ദൈവം എന്ന അസ്തിത്വത്തിലോ സത്തയിലോ വിശ്വസിക്കുന്നവരാണ് നമ്മുടെ സമൂഹത്തില്‍ ഭൂരിഭാഗവും. അതേസമയം, പാരമ്പര്യജന്യമായി നമ്മില്‍ ഉറച്ച് പോകുന്ന ഒന്നാണ് ദൈവവിശ്വാസം.
ദൈവം എന്ന അസ്തിത്വത്തിലോ സത്തയിലോ വിശ്വസിക്കുന്നവരാണ് നമ്മുടെ സമൂഹത്തില്‍ ഭൂരിഭാഗവും. അതേസമയം, പാരമ്പര്യജന്യമായി നമ്മില്‍ ഉറച്ച് പോകുന്ന ഒന്നാണ് ദൈവവിശ്വാസം. ഇതുമായി ബന്ധപ്പെട്ട ഒരു വിശദാംശത്തിലും യാതൊരു തരത്തിലുള്ള മാറ്റവും വരുത്താന്‍ നാം തയ്യാറാകാറില്ല. ഈച്ചകളുടെ ദൈവം (The Lord of Flies) എന്ന ഒരു കഥയുണ്ട് (മാര്‍കോ ഡനേവി/ അര്‍ജന്റിന). ഈച്ചകള്‍ തങ്ങള്‍ക്കായി ഒരു ദൈവത്തെ ഭാവന ചെയ്തു. ഈച്ചകളുടെ ദൈവം ഈച്ച തന്നെയായിരുന്നു. പച്ച, ചിലപ്പോള്‍ കറുപ്പ്, പിന്നെ പൊന്‍നിറം, ചിലനേരം ചുവപ്പ്, ചിലപ്പോള്‍ വെളുപ്പ്, ഇനിയും ചിലപ്പോള്‍ മാന്തളിര്‍നിറം. ദുര്‍ജ്ഞയനായ ഈച്ച, സുന്ദരനായ ഈച്ച, വിലക്ഷണനായ ഈച്ച, ഭീഷണനായ ഈച്ച, ദയാലുവായ ഈച്ച, പ്രതികാരബുദ്ധിയായ ഈച്ച, നീതിമാനായ ഈച്ച, നിത്യയൗവനം കാക്കുന്ന ഈച്ച, എന്നാലും എന്നെന്നും ഒരീച്ച തന്നെ. ചിലര്‍ അതിന്റെ വലുപ്പം ഒരു കാളക്കൂറ്റന്റേതെന്ന് പറഞ്ഞു പൊലിപ്പിച്ചു. ചിലര്‍ പറഞ്ഞു, കണ്ണിനു കാണാന്‍ കൂടിയില്ലാത്തത്ര ചെറുതാണവനെന്ന്. ചില മതങ്ങള്‍ അവന് ചിറകുകളില്ലെന്ന് (അവന് പറക്കാന്‍ ചിറകുകള്‍ വേണ്ടെന്നും) വാദിച്ചു, ചിലതില്‍ അവന്റെ ചിറകുകള്‍ അനന്തവിസ്തൃതവുമായി. ചിലപ്പോള്‍ അവന് കൊമ്പുകള്‍ പോലത്തെ തുമ്പികള്‍, ശിരസ്സ് മൂടുന്ന കണ്ണുകളും. നിരന്തരം മര്‍മരം പൊഴിക്കുന്നവനാണ് ചിലര്‍ക്കവന്‍; ചിലര്‍ക്ക് നിത്യമൂകനും.
ഈച്ചകള്‍ അവസാനം സ്വര്‍ഗത്തില്‍ പ്രവേശിക്കും. നാറുന്ന ഒരു തുണ്ടം മാംസക്കഷ്ണമാണ് സ്വര്‍ഗം. ഈച്ചകളുടെ പരേതാത്മാക്കള്‍ അനന്തകാലം തിന്നാലും തീരാത്ത, പുഴുത്ത മാംസക്കഷ്ണം. വന്നുപൊതിയുന്ന ഈച്ചപ്പറ്റത്തിനടിയില്‍ സ്വര്‍ഗീയമായ ആ എച്ചില്‍ക്കഷ്ണം നിരന്തരം സ്വയം പ്രവൃദ്ധമായിക്കൊണ്ടേയിരിക്കും. ദുരാത്മാക്കള്‍ക്കുള്ളത് നരകമാണ്. അവിടെ മലമില്ല, മാലിന്യമില്ല, കുപ്പയില്ല, നാറ്റമില്ല. വൃത്തി കൊണ്ട് തിളങ്ങുന്ന, തെളിഞ്ഞ പ്രകാശം കൊണ്ടു ദീപ്തമായ ഇടം; എന്നുവെച്ചാല്‍, ദൈവസാന്നിധ്യമില്ലാത്ത ഒരിടം. ദൈവം, പരലോകം തുടങ്ങിയവയെക്കുറിച്ച, മനുഷ്യന്റെ വിഭാഗീയവും സങ്കുചിതവുമായ കാഴ്ചപ്പാടുകളെ പരിഹസിക്കുകയാണ് ഡനേവി. ഈച്ചകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് സ്വര്‍ഗം.
നാം കൊണ്ടുനടക്കുന്ന ദൈവത്തിന് നമ്മുടെ അധികാര, സാമ്പത്തിക താല്‍പര്യങ്ങളുമായി ബന്ധമുണ്ട്. ഒരു ഘട്ടത്തില്‍ ദൈവം ഒരു ഫ്യൂഡല്‍ പ്രഭുവിനെപ്പോലെ പെരുമാറിയിരുന്നു. നാം ആ ഉന്നത പ്രഭുവിനു മുന്നില്‍ നിവേദനങ്ങളോടൊപ്പം നിവേദ്യങ്ങളും സമര്‍പിക്കുന്നു. നിവേദ്യം ദൈവം സ്വീകരിക്കുന്നു, എന്നാല്‍ നിവേദനം സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. അത് പ്രഭുവിന്റെ അധികാരത്തില്‍പ്പെട്ടതാണ്. ഇവിടെ ഉപാസകനിലുള്ളത് നാടുവാഴികള്‍ക്കും ജന്മിമാര്‍ക്കും മുന്നിലുള്ള അടിയാന്റെ മനോഭാവമാണ്. നാടുവാഴിത്തപരമായ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന ദൈവം. ലോകം മുതലാളിത്തത്തിലേക്ക് വികസിച്ചതോടെ ദൈവത്തിന്റെ സ്വഭാവവും മാറി. ദൈവം എന്ന ആശയവും മനശ്ശാന്തിക്കുള്ള ഉപാസനകളും നിലനില്‍ക്കുകയും എന്നാല്‍ അധാര്‍മികവും മനുഷ്യ വിരുദ്ധവുമായ മൂലധന താല്‍പര്യങ്ങളില്‍ യാതൊരു ഇടപെടലും നടത്താന്‍ ദൈവത്തിന് അധികാരമില്ലാതാവുകയും ചെയ്തു. ജീവിതം മതനിരപേക്ഷമാണെന്ന, റാഡിക്കല്‍ മതേതര സങ്കല്‍പത്തിനൊത്ത ദൈവമായിരുന്നു അത്. ജീവിതത്തില്‍ ഒരിടപെടലും നടത്താതെ നിലകൊണ്ട ദൈവം ഉപാസകന് മാത്രമല്ല, മൂലധനത്തിനും ലാഭത്തിനും കൂടി സമാധാനം നല്‍കി. പെറ്റി ബൂര്‍ഷ്വാകള്‍ക്കും കച്ചവടക്കാര്‍ക്കും താല്‍പര്യമുള്ള മറ്റൊരു ദൈവമുണ്ട്. നേരിട്ടോ മാലാഖമാരെക്കൊണ്ടോ അവന്‍ മനുഷ്യരുടെ കര്‍മങ്ങള്‍ എഴുതിവെക്കുന്നു. നന്മകള്‍ മാത്രമല്ല, വലിയ പാപങ്ങള്‍ മുതല്‍ സൂക്ഷ്മമായ തെറ്റുകള്‍ വരെ. ഒരു കുര്‍ബാന കൈക്കൊള്ളുകയോ ജുമുഅ കൂടുകയോ കുളിച്ചു തൊഴുകയോ ചെയ്യുമ്പോള്‍ എഴുതിയതെല്ലാം മായ്ച്ച് ദൈവം അവരെ കുറ്റവിമുക്തരാക്കുന്നു. സ്വന്തം താല്‍പര്യങ്ങള്‍ക്കൊത്ത് ദൈവങ്ങളെ സൃഷ്ടിക്കുകയാണ് മനുഷ്യന്‍.
പരമ്പരാഗതമായ ഇത്തരം ദൈവസങ്കല്‍പങ്ങള്‍ക്കുള്ള പരിഹാസമാണ് ഒരര്‍ഥത്തില്‍ ഡിങ്കോയിസം എന്ന പേരില്‍ ഈയടുത്ത കാലത്തുണ്ടായ സ്പൂഫ് റിലീജ്യന്‍. ഇതാകട്ടെ, ഇതിനെക്കാള്‍ സാമ്പ്രദായികവും നിറം കെട്ടതുമായ യുക്തിവാദത്തില്‍ നിന്നുണ്ടായതാണ്. എന്നാല്‍ ആഴമുള്ളതും ആക്രാമകവുമായ, ഡെവിള്‍ വര്‍ഷിപ് പോലുള്ള സങ്കല്‍പങ്ങളും അവയുടെ ഉപാസനകളും വരെ ലോകത്ത് ഉണ്ടായിട്ടുണ്ട് എന്നതും സത്യമാണ്.
'ദൈവത്തിന്റെ പുസ്തകം' എന്ന നോവലില്‍ കെ.പി രാമനുണ്ണി, ഇത്തരം സങ്കല്‍പങ്ങളില്‍ നിന്നെല്ലാം ഭിന്നമായ ദൈവത്തെ അവതരിപ്പിക്കുന്നു. നിരന്തരമായ ദൈവസാന്നിധ്യത്തിന്റെ അടയാളങ്ങളാണ് കൃഷ്ണനും നബിയും.
നോവലില്‍ വലിയൊരു ഭാഗം ശ്രീകൃഷ്ണനുമായി ബന്ധപ്പെടുന്ന ആഖ്യാനമാണെങ്കിലും പുസ്തകം എന്ന പ്രയോഗം കുറേക്കൂടി സെമിറ്റിക് ആണ്. ബൈബിള്‍ എന്ന പദത്തിന്റെ അര്‍ഥം തന്നെ പുസ്തകം എന്നാണല്ലോ. ഖുര്‍ആന്‍ അതിനെപ്പറ്റിത്തന്നെ പറയുന്നത് ദാലികല്‍ കിതാബ് (ആ പുസ്തകം) എന്നാണ്. കൈയിലുള്ള പുസ്തകത്തെപ്പറ്റി ഹാദല്‍ കിതാബ് (ഈ പുസ്തകം) എന്നു പറയേണ്ടതിനു പകരം 'ആ പുസ്തകം' എന്നു പറഞ്ഞതിനുള്ള കാരണങ്ങളില്‍ ഒന്നായി ഖുര്‍ആന്റെ ഔന്നത്യത്തെയും ഭൗതികാതീതമായ അതിന്റെ സ്രോതസ്സിനെയും സൂചിപ്പിക്കുന്നതാണത് എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഹൈന്ദവ ദര്‍ശനത്തില്‍ അതിന്റെ ആധാര ഗ്രന്ഥങ്ങള്‍ പുസ്തകം എന്നല്ല, വേദം എന്നാണ് അടയാളപ്പെടുത്തപ്പെടുന്നത്. വേദം എന്നാല്‍ അറിവ് എന്നര്‍ഥം. അത് അമൂര്‍ത്തമാണ്. അത് മൂര്‍ത്തമായിത്തീരുമ്പോഴാണ്, മണ്ണിലേക്കിറങ്ങുമ്പോഴാണ് പുസ്തകമാവുന്നത്.
കേരളത്തിലെ ഹിന്ദു മുസ്ലിം ജനതകള്‍ക്കിടയിലുള്ള ആദാന പ്രദാനങ്ങളെയാണ് 'ചരമവാര്‍ഷികം' ഒഴിച്ചുള്ള രാമനുണ്ണിയുടെ മൂന്ന് നോവലുകളും വിഷയമാക്കുന്നത്. ഇവ മൂന്ന് കാലങ്ങളെ സൂചിപ്പിക്കുന്നുണ്ട്. 'സൂഫി പറഞ്ഞ കഥ' ഭൂതത്തിലും 'ജീവിതത്തിന്റെ പുസ്തകം' വര്‍ത്തമാനത്തിലുമാണ് നില കൊള്ളുന്നതെങ്കില്‍ 'ദൈവത്തിന്റെ പുസ്തകം' ഭാവിയുടെ ആഖ്യാനമാണ്. സാംസ്‌കാരികവും സാമൂഹികവുമായ കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രമാണ് മൂന്നും. നാം കേരളീയത എന്ന് വിവക്ഷിക്കുന്ന പരിസരം ഇവിടെ വന്നു പോയിട്ടുള്ള എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും സംഭാവനകള്‍ സ്വീകരിച്ച് വികസിച്ചതാണ്. സ്വരവൈവിധ്യങ്ങളെ നിരാകരിച്ച് ഏകമുഖമായ ദേശീയ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പിക്കുകയും മറുശബ്ദങ്ങളെ ദേശവിരുദ്ധതയായി മുദ്ര കുത്തുകയും ചെയ്യുന്ന കാലമാണല്ലോ ഇത്. ചരിത്രത്തെ ഉള്‍ക്കൊള്ളുക എന്നതാണ് ദേശത്തോട് കാണിക്കേണ്ട കൂറ് എങ്കില്‍, വിവരണം സാധ്യമല്ലാത്ത വിധം വൈവിധ്യപൂര്‍ണമാണ് അത്. ഉപഭൂഖണ്ഡത്തിലെ ആദിമ കുടിയേറ്റക്കാര്‍ മുതല്‍ ദ്രാവിഡന്മാര്‍, ആര്യന്മാര്‍, ഇതിലോരോന്നിലും പെടുന്ന ഉപവിഭാഗങ്ങള്‍, പിന്നെ യും ഇവിടെ വന്ന് ഈ ദേശത്തിന്റെ ഭാഗമായി മാറിയവര്‍ എന്നിവരുടെയെല്ലാം വൈവിധ്യപൂര്‍ണമായ പാരമ്പര്യ ങ്ങളാണ് ഇന്ത്യക്ക് അസ്തിത്വം നല്‍കിയത്.
ഇവിടെ പരസ്പരമുള്ള ഇടപെടലുകളെയും കൊള്ള ക്കൊടുക്കകളുടെയും ചരിത്രം പറയുന്ന, രാമനുണ്ണിയുടെ നോവല്‍ത്രയം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം പ്രസക്തമാവുന്നു.
ദൈവത്തിന്റെ പുസ്തകത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങള്‍, അറ്റ്‌ലാന്റിക് 7 ഉം തമോഗര്‍ത്തങ്ങളും ബഹിരാകാശ സാങ്കേതിക വിദ്യയും ഭൗതികവും പ്രപഞ്ചവും ഗണിതവും ഒക്കെ തലങ്ങും വിലങ്ങും കെട്ടിയും മറിഞ്ഞും സങ്കീര്‍ണമായി, വായന ഒരധ്വാനമായിത്തന്നെ മാറുന്നുണ്ട്. തമോഗര്‍ത്തങ്ങള്‍ക്ക് ശേഷം കൃഷ്ണഭാഗവും പിന്നെ നബിഭാഗവുമാണ്. അവസാന ഭാഗമായ നീലയും ചന്ദ്രക്കലയും ആണ് പുസ്തകത്തിന്റെ പ്രവചനവും രാഷ്ട്രീയവും സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം മുന്നോട്ടു വെക്കുന്നത്.
ബഹിരാകാശ വാഹനങ്ങള്‍ വന്‍ അപകടങ്ങളെ നേരിടേണ്ടി വന്ന ഈസയിലെയും റഷ്യയിലെയും നാസയിലെയും മൂന്ന് സംഭവങ്ങളെത്തുടര്‍ന്ന് ഐ.എസ്.ആര്‍.ഒ യിലെ ശാസ്ത്രജ്ഞന്മാരായ കുട്ടിശ്ശങ്കരനും ഹസന്‍ കുട്ടിയുമാണ് ഭൂമിക്ക് മേലുള്ള ആപല്‍കരമായ തമോഗര്‍ത്ത സ്വാധീനത്തെപ്പറ്റി മനസ്സിലാക്കുന്നത്. തുടര്‍ന്ന് ദ്വാപര യുഗത്തിന്റെയും ആറാം നൂറ്റാണ്ടിന്റെയും കഷ്ണങ്ങള്‍ ഭൂമിയിലേക്ക് തെറിച്ചുവീണ് കൃഷ്ണഭാഗവും നബിഭാഗവും വരുന്നു. ഇതരകാലങ്ങളിലേക്ക് സഞ്ചരിക്കുന്ന ശാസ്ത്ര രചനകള്‍ ധാരാളമുണ്ട്. അവയില്‍നിന്ന് വ്യത്യസ്തമായി കാലങ്ങള്‍ ഇങ്ങോട്ടേക്ക് വരികയാണിവിടെ. ദ്വാപരയുഗാവതാരമായി പുരാണങ്ങള്‍ വാഴ്ത്തുന്ന കൃഷ്ണന്റെ ജീവിതത്തിന്റെ ആവര്‍ത്തനമാണ് പിന്നെ. 'ധര്‍മസംസ്ഥാപനാര്‍ത്ഥായ' എന്ന് തന്റെ ദൗത്യത്തെ തിരിച്ചറിഞ്ഞ കൃഷ്ണന്‍ ഇടക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് യാത്ര നടത്തുന്നതായും രാമനുണ്ണി ചിത്രീകരിക്കുന്നു.
കൃഷ്ണന്റെ പ്രണയ ഭാവത്തിനും നബിയുടെ കാരുണ്യ ഭാവത്തിനും പ്രാധാന്യം നല്‍കി വികസിക്കുന്ന ചരിത്രാഖ്യാനം രണ്ട് വ്യക്തിത്വങ്ങളെയും മതവ്യാഖ്യാന ങ്ങളില്‍ നിന്ന് പുറത്തേക്കു കൊണ്ടു വരുന്നു. കൃഷ്ണനും നബിയും തമ്മിലുള്ള താരതമ്യത്തില്‍ ഇതെഴുതുന്നയാള്‍ കാണുന്ന പ്രശ്‌നം അതിലൊരാള്‍ അല്‍പസ്വല്‍പമൊക്കെ പുരാവൃത്തവല്‍കരണം കൊണ്ട് അതിഭാവുകവല്‍കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പൂര്‍ണമായ ചരിത്ര വ്യക്തിത്വവും മറ്റേയാള്‍ തീര്‍ത്തും പുരാണാഖ്യാനങ്ങളില്‍ മാത്രം ജീവിക്കുന്ന കഥാപാത്രവുമാണെന്നുള്ളതാണ്. എന്നാല്‍ ചരിത്രപരമായ ആധികാരികതയോടെയാണ് കൃഷ്ണന്റെ കഥയും രാമനുണ്ണി പറയുന്നത്. അപ്പോഴും പക്ഷേ, ജ്യോതിഷത്തിന്റെയും മന്ത്രാസ്ത്രങ്ങളുടെയും ദേവപുത്രന്മാരുടെയുമൊക്കെ വര്‍ത്തമാനങ്ങള്‍ റിയലിസ്റ്റിക്കായ ഭാഷയില്‍ ആവിഷ്‌കരിക്കപ്പെട്ടത് കൃഷ്ണകഥയെ ചരിത്രത്തില്‍നിന്ന് പുറംതള്ളുന്ന അവസ്ഥ സൃഷ്ടിച്ചുവോ എന്ന സന്ദേഹമുണ്ട്. തങ്ങള്‍ അറിഞ്ഞ ധര്‍മപാഠങ്ങളെ ജീവിതത്തിലും സമൂഹത്തിലും സാക്ഷാല്‍ക്കരിക്കുന്നതിന് വേണ്ടിയുള്ള, നബിയുടെയും കൃഷ്ണന്റെയും പരിശ്രമങ്ങളെ സമര്‍ഥിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്.
'ദൈവത്തിന്റെ പുസ്തക'ത്തിലെ കാലസങ്കല്‍പനങ്ങളെക്കുറിച്ച, ഡോ ജമീല്‍ അഹ്മദിന്റെ പഠനത്തില്‍ ഭാവിയെക്കുറിക്കുന്ന സര്‍ഗരചനകളെ ശാസ്ത്രരചനകളായി വിലയിരുത്തുന്നുണ്ട്. ഭൂതത്തെക്കുറിച്ചുള്ള ആഖ്യാനമാകട്ടെ ചരിത്രപരവുമാണ്. ഇതൊരു ശരിയായ വിഭജനമാണ്. ഭാവിയെക്കുറിച്ചുള്ള (ഫ്യൂച്ചറോളജി) ആഖ്യാനങ്ങളെ ശാസ്ത്രാഖ്യായികകളായും ഭൂതത്തെക്കുറിച്ചുള്ള ആവിഷ്‌കാരങ്ങളെ ചരിത്രാഖ്യായികകളായും വിലയിരുത്താം. അങ്ങനെ വരുമ്പോള്‍ 'സൂഫി പറഞ്ഞ കഥ' ചരിത്രനോവലും 'ദൈവത്തിന്റെ പുസ്തകം' ശാസ്ത്ര നോവലുമാണ്. സയന്‍സ് ഫിക്ഷന്‍ സിനിമകളുടെ ഒരു വിഭജനമുണ്ട്. Apocalyptic എന്നും Post Apocalyptic എന്നും രണ്ട് ഇനങ്ങളാണ് ശാസ്ത്ര സിനിമകള്‍. അപോകാലിപ്‌സ് എന്നത് ഒരു മതസങ്കല്‍പമാണ്. ബൈബിളിലെ വെളിപാട് പുസ്തകത്തില്‍ പറയുന്ന അപോകാലിപ്‌സ് സര്‍വനാശത്തെക്കുറിച്ച (The complete final destruction of the world) വിഭാവനമാണ്. സാങ്കേതികവിദ്യയും ദുരയും ചേര്‍ന്ന് സൃഷ്ടിക്കുന്ന Apocalypse നെക്കുറിച്ച ആവിഷ്‌കാരങ്ങളാണ് അപോകാലിപ്റ്റിക് സിനിമകള്‍. ഇത്തരം ഒരു mass disaster നു ശേഷമുള്ള മനുഷ്യന്റെ അതിജീവനകഥകള്‍ പോസ്റ്റ് അപോകാലിപ്റ്റിക്. ഈ ന്യായമനുസരിച്ച് ഈ പുസ്തകത്തെ ഒരു ശാസ്ത്ര നോവല്‍ എന്ന് വിശേഷിപ്പിക്കാം.
പാണ്ഡവരുമായി ബന്ധപ്പെട്ടതാണ് കൃഷ്ണാഖ്യാ നത്തിന്റെ പ്രധാന വശം. പാണ്ഡവ കഥയുടെ ആധാരം മഹാഭാരതമാണല്ലോ. മഹാഭാരതത്തിലെ വിവിധ ങ്ങളായ ആഖ്യാനങ്ങളില്‍ ചില വിമര്‍ശങ്ങളും പരിഹാസങ്ങളും ഒളിച്ചു വെച്ചിട്ടുണ്ട് വേദവ്യാസന്‍. പെണ്ണിനെ പ്രലോഭനവും ജിതേന്ദ്രിയത്വത്തെ സാക്ഷാല്‍കാരവുമായി കണ്ടിരുന്ന വിഭാണ്ഡക മഹര്‍ഷി തനിക്കു പറ്റിയ തെറ്റ് ആ 'തെറ്റി'ല്‍നിന്ന് ജനിച്ച മകന്‍ ഋശ്യശൃംഗന് പറ്റാതിരിക്കാന്‍ പെണ്ണിനെ കാണിക്കാതെയും അറിയിക്കാതെയും അവനെ വളര്‍ത്തിയ കഥയുണ്ട് മഹാഭാരതത്തില്‍. ഒടുക്കം പിതാവിനെ ഉപേക്ഷിച്ച്, അംഗരാജ്യത്ത് നിന്നെത്തിയ വേശ്യപ്പെണ്ണിനൊപ്പം പോകുന്ന മകനിലൂടെ ജിതേന്ദ്രിയത്വത്തെക്കുറിച്ച സിദ്ധാന്തത്തെ പരിഹസിക്കുകയാണ് വ്യാസന്‍ ചെയ്യുന്നതെന്ന് കുട്ടികൃഷ്ണമാരാര്‍ (ഭാരതപര്യടനം) പറയുന്നുണ്ട്. ഇതുപോലെ ധൃതരാഷ്ട്രരുടെ അന്ധത ഇതിഹാസാഖ്യാനത്തില്‍ ഒരു പ്രതീകമാണ്. അധികാരാസക്തിയും പുത്ര വാല്‍സല്യവുമാണല്ലോ ധൃതരാഷ്ട്രര്‍. അദ്ദേഹത്തിന്റെ അന്ധത ഇതിനെ അടയാളപ്പെടുത്തുന്നുണ്ടാവാം. എന്നാല്‍ ഭര്‍ത്താവിനൊപ്പം അന്ധത സ്വയം വരിച്ച ഗാന്ധാരിയാകട്ടെ, പുത്രന്മാരുടെ അധികാരാസക്തി ഉണ്ടാക്കിയ കുഴപ്പങ്ങള്‍ക്ക് കാരണക്കാരിയാവുകയാണ് ചെയ്യുന്നത്. വ്യാസന്‍ വരികള്‍ക്കിടയില്‍ പറയുന്ന ഇക്കാര്യം രാമനുണ്ണി ഒരു സന്ദര്‍ഭമായിത്തന്നെ വികസിപ്പിക്കുന്നുണ്ട്. ഗാന്ധാരിയുടെ കണ്ണ് മൂടിക്കെട്ടിയിരുന്ന തുണി വലിച്ചഴിച്ചു കൊണ്ട് ഹിഡുംബി നടത്തുന്ന ആക്രോശത്തിലൂടെ ആ തുണി വമിപ്പിച്ച ദുര്‍ഗ്ഗന്ധത്തെയും നോവല്‍ വിവരിക്കുന്നു.
മുഹമ്മദ് നബിയുടെ ജീവിതത്തെ പുരസ്‌കരിച്ച ഒരു നോവല്‍ ലോകസാഹിത്യത്തില്‍ത്തന്നെ ഇല്ലെന്ന് തോന്നുന്നു. അങ്ങനെയെങ്കില്‍ ആയിനത്തില്‍ ആദ്യത്തേതായി ഈ പുസ്തകം ചരിത്രത്തില്‍ ഇടം പിടിക്കുന്നു.
മലയാളത്തില്‍ നബിയുടെ ജീവിതത്തെ സര്‍ഗാത്മക മായി ആവിഷ്‌കരിക്കുന്ന രണ്ടാമത്തെ പുസ്തകമാണ് ഇത് എന്നു പറയാം. പൊന്‍കുന്നം സെയ്തു മുഹമ്മദിന്റെ 'മാഹമ്മദം' മഹാകാവ്യമാണ് ഒന്നാമത്തേത്. നബിയുടെ ജീവിതത്തെയും അവിടുത്തെ വാല്‍സല്യഭാവത്തെയും സ്‌നേഹാതിരേകത്തെയും കരുണയെയും പ്രണയത്തെയും രാമനുണ്ണി ഉജ്വലമായി ആവിഷ്‌കരിക്കുന്നു. ഉമ്മയെ തെല്ലും വേദനിപ്പിക്കാതെ പെറ്റു വീഴുന്ന കുഞ്ഞ് എന്ന വിഭാവനം മുതല്‍ക്ക് പ്രവാചകനെ ഒരനുഭവമായി പുസ്തകം വരച്ചിടുന്നുണ്ട്. യുദ്ധങ്ങളില്‍ പോലും മുഴച്ചു നില്‍ക്കുന്ന, പ്രവാചകന്റെ കാരുണ്യത്തെയും മനുഷ്യപ്പറ്റിനെയും നോവല്‍ അതിവാചാലമായിത്തന്നെ അവതരിപ്പിക്കുന്നു.
കൃഷ്ണനും നബിയും ചേര്‍ന്ന് പുതിയ കാലത്തിലൂടെ നടത്തുന്ന സഞ്ചാരമാണ് നീലയും ചന്ദ്രക്കലയും എന്ന ഭാഗം. തങ്ങളുടെ തന്നെ അനുയായികള്‍ തങ്ങളുടെ ആശയങ്ങളെയും ചരിത്രത്തെയും എത്രത്തോളം വികലമാക്കി എന്ന അറിവ് അവരിലുളവാക്കുന്ന വേദന അതില്‍ വരുന്നുണ്ട്. ഒരു പ്രവാചകന്റെ കാലത്ത് അദ്ദേഹത്തിനെതിരില്‍ രംഗത്തു വരുന്ന അതേ ശക്തിക ളായിരിക്കും പിന്നീട് അദ്ദേഹത്തിന്റെ കൊടിയും പേരും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് രംഗത്തിറങ്ങുക എന്ന് അലി ശരീഅത്തി പറയുന്നുണ്ട്. ഗതകാല ചരിത്ര കഥാപാത്രങ്ങള്‍ പലരും ഈ ഭാഗത്ത് രംഗപ്രവേശം ചെയ്യുന്നു. നബി, കൃഷ്ണ പ്രഭാവങ്ങളുടെ സ്വാധീനം അവരില്‍ ചെലുത്തുന്ന മാറ്റങ്ങളും ചിത്രീകരിക്കപ്പെടുന്നു. ഇവിടെ ഗാന്ധിയും മാക് സും കടന്നു വരുന്നു. ഒപ്പം ഹെഡ്‌ഗേവാറും ഹിറ്റ്‌ലറും. അവര്‍ സ്വയം തിരുത്തുന്നു. തങ്ങളുടെ ജീവിതകാലത്ത് കൈക്കൊണ്ടിരുന്ന രാഷ്ട്രീയത്തെ തള്ളിപ്പറയുന്നു.
നബിഭാഗത്ത് നബിയുടെ സഹോദരനായി ക്രിസ്തുവും വരുന്നുണ്ട്. നബിവചനപ്രകാരം പ്രവാചകന്മാരെല്ലാം പിതാവൊത്ത സഹോദരങ്ങളാണ്. ഈ സാഹോദര്യത്തിലേക്ക് കൃഷ്ണനെയും ചേര്‍ത്തുവെക്കുകയാണ് രാമനുണ്ണി. ഇസ്രാഇന്റെ രാത്രി എന്നറിയപ്പെടുന്ന രാവില്‍ യരൂശലേം പള്ളിയില്‍ ചരിത്രത്തിലിന്നോളം വന്നിട്ടുള്ള സകല പ്രവാചകന്മാരുമൊത്ത് താന്‍ നിസ്‌കരിച്ചതായ അനുഭവമുണ്ടായി നബിക്ക്. ഇക്കൂട്ടത്തിലും രാമനുണ്ണി കൃഷ്ണനെ കണ്ടെത്തുന്നുണ്ട്.
നബിയുടെയും കൃഷ്ണന്റെയും സാന്നിധ്യം ആധുനിക ലോകത്ത് പരിവര്‍ത്തനങ്ങളുണ്ടാക്കി. ലോകത്തിന്റെ ഭാവിയെയും ജീവിതത്തെയും കുറിച്ച പ്രവചനാത്മകമായ ശുഭപ്രതീക്ഷകള്‍ സമര്‍പിക്കപ്പെടുന്നതും അവിടെയാണ്. അതാകട്ടെ, വാള്‍സ്ട്രീറ്റിലെ ഓഹരി ബ്രോക്കര്‍ മാര്‍ഗരറ്റ് കോനന്‍, ഇറാഖിലെ ശീഈ നേതാവും ഇന്റീരിയര്‍ വകുപ്പ് മന്ത്രിയുമായ അബ്ദുല്‍ ഹസന്‍, ഗുജറാത്തിലെ ആര്‍.എസ്.എസ് പ്രചാരക് ചന്ദ്രവദന്‍ പരീഖ് എന്നിവരുടെ കഥയുമാണ്. ഇവരില്‍ വന്നു ഭവിക്കുന്ന പരിവര്‍ത്തനങ്ങളെ ഒരല്‍ഭുതകഥ പോലെ പറഞ്ഞു പോവുകയല്ല രാമനുണ്ണി ചെയ്യുന്നത്. കൃഷ്ണന്റെയും നബിയുടെയും പ്രഭാവങ്ങള്‍ അതിന് നിമിത്തമായിത്തീരുമ്പോഴും വളരെ കൃത്യമായ സാമൂഹിക കാര്യകാരണങ്ങള്‍ അവരുടെ ജീവിതാവിഷ്‌കാരത്തില്‍ നോവലിസ്റ്റ് കണ്ടെത്തുന്നുണ്ട്. തന്റെ പ്രവൃത്തിമേഖലയും കുടുംബവുമൊക്കെയായി സങ്കീര്‍ണമായ സംഘര്‍ഷങ്ങളിലൂടെയാണ് കോനന്‍ കടന്നു പോയിരുന്നത്. അബ്ദുല്‍ ഹസന് ഒരു ഗതകാല ചരിത്രമുണ്ട്. സെക്ടേറിയന്‍ തീവ്രവാദങ്ങളില്‍പ്പെടാതെ അയാളുടെ മനസ്സിനെ സംരക്ഷിക്കാന്‍ ജാഗ്രതയോടെ പരിശ്രമിച്ച പ്രഫസറുടെ ചിന്തകളുടെ സ്വാധീനവുമുണ്ട്. തന്റെ ചുറ്റുപാടുകളും സമൂഹത്തോടുള്ള കടപ്പാടുകളുമാണ് മാറിച്ചിന്തിക്കാന്‍ പരീഖിനെ പ്രേരിപ്പിക്കുന്നത്.
കോനന്റെ കഥയില്‍ പ്രസിദ്ധമായ വാള്‍സ്ട്രീറ്റ് പ്രക്ഷോഭങ്ങള്‍ പശ്ചാത്തലമാകുന്നുണ്ട്. എക്‌സ്പീരിയന്‍സ് എകനോമിക്‌സ് എന്ന കാഴ്ചപ്പാടും അതിന്റെ ആധാരത്തില്‍ ഒരു സംഘത്തെയും കോനന്‍ രൂപപ്പെടുത്തി. അതുവരെ വാള്‍സ്ട്രീറ്റിലെ ഓഹരി വ്യാപാരത്തിലും മൂലധനാധിഷ്ഠിത സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചവരായിരുന്നു സംഘാംഗങ്ങളും. ആ സംഘം കമ്യൂനിറ്റി ഒഫ് ഹെവന്‍ എന്നറിയപ്പെട്ടു. അവര്‍ മൂലധന ദല്ലാളന്മാരാല്‍ ആക്രമിക്കപ്പെടുകയും വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരുടെ പിന്തുണ അവര്‍ക്ക് ലഭിക്കുകയും ചെയ്തു.
ജീവിതത്തെയും വികസനത്തെയും കുറിച്ച നൈതിക സങ്കല്‍പങ്ങളാണ് എക്‌സ്പീരിയന്‍സ് ഇകനോമിക്‌സ്. രാപ്പകലുകളുടെ ഭാണ്ഡക്കെട്ടാണ് മനുഷ്യായുസ്സ്. അതില്‍ ഉണര്‍ന്നിരിക്കുന്ന ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ജീവിതം. അതില്‍ത്തന്നെ സക്രിയമായ അനുഭവങ്ങളാണ് യഥാര്‍ഥ ജീവിതം. അതിനാല്‍ ഇകനോമിക് ആക്ടിവിറ്റി, ഓരോ മനുഷ്യന്റെയും ശാരീരികമോ മാനസികമോ ആയ സക്രിയാനുഭവങ്ങളെ വികസിപ്പിക്കുന്നതിനു വേണ്ടിയാവണം. അതല്ലാതെ റോഡും റെയില്‍വേയും റണ്‍വേയും കെട്ടിടങ്ങളും റിയല്‍ എസ്റ്റേറ്റും മാത്രം വികസിപ്പിക്കുന്നതാവരുത്. ഏറ്റവും ചുരുങ്ങിയ പണം കൊണ്ട് ഏറ്റവും കൂടിയ സര്‍ഗാത്മകാനുഭവങ്ങള്‍ ഏവര്‍ക്കും പ്രദാനം ചെയ്ത് ജീവിതത്തെ സമ്പല്‍ സമൃദ്ധമാക്കുക എന്നതാണ് എക്‌സ്പീരിയന്‍സ് ഇകനോമിക്‌സിന്റെ ലക്ഷ്യം.
ഒടുവിലൊരിടത്ത് നബി കണ്ണനോടിങ്ങനെ പറഞ്ഞു: മാതാപിതാക്കളുടെ അഭാവം നാമിരുവരും ഒരുപോലെ അനുഭവിച്ചത് മുകളിലുള്ളവനെ ആഞ്ഞു പിടിക്കുന്നതിനാവണം. കണ്ണന്‍ നബിയോട് പറഞ്ഞു: നമ്മള്‍ രണ്ടു പേരുടെയും ആദ്യസ്ത്രീകള്‍ വയസ്സിന് മൂത്തവരായത് സ്ത്രീലമ്പടത്വത്തിനു പകരം മാതൃപാഠങ്ങള്‍ പ്രധാനമായതിനാലാകണം.
ഇപ്രകാരം വൈയക്തികവും സാമൂഹികവുമായ ജീവിതത്തിന്റെ സൂക്ഷ്മവശങ്ങളിലൂടെ നീതിയുടെയും സഹവര്‍ത്തിത്വത്തിന്റെയും പാഠങ്ങളുമായി സഞ്ചരിക്കുന്നു ദൈവത്തിന്റെ പുസ്തകം.