ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ സഹധര്‍മിണിയും അക്ബര്‍ ചക്രവര്‍ത്തിയുടെ മാതാവുമായ ഹമീദബാനു ബീഗം ആത്മാര്‍ഥത, നിസ്വാര്‍ഥത, നിഷ്‌കളങ്കത, ജീവിതവിശുദ്ധി, ധീരത, അഭിപ്രായ സുഭദ്രത തുടങ്ങിയ വിശിഷ്ട ഗുണങ്ങളെല്ലാം
ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ സഹധര്‍മിണിയും അക്ബര്‍ ചക്രവര്‍ത്തിയുടെ മാതാവുമായ ഹമീദബാനു ബീഗം ആത്മാര്‍ഥത, നിസ്വാര്‍ഥത, നിഷ്‌കളങ്കത, ജീവിതവിശുദ്ധി, ധീരത, അഭിപ്രായ സുഭദ്രത തുടങ്ങിയ വിശിഷ്ട ഗുണങ്ങളെല്ലാം സമ്മേളിച്ച മഹിളയാണ.് ഡല്‍ഹിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ഹുമയൂണ്‍ ടോം ബ് പണിയിച്ചത് ഇവരാണ്.
ശൈഖ് അലി അക്ബറിന്റെയും മഹന അഫ്‌റോസ് ബീഗത്തിന്റെയും പുത്രിയായി 1527-ല്‍ ഏപ്രില്‍ 21 -ന് സിന്ദ് പ്രവിശ്യയിലെ ദാദു ഗ്രാമത്തിലാണ് ജനനം. പിതാവ് ശൈഖ് അലി അക്ബര്‍ ബാബര്‍ ചക്രവര്‍ത്തിയുടെ ഇളയ മകന്‍ മീര്‍ ബന്ദാലിന്റെ ആത്മമിത്രമായിരുന്നത് കൊണ്ട് മീര്‍ബാബാ ദോസ്ത് എന്ന പേരില്‍ പ്രസിദ്ധനായിരുന്നു.
രണ്ടാം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഹുമയൂണിന്റെ ആദ്യകാല ജവീതം ദുരിതപൂര്‍ണമായിരുന്നു. ഏകീകരിക്കപ്പെടാത്ത കുറെ പ്രദേശങ്ങളാണ് അദ്ദേഹത്തിന് പിതാവ് ബാബറില്‍നിന്ന് അനന്തരമായി ലഭിച്ചത്. അതില്‍ വ്യവസ്ഥാപിതമായ ഭരണ സംവിധാനമോ സാമ്പത്തിക ഭദ്രതയോ ഉണ്ടായിരുന്നില്ല. അധികാരമേറ്റ് കുറച്ച് നാളുകള്‍ക്കകം ഹുമയൂണ്‍ കലിഞ്ജര്‍ കോട്ടയും ജോവന്‍പൂരവും അക്രമിച്ചു കീഴടക്കി. അതിനു ശേഷം അഫ്ഗാനികള്‍ക്കെതിരെ തിരിഞ്ഞു. അഫ്ഗാന്‍ മേധാവി ഷേര്‍ഖാനെ പരാജയപ്പെടുത്തി പുനാര്‍കോട്ട അധീനപ്പെടുത്തി. അത്യാഹിതം മണത്തറിഞ്ഞ ഷേര്‍ഖാന്‍ തന്ത്രപൂര്‍വം ഹുമയൂണിന് കീഴടങ്ങി. മുഗളരോട് കൂറ് പുലര്‍ത്തുന്നതായി അഭിനയിച്ച് ഷേര്‍ഖാന്‍ ശക്തമായ ഒരു സേനയെ സംഘടിപ്പിച്ച് കൊണ്ട് 1539-ല്‍ ചൗസയില്‍ വെച്ച് ഹുമയൂണിനെ ദാരുണമാംവിധം തോല്‍പിച്ചു. വമ്പിച്ച കൊള്ളമുതലും ഹുമയൂണിന്റെ അന്തപുരവും ഷേര്‍ഖാന്റെ നിയന്ത്രണത്തിലായി. ഇതോടെ ഹുമയൂണ്‍ നദി നീന്തിക്കടന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.
സിംഹാസനം നഷ്ടപ്പെട്ട ഹുമയൂണ്‍ സാമ്രാജ്യം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് രണ്ടരവര്‍ഷത്തോളം സിന്ധിലും അയല്‍പ്രദേശങ്ങളിലുമായി അലഞ്ഞുനടന്നു. അലക്ഷ്യമായി വട്ടം കറങ്ങുന്നതിനിടയിലാണ് ഹുമയൂണ്‍ ഹമീദ ബാനുവിനെ കണ്ടുമുട്ടുന്നത്. ഏതൊരു മഹാവ്യക്തിയുടെയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ടാകാമെന്ന ആപ്തവാക്യം ഹുമയൂണിനെ സംബന്ധിച്ച് സത്യമായിരിക്കണം. ഡല്‍ഹിയില്‍നിന്ന് അംഗരക്ഷകരോടൊപ്പം മടങ്ങവെ ഹമീദയെ കണ്ടപ്പോള്‍ പ്രഥമദൃഷ്ട്യാ തന്നെ അദ്ദേഹം അവളില്‍ അനുരക്തനായി. സൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായ ആ പേര്‍ഷ്യക്കാരി ആദ്യം ആ ബന്ധത്തിന് വിസമ്മതിച്ചുവെങ്കിലും പിന്നീട് ഹുമയൂണിന്റെ ആത്മാര്‍ഥതയിലും വ്യക്തിത്വത്തിലും മതിപ്പ് തോന്നി അതിന് സമ്മതിക്കുകയായിരുന്നു.
1541-ല്‍ സെപ്തംബര്‍ മാസം തിങ്കളാഴ്ച ഉച്ചക്ക് (ഹിജ്‌റ വര്‍ഷം 948 ജമാദുല്‍ അവ്വല്‍) അവര്‍ തമ്മിലുള്ള വിവാഹം നടന്നു. പക്ഷേ സ്വസ്ഥമായ ദാമ്പത്യജീവിതം നയിക്കാനോ മധുവിധു ആഘോഷിക്കാനോ അവര്‍ക്ക് ഭാഗ്യം ലഭിച്ചില്ല. ഭരണ ചെങ്കോല്‍ നഷ്ടപ്പെട്ട ഹുമയൂണ്‍ അത് തിരിച്ചുപിടിക്കാനുള്ള വ്യഗ്രതയിലായിരുന്നു. വിവാഹം നടക്കുമ്പോള്‍ കേവലം 14 വയസ്സായിരുന്നു ഹമീദയുടെ പ്രായം. തികഞ്ഞ മതഭക്തയും നിഷ്‌കളങ്കയും കുശാഗ്രബുദ്ധിമതിയുമായ അവര്‍ ഹുമയൂണിനെ ആത്മാര്‍ഥമായി സ്‌നേഹിച്ചു. ചുരുങ്ങിയ നാളുകള്‍കൊണ്ട് അദ്ദേഹത്തിന്റെ മനം കവരാന്‍ അവര്‍ക്ക് സാധിച്ചു.
മരുഭൂ താണ്ടിയുള്ള തീഷ്ണമായ യാത്രക്കിടെ 1542-ല്‍ അവര്‍ രജപുത്ര ഭരണാധികാരിയായ റാണ പ്രസാദ് ഭരിക്കുന്ന ഉമര്‍കോട്ടില്‍ എത്തിച്ചേര്‍ന്നു. റാണാപ്രസാദ് അവരെ ഹാര്‍ദവമായി സ്വീകരിച്ചു. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഹമീദ ബാനു അവിടെ വെച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കി. ഇന്ത്യ കണ്ട മഹാനായ ചക്രവര്‍ത്തി എന്ന് അറിയപ്പെടുന്ന അക്ബര്‍ ആയിരുന്നു അത്. 1542-ഒക്ടോബര്‍ 14 (റജബ് 4) നാണ് അക്ബറിന്റെ ജനനം. ഹുമയൂണ്‍ സ്വപ്‌നത്തില്‍ കണ്ടതായി പറയപ്പെടുന്ന ജലാലുദ്ദീന്‍ മുഹമ്മദ് അക്ബര്‍ എന്ന് തന്നെ കുഞ്ഞിന് അദ്ദേഹം നാമകരണം ചെയ്തു. കുഞ്ഞിന് കഷ്ടിച്ച് ഒരു വര്‍ഷക്കാലം മാത്രമേ ഹമീദയോടൊപ്പം കഴിയാന്‍ സാധിച്ചുള്ളൂ. ശത്രുക്കളുടെ ഉപജാപം മൂലം കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് ഹമീദ ഹുമയൂണിനോടൊപ്പം സ്ഥലംവിട്ടു. തുടര്‍ന്ന് അക്ബറിനെ സംരക്ഷിച്ചത് ഹുമയൂണിന്റെ സഹോദരന്‍ അസ്‌കരിയുടെ ഭാര്യ മഹ്ര്‍ ആംഗ ആണ്. തുടര്‍ന്ന് ഹുമയൂണും ഹമീദബാനുവും പേര്‍ഷ്യയിലേക്ക് (ഇറാന്‍) നാടുകടന്നു. അന്നത്തെ പേര്‍ഷ്യന്‍ ചക്രവര്‍ത്തി അവരെ സഹര്‍ഷം സ്വീകരിക്കുകയും സഹായ സഹകരണം വാഗ്ദാനം നല്‍കുകയും ചെയ്തു. പേര്‍ഷ്യക്കാരിയായ ഹമീദ ബാനുവുമായുള്ള വിവാഹം അവര്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കി. ഇറാനില്‍ വെച്ച് ഹമീദ ബാനു സുന്ദരിയായ ഒരു പെണ്‍കുഞ്ഞിന് (1544) ജന്മം നല്‍കി.
പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഹുമയൂണിനെ ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രോത്സാഹിപ്പിച്ചു.
1545-ല്‍ അവര്‍ ഇന്ത്യയിലേക്ക് കപ്പല്‍ കയറി. ദീര്‍ഘ നാളത്തെ വേര്‍പാടിന് ശേഷം ഹമീദ ബാനുവിന് തന്റെ മകന്‍ അക്ബറിനെ കാണാന്‍ ഭാഗ്യമുണ്ടായി. ബാലനായ അക്ബറും മാതാവും കാബൂളിലേക്കുള്ള ഒരു യാത്രയില്‍ ഹുമയൂണിനെ അനുഗമിച്ച സംഭവം ചരിത്രകാരന്മാര്‍ മനോഹരമായി വര്‍ണിച്ചിട്ടുണ്ട്.
പിന്നീട് 1555-ല്‍ ഹുമയൂണ്‍ ഡല്‍ഹിയിലെ സിംഹാസനം തിരിച്ചുപിടിക്കുകയും മുഗള്‍ സാമ്രാജ്യം പുനസ്ഥാപിക്കുകയും ചെയ്തു.
ഹമീദ ബാനുവുമായുള്ള വിവാഹ ബന്ധം ഹുമയൂണിന് ഏറെ പ്രയോജനകരമായി. സുന്നി-ശിയാ ഗ്രൂപ്പുകള്‍ തമ്മില്‍ അക്കാലത്ത് നിരന്തരം സംഘട്ടനം നടന്നിരുന്നു. ഭാര്യ ശിയാ വിഭാഗക്കാരിയായത് കൊണ്ട് യുദ്ധ സന്ദര്‍ഭങ്ങളില്‍ ശിയാ ഗ്രൂപ്പില്‍നിന്ന് അദ്ദേഹത്തിന് സഹായവും പിന്തുണയും ലഭിച്ചു.
അധികാരത്തിലേറിയ ശേഷം ഒരു വര്‍ഷം മാത്രമേ ഹുമയൂണിന് ഭരണം നടത്താന്‍ കഴിഞ്ഞുള്ളൂ. 1556-ല്‍ തന്റെ ഗ്രന്ഥാലയത്തിന്റെ കോണിപ്പടിയില്‍നിന്ന് വീണ് അദ്ദേഹം മരണമടഞ്ഞു.
ഹുമയൂണിന്റെ മരണം വരെ അദ്ദേഹത്തിന് താങ്ങും തണലുമായി ഹമീദ ബാനു ജീവിച്ചു. അദ്ദേഹം മരിക്കുമ്പോള്‍ അക്ബര്‍ 14 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയായിരുന്നു.
ബാലനായിരിക്കെ അധികാരത്തിലേറിയ അക്ബറിന് പകരം ഭരണം നടത്തിയത് ഹുമയൂണിന്റെ വലംകൈയായിരുന്ന ബൈറം ഖാനായിരുന്നു. അതേസമയം ഹമീദബാനു അക്ബറിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കികൊണ്ടിരുന്നു. അവരുടെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ അക്ബറിന് വിലപ്പെട്ടതായിരുന്നു. പല സന്ദര്‍ഭങ്ങളിലും ഹമീദ ബാനു രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും സുപ്രധാനവും ശ്രദ്ധേയവുമായത് ബൈറംഖാനെ സ്ഥാനഭ്രഷ്ടനാക്കാന്‍ അവര്‍ അക്ബറിന് നല്‍കിയ ഉപദേശമത്രെ.
അഗാധമായ ആദരവും സ്‌നേഹവുമായിരുന്നു അക്ബറിന് തന്റെ മാതാവിനോട്. മരണംവരെ അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അക്ബര്‍ വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്തു. അക്ബര്‍ തന്റെ ജീവിതത്തില്‍ രണ്ട് തവണയാണ് തലമുണ്ഡനം ചെയ്യുകയും താടി വടിക്കുകയും ചെയ്തതത്രെ. അതില്‍ ഒന്ന് തന്റെ വളര്‍ത്തമ്മ മഹ്‌ന ആംഗയുടെ മരണവേളയിലും മറ്റൊന്ന് ഹമീദയുടെ മരണവേളയിലും.
മര്‍യം മകാനി എന്നൊരു അപരനാമത്തില്‍ കൂടി ഹമീദ ബാനു അറിയപ്പെട്ടിരുന്നു. ഹമീദയുടെ ജീവിത വിശുദ്ധിയും ശുദ്ധമനസ്‌കതയും പരിഗണിച്ച് വിശുദ്ധ മാതാവ് കന്യാമര്‍യമിനോട് ഉപമിച്ചാണ് മര്‍യം മകാനി എന്ന പേര് വീണത്. വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ച ശേഷം ഹാജി ബീഗം എന്ന പേരിലും അവര്‍ അറിയപ്പെട്ടിരുന്നു. ഹമീദ ബാനു ദീര്‍ഘകാലം ജീവിച്ചു. അക്ബര്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ്, ഹുമയൂണ്‍ മരിച്ച് 50 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം തന്റെ 77-ാം വയസ്സില്‍ 1604-ഓഗസ്റ്റ് 29-ന് അവര്‍ ഈ ലോകത്തോട് വിടപറഞ്ഞു. അവരുടെ ഓര്‍മകള്‍ തന്റെ പ്രിയതമതന്‍ അന്ത്യവിശ്രമം കൊള്ളുന്ന ഹുമയൂണ്‍ ടോംബില്‍ നിമജ്ഞനം ചെയ്യപ്പെട്ടു.
ഹുമയൂണ്‍ ടോംബ്
ഹമീദ ബാനുവിന്റെ നിര്‍ദേശപ്രകാരം അക്ബറിന്റെ ഭരണകാലത്ത് 1565-70 കാലയളവിലാണ് ഹുമയൂണ്‍ ടോംബിന്റെ പണി തീര്‍ത്തത്. മിറാക് മീര്‍സാ ഘിയാസ് എന്ന വാസ്തുശില്‍പിയാണ് ഇത് രൂപകല്‍പന ചെയ്തത്. അതിന് വേണ്ടി പേര്‍ഷ്യയില്‍നിന്ന് അദ്ദേഹത്തെ വിളിച്ചുവരുത്തുകയായിരുന്നു ഹമീദ ബാനു. ഹുമയൂണ്‍ നിര്യതനായി 9 വര്‍ഷം കഴിഞ്ഞാണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചത്. മുംതാസ് മഹലിന്റെ സ്മരണക്കായി ഷാജഹാന്‍ താജ്മഹല്‍ പണിയിച്ചപോലെ തന്റെ പ്രിയതമന്റെ സ്മരണ നിലനിര്‍ത്താന്‍ വേണ്ടി ഹമീദബാനു നിര്‍മിച്ചതാണിത്. ഡല്‍ഹിയിലെ കിഴക്കേ നിസാമുദ്ദീന്‍ പ്രദേശത്താണ് ഈ കെട്ടിട സമുച്ചയം സ്ഥിതിചെയ്യുന്നത്. ഈ ശവകുടീരം യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വാസ്തുശില്‍പ രീതി ഇന്ത്യയില്‍ ആദ്യത്തേതാണ്. ഇന്ത്യന്‍-പേര്‍ഷ്യന്‍ വാസ്തുശില്‍പ രീതിയുടെ സങ്കലനമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. കരിങ്കല്ലില്‍ പണിതിട്ടുള്ള കെട്ടിടത്തിന്റെ ബാഹ്യഭാഗം മുഴുവന്‍ ചുവന്ന മണല്‍ക്കല്ലും വെണ്ണക്കല്ലും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. താജ്മഹലിന്റെ രൂപകല്‍പനക്ക് ഇതിനോട് ഒട്ടേറെ സാമ്യമുണ്ട്. പ്രധാന കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള വിശാലമായ തളത്തിലാണ് ഹുമയൂണിന്റെ മഖ്ബറ സ്ഥിതി ചെയ്യുന്നത്.
ഇതിനോട് അനുബന്ധമായി മുഗളരുടെ ഒട്ടനവധി കല്ലറകളും നിസ്‌കാരപ്പള്ളികളുമെല്ലാം ഉളളതുകൊണ്ട് ഇത് മുഗളരുടെ കിടപ്പിടം എന്ന പേരിലും അറിയപ്പെടുന്നു.