പാലില്‍ കയ്പും ദുര്‍ഗന്ധവും പല കാരണങ്ങളാല്‍ ഉണ്ടാവുന്നു. പാലിലെ കൊഴുപ്പ്, മാംസ്യം എന്നീ ഘടകങ്ങള്‍ക്കുണ്ടാകുന്ന രാസപരിവര്‍ത്തനം കൊണ്ടാണ് പലപ്പോഴും ഇങ്ങനെയുണ്ടാകുന്നത്.
പാലില്‍ കയ്പും ദുര്‍ഗന്ധവും പല കാരണങ്ങളാല്‍ ഉണ്ടാവുന്നു. പാലിലെ കൊഴുപ്പ്, മാംസ്യം എന്നീ ഘടകങ്ങള്‍ക്കുണ്ടാകുന്ന രാസപരിവര്‍ത്തനം കൊണ്ടാണ് പലപ്പോഴും ഇങ്ങനെയുണ്ടാകുന്നത്. ചില പ്രത്യേക തരം സൂക്ഷ്മാണുക്കള്‍ പശുവിന്റെ അകിടിനുള്ളില്‍ സ്ഥിരമായി കടന്നുകൂടുന്നു. അവ നേരിട്ടോ അവ പുറപ്പെടുവിക്കുന്ന എന്‍സൈമുകളുടെ സഹായത്താലോ പാലിലെ മാംസ്യത്തെയും കൊഴുപ്പിനെയും രാസപരിവര്ത്തനത്തിന് വിധേയമാക്കുന്നു. തല്‍ഫലമായി പാലില്‍ കയ്പുരസവും ദുര്‍ഗന്ധവും ഉണ്ടാകുന്നു.
കറവ വറ്റാറായ പശുക്കളിലും കന്നിപ്പാല്‍ വറ്റാത്ത പശുക്കളില്‍ കറവയുടെ ആദ്യകാലത്തും പാലില്‍ ഉപ്പ് രസമുണ്ടായേക്കാം.
അകിട്വീക്കമെന്ന രോഗത്തിന്റെ ആദ്യഘട്ടത്തിലും പാലിന് ഉപ്പ് രസമുണ്ടായിരിക്കും. ഈ അവസരത്തില്‍ അകിടില്‍ നീരോ അകിട് വീക്കത്തിന്റെ മറ്റു ലക്ഷണങ്ങളോ കാണണമെന്നില്ല.
കന്നുകാലികള്‍ക്ക് കൊടുക്കുന്ന പല തീറ്റകളും പാലില്‍ രുചിഭേദമുണ്ടാക്കും. സെലേജ്, വെളുത്തുള്ളി, മുരിങ്ങയില, ഉള്ളി, ശീമക്കൊന്നയില എന്നിവ ഇതില്‍ ചിലതാണ്. തീറ്റ കൊടുക്കുന്ന സമയവും കറവയുടെ സമയവുമായി ഏഴ് മണിക്കൂറിന്റെയെങ്കിലും അന്തരമുണ്ടെങ്കില്‍ വളരെ നേരിയ തോതില്‍ മാത്രമേ ഇത് ബാധിക്കുകയുള്ളൂ.
പാല് കറക്കുന്ന സമയത്തോ അത് കൈകാര്യം ചെയ്യുമ്പോഴോ സൂക്ഷ്മാണുക്കള്‍ പാലില്‍ കടന്നുകൂടാറുണ്ട്. ഇവയില്‍ ചിലത് ലാക്ടിക് ആസിഡ് പോലുള്ള അമ്ലങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അങ്ങനെ പാലില്‍ അമ്ലരസമുണ്ടാവും. ഈ അവസരത്തില്‍ പരിപൂര്‍ണ ശുചിത്വം പാലിച്ചാല്‍ ഈ അവസ്ഥ ഒഴിവാക്കാം.
വേണ്ടവിധത്തില്‍ വായു സഞ്ചാരമില്ലാത്ത തൊഴുത്തില്‍ കന്നുകാലികളെ വളര്‍ത്തുമ്പോള്‍ അതിനകത്ത് കെട്ടിനില്‍ക്കുന്ന ദുര്‍ഗന്ധം നിറഞ്ഞ വായു പശു തുടര്‍ച്ചയായി ശ്വസിക്കുവാന്‍ ഇടയാകുന്നു. അങ്ങനെ തൊഴുത്തിലുണ്ടാകുന്ന ദുര്‍ഗന്ധങ്ങള്‍ രക്തത്തിലൂടെ പാലിലും എത്തിച്ചേരുന്നു.
കീറ്റോസിഡ് ബാധിച്ച പശുവിന്റെ രക്തത്തില്‍ കീറ്റോണ്‍ വസ്തുക്കളുടെ അളവ് ഏറിയിരിക്കും. തന്മൂലം പാലിലും ശരീരത്തിലും കീറ്റോണ്‍ വസ്തുക്കളുടെ മണമുണ്ടാകും. രോഗചികിത്സ നടത്തി ഇതൊഴിവാക്കാം.
ഇരുമ്പ് പാത്രങ്ങളിലും ചെമ്പ് പാത്രങ്ങളിലും അധിക നാള് പാല് ശേഖരിച്ച് വെച്ചാല്‍ മെറ്റാലിക് ഫ്ളേവര്‍ ഉണ്ടാകുവാന്‍ കാരണമാകും.
പാല് അധികനേരം തുറന്ന് വെച്ചാല്‍ അന്തരീക്ഷത്തിലെ മണം ആഗിരണം ചെയ്യുവാന്‍ സാധ്യതയുണ്ട്. പാലില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കുന്നതും അതിന്റെ രുചിയെയും മണത്തെയും ബാധിക്കും.
പാല് കൂടുതലായി തിളപ്പിച്ചാല്‍ പാല് പ്രോട്ടീനുകള്‍ക്ക് ഉടവ് സംഭവിക്കാം. ഇതും പാലില്‍ അരുചിയുണ്ടാക്കുന്നു. അധികനാള്‍ ശേഖരിച്ചുവെക്കുമ്പോള്‍ മാത്രമേ ഇങ്ങനെ ഉണ്ടാകുന്ന അരുചി മനസ്സിലാവുകയുള്ളൂ.
മേല്പറഞ്ഞ കാരണങ്ങള്‍ ഒഴിവാക്കുന്നത് മൂലം പാലിലെ അരുചിയും ദുര്‍ഗന്ധവും ഒഴിവാക്കാം.