റമദാനില്‍ ഉറവയെടുക്കുന്ന കാരുണ്യത്തിന്റെ നീര്‍ച്ചാലുകള്‍ സമൂഹത്തില്‍ നിരവധിയുണ്ട്. ഒരുവേള മനുഷ്യജീവിതത്തിന് മൂല്യങ്ങളുടെ പൊന്നാടയണിയിക്കുന്ന വിശുദ്ധമാസം അതിന് ചെറുതല്ലാത്ത പ്രചോദനമാണ് നല്‍കുന്നത്. എന്നാല്‍ സ്വന്തം ജീവിതത്തെ സേവനത്തിന് സമര്‍പ്പിച്ച് കാരുണ്യത്തിന്റെ പര്യായമായി മാറുകയാണ് മലയാളിയും പ്രവാസിയുമായ അഷ്റഫ്
റമദാനില്‍ ഉറവയെടുക്കുന്ന കാരുണ്യത്തിന്റെ നീര്‍ച്ചാലുകള്‍ സമൂഹത്തില്‍ നിരവധിയുണ്ട്. ഒരുവേള മനുഷ്യജീവിതത്തിന് മൂല്യങ്ങളുടെ പൊന്നാടയണിയിക്കുന്ന വിശുദ്ധമാസം അതിന് ചെറുതല്ലാത്ത പ്രചോദനമാണ് നല്‍കുന്നത്. എന്നാല്‍ സ്വന്തം ജീവിതത്തെ സേവനത്തിന് സമര്‍പ്പിച്ച് കാരുണ്യത്തിന്റെ പര്യായമായി മാറുകയാണ് മലയാളിയും പ്രവാസിയുമായ അഷ്റഫ് താമരശ്ശേരി.
പ്രവാസി ഭാരതീയ പുരസ്കാരത്തിലൂടെ ലോകമറിഞ്ഞ ഈ മനുഷ്യസ്നേഹിയുടെ പ്രചോദനത്തിന്റെ അടിസ്ഥാനം ഇസ്ലാമിക വിശ്വാസമാണെന്ന് തുറന്ന് പറയുമ്പോള്‍ അതിന്റെ മഹത്വത്തിന് നിറം വര്‍ധിക്കുകയാണ്. റമദാന് ഒരു വിശ്വാസിയുടെ ജീവിതത്തില്‍ സൃഷ്ടിക്കേണ്ട മാറ്റത്തെ കുറിച്ച് നാമൊക്കെ വാചാലരാവുമ്പോഴാണ് അത് കാലേതിരിച്ചറിഞ്ഞ് അഷ്റഫും കുടുംബവും നിശബ്ദം കര്മമേഖ ലയില്‍ സജീവമാകുന്നത്. കൂടുമ്പോള്‍ ഇമ്പം തുളുമ്പേണ്ട കുടുംബത്തിന്റെ പുതിയ കാല വാര്‍ത്തകള്‍ ഞെട്ടലില്ലാതെ വായിക്കാന്‍ ഇന്ന് നാം ശീലിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആ ഇമ്പം പരജീവി സ്നേഹമായി സമൂഹത്തിലേക്ക് കൂടി പകരുന്ന കുടുംബത്തെയാണ് നാം ഇവിടെ പരിചയപ്പെടുന്നത്.
ഉപജീവന മാര്‍ഗത്തിന്റെ വഴി തേടി യായിരുന്നു ഗള്‍ഫ് പ്രവാസത്തിന്റെ മണല്‍ ത്തരികളിലേക്കയാള് എത്തിപ്പെട്ടത്. താമരശ്ശേരി ചുരത്തിന്റെ ഹെയര്‍പിന്‍ വളവുകളെക്കാള്‍ സാഹസികമാണ് ജീവിതത്തിന്റെ കയറ്റിറക്ക ങ്ങളെന്ന തിരിച്ചറിവായിരുന്നു ഈ താമരശ്ശേരി ക്കാരനെ പ്രവാസത്തിലേക്ക് എടുത്തെറിഞ്ഞത്. അഷ്റഫെന്ന പേരുപോലെ ആദരവര്‍ഹിക്കുന്ന ഉത്കൃഷ്ട സേവകന്. എളിമയും നിസ്വാര്‍ഥതയും സമര്‍പ്പണവും എല്ലാം ഉള്‍ച്ചേര്‍ന്ന മനുഷ്യ സ്നേഹി. ഇങ്ങനെ അഷ്റഫിനെകുറിച്ച് വിശേഷണങ്ങള്‍ എണ്ണിപ്പറയാന്‍ ഏറെയുണ്ടാവും. കാരുണ്യവും സ്നേഹവും അക്ഷരങ്ങളില്‍ തളര്‍ന്ന് വീഴുമ്പോള്‍ വെള്ളവും വളവും പകര്‍ന്ന് അതിനെ ജീവസ്സുറ്റതാക്കാനുള്ള ശ്രമത്തിലാണിദ്ദേഹം. ആരോരുമില്ലാത്ത മരുഭൂ പ്രവാസത്തില്‍ ജീവനൊഴിഞ്ഞ മൃതദേഹങ്ങളുടെ ഏക പ്രതീക്ഷയായ അഷ്റഫ് ഇതിനിടെ 1500-നടുത്ത് മൃതദേഹങ്ങളാണ് വിവിധ നാടുകളിലേക്കായി കയറ്റിവിട്ടത്. ഉറ്റവരുടെ മരണവാര്‍ത്തക്ക് മുന്നില്‍ പകച്ചു നില്ക്കുന്നവരിലേക്ക് ഒരു മാലാഖയെപ്പോലെ അഷ്റഫ് കടന്നുവരും.
തീരുമാനങ്ങളെടുക്കാന്‍ ഏറെ മുന്നിലാ ണെങ്കിലും അത് നടപ്പിലാക്കുന്നതില്‍ നാം ഏറെ പിറകിലാണ്. പ്രത്യേകിച്ചും ശീലിച്ച ജീവിതശൈലിക്ക് പുതിയ മുഖം നല്കുന്നതില് മലയാളികള്‍ വിമുഖരാണെന്നതാണ് അനുഭവം. ഇവിടെയാണ് അഷ്റഫിന്റെ കുടുംബം ഓരോ മലയാളി കുടുംബത്തിനും അതിലുപരി വിശ്വാസി കുടുംബത്തിനും പ്രചോദനമാകുന്നത്. സൗദിയിലും പിന്നീട് യു.എ.ഇയിലും കേവലമൊരു ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് സാമൂഹ്യസേവനത്തിനായി അഷ്റഫിന്റെ മനസ്സ് വെമ്പിയത്. കുടുംബത്തിന്റെ ദൈനംദിന ജീവിതത്തിനുള്ള വഴികണ്ടെത്തിയാല്‍ സേവനം സുസാധ്യമാണെന്ന കുടുംബത്തിന്റെ ഉപദേശത്തിന് മുന്നില്‍ മടിച്ചുനിന്നില്ല. അതിനുള്ള ആദ്യപടിയായി ഒരു ട്രെയിലര്‍ വാഹനം ഷെയര്‍ കൂടി വാങ്ങിക്കുകയായിരുന്നു. നാട്ടിലായിരിക്കെ ഡ്രൈവര്‍ പണി ശീലിച്ച അഷ്റഫിന് പ്രവാസ ലോകത്തും ഉപജീവനമാര്‍ഗമായത് ഡ്രൈവിങ് തന്നെയായിരുന്നു. ആ പരിചയത്തില്‍ ജീവിതത്തില്‍ പുതിയൊരു വാതില്‍ തുറക്കാന്‍ എളുപ്പം സാധിച്ചു. കൗമാരപ്രായത്തില്‍ ലോറിയില്‍ പോവുന്ന കാലത്ത് നെഞ്ചങ്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മൃതദേഹം കാണാന്‍ മോര്‍ച്ചറി കാവല്ക്കാരന് പണം വാങ്ങിയ അനുഭവം അഷ്റഫ് ഇപ്പോഴും ഓര്‍ക്കുന്നു. ആരോരും സഹായത്തിനെത്താത്ത മൃതദേഹങ്ങള്‍ക്ക് സഹായിയാവാന്‍ അന്നുതന്നെ ഇയാള്‍ തീരുമാനിച്ചുറച്ചിരുന്നു.
കുടുംബത്തിന് ഉപജീവനത്തിനുള്ള സ്വയം പര്യാപ്തത സാധ്യമായപ്പോള്‍ പിന്നെ അല്പം പോലും കാത്തുനിന്നില്ല. ഒരു കൊല്ലം ജില്ലക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കയറ്റി വിടാന്‍ ലഭിച്ച അവിചാരിത സന്ദര്‍ഭം മുതല്‍ നിയമവശങ്ങളും നടപടിക്രമങ്ങളും പഠിച്ച് ജീവിത ദൗത്യമെന്നോണം അഷ്റഫ് തന്റെ കര്‍മമണ്ഡലത്തില്‍ സജീവമായി. ഭാര്യയും മക്കളും പകര്‍ന്ന കരുത്താണ് തന്നെ ഇവിടംവരെ എത്തിച്ചതെന്ന് സംസാരത്തില്‍ അഷ്റഫ് ആവര്‍ത്തിക്കുന്നു. ആരോരും പൂര്‍ണമായി സ്വന്തത്തെ സമര്‍പ്പിക്കാത്ത മേഖലയിലേക്ക് കാലെടുത്തുവെച്ചതോടെ ചുരുങ്ങിയ സമയംകൊണ്ട് തന്നെ അഷ്റഫിനെത്തേടി യു.എ.ഇയുടെ ഏഴ് എമിറേറ്റുകളില്‍ നിന്നും ഫോണ്‍കോളുകള്‍ വരാന്‍ തുടങ്ങി. ഒരാളോടും മുടക്കം പറയാന്‍ അറിയാത്ത അഷ്റഫിന്റെ ജീവിതത്തെ പിന്നെ യു.എ.ഇയിലെ മരണങ്ങള് നിയന്ത്രിച്ചുതുടങ്ങി. ഇതിനിടയില്‍ സ്വന്തം കാര്യംപോലും ഓര്‍ക്കാന്‍ അഷ്റഫിന് സമയം ലഭിക്കാറില്ല. ചുരുങ്ങിയത് മൂന്ന് മരണമെങ്കിലും ഇല്ലാത്ത ദിവസങ്ങള്‍ പിന്നീട് അഷ്റഫിന്റ ജീവിതത്തില്‍ കടന്നുപോയിട്ടില്ല. ആത്മാര്‍ഥമായി രംഗത്ത് സജീവമാവാന്‍ ആരും തയാറല്ലായെന്നതാണ് അഷ്റഫ് താമരശ്ശേരിയുടെ സാന്നിധ്യത്തെ മഹനീയമാക്കുന്നത്.
തിരക്കൊഴിഞ്ഞ് സമയം തെറ്റി കയറിവരുന്ന തനിക്കായി ഭക്ഷണം പോലും കഴിക്കാതെയാണ് ഭാര്യയും മക്കളും ഇത്രയും കാലം ഓരോ രാത്രിയും കാത്തിരുന്നതെന്ന് പറയുമ്പോള്‍ കുടുംബത്തോടുള്ള കൃതജ്ഞത അഷ്റഫിന്റെ വാക്കുകളില്‍ തെളിയുന്നു ണ്ടായിരുന്നു. പലപ്പോഴും മക്കള്‍ അഷ്റഫിന്റെ കൂടെ കൂടുമ്പോള്‍ സ്ത്രീകളുടെ മരണങ്ങളില്‍ ഭാര്യയും അഷ്റഫിന്റെ കൂടെയുണ്ടാവും. സേവനത്തിന് ഇന്നുവരെ ഒരു ദിര്‍ഹം പോലും വാങ്ങിയിട്ടില്ല എന്നറിയുമ്പോഴാണ് അഷ്റഫിന്റെ സേവനരംഗത്തെ ആത്മാര്‍ഥതയുടെ തനിമ നമുക്ക് മനസ്സിലാവുക. പലപ്പോഴും നൂറും ഇരുനൂറും ദിര്‍ഹം അഷ്റഫ് സ്വന്തം കീശയില്‍ നിന്നുമെടുത്ത് ചിലവഴിച്ചാണ് അനുഭവം. ഒടുവില്‍ പ്രവാസികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാറിന്റെ പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ പുരസ്കാരം തേടിയെത്തുമ്പോഴും ഈ മനുഷ്യസ്നേഹി സേവനരംഗത്ത് കര്‍മനിരതനാണ്. സ്വീകരണ ചടങ്ങുകളിലേക്ക് പലപ്പോഴും കയറിവരുന്നത് ആശുപത്രികളില്‍ നിന്നായിരുന്നു. രംഗത്തെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഏറെയുണ്ടെങ്കിലും വായനക്കാരോട് പറയാന്‍ അഷ്റഫ് താമരശ്ശേരി ആഗ്രഹിക്കുന്നത് ഇത്രമാത്രമാണ്.. ഈ ജീവിതം നൈമിഷികമാണ്. ഓരോ നിമിഷത്തെയും ജനസേവനത്തിനായി ചിലവഴിച്ചാല്‍ വലിയൊരു വിജയം നമുക്ക് വരാനുണ്ട്. അതിനുള്ള പ്രചോദനമാവട്ടെ നമ്മുടെ നോമ്പും അതിലെ പ്രാര്‍ഥനകളും.