കേരള സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹോമിയോപ്പതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണ് സീതാലയം.
കേരള സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹോമിയോപ്പതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണ് സീതാലയം. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യം, സാമൂഹികസമത്വം, എന്നിവ ഉറപ്പുവരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കേരളാ ഹോമിയോപ്പതിക്ക് ഡിപ്പാര്‍ട്ട്‌മെന്റും ഹെല്‍ത്ത് & ഫാമിലി വെല്‍ഫെയറും സംസ്ഥാന ഗവണ്‍മെന്റിന്റെ സഹായത്തോടെ സ്ത്രീസാന്ത്വനം ഹോമിയോപതിയിലൂടെ എന്ന പദ്ധതി നടപ്പിലാക്കുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ ധനസഹായത്തോടുകൂടി കോഴിക്കോട്, കോട്ടയം, തിരുവനനന്തപുരം എന്നീ മൂന്ന് ജില്ലകളിലായാണ് പൈലറ്റ് പ്രൊജക്ട് എന്ന രീതിയില്‍ പദ്ധതിയുടെ തുടക്കം. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി കേന്ദ്ര-സംഥാന ഗവണ്‍മെന്റുകളുടെ സഹായത്തോടെ ആരംഭിച്ച ഈ സംരംഭം (2010-2011) ഇന്ന്, സ്ത്രീകളുടെ മാനസികവും ശാരീരികവുമായ വേദനകള്‍ക്കാശ്വാസമേകി കേരളത്തിലെ 14 ജില്ലകളിലായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പദ്ധതി വന്ധ്യത ചികിത്സയിലെ വലിയൊരു വഴിത്തിരിവായിത്തീര്‍ന്നതാണ് മറ്റ് ജില്ലകളിലെയും ഹോമിയോ ആശുപത്രികളെ കേന്ദ്രീകരിച്ച് ഇത്തരം ഒരു പ്രൊജക്ടിന് തുടക്കം കുറിക്കാന്‍ കാരണമായത്. സംസ്ഥാന ഹോമിയോപ്പതി വിഭാഗമാണ് സീതാലയം എന്ന ആശയത്തിനു തുടക്കമിട്ടത്.
ലക്ഷ്യം
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവും സാമൂഹിക സമത്വവും ഉറപ്പുവരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക.
ഉദ്ദേശം: ലക്ഷ്യഗ്രൂപ്പിന്റെ മാനസികവും, ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുക.
നിയമപരിജ്ഞാനവും, അവബോധവും ആവശ്യമുള്ള ഘട്ടങ്ങളില്‍ സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ ഉതകുംവിധം രോഗികളെ സഹായിക്കുക.
ഗാര്‍ഹികവും മാനസികവുമായ പീഢനങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും തുറന്ന് പറയുവാനും പരിഹരിക്കാനുമുള്ള സാഹചര്യം ഒരുക്കുക.
നിരാലംബരും അവഗണിക്കപ്പെട്ടവരുമായവരുടെ പുനരധിവാസത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുക.
അതിനോടൊപ്പം സീതാലയത്തിലെത്തുന്ന ഓരോ രോഗിയുടെയും ആരോഗ്യസ്ഥിതി മനസ്സിലാക്കുവാനും അനുയോജ്യവും മെച്ചപ്പെട്ടതുമായ ചികിത്സ ഉറപ്പാക്കുവാനും, പുരോഗതി വിലയിരുത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും പദ്ധതി ലക്ഷ്യമിടുന്നു.
വന്ധ്യതാ ചികിത്സ
സീതാലയത്തിന്റെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് വന്ധ്യതാ ചികിത്സ. വന്ധ്യതാ നിവാരണ ചികിത്സ പാര്‍ശ്വഫലങ്ങളില്ലാത്തതും വളരെ ചിലവു കുറഞ്ഞ രീതിയിലും ഈ സെന്റര്‍ വഴി ലഭ്യമാക്കുന്നു.
സീതാലയത്തില്‍ വന്ധ്യതാ പ്രശ്‌നങ്ങളുമായി എത്തിക്കൊണ്ടിരുന്ന ദമ്പതികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് പിന്നീട് വന്ധ്യതാ ചികിത്സക്കുവേണ്ടി പ്രത്യേകമായൊരു സംവിധാനം തുടങ്ങുന്നതിന് വഴിയൊരുക്കിയത്. രോഗികളുടെ എണ്ണത്തില്‍ അടിക്കടിയുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് വന്ധ്യതക്ക് ഒരു പ്രത്യേക ക്ലിനിക്ക് എന്ന ആവശ്യം ഗവണ്‍മെന്റിനു മുമ്പില്‍ അവതരിപ്പിക്കുകയും തദടിസ്ഥാനത്തില്‍ പുരുഷ ഡോക്ടമാരെയുംകൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വന്ധ്യതാ ചികിത്സാ കേന്ദ്രം തുടങ്ങുകയുമാണുണ്ടായത്.
എന്താണ് വന്ധ്യത?
ഗര്‍ഭധാരണത്തിനായി പരിരക്ഷയില്ലാതെ ഒന്നിലധികം തവണ നടത്തുന്ന സുസ്ഥിരമായ ശ്രമങ്ങള്‍ പരാജയപ്പെടുകയും 12 മാസങ്ങള്‍ക്കു ശേഷവും ഗര്‍ഭധാരണം നടക്കാതെ വരികയും ചെയ്യുന്ന അവസ്ഥയെയാണ് ശാസ്ത്രീയമായി വന്ധ്യത എന്ന് നിര്‍വചിച്ചിരിക്കുന്നത്. വന്ധ്യതക്ക് ജീവശാസ്ത്രപരവും അല്ലാത്തതുമായ കാരണങ്ങള്‍ ഉണ്ടാകാം. അതില്‍ ചിലതൊക്കെ മെഡിക്കല്‍ ഇടപെടല്‍ കൊണ്ട് ഭേദമാക്കാന്‍ സാധിക്കുന്നതാണ്. വന്ധ്യതാ കാരണങ്ങളില്‍ 20-30% വരെ പുരുഷവന്ധ്യതയാണ് കാരണം. 20%-35% സ്ത്രീവന്ധ്യതയും 25%-40% വരെ ഇരുവിഭാഗങ്ങൡലുമുള്ള സംയോജിത പ്രശ്‌നങ്ങളുമാണ് കാരണമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 10%-20% ആളുകളില്‍ കാരണം അവ്യക്തമാണ്.
സ്ത്രീ വന്ധ്യതക്കുള്ള പൊതുവായ കാരണങ്ങള്‍ അണ്ഡാശയസിസ്റ്റുകള്‍ (polycystic ovarian disease) ട്യൂബല്‍ ബ്ലോക്കുകള്‍, ക്ഷയബാധ, തുടങ്ങിയ കാരണങ്ങള്‍ കൊണ്ടുണ്ടായേക്കാവുന്ന PIDS (pelvic inflammatory diseasse), പ്രായവുമായ ബന്ധപ്പെട്ട കാരണങ്ങള്‍, ഗര്‍ഭപാത്രത്തിലുള്ള പ്രശ്‌നങ്ങള്‍, എന്റോമെട്രിയോസിസ്, ഓവുലേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയാണ്. പുരുഷവന്ധ്യതക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് കുറഞ്ഞ ബീജ ഗുണമേന്മയാണ്. ബീജങ്ങളുടെ എണ്ണത്തിലുള്ള കുറവ് ബീജങ്ങളുടെ അഭാവം, ബീജങ്ങളുടെ ചലനശേഷിക്കുറവ്, ലൈംഗിക ഉദ്ധാരണശേഷിക്കുറവ് എന്നിവക്കും പുരുഷവന്ധ്യതക്ക് കാരണമാകുന്നു.
ചില സംയോജിത വന്ധ്യതാ കേസുകളില്‍ ഓരോ പങ്കാളിയും സ്വതന്ത്രമായി ഫെര്‍ട്ടെയില്‍ ആവാമെങ്കിലും ദമ്പതികള്‍ക്ക് പുറമെ നിന്നുള്ള മെഡിക്കല്‍ സഹായമില്ലാതെ ഗര്‍ഭധാരണത്തിന് കഴിയാതെ വരുന്നു. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ ലൈംഗിക രോഗങ്ങള്‍, മറ്റ് ജനിതക കാരണങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ (ഉദാ: ഒബീസിറ്റി ഡയബെറ്റിസ്, തൈറോയിഡ് ഡിസോര്‍സേഴ്‌സ്, പുകവലി, മദ്യപാനം, മാനസികസമ്മര്‍ദം തുടങ്ങിയവും ഫെര്‍ട്ടിലിറ്റിയെ നെഗറ്റീവായി ബാധിക്കുന്നു.
സീതാലയത്തിലെ ചികിത്സാ രീതിയുടെ പ്രത്യേകതകള്‍
മനസ്സും ശരീരവും
ഓരോ വ്യക്തിയുടെയും ശാരീരികമായ ആരോഗ്യം അയാളുടെ മാനസിക ആരോഗ്യവുമായി ഇഴ ചേര്‍ന്നിരിക്കുന്നു. മാനസികമായ പിരിമുറുക്കങ്ങളില്‍ നിന്നും വ്യക്തികള്‍ മുക്തരല്ലായെങ്കില്‍ പൂര്‍ണാര്‍ഥത്തിലുള്ള ശാരീരികാരോഗ്യം കൈവരിക്കുക തീര്‍ത്തും അസാധ്യമാണെന്ന് ഹോമിയോപ്പതി സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കലും രോഗലക്ഷണങ്ങളെയോ രോഗത്തെയോ അല്ല മറിച്ച്, രോഗി എന്ന മനസ്സും ശരീരവും ചിന്തയും ഉള്‍ക്കൊള്ളുന്ന വ്യക്തിക്കാണ് ഹോമിയോപ്പതിയില്‍ മുന്‍ഗണന കല്‍പിക്കപ്പെടുന്നത്.
സീതാലയത്തിലെത്തുന്ന ഒട്ടുമിക്ക രോഗികളും പല ചികിത്സാ രീതികളും പരീക്ഷിച്ച് പരാജയപ്പെട്ട് എത്തിച്ചേരുന്നവരാണ്. മറ്റ് ചികിത്സകള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചു നിരാശരായാണ് പലരും ഹോമിയോപ്പതിയില്‍ അഭയം തേടുന്നത്. വന്ധ്യത ഇന്ന് ആരോഗ്യരംഗത്തെ വലിയൊരു വാണിജ്യ ചൂഷണ മേഖലയായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ വളരെ കുറഞ്ഞ ശതമാനം. ആളുകള്‍ക്ക് മാത്രമാണ് ഫലപ്രദമായ മാറ്റം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് ഹോമിയോപ്പതിയില്‍ വന്ധ്യതാ ചികിത്സക്കുള്ള സാധ്യതകള്‍ക്ക് പ്രസക്തിയേറുന്നത്. വളരെയധികം ചിലവുകുറഞ്ഞതും എന്നാല്‍ 90% ത്തോളം ഫലങ്ങളും പോസിറ്റീവാണ് എന്നതുമാണ് ഹോമിയോപ്പതിയിലെ ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്‌മെന്റ് രംഗത്തെ ഏറ്റവും വലിയ പ്രത്യേകത.
സ്‌ക്രീനിംഗ് പ്രക്രിയ
മാനസിക സമ്മര്‍ദവും വിഷാദരോഗവും വന്ധ്യതക്ക് കാരണമാവുന്നു. വന്ധ്യതാ ചികിത്സക്കെത്തുന്ന ഒട്ടുമിക്ക രോഗികളും ഇന്ന് വളരെയേറെ നിരാശരും, മാനസികസമ്മര്‍ദത്തിനും ഉത്കണ്ഠ്ക്കും നൈരാശ്യത്തിനും അടിമപ്പെട്ടവരുമാണ്. ഈയൊരു അവസഥയില്‍ എത്തുന്ന രോഗികളെ ആദ്യമായി വിശദമായ കൗണ്‍സിലിംഗിനു വിധേയമാക്കുന്നു. ആദ്യത്തെ ഈ സ്‌ക്രീനിംഗ് പ്രക്രിയയിലൂടെ ദമ്പതികള്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉളളവരാണെന്നതിനെപ്പറ്റി വ്യക്തമായി മനസ്സിലാക്കുന്നു. പിന്നീട് ദമ്പതികളെ ഒരുമിച്ചിരുത്തി സംസാരിച്ച് ആവശ്യമായ കൗണ്‍സലിംഗ് കൊടുക്കുന്നു. ദമ്പതികളില്‍ തന്നെ രണ്ടുപേര്‍ക്കും വിദഗ്ധ ചികിത്സക്കാവശ്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ രണ്ടുപേരെയും വെവ്വേറെ ഇരുത്തി സംസാരിക്കുകയും ഏത് തരത്തിലുള്ള പ്രശ്‌നമാണ് ഉള്ളത് എന്ന് തിരിച്ചറിഞ്ഞ ശേഷം ചികിത്സ നിശ്ചയിക്കുകയും ചെയ്യുന്നു.
രോഗനിര്‍ണയവും ചികിത്സയും
മറ്റ് ആധുനിക ചികിത്സാ രീതികൡനിന്നും ഒട്ടും വ്യത്യസ്തമല്ലാതെ തന്നെ ആവശ്യമായ ഇന്‍വെസ്റ്റിഗേഷന്‍സ് നടത്തി രോഗനിര്‍ണയം നടത്തുന്നു. പിന്നീട് ഹോമിയോപ്പതിയിലെ മറ്റേതൊരു രോഗത്തിനുമെന്നപോലെ വളരെ വിശദമായ കേസ്പഠനം നടത്തിയാണ് മരുന്ന് തീരുമാനിക്കുന്നത്.
മരുന്നിന് പുറമെ വന്ധ്യതാ ചികിത്സയുടെ ഭാഗമായി ദമ്പതികള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും ആഹാരത്തില്‍ വരുത്തേണ്ട മാറ്റങ്ങളും വ്യായാമ രീതികളും വിശദമായിതന്നെ മനസ്സിലാക്കിക്കൊടുക്കുന്നു.
ഓരോ വ്യക്തികളും തങ്ങളുടെ ശാരീരിക ഘടനകളില്‍ വ്യത്യസ്തത പുലര്‍ത്തുന്നതുപോലെ മാനസിക ചിന്തകൡലും താല്‍പര്യങ്ങൡും അഭിരുചികളിലും സ്വഭാവത്തിലും കഴിവുകൡും കാഴ്ചപ്പാടുകളിലും ആരോഗ്യത്തിലും വ്യത്യസ്തത പുലര്‍ത്തുന്നവരാണ്. ഈ വ്യത്യസ്തത മനസ്സിലാക്കിയാണ് ഹോമിയോ ചികിത്സ തുടങ്ങുന്നത്. കാരണം ഈയൊരു വ്യത്യാസമനുസരിച്ചായിരിക്കും രോഗികള്‍ മരുന്നിനോട് പ്രതികരിക്കുന്നത്. ഇങ്ങനെ ഓരോ വ്യക്തിത്വത്തിനും ഉതകുന്ന മരുന്നുകള്‍ കണ്ടെത്തുകയും ആവശ്യമായ പൊട്ടന്‍സിയില്‍ രോഗിക്ക് നിര്‍ദേശിക്കുകയും ചെയ്യുക എന്ന വളരെ ശ്രമകരമായ ദൗത്യമാണ് ഓരോ ഹോമിയോപ്പതി സെന്ററുകളിലെയും ഡോക്ടര്‍മാര്‍ നിര്‍വഹിക്കുന്നത്. വിശദമായ കേസ് ടേക്കിങ്ങ് പ്രക്രിയ ആണ് ഇതിന് സഹായകമായി വര്‍ത്തിക്കുന്നത്.
മറ്റ് ചികിത്സാരീതികളെ ആശ്രയിക്കുന്നതിനു മുമ്പുതന്നെ ഹോമിയോപ്പതിയെ തേടിയെത്തുന്നവര്‍ക്കാണ് പെട്ടെന്നുള്ള റിസള്‍ട്ട് കിട്ടിക്കൊണ്ടിരിക്കുന്നത് എന്ന് ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഹോമിയോപ്പതിയില്‍ ഇത്തരമൊരു ചികിത്സാരീതി ഉള്ളതായിട്ട് ഇപ്പോഴും പൊതുസമൂഹത്തിന് അറിവില്ല എന്നതാണ് തുടക്കത്തില്‍ തന്നെ ചികിത്സതേടി ഹോമിയോപതിയെ സമീപിക്കാതിരിക്കുന്നതിന് മുഖ്യകാരണം.
പ്രതീക്ഷയറ്റവര്‍ക്ക് വലിയൊരു പ്രതീക്ഷയാണ് സീതാലയം. ഒരു കൂഞ്ഞിനായി ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിരാശരായ എത്രയോ ദമ്പതികള്‍ക്ക് സീതാലയം വലിയപ്രതീക്ഷയുടെ പൂമൊട്ടുകള്‍ നല്‍കി. അതില്‍ മിക്കതും പൂവണിയുകയും ചെയ്തു.
മറ്റു സേവനങ്ങള്‍
- മാനസിക സഘര്‍ഷം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സൗജന്യ വൈദ്യസഹായവും കൗണ്‍സിലിങ്ങും ലഭ്യമാക്കുക.
- നിയമ അവബോധവും സൗജന്യ നിയമ സഹായവും നല്‍കുക.
- വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക.
- ബോധവല്‍ക്കരണ ക്ലാസ്സുകള്‍, സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുക.
- പുനരധിവാസ സഹായം ലഭ്യമാക്കുന്നു
- ലഹരിവിമോചന ചികിത്സ
- വന്ധ്യതാ നിവാരണ ക്ലിനിക്ക്
- സാമൂഹിക കുടുംബക്ഷേമ വകുപ്പ് ആഭ്യന്ത നിയമവകുപ്പുകള്‍, വനിതാ കമ്മീഷന്‍, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, പബ്ലിക് ഹെല്‍ത്ത് ലാബ്, മറ്റ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍
കൗണ്‍സലിങ്ങ്: ദാമ്പത്യ പ്രശ്‌നങ്ങള്‍, തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍ പഠനവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായി വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധമായ ഡോക്ടര്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും സേവനങ്ങള്‍ ലഭ്യമാക്കുന്നു. കൗമാരക്കാരുടെ പ്രശ്‌നങ്ങളായ അമിതോത്കണ്ഠ, പരീക്ഷാഭയം, പരാജയഭീതി, ആത്മവിശ്വാസക്കുറവ്, ആത്മഹത്യാ പ്രവണത, വിഷാദരോഗങ്ങള്‍, അമിതദേഷ്യം, പെരുമാറ്റ വൈകല്യങ്ങള്‍ തുടങ്ങിയവക്ക് ഫലപ്രദമായ ചികിത്സുയും കൗണ്‍സിലിങ്ങും ലഭ്യമാക്കുന്നു.
സൗജന്യ ലഹരിവിമോചന ചികിത്സാ ക്യാമ്പ്
സമൂഹത്തില്‍ അര്‍ബുദ സമാനമായി പടര്‍ന്നു കൊണ്ടിരിക്കുന്ന മദ്യപാനം, പുകവലി, മയക്കുമരുന്നുകളുടെ അമിതോപയോഗം എന്നിവയെ ഉന്മൂലനംചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ഹോമിയോപതിയുടെ തനതായ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഔഷധചികിത്സ, കൗണ്‍സിലിങ്ങ്, ഭക്ഷണനിയന്ത്രണം എന്നിവയെ ശാസ്ത്രീയമായി സമന്വയിപ്പിച്ചുകൊണ്ട് വളരെ ലളിതവും പാര്‍ശ്വഫലങ്ങൡല്ലാത്തതുമായ രീതിയാണ് നടപ്പിലാക്കുന്നത്.
കുടുംബത്തിനും സമൂഹത്തിനും ആശ്വാസപരമായ രീതിയില്‍ സാധാരണ ജീവിതത്തിലേക്ക് രോഗിയെ മടക്കികൊണ്ടുവരാന്‍ സഹായകമാകുന്നു എന്നത് ഈ സംരംഭത്തിന്റെ പ്രത്യേകതയാണ്. രോഗികള്‍ക്ക് ആവശ്യമെങ്കില്‍ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും നല്‍കിവരുന്നു. കൂടാതെ മദ്യപാനവും സാമ്പത്തികവും മാനസികവുമായ സംഘര്‍ഷം അനുഭവിക്കുന്ന വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് കൗണ്‍സലിങ്ങും (വ്യക്തിപരവും കുടുംബപരവുമായി) സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണ ക്ലാസുകളും നടത്തിവരുന്നു.