വീട്ടില്‍ വിരുന്നെത്തുന്നവര്‍ക്കൊരു കൗതുകക്കാഴ്ച, കൈയും കാലും ചേറിലമരാതെ മതിവരുവോളം പച്ചക്കറി വിളയിക്കാം. വിഷം കൊണ്ടുവരുന്ന അന്യനെ പഴിക്കേണ്ട,
വീട്ടില്‍ വിരുന്നെത്തുന്നവര്‍ക്കൊരു കൗതുകക്കാഴ്ച, കൈയും കാലും ചേറിലമരാതെ മതിവരുവോളം പച്ചക്കറി വിളയിക്കാം. വിഷം കൊണ്ടുവരുന്ന അന്യനെ പഴിക്കേണ്ട, കൈ നനയാതെ മീനിനെയും പിടിക്കാം. സ്മാര്‍ട്ട് ഫോണില്‍ കുത്തിക്കുറിച്ച് കൊണ്ടുതന്നെ ഒരു മണ്ണറിവുമില്ലാതെ ഒരു ന്യൂജെന്‍ കര്‍ഷകനാകാന്‍ നിങ്ങളെ ക്ഷണിക്കുന്നത് അക്വാപോണിക്‌സ് എന്ന കൃഷിരീതിയാണ്.
കരിങ്കല്‍കഷ്ണങ്ങളോ മണലോ മാത്രമുള്ള തടത്തില്‍ വളരുന്ന പച്ചക്കറിത്തോട്ടം, സമീപത്തെ കൃത്രിമക്കുളത്തിലെ മത്സ്യസമ്പത്ത.് രണ്ടും കൂടെ ഒന്നിക്കുമ്പോള്‍ അക്വാപോണിക്‌സ്. ഒന്നുകൂടെ വിശദമാക്കിയാല്‍ മത്സ്യകൃഷിയില്‍ നിന്നുണ്ടാകുന്ന വിസര്‍ജ്യം അടങ്ങിയ ജലം വളമായി ഉപയോഗിച്ച് കൃഷിനടത്തുന്ന രീതി.
മണ്ണില്ലാത്ത കൃഷി പ്രധാനമായും മൂന്ന് തരമാണുള്ളത്. ഹൈഡ്രോപോണിക്‌സ് (വെള്ളത്തിലൂടെ പോഷക വളങ്ങള്‍ നല്‍കികൊണ്ടുള്ള കൃഷി) എയറോപോണിക്‌സ് (അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്ന വേരുകളിലൂടെ പോഷക വളങ്ങള്‍ വലിച്ചെടുക്കുന്ന കൃഷി) ശുദ്ധജല മത്സ്യകൃഷിയായ അക്വാകള്‍ച്ചറിന്റെയും ഹൈഡ്രോപോണിക്‌സിന്റെയും സംയുക്ത രൂപമായ അക്വാപോണിക്‌സ് എന്നിവയാണവ. ഹൈഡ്രോപോണിക്‌സില്‍ ഉയര്‍ന്ന അളവില്‍ രാസവളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അക്വാപോണിക്‌സില്‍ രാസവള കീടനാശിനിയുടെ അംശം തീരെയില്ലാത്ത ജൈവകൃഷി എന്നുവിശേഷിപ്പിക്കാം. വളരെ കുറച്ച് സ്ഥലത്ത് നിന്നും വളരെയേറെ മത്സ്യങ്ങളും പച്ചക്കറികളും ഒരുമിച്ച് ഉല്‍പാദിപ്പിക്കുന്ന ഈ കൃഷിരീതി കേരളത്തിലും ഏറെ പ്രചാരം നേടിവരുന്നു. ഇസ്രയേല്‍, ആസ്‌ത്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ഈ കൃഷി സമ്പ്രദായത്തിന് കേരളത്തില്‍ ഇന്നൊരു ഗവേഷണ കേന്ദ്രം പാലക്കാട് പ്രവര്‍ത്തിക്കുന്നുണ്ട്.
ഉദ്ദേശം AD1000-ത്തില്‍ തന്നെ ആസ്‌ടെക് ഇന്ത്യന്‍ എന്ന മെക്‌സിക്കന്‍ വിഭാഗം മെക്‌സിക്കന്‍ തടാകതീരത്ത് പ്രത്യേക റാക്കുകളില്‍ ചെടികള്‍ വളര്‍ത്തിയിരുന്നു. കടല്‍തീരത്തും വലിയ കുളങ്ങളിലും വലിയ വലകള്‍ കെട്ടിയും സംവിധാനങ്ങളൊരുക്കിയും മത്സ്യകൃഷി നടത്തിയിരുന്നു. വാണിജ്യരീതിയില്‍ ലോകാടിസ്ഥാനത്തില്‍ തന്നെ അക്വാപോണിക്‌സ് വ്യാപകമായത് 1980-കളിലാണ്. മണ്ണിലെ പോഷകക്കുറവും വരള്‍ച്ചയും അതിജീവിക്കാനുള്ള അക്വാപോണിക്‌സ് പ്രചാരം നേടിയിരുന്നെങ്കിലും കേരളത്തില്‍ അക്വാപോണിക്‌സ് ഉദ്ദേശം അഞ്ചുവര്‍ഷമേ വ്യാപകമായിട്ടുള്ളൂ.
മത്സ്യങ്ങളെ വളര്‍ത്തുന്ന കുളം പച്ചക്കറിത്തടങ്ങളുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. അര ഇഞ്ച് കനമുള്ള ചെറിയ കരിങ്കല്‍ കഷ്ണങ്ങള്‍ (ജെല്ലി) എട്ട് ഇഞ്ചോളം കനത്തില്‍ ദ്വാരമിട്ട പി.വി.സി പൈപ്പില്‍ കപ്പുകളില്‍ പാകിയാണ് തൈകള്‍ നടുന്നത്. റാഫ്റ്റുകള്‍ എന്ന കൃത്രിമ തുളയിട്ട ഷീറ്റുകളിലും ചെടികളെ വളര്‍ത്താം. പി.എച്ച് മൂല്യം നിര്‍വീര്യമായ കളിമണ്‍ പെല്ലറ്റുകള്‍, പുഴമണല്‍, എം.സാന്റ്, സിലിക്ക സാന്റ് (ക്വാര്‍ട്ട്‌സ്) എന്നിവയൊക്കെ ഗ്രോ ബെഡില്‍ ഉപയോഗിക്കാം. പ്രതല വിസ്തീര്‍ണ്ണം കൂടിയ മണല്‍ത്തരികളാണ് ജീവാണുക്കള്‍ വളരാന്‍ ഏറ്റവും നല്ലത്. കരിങ്കല്‍ ചീളുകള്‍ ദീര്‍ഘനാള്‍ ഉപയോഗിച്ചാല്‍ ബോറോണ്‍, മഗ്നീഷ്യം തുടങ്ങിയ മൂലകങ്ങളുടെ അപര്യാപ്തത കണ്ടുവരുന്നതിനാല്‍ 300 മൈക്രോണ്‍ തൊട്ട് 2000 മൈക്രോണ്‍ വരെ വലിപ്പമുള്ള മണല്‍ തരികളാണ് ഏറ്റവും നന്നായിട്ടുള്ളത്. കൂടാതെ സിമന്റ് ടാങ്ക്, നീളത്തില്‍ രണ്ടായി മുറിച്ച പ്ലാസ്റ്റിക് ടാങ്ക്, ഫൈബര്‍ ടാങ്ക് എന്നിവയൊക്കെ ഗ്രോ ബെഡുകളായി ഉപയോഗിക്കാം. ഈ സംവിധാനത്തെ മഴമറക്കുള്ളിലായോ നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന രീതിയിലോ സംവിധാനിക്കാം.
പ്രധാനമായും കാര്‍പ്പ്, തിലാപ്പിയ എന്നയിനങ്ങളെയാണ് മത്സ്യകൃഷിയില്‍ ഉപയോഗിക്കുന്നത്. കാറ്റ്ഫിഷ്, മുള്ളറ്റ്, സീബാസ്, രോഹു, മൃഗാള്‍, ചെമ്മീന്‍ എന്നിവയെയും ഉപയോഗിക്കാം. മത്സ്യകൃഷിക്ക് അനുയോജ്യമായ ന്യൂട്രല്‍ പി.എച്ച് 7 ആണെങ്കിലും 6 മുതല്‍ 8 വരെ പി.എച്ച് വ്യത്യാസപ്പെടാം. പി.എച്ച് ടെസ്റ്റിംഗ് കിറ്റ് എന്ന ഉപകരണം വഴി മത്സ്യക്കുളത്തിലെ പി.എച്ച് പരിശോധിക്കാം. വെള്ളം താഴോട്ടിറങ്ങാത്ത ജിയോ മെംബ്രൈന്‍ ഷീറ്റ് നിലത്ത് വിരിച്ചും മീനിനെ വളര്‍ത്താം. അടിയില്‍ വീതി കുറവും മുകളിലേക്ക് വീതി കൂടിയും വരുന്ന പരാബോള ആകൃതിയിലാണ് ഇത് വിരിക്കേണ്ടത്. പ്ലാസ്റ്റിക് മോള്‍ഡിംഗ് വഴി അതിനെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്താവുന്നതാണ്. അനബാസ് പ്രൊബോക്കിയസ് (കല്ലൂത്തി കരിപ്പാത്തി) എന്ന മത്സ്യം അന്തരീക്ഷ വായു ശ്വസിക്കുന്നതിനാല്‍ കുളത്തിലേക്ക് ഓക്‌സിജന്‍ പമ്പുചെയ്യാന്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് ലാഭിക്കാം.
5000 ലിറ്റര്‍ കപ്പാസിറ്റിയുള്ള കുളത്തില്‍ 500 മീനുകളെ നിക്ഷേപിക്കാനും അതിലൂടെ 100 യൂണിറ്റ് ചെടികള്‍ക്ക് ഈ വെള്ളം ഉപയോഗിച്ച് കൃഷിചെയ്യാനുമാകും. ഒരു സെന്റ് കുളമാണെങ്കില്‍ 5000 കുഞ്ഞുങ്ങളെ ഉപയോഗിക്കാം. 6 മാസമാകുമ്പോഴേക്ക് 500 ഗ്രാം തൂക്കമെത്തും. ഒരു കിലോ മത്സ്യത്തീറ്റ കൊടുക്കുകയാണെങ്കില്‍ 40 യൂണിറ്റ് ചെടികളെ സുഖമായി വളര്‍ത്താം. അതായത് ഒരു ചതുരശ്രമീറ്ററില്‍ 4 ചെടികളെ 100 ഗ്രാം തീറ്റകൊണ്ട് വളര്‍ത്താം. പോഷക സമ്പുഷ്ടമായ കോംപൗണ്ട് പെല്ലറ്റുകള്‍ക്ക് വിലയേറെയാണെങ്കിലും ചെടികളുടെ വളര്‍ച്ചക്കാവശ്യമായ പോഷക ഗുണങ്ങള്‍ മത്സ്യക്കുളത്തില്‍ നിന്നും ലഭിക്കേണ്ടതിനാല്‍ അത് തീറ്റയായി കൊടുക്കാം. മത്സ്യത്തിന്റെ ഭാരത്തിന്റെ 15% ആദ്യം തീറ്റയായി നല്‍കണം. പിന്നീട് അത് കുറച്ച് 10% ആക്കുകയും തൂക്കം 100 ഗ്രാം ആയാല്‍ 1% തീറ്റ മാത്രമെ ആവശ്യമായി വരുന്നുള്ളൂ. വീട്ടില്‍ ഉപയോഗിക്കുന്ന ഏത് ഭക്ഷണവും മീനുകള്‍ക്ക് ശീലമാക്കാം. അസോള എന്ന ജൈവവളം വളര്‍ത്തി നല്‍കാം. മൊത്തം കൊടുക്കേണ്ട ഭക്ഷണത്തിന്റെ 50% വും അസോള തന്നെയാക്കാം. ഇതില്‍ മാംസ്യത്തിന്റെ അളവ് കൂടുതലായതിനാല്‍ മീനുകളുടെ വേഗത്തിലുള്ള ആരോഗ്യകരമായ വളര്‍ച്ച ഉറപ്പാക്കാം. തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, തവിട് എന്നിവയും പെല്ലറ്റിനു പകരമുപയോഗിക്കാം. മുരിങ്ങയില, ചേമ്പില എന്നിവയും മത്സ്യങ്ങളുടെ ഇഷ്ട ഭക്ഷണമാണ്. ഫംഗസും മറ്റു അണുബാധകളും വെള്ളത്തിലില്ല എന്ന് ഉറപ്പുവരുത്തണം.
ചീര, പയര്‍, വെണ്ട, കാബേജ്, കോളിഫഌര്‍, ബ്രൊക്കോളി, ഔഷധ സസ്യങ്ങള്‍, പുതിനയില, മല്ലിയില എന്നിവയൊക്കെ വളര്‍ത്താം. തക്കാളി, വഴുതന, മുളക് തുടങ്ങിയവയില്‍ മണ്ണിന്റെ സാന്നിധ്യമില്ലാത്തതിനാല്‍ വാട്ടരോഗം കാണപ്പെടുന്നേയില്ല. കിഴങ്ങുവര്‍ഗമൊഴികെയുള്ള പച്ചക്കറികളൊക്കെ ഈ രീതിയില്‍ കൃഷിചെയ്യാം.
രണ്ടു തരം പമ്പുകളാണ് അക്വാപോണിക്‌സില്‍ ഉപയോഗിക്കുന്നത്. ഒന്ന് മത്സ്യക്കുളത്തിലേക്ക് ഓക്‌സിജന്‍ കൊടുക്കുന്ന എയര്‍പമ്പാണ്. മേഴ്‌സിബില്‍ പമ്പായ രണ്ടാമത്തേത് മത്സ്യാവശിഷ്ട സമ്പുഷ്ടമായ വെള്ളത്തെ ചെടിത്തടങ്ങളിലെത്തിക്കുന്ന മെക്കാനിക്കല്‍ ഫില്‍റ്ററിലൂടെ ആദ്യം വെള്ളം പമ്പ് ചെയ്യപ്പെടുമ്പോള്‍ ഖര രൂപത്തിലുള്ള അവശിഷ്ടങ്ങള്‍ ഒഴിവാക്കപ്പെടുന്നു. തുടര്‍ന്ന് ബയോ ഫില്‍റ്ററിലെത്തുമ്പോള്‍ വെള്ളത്തിലലിഞ്ഞു ചേര്‍ന്ന പ്രധാനഘടകമായ അമോണിയയെ നൈട്രിഫിക്കേഷന്‍ എന്ന പ്രക്രിയവഴിയാണ് നൈട്രോസൊമൊണാസ്, നൈട്രോബാക്ടര്‍ എന്നീ ബാക്ട്ടീരിയകള്‍ യഥാക്രമം നൈട്രോറ്റായും പിന്നീട് നൈട്രേറ്റായും മാറ്റി ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പരുവത്തിലാക്കുന്നത്. അക്വാപോണിക്‌സ് യൂണിറ്റിന്റെ കാതലായ വശമെന്നു പറയുന്നത് ബെല്‍സൈഫണ്‍ സംവിധാനമാണ്. വെള്ളം ഗ്രോ ബെഡില്‍ നിറയുമ്പോള്‍ സൈഫണ്‍ സിസ്റ്റം വഴി ഭൂഗുരുത്വാകര്‍ഷണ തത്വം വഴി അത് കുളത്തിലെത്തുകയും അങ്ങനെ വെള്ളത്തിന്റെ ചാക്രീകരണ ശുദ്ധീകരണം സാധ്യമാക്കുകയും ചെയ്യുന്നു. തന്മൂലം കുളത്തിലെവെള്ളം തെളിഞ്ഞതും വാസനയില്ലാത്തതുമായിരിക്കും ബാഷ്പീകരണം വഴിയും സസ്യാഗിരണം എന്നിവയിലൂടെ കുറവുവരുന്ന വളരെ കുറച്ചു ജലം മാത്രം ടാങ്കിലെത്തിച്ചാല്‍ മതി. വെള്ളം ഒരിക്കലും മാറ്റേണ്ട കാര്യമില്ല. ഇതൊരു സംയോജിത സംവിധാനമായതിനാല്‍ രാസവള കീടനാശിനി പ്രയോഗം മത്സ്യങ്ങളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ കീടരോഗങ്ങള്‍ കണ്ടാല്‍ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, പുകയിലകഷായം, ഗോമൂത്രം നേര്‍പിച്ചത്, സൂക്ഷ്മാണു വളങ്ങളായ വെര്‍ട്ടിസിലിയം, ബ്യൂവേറിയ എന്നിവ ഉപയോഗിച്ചാല്‍ മതി. മണ്ണില്ലാത്തതിനാല്‍ വേരുകളിലെ സൂക്ഷ്മസുഷിരങ്ങള്‍ അടഞ്ഞുപോകാതെ വെള്ളവും വളവും വേഗത്തില്‍ വേരുകള്‍ക്ക് വലിച്ചെടുക്കാനാവുകയും അങ്ങനെ ചെടികളുടെ വേഗത്തിലുള്ള വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുന്നു. അമോണിയ അതീവ വിഷസ്വഭാവമുള്ളതിനാല്‍ അതിനെ വിഘടിപ്പിക്കുന്ന പ്രക്രിയക്ക് തടസ്സം വരാതിരിക്കാന്‍ പമ്പുകള്‍ യഥാസമയം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രദ്ധിക്കണം. 18 വാട്‌സ് വളരെ കുറഞ്ഞ വൈദ്യുതി ഉപയോഗമേ ഇതില്‍ നടക്കുന്നുള്ളൂ.
പച്ചക്കറികളും അലങ്കാര സസ്യങ്ങളും ടാങ്കിനുമുകളിലോ അരികിലോ ക്രമീകരിച്ചും കൃഷിചെയ്യാം. അടിത്തട്ടില്‍ മത്സ്യക്കുളം, രണ്ടാമത്തെ തട്ടില്‍ പച്ചക്കറികള്‍ മൂന്നാമത്തെ തട്ടില്‍ ജൈവവളം, നാലാമത്തെ തട്ടില്‍ ഓര്‍ക്കിഡ് പോലുള്ള മണ്ണ് ആവശ്യമില്ലാത്ത സസ്യങ്ങള്‍ എന്നിങ്ങനെ തട്ടുകളായി ക്രമീകരിച്ചും സംവിധാനിക്കാം.
ആത്മാകൃഷി വിജ്ഞാന്‍ കേന്ദ്ര തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ അക്വാപോണിക്‌സിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.
അക്വാപോണിക്‌സ് സംവിധാനം നമ്മുടെ വീട്ടില്‍ സെറ്റുചെയ്യുന്നതിന് സാങ്കേതിക പരിജ്ഞാനം അത്യാവശ്യമാണ്. കോഴിക്കോട് ജില്ലയിലെ ടീം ഗ്രീന്‍ അക്വ എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തു കൊടുക്കാറുണ്ട്. മുക്കം, കൊടിയത്തൂര്‍ പ്രദേശങ്ങളില്‍ വിജയകരമായ ഫീല്‍ഡുകളുണ്ട്.
മുഹ്‌സിന്‍ അലി (കൃഷി അസിസ്റ്റന്റ്, പറവണ്ണ പഞ്ചായത്ത്) ബിജിന്‍ ദാസ്, ഷാനില്‍, നാഫിഹ്, എന്നിവരും ടീമിലുണ്ട്. പാലക്കാട്ടെ നന്ദിയോട്ടില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള അക്വാപോണിക്‌സ് ഏറെ പ്രശസ്തമാണ്. വിജയകുമാര്‍ നാരായണന്‍ എന്ന അക്വാപോണിക്‌സ് വിദഗ്ധന്റെ കീഴില്‍ ഈ രംഗത്തെ മികച്ച ഫീല്‍ഡുകളും ഗവേഷണവും പുരോഗമിക്കുന്നു.
അക്വാപോണിക്‌സില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുമ്പോള്‍ അതിനു സഹായകരമായ ബാക്ടീരിയയെക്കുറിച്ചു മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. നൈട്രോബാക്ടര്‍ എന്നറിയപ്പെടുന്ന ബാക്ടീരിയയാണ് അപകരടകാരിയായ അമോണിയയെ നൈട്രേറ്റ് ആക്കിമാറ്റാന്‍ സഹായിക്കുന്നത്. ഒരു നല്ല അക്വാപോണിക്‌സ് സിസ്റ്റത്തില്‍ ഈ ബാക്ടീരിയക്ക് വളരാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഉണ്ടാകേണ്ട ത് അത്യാവശ്യമാണ്. ഓക്‌സിജന്റെ അഭാവത്തില്‍ വളരാന്‍ കഴിയാത്തതിനാല്‍ ഇവക്ക് 24 മണിക്കൂര്‍ എയറേഷന്‍ അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അവ വളരാതിരിക്കുകയും ചെടിയുടെ വളര്‍ച്ച മന്ദഗതിയിലാവുകയും ഗ്രോ ബെഡ് വൃത്തികേടാവാന്‍ ഇടയാവുകയും ചെയ്യും.