്രതികൂലവുമായ ഏതവസ്ഥകളും ആത്യന്തികമായി അനുഭൂതി മാത്രമാണ്. ജീവിതം മുഴുവന്‍ സംതൃപ്തി മാത്രമായിരിക്കും. സന്തോഷം സംതൃപ്തിയാണ്. സന്താപവും സംതൃപ്തിയാണ്. സുഖവും ദുഖവും സംതൃപ്തിയാണ്. അക്കാര്യമാണ് പ്രവാചകന്‍ ഇപ്രകാരം വ്യക്തമാക്കിയത്. ''വിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ. അവന്റെ മുഴുവന്‍ കാര്യങ്ങളും അവന് നന്മയത്രെ. വിശ്വാസിക്കു മാത്രമേ അങ്ങനെ സാധിക്കുള്ളൂ. സന്തോഷങ്ങള്‍ വന്നെത്തിയാല്‍ അവനതിന് ദൈവത്തോട് നന്ദി പ്രകാശിപ്പിക്കും. അങ്ങനെ നന്ദി പ്രകാശനം നന്മയായിത്തീരും. ഇനി അവനെ പ്രയാസങ്ങള്‍ വലയം ചെയ്താലോ അവനതില്‍ സഹനം കൈകൊള്ളും. അങ്ങനെ സഹനം നന്മയായിത്തീരും'' (മുസ്‌ലിം).
ജീവിതം ഈയര്‍ഥത്തില്‍ സംതൃപ്തി നിറഞ്ഞതാവണമെന്നാണ് ഇസ്‌ലാമിന്റെ പക്ഷം. അതിനര്‍ഥം ജീവിതം വേദനയില്‍ തളച്ചിടണമെന്നോ ഭൗതികവിഭവങ്ങള്‍ ആസ്വദിക്കരുതെന്നോ അല്ല. പ്രതികൂലാവസ്ഥകള്‍ ജീവിതത്തിന്റെ ഭാഗമാണ്. അവയെ സര്‍ഗാത്മകമായി സമീപിക്കണമെന്നേയുള്ളൂ. അപ്പോഴാണ് ജീവിതം ധന്യമാവുക. അതുപോലെ ദൈവവും ദൂതനും അനുവദിച്ച അളവില്‍ ഭൗതികവിഭവങ്ങളും ആസ്വദിക്കാം. മതിയായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വാഹനം, വിദ്യാഭ്യാസം പോലുള്ളവ സാക്ഷാല്‍ക്കരിക്കല്‍ വ്യക്തിബാധ്യതയാണ്. അവ നേടുന്നതില്‍ നിന്ന് ഒളിച്ചോടാന്‍ പാടില്ല. അവയില്‍ ധൂര്‍ത്തിന്റെ പാത സ്വീകരിക്കാനും പാടില്ല. സന്തുലിതമായാണ് അവയെ സമീപിക്കേണ്ടത്: ''ചോദിക്കുക: ദൈവം തന്റെ ദാസന്മാര്‍ക്ക് ഒരുക്കിയ അലങ്കാരങ്ങളും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലോ അവര്‍ക്കു മാത്രവും. ജ്ഞാനികള്‍ക്ക് ഇപ്രകാരം നാം തെളിവുകള്‍ വിശദ്ധീകരിക്കുന്നു'' (അല്‍ അഅ്‌റാഫ്: 32). അതോടൊപ്പം യഥാര്‍ഥ സംതൃപ്തി ദൈവവും ദൂതനുമാണെന്ന വസ്തുതയും മറന്നുകൂട. ''അവര്‍ ദൈവവും ദൂതനും നല്‍കിയതില്‍ തൃപ്തിയടയുകയും എന്നിട്ടിങ്ങനെ പറയുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ: ഞങ്ങള്‍ക്ക് ദൈവം മതി. ദൈവത്തിന്റെ അനുഗ്രഹത്തില്‍ നിന്ന് ദൈവവും അവന്റെ ദൂതനും ഇനിയും ഞങ്ങള്‍ക്ക് നല്‍കും. ഞങ്ങള്‍ ദൈവത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചവരാണ്'' (അത്തൗബ: 62). ദൈവവും ദൂതനും മുസ്‌ലിമും പരസ്പരം തൃപ്തിപ്പെട്ട മൂന്നു അസ്തിത്വങ്ങളാണ്. ദൈവം ദൂതനെയും ദൂതന്‍ ദൈവത്തെയും തൃപ്തിപ്പെട്ടിരിക്കുന്നു. ദൈവം മുസ്‌ലിമിനെയും മുസ്‌ലിം ദൈവത്തെയും തൃപ്തിപ്പെട്ടിരിക്കുന്നു. ദൂതന്‍ മുസ്‌ലിമിനെയും മുസ്‌ലിം ദൂതനെയും തൃപ്തിപ്പെട്ടിരിക്കുന്നു. സംതൃപ്തിയുടെ ഈ ചരടിലാണ് രസാനുഭൂതിയില്‍ ചാലിച്ച ജീവിതം സാക്ഷാല്‍കൃതമാവുന്നത്.
ദൈവവും ദൂതനും ജീവിതസംതൃപ്തിയാവുകയെന്നത് ആദര്‍ശത്തിന്റെ ഭാഗമാണ്. ദൈവമാണ് ആദര്‍ശം. ദൂതനാണ് ആദര്‍ശം. അവര്‍ രണ്ടുപേരുടെയും തൃപ്തി കൂടിയാണ് ആദര്‍ശം. ആദര്‍ശം സംതൃപ്തിയെയും സംതൃപ്തി ആദര്‍ശത്തെയും പ്രദാനം ചെയ്യുന്നു. അതായത് ആദര്‍ശബോധം ആഴത്തിലുള്ള സംതൃപ്തിയാണ് നല്‍കുന്നത്. ദൈവത്തിലും ദൂതനിലുമുള്ള സംതൃപ്തി തിളക്കമുള്ള ആദര്‍ശബോധത്തിനുമാണ് വഴിവെക്കുന്നത്. അങ്ങനെ ആദര്‍ശവും സംതൃപ്തിയും പരസ്പരബന്ധിതമായി സഹവര്‍ത്തിക്കുന്നു: ''വിശ്വാസികളെങ്കില്‍, അവര്‍ പ്രീതിപ്പെടുത്താന്‍ ഏറെ അര്‍ഹര്‍ ദൈവവും അവന്റെ ദൂതനുമാകുന്നു'' (അത്തൗബ: 62). പ്രവാചകന്‍ പറയുന്നു: ''ദൈവത്തെ നാഥനായും മുഹമ്മദിനെ ദൂതനായും ഇസ്‌ലാമിനെ ജീവിതചര്യയായും ഒരാള്‍ തൃപ്തിപ്പെടുകയാണെങ്കില്‍ അവന്‍ ആദര്‍ശത്തിന്റെ മാധുര്യം അനുഭവിച്ചിരിക്കുന്നു'' (മുസ്‌ലിം).
സ്വത്വത്തിലും അതിന്റെ ദൈ്വതഭാവങ്ങളായ ആത്മാവിലും ധിഷണയിലുമാണ് സംതൃപ്തി നിലകൊള്ളുന്നത്. ദൈവത്തെയും ദൂതനെയും സ്വത്വത്തില്‍ പ്രതിഷ്ഠിക്കുമ്പോഴാണ് അതില്‍ സംതൃപ്തിയുണ്ടാവുന്നത്. ആത്മാവിനെ നഷ്ടപ്പെടുത്തി ലോകത്തുള്ള മുഴുവന്‍ വിഭവങ്ങള്‍ നേടിയാലും അവകൊണ്ട് ഒരു കാര്യവുമില്ല. അവനവന്റെ സംതൃപ്തിയുടെ ശില്‍പ്പി അവനവന്‍ തന്നെയാണ്. എന്തിലും അനുഭൂതി കണ്ടെത്താന്‍ ശീലിക്കേണ്ടിയിരിക്കുന്നു. ലഭിക്കുന്നതില്‍ അമിതമായി സന്തോഷിക്കുകയോ നഷ്ടപ്പെട്ടതില്‍ നിരാശപ്പെടുകയോ അരുത്. സുഖദുഖങ്ങളെ തുല്ല്യമായി കാണുന്നവനാണ് വിവേകി. സംതൃപ്തി നിറഞ്ഞ സ്വത്വത്തില്‍ നിന്ന് മാത്രമേ എല്ലാം നേരെയാവുള്ളൂ. സ്വത്വത്തില്‍ സന്തോഷമില്ലാത്തവന് ജീവിതത്തില്‍ സന്തോഷം ഉണ്ടാവുകയില്ല. ഈ വസ്തുതയാണ് പ്രവാചകന്‍ ഇപ്രകാരം സംക്ഷേപിച്ചത്: ''ജീവിതവിഭവങ്ങളുടെ ആധിക്യമല്ല, സ്വത്വത്തിന്റെ ഐശ്വര്യമാണ് യഥാര്‍ഥ ഐശ്വര്യം'' (ബുഖാരി, മുസ്‌ലിം).
അഭിമുഖീകരിക്കുന്ന ഓരോന്നി നെയും സംതൃപ്തിയോടെ സ്വീകരിച്ച വരായിരുന്നു പൂര്‍വസൂരികള്‍. വേദനകളെ മധുരം നിറഞ്ഞ അനുഭവ ങ്ങളാക്കി മാറ്റുന്ന ദൈവപ്രണയവും പ്രവാചകസ്‌നേഹവും അവരുടെ കൈമുതലായിരുന്നു. ദുന്നൂനുല്‍ മിസ്‌രിയെന്ന സൂഫീ ആചാര്യന്‍ രോഗിയായ സുഹൃത്തിനെ സന്ദര്‍ശിച്ച പ്പോള്‍ നടന്ന സംഭാഷണം അ താണ് വെളിപ്പെടുത്തുന്നത്. കഠിനവേദന നിമിത്തം രോഗി ചെറുതായൊന്ന് കരഞ്ഞപ്പോള്‍ ദുന്നൂനുല്‍ മിസ്‌രി അദ്ദേഹത്തോട് പറഞ്ഞു: ''രോഗകാഠിന്യത്തില്‍ ക്ഷമ കൈകൊള്ളാത്തവന്‍ ദിവ്യാനു രാഗത്തില്‍ സത്യസന്ധനല്ല''. തല്‍ ക്ഷണം രോഗിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ''രോഗകാഠിന്യത്തില്‍ ആസ്വാദനം കണ്ടെത്താത്തവന്‍ ദിവ്യാനുരാഗത്തില്‍ സത്യസന്ധനല്ലയെന്നതാണ് സത്യം''. കഠിനമായ രോഗത്തിലും ആസ്വാദനത്തിന്റെ തലങ്ങള്‍ കണ്ടെത്തുകയാണ് ഇവിടെ രോഗിയായ സുഹൃത്ത്.
സംതൃപ്തി കൂടാതെ ജീവിക്കാനാ വില്ല. അത്യാഗ്രഹംകൊണ്ട് ഭൂമിയി ല്‍ ആരും ഒന്നും നേടിയിട്ടില്ല. അത്യാഗ്രഹം ജീവിതത്തിന് ആപ ത്താണ്. പാകമാവാത്ത മാംസമാണവ. ശരീരത്തിനും ജീവിതത്തിനും അവ നാശം മാത്രമേ വരുത്തിവെക്കുകയുള്ളൂ. അവ ഒഴിവാക്കിയാലേ ശരീരത്തിന് ശമനവും സ്വത്വത്തിന് സംതൃപ്തിയും ലഭിക്കുകയുള്ളൂ. അത്യാര്‍ത്തിയെ സംബന്ധിച്ച് പ്രവാചകന്‍ നല്‍കുന്ന മുന്നറിയിപ്പ് പ്രധാനമാണ്: ''മനുഷ്യപുത്രന് സമ്പത്തിന്റെ ഒരു താഴ്‌വര ലഭിച്ചാല്‍ രണ്ടാമതൊന്നിനെ ആഗ്രഹിക്കും. രണ്ടാമത്തേത് ലഭിച്ചാലോ മൂന്നാമതൊന്നിനെ ആഗ്ര ഹിക്കും. മനുഷ്യപുത്രന്റെ വയര്‍ മണ്ണുകൊണ്ടല്ലാതെ നിറയുകയില്ല'' (അഹ്മദ്). എത്രത്തന്നെ സമ്പാദ്യ മുണ്ടെങ്കിലും കൂടുതല്‍ കൂടുതല്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുകയെന്നത് അതിമോഹികളുടെ പ്രകൃതമാണ്.