വിശപ്പടങ്ങാത്ത ബാല്യം
കോഴിക്കോട് ജില്ലയിലെ ചക്കുംകടവില്‍ മൊയ്തീന്‍ കദിയുമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയ പുത്രിയായി പിറന്നുവീണ ആയിശക്ക് ചെറുപ്പത്തിലേ പട്ടിണിയായിരുന്നു കൂട്ട്. വളരെ നേരത്തെ പിതാവിനെ നഷ്ടപ്പെട്ട ആയിശ, ഇല്ലായ്മകളുടെ ലോകത്ത് തന്നെയും സഹോദരിയെയും സഹോദരനെയും വളര്‍ത്തി വലുതാക്കാനുള്ള ഉമ്മയുടെ കഷ്ടപ്പാടുകള്‍ ആവോളം കണ്ടാണ്
വിശപ്പടങ്ങാത്ത ബാല്യം
കോഴിക്കോട് ജില്ലയിലെ ചക്കുംകടവില്‍ മൊയ്തീന്‍ കദിയുമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയ പുത്രിയായി പിറന്നുവീണ ആയിശക്ക് ചെറുപ്പത്തിലേ പട്ടിണിയായിരുന്നു കൂട്ട്. വളരെ നേരത്തെ പിതാവിനെ നഷ്ടപ്പെട്ട ആയിശ, ഇല്ലായ്മകളുടെ ലോകത്ത് തന്നെയും സഹോദരിയെയും സഹോദരനെയും വളര്‍ത്തി വലുതാക്കാനുള്ള ഉമ്മയുടെ കഷ്ടപ്പാടുകള്‍ ആവോളം കണ്ടാണ് വളര്‍ന്നത്. ആ കാഴ്ചകളായിരിക്കണം ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാനുള്ള കരുത്തും, എല്ലുമുറിയെ അധ്വാനിക്കാനുള്ള മനസ്സും ആയിശക്ക് നേടിക്കൊടുത്തത്. പട്ടിണിയും പരിവട്ടങ്ങളുമായി മുന്നോട്ടുപോയ ആ കാലത്ത് വറുതിയുടെ നാളുകളിലെന്നോ ആയിശയും സഹോദരിയും സഹോദരനുമെല്ലാം അയല്‍ വീടുകളില്‍ ജോലിക്ക് പോയിത്തുടങ്ങി. അന്ന് ആയിശയുടെ പ്രായം വെറും എട്ട് മാത്രം! പ്രയാസങ്ങളും ദുരിതങ്ങളും എന്നും കൂട്ടിനുണ്ടായിരുന്നെങ്കിലും പരസ്പരം കൊണ്ടും കൊടുത്തും ഉള്ളത് പങ്കുവെച്ചും സ്‌നേഹത്തോടെ ജീവിച്ചിരുന്ന ആ കാലം ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്ന് ആയിശത്ത ഓര്‍ക്കുന്നു.
ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വിവാഹം
ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍ ആവോളം അനുഭവിച്ച് കഴിഞ്ഞ ആയിശ, വിവാഹത്തിലൂടെ തന്നെ പൊന്നുപോലെ നോക്കുന്ന ഒരു ഇണയെയായിരുന്നു സ്വപ്നം കണ്ടതെങ്കിലും അനുഭവം നേരെ മറിച്ചായിരുന്നു. ലഹരിക്കടിമപ്പെട്ട ഭര്‍ത്താവില്‍ നിന്ന് നിരന്തരം മര്‍ദനങ്ങളേറ്റുവാങ്ങേണ്ടി വന്ന ആയിശക്ക്, ഒരു ജോലിക്കും പോകാതെ വീട്ടില്‍ കുത്തിയിരിക്കുന്ന ഭര്‍ത്താവിനെ കൂടി തീറ്റിപ്പോറ്റുന്നതിന് വിവാഹ ശേഷവും ജോലിക്ക് പോകേണ്ട അവസ്ഥയാണ് വന്നത്. ജോലിയാവശ്യാര്‍ഥം ദൂരസ്ഥലങ്ങളില്‍ പോകേണ്ടിവന്നതോടെ മൂത്തമകള്‍ നുസൈബയെ ആറ് മാസത്തിലധികം മുലയൂട്ടാന്‍ പോലും സാധിച്ചില്ല. എങ്കിലും ആരോടും പരാതി പറയാതെ, എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോയി. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്ക് അറുതിവരുത്താനും തന്റെ ഭര്‍ത്താവിനു നല്ല ബുദ്ധി തോന്നാനും വേണ്ടി അല്ലാഹുവോട് അകമഴിഞ്ഞ് പ്രാര്‍ഥിച്ച് കാത്തിരുന്നു. പക്ഷേ, ആ കാത്തിരിപ്പിനും അധികം ആയുസ്സുണ്ടായിരുന്നില്ല. രണ്ടാമത്തെ മകന്‍ മുസ്തഫയെ ആറ് മാസം ഗര്‍ഭം ധരിച്ച സമയത്ത് നിസ്സാര പ്രശ്‌നം പറഞ്ഞ് ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചു. ബോധം നഷ്ടപ്പെട്ട ആയിശക്ക് ഒരു മാസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. സഹിക്കാവുന്നതിനും അപ്പുറമായതോടു കൂടി ആ ബന്ധം ഒഴിവാക്കേണ്ടി വന്നു. അന്ന് ഇളയമകന്‍ മുസ്തഫയുടെ പ്രായം 29 ദിവസം.
പറക്കമുറ്റാത്ത രണ്ടു മക്കളെയും മാറത്തടക്കിപ്പിടിച്ച്, ഇനിയെന്ത് എന്ന സ്വന്തക്കാരുടെ തുറിച്ച് നോട്ടങ്ങള്‍ക്കപ്പുറം എല്ലാം ത്യജിച്ച് ആ മക്കള്‍ക്കുവേണ്ടി ജീവിക്കാന്‍ ആയിശ തീരുമാനിക്കുകയായിരുന്നു.
യു.എ.ഇയിലേക്ക്
തന്റെയും രണ്ടു കുഞ്ഞുങ്ങളുടേയും വിശപ്പടക്കാനുള്ള നെട്ടോട്ടമായിരുന്നു അവിടുന്നിങ്ങോട്ടുള്ള ആയിശയുടെ ജീവിതം. ഈ മക്കളെയും ചുമന്ന് കേരളത്തി ലങ്ങോളമിങ്ങോളം ജോലി ചെയ്ത് അന്നന്നേക്കുള്ള വക കണ്ടെത്തിക്കൊണ്ടിരുന്നപ്പോഴും മക്കളുടെ ഭാവി ആയിശയുടെ മുന്നില്‍ ചോദ്യചിഹ്നമായിരുന്നു. അവര്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതം കരുപ്പിടിപ്പിക്കേതുണ്ടതുണ്ടെന്ന തോന്നലില്‍ നിന്നാണ് ഒരു വിദേശയാത്രയെ കുറിച്ച് ആലോചിക്കുന്നത്.
യു.എ.ഇയില്‍ ജോലി ചെയ്യുന്ന ഉമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ക്ക് ഒരു വീട്ടുവേലക്കാരിയെ വേണമെന്നും 500 ദിര്‍ഹം ശമ്പളം ലഭിക്കുമെന്നും പറഞ്ഞപ്പോള്‍ മറുത്തൊന്നും ആലോചിച്ചില്ല. നാട്ടിലെത്ര ഓടി നടന്നാലും അത്രയൊന്നും സമ്പാദിക്കാന്‍ തന്നെക്കൊണ്ടാവില്ല എന്ന തിരിച്ചറിവില്‍ നിന്നും, ബാപ്പയില്ലാത്ത തന്റെ മക്കളെ അല്ലലും അലട്ടലുമറിയാതെ വളര്‍ത്തണമെന്ന ആഗ്രഹം കൊണ്ടും യു.എ.ഇയിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ, പിച്ചവെച്ച് തുടങ്ങുന്ന പൊന്നുമക്കളെ എന്ത് ചെയ്യും..? ആരെ ഏല്‍പിക്കും...? ഉമ്മയും സഹോദരങ്ങളും അവരെ നോക്കാന്‍ തയ്യാറാണെങ്കിലും തന്റെ മക്കള്‍ ആര്‍ക്കും ഒരു ഭാരമാവരുത് എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ. മുട്ടാവുന്ന വാതിലുകളൊക്കെ മുട്ടിനോക്കി. ഒരുപാട് യതീംഖാനകള്‍ കയറിയിറങ്ങി. പക്ഷെ, ബാപ്പ ജീവിച്ചിരിക്കുന്നു എന്ന ന്യായം പറഞ്ഞ്, മക്കളെ അനാഥാലയത്തില്‍ ചേര്‍ക്കാന്‍ അവരാരും കനിവ് കാണിച്ചില്ല. അവസാനം, ''എന്റെ മക്കളെ നോക്കാന്‍ എനിക്കറിയാം, അവരെ ഒരു അനാഥശാലക്കും ഞാന്‍ വിട്ടുകൊടുക്കില്ല, നീ ധൈര്യമായി പോകൂ'' എന്ന ഉമ്മയുടെ സ്‌നേഹം നിറഞ്ഞ ശാസനയില്‍ വിശ്വാസമര്‍പ്പിച്ച്, പൊന്നുമക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞ്, കൊതിതീരുവോളം മുത്തം നല്‍കി 1983 ഒക്ടോബര്‍ മാസത്തില്‍ ആയിശ തന്റെ വീടിന്റെ പടികളിറങ്ങി.
അറബി വീട്ടില്‍ വിശ്രമമില്ലാത്ത നാളുകള്‍
1983 ഒക്ടോബര്‍ എട്ടിനാണ് ആയിശ ദുബായില്‍ വന്നിറങ്ങുന്നത്. മനസ്സ് വിങ്ങിപ്പൊട്ടുകയാണ്. മൂന്നരവയസ്സുകാരി നുസൈബയുടെ കിളിക്കൊഞ്ചലുകളും രണ്ടു വയസ്സു പോലും തികയാത്ത മുത്തുവിന്റെ നിഷ്‌കളങ്കമായ ചിരിയുമാണ് മനസ്സ് നിറയെ. അവരിപ്പോള്‍ എന്തുചെയ്യുകയായിരിക്കും...? എന്നെ കാണാതെ കരയുന്നുണ്ടാവുമോ....? ആ മാതൃഹൃദയം വീര്‍പ്പ് മുട്ടുകയാണ്. നാട്ടില്‍നിന്ന് പോന്നതുമുതല്‍ കണ്ണീരാണ്. ബോംബെയിലും, ഡല്‍ഹിയിലുമൊക്കെ താമസിച്ച് നാളുകള്‍ക്ക് ശേഷമാണ് ദുബായിലെത്തുന്നത്. ശരീരവും മനസ്സും ഒരുപോലെ തളര്‍ന്ന് ആകെ മരവിച്ച അവസ്ഥ. ഇടക്ക് എല്ലാം തന്റെ പൊന്നുമക്കള്‍ക്ക് വേണ്ടിയല്ലേ എന്നോര്‍ത്ത് സമാധാനിക്കാന്‍ ശ്രമിക്കും. മനസ്സ് പിടിവിടുമ്പോള്‍ മക്കളെയും ഉമ്മയെയും സഹോദരങ്ങളേയുമൊക്കെ ഓര്‍ത്ത് ഒറ്റക്കിരുന്ന് കരയും. കരഞ്ഞ് കരഞ്ഞ് ക്ഷീണിതയായ ആയിശയെ ഒരിക്കല്‍ അര്‍ബാബ് ശാസിച്ചു. ''ഇങ്ങനെ കരഞ്ഞുപോയാല്‍ നീ മരിച്ച് പോവും'' എന്ന അറബിയുടെ ശാസന കേട്ട് പേടിച്ച് കരച്ചില്‍ അടക്കിപ്പിടിച്ചിരുന്നു.
''കരയരുത്, അല്ലാഹു കൂടെയുണ്ട്. അല്ലാഹുവിനെല്ലാം അറിയാം'' കരച്ചിലടങ്ങിയപ്പോള്‍ അര്‍ബാബ് അടുത്ത് വന്ന് സമാധാനിപ്പിച്ച് പറഞ്ഞ ഈ വാക്കുകള്‍ ആയിശക്ക് എന്തെന്നില്ലാത്ത മനസ്സമാധാനം നല്‍കി.
രാവും പകലുമില്ലാതെ യന്ത്രസമാനമായി പണിയെടുക്കുന്നവരാണ് അറബ് വീടുകളിലെ വേലക്കാരികള്‍. വലിയ വീടുകളും അതിനു ചുറ്റുമുള്ള മതില്‍കെട്ടുകളും. അതിനുള്ളിലാണവരുടെ ലോകം. അവരുടെ കരച്ചിലുകളും വിലാപങ്ങളും ആ മതില്‍കെട്ടുകള്‍ക്കപ്പുറത്തേക്ക് പോകില്ല. എല്ലുമുറിയെ പണിയെടുക്കുമ്പോഴും നാടിനെ കുറിച്ചും മക്കളെ കുറിച്ചുമുള്ള ഓര്‍മകള്‍ കണ്ണീരായി കൂട്ടിനുണ്ടാവും. അതിരാവിലെ എഴുന്നേറ്റത് മുതല്‍ പാതിരാത്രിയും പിന്നിടുന്ന ജോലികള്‍. കുട്ടികളെ നോക്കണം, പശുക്കളെ കറക്കണം, വീട് വൃത്തിയാക്കണം, ഭക്ഷണം പാകം ചെയ്യണം, പാത്രങ്ങള്‍ കഴുകണം അങ്ങനെയങ്ങനെ നൂറുകൂട്ടം പണികള്‍. അറബികള്‍ പൊതുവേ സല്‍ക്കാര പ്രിയരാണ്. ആയിശയുടെ അര്‍ബാബും അതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. രാവേറെ ചെല്ലുംവരെ അതിഥികള്‍ക്ക് വെച്ചും വിളമ്പിയും തളര്‍ന്നിരിക്കുമ്പോഴായിരിക്കും പുതിയ ജോലികള്‍ വരുന്നത്. ചിലപ്പോഴെങ്കിലും മര്‍ദനങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ട്. അര്‍ബാബിന്റെ ഭാര്യ പത്താമത്തെ മകനായ അഹമ്മദിനെ എട്ട് മാസം ഗര്‍ഭം ചുമന്ന സമയത്താണ് ആയിശ ആ വീട്ടിലെത്തുന്നത്. അഹമ്മദ് പിറന്നതുമുതല്‍ എട്ട് വയസ്സുവരെ അവന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ആയിശയായിരുന്നു. സ്വന്തം മക്കള്‍ക്ക് നല്‍കാനാവാത്ത സ്‌നേഹവും പരിചരണവും ആവോളം ചൊരിഞ്ഞ് ആയിശ അഹമ്മദിനെ വളര്‍ത്തി. ഇപ്പോഴും അഹമ്മദിനെ കുറിച്ച് പറയുമ്പോള്‍ എന്റെ മകന്‍ എന്ന് പറയാനാണ് ആയിശത്തക്ക് ഇഷ്ടം. നമസ്‌കാരശേഷമുള്ള പ്രാര്‍ഥനകളില്‍ പലപ്പോഴും എന്റെ മക്കളുടെ കൂടെ അഹമ്മദിനേയും ഓര്‍ക്കാറുണ്ട് എന്ന് ആയിശത്ത പറയുമ്പോള്‍ ആ മനസ്സിലുള്ള സ്‌നേഹം എത്രമാത്രമുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
അറബ് നാട്ടില്‍ നിന്നും ഒരു വിവാഹാലോചന
നാട്ടില്‍ നിന്നും വിവാഹമോചനം കഴിഞ്ഞു വന്ന തനിക്ക് ഗള്‍ഫില്‍ നിന്നും വന്ന ആദ്യ വിവാഹാലോചന തന്നെ ശരിക്കും അമ്പരപ്പിച്ചു എന്ന് ആയിശത്ത പറയുന്നു. ആ സമയത്ത് ചിരിക്കണോ കരയണോ എന്നറിയാത്ത മാനസികാവസ്ഥയിലായിരുന്നു ആയിശ. 23-കാരിയായ ആയിശയോട് അര്‍ബാബ് ആവശ്യപ്പെട്ടത് എണ്‍പത്താറുകാരനായ, അര്‍ബാബിന്റെ പിതാവിനെ കല്യാണം കഴിക്കാനായിരുന്നു. തന്റെ പിതാമഹന്റെ പ്രായം വരുന്ന, സ്വന്തമായി എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആവതില്ലാത്ത ഒരാളെ കല്യാണം കഴിക്കുന്നത് ആയിശക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹത്തിന് ഭക്ഷണം കൊടുത്തിരുന്നതും അടിസ്ഥാനകാര്യങ്ങള്‍ നിവര്‍ത്തിക്കാന്‍ സഹായിച്ചിരുന്നതും മറ്റ് പരിചരണങ്ങള്‍ നല്‍കിയിരുന്നതും ആയിശയായിരുന്നു. ഒരുപക്ഷെ, അതിനുള്ള ഒരംഗീകാരമായിരിക്കാം ഈ വിവാഹാലോചന എന്നാണ് ആയിശത്ത വിശ്വസിക്കുന്നത്. കല്യാണമൊന്നും വേണ്ട, 'ഒരു മകളെപ്പോലെ ഞാനദ്ദേഹത്തെ പരിചരിച്ചോളാം' എന്നും
പറഞ്ഞ് ആയിശ അതില്‍നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് മറ്റൊരു പ്രായം ചെന്ന അറബിയുടെയും, നാട്ടില്‍ നിന്നുമൊക്കെ വിവാഹാലോചനകള്‍ വന്നെങ്കിലും, ഇനിയുള്ള ജീവിതം തന്റെ മക്കള്‍ക്കുവേണ്ടി എന്ന തീരുമാനത്തില്‍ എല്ലാത്തില്‍നിന്നും ആയിശ ഒഴിഞ്ഞു.
അവസാനിപ്പിക്കാനാവാത്ത പ്രവാസം
ഏതാണ്ട് എട്ട് വര്‍ഷത്തിലധികം അറബി വീട്ടില്‍ ജോലിചെയ്ത ശേഷം പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായിരുന്നു ആയിശ. ആയിടക്കാണ് സഹോദരി മരണപ്പെടുന്നത്. ആയിശയുടെ ജീവിതത്തില്‍ ഏറെ ദു;ഖം ഉണ്ടാക്കിയ ഒന്നായിരുന്നു അത്. പരസ്പരം അങ്ങേയറ്റം സ്‌നേഹിച്ച് കഴിഞ്ഞിരുന്ന സഹോദരിയുടെ മരണത്തോട് കൂടി അവരുടെ മക്കളെ പോറ്റേണ്ട ചുമതലകൂടി ആയിശയില്‍ വന്നുചേര്‍ന്നു. സ്വന്തം മക്കളെ പോലെ സഹോദരിയുടെ മക്കളേയും കണ്ടിരുന്ന ആയിശക്ക് അവരെ പോറ്റുന്നതില്‍ സന്തോഷമേയുണ്ടായിരുന്നുള്ളൂ. അങ്ങനെ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ ആയിശ വീണ്ടും യു.എ.ഇയിലെത്തി. അബൂദാബി ഇന്ത്യന്‍ ഇസ്‌ലാഹി ഇസ്‌ലാമിക് സ്‌കൂളില്‍ അറ്റന്ററായിക്കൊണ്ടായിരുന്നു പുതിയ നിയോഗം. 2014-ല്‍ ആ സ്‌കൂള്‍ പൂട്ടുന്നത് വരെ അവിടെ തുടര്‍ന്നു. അതുവഴി ഒട്ടേറെ അധ്യാപകരുമായും ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടാക്കാനായി എന്നത് ജീവിതത്തിലെ ഒരു വലിയ ഭാഗ്യമായി ആയിശത്ത കാണുന്നു.
ദുരന്തം വിതച്ച തിങ്കളാഴ്ച
2014 ഡിസംബര്‍ 15 തിങ്കളാഴ്ച ആയിശത്തയുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു കറുത്ത ദിവസമായിരുന്നു. അബൂദാബിയിലെ മുസഫ്ഫയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഒരു അറബി പയ്യന്‍ ഓടിച്ച കാറ് ആയിശത്തയെ ഇടിച്ച് വീഴ്ത്തിയപ്പോള്‍ തകര്‍ന്നത് ആയിശത്തയുടെയും അവരെ ആശ്രയിച്ചു കഴിയുന്നവരുടെയും സ്വപ്നങ്ങളായിരുന്നു. വലതുവശം പാടെ തകര്‍ന്ന്, 12 വാരിയെല്ലുകള്‍ക്കും വലതുകാലിനും പൊട്ടലുണ്ടായി. ഒരു മാസം യു.എ.ഇയിലും ശേഷം ഒരു മാസം നാട്ടിലും ആശുപത്രിയില്‍ കിടന്നു. ചികിത്സക്കുവേണ്ടി ഒരുപാട് പണം ചെലവഴിക്കേണ്ടിയും വന്നു. അഭ്യുദയകാംക്ഷികളുടെ സഹായമാണ് അപ്പോഴൊക്കെ തുണയായത്. കാലില്‍ ഓപറേറ്റ് ചെയ്ത് പിടിപ്പിച്ച ഇരുമ്പ് കമ്പികളുമായി വീണ്ടും യു.എ.ഇയിലെത്തി വീട്ടുജോലികളില്‍ മുഴുകിയ ആയിശത്ത തന്റെ അപകടത്തിന്റെ ഇന്‍ഷൂര്‍ തുകക്കുള്ള നിയമ പോരാട്ടത്തിലാണ്. അത് സഫലമായാല്‍ എത്രയും പെട്ടെന്ന് നാട് പിടിച്ച് സ്ഥിരവരുമാനത്തിനുള്ള എന്തെങ്കിലുമൊന്ന് നാട്ടില്‍ തന്നെ കണ്ടെത്തി ഇനിയുള്ള കാലമെങ്കിലും മക്കളോടൊപ്പം ജീവിക്കണം എന്നുള്ള ആഗ്രഹത്തിലാണ്.
പ്രവാസം ബാക്കിവെച്ചത്
ആയുസ്സിന്റെ നല്ലൊരു പങ്കും മക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി മരുഭൂമിയില്‍ കിടന്ന് ഉരുകിത്തീര്‍ന്നതില്‍ ഒട്ടും നഷ്ടബോധമില്ലെന്ന് ആയിശത്ത. ഇടക്ക് നാട്ടില്‍ പോയി മക്കളെയും പ്രിയപ്പെട്ടവരെയും കണ്ട് വരാറുണ്ട്. രണ്ട് മക്കളുടെയും സഹോദരിയുടെ മകളുടെയും വിവാഹം നടത്തി. ചെറുതെങ്കിലും സ്വന്തമായി ഒരു വീട് വെച്ചു. പ്രിയപ്പെട്ടവരുടെ മരുന്നും ചികിത്സകളുമായി പലപ്പോഴും സാമ്പത്തിക സഹായം നല്‍കാന്‍ സാധിച്ചു. ഇങ്ങനെ ചെറുതും വലുതുമായ ഒട്ടേറെ കാര്യങ്ങള്‍ തനിക്ക് ചെയ്ത് തീര്‍ക്കാനായത് ഈ പ്രവാസം കൊണ്ടാണെന്ന കാര്യത്തില്‍ ആയിശത്താക്ക് സംശയമേതുമില്ല.
മകനെയും മരുമകനെയും ഗള്‍ഫിലേക്ക് കൊണ്ടുവ ന്നെങ്കിലും കാര്യമായ ജോലിയൊന്നും തരമാകാതെ തിരിച്ച് പോകേണ്ടിവന്നു. അത് ആയിശത്തയുടെ സ്വകാര്യ ദു:ഖമാണ്. തുച്ഛമായ വരുമാനമാണെങ്കിലും ഈ പ്രായത്തിലും കുടുംബത്തിന്റെ താങ്ങായി നിലകൊള്ളാന്‍ സാധിക്കുന്നതിനും, നിത്യചികിത്സ ആവശ്യമായ സഹോദരന് അതിനു സഹായം ചെയ്യാന്‍ കഴിയുന്നുവെന്നതിലും ദൈവത്തെ സ്തുതിക്കുകയാണ് ആയിശത്ത.
20 വയസ്സ് തൊട്ട് ഇങ്ങോട്ട് ജീവിച്ചത് മുഴുവന്‍ മക്കള്‍ക്ക് വേണ്ടിയാണെങ്കിലും അവരത് എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്നറിയില്ല എന്ന് പറഞ്ഞപ്പോള്‍ ആയിശത്തയുടെ മനസ്സ് ഒന്ന് പിടഞ്ഞതുപോലെ തോന്നി. ''ഞങ്ങളെ നാട്ടില്‍ നിര്‍ത്തി ഗള്‍ഫില്‍ ജീവിച്ച ഉമ്മ'' എന്നതായിരുന്നു പലപ്പോഴും അവരുടെ പരിഭവം. ബാപ്പയുടെയും ഉമ്മയുടെയും ലാളനയില്ലാതെ വളര്‍ന്ന മക്കളെ ആ വിഷയത്തില്‍ കുറ്റം പറയാനാവില്ല എന്നാണ് ആയിശത്തയുടെ പക്ഷം. ''പലപ്പോഴും അവര്‍ ഉമ്മ എന്നു വിളിച്ചത് എന്റെ ഉമ്മയെയായിരുന്നു. ഞാനവര്‍ക്ക് എന്നും ഒരു വിരുന്നുകാരി മാത്രമായിരുന്നു.'' വേദന പടര്‍ന്ന ചിരിയോടെ ആയിശത്ത പറഞ്ഞുനിര്‍ത്തി.