നവദമ്പതികള്‍ എന്ന പ്രയോഗം പ്രചുരപ്രചാരമുള്ളതാണ്. ഇതിന്റെ സാമാന്യ അര്‍ഥം നേരത്തെ ഇണകളല്ലാത്തവര്‍ അഥവാ പുതിയ ഇണകള്‍ എന്നാണ്. പുതിയ ഇണകള്‍ എന്നതിന് മറ്റൊരര്‍ഥം കൂടിയുണ്ട്. ഇതൊരു പുതിയ ദാമ്പത്യമാണ്. നേരത്തെയാരും നയിച്ചിട്ടില്ലാത്ത ദാമ്പത്യം. ഒരു പുതിയ ദമ്പതികള്‍ക്കും മറ്റേതെങ്കിലും ദമ്പതികളെ പൂര്‍ണ മാതൃകയായി സ്വീകരിക്കാന്‍
നവദമ്പതികള്‍ എന്ന പ്രയോഗം പ്രചുരപ്രചാരമുള്ളതാണ്. ഇതിന്റെ സാമാന്യ അര്‍ഥം നേരത്തെ ഇണകളല്ലാത്തവര്‍ അഥവാ പുതിയ ഇണകള്‍ എന്നാണ്. പുതിയ ഇണകള്‍ എന്നതിന് മറ്റൊരര്‍ഥം കൂടിയുണ്ട്. ഇതൊരു പുതിയ ദാമ്പത്യമാണ്. നേരത്തെയാരും നയിച്ചിട്ടില്ലാത്ത ദാമ്പത്യം. ഒരു പുതിയ ദമ്പതികള്‍ക്കും മറ്റേതെങ്കിലും ദമ്പതികളെ പൂര്‍ണ മാതൃകയായി സ്വീകരിക്കാന്‍ കഴിയുകയില്ല. ഇത് ഇവരുടേത് മാത്രമായ ജീവിതമാണ്. വധൂവരന്മാരില്‍ ഒരാളുടെ മാതാപിതാക്കളെയോ വീട്ടിലെ ജ്യേഷ്ഠനെയോ ജ്യേഷ്ഠത്തിയെയോ ഒന്നും മാതൃകയാക്കി പുതിയ ദമ്പതികള്‍ക്ക് ജീവിതം രൂപകല്‍പന ചെയ്യാന്‍ കഴിയില്ല. ഈ പുതിയ ജീവിതം ഇവരുടെ മാത്രം ജീവിതമാണ്. തീര്‍ത്തും ഒരു പുതിയ ദാമ്പത്യം.
നവദമ്പതികള്‍ ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം അവരുടെ ഈ പുതിയ ജീവിതം അവരിരുവരും ചേര്‍ന്ന് രൂപകല്‍പന ചെയ്യേണ്ടതുണ്ട് എന്നാണ്. വിവാഹം തീരുമാനിക്കുന്നേടത്ത് നിന്ന് തുടങ്ങി ദാമ്പത്യത്തിന്റെ ആദ്യകാലത്ത് ഏറെ ശ്രദ്ധ ചെലുത്തി ചെയ്യേണ്ട ഒന്നാണിത്. ഒരു പുതിയ വീടുണ്ടാക്കുമ്പോള്‍ നാം ഒരു പ്ലാന്‍ വരക്കുന്നതുപോലെയുളള ഒരു കാര്യമാണിത്. പണി തുടങ്ങുന്നതുവരെ നമുക്ക് വെട്ടിയും തിരുത്തിയും വരച്ചുകൊണ്ടേയിരിക്കാം. ഇതുപോലെ ജീവിതത്തിന്റെ പ്ലാനിലും നമുക്ക് അവസാനം മാറ്റത്തിരുത്തലുകള്‍ വരുത്തിക്കൊണ്ടിരിക്കാം. പക്ഷെ നമ്മുടെ കൈയില്‍ ഒരടിസ്ഥാന പ്ലാന്‍ ഉണ്ടായിരിക്കണം. അത് ദാമ്പത്യത്തിന്റെ ആദ്യനാളുകളില്‍ ഇണകള്‍ ചേര്‍ന്ന് രൂപകല്‍പന ചെയ്യണം. വീടിന്റെതായാലും ജീവിതത്തിന്റെതായാലും ഒരു നല്ല പ്ലാന്‍ എന്നു പറയുന്നത് നിങ്ങളുടെ ആവശ്യങ്ങളും സാധ്യതകളും യാഥാര്‍ഥ്യബോധത്തോടെ മുന്നില്‍വെച്ച് രൂപപ്പെടുത്തുന്നതായിരിക്കും. നിങ്ങളുടെ ജീവിതത്തിന് നിങ്ങളുടേതു മാത്രമായ ഒരുപാട് സാധ്യതകളുണ്ടാവും. നിങ്ങളുടേതു മാത്രമായ ഒരുപാ ട് പരിമിതികളും. പരിമിതികള്‍ മാത്രമുള്ള ഒരു ജീവിതം ദൈവം ആര്‍ക്കും നല്‍കിയിട്ടില്ല. സാധ്യതകള്‍ മാത്രമുള്ളതും. മിക്കപ്പോഴും മനുഷ്യജീവിതത്തിന്റെ സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നത് പരിമിതികള്‍ക്കകത്താണ്. പക്ഷെ പരിമിതിയെുടെ പരിമിതിയെക്കുറിച്ചുമാത്രം സംസാരിക്കുന്നവര്‍ക്ക് അതിന്റെ സാധ്യതകള്‍ കണ്ടെത്താനാവില്ല. അന്ധയും ബധിരയും മൂകയുമായി ലോകത്തെ വിസ്മയിപ്പിച്ച ഹെലന്‍ കെല്ലര്‍ പറഞ്ഞതുപോലെ ഒരു വാതിലടയുമ്പോള്‍ മറ്റൊരു വാതില്‍ തുറക്കുന്നുണ്ട്. പക്ഷെ, അടഞ്ഞ വാതിലിലേക്ക് മാത്രം നോക്കിയിരുന്നാല്‍ തുറന്ന വാതില്‍ കാണാനാവില്ല. മറ്റാരുടെയോ ജീവിതം പകര്‍ത്താന്‍ ശ്രമിച്ച് സ്വന്തം ജീവിതം തകര്‍ന്നുപോകുന്നവരാണ് പൊതുവില്‍ മനുഷ്യര്‍.
ഒരു ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു: 'ഗുരോ, ജീവിതമാകുന്ന പരീക്ഷയില്‍ മനുഷ്യരധികവും പരാജയപ്പെട്ടുപോകുന്നതിന്റെ കാരണം എന്താണ്.' ഗുരു പറഞ്ഞു. ജീവിതമാകുന്ന പരീക്ഷ വളരെ ലളിതമാണ്. ആര്‍ക്കും ജയിക്കാവുന്ന ഒരു പരീക്ഷയാണത്. ഈ പരീക്ഷയില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ചോദ്യപ്പേപ്പറുകളാണ് ദൈവം നല്‍കുന്നത്. അധികപേരും തോറ്റുപോകുന്നതിന്റെ കാരണം തൊട്ടടുത്തുള്ളവരുടെ ഉത്തരം പകര്‍ത്തിയെഴുതുന്നതുകൊണ്ടാണ്.' ബുദ്ധിയും ആരോഗ്യവും സമ്പത്തും കുറഞ്ഞവര്‍ക്കെല്ലാം ജയിക്കാന്‍ കഴിയുന്ന പരീക്ഷയാണ് ജീവിതം. എന്നിട്ടും തോറ്റുപോകുന്നതിന്റെ കാരണം അന്യരെ അന്ധമായി അനുകരിക്കാന്‍ ശ്രമിക്കുന്നതാണ്. അന്യരുടെ ഉത്തരം പകര്‍ത്തിയെഴുതാന്‍ ശ്രമിക്കുന്നതിന് പകരം ജീവിതമാകുന്ന സ്വന്തം ചോദ്യത്തിന് സ്വന്തമുത്തരമെഴുതുന്നതിന്റെ പേരാണ് പ്ലാന്‍. നവദമ്പതികളുടെ ജീവിതം അവരിരുവരും ചേര്‍ന്ന് പ്ലാന്‍ ചെയ്യേണ്ടതാണ്. പ്ലാനിങ്ങില്‍ കേവല കാല്‍പനികതകളെക്കാള്‍ വസ്തുനിഷ്ഠതക്കാണ് പ്രാധാന്യം. എല്ലാസങ്കല്‍പങ്ങളും മാറ്റിവെച്ച് പദ്ധതി തയ്യാറാക്കണമെന്നല്ല. സ്വപ്‌നങ്ങളും സങ്കല്‍പങ്ങളുമൊന്നുമില്ലെങ്കില്‍പിന്നെന്താണ് ജീവിതത്തില്‍ മധുരമുളളതും മനോഹരവുമായി ബാക്കിയുണ്ടാവുക. എന്റെ ഒരു യുക്തിവാദി സുഹൃത്തിന്റെ വീടിനെക്കുറിച്ച് ഒരു സഹൃദയസുഹൃത്ത് പറഞ്ഞിരുന്നു: 'ഒരു കവിതയുമില്ലാത്ത വീട്.' യുക്തിവാദജന്യമായ ഉപയോഗമൂല്യം മാത്രം അടിസ്ഥാനമാക്കി പ്ലാന്‍ തയ്യാറാക്കിയതിന്റെ ഫലമായിരുന്നു അത്. പ്ലാന്‍ അല്ലെങ്കില്‍ ആസൂത്രണം എന്നുപറയുന്നത് വീടിന്റെ കാര്യത്തിലായാലും ജീവിതത്തിന്റെ കാര്യത്തിലായാലും സ്വപ്‌നങ്ങളെ യാഥാര്‍ഥ്യങ്ങളിലേക്ക് വിളക്കിച്ചേര്‍ക്കലാണ്.
ഇത് നടക്കാന്‍ ആദ്യമായി ആവശ്യമുള്ളത് രണ്ട് കാര്യങ്ങളാണ്. ഒന്ന്- നവദമ്പതികള്‍ തങ്ങളുടെ ജീവിതം അടിയന്തരമായി പ്ലാന്‍ ചെയ്യേണ്ട ഒന്നാണ് എന്ന് തീരുമാനിക്കുക. രണ്ട്- ഈ ആസൂത്രണത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും പങ്കുണ്ട് എന്ന് ഇരുവരും അംഗീകരിക്കുക. അപ്പോള്‍ പൂ ര്‍വ മാതൃകകളുപയോഗിച്ച് തങ്ങളുടെ ജീവിതത്തെ വിലയിരുത്തുന്നതിന് പകരം തങ്ങള്‍ തന്നെ രൂപീകരിച്ച മാതൃകയുപയോഗിച്ച് ജീവിതത്തെ വിലയിരുത്താന്‍ കഴിയും. അപ്പോള്‍ മറ്റുളളവര്‍ അങ്ങനയൊണ് അതുകൊണ്ട് നീയും അങ്ങനെയാവണം എന്ന് ഇണകള്‍ പരസ്പരം പറയില്ല. മൂല്യ നി ര്‍ണയത്തിന് സ്വന്തം ജീവിതത്തിന്റെ ആസൂത്രണത്തിലൂടെ മാനദണ്ഡങ്ങള്‍ ദമ്പതികള്‍ രൂപപ്പെടുത്തിയിട്ടുണ്ടാവും.
പുതിയ ദമ്പതികള്‍ വളരെ വിദ്യാ സമ്പന്നരാണ്. ഭര്‍ത്താവ് മാത്രമല്ല ഭാര്യയും വിദ്യാ സമ്പന്നയാണ്. ഇവര്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജിച്ച നൈപുണികള്‍ സ്വന്തം ജീവിതത്തിന്റെ ആസൂത്രണത്തിന് ഉപയോഗപ്പെടുത്തിയാല്‍ നവദമ്പതികള്‍ക്ക് വ്യത്യസ്തവും വിജയകരവുമായ ജീവിതം രൂപപ്പെടുത്താന്‍ കഴിയും. വീട് നി ര്‍മിക്കുമ്പോള്‍ നാം വ്യത്യസ്തതക്ക് പലപ്പോഴും പ്രാധാന്യം നല്‍കാറുണ്ട്. പക്ഷെ ജീവിതം നിര്‍മിക്കുമ്പോള്‍ വ്യത്യസ്തതയെ നാം പരിഗണിക്കാറില്ല. മറ്റുളളവരെപ്പോലെ ആവുന്നതിലാണ് നാം മത്സരിക്കാറുളളത്. നാം വീടിന് പ്ലാന്‍ വരക്കുമ്പോള്‍ പല പ്ലാനുകള്‍ വാങ്ങിനോക്കാറുണ്ട്. പലതില്‍ നി ന്നും പല ഘടകങ്ങള്‍ ഉള്‍ക്കൊളളാറുണ്ട്. സ്വന്തം കാഴ്ചപ്പാടുള്ളവര്‍ നേരത്തെയുളള ഒരു മാതൃകയെ പൂര്‍ണമായും അനുകരിക്കാനാവില്ല. പലതിലെയും തങ്ങള്‍ക്ക് പറ്റിയ ഘടകത്തെ ഉള്‍ക്കൊളളുകയാണ് ചെയ്യുക. ജീവിതത്തെ ആസൂത്രണം ചെയ്യുമ്പോഴും പലരുടെയും ജീവിതത്തില്‍നിന്ന് പലതും നമുക്കുള്‍ക്കൊളളാം. പക്ഷെ ഒരു പൂര്‍വ മാതൃകയെയും പൂര്‍ണമായും അനുകരിക്കാനാവില്ല. നിങ്ങളുടെ വീട്ടിലെത്തന്നെയുളള ജ്യേഷ്ഠന്റെയും ഭാര്യയുടെയും ജീവിതം നിങ്ങള്‍ക്ക് ഒരു പൂര്‍ണ മാതൃകയല്ല. ജ്യേഷ്ഠനും നിങ്ങളും തമ്മില്‍ പ്രകൃതത്തിലും അഭിരുചിയിലും വിദ്യാഭ്യാസത്തിലും തൊഴിലിലും പൂര്‍ണ സാദൃശ്യമുണ്ടെന്നുവന്നാലും ജ്യേഷ്ഠന്റെ ഭാര്യയും നിങ്ങളുടെ ഭാര്യയും തമ്മില്‍ ഒരു സാദൃശ്യവുമില്ല എന്ന് മനസ്സിലാക്കണം. നിങ്ങളുടെ ജീവിതം നിങ്ങളുടേതുമാത്രമായ ജീവിതമാണ്. അതിന് സമ്പൂര്‍ണമായി അവലംബിക്കാവുന്ന ഒരു മുന്‍മാതൃകയുമില്ല. സ്വാംശീകരിക്കാവുന്ന മാതൃകകള്‍ പലേടങ്ങളായി ചിതറിക്കിടക്കുന്നുണ്ടാവും. അതിനെയെല്ലാം സ്വരുക്കൂട്ടി രണ്ടുപേരുടെയും ആഗ്രഹങ്ങളെ സമന്വയിപ്പിച്ച് അതിന്റെ ഛായയില്‍ ജീവിതത്തിനുളള പദ്ധതി തയ്യാറാക്കുകയാണ് ചെയ്യേണ്ടത്.
ഈ ആസൂത്രണത്തിനുളള അടിസ്ഥാന കാര്യങ്ങള്‍ വിവാഹത്തിന് മുമ്പുതന്നെ നിര്‍ണയിക്കേണ്ടതാണ്. വിവാഹത്തിന് ശേഷം ജോലിക്കുപോകാന്‍ ഭാര്യ നിര്‍ബന്ധം പിടിക്കുന്നു എന്ന് പരാതി പറയുന്ന ഭര്‍ത്താക്കന്മാരുണ്ട്. എത്ര നിര്‍ബന്ധിച്ചിട്ടും ജോലിക്കു പോകുന്നില്ലെന്ന് പരാതി പറയുന്നവരുമുണ്ട്. വിവാഹത്തിനുമുമ്പ് വളരെ എളുപ്പം പരിഹരിക്കാവുന്ന ഒരു പ്രശ്‌നമാണ് ഇത്. അല്ലെങ്കില്‍ ഒരാസൂത്രണവുമില്ലാതെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ദുര്യോഗമാണിത്. നവദമ്പതികളോട് പറയാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങള്‍ നവദമ്പതികളാവണം എന്നാണ്. നിങ്ങളിരുവരും ഇതുവരെ ഇതിലേറെ ദമ്പതികളായിരുന്നില്ല എന്ന സാമാന്യാര്‍ഥത്തില്‍ മാത്രമാകരുത് അത്. പൂര്‍ണായ പൂര്‍വമാതൃകകളില്ലാത്ത ഒരു ദാമ്പത്യത്തിന്റെ സാധ്യതയാണ് നിങ്ങളുടെ മുമ്പിലുളളത്. ആ സാധ്യതയെത്തന്നെ നമുക്ക് വെല്ലുവിളി എന്നും വിളിക്കാവുന്നതാണ്. അങ്ങനെ പഴയ മാതൃകകളില്ലാത്ത ഒരു പുതിയ ജീവിതത്തിന് നിങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കുകയും അത്തരം ഒരു ജീവിതം നയിക്കാന്‍ മുന്നോട്ട് വരികയും ചെയ്യുക. വിദ്യാസമ്പന്നരായ പുതിയ ദമ്പതികളില്‍നിന്ന് ലോകം പ്രതീക്ഷിക്കുന്നത് ഇത്തരമൊരു പുതിയ മാതൃകയാണ്. ഒരു നല്ല പുതുമയെങ്കിലും ഞങ്ങള്‍ ജീവിതംകൊണ്ട് മുന്നോട്ടുവെക്കുമെന്ന് തീരുമാനിക്കുക.