ആഘോഷം നന്മ നിറഞ്ഞതാവട്ടെ
ആരാധനകളുടെ ആത്മീയ ചെതന്യത്തില്‍ നിന്നും ആഘോഷ നിറവിന്റെ പ്രതീക്ഷയിലാണ് നാം. അനുവദിക്കപ്പെട്ട ആഘോഷങ്ങളെ വരവേല്‍ക്കാനായി ദിവസങ്ങള്‍ മാത്രം. ശവ്വാല്‍ അമ്പിളി മാനത്ത് തെളിയുന്നതോടെ തക്ബീര്‍ ധ്വനികള്‍ മുഴക്കി വിശാലമായ മൈതാനങ്ങളിലേക്ക് കുടുംബങ്ങളൊന്നായി ഒഴുകുകയാണ്. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത
ആരാധനകളുടെ ആത്മീയ ചെതന്യത്തില്‍ നിന്നും ആഘോഷ നിറവിന്റെ പ്രതീക്ഷയിലാണ് നാം. അനുവദിക്കപ്പെട്ട ആഘോഷങ്ങളെ വരവേല്‍ക്കാനായി ദിവസങ്ങള്‍ മാത്രം. ശവ്വാല്‍ അമ്പിളി മാനത്ത് തെളിയുന്നതോടെ തക്ബീര്‍ ധ്വനികള്‍ മുഴക്കി വിശാലമായ മൈതാനങ്ങളിലേക്ക് കുടുംബങ്ങളൊന്നായി ഒഴുകുകയാണ്. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത നിര്‍മലമായ മനശുദ്ധിയോടെയുള്ള പ്രാര്‍ഥനക്കുള്ള ഈ ഒത്തുചേരല്‍ കുടുംബ-സുഹൃദ് ബന്ധങ്ങളുടെ കൂടിച്ചേരല്‍ വേദി കൂടിയാണ.് മനസ്സിന്റെ ഇഴയടുപ്പങ്ങള്‍ തുറന്നുവെച്ച് പങ്കിട്ടൊഴുകുന്ന സ്നേഹ കുശലാന്വേഷണങ്ങളും സുഖദുഖ പങ്കിട്ടെടുക്കലുമാണ് പെരുന്നാള്‍ ദിനത്തില്‍ ഊര്‍ന്നുവരുന്നത്.
നോമ്പ് പോലെ തന്നെ പെരുന്നാളും ആരാധനയായി മാറുന്നത് ഇങ്ങനെ ബന്ധങ്ങളെ ഊഷ്മളമായി നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നതിലൂടെ തന്നെയാണ്. പരസ്പരം പങ്കുവെക്കുന്ന മധുര പലഹാരങ്ങളും സമ്മാനപ്പൊതികളും വ്യക്തിബന്ധങ്ങള അടുപ്പിക്കാനുള്ളതുകൂടിയാണ്. ആചാരങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കുമപ്പുറം മനുഷ്യപ്പറ്റിന്റെ കുളിര്‍മ അതിലെവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. ഒരിക്കലും ഒരു വിരുന്നുകാരനും കടന്നുവരാത്ത വീടും എങ്ങോട്ടും ഒരിക്കലും വിരുന്നുപോകാത്തയാളും ഒരു നന്മയും ബാക്കിവെക്കുമെന്ന് തോന്നുന്നില്ല. ഒരു മേശക്കുചുറ്റുമിരുന്ന് സൗഹൃദം പുതുക്കി വാചാലമായി സംസാരിച്ചും ആതിഥേയനുണ്ടാക്കിയ പലഹാരങ്ങളും കഴിച്ച് നാം അവിടുന്നിറങ്ങുമ്പോള്‍ നാവില്‍ ബാക്കിയായുന്നത് പലഹാരത്തിന്റെ സ്വാദ് മാത്രമല്ല. അതിലൂടെ ഉണ്ടായ മനസ്സടുപ്പം കൂടിയാണ്. ജാതി-മത ചിന്തകള്‍ക്കപ്പുറം ദൈവം മനുഷ്യമനസ്സില്‍ ചേര്‍ത്തുവെച്ചു തന്ന കാരുണ്യത്തിന്റെ ഭാഗം കൂടിയാണത്.
ഓരോ ബന്ധുവീട്ടിലും സുഹൃദ് വീട്ടിലും നമ്മെ പ്രതീക്ഷിച്ച് ഒരുപാടുപേര് കാത്തിരിക്കുന്നുണ്ട്. മനസ്സില്‍ ഏത്ര തന്നെ കാണാനാഗ്രഹിച്ചിട്ടും ഒന്നു പോയി കാണാന്‍ കഴിയാത്ത സുഹൃത്തോ ബന്ധുവോ പഴയ കൂട്ടുകാരനോ അയല്‍വാസിയോ തന്നെ തേടി എപ്പോഴെങ്കിലുമൊന്നു വന്നാല്‍ അതുണ്ടാക്കുന്ന സന്തോഷം എത്രയോ വലുതാണ്. വേണ്ടപ്പെട്ടവരെ പുറത്തുപോയി തനിക്കൊരിക്കലും കാണാന്‍ കഴിയില്ലെന്ന് കരുതി വിഷമിക്കുന്ന രോഗിയെ തേടി ഇപ്പറഞ്ഞവരാരെങ്കിലും വന്നാല്‍ ആ മനസ്സിലെ സന്തോഷം ആര്‍ക്കാണ് പറഞ്ഞറിയിക്കാനാകുക.
ആരാധനകള്‍ മാത്രമല്ല, ആഘോഷങ്ങളെയും അനുവദനീയമാക്കിയ മതമാണ് ഇസ്ലാം. ആഘോഷങ്ങളാണ് പലപ്പോഴും ജീവിതഗന്ധിയായ ബന്ധങ്ങളുടെ അടുപ്പം നിശ്ചചയിക്കുന്നതും. വ്യക്തിയിലധിഷ്ഠിതമായ സന്തോഷത്തെയല്ല അത് വിളംബരം ചെയ്യുന്നത്.
'പറയുക; അല്ലാഹു തന്റെ ദാസന്മാര്ക്കുവേണ്ടി പുറത്തുകൊണ്ടുവന്ന അലങ്കാരത്തെയും വിശിഷ്ടമായ ആഹാരപദാര്ഥത്തെയും നിഷിദ്ധമാക്കിയതാര്?(7.3)' എന്ന ചോദ്യം ജീവിതവിരക്തിയെയും നിരാശയെയും ഏറ്റെടുക്കുന്ന ആത്മീയതയല്ല ഇസ്ലാമിന്റെതെന്നു വ്യക്തമാക്കുന്നു. അതേസമയം ആഘോഷങ്ങളെ തെരുവിലിട്ടു പൊലിപ്പിക്കുന്ന, അതിനു മാറ്റുകൂട്ടുന്ന മദ്യവും ലൈംഗികതയും അഴിഞ്ഞാട്ടവുമല്ല ആ ആഘോഷത്തിന്റെ മുദ്ര. ലഹരിയുടെ ആമോദത്തില്നിന്നും തെറ്റായ ലൈംഗികാസക്തിയില്‍ നിന്നും മോചിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഖുര്‍ആനിനെ ജീവിതത്തില്‍ ഉള്‍ക്കൊണ്ട മാസത്തിനു തൊട്ടുടനെ വരുന്ന ഈ ആഘോഷം അതിന്റെ നന്മയോടെ ആഘോഷിക്കാന്‍ ആവട്ടെ.