ശപിക്കപ്പെട്ടവർ

ആദം അയൂബ്
ഫെബ്രുവരി 2017
അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഒരു ആഫ്രിക്കന്‍ സിനിമയുടെ അവലോകനം.

വജ്രകേരളത്തിന്റെ  ഇരുപത്തിഒന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള പടിയിറങ്ങിയപ്പോള്‍, ചിത്രങ്ങള്‍ പ്രേക്ഷ ക മനസുകളില്‍ കോറിയിട്ടത് ചില മുറിപ്പാടുകളാണ്. പ്രത്യേകിച്ച് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ മിക്കതും ചോരയുടെ മണമുള്ള, പോരാട്ടത്തിന്റെ തീപ്പൊരികള്‍ പാറുന്ന, ഒറ്റപ്പെടലിന്റെ വേദനകള്‍ പേറുന്ന, അരക്ഷിതാവസ്ഥയുടെ അസ്വസ്ഥതകള്‍ നിഴലിക്കുന്ന, അതിജീ വനത്തിന്റെ ഇതിഹാസങ്ങള്‍ രചിക്കുന്ന, അഭ്രവിസ്മയങ്ങളായിരുന്നു. പുരസ്‌കാരങ്ങള്‍ നേടിയ ഈജിപ്ഷ്യന്‍ ചിത്രം 'ക്ലാഷ്', തുര്‍ക്കി ചിത്രം 'ക്ലെയര്‍ ഒബ്‌സ്‌ക്യുര്‍', മറ്റൊരു തുര്‍ക്കി ചിത്രം 'കോള്ഡ്  ഓഫ് കലന്ദര്‍' തോട്ടിത്തൊഴിലാളികളുടെ കഥ പറയുന്ന മലയാള ചിത്രം 'മാന്‍ഹോള്‍' രണ്ടു തലമുറകളുടെ തൊഴില്‍ സമീപനങ്ങളെ പ്രതിപാദിക്കുന്ന മെക്‌സിക്കന്‍ ചിത്രം 'വെയര്‍ ഹൗതസ്ട്' എന്നിവ പ്രേക്ഷക മനസ്സുകളെ ആഴത്തില്‍ സ്പര്‍ശിച്ച ചിത്രങ്ങളായിരുന്നു.

പുരസ്‌കാരങ്ങളുടെ പട്ടികയില്‍ ഇടം നേടിയില്ലെങ്കിലും പതിനായിരക്കണക്കിനു മലയാളി സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ ചിത്രങ്ങള്‍ വേറെയും ഉണ്ടായിരുന്നു. അതിലൊന്നാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കിം കി ഡുക്കിന്റെ 'നെറ്റ്'. ഇരു കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ ഒരു സാധാരണ മത്സ്യ തൊഴിലാളിയുടെ ജീവിതം കീഴ്‌മേല്‍ മറിയുന്നതാണ് സിനിമയുടെ ഇതിവൃത്തം.

എന്നാല്‍ ഞാനിവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നത്, അന്ധവിശ്വാസങ്ങളുടെ ബലിപീഠത്തില്‍ ഹോമിക്കാന്‍ വിധിക്കപ്പെട്ട ഒരു അനാഥ ബാലികയുടെ കഥ പറയുന്ന, The cursed ones (ശപിക്കപ്പെട്ടവര്‍) എന്ന ആഫ്രിക്കന്‍ സിനിമയാണ്. ബാഹ്യമായി ഈ സിനിമക്ക് ഇന്ത്യന്‍ കമേഴ്ഷ്യല്‍ സിനിമകളുടെ കഥാഘടനയുമായി സാമ്യമുണ്ടെങ്കിലും, ആവിഷ്‌കാരത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു സ്ത്രീപക്ഷ സിനിമയാണിത്. പടിഞ്ഞാറന്‍ ആഫ്രിക്കയുടെ വനാന്തരങ്ങളില്‍ അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും പടുകുഴിയില്‍ ആണ്ടുകിടക്കുന്ന ഗോത്ര സമൂഹങ്ങളുടെ നിസ്സഹായതയുടെ നേര്‍ക്കാഴ്ചയാണീ ചിത്രം. 

വളരെ അകലെയുള്ള നഗരത്തില്‍നിന്ന് ഗോഡ്‌വിന്‍ എന്ന പത്രപ്രവര്‍ത്തകന്‍ വനാതിര്‍ത്തിയില്‍ ജീവിക്കുന്ന ഗോത്ര വിഭാഗത്തിന്റെ ഒരു പ്രത്യേക ആചാരത്തെകുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ് ദുര്‍ഘടമായ വഴികള്‍ താണ്ടി മുഖ്യധാരയില്‍നിന്ന് ഒറ്റപ്പെട്ടു കഴിയുന്ന ഈ ഗ്രാമത്തില്‍ എത്തുന്നത്. ഒരു പ്രത്യേക ഉത്സവരാവില്‍, അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നെല്ലാം ആളുകള്‍ കാടിനോട് ചേര്‍ന്നുകിടക്കുന്ന ഈ ഗ്രാമത്തില്‍ ഒത്തുകൂടുന്നു. ഓരോ ഗ്രാമത്തില്‍നിന്നും ഒരു വിറകു തടി വീതം കൊണ്ടുവരുന്നു. രാത്രിയുടെ ഒരു പ്രത്യേക യാമത്തില്‍ ഈ വിറകെല്ലാം കൂട്ടിയിട്ടു തീയിടുന്നു. അതേസമയത്ത് എല്ലാ ഗ്രാമങ്ങളില്‍ നിന്നുമുള്ള വേട്ടക്കാര്‍ കാട്ടിലേക്ക് വേട്ടക്കായി പുറപ്പെടുന്നു. ആ അഗ്‌നികുണ്ഠം അണഞ്ഞു തീരുന്നതിനു മുമ്പ് വേട്ടക്കാര്‍ ഒരു മൃഗത്തെയെങ്കിലും വേട്ടയാടി കൊണ്ടുവരണം. അത് ആ ഗ്രാമത്തിന്റെ ഒരു വര്‍ഷത്തേക്കുള്ള ഐശ്വര്യമാണ്. തീ അണയുന്നതിനു മുമ്പ് വേട്ടക്കാര്‍ വിജയകരമായി വേട്ടയാടി തിരിച്ചെത്തിയില്ലെങ്കില്‍, അത് ഗ്രാമത്തിനു വലിയ അപശകുനമാണ്.

പത്രപ്രവര്‍ത്തകന്‍ തന്റെ ദൗത്യ ത്തിന് സഹകരണം തേടി ആദ്യം സമീപിക്കുന്നത് ഗ്രാമത്തിനെ അടക്കി വാഴുന്ന, മത മേധാവിയായ ബിഷപ്പിനെയാണ്. എന്നാല്‍ ഇക്കൊല്ലം ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന, തന്റെ സഹായിയായ യുവ അധ്യാപകനെ സമീപിക്കാനാണ് ബിഷപ്പ് പറയുന്നത്. അഭ്യസ്തവിദ്യനായ അധ്യാപകന്‍, പുതിയ തലമുറയെയെങ്കിലും അന്ധവിശ്വാസങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ആഗ്രഹിക്കു ന്നുണ്ടെങ്കിലും, ബിഷപ്പിന്റെ തീട്ടൂരങ്ങള്‍ക്ക്  മുന്നില്‍ അയാള്‍ നിസ്സഹാ യനാണ്.

ഉത്സവ രാവില്‍ വേട്ടക്കാര്‍ വെറും കൈയുമായി മടങ്ങുന്നതോടെ ഗ്രാമം മുഴുവന്‍ നിരാശയിലും ഭീതിയിലും ആണ്ടുപോകുന്നു. എന്നാല്‍ ആ ഗ്രാമത്തിലെ മുഖ്യ വേട്ടക്കാരന് കാട്ടില്‍നിന്ന് ലഭിക്കുന്നത് ഊമയായ ഒരു അനാഥ പെണ്‍കുട്ടിയെയാണ്. കുട്ടികളില്ലാത്ത വേട്ടക്കാരനും ഭാര്യയും അവളെ സ്‌നേഹപൂര്‍വം വളര്‍ത്താന്‍ തീരുമാനിക്കുന്നു. അവര്‍ അവള്‍ക്ക്  അസാബി എന്ന് പേര് നല്‍കുന്നു. പക്ഷെ ഈ പെണ്‍കുട്ടി പിശാചിന്റെ പ്രതിരൂപമാണെന്നും, അവള്‍ ഗ്രാമത്തെ നശിപ്പിക്കും എന്ന ബിഷപ്പിന്റെ പ്രസ്താവന ഗ്രാമത്തെ ഞെട്ടിക്കുന്നു. പത്രപ്രവര്‍ത്തകന്‍  അധ്യാപകന്റെ  സഹായത്തോടെ ഗ്രാമീണരെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നെങ്കിലും ദൈവത്തിന്റെ പ്രതിപുരുഷനായ ബിഷപ്പിന്റെ വാക്കുകളാണ് അവര്‍ക്ക് വേദവാക്യം. യുക്തിസഹമായി വസ്തുതകള്‍ ബിഷപ്പിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച ഗോഡ്‌വിന്‍, അദ്ദേഹത്തിന്റെ പിടിവാശിക്ക് മുന്നില്‍  നിസ്സഹായനായിത്തീരുന്നു. പിശാചു ബാധയേറ്റ പെണ്‍കുട്ടിയെ ബിഷപ്പിന്റെ നിര്‍ദേശപ്രകാരം ഒരു പൊതുസ്ഥലത്ത് ചങ്ങലക്കിടുന്നു. അവളെ ഗ്രാമത്തിന്റെ നന്മക്കായി ബലിയര്‍പിക്കാനുള്ള തിയ്യതിയും ബിഷപ്പ് പ്രഖ്യാപിക്കുന്നു. അസാബിയുടെ വളര്‍ത്തു മാതാപി താക്കള്‍ അവളുടെ ജീവനു വേണ്ടി ബിഷപ്പിനോട് കേണു യാചിക്കുന്നെങ്കിലും ഫലമുണ്ടാവുന്നില്ല. മാത്രമല്ല പള്ളിയില്‍ വെച്ച് ബിഷപ് തന്റെ തീരുമാനം പ്രഖ്യാപിക്കുന്നതോടെ ഗ്രാമത്തിലെ ജനങ്ങള്‍ മുഴുവനും ബിഷപ്പിന്റെ തീരുമാനത്തെ പിന്താങ്ങുന്നു. പള്ളി മുറ്റത്ത് ചങ്ങലക്കിട്ട മകളെ നാട്ടൂകാര്‍ ക്രൂരമായി മര്‍ദിക്കുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനേ അവളുടെ മാതാപിതാക്കള്‍ക്കും, യുവ അധ്യാപകനും, ഗോഡ്‌വിന്‍ എന്ന പത്ര പ്രവര്‍ത്തകനും കഴിയുന്നുള്ളൂ.

ഒരു രാത്രിയില്‍ അസാബിയുടെ വളര്‍ത്തുപിതാവ് ക്രൂരമായി കൊല്ല പ്പെടുന്നു. ഇത് അസാബി എന്ന പിശാചിന്റെ പ്രവൃത്തിയാണെന്നും, അവളെ ഉടനെ നശിപ്പിച്ചില്ലെങ്കില്‍ ഗ്രാമത്തില്‍ ഇനിയും ദുര്‍മരണങ്ങളും ആപത്തുകളും ഉണ്ടാവുമെന്നും ബിഷപ്പ്  ഗ്രാമവാസികള്‍ക്ക്  താക്കീത് നല്‍കുന്നു.

ഈ സമയത്താണ് ഒരു അജ്ഞാ തന്‍ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അയാളുടെ ദുരൂഹമായ സാന്നിധ്യം ഗോഡ്‌വിനെ അസ്വസ്ഥനാക്കുന്നു. അയാളോട് ആഗമനോദ്ദേശം അന്വേ ഷിച്ചപ്പോള്‍, താന്‍ ബിസിനസ്സിനു വേണ്ടിയാണ് വന്നതെന്ന് പറയുന്നു. പിന്നീട് അയാള്‍ അസാബിയുടെ അമ്മയെ സമീപിച്ച്, അസാബിയുടെ പിശാചു ബാധ മാറ്റിത്തരാമെന്നു പറയുന്നു. അതിനു അയാള്‍ ഭീമമായ പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. വളര്‍ത്തു  മകളെ രക്ഷിക്കാന്‍ വേണ്ടി ആ സ്ത്രീ തന്റെ കൈയിലുള്ളതെല്ലാം ആ ദുര്‍മാന്ത്രവാദിക്ക് നല്‍കുന്നു. എന്നാല്‍ പിശാചിനെ ഒഴിപ്പിക്കാന്‍ അയാള്‍ക്ക്  കഴിയുന്നില്ല. അയാള്‍ പണവുമായി കടന്നുകളയുന്നു. 

അവസാനം അസാബിയെ ബലിയര്‍പിക്കുന്ന സമയം എത്തി. ഗോഡ്‌വിന്‍ ഗ്രാമത്തിലെ മദ്യശാലയിലുള്ള ഏക ഫോണിലൂടെ തന്റെ എഡിറ്ററെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിക്കുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള മാര്‍ഗം ആരായുന്നു. അതോടൊപ്പം തന്നെ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട ദുര്‍മന്ത്രവാദിയുടെ വിവരങ്ങളും കൈമാറുന്നു. 

ഈ സമയം, പെണ്‍കുട്ടിയെ രക്ഷിക്കാന്‍ വഴി കാണാതെ അധ്യാപകനും ഗോഡ്‌വിനും പ്രതീക്ഷകള്‍ അസ്തമിച്ച് ഹതാശരായി ഇരിക്കുമ്പോള്‍, എഡിറ്റര്‍ തിരിച്ചുവിളിച്ചു മന്ത്രവാദി ഒരു കൊടുംകുറ്റവാളി ആണെന്ന വിവരം അറിയിക്കുന്നു. ഈ വിവരം ഉടനെ ബിഷപ്പിനെ അറിയിച്ച്, അസാബിയുടെ ജീവനു വേണ്ടി അദ്ദേഹത്തോട് കെഞ്ചി നോക്കാനായി ഗോഡ്‌വിന്‍ പുറപ്പെടുന്നു. താന്‍ തിരിച്ചു വരുന്നത് വരെ അവിടെ തന്നെ ഇരിക്കണമെന്നും അറ്റകൈക്ക്, രാത്രി അസാബിയെ രക്ഷപ്പെടുത്തി നാട് വിടാമെന്നും അവര്‍ തീരുമാനിക്കുന്നു.

ഇനിയുള്ള രംഗം ഒരു സാധാരണ ഇന്ത്യന്‍ കമേഴ്ഷ്യല്‍ സിനിമയുടെ ക്ലൈമാക്‌സ് ഓര്‍മിപ്പിക്കുന്ന രംഗമാണ്.

ഗോഡ്‌വിന്‍, തന്റെ അനുഭവങ്ങള്‍ ദിവസേന സ്വന്തം ശബ്ദത്തില്‍ തന്റെ പോക്കറ്റ് ടേപ്പ് റെക്കോര്‍ഡറില്‍ രേഖപ്പെടുത്തുക പതിവായിരുന്നു. ആ ടേപ്പ് റെക്കോര്‍ഡറര്‍ അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു. ബിഷപ്പിന്റെ പാര്‍പ്പിടത്തിനടുത്തുള്ള ഒരു കെട്ടിടത്തില്‍ വെളിച്ചം കണ്ട്, ഗോഡ്‌വിന്‍ അങ്ങോട്ട് പോകുന്നു. അവിടെ ബിഷപ്പും മന്ത്രവാദിയും തമ്മിലുള്ള രഹസ്യ സംഭാഷണം അദ്ദേഹം റെക്കോര്‍ഡ് ചെയ്യുന്നു. മന്ത്രവാദി, അസാബിയുടെ അമ്മയെ കബളിപ്പിച്ചു നേടിയ തുകയുടെ വിഹിതം ബിഷപ്പിന് നല്‍കുന്നു. വേട്ടക്കാരന്‍ തന്റെ കല്‍പനകളെ ധിക്കരിക്കാതിരിക്കാനാണ് അവനെ വക വരുത്തിയതെന്നും, അതുംകൂടി അസാബി എന്ന പിശാചിന്റെ തലയില്‍ വെച്ച് കെട്ടാനും, അത് വഴി നാട്ടുകാരെ ഭയപ്പെടുത്താനും കഴിഞ്ഞു എന്ന് ബിഷപ് പറയുന്നത് ഞെട്ടലോടെയാണ് ഗോഡ്‌വിന്‍ കേള്‍ക്കുന്നത്. അയാള്‍  അവരുടെ മുന്നിലേക്ക് കടന്നുചെല്ലുകയും മന്ത്രവാദി തര്‍ക്കത്തിനൊടുവില്‍ അയാളെ കൊലപ്പെടുത്തുകയും ചെയ്യുന്നു. ഗോഡ്‌വിന്റെ കൊലയും പിശാചിന്റെ  ചെയ്തിയായി ചിത്രീകരിച്ച്, നാട്ടുകാരുടെ വിശ്വാസം ആര്‍ജിക്കാനും തീരുമാനിച്ച് അവര്‍ പിരിയുന്നു.

ഗോഡ്‌വിനെ കാണാതെ അന്വേഷിച്ചിറങ്ങിയ അധ്യാപകന് ഗോഡ്‌വിന്‍ മരിച്ചു കിടന്ന സ്ഥലത്തുനിന്നും അദ്ദേഹത്തിന്റെ ടേപ്പ് റെക്കോര്‍ഡര്‍ ലഭിക്കുന്നു. അടുത്ത രംഗത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഏകാന്തമായ ഒരു സ്ഥലത്ത്, അസാബിയുടെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ വഴികളും അടഞ്ഞു എന്ന നിരാശയോടെ ഇരിക്കുന്ന അധ്യാപകന്‍, അലസമായി ടേപ്പ് റെക്കോര്‍ഡര്‍ ഓണ്‍ ചെയ്യുന്നു. ഗോഡ്‌വിന്റെ ശബ്ദത്തില്‍, താന്‍ ആ നാട്ടില്‍ വന്നത് മുതലുള്ള ദൈനംദിന അനുഭവങ്ങള്‍ അനാവൃതമാകുന്നു. ഒരു പത്ര പ്രവര്‍ത്തകന്റെ പ്രതിദിന റിപ്പോര്‍ട്ടാണ് നമ്മള്‍ സിനിമയായി കാണുന്നത്. അവസാന ഭാഗത്ത്, വീണ്ടും ആദ്യ രംഗത്തിലേക്കു കട്ട് ബാക്ക് ചെയ്യുമ്പോള്‍, ബിഷപ്പും മന്ത്രവാദിയും തമ്മിലുള്ള സംഭാഷണവും, അവിടെ എത്തുന്ന ഗോഡ്‌വിന്റെ ഇടപെടലുകളും അയാളുടെ കൊലപാതകവും വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് കേട്ട് അധ്യാപകന്‍ ഞെട്ടുന്നു.. 

പള്ളിമുറ്റത്ത് കൂടിയ ജനാവലിക്ക് മുന്നില്‍, ഗോഡ്‌വിന്റെ കൊലപാതകം കാരണമാക്കി, അസാബിയെ ഉടനെ കൊന്നു കളയേണ്ടതിന്റെ ആവശ്യം ബിഷപ് ഊന്നിപറയുന്നു. ജനങ്ങള്‍ അംഗീകരിക്കുന്നു. ഈ സമയത്താണ് അധ്യാപകന്‍ ടേപ്പ് റെക്കോര്‍ഡറുമായി അവിടെയെത്തുന്നത്. അയാള്‍ ആ ശബ്ദരേഖ ജനങ്ങളെ കേള്‍പ്പിക്കുകയും അസാബിയെ രക്ഷിക്കുകയും ചെയ്യുന്നു. ബിഷപ് അറസ്റ്റ് ചെയ്യപ്പെടുന്നു. രണ്ട് ജീവനുകള്‍ ബലി കൊടുത്തെങ്കിലും, അസാബിയുടെ ജീവന്‍ രക്ഷിച്ചുകൊണ്ട് കഥ ശുഭപര്യവസായി ആകുന്നു.

ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ കഥ ഒരു സാധാരണ സിനിമയുടെ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടവും, അവസാനം നന്മയുടെ വിജയവും ആണെ ങ്കിലും, നാന ഒബീരിയുടെ കെട്ടുറപ്പുള്ള തിരക്കഥയും സംവിധാന ശൈലിയും ചിത്രത്തെ ശരാശരിയില്‍നിന്നും ഉയര്‍ത്തുന്നു. നിര്‍മാതാവ് കൂടിയായ ക്യാമറാമാന്‍ നികോളാസ് ലോറിയുടെ ഛായാഗ്രഹണം  കാടിന്റെ ഭീകരതയും ഗ്രാമത്തിന്റെ ഭംഗിയും ഒരേപോലെ ആസ്വാദ്യകരമാക്കുന്നു. അഭിനേതാക്കളുടെ പ്രകടനവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. മേളയില്‍ മത്സര വിഭാഗത്തിലാണ് ഈ ചിത്രം പങ്കെടുത്തതെങ്കിലും, മത്സരിച്ച മറ്റു ചിത്രങ്ങളുടെ പ്രമേയപരമായ വൈവിധ്യവും, ആഖ്യാന ശൈലിയിലെ നൂതനത്വവും ഈ ചിത്രത്തെ പിന്തള്ളി. എങ്കിലും ഈ ആധുനിക യുഗത്തിലും, വനാന്തരങ്ങളില്‍ വസിക്കുന്ന ആഫ്രിക്കന്‍ ഗോത്രങ്ങളുടെ നിഗൂഢവും ഭീകരവുമായ ആചാരങ്ങളെയും, അവരെ ചൂഷണം ചെയ്യുന്ന ബാഹ്യ ശക്തികളെയും ഈ ചിത്രം തുറന്നുകാട്ടുന്നു. ലോകത്തെ പല അജ്ഞാത മൂലകളിലും ഇന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരു ജനസമൂഹത്തിന്റെ ദൈന്യത ലോക ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമം എന്ന നിലയില്‍ ഈ ചിത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media