ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മ്യാന്‍മര്‍ പട്ടാളം മുക്താര്‍ എന്ന റൊഹീന്യന്‍ യുവാവിന്റെ ഗ്രാമത്തിലേക്ക് ഇരച്ചുകയറിയത്. ഇപ്പോള്‍ കാലില്‍ വെടിയുണ്ട തീര്‍ത്ത മുറിവ് അമര്‍ത്തിപ്പിടിച്ച് ഒരു താല്‍ക്കാലിക കുടിലില്‍ കഴിയുകയാണിദ്ദേഹം.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മ്യാന്‍മര്‍ പട്ടാളം മുക്താര്‍ എന്ന റൊഹീന്യന്‍ യുവാവിന്റെ ഗ്രാമത്തിലേക്ക് ഇരച്ചുകയറിയത്. ഇപ്പോള്‍ കാലില്‍ വെടിയുണ്ട തീര്‍ത്ത മുറിവ് അമര്‍ത്തിപ്പിടിച്ച് ഒരു താല്‍ക്കാലിക കുടിലില്‍ കഴിയുകയാണിദ്ദേഹം. കൂടെയുള്ള രണ്ടു വയസ്സുകാരന്‍ അന്‍വറിന്റെ കുഞ്ഞു വിരലുകള്‍ ഉരുകി ഒന്നായിരിക്കുന്നു. പട്ടാളം വീടിന് തീയിട്ടപ്പോള്‍ സംഭവിച്ചത്!
വംശഹത്യയുടെ കരളലിയിക്കുന്ന വാര്‍ത്തകളാണ് ബുദ്ധഭിക്ഷുക്കളുടെ നാടായ മ്യാന്‍മറില്‍ നിന്ന് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. പച്ചമാംസതീനികളായ പട്ടാളത്തെ യഥേഷ്ടം അഴിച്ചുവിട്ടാല്‍ ഏതു നാട്ടിലും നടക്കാവുന്ന ഭീകരതാണ്ഡവം. പിഞ്ചു കുഞ്ഞുങ്ങളെ ജീവനോടെ കത്തിക്കുന്നു. സ്ത്രീകളെ കൂട്ട ബലാല്‍സംഗത്തിനിരയാക്കുന്നു. പുരുഷന്മാരെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുന്നു.
ഇത് നമ്മുടെ അയല്‍ രാജ്യമായ പഴയ ബര്‍മയുടെ പുതിയ മുഖം. ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍ മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള രെക്കയിന്‍ സ്റ്റേറ്റില്‍.
36,778 കിലോമീറ്റര്‍ സ്‌ക്വയര്‍ വിസ്തീര്‍ണമുള്ള രെക്കയിനില്‍ 32 ലക്ഷമാണ് ജനസംഖ്യ. ഈ സംസ്ഥാനത്തിന്റെ പ്രത്യേകത ഇവിടെ 42.7 ശതമാനവും മുസ്‌ലിംകളാണ് എന്നതാണ്. 55.8 ശതമാനമുള്ള ബുദ്ധ മതക്കാരാണ് ഒന്നാമത്. എന്നാല്‍ റൊഹീന്യകള്‍ എന്നറിയപ്പെടുന്ന ഇവിടുത്തെ മുസ്‌ലിംകളെ പൂര്‍ണമായി തുടച്ചുനീക്കുകയാണ് സര്‍ക്കാരും ബുദ്ധ തീവ്രവാദികളും ചെയ്തുകൊണ്ടിരിക്കുന്നത്.
വംശീയവാദികളുടെ സഹായത്തോടെ മുസ്‌ലിം ഉന്മൂലനം നടത്തുന്ന മ്യാന്മറില്‍ നിന്ന് അഭയം തേടി ബംഗ്ലാദേശിലെത്തിയ റൊഹീന്യകള്‍ അവരെ വന്നു കണ്ട ലോക മാധ്യമങ്ങളോട് വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന കഥകള്‍ ഇവിടെ തീരുന്നില്ല.
അഭയാര്‍ഥികളിലൊരാളായ യാസ്മിന്‍ തന്റെ കദനകഥ വിവരിച്ചതിങ്ങനെ: 'പട്ടാളക്കാര്‍ ഞങ്ങളെ എല്ലാവരെയും വീടുകളില്‍നിന്ന് റോഡിലേക്കിറക്കി ആണുങ്ങളൊക്കെ എവിടെ എന്നു തിരക്കി. ആണുങ്ങളെല്ലാം എപ്പഴേ നാടുവിട്ടിരുന്നു. അങ്ങനെ പട്ടാളം പോയി. എങ്കിലും ഗ്രാമീണരില്‍ പേടി മാറിയിരുന്നില്ല. കുറേക്കഴിഞ്ഞ് ആ കാപാലികര്‍ വീണ്ടുമെത്തി. സ്ത്രീകളോട് വീട്ടിലുള്ള പണവും വിലപിടിച്ചതുമെല്ലാം നല്‍കാനാവശ്യപ്പെട്ടു. ശേഷം അവരെ ക്രൂരമായി ബലാല്‍സംഗം ചെയ്തു. പിന്നീട് ആ വീടുകളെല്ലാം തീവെച്ച് ചാരമാക്കി. സമീപത്തെ നമസ്‌കാര പള്ളിയും കത്തിച്ചു. ഒരു മതനേതാവിനെ കൊലപ്പെടുത്തി. പ്രായമായ നിരവധി പേരെ അറസ്റ്റ് ചെയ്തു. അവരില്‍ തന്റെ ഭര്‍തൃപിതാവും ഉണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ച് പിന്നീട് ഒരു വിവരവുമില്ല' യാസ്മിന്‍ നിറകണ്ണുകളോടെ പറയുന്നു. തുടര്‍ന്ന് 400 ഓളം സ്ത്രീകളെയും കുട്ടികളെയും കയറില്‍ കെട്ടിയിട്ടു. രക്ഷപ്പെടുന്നതു നോക്കാന്‍ സൈനികനെയും വെച്ചു.
നാലു മക്കളുള്ള യാസ്മിന്‍ നാഫ് നദിയിലൂടെ ബംഗ്ലാദേശിലേക്കു രക്ഷപ്പെട്ടത് സാഹസികമായാണ്. മൂന്നു നാള്‍ മ്യാന്‍മറിന്റെ കടലതിര്‍ത്തിയില്‍ കഴിഞ്ഞ ശേഷം മനുഷ്യക്കടത്തുകാര്‍ക്ക് ബംഗ്ലാദേശിലുള്ള ഭര്‍ത്താവ് പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തതോടെയാണ് അവിടെയെത്തിയത്. പണമില്ലാത്തവരെ ബോട്ടുകാര്‍ കൊണ്ടുപോകില്ല. ബംഗ്ലാദേശ് അതിര്‍ത്തി സൈനികരുടെ കണ്ണു വെട്ടിച്ചാണ് ഈ മനുഷ്യക്കടത്ത്. അതിന് തോന്നിയ കൂലിയും വാങ്ങുന്നു. അതേസമയം മ്യാന്‍മറുമായുള്ള അതിര്‍ത്തികളടച്ച് രാജ്യത്ത് എത്തിയ റൊഹീന്യകളെ ബലം പ്രയോഗിച്ച് കടലിലേക്ക് മടക്കി അയക്കുകയാണ് ബംഗ്ലാദേശ് ഭരണകൂടം.
മറ്റൊരു യുവതിക്കു പറയാനുണ്ടായിരുന്നത് തന്നെ പിടികൂടി വയലിലേക്ക് വലിച്ചുകൊണ്ടുപോയി മാറിമാറി മാനഭംഗപ്പെടുത്തിയ പട്ടാളക്കാരുടെ ക്രൂരതയെ കുറിച്ചായിരുന്നു.
പീഡനങ്ങള്‍ സഹിക്കാനാവാതെ 34,000 റൊഹീന്യരെങ്കിലും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 20 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്തിട്ടുണ്ടെന്ന് അഭയാര്‍ഥികാര്യ അന്താരാഷ്ട്ര സംഘടന വെളിപ്പെടുത്തുന്നു. യു.എന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷനല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകളും വിവിധ പഠന റിപോര്‍ട്ടുകളും സാറ്റലൈറ്റ് ചിത്രങ്ങളും പരിശോധിച്ച് പട്ടാളം ഗ്രാമീണരെ പീഡിപ്പിക്കുകയും വീടുകള്‍ ചുട്ടെരിക്കുകയും ചെയ്യുന്നു എന്നത് നൂറു ശതമാനം സത്യമാണെന്ന് ഉറപ്പിച്ചു പറയുന്നു. ഈ ഒക്ടോബറില്‍ മുസ്‌ലിംവിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ 30,000 റൊഹീന്യകള്‍ ഭവനരഹിതരാക്കപ്പെട്ടു.
എന്നാല്‍ ഇതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്നും മനുഷ്യാവകാശ ധ്വംസനങ്ങളൊന്നും നടന്നിട്ടില്ലെന്നുമാണ് വിദേശകാര്യ വക്താവായ ഐ. ഐ. സൂ പറയുന്നത്. മ്യാന്‍മറിലെ സ്‌റ്റേറ്റ് കൗണ്‍സിലറെന്ന പരമോന്നത പദവിയിലിരിക്കുന്ന ആങ് സാങ് സൂകി എന്ന പഴയ സമാധാന നൊബേല്‍ ജേത്രി നിസ്സാരമട്ടില്‍ പറയുന്നത് മനുഷ്യാവകാശ ധ്വംസനം ലോകത്തെല്ലായിടത്തും നടക്കുന്ന കാര്യമല്ലേ എന്നാണ്. സ്ത്രീകളെ കൂട്ടമാനഭംഗപ്പെടുത്തുന്നതിനെയും കുട്ടികളെ കൊന്നൊടുക്കുന്നതിനെയും വിഷയമാക്കാത്ത സൂകി ഈയിടെ ഒരു തമാശ കൂടി ഒപ്പിച്ചു. മാനഭംഗക്കേസില്‍ പെട്ട സൈനികര്‍ക്കെതിരെ കേസെടുത്ത ശേഷം അതേക്കുറിച്ചു പഠിച്ച് റിപോര്‍ട്ട് സമര്‍പിക്കാന്‍ ഒരു കമ്മീഷനെ വെച്ചു. അവര്‍ സമര്‍പിച്ച റിപോര്‍ട്ടില്‍ പറഞ്ഞത് മ്യാന്‍മറില്‍ ആരോപിക്കപ്പെടുന്ന പോലെ വംശഹത്യയൊന്നും നടന്നിട്ടില്ല എന്നാണ്. തെളിവില്ലത്രെ! അതോടൊപ്പം റൊഹീന്യന്‍ അഭയാര്‍ഥികള്‍ക്ക് മരുന്നും ഭക്ഷണവും വിതരണം ചെയ്യുന്നത് മലേഷ്യ നിര്‍ത്തണമെന്നും സൂകി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. കൊന്നുതീര്‍ക്കാനുള്ളവര്‍ക്ക് എന്തിന് തീറ്റ കൊടുക്കുന്നു?
മ്യാന്‍മറിലെ 13 ലക്ഷം വരുന്ന റൊഹീന്യകള്‍ ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ജനതയാണെന്നാണ് യു.എന്‍ പറയുന്നത്.
1948-ല്‍ മ്യാന്‍മര്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ റൊഹീന്യന്‍ മുസ്‌ലിംകളെ അകറ്റിനിര്‍ത്താനാണ് ബുദ്ധ മതക്കാര്‍ ശ്രമിച്ചത്. അതേസമയം ജനസംഖ്യയില്‍ മുസ്‌ലിംകളോടൊപ്പം രണ്ടാം സ്ഥാനത്തുള്ള ക്രൈസ്തവരോട് എതിര്‍പ്പ് കാണിച്ചതുമില്ല. 1982-ല്‍ ബര്‍മീസ് പട്ടാള മേധാവി നെ വിന്‍ അധികാരത്തിലെത്തിയതോടെ പുതിയ പൗരത്വ നിയമത്തിനു രൂപം നല്‍കുകയും ഇതനുസരിച്ച് റൊഹീന്യകള്‍ക്ക് രാജ്യത്ത് പൗരാവകാശം നിഷേധിക്കുകയും ചെയ്തു. ഇതാണ് മ്യാന്‍മറില്‍ തീവ്ര ബുദ്ധമത സംഘടനകള്‍ക്ക് മുസ്‌ലിംകളെ കൂട്ടക്കൊല നടത്താനും അവരിലെ സ്ത്രീകളെ മാനഭംഗപ്പെടുത്താനും ധൈര്യമേകിയത്. ഈ പൗരത്വ നിയമം റൊഹീന്യകളെ രാജ്യത്തിനകത്തെ രാജ്യമില്ലാ ജനതയാക്കി. സ്വത്ത് കൈവശംവെക്കുന്നതും ഏതെങ്കിലും സംഘടന രൂപീകരിക്കുക, ജോലി നേടുക, വിദ്യാഭ്യാസം നേടുക തുടങ്ങിയ സകല അവകാശങ്ങളും ഈ ന്യൂനപക്ഷ വിഭാഗത്തിന് നിഷേധിക്കുന്നതായിരുന്നു ആ നിയമം.
മ്യാന്‍മറില്‍ ഇപ്പോള്‍ നടക്കുന്ന കൂട്ടക്കുരുതിക്കും മാനഭംഗത്തിനും നേതൃത്വം നല്‍കുന്നത് പട്ടാളമാണെങ്കിലും ഇത് തുടങ്ങിവെച്ചത് തീവ്ര ബുദ്ധ വംശീയവാദികളാണ്. അഹിംസയുടെ അവതാരങ്ങളെന്ന് നാം വായിച്ചുപഠിച്ച അതേ തേരവാദ ബുദ്ധമതക്കാര്‍. ബുദ്ധഭിക്ഷുക്കള്‍! രെക്കയിന്‍ ബുദ്ധവിഭാഗത്തില്‍ പെട്ട ഒരു യുവതിയെ ആരോ ചിലര്‍ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതോടെയാണ് 2012-ലെ വംശഹത്യക്കു തുടക്കമായത്. അത് ചെയ്തത് റൊഹീന്യകളാണെന്ന് വ്യാപക പ്രചാരണമുണ്ടായി. അതിന്റെ മറവില്‍ ആസൂത്രിതമായ വംശഹത്യ നടപ്പാക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ സംഘപരിവാര്‍ ചെയ്യുന്നതു തന്നെ. 2012-ലെ കലാപത്തെ തുടര്‍ന്ന് ഒന്നര ലക്ഷത്തോളം റൊഹീന്യകളാണ് ഭവനരഹിതരാക്കപ്പെട്ടത്. ഒരു ലക്ഷത്തോളം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഈ പലായനം അത്ര സുഖകരമായ യാത്രയല്ല. മറുകരയെത്തുമോയെന്ന് ഒരുറപ്പുമില്ലാത്ത യാത്ര. കിട്ടിയ ജലയാനത്തില്‍ കയറി പോവുന്ന അഭയാര്‍ഥികളെ അയല്‍ രാജ്യത്തേക്കു കൊണ്ടുപോകുന്ന മനുഷ്യക്കടത്ത് സംഘങ്ങള്‍ ഇവരുടെ കൈവശമുള്ളതെല്ലാം കൈക്കലാക്കുന്നു. സ്ത്രീകളുടെ മാനമപഹരിക്കുന്നു. എതിര്‍ക്കുന്നവരെ പട്ടിണിക്കിട്ട് കൊല്ലുകയോ മര്‍ദിച്ച് കടലിലെറിയുകയോ ചെയ്യുന്നു. ചോദിക്കാനാരുമില്ലല്ലോ. അയല്‍രാജ്യങ്ങള്‍ പലതും ഈ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന സംഭവങ്ങളുമുണ്ടായി. മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ അയല്‍ നാടുകളില്‍ ആയിരക്കണക്കിനു റൊഹീന്യകള്‍ അഭയാര്‍ഥികളായി കഴിയുന്നു. ഇന്ത്യയില്‍ 36,000 പേരുണ്ടെന്നാണ് കണക്ക്.
തീവ്രവാദ വിരുദ്ധ യുദ്ധം എന്ന പേരിലാണ് മ്യാന്‍മറില്‍ വംശഹത്യ അരങ്ങേറുന്നത് എന്നത് കൗതുകകരമാണ്. തീവ്രവാദികളെ കൊല്ലണമല്ലോ! ഇപ്പോഴത്തെ സൈനിക നടപടിക്കു കാരണമായി സര്‍ക്കാര്‍ പറയുന്നത് കഴിഞ്ഞ ഒക്ടോബര്‍ 9 ന് സായുധരായ റൊഹീന്യന്‍ സംഘം മൗങ്ഡൗവിലെ അതിര്‍ത്തി പോസ്റ്റുകള്‍ ആക്രമിച്ച് 9 പോലിസുകാരെ വധിച്ചു എന്നാണ്. മുസ്‌ലിംകള്‍ക്കെതിരെ സൈന്യത്തെ ഇറക്കാന്‍ ബുദ്ധ തീവ്രവാദികള്‍ ആസൂത്രിതമായി നടത്തിയ ആക്രമണമായിരുന്നു അതെന്നും ആരോപണമുണ്ട്. 1970-മുതല്‍ തീവ്ര ദേശീയവാദികളായ ബുദ്ധമതക്കാരുടെയും ഭരണകൂടത്തിന്റെയും ഭീഷണി ഒരേസമയം നേരിടുന്ന റൊഹീന്യന്‍ മുസ്‌ലിംകള്‍ പട്ടാളത്തിന്റെ പ്രത്യക്ഷ നടപടിക്ക് വിധേയരാവുന്നത് ഇപ്പോഴാണ്. അതിനു നേതൃത്വം നല്‍കാനുള്ള നിയോഗം സൂകിക്കായെന്നത് ചരിത്രത്തിലെ വൈരുധ്യമാകാം.
ഒരു ബുദ്ധ ഭിക്ഷുവിന് ബോധപൂര്‍വം ഒരു മനുഷ്യജീവനെ ഹനിക്കാനോ ഒരാളെ കൊല്ലണമെന്ന് ആഗ്രഹിക്കാനോ മരണത്തെ പുകഴ്ത്തുവാനോ പാടില്ല, അങ്ങനെ ചെയ്താല്‍ അയാള്‍ ബുദ്ധഭിക്ഷുക്കളുടെ സമൂഹത്തില്‍നിന്ന് പുറത്തായിരിക്കുമെന്നാണ് ബുദ്ധഭിക്ഷുക്കള്‍ക്കുള്ള 'പതിമുഖം' എന്ന് വിളിക്കപ്പെടുന്ന മര്യാദാ നിയമങ്ങളില്‍ മൂന്നാമത്തേത് (വിനായക പീഠകം, പരകിക ധര്‍മ 3). രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാനിലെ അസകുസാ ബുദ്ധവിഹാരത്തിലെ ഭിക്ഷുക്കള്‍ മുഖംമൂടി ധരിച്ച്, ജപ്പാന്‍ പട്ടാളക്കാരോടൊപ്പം മാര്‍ച്ച് നടത്തുന്ന ഫോട്ടോ 'അസോസിയേറ്റഡ് പ്രസ്' 1936 മെയ് 30-ന് പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ഭിക്ഷുക്കള്‍ യുദ്ധത്തിനെത്തിയത് അവരുടെ വേഷത്തില്‍ തന്നെയായിരുന്നു.
2007 ആഗസ്റ്റ് 19-ന് ബര്‍മയില്‍ നടന്ന കുങ്കുമ വിപ്ലവത്തിന് നേതൃത്വം നല്‍കിയതു ബുദ്ധഭിക്ഷുക്കളായിരുന്നു. 'യുദ്ധത്തിന് തയ്യാറെടുക്കുന്നവരെ കാരണമൊന്നുമില്ലാതെ കാണാന്‍ പോകുവാന്‍ ഭിക്ഷുവിന് പാടില്ല' എന്നാണ് അഭിധര്‍മപീഠകത്തിലെ 48 -ാം നിര്‍ദേശം. എന്നാല്‍ തങ്ങളെ വേദനിപ്പിച്ചവര്‍ക്കെതിരെ ആയുധമെടുക്കുന്നതില്‍ നിന്നോ അവരെ നാമാവശേഷമാക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ നിന്നോ ബുദ്ധഭിക്ഷുക്കളെ പോലും തടയാന്‍ അവരുടെ അഹിംസാ നിയമങ്ങള്‍ക്ക് കഴിഞ്ഞില്ല.
2012-തീവ്ര വംശീയവാദികളായ ബുദ്ധ ഭിക്ഷുക്കളുടെ ആഹ്വാനമനുസരിച്ച് തെരുവിലിറങ്ങിയ ജനക്കൂട്ടം 280 മുസ്‌ലിംകളെയാണ് കൊലപ്പെടുത്തിയത്. 1,40,000 പേരാണ് ആ കലാപത്തില്‍ അഭയാര്‍ഥികളായത്. അവരിലെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടമായി. ചികില്‍സാ സൗകര്യമില്ലാതെ കുഞ്ഞുങ്ങളും സ്ത്രീകളും നരകിച്ചു. അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ചാണ് മ്യാന്‍മര്‍ ഭരണകൂടം ഇവരുടെ പൗരത്വം നിഷേധിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരുലക്ഷം പേരാണ് ഇങ്ങനെ പൗരത്വം നഷ്ടമായി മേല്‍വിലാസമില്ലാതായവര്‍. സര്‍ക്കാര്‍ രേഖകളില്‍ റൊഹീന്യകള്‍ എന്നതിനു പകരം ബംഗാളികളെന്നാണ് ഇവരെ വിളിക്കുന്നത്. സൂകി പോലും ഇവരെ റൊഹീന്യകള്‍ എന്നു വിളിക്കാറില്ല!
ഏതു സമയത്തും ജീവിക്കുന്ന കൂരയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടേക്കാവുന്ന ഈ മനുഷ്യര്‍ക്ക് മ്യാന്‍മറിലോ മറ്റേതെങ്കിലും രാജ്യത്തോ പൗരത്വമില്ല, സഞ്ചാര സ്വാതന്ത്ര്യമില്ല. സര്‍ക്കാര്‍ നിയന്ത്രണം കൊണ്ട് വിവാഹവും എളുപ്പമല്ല. സര്‍ക്കാരിന്റെ വിലക്കു മാനിക്കാതെ ഇസ്‌ലാമിക രീതിയില്‍ വിവാഹം കഴിച്ചാല്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. കുട്ടികളുണ്ടായാല്‍ അവര്‍ അനധികൃതരും തീവ്രവാദികളുമാവും. മക്കളെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ കഴിയില്ല. നല്ല തൊഴില്‍ ലഭിക്കില്ല. വീടും സ്ഥലവുമൊന്നും സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. തലമുറകളായി യാതൊരു മനുഷ്യാവകാശങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. അടിമത്തം പേറേണ്ടിവരുന്ന ജീവിതങ്ങള്‍. പുറത്തുനിന്ന് അതിഥികളെ സ്വീകരിക്കണമെങ്കില്‍ പട്ടാളത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. വീട്ടില്‍ രാത്രി താമസിപ്പിക്കുന്നത് വന്‍ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്. മുസ്‌ലിംകളുടെ ഇസ്‌ലാമിക ചിഹ്നങ്ങളും സംസ്‌കാരങ്ങളും തുടച്ചുനീക്കാന്‍ ഭരണകൂടം കൊണ്ടുപിടിച്ച ശ്രമം നടത്തുന്നു. ഭീഷണിയും കിരാത പീഡനമുറകളും പതിവാണ്. പള്ളികളും ഇസ്‌ലാമിക പഠനശാലകളും അനധികൃത സ്ഥാപനങ്ങളാണിവിടെ. ഇസ്‌ലാമിനെക്കുറിച്ച് ഇവര്‍ക്കുള്ളതാവട്ടെ പരിമിതമായ അറിവു മാത്രം.
മ്യാന്‍മറിലെ തീവ്ര ബുദ്ധമത സംഘടനയാണ് 969 പ്രസ്ഥാനം. ഇതിന്റെ നേതാവാണ് അശിന്‍ വിരാതു. ബുദ്ധ ഭീകരതയുടെ മുഖമായാണ് ഇയാള്‍ അറിയപ്പെടുന്നത്. മ്യാന്‍മറിലെ ബിന്‍ലാദനെന്നും പാശ്ചാത്യര്‍ വിളിക്കുന്നു. വര്‍ഷങ്ങളായി മുസ്‌ലിം കടകളെ ബഹിഷ്‌കരിക്കാന്‍ ഇയാളുടെ സംഘടന പ്രചാരണം നടത്തുന്നു. അവരുടെ ലോഗോയുള്ള സ്റ്റിക്കറുകള്‍ ബുദ്ധ മതക്കാരുടെ വ്യാപാര സ്ഥാപനങ്ങളില്‍ പതിക്കുകയാണ് ചെയ്തത്. ഇതിലൂടെ അന്യന്‍മാരെ തിരിച്ചറിയാമല്ലോ! ഇപ്പോള്‍ സമൂഹത്തില്‍ ബുദ്ധന്‍മാര്‍ക്കും ഇതര മതക്കാര്‍ക്കുമിടയില്‍ വിവേചനമുണ്ടാക്കാന്‍ നിയമമുണ്ടാക്കുന്നതിനുള്ള പ്രചാരണമാണിവര്‍ നടത്തുന്നത്. ബുദ്ധ മതക്കാരായ സ്ത്രീകളെ അന്യമതസ്ഥര്‍ വിവാഹം ചെയ്യുന്നത് നിയമപരമായി തടയുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ഹിന്ദുത്വര്‍ 'ഹിന്ദു ഉണരൂ' എന്നു പറയുന്നപോലെ 'ബുദ്ധമതക്കാരേ ഉണരൂ ഇസ്‌ലാമിനെതിരെ' എന്നതാണ് വിരാതുവിന്റെ ആഹ്വാനം. മ്യാന്‍മറില്‍നിന്ന് മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യുകയാണ് വിരാതുവിന്റെ സംഘടന ലക്ഷ്യമിടുന്നത്. വര്‍ഗീയവിദ്വേഷം പ്രചരിപ്പിച്ചതിന് 2003ല്‍ ജയിലിലടക്കപ്പെട്ട ഇയാള്‍ 2010ലാണ് പുറത്തുവന്നത്. മ്യാന്‍മര്‍ സമീപഭാവിയില്‍ തന്നെ റൊഹീന്യകള്‍ ഇസ്‌ലാമിക വല്‍ക്കരിക്കുമെന്നു പറഞ്ഞാണ് വിരാതു ആളെ കൂട്ടുന്നത്.
2012ലെ കലാപത്തിനു ചുക്കാന്‍ പിടിച്ചത് വിരാതുവായിരുന്നു. ബുദ്ധഭിക്ഷുക്കള്‍ അഴിഞ്ഞാടിയ ആ കലാപത്തില്‍ 13 കുട്ടികളാണ് കൊല്ലപ്പെട്ടത്. അതില്‍ 13 പേര്‍ അഞ്ചു വയസ്സിനു താഴെയുള്ളവരായിരുന്നു!
ബുദ്ധന്‍മാരുടെ കടകളില്‍ 969 എന്ന സ്റ്റിക്കര്‍ പതിച്ച് അവിടെ നിന്നു മാത്രം സാധനങ്ങള്‍ വാങ്ങിയാല്‍ മതിയെന്ന് വിരാതു ബുദ്ധ മതക്കാരോട് ഉത്തരവിറക്കി. ശത്രുവിന് ലാഭം ഉണ്ടാക്കിക്കൊടുക്കുന്നതിന് എതിരെ 2013-ല്‍ യൂ ട്യൂബ് വീഡിയോയിലൂടെ അണികളെ ഉണര്‍ത്തി. 'ബുദ്ധിസ്റ്റ് ഭീകരതയുടെ മുഖം' എന്ന തലവാചകത്തോടെ 'ടൈം മാഗസിന്‍' വിരാതുവിന്റെ ഫോട്ടോ കവര്‍ ചിത്രമായി കൊടുത്തിരുന്നു.
റങ്കൂണിലെ ഒരു സ്‌കൂള്‍ പള്ളിയാക്കാന്‍ പോകുന്നു എന്നു പറഞ്ഞ് വര്‍ഗീയവാദികളെ വിരാതു ഇളക്കിവിട്ട അതേ വാരമാണ് ബ്രിട്ടനിലെ പ്രശസ്തമായ ഒരു ബുദ്ധവിഹാരം മതസ്വാതന്ത്ര്യത്തിനുള്ള പുരസ്‌കാരം ഇയാള്‍ക്കു സമ്മാനിച്ചത്. സമാധാനത്തിനു വേണ്ടി പ്രയത്‌നിക്കുന്ന മഹാനായ വ്യക്തിത്വമെന്നാണ് മ്യാന്‍മര്‍ പ്രസിഡന്റ് തെയിന്‍ സീന്‍ വിരാതുവിനെ വിശേഷിപ്പിച്ചത്! ഇന്ത്യയിലും ശ്രീലങ്കയിലും മുസ്‌ലിം വിരുദ്ധ വികാരമിളക്കിവിടുന്ന വര്‍ഗീയ സംഘടനകളുമായി വിരാതുവിന്റെ 969 പ്രസ്ഥാനത്തിന് അടുത്ത ബന്ധമാണുള്ളത്. മുസ്‌ലിംകളെക്കുറിച്ചു പറയുമ്പോള്‍ ഈ കള്ളന്മാരും ബലാല്‍സംഗവീരന്മാരുമായ അധിനിവേശക്കാരെ ദൂരേക്കു വലിച്ചെറിയണമെന്നാണ് വിരാതു പറയാറുള്ളത്. തീവ്ര വലതുപക്ഷ ബുദ്ധിസ്റ്റ് സംഘടനകളുടെ കടുത്ത എതിര്‍പ്പു മൂലമാണ് രാജ്യത്തെ റൊഹീന്യകളുടെ വോട്ടവകാശം മ്യാന്‍മര്‍ പ്രസിഡന്റ് തെയിന്‍ സീന്‍ റദ്ദാക്കിയത്.
ഇത്രയും ഭീകരമായ മുസ്‌ലിം വംശഹത്യ നടക്കുമ്പോഴും ലോക മുസ്‌ലിം രാജ്യങ്ങളൊന്നും യു.എന്നില്‍ മ്യാന്‍മറിനു വേണ്ടി രംഗത്തു വരാത്തതെന്താണ്? വിശേഷിച്ച് അറബ് ലീഗ്. ഉര്‍ദുഗാന്റെ തുര്‍ക്കി മാത്രമാണ് അല്‍പമെങ്കിലും ശബ്ദമുയര്‍ത്തിയത്. ഇവര്‍ ആരെയാണ് ഭയക്കുന്നത്? എന്തിന്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാത്തിടത്തോളം മ്യാന്‍മറിലെ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്ത യു.എന്നിനെതിരെ ചെറു വിരലനക്കാന്‍ മുസ്‌ലിം ലോകത്തിന് അവകാശമില്ല.