ഈജിപ്ത് ഭരിച്ചിരുന്ന തുര്‍ക്കി ഭരണാധികാരികളില്‍ ഒരാളായ സുല്‍ത്താന്‍ സ്വാലിഹ് നജ്മുദ്ദീന്‍ അയ്യൂബിന്റെ ഭാര്യയാണ് സുല്‍ത്താന്‍ ശജറത്തു ദുര്‍റ്. അയ്യൂബികളുടെ ഭരണം ശിഥിലമായതിനെത്തുടര്‍ന്ന് കുരിശ് സേന ബൈത്തുല്‍ മുഖദ്ദസ് പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ പരാജയപ്പെടുത്തി ബൈത്തുല്‍ മുഖദ്ദസിനെ മോചിപ്പിക്കാനും സുന്ദരമായ ഭരണം
ഈജിപ്ത് ഭരിച്ചിരുന്ന തുര്‍ക്കി ഭരണാധികാരികളില്‍ ഒരാളായ സുല്‍ത്താന്‍ സ്വാലിഹ് നജ്മുദ്ദീന്‍ അയ്യൂബിന്റെ ഭാര്യയാണ് സുല്‍ത്താന്‍ ശജറത്തു ദുര്‍റ്. അയ്യൂബികളുടെ ഭരണം ശിഥിലമായതിനെത്തുടര്‍ന്ന് കുരിശ് സേന ബൈത്തുല്‍ മുഖദ്ദസ് പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ പരാജയപ്പെടുത്തി ബൈത്തുല്‍ മുഖദ്ദസിനെ മോചിപ്പിക്കാനും സുന്ദരമായ ഭരണം കാഴ്ചവെക്കാനും സാധിച്ച ധീരവനിത എന്ന നിലക്കാണ് അവര്‍ ചരിത്രത്തില്‍ ഇടം നേടുന്നത്. സ്വാലിഹ് നജ്മുദ്ദീന്‍ കര്‍ക്കില്‍ നിന്ന് വിലക്ക് വാങ്ങിയ ഒരടിമയായിരുന്നു ശജറത്തു ദുര്‍റ്. തുര്‍ക്കി വംശജയാണ് അവര്‍. അര്‍മീനിയയാണ് അവരുടെ സ്വദേശമെന്നും അഭിപ്രായമുണ്ട്. അവരെ സ്വാലിഹ് 1239-ല്‍ അടിമയാക്കി. തുര്‍ക്കിയില്‍ താമസിക്കുന്ന കാലത്ത് അദ്ദേഹത്തിന് ഭരണാധികാരമോ ചെങ്കോലോ ഉണ്ടായിരുന്നില്ല. ശജറത്തിന്റെ സ്വഭാവമഹിമയും കഴിവും യോഗ്യതയും മൂലം അവര്‍ സ്വാലിഹിന്റെ മനം കവരുകയും ഉന്നതസ്ഥാനം നേടുകയും ചെയ്തു. പിന്നീട് സ്വാലിഹ് അവരെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് വിവാഹം കഴിക്കുകയും അവര്‍ ഖലീല്‍ എന്ന പുത്രന് ജന്മം നല്‍കുകയും ചെയ്തു. പിന്നീട് ഹിജ്‌റ 640 (1240)ല്‍ സ്വാലിഹ് ഈജിപ്തും സിറിയയും ഭരിക്കുന്ന സുല്‍ത്താനായപ്പോള്‍ ശജറത്ത് അദ്ദേഹത്തിന്റെ കൂടെ ഈജിപ്തില്‍ വന്ന് താമസമാക്കി.
കൊച്ചുനാളിലെ മരണപ്പെട്ട ഖലീല്‍ എന്ന പുത്രനിലേക്ക് ചേര്‍ത്ത് ഖലീലിന്റെ മാതാവ് എന്ന നിലക്ക് ജനങ്ങള്‍ അവരെ ഉമ്മു ഖലീല്‍ എന്നുവിളിച്ചു. എന്നാല്‍ ഇവരുടെ യഥാര്‍ഥ നാമം അജ്ഞാതമാണ്. ശജറത്തുല്‍ ദുര്‍റ് (മുത്ത് മരം) എന്ന ഓമനപ്പേരിലാണ് വാല്‍സല്യനിധിയായ പിതാവ് അബ്ദുല്ല അവരെ വിളിച്ചിരുന്നത്. അദ്ദേഹം ഒരിക്കല്‍ തന്റെ പൊന്നോമന മകള്‍ക്ക് മുത്ത് പതിച്ച ഒരു ഉടയാട സമ്മാനിച്ചു. അത് അണിഞ്ഞ് സുന്ദരിയായ മകള്‍ ഒരു മുത്തു മരത്തിന്റെ പ്രതീതി ജനിപ്പിച്ചപ്പോള്‍ അദ്ദേഹം അവരെ ശജറത്തു ദര്‍റ് എന്ന് വിളിച്ചു അങ്ങനെയാണ് അവര്‍ക്ക് ആ പേര് വീണത്.
1240-മുതല്‍ നീണ്ട 10 വര്‍ഷക്കാലം ഈജിപ്ത് ഭരിച്ച സാലിഹ് ജനക്ഷേമ തല്‍പരനായ ഭരണാധികാരിയായിരുന്നു. ഭരണരംഗത്ത് ശജറത്തു ഭര്‍ത്താവിന് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ വിലപ്പെട്ടതായിരുന്നു. തന്റെ യുക്തിയും സാമര്‍ഥ്യവും ആത്മാര്‍ഥ സ്‌നേഹവും മതിപ്പു വര്‍ധിപ്പിച്ചു. 1249 ഏപ്രിലില്‍ സുല്‍ത്താന്‍ ഈജിപ്തിനു പുറത്തേക്ക് പോയപ്പോള്‍ പ്രതിനിധിയായി ഭരണം നടത്തിയത് ശജറത്തു ദുര്‍റ് ആയിരുന്നു. തനിക്ക് പിന്‍ഗാമിയായി നാടു ഭരിക്കാന്‍ ആണ്‍മക്കളില്ലാത്തതിനാല്‍ സാലിഹ് ആരെയും നാമനിര്‍ദേശം ചെയ്തിരുന്നില്ല. ക്രിസ്ത്യാനിറ്റി അഴിഞ്ഞാടുന്ന പ്രശ്‌നസങ്കീര്‍ണമായ സാഹചര്യത്തിലാണ് സാലിഹ് മരണപ്പെട്ടത്.
കുരിശ് യുദ്ധക്കാര്‍ ഇസ്‌ലാമിക രാജ്യത്തിന് ഭീക്ഷണിയായ ഈ ഘട്ടത്തില്‍ ശജറത്ത് സാലിഹിന്റെ മരണം വെളിപ്പെടുത്തിയില്ല. അദ്ദേഹത്തെ രഹസ്യമായി മറമാടി. ശജറത്ത് കുരിശ് സേനയെ തുരത്തിയോടിക്കാന്‍ യുദ്ധം നയിച്ചു. ബൈത്തുല്‍ മുഖദ്ദസ് പിടിച്ചെടുക്കുകയും അവരുടെ കുല്‍സിത നീക്കത്തെ തടയുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇനി മേലില്‍ ഇസ്‌ലാമിക രാജ്യത്തേക്ക് വരില്ലെന്ന് ലൂയിസ് 9-ാമനെ കൊണ്ട് കരാറില്‍ ഒപ്പുവെപ്പിക്കുകയും ചെയ്തു.
പിന്നീട് റുക്‌നുദ്ദീന്‍ ബേബറിന്‍ ശജറത്തിനോട് ഈജിപ്തിന്റെ ഭരണസാരഥ്യം വഹിക്കാന്‍ ആവശ്യപ്പെട്ടു. ശജറത്തു ദുര്‍റിന്റെ പേര് മുദ്രണം ചെയ്ത നാണയങ്ങള്‍ പുറത്തിറക്കി. സമര്‍ഥമായും വിവേകത്തോടും ഭരണം നിയന്ത്രിക്കുകയും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വഴി പൊതുജനങ്ങളുമായി വളരെ അടുക്കുകയും ചെയ്തു. പക്ഷേ, 9 മാസം മാത്രമേ അവര്‍ക്ക് ഭരണം നടത്താന്‍ കഴിഞ്ഞുള്ളൂ. ദീര്‍ഘകാലം ഭരണം നടത്താന്‍ സാഹചര്യം അനുകൂലമായിരുന്നില്ല. ആഭ്യന്തര കലാപം മൂലം ഈജിപ്ത് പ്രക്ഷുബ്ധമായി. ഈജിപ്തിലും അതിന് പുറത്തും അവര്‍ക്കെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടു. ഈജിപ്തിന്റെ സിംഹാസനത്തില്‍ ഒരു സ്ത്രീ ഇരിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രഭുക്കള്‍ പ്രകടനം നടത്തി. സ്ത്രീ ഭരണം നടത്തുന്നത് ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ് പണ്ഡിത-പുരോഹിത വര്‍ഗവും രംഗത്തിറങ്ങി. ബാഗ്ദാദിലെ അബ്ബാസിയ ഭരണകൂടവും ശജറത്തിനെ പിന്തുണച്ചില്ല. അക്കാലത്തെ അബ്ബാസി ഖലീഫ മുഅ്തസിം ഈജിപ്തിലേക്ക് ഇപ്രകാരം കത്തെഴുതി. 'നിങ്ങളുടെ അടുക്കല്‍ പുരുഷന്മാരില്ലെങ്കില്‍ അക്കാര്യം ഞങ്ങളെ അറിയിക്കുക. ഞങ്ങള്‍ നിങ്ങള്‍ക്കൊരു പുരുഷനെ അയച്ചുതരാം.' ഇസ്‌ലാമിക ലോകത്ത് ആദ്യമായി ഭരണം നടത്തിയ സ്ത്രീയായിരുന്നില്ല ശജറത്ത്. അവര്‍ക്ക് മുമ്പ് റസിയ സുല്‍ത്താന (1236 - 1240) ഡല്‍ഹി ആസ്ഥാനമാക്കി ഇന്ത്യ ഭരിച്ചിട്ടുണ്ട്. അര്‍വാബിന്‍ത് അഹ്മദും യമനില്‍ ഭരണം നടത്തിയിട്ടുണ്ട്. റസിയ സുല്‍ത്താനയെ പോലെ ശജറത്ത് ആണ്‍വേഷത്തില്‍ നടക്കുകയോ, ആണുങ്ങള്‍ക്കിടയില്‍ ഇറങ്ങിപ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നില്ല. ഹിജാബിന്റെ പിന്നില്‍ നിന്ന് മാത്രമായിരുന്നു അവര്‍ ജനങ്ങളുമായി സംവദിച്ചിരുന്നത്.
എങ്ങനെയെങ്കിലും സ്ത്രീകളെ അപമാനിക്കുക എന്നതല്ലാതെ അതിന്റെ ഇസ്‌ലാമിക മാനമൊന്നുമായിരുന്നില്ല തല്‍പരകക്ഷികളുടെത്. സുലൈമാന്‍ നബിയുടെ സമകാലികയായ ബല്‍ഖീസ് രാജ്ഞിയെ തന്റേടിയും വിവേകിയുമായ ഭരണാധികാരിയായി ഖുര്‍ആന്‍ എടുത്ത് കാട്ടിയത് അവര്‍ സൗകര്യപൂര്‍വം വിസ്മരിച്ചു. 'ഒരു സ്ത്രീയെ ഭരണത്തിലേറ്റിയ ജനത വിജയിക്കുകയില്ല.' എന്നൊരു ഹദീസാകും അവര്‍ക്ക് ചൂണ്ടികാണിക്കാനുണ്ടാവുക. പേര്‍ഷ്യ ഭരിച്ചിരുന്ന, ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തിയ കിസ്‌റയുടെ മകളെ കുറിച്ചാണ് പ്രവാചകന്‍ അങ്ങനെ പറഞ്ഞതെന്ന കാര്യം വിസ്മരിക്കാവതല്ല. ഇസ്‌ലാമിക ചിട്ടങ്ങള്‍ പാലിക്കുന്ന മുസ്‌ലിം ഭരണാധികാരിക്ക് ഈ ഹദീസ് ബാധകമല്ല.
ഈ സന്നിഗ്ദ ഘട്ടത്തില്‍ ഭരണം ഒഴിഞ്ഞ് കൊടുക്കുകയല്ലാതെ ശജറത്തിന് നിര്‍വാഹമുണ്ടായില്ല. സ്വാലിഹിന് ശേഷം തന്നെ വിവാഹം കഴിച്ച തന്റെ മന്ത്രി ഇസ്സുദ്ദീന്‍ ഐബക്ക് അതാബകിന് അവര്‍ സിംഹാസനം ഒഴിഞ്ഞുകൊടുത്തു. 80 ദിവസത്തെ നീതിയുക്തമായ ഭരണം അവസാനിപ്പിച്ച് കേവലം ഗൃഹനായികയായി ഭര്‍ത്താവിന്റെ വീട്ടില്‍ ചുരുണ്ടു കൂടുകയായിരുന്നില്ല അവര്‍ ചെയ്തത്. ഭര്‍ത്താവിനെ മറയാക്കി യഥാര്‍ഥത്തില്‍ നാട് ഭരിച്ചിരുന്നത് ശജറത്ത് തന്നെയായിരുന്നു. ഭരണത്തിന്റെ മുന്‍പരിചയവും അനുഭവസമ്പത്തും ധിഷണയും ഭരണതന്ത്രവും സ്വായത്തമാക്കിയ ശജറത്തിന് ഭര്‍ത്താവിനെ തന്റെ കരവലയത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞു. അങ്ങനെ നാടിന്റെ നാഡിമിടിപ്പ് മനസ്സിലാക്കി അസൂയാര്‍ഹമായ ഒരു ഭരണം കാഴ്ചവെച്ചു. പക്ഷേ, പ്രഭുക്കളുടെയും പുരോഹിതരുടെയും പ്രതിപക്ഷത്തിന്റെയും ഉപജാപങ്ങള്‍ മൂലം അത് അധികനാള്‍ നീണ്ടുനിന്നില്ല.
ഭരണാധികാരിയെയും ശജറത്തിനെയും തമ്മില്‍ കുത്തിത്തിരിപ്പുണ്ടാക്കി പിണക്കുന്നതില്‍ എതിരാളികള്‍ വിജയിച്ചു. ഒരു പ്രത്യേക ചുറ്റുപാടില്‍ ശത്രുക്കളുടെ ചതിപ്രയോഗം കാരണം 1257 (ഹി. 655)ല്‍ റബീഉല്‍ അവ്വല്‍ 23-ന് ഇസ്സുദ്ദീന്‍ ഐബക് ദാരുണമായി കൊല്ലപ്പെട്ടു. അത് ശജറത്തിന്റെ ചതിയാണെന്ന് ആരോപിച്ച് ഐബക്കിന്റെ ആദ്യഭാര്യ മെതിയടികൊണ്ട് ശജറത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി. അനന്തരം കോട്ടക്ക് മുകളില്‍ നിന്ന് താഴേക്ക് എറിയുകയും ചെയ്തു. ഇങ്ങനെ ജനമനസ്സുകളിലും കാതുകളിലും കുറച്ചുകാലം നിറസാന്നിധ്യമായി പ്രഷോഭിച്ച് ഇതിഹാസം കുറിച്ച ഈജിപ്ത് രാജ്ഞി ശജറത്തുല്‍ ദുര്‍റ് 1257-ല്‍ (ഹിജ്‌റ 655) മെയ് മാസം 3-ന് കൈറോവില്‍ വെച്ച് ലോകത്തോട് വിടപറഞ്ഞു.