ഇണയും തുണയും

ശൈഖ് മുഹമ്മദ് കാരകുന്ന് No image

ഇസ്‌ലാമിക വീക്ഷണത്തില്‍ ലൈംഗികത പാപമല്ല. പുണ്യമാണ്. ലൈംഗികബന്ധം വിഹിതവും അനുവദനീയവുമാക്കുന്ന വിവാഹം മതപരമായ മഹദ്കൃത്യവും. അത് വിശുദ്ധമായ ഒരു ഉടമ്പടിയാണ്. സുദൃഢമായ കരാര്‍. അതിലൂടെ ദാമ്പത്യം രൂപംകൊള്ളുന്നു. അത് മനോഹരവും സന്തുഷ്ടവും ധന്യവും നിര്‍വൃതി നിറഞ്ഞതുമാകണമെങ്കില്‍ ബന്ധം സ്‌നേഹ-കാരുണ്യ വികാരങ്ങളിലധിഷ്ഠിതമാകണം. ആദര്‍ശവിശ്വാസങ്ങളില്‍ യോജിപ്പുള്ളവര്‍ക്കേ ഇത് സാധ്യമാവുകയുള്ളൂ. അതുകൊണ്ടു തന്നെ വിവാഹത്തിന്റെ മാനദണ്ഡം പണമോ മറ്റു ഭൗതിക സൗകര്യങ്ങളോ ആവരുത്. വിശ്വാസത്തിലെയും ജീവിതവീക്ഷണത്തിലെയും യോജിപ്പും പരസ്പര പ്രേമവും കാരുണ്യവുമായിരിക്കണം.

കമ്പോള സംസ്‌കാരത്തിന്റെ കടന്നുകയറ്റത്തില്‍ നിന്ന് കുതറിമാറാന്‍ കഴിയുന്നവരിന്ന് നന്നേ കുറവാണ്. കമ്പോളസംസ്‌കാരം എല്ലാറ്റിനെയും കച്ചവടവത്കരിച്ചിരിക്കുന്നു. മനുഷ്യബന്ധങ്ങള്‍ പോലും ഇതിനപവാദമല്ല. കൂട്ടിക്കിഴിച്ച് നഷ്ട ശിഷ്ടങ്ങള്‍ നോക്കിയാണ് ഏവരുമിന്ന് കാര്യങ്ങളൊക്കെയും തീരുമാനിക്കുന്നത്. വരവുംചെലവും ലാഭചേതങ്ങളും പരിഗണിക്കാതെ ആരും ഒന്നും ചെയ്യാന്‍ സന്നദ്ധമാവാത്ത സ്ഥിതിയാണുള്ളത്. അതിനാല്‍ അക്കങ്ങളാണ് ഇന്ന് എല്ലാവരെയും അടക്കിഭരിക്കുന്നത്. ജീവിതാന്ത്യം വരെ താങ്ങും തണലും തുണയും സഖിയും സഹധര്‍മിണിയുമായി കൂടെ കഴിയേണ്ട ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതു പോലും കച്ചവട മനസ്സോടെയാണ്. അതിനാല്‍ വിവാഹവും വ്യാപാരമായി മാറിയിരിക്കുന്നു.

എന്നാല്‍, ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന ദാമ്പത്യത്തിന്റെ അടിസ്ഥാനം സ്‌നേഹ, കാരുണ്യ, വാത്സല്യ വികാരങ്ങളാണ്. 'ഇണകളോടിണങ്ങി ജീവിച്ച് മനശ്ശാന്തി ലഭിക്കാനായി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നു. അങ്ങനെ നിങ്ങള്‍ക്കിടയില്‍ അവന്‍ പ്രേമബന്ധവും കാരുണ്യവുമുണ്ടാക്കി. ഇതെല്ലാം അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെടുന്നു. ചിന്തിക്കുന്ന സമുഹത്തിന് ഇതില്‍ പല പാഠങ്ങളുമുണ്ട്. (ഖുര്‍ആന്‍ 30:21)

സ്‌നേഹമെന്ന പദം പോലും സുന്ദരമാണ്. അത് കേള്‍വിക്കാരില്‍ കൗതുകമുണര്‍ത്തുന്നു. അത് കിട്ടാന്‍ കൊതിക്കാത്തവരില്ല. മറ്റുള്ളവര്‍ക്ക് സ്‌നേഹം സമ്മാനിക്കാന്‍ വിസമ്മതിക്കുന്നവര്‍ പോലും തങ്ങള്‍ക്കത് ലഭിച്ചുകൊണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ദാഹജലം അനിവാര്യമായ പോലെ സാമൂഹികബന്ധങ്ങള്‍ സ്ഥാപിതമാകാന്‍ സ്‌നേഹം കൂടിയേ തീരൂ.

ഹൃദയകവാടങ്ങള്‍ തുറക്കാനുള്ള താക്കോലാണ് സ്‌നേഹം. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ക്ക് അധീനപ്പെടുത്താനാവാത്തവരെ പോലും സ്‌നേഹപൂര്‍വമായ പെരുമാറ്റത്തിലൂടെ കീഴ്‌പ്പെടുത്താന്‍ കഴിയും. സ്‌നേഹത്തിന്റെ സ്വാധീനം അതിരുകളില്ലാത്തതാണ്. അതിന്റെ ശക്തി അളക്കാനാകാത്തതും.

പലതും വ്യയം ചെയ്താല്‍ ക്ഷയം സംഭവിക്കുന്നവയാണ്. എന്നാല്‍, സ്‌നേഹത്തിന്റെ സ്ഥിതി മറിച്ചാണ്. സ്‌നേഹം നല്‍കുന്നതിനനുസരിച്ച് ഒട്ടുമത് കുറയുകയില്ല. കൂടുകയേ ഉള്ളൂ. കൊടുക്കുന്നതിലേറെ തിരിച്ചുകിട്ടും. അതോടെ കൂടുതല്‍ സ്‌നേഹം നല്‍കാന്‍ നിര്‍ബന്ധിതമാകും. ഫലമോ അതിരുകളില്ലാത്ത സ്‌നേഹം ലഭിച്ചുകൊണ്ടിരിക്കും.

സ്‌നേഹിക്കുന്നതിനു വേണ്ടി സര്‍വതും സമര്‍പ്പിക്കാന്‍ ഏവരും സദാ സന്നദ്ധരായിരിക്കും. സ്‌നേഹിക്കപ്പെടുന്നതിനു വേണ്ടി അര്‍പിക്കുന്ന അധ്വാനപരിശ്രമങ്ങള്‍ ആരിലും അല്‍പം പോലും അലോസരമുണ്ടാക്കുകയില്ല. എന്നല്ല, അതിരറ്റ ആനന്ദവും അതിയായ അനുഭൂതിയും അതുണ്ടാക്കുകയും ചെയ്യും. തനിക്കേറെ പ്രിയപ്പെട്ട പിഞ്ചുപൈതലിന് രോഗ ബാധയുണ്ടായാല്‍ എത്ര രാത്രി ഊണും ഉറക്കവും ഉപേക്ഷിക്കേണ്ടി വന്നാലും മാതാവ് അതിലൊട്ടും പരാതിപ്പെടില്ല. രോഗം ശമനമാകുമ്പോള്‍ അവര്‍ അനുഭവിക്കുന്ന നിര്‍വൃതി വാക്കുകളാല്‍ വിവരിക്കാനാവാത്തതുമായിരിക്കും.

കാരുണ്യത്തിന്റെ സ്ഥിതിയും ഇതുതന്നെ. അതിന്റെ കരുത്ത് അപാരമത്രെ. മനുഷ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന ശക്തമായ കണ്ണിയാണത്. മാനവമനസ്സിന്റെ ഏറ്റവും വിശുദ്ധമായ വികാരവും അതുതന്നെ. അതില്ലാതാവുന്നതോടെ മനസ്സുകള്‍ മരുഭൂമിയായി മാറുന്നു.

മനുഷ്യമനസ്സിന്റെ ഏറ്റം വിശിഷ്ടമായ ഈ സ്‌നേഹകാരുണ്യ വികാരമായിരിക്കണം ദാമ്പത്യത്തിന്റെ അടിസ്ഥാനമെന്ന് ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. അതുകൊണ്ടുതന്നെ ഭൗതിക മാനദണ്ഡങ്ങളൊന്നും അതിന് ബാധകമല്ല. ഗണിതശാസ്ത്രത്തില്‍ ഒന്നും ഒന്നും ചേര്‍ന്നാല്‍ രണ്ടാണ്. എന്നാല്‍, ഖുര്‍ആന്‍ വിഭാവന ചെയ്യുന്ന ദാമ്പത്യലോകത്ത് അതങ്ങനെയല്ല. അവിടെ അത് മലയാളത്തിന്റെ അനുഗ്രഹീത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശൈലി കടമെടുത്തു പറഞ്ഞാല്‍ ഇമ്മിണി വല്യ ഒന്നാണ്.

രണ്ട് ജീവിതങ്ങള്‍ ചേര്‍ന്ന് ഒന്നായി മാറുന്ന മാസ്മരികവും വിസ്മകരവുമായ പ്രക്രിയയാണ് ദാമ്പത്യം. രണ്ടു മഹാ പ്രവാഹങ്ങള്‍ ചേര്‍ന്ന് ഒരു നദിയായി മാറുന്ന പോലെ രണ്ടുപേര്‍ ചേര്‍ന്ന് നയിക്കുന്ന ഒരൊറ്റ ജീവിതമായി മാറുമ്പോഴാണ് ദാമ്പത്യം ഖുര്‍ആന്‍ വിശേഷിപ്പിച്ചതുപോലെയാവുക. വേദഗ്രന്ഥം ദമ്പതികളെ വസ്ത്രത്തോടാണല്ലോ ഉപമിച്ചത്. 'സ്ത്രീകള്‍ പുരുഷന്മാര്‍ക്കുള്ള വസ്ത്രമാണ്. പുരുഷന്മാര്‍ സ്ത്രീകള്‍ക്കുള്ള വസ്ത്രവും.'(2:187)

ദമ്പതികളെ പരിചയപ്പെടുത്താന്‍ മലയാള ഭാഷയില്‍ ഉപയോഗിക്കാറുള്ള പദം ഭാര്യാഭര്‍ത്താക്കന്മാരെന്നാണ്. എന്നാല്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദാമ്പത്യത്തില്‍ ഭാര്യഭര്‍ത്താക്കന്മാരില്ല; ഇണകളേയുള്ളൂ.

'നിങ്ങളില്‍നിന്നു തന്നെ അല്ലാഹു നിങ്ങള്‍ക്ക് ചില ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ നിങ്ങള്‍ക്ക് പുത്രന്മാരെയും പൗത്രന്മാരെയും നല്‍കി.' (4:72)

'ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. അവന്‍ നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതേ ആത്മാവില്‍ നിന്ന് തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവ രണ്ടില്‍ നിന്നുമായി ധാരാളം സ്ത്രീപുരുഷന്മാരെ വ്യാപിക്കുകയും ചെയ്തവനത്രെ.'(4:1)

ആണ് അടക്കിഭരിക്കാനുള്ളവനാണ്. പെണ്ണ് അന്ധമായി അനുസരിക്കേണ്ടവളും. അവന് എന്തും ചിന്തിക്കാം; എന്തും പറയാം; എങ്ങനെയും പ്രവര്‍ത്തിക്കാം. അവള്‍ എല്ലാം അംഗീകരിക്കണം. നിര്‍വികാരമായി സഹിക്കണം, ചോദ്യം, ചെയ്യാതെ അനുസരിക്കണം. അഭിപ്രായമൊന്നും പറയരുത്. ഇത്തരം പരുഷവും പ്രാകൃതവും പുരുഷമേധാവിത്ത പരവുമായ സമീപനം ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. അഥവാ പുരുഷന്‍ ഭരിക്കുന്ന ഭര്‍ത്താവും സ്ത്രീ ഭരിക്കപ്പെടുന്ന ഭാര്യയുമല്ല. മറിച്ച് പരസ്പരം സ്‌നേഹിച്ചും സഹായിച്ചും സഹകരിച്ചും പങ്കുവെച്ചും ജീവിക്കുന്ന ഇണകളാണ്. ഇണകളെന്ന ഖുര്‍ആന്റെ പ്രയോഗം തന്നെ അത് മുന്നോട്ടുവെക്കുന്ന ജീവിതരീതിയെ യഥാവിധി പ്രതിനിധാനം ചെയ്യുന്നുണ്ട്. പരസ്പരമുള്ള അവകാശബാധ്യതകള്‍ അംഗീകരിക്കുന്നതിലുൂടെ മാത്രമേ ധന്യമായ ദാമ്പത്യം സാധ്യമാവുകയുള്ളൂ. ഖുര്‍ആന്‍ പറയുന്ന: 'സ്ത്രീകള്‍ക്ക് ചില ബാധ്യതകളുള്ളതു പോലെത്തന്നെ ന്യായമായ ചില അവകാശങ്ങളുമുണ്ട്.'(2:228)

ഇണയും തുണയും സഖിയും സഹധര്‍മ്മിണിയുമെന്ന നിലയില്‍ സ്ത്രീക്ക് ജീവിതപങ്കാൡയില്‍ നിന്ന് സ്‌നേഹപൂര്‍വവും കരുണാര്‍ദ്രവുമായ സല്‍പ്പെരുമാറ്റം ലഭിക്കേണ്ടതുണ്ടെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. 'സ്ത്രീകളോട് നിങ്ങള്‍ നല്ല നിലയില്‍ പെരുമാറുക. നിങ്ങള്‍ വെറുക്കുന്ന കാര്യത്തില്‍ അല്ലാഹു നിരവധി നന്മ നിശ്ചയിച്ചുവെച്ചിരിക്കുന്നതാണ്.' (4:19)

പ്രവാചകന്‍ (സ)പറഞ്ഞു: 'നിങ്ങളില്‍ ഏറ്റവും നല്ലവന്‍ തന്റെ കുടുംബിനിയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.'

അവിടന്ന് അരുള്‍ ചെയ്തു. 'മാന്യനല്ലാതെ അവരെ മാനിക്കുകയില്ല. നീചനല്ലാതെ അവരെ നിന്ദിക്കുകയുമില്ല. നബി(സ) മറ്റൊരിക്കല്‍ തന്റെ അനുയായികളോട് നിര്‍ദ്ദേശിച്ചു. ഒരു സത്യവിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്. അഥവാ അവളുടെ ഒരു സ്വഭാവം അനിഷ്ടകരമായി തോന്നിയാല്‍ മറ്റൊന്ന് ആനന്ദകരമായിരിക്കും. (മുസ്‌ലിം)

ഏതൊരു സ്ഥാപനത്തിനും ഒരു നാഥനും ചുമതലക്കാരനുമുണ്ടായിരിക്കും. ഉണ്ടായിരിക്കണം. കുടുംബത്തിന്റെ നാഥന്‍ പുരുഷനാണ്. അതിന്റെ കേന്ദ്രബിന്ദു സ്ത്രീയും. ഇക്കാര്യം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണ്. ഇത് ഇരുവരും അറിഞ്ഞംഗീകരിക്കണം.

വീടിന്റെ ഭരണാധികാരി സ്ത്രീയാണ്. അതിനെ രൂപപ്പെടുത്തുന്നതും ക്രമീകരിക്കുന്നതും നിയന്ത്രിക്കുന്നതും അവളാണ്. ഇക്കാര്യം നബിതിരുമേനി തന്നെ ഊന്നിപ്പറഞ്ഞതാണ്. ''സ്ത്രീതന്റെ ജീവിതപങ്കാളിയുടെ വീട്ടിലെ മേല്‍നോട്ടക്കാരിയാണ്. അതെക്കുറിച്ച് ചോദിക്കപ്പെടുന്നവളും'' ഭൂമിയിലെ ഏറ്റവും മഹത്തായ കാര്യം മാതൃത്വമാണ്. അമേരിക്കന്‍ മനശ്ശാസ്ത്ര വിദഗ്ദനായ തിയോഡാര്‍ റൈക്ക് സ്ത്രീപുരുഷന്മാര്‍ക്കിടയിലെ വൈകാരിക വൈജാത്യങ്ങള്‍ എന്ന കൃതിയില്‍ മാതൃത്വത്തില്‍ അഭിമാനിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു. 'ബുദ്ധിപരമായ കാര്യങ്ങളിലും മറ്റു പല മേഖലകളിലുമുള്ള പുരുഷന്റെ പ്രത്യേകത സങ്കോചമൊട്ടുമില്ലാതെ ഞങ്ങളംഗീകരിക്കുന്നു. പക്ഷേ, ഞങ്ങള്‍ സ്ത്രീകള്‍ അതിനേക്കാള്‍ എത്രയോ പ്രധാനപ്പെട്ട ഒന്നുകൊണ്ട് അനുഗ്രഹീതരമാണ്. ഞങ്ങൡല്ലെങ്കില്‍ മനുഷ്യരാശി വേരറ്റുപോകും. മക്കള്‍ക്ക് ജന്മം നല്‍കുന്നത് ഞങ്ങളാണ്. വരുംതലമുറകളുടെ സാന്നിധ്യം അതുവഴി ഞങ്ങള്‍ ഉറപ്പുവരുത്തുന്നു.'

ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതും മാതാവാണ്. പ്രവാചകന്‍ ഈ വസ്തുത ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നു. ഖുര്‍ആനില്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ മാതാപിതാക്കളോട് സ്വീകരിക്കേണ്ട സമീപനത്തെ സംബന്ധിച്ച് പറയവേ മാതാവ് അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ചാണ് പരാമര്‍ശിച്ചത്.(31:14,46:15) ഹജ്ജിലെയും ഉംറയിലെയും സഅ്‌യ് മാതൃത്വത്തിനു ലഭിച്ച വൈദവിക അംഗീകാരമാണ്.

ഇവ്വിധം മാതൃത്വം മഹിതമായ പദവിയായി മാറുന്നത് അതിന്റെ ബാധ്യതകള്‍ നിര്‍വഹിക്കുന്നതിലാണ്. വീടിന്റെ ഭരണവും കുട്ടികളുടെ സംരക്ഷണവും നിര്‍വഹിക്കുന്നതിലാണ്.

മാതൃത്വത്തിന്റെ നിയോനിര്‍വഹണത്തില്‍ നിന്ന് സ്ത്രീയെ പിഴുതെടുക്കുന്നത് തീര്‍ത്തും പ്രകൃതിവിരുദ്ധമാണ്. പ്രപഞ്ചഘടനയോടുള്ള യുദ്ധപ്രഖ്യാപനവും. അത് മനുഷ്യരാശിയെ വലിയ നാശത്തിലേക്കും ദുരന്തത്തിലേക്കും നയിക്കും. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് വഴിവെച്ചത് അതാണെന്ന് മീഖായേല്‍ ഗോര്‍ബെച്ചോവ് തന്റെ 'പെരസ്ട്രായിക്ക'യില്‍ സംശയരഹിതമായി വ്യക്തമാക്കിയിരിക്കുന്നു. പ്രശസ്ത ദാര്‍ശനികന്‍ റൂസ്സോയുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമത്രേ. എല്ലാവരെയും അവരുടെ യഥാര്‍ഥ ജോലിയിലേക്ക് തിരിച്ചയക്കാന്‍ നിങ്ങളുദ്ദേശിക്കുന്നുവെങ്കില്‍ അത് മാതാവില്‍ നിന്ന് തുടങ്ങുക. അതുണ്ടാക്കുന്ന മാറ്റം നിങ്ങളെ ആശ്ചര്യഭരിതരാക്കും. ആ പ്രഥമ വ്യതിചനത്തില്‍ നിന്നാണ് നാശങ്ങളുമുണ്ടായത്.'

ആധുനിക ഭൗതിക നാഗരികതയില്‍ ഏറ്റം വിലകുറഞ്ഞത് മനുഷ്യനാണ്. അതുകൊണ്ട് തന്നെ മനുഷ്യന് ജന്മം നല്‍കുന്ന മാതൃത്വവും വിലകെട്ടതായിരിക്കുന്നു. സ്ത്രീയുടെ മനസ്സില്‍ പോലും അതിനിന്നൊരു വിലയും നിലയുമില്ല. റിസപ്ഷനിസ്റ്റിന്റെയും ഗുമസ്തയുടെയും തൊഴില്‍ മാതൃത്വത്തെക്കാള്‍ മഹിതമായാണ് പലര്‍ക്കും തോന്നുന്നത്.

വിദ്യാഭ്യാസ രംഗത്ത് ഇന്ന് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ ഏറെ മുന്നിലാണ്. ഇത് അവരുടെ ആത്മാഭിമാനമുയര്‍ത്തുകയും സ്വാതന്ത്ര്യബോധം വളര്‍ത്തുകയും സ്വത്വബോധം ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഇതൊക്കെ നല്ലതുതന്നെ. സ്ത്രീയുടെ പദവി ഉയര്‍ത്തുന്നതിലും അവരുടെ അടിമസമാന ജീവിതത്തിന് അറുതി വരുത്തുന്നതിലും ശാക്തീകരണത്തിലും ഇത് മഹത്തായ പങ്ക് വഹിച്ചിരിക്കുന്നു.

എന്നാല്‍, ചിലപ്പോഴെങ്കിലും സ്വത്വബോധം പരിധി ലംഘിക്കുകയും ആത്മാഭിമാനം അഹന്തയായി മാറുകയും സ്വാതന്ത്ര്യബോധം അതിരുകവിയുകയും ചെയ്യാറുണ്ട്. മറു ഭാഗത്ത് പുരുഷന്റെ അധികാരബോധവും നിലനില്‍ക്കുന്നു. ഇത് ഇന്ന് ദാമ്പത്യജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പുരുഷന്‍ ഭരിക്കുന്നവനാകുന്നതിനു പകരം സംരക്ഷകനാവുകയും, സ്ത്രീ സഹജമായ ലജ്ജാബോധവും വിനയവും കൈവിടാതിരിക്കുകയും വേണം. പരസ്പരം കൂടിയാലോചിച്ചും വിട്ടുവീഴ്ച ചെയ്തും പൊരുത്തപ്പെട്ടും സഹകരിച്ചും ഇണകളായി ജീവിക്കണം. പരസ്പരം താങ്ങും തുണയുമയി കഴിയണം. ആത്മാര്‍ത്ഥവും അഗാധവുമായ പരസ്പര സ്‌നേഹവും കാരുണ്യവും അതിനനിവാര്യമാണ്. ജീവിതം ശരീരകേന്ദ്രീകൃതമാകുന്നതിനു പകരം ആത്മീയപ്രധാനമായി മാറുമ്പോഴേ ഇതു സാധ്യമാവുകയുള്ളൂ

ഒരു കാര്യം ദമ്പതികള്‍ മറക്കാവതല്ല. സ്‌നേഹവും കാരുണ്യവും ഉള്ളിലുണ്ടായാല്‍ പോരാ. പുറത്ത് പ്രകടിപ്പിക്കണം. ഇണക്ക് ജീവിതപങ്കാളിയില്‍ നിന്ന് അവ അനുഭവിച്ചറിയാന്‍ കഴിയണം. അത് തുറന്നു പറയുകയും വേണം. തന്നെ തന്റെ ഇണ സ്‌നേഹിക്കുന്നുവെന്ന് നേരില്‍ പറഞ്ഞ് കേള്‍ക്കുന്നതുതന്നെ അത്യധികം അനുഭൂതിദായകമായിരിക്കും. സന്തോഷവും സംതൃപ്തിയും നല്‍കുന്നതും. അതിനാല്‍ എല്ലാ അര്‍ത്ഥത്തിലും സ്വഭാവത്തിലും രൂപത്തിലും ഭാവത്തിലുമുള്ള സ്‌നേഹപ്രകടനങ്ങളില്‍ ഇരുവരും ഒട്ടും പിശുക്ക് കാണിക്കാതിരിക്കുക. ദാമ്പത്യം ധന്യവും സംതൃപ്തവും ഭദ്രവും നിര്‍വൃതിനിറഞ്ഞതുമാവുക തന്നെ ചെയ്യും.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top