1948 -ലാണ് ബീഗം മൗദൂദിയെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്. ആപാജാന്‍, മഹ്മൂദ ആപ എന്നൊക്കെയായിരുന്നു ഞാന്‍ അവരെ വിളിച്ചുപോരുന്നത്.
1948 -ലാണ് ബീഗം മൗദൂദിയെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്. ആപാജാന്‍, മഹ്മൂദ ആപ എന്നൊക്കെയായിരുന്നു ഞാന്‍ അവരെ വിളിച്ചുപോരുന്നത്. ഭൂതകാലത്തെക്കുറിച്ചു ആലോചിക്കുമ്പോഴൊക്കെ അവരെ പരിചയപ്പെടാന്‍ സന്ദര്‍ഭം നല്‍കിയ ദൈവം എത്ര വലിയ അനുഗ്രഹമാണ് ചെയ്തതെന്ന് ഓര്‍ക്കും.
മൗലാനാ മൗദൂദിയുടെ വീട് ആദ്യമായി സന്ദര്‍ശിക്കുന്നത് യാദൃശ്ചികമായിട്ടാണ്. ഞങ്ങള്‍ ചില സഹപാഠികള്‍ മൗലാനയുടെ 'സത്യസാക്ഷ്യം' എന്ന പുസ്തകവും അലിഗര്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ അഭിമുഖീകരിച്ചു ചെയ്ത ഒരു പ്രസംഗവും വായിച്ച ലഹരിയിലായിരുന്നു. അങ്ങനെയാണ് മൗദൂദിയുടെ വീട് സന്ദര്‍ശിക്കുക എന്ന ആലോചന വന്നത്.
എന്റെ ഒരു സഹപാഠിയുടെ വീട് ഇഛ്‌റയില്‍ നിന്ന് കുറച്ചുകൂടി മൂന്നോട്ടുപോയി പ്രീതംസിംഗ് സ്ട്രീറ്റിലായിരുന്നു. അവിടെ ചെന്ന് മടങ്ങുന്ന വഴിക്കാണ് ഞങ്ങള്‍ മൗലാനയുടെ വീട്ടില്‍ കയറുന്നത്. എന്റെ ജീവിതത്തിലെ നിര്‍ണായക ദിനങ്ങളിലൊന്നായിരുന്നു അത്. എന്റെ പാദങ്ങള്‍ മതമാര്‍ഗത്തില്‍ ചരിക്കുന്നത് അതുകൊണ്ടാണ്. കൂടെയുണ്ടായിരുന്ന സ്‌നേഹിത പര്‍ദ ധരിച്ചിരുന്നു. എന്നാല്‍ പര്‍ദയെക്കുറിച്ച് ഉപരിപ്ലവമായിരുന്നു എന്റെ ധാരണകള്‍. പര്‍ദ ഖുര്‍ആന്റെ ശാസനയായി ഞാന്‍ അംഗീകരിച്ചിരുന്നില്ല.
ഇങ്ങനെയൊക്കെയുള്ള ധാരണകളുമായാണ് ബീഗം മഹ്മൂദ മൗദൂദിയെ കാണുന്നത്. ആപാജാനുമായി എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുകയും ചെയ്തു. അത്ഭുതകരമെന്ന് പറയട്ടെ, വിമര്‍ശിച്ചു ഒരുവാക്കുപോലും പറയാതെ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയായിരുന്നു അവര്‍. ചോദ്യങ്ങള്‍ക്കൊക്കെ ശാന്തമായി തൃപ്തികരമായ മറുപടി നല്‍കിയ അവര്‍ പര്‍ദയെക്കുറിച്ച സംശയങ്ങള്‍ക്ക് മൗലാന എഴുതിയ 'പര്‍ദ' എന്ന കൃതി എടുത്ത് വായിക്കാന്‍ നിര്‍ദേശിച്ചു. വായിച്ചിട്ട് സംശയം ബാക്കിയുണ്ടെങ്കില്‍ വീണ്ടും വരാന്‍ പറയുകയും ചെയ്തു. അവരുടെ മധുരമായ പെരുമാറ്റ രീതി ഞങ്ങളെ വല്ലാതെ സ്വാധീനിച്ചുകളഞ്ഞു. പര്‍ദ വായിച്ചപ്പോഴാവട്ടെ എന്റെ ജീവിതം തന്നെ ആകെ മാറിപ്പോയി. സംശയങ്ങളൊക്കെ വഴിമാറി. ഞാനും പര്‍ദയുടെ വക്താവായി മാറി.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ആപാജാന്റെ പെരുമാറ്റമായിരുന്നു. സാധാരണ മതരംഗത്തെ വനിതാ നേതാക്കളെപ്പോലെ ഞങ്ങളുടെ വസ്ത്രധാരണ രീതിയെ അവര്‍ വിമര്‍ശിച്ചില്ല. പര്‍ദ ആചരിക്കാത്തതിന്റെ പേരില്‍ ഞങ്ങളെ ആക്ഷേപിച്ചുമില്ല. ഗുജ്‌റാനാവാലയില്‍ വെച്ച് അതിന് മുമ്പ് ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് ഒന്ന് രണ്ട് തവണ തിക്താനുഭവങ്ങളുണ്ടായതാണ്. ആപാജാന്‍ അന്ന് ഞങ്ങളോട് വാത്സല്യപൂര്‍വം പെരുമാറിയിരുന്നില്ലെങ്കില്‍ പിന്നീടൊരിക്കലും ഈ ദിശയിലേക്ക് തിരിയാനാകാതെ ജീവിതം എന്നെന്നേക്കുമായി വഴിതെറ്റിപ്പോകുമായിരുന്നു.
പ്രഥമ സന്ദര്‍ശനത്തില്‍ ആപാജാന്‍ എന്റെ ഹൃദയത്തില്‍ ഇറങ്ങിവന്നത് ഒരു മുതിര്‍ന്ന സഹോദരിയുടെ രൂപത്തിലാണ്. ഏത് സമയത്തും വിശ്വാസപൂര്‍വം സമീപിക്കാവുന്ന ഒരു അത്താണിയാണ് അവരെന്ന് എനിക്ക് തോന്നി. ദൈവത്തിന് നന്ദി. പിന്നീട് ഈ ബോധം കാലം ചെല്ലുന്തോറും ദൃഢമാവുകയായിരുന്നു.
വിദ്യാര്‍ഥി ജീവിതകാലത്ത് എന്ത് പ്രശ്‌നമുണ്ടായാലും ഞങ്ങള്‍ നേരെ ഓടിച്ചെല്ലുക ആപാജാന്റെ അടുത്താണ്. ചിന്താപരമാവട്ടെ, രാഷ്ട്രീയമാവട്ടെ എന്ത് പ്രശ്‌നവും അവരുടെ അടുത്ത് ചെന്നാല്‍ എളുപ്പം കുരുക്കഴിച്ചുതരും. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അവരെ അടുത്തുനിന്ന് നിരീക്ഷിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവര്‍ തന്റെ മാതൃകാ വ്യക്തിത്വം തെളിയിക്കുകയുണ്ടായി. കുടുംബ ജീവിതത്തില്‍ ഏറ്റവും നല്ലൊരു വീട്ടമ്മയുടെ റോളിലായിരുന്നു അവര്‍. ചെറിയ കുട്ടികളുണ്ടായിരുന്ന കാലത്തും ഗൃഹപരിപാലനവും ശിശുപരിപാലനവും ഭംഗിയില്‍ തന്നെ അവര്‍ നിര്‍വഹിച്ചുപോന്നു. സാധാരണ വീട്ടമ്മമാരെപ്പോലെ ജോലിഭാരത്തെക്കുറിച്ച് പരാതി പറയുമായിരുന്നില്ല. ഗൃഹഭരണ ഭാരത്തിന്റെ ഈര്‍ഷ്യ പാവം കുട്ടികളുടെ മേല്‍ ചൊരിയുന്ന ചില അമ്മമാരുണ്ട്. മഹ്മൂദാബീഗം അക്കൂട്ടത്തില്‍പെടില്ല. സന്തുഷ്ടമായ ഒരു കുടുംബാന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതില്‍ അവര്‍ അങ്ങേയറ്റം ശ്രദ്ധിച്ചുപോന്നു. ഏറ്റവും വിഷമം പിടിച്ച സാഹചര്യത്തിലും ലളിതമായ ജീവിതരീതിയിലൂടെ അതിനെ അവര്‍ അതിജയിച്ചു.
ഇവ്വിധം സൗഭാഗ്യപൂര്‍ണമായ ഒരു ദാമ്പത്യം അപൂര്‍വം സ്ത്രീകള്‍ക്കെ ലഭ്യമായി കണ്ടിട്ടുള്ളൂ. അതിന്റെ ക്രെഡിറ്റ് ഒരിക്കലും അവര്‍ സ്വന്തം പട്ടികയില്‍ വരവ് വെച്ചില്ല. എല്ലാം സ്വന്തം ഭര്‍ത്താവിന്റെ മഹത്വഫലം എന്ന മട്ടാണവര്‍ക്ക.് ഇപ്പോഴും അവരുടെ സമീപം ചെന്നിരുന്ന് വര്‍ത്തമാനം പറഞ്ഞ് പോരുമ്പോള്‍ ജീവിതത്തില്‍ എന്തോ പുതിയൊരു തിളക്കം കിട്ടിയത് പോലെയാണെനിക്ക്.
മൗലാനയുടെ മാതാവ് അവരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. അവരോടും വളരെ ആദരപൂര്‍വമായിരുന്നു മഹ്മൂദാ ബീഗത്തിന്റെ പെരുമാറ്റം. ദുന്‍യാവിനോട് ഒരു താല്‍പര്യവുമില്ലാത്ത പ്രകൃതമായിരുന്നു ആ ഉമ്മയുടേത്. ഒരിക്കല്‍ കട്ടിലില്‍ ഒരു ഇഷ്ടികയുടെ പുറത്ത് തലചായ്ച്ചു കിടക്കുന്നത് കണ്ട കുട്ടികള്‍ ഓടിച്ചെന്ന് തലയണ കൊണ്ടുവന്നു കൊടുത്തു. അപ്പോള്‍ അവര്‍ പറയുകയാണ,് 'ഖബറില്‍ ഏതായാലും ഇതിന്റെ മേല്‍ തലവെച്ചാണ് കിടക്കേണ്ടത്. പിന്നെ, ഇപ്പോഴേ തയ്യാറെടുത്താലെന്താ കുഴപ്പം.' മറ്റൊരിക്കല്‍ പേരക്കുട്ടികള്‍ അവരോട് പറഞ്ഞു: 'ദാദിമാ, നിങ്ങളുടെ ശരീരം വല്ലാതെ ശോഷിച്ചിട്ടുണ്ട്. ഇനി പതിവായി പാല്‍ കഴിക്കണം.' അപ്പോള്‍ ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു: 'ഇനിയിപ്പോള്‍ പാലുകുടിച്ച് ശക്തിനേടുന്നത് ഖബറില്‍ മലക്കുകളോടു മല്ലടിക്കാനോ? നിങ്ങള്‍ കുടിച്ചാല്‍ മതി. നിങ്ങള്‍ക്ക് ഈ ലോകത്ത് ഒരുപാട് പ്രവര്‍ത്തിക്കാനുണ്ട്.' ഇവരുടെ ഇത്തരം വാക്കുകള്‍ മഹ്മൂദാ ആപായുടെ ഹൃദയത്തെയും സ്വാധീനിക്കുക സ്വാഭാവികം. ദുന്‍യാവിനോട് നമുക്ക് ഇതുപോലൊരു മനോഭാവം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് അവര്‍ പറയുമായിരുന്നു.
വീട്ടിലെ പ്രശ്‌നങ്ങളില്‍ ആപാജാന്‍ മൗലാനയുടെ സമയം പാഴാക്കുമായിരുന്നില്ല. ഏത് പ്രശ്‌നമുണ്ടായാലും അവര്‍ തന്നെ ഏറ്റെടുത്ത് അത് പരിഹരിക്കുകയായിരുന്നു പതിവ്. കുട്ടികള്‍ക്ക് രോഗം വന്നാല്‍ അവര്‍ തന്നെ അവരെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും. ഭാരങ്ങള്‍ മറ്റുള്ളവരുടെ തലയിലിടുന്നത് അവര്‍ക്ക് ഇഷ്ടമായിരുന്നില്ല.
ആപാജാനുമായി എനിക്ക് ദശാബ്ദങ്ങളുടെ സുഹൃദ്ബന്ധമുണ്ട്. ഞാന്‍ കാണുമ്പോഴേ ആസ്തമ രോഗിയായിരുന്നു അവര്‍. ആ രോഗത്തിലും അവര്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചുപോന്നു. തന്നെ കീഴടക്കാന്‍ രോഗത്തെ അവര്‍ അനുവദിച്ചില്ല. വീട്ടമ്മ എന്ന നിലയിലും ഇസ്‌ലാമിക പ്രസ്ഥാനത്തിലെ സജീവാംഗം എന്ന നിലയിലും രോഗത്തിനു മുമ്പില്‍ അവര്‍ തോറ്റുകൊടുത്തില്ല. വിദ്യാര്‍ഥികളായിരിക്കെ, പലപ്പോഴും ഈ രോഗം അവരെ വലക്കുന്നത് കാണാനിടയായിട്ടുണ്ട്. ചിലപ്പോള്‍ അവര്‍ പ്രസംഗിക്കാന്‍ നില്‍ക്കുമ്പോഴായിരിക്കും രോഗത്തിന്റെ വരവ്. ശ്വാസതടസ്സം മൂലം അവര്‍ക്ക് ശബ്ദം കിട്ടുമോ എന്ന് അപ്പോള്‍ ആശങ്കിക്കും. അവര്‍ പതുക്കെ സംസാരിച്ചാല്‍ മതിയായിരുന്നു എന്ന് ആശിക്കും. എന്നാല്‍ അവരുടെ ഊഴമെത്തുമ്പോള്‍ ആവേശത്തില്‍ യാതൊരു പതര്‍ച്ചയുമില്ലാതെ സംസാരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു പോയിട്ടുണ്ട്.
മൗലാന തടവിലായിരുന്ന കാലത്ത് ഇടക്കിടെ ഞാന്‍ അവരെ ചെന്ന് കാണുമായിരുന്നു. അപ്പോഴൊന്നും അവരില്‍ യാതൊരു മ്ലാനതയും കാണാനുണ്ടായിരുന്നില്ല. അവരുടെ മനസ്സും ചിന്തയുമൊക്കെ സദാ പരിപക്വമായാണു കാണപ്പെടുക. അത് മൗലാനയുമായുള്ള സഹവാസത്തില്‍നിന്ന് കിട്ടിയതാണോ അല്ല, സ്വതസിദ്ധമായ പ്രകൃതമാണോ എന്തോ? ഒരു പക്ഷേ, രണ്ടും കൂടി അവരുടെ വ്യക്തിത്വത്തെ പാകപ്പെടുത്തി എടുത്തതാവണം.
ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്റ ശുദ്ധാത്മകതയോര്‍ത്ത് എനിക്ക് തന്നെ ചിരിവരും. ഖാദിയാനി വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് മൗലാന വധശിക്ഷക്ക് വിധിക്കപ്പെട്ട കാലം. ലോകം മുഴുവന്‍ അന്ധകാരത്തിലാണ്ടപോലെ മനസ്സ് വിതുമ്പി. അവരെ എങ്ങനെയാണ് ആശ്വസിപ്പിക്കുക എന്ന ചിന്തയോടെയാണ് കേന്ദ്രത്തിലെത്തിയത്. അവിടെ എത്തിയപ്പോള്‍ സ്ത്രീശക്തിയുടെ മഹാല്‍ഭുതമെന്നോണം അവര്‍ ഞങ്ങളെയൊക്കെ ഇങ്ങോട്ട് ആശ്വസിപ്പിക്കുകയായിരുന്നു. ഒന്നും പേടിക്കേണ്ട, അല്ലാഹുവിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അല്ലാഹുവിന്റെ ഇഷ്ടം ഇതാണെങ്കില്‍ അതിനെതിരില്‍ ബഹളം കൂട്ടാന്‍ നാമാരാണ്. അല്ലാഹുവിന്റെ ഇഷ്ടത്തിന് നാം തലകുനിച്ചുകൊടുക്കും. മൗലാനയെ രക്ഷിക്കാന്‍ അല്ലാഹു തീരുമാനിച്ചാല്‍ ആര്‍ക്കും അദ്ദേഹത്തെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. ഈ വാക്കുകള്‍ കേട്ട് ദൃഢചിത്തരും ശാന്തഹൃദയരുമായാണ് ഞങ്ങള്‍ പാര്‍ട്ടികേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചുപോന്നത്. പിന്നീട് സംഭവഗതികള്‍ പരിണമിച്ചതും അവരുടെ വാക്കുകള്‍ പോലെയാണ്. മൗലാനയെ തൂക്കിലേറ്റാന്‍ ഭരണകൂടത്തിന് ധൈര്യമുണ്ടായില്ല.
അയ്യൂബ്ഖാന്റെ ഭരണകാലത്ത് ഭാരിഗേറ്റിന് വെളിയിലെ പാര്‍ക്കില്‍ ചേര്‍ന്ന ജമാഅത്തിന്റെ അഖില പാക്കിസ്ഥാന്‍ സമ്മേളനം കലക്കാന്‍ ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ഖാന്‍ ഗുണ്ടകളെ വിട്ടപ്പോഴാണ് ആപാജാന്റെ ധൈര്യവും കരുത്തും വീണ്ടും കാണാനിടയായത്. സമ്മേളനത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ ഗവണ്‍മെന്റ് സമ്മതം നല്‍കിയിരുന്നില്ല. അതിനിടയില്‍ ഉച്ചഭാഷിണിക്ക് സമ്മതം കിട്ടിയെന്നൊരു വാര്‍ത്ത പരന്നു. അതുകേട്ട ആപാജാനും അനേകം സ്ത്രീകളും നന്ദിപൂര്‍വം സാഷ്ടാംഗം ചെയ്തു. അപ്പോഴാണറിയുന്നത് അത് വെറും കിംവദന്തിയായിരുന്നുവെന്ന്. അധികം കഴിയുന്നതിന് മുമ്പ് പുറത്തുനിന്ന് പന്തലിലേക്ക് കുപ്പികള്‍ വന്നുവീഴാന്‍ തുടങ്ങി. അതിനിടക്ക് വെടിപൊട്ടുന്ന ഒച്ചയും കേട്ടു. അപ്പോള്‍ സ്ത്രീകളുടെ പന്തലിനടുത്ത് കൂടി ചിലര്‍ ഓടുന്നുണ്ടായിരുന്നു. അപ്പോള്‍ പരിഭ്രമിച്ചുവശായ സ്ത്രീകളെ മുഴുവന്‍ ശാന്തരായിരുത്താനുള്ള കഠിന ശ്രമത്തിലായിരുന്നു ആപാജാന്‍. എവിടെ നിന്നാണെന്നറിഞ്ഞില്ല അപ്പോള്‍ ഇത്രയും ശക്തി ലഭിച്ചത്. പരിഭ്രാന്തരായിപ്പോയ സ്ത്രീകളും കുട്ടികളും അവരുടെ പ്രസംഗം കേട്ടപാടെ സ്വസ്ഥാനത്ത് അടങ്ങിയിരുന്നു. ഗുണ്ടകളുടെ വെടിയേറ്റ് ഒരു പ്രവര്‍ത്തകന്‍ അന്ന് രക്തസാക്ഷിയാവുകയുണ്ടായി.
തന്റെയോ മൗലാനയുടെയോ ജീവനെക്കുറിച്ചായിരുന്നില്ല അവരുടെ ബേജാറ്. കുഴപ്പമുണ്ടായത് രാത്രിയിലല്ലല്ലോ എന്നതില്‍ ആശ്വസിക്കുകയായിരുന്നു അവര്‍. വിദൂര സ്ഥലങ്ങളില്‍നിന്ന് അനേകം പെണ്‍കുട്ടികള്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. അവരെക്കുറിച്ചായിരുന്നു അവരുടെ ആകുലതയത്രയും. ഒരു പ്രബോധക എന്ന നിലയില്‍ അങ്ങേയറ്റം പക്വമതിയും വിശാലവീക്ഷാഗതിക്കാരിയുമാണ് ആപാജാന്‍. കാരുണ്യവതിയും അര്‍പണ മനസ്‌കയുമായ വീട്ടമ്മ. ഭര്‍ത്താവിനെ പരിചരിക്കുന്നതില്‍ അങ്ങേയറ്റം ഉത്സുക. ഒപ്പം ഏറ്റവും നല്ല ഒരു അമ്മായി അമ്മയും കൂടിയാണവര്‍. തന്റെ പൂത്രവധുക്കളെക്കുറിച്ച് അവര്‍ സദാ നല്ലത് മാത്രം പറയുന്നതേ കേട്ടിട്ടുള്ളൂ.
('അവരുടെ കുടുംബജീവിതം' സ്‌പെഷ്യല്‍ ഫീച്ചറില്‍ നിന്ന്: ആരാമം വാര്‍ഷികപതിപ്പ് 1998)