നഗരത്തിരക്കില്‍ നിന്നുമാറി മാര്‍ക്കറ്റില്‍നിന്നും ഏതാണ്ട് അര കിലോമീറ്ററോളം ഉള്ളിലായിട്ടാണ് മുസ്തഫയുടെ പഴക്കച്ചവടം.
അന്‍സാറിനും മോനുമൊപ്പം പെട്ടെന്ന് കയറിച്ചെന്നപ്പോള്‍ മുസ്തഫ നല്ല തിരക്കിലാണ്. മൈസൂരില്‍ ഇത് ആഘോഷങ്ങളുടെ കാലമാണ്. കച്ചവടം കൂടുതലാണിപ്പോള്‍.
നഗരത്തിരക്കില്‍ നിന്നുമാറി മാര്‍ക്കറ്റില്‍നിന്നും ഏതാണ്ട് അര കിലോമീറ്ററോളം ഉള്ളിലായിട്ടാണ് മുസ്തഫയുടെ പഴക്കച്ചവടം.
അന്‍സാറിനും മോനുമൊപ്പം പെട്ടെന്ന് കയറിച്ചെന്നപ്പോള്‍ മുസ്തഫ നല്ല തിരക്കിലാണ്. മൈസൂരില്‍ ഇത് ആഘോഷങ്ങളുടെ കാലമാണ്. കച്ചവടം കൂടുതലാണിപ്പോള്‍.
മുസ്തഫക്ക് മനസ്സിലാകുമോ എന്ന് നോക്കാന്‍ ആദ്യം അങ്ങോട്ട് കയറി പരിചയപ്പെടേണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചതായിരുന്നു. മകന്‍ മുസ്തഫയുടെ ദൃഷ്ടിയില്‍ പെടാതെ മാറിനിന്നു.
വലിയൊരു പഴക്കടയാണത്. ആപ്പിളുകളും സബര്‍ജല്ലികളും പൈനാപ്പിളും തീര്‍ക്കുന്ന വിസ്മയലോകം. പത്തിരുപതു ജോലിക്കാര്‍ ഇടതവില്ലാതെ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
മൂന്നു തട്ടുകളിലായി ക്രമീകരിച്ച് കലാപരമായി കൂനയാക്കിവെച്ച ഫ്രൂട്ട്‌സുകള്‍. മാങ്ങക്കാലമല്ലാതിരുന്നിട്ടും ഇറക്കുമതി മാങ്ങകളുടെ കൂന. മുന്തിരിയും ഉറുമാന്‍ പഴവും കൂടാതെ അതേ ശ്രേണിയില്‍ അറിയാത്ത ഏതോ ഒരു പഴവര്‍ഗ്ഗം.
ഒന്നു വെട്ടിത്തിരിഞ്ഞപ്പോള്‍ മുസ്തഫ അതാ തൊട്ടുമുന്നില്‍. വിരലുയര്‍ത്തി ആഹ്ലാദം അണപൊട്ടാന്‍ വെമ്പുന്ന കണ്ണുകളോടെ ഇക്കാ.... ഇങ്ങള്. ഒരൊറ്റ കെട്ടിപ്പിടുത്തമായിരുന്നു.
അല്‍പസമയത്തിനു ശേഷം മുസ്തഫ സന്തോഷക്കണ്ണീര്‍ തുടച്ചുകൊണ്ട് ചോദിച്ചു.
'എങ്ങിനെ ഇവിടെയെത്തി. ഞാനിവിടുണ്ടെന്ന് ആരാ പറഞ്ഞത്.'
ബാരി മോനെ ചൂണ്ടിക്കാണിച്ചു കൊടുത്തപ്പോള്‍ മുസ്തഫക്ക് എല്ലാം മനസ്സിലായി.
പിന്നെ മുസ്തഫയുടെ വെപ്രാളമായിരുന്നു. നിമിഷങ്ങള്‍ക്കകം ഒരു ട്രേയില്‍ ഫ്രഷ് ജ്യൂസ് വന്നു. മല്‍ഗോവന്‍ മാമ്പഴം പൂളുകളാക്കി കൊണ്ടുവന്നു.
അത് കഴിച്ചുകഴിഞ്ഞപ്പോഴേക്കും ചായക്ക് നിര്‍ദേശം നല്‍കാനുള്ള ശ്രമമാണെന്നു മനസ്സിലാക്കിയപ്പോള്‍ തടഞ്ഞു. മുസ്തഫാ... മതി... ഇത്രയും ധാരാളം... തിരക്ക് പിടിച്ച സമയമാണ്. നിന്റെ സമയത്തിന്റെ വില ഞങ്ങളും മനസ്സിലാക്കണമല്ലോ... കച്ചവടത്തിരക്ക് ഒഴിയുന്ന നേരം നോക്കി ഞങ്ങള്‍ വീണ്ടും വരാം..''
മുസ്തഫ അത് കേട്ട് തലകുലുക്കി. ഏതോ ഒരു പണിക്കാരനെ വിളിച്ച് എന്തൊക്കെയോ കുശുകുശുത്തു.
എന്നിട്ട് ഞങ്ങളുടെ മുന്നിലേക്ക് നടന്നു. വരിന്‍
മുസ്തഫയെ അനുസരിക്കാതെ ഞങ്ങള്‍ക്കും നിര്‍വാഹമില്ലായിരുന്നു.
ഏതൊക്കെയോ തിരക്കു പിടിച്ച വീട്ടിടവഴികളിലൂടെ ഞങ്ങള്‍ മുസ്തഫയെ അനുഗമിച്ചു. വീര്‍പ്പുമുട്ടിക്കുന്ന തിരക്ക്.
ഒരാളുടെ വീടിന്റെ മേല്‍ക്കൂരയുടെ താഴ്ന്ന ഭാഗം മറ്റൊരാളുടെ താമസസ്ഥലത്ത്. അതിനിടയില്‍ മതിലുകള്‍. പശുക്കളും ആട്ടിന്‍പറ്റങ്ങളും നിറഞ്ഞ ഫാമുകള്‍, കൂറ്റന്‍ ഗദ്ദാമുകള്‍, ചരക്കുലോറികള്‍...
അന്തരീക്ഷത്തില്‍ മുഴുവന്‍ പൊടിപടലങ്ങള്‍... മുസ്തഫ ഒരു ചെറുപുഞ്ചിരിയോടെ ഞങ്ങളെ ഒരു കൊച്ചു വീടിന്റെ മുമ്പിലേക്ക് ആനയിച്ചു.
ചെറുതെങ്കിലും സുന്ദരമായ വീട്. ഓടിട്ടത്. ഇവിടെ ഓടിട്ട വീടുകളുണ്ടോ... ചിന്തിച്ചത് അല്‍പം ഉറക്കെ.
വളരെ കുറവാണ്. ഒരു കര്‍ണ്ണാടകക്കാരന്‍ വ്യാപാരി താമസിച്ചുകൊണ്ടിരുന്നതാണ്. ന്യായവിലക്കു കിട്ടിയപ്പോള്‍ വാങ്ങി. മുസ്തഫ പറഞ്ഞു.
മുറ്റത്ത് വലിയ ചരല്‍കല്ലുകള്‍ പാകിയിരിക്കുന്നു. ഗിനിക്കോഴികളുടെ ഒരു കൂടുണ്ട് അരികില്‍.
സഫിയാ... എന്ന വിളിയോടെ മുസ്തഫ അകത്തേക്ക് കയറി. മൂന്ന് നാല് സ്റ്റൂളുകള്‍ പുറത്തേക്കിട്ട് മുസ്തഫ വീണ്ടും അകത്തേക്ക് കയറിപ്പോയി.
അല്‍പസമയത്തിനകം ചൂടുള്ള ചായ വന്നു. കൂടെ പലഹാരങ്ങളും.
ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍ മുസ്തഫ പറഞ്ഞു. ജമാല്‍ക്ക.. ഈ മുസ്തഫാനോട് ങ്ങക്ക് എന്തും പറയാം. ഇന്നെക്കൊണ്ട് കഴിയുന്നത് ഞാന്‍ ചെയ്യും. ഇന്‍ശാഅല്ലാ.
മുസ്തഫയോട് വളരെ സാവകാശത്തില്‍ കാര്യങ്ങള്‍ വിസ്തരിച്ചു. ഒരു സുരക്ഷിതമായ തമസസ്ഥലം മകന് കിട്ടിയേ തീരൂ. മുസ്തഫയുടെ ശ്രദ്ധ പതിയുന്ന ഒരു സ്ഥലം.
മുസ്തഫ പൊട്ടിച്ചിരിച്ചുകൊണ്ട് എഴുന്നേറ്റു. ഇതാണോ ഇത്രവലിയ കാര്യം... ദാ.. ഈ നിമിഷം മുതല്‍ ഇവന്‍ എന്റെ മോനാ... എന്റെ മൂന്നാമത്തെ മകന്‍ അല്ലേ. ബാരിയെ ആശ്ലേഷിച്ചുകൊണ്ട് മുസ്തഫ ഉച്ചത്തില്‍ ചിരിച്ചുകൊണ്ടിരുന്നു.
കണ്ണീരുപടര്‍ന്ന മുഖം മുസ്തഫ കാണാതിരിക്കാന്‍ വാഷ്‌ബേസിനില്‍ പോയി മുഖം കഴുകി.
മനസ്സില്‍ അല്ലാഹുവിനെ സ്തുതിച്ചു. അല്‍ഹംദുലില്ലാഹ്. പടച്ചവനേ.. നിന്റെ അദൃശ്യമായ കരങ്ങള്‍ ഇതാ വീണ്ടും എന്നെ താങ്ങിപ്പിടിക്കുന്നു. ഈ ജന്മത്തില്‍ ഞാനെങ്ങിനെ ഇതിനുള്ള നന്ദി ചെയ്തുതീര്‍ക്കും.
ചെരിവകത്തിന്റെ വാതില്‍ തുറന്ന് ജാലകങ്ങള്‍ തുറന്നിട്ട ശേഷം മുസ്തഫ അകം കാണിച്ചുകൊടുത്തു. മൂത്തമകന്‍ ഉപയോഗിച്ചുകൊണ്ടിരുന്നതാ. അവന്‍ ഗള്‍ഫില്‍ പോയിട്ട് രണ്ട് മാസമേ ആയുള്ളൂ. തിരിച്ചുവരാന്‍ ചുരുങ്ങിയത് ഒന്നരക്കൊല്ലം കഴിയണം. അതുവരെ ഈ ബാരിമോനാണ് ഇവിടെ കിടക്കുക.
എന്തോ ആലോചിച്ചുകൊണ്ടിരുന്ന മകന്റെ കൈ മുസ്തഫ കവര്‍ന്നു. ഇത് എന്റെ ഔദ്യാര്യമല്ല മോനേ... നിന്റെ അവകാശമാണ്. നിന്റെ ഉപ്പ ഇല്ലായിരുന്നുവെങ്കില്‍ ഇന്നത്തെ മുസ്തഫയില്ല. മനസ്സിലായോ. മുസ്തഫയുടെ സ്വരം ദുര്‍ബലമായി.
ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കാലത്ത് തനിക്കുണ്ടായ കഠിനമായ പരീക്ഷണത്തെക്കുറിച്ചും, അത് പരിഹരിക്കപ്പെട്ട രീതിയെക്കുറിച്ചും മുസ്തഫ വാചാലനായി. ഒരിക്കല്‍ കേട്ട കഥയായിരുന്നിട്ടും ആ കഥയിലെ മനുഷ്യസ്‌നേഹത്തിന്റെ സുഗന്ധമായിരുന്നു അന്‍സാറിനെ ആകര്‍ഷിച്ചത്.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
ബാരിമോന്റെ താമസസ്ഥലത്തു നിന്നും എല്ലാ വസ്തുവകകളും മുസ്തഫയുടെ വീട്ടിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പ്.
കുന്നോളം പുസ്തകങ്ങള്‍, സ്റ്റൗ, ഒരു കട്ടില്‍, ടീപ്പോയ്, തുടങ്ങി ഒട്ടനവധി ലൊട്ടുലൊടുക്കുകള്‍ വൈകുന്നേരമാകുമ്പോഴേക്കും എല്ലാം തയ്യാറാക്കി.
ഹോട്ടല്‍ ഉടമസ്ഥനെ പോയിക്കണ്ടു. വാടകയിനത്തില്‍ അതുവരെ ഉണ്ടായിരുന്നതത്രയും കൊടുത്തുതീര്‍ത്തു.
ഒരു കൊട്ടവണ്ടി വിളിച്ച് എല്ലാ ജംഗമവസ്തുക്കളും കയറ്റി മുസ്തഫയുടെ വീട്ടിലേക്ക്.
സന്ധ്യയാകുമ്പോഴേക്കും എല്ലാ ജോലിയും അവസാനിച്ചു. തിരിച്ചിറങ്ങാനുള്ള ബദ്ധപ്പാടിനിടയില്‍ വെറുതെ മനസ്സിലോര്‍ത്തു. മുസ്തഫയുടെ തീരുമാനം അവരുടെ വീട്ടുകാരിക്ക് എന്തെങ്കിലും അനിഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാകുമോ?
അവരെ കണ്ടില്ലല്ലോ...
യാത്ര പറയാന്‍ തുടങ്ങും മുമ്പേ മുസ്തഫ പറഞ്ഞു. ഇനി എല്ലാവരും കൈയും മുഖവും കഴുക്... എന്റെ വീട്ടുകാരിയുടെ വക ഒരു ചെറിയ ഭക്ഷണം...
അതിനു മറുപടിയെന്നോണം മുസ്തഫയുടെ വീട്ടുകാരി വന്നു. ഒരു ചക്രക്കസേരയില്‍.
അമ്പരപ്പോടെയാണ് അവരെ നോക്കിയത്. മുഖമക്കനയിട്ട സ്ത്രീ. മടിയില്‍ ഒരു കുഞ്ഞ.് അവര്‍ക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക. സംശയത്തിന് മുസ്തഫ മറുപടി പറഞ്ഞു.
എന്റെ അമ്മാവന്റെ മകളാണ്; സഫിയ. നാട്ടില്‍ കാസര്‍ഗോഡ് ജില്ലയിലാണ് വീട്. മോന്റെ കാര്യമോര്‍ത്ത് ബേജാറാവണ്ട. ഓനിനി ഞങ്ങളെ കുട്ട്യാ.. അവര്‍ ലജ്ജയോടെ പറഞ്ഞു.
വിഭവസമൃദ്ധമായിരുന്നു ഭക്ഷണം. നൈസ് പത്തിരിയും, കോഴിക്കറിയും, മീന്‍ പൊരിച്ചതുമൊക്കെയായി തനി നാടന്‍. മലബാര്‍ ഭക്ഷണത്തിന്റെ മൈസൂരോളമെത്തിയ പെരുമ.
ഭക്ഷണം കഴിഞ്ഞ് ഇറങ്ങാന്‍ നേരം മുസ്തഫ അരികിലേക്ക് വന്നു. സ്വകാര്യമായി പറഞ്ഞു. ഞാനൊരുപാട് നിര്‍ബന്ധിച്ചിട്ടാ നിങ്ങളുടെ മുമ്പില്‍ വന്നത്. ഈ അവസ്ഥയില്‍ നിങ്ങള്‍ കണ്ടാല്‍ തീരുമാനം മാറ്റിയാലോ എന്നായിരുന്നു കക്ഷിയുടെ സംശയം.
എന്ത് തീരുമാനം?
ബാരി മോനെ ഇവിടെ താമസിപ്പിക്കാമെന്നുള്ള കാര്യം. ഞങ്ങളൊന്നും ചിന്തിച്ചിട്ടില്ല. അതിരിക്കട്ടെ എന്താ ഭാര്യക്ക് പറ്റിയത്?
കഴിഞ്ഞ വര്‍ഷം കുടകില്‍ വെച്ചുണ്ടായ ഒരപകടത്തെക്കുറിച്ച് നിങ്ങള്‍ പത്രത്തില്‍ വായിച്ചിട്ടുണ്ടാകും. ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു എന്ന വാര്‍ത്ത. ഒരു പക്ഷേ മറന്നതാകും. അതില്‍ മരിക്കാതെ ബാക്കിയായവരില്‍ ഒന്ന് ഇവളായിരുന്നു.
എവിടെയായിരുന്നു പരിക്ക്?
എവിടെയായിരുന്നു പരിക്കില്ലാത്തത് എന്നു ചോദിക്കുകയായിരിക്കും ഭേദം. ശരീരം മൊത്തം പരിക്കായിരുന്നു. മരണവുമായി മല്ലിട്ട് മൂന്നുമാസം. ഒടുവില്‍, അരക്കുകീഴ്‌പോട്ട് ചലനശേഷി നഷ്ടപ്പെട്ടുവെങ്കിലും ബാക്കിയായി.
മുസ്തഫയുടെ മുഖത്ത് വീണ്ടും ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു.
വീട്ടുജോലി ഒറ്റക്ക് തന്നെ ചെയ്യണം. അതിനാ ഞങ്ങള്‍ ഇടക്ക് പിണങ്ങുക. പിന്നെ തൊട്ടടുത്തുള്ള ഒരു സ്ത്രീ സഹായത്തിന് വരാറുണ്ട്. അവരുടെ കുട്ടിയാണ് ഇവളുടെ മടിയിലുണ്ടായിരുന്നത്. മുസ്തഫയുടെ വാക്കുകള്‍ കേട്ട് പ്രതികരിക്കാന്‍ പോലുമാകാതെ ഞങ്ങള്‍ നിന്നുപോയി.
ജീവിതം ചിലര്‍ക്ക് കഠിനമായ മത്സരരംഗമാണ്. അതികഠിനമായ പരീക്ഷണങ്ങളായിരിക്കും അവര്‍ക്കായി വിധി ഒരുക്കിവെച്ചിട്ടുണ്ടാവുക. അവരാകട്ടെ, തെല്ലും പതറാതെ വിധിയോട് പൊരുതുന്നു. നിരന്തര പരിശ്രമം, സഹനം, കാത്തിരിക്കാനുള്ള മനസ്സുറപ്പ്, ഇതൊക്കെയായിരിക്കും അവരുടെ വിശ്വാസത്തിന്റെ പിന്നില്‍.
ഒടുവില്‍ അവര്‍ ജയിച്ചുകയറുന്നു. ചുണ്ടില്‍ പുഞ്ചിരി ബാക്കിയാകുന്നു. മറ്റു ചിലരോ ഒരു രോഗം വന്നാല്‍, അടുത്തവരിലാരെങ്കിലും മരണപ്പെട്ടാല്‍, മോഹിച്ചത് കിട്ടാതിരുന്നാല്‍ പിന്നെ ജീവിതത്തെ ഭയപ്പെടും. ആത്മഹത്യയിലേക്കായിരിക്കും ഒടുവില്‍ ചെന്നെത്തുക.
നാട്ടിലേക്കുള്ള യാത്രയില്‍ മുസ്തഫ തന്നെയായിരുന്നു മനസ്സില്‍
ധീരമായ ഒരു മനസ്സിന്റെ ഉടമ. മാതൃകയാക്കേണ്ട ഒരു വ്യക്തിത്വത്തിന്റെ എളിമ. എല്ലാം ഒരു കഥപോലെ തോന്നുന്നു. അല്ലേ
അന്‍സാറിന്റെ ചോദ്യമാണ് ചിന്തയെ മാറ്റിമറിച്ചത്. മുസ്തഫയുടെ കാര്യമല്ലേ. ശരിയാണ്. ആരോ പറഞ്ഞുകേട്ട ഒരു അറബിക്കഥ. വാഹനം ചുരമിറങ്ങാന്‍ തുടങ്ങി.
കോടമഞ്ഞ് പൊതിഞ്ഞ മലമടക്കുകളില്‍ അസ്തമയ പ്രഭ ചുവപ്പു നിറക്കുന്നു. പകല്‍വെളിച്ചം വറ്റിത്തീര്‍ന്ന വെപ്രാളത്തോടെ ഭൂമി നക്ഷത്രവെളിച്ചത്തെ സ്വപ്‌നം കാണുന്നു.
റോഡിനിരുവശത്തും കച്ചവടക്കാരുടെ നീണ്ട വെളിച്ചങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ഏതോ ഉത്സവക്കാഴ്ചയുടെ ഒരു മിന്നായം കടന്നുപോയി.
പെട്ടെന്നാണ് ചരല്‍ക്കല്ലുകള്‍ വാരിയെറിഞ്ഞപോലെ മഴ പെയ്യാന്‍ തുടങ്ങിയത്.
ഗ്ലാസ്സു പൊക്കുന്നതാ നല്ലത്... അന്‍സാര്‍ പറഞ്ഞു.
ഗ്ലാസുകള്‍ പൊക്കിയപ്പോള്‍ മറ്റൊരു പ്രശ്‌നം. കോടയിറങ്ങിത്തുടങ്ങിയിരിക്കുന്നു. ഗ്ലാസിന്റെ പ്രതലത്തില്‍ മഞ്ഞ് നിറഞ്ഞു.
തുടച്ചിട്ടും തുടച്ചിട്ടും മുന്നിലെ വഴി വ്യക്തമാകുന്നില്ല.
ങ് ഉം. ഇനി ഒരു കട്ടന്‍ കുടിച്ചിട്ടാകാം ബാക്കി യാത്ര.
അന്‍സാന്‍ ഒഴിഞ്ഞ ഭാഗത്ത് ഒരു കൊച്ചു ചായക്കടക്കു മുമ്പില്‍ കാര്‍ ഒതുക്കി നിര്‍ത്തി.
(തുടരും)