ഞങ്ങള്‍ ചിതലുകള്‍. മനുഷ്യര്‍ക്ക് പണ്ടേ ഞങ്ങളെ ഇഷ്ടമല്ല. കാരണം, അവര്‍ക്ക് വിലപ്പെട്ടതെല്ലാം ഞങ്ങള്‍ ഭക്ഷിക്കുന്നു. ഞങ്ങളെ കണ്ടാല്‍ അവര്‍ ഉടനെ നശിപ്പിക്കുന്നു. കാല്‍ക്കീഴിലിട്ട് ഞെരിച്ചോ, മണ്ണെണ്ണ ഒഴിച്ചോ, മരുന്ന് വിതറിയോ അവര്‍ ഞങ്ങളെ ഉന്മൂലനം ചെയ്യും
ഞങ്ങള്‍ ചിതലുകള്‍. മനുഷ്യര്‍ക്ക് പണ്ടേ ഞങ്ങളെ ഇഷ്ടമല്ല. കാരണം, അവര്‍ക്ക് വിലപ്പെട്ടതെല്ലാം ഞങ്ങള്‍ ഭക്ഷിക്കുന്നു. ഞങ്ങളെ കണ്ടാല്‍ അവര്‍ ഉടനെ നശിപ്പിക്കുന്നു. കാല്‍ക്കീഴിലിട്ട് ഞെരിച്ചോ, മണ്ണെണ്ണ ഒഴിച്ചോ, മരുന്ന് വിതറിയോ അവര്‍ ഞങ്ങളെ ഉന്മൂലനം ചെയ്യും.
എന്നാല്‍, ഭക്ഷിക്കാന്‍ പറ്റുന്നതെന്തും ഭക്ഷിക്കുക എന്നത് ഞങ്ങളുടെ ജീവിതചര്യയാണ്. അതില്‍ പരിഭവിച്ചിട്ടു കാര്യമില്ല. എല്ലാം അറിയുന്നവരാണെന്ന് നടിക്കുന്നവരാണല്ലോ നിങ്ങള്‍ മനുഷ്യന്മാര്‍? എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ ഒന്നും അറിയില്ല എന്നതാണ് വാസ്തവം.
മനുഷ്യരേക്കാള്‍ ഒരുപടി മുന്നിലാണ് ജിന്നുകള്‍. അവര്‍ക്ക് പലതും കാണാം, കേള്‍ക്കാം. എന്നാല്‍ മനുഷ്യന് അതിനുള്ള കഴിവില്ല. മനുഷ്യരില്‍ ചിലര്‍ പറയുന്നു, ജിന്നുകള്‍ക്ക് അദൃശ്യകാര്യങ്ങള്‍ അറിയാനുള്ള കഴിവുണ്ടെന്ന്. എന്നാല്‍ ഞങ്ങള്‍ ചിതലുകള്‍ പറയുന്നു, ജിന്നുകള്‍ക്ക് അദൃശ്യകാര്യങ്ങള്‍ അറിയാനുള്ള കഴിവില്ലെന്ന്. അങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് എന്തു ന്യായമാണ് പറയാനുള്ളത് എന്ന് നിങ്ങള്‍ സംശയിച്ചേക്കാം. ഈ കഥയുടെ അവസാനഭാഗത്ത് നിങ്ങള്‍ക്ക് ആ സത്യം ബോധ്യപ്പെടും.
അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍ ദൈവം മാത്രമാണ്. അവന് മാത്രമേ അതിനുള്ള കഴിവുള്ളൂ. ആദൃശ്യകാര്യങ്ങള്‍ അറിയില്ല എന്ന് പറഞ്ഞതുകൊണ്ട് ജിന്നുകള്‍ക്ക് ശക്തിയില്ല എന്ന് ധരിക്കേണ്ട. അപാരമായ സിദ്ധിയും ശക്തിയും അവര്‍ക്കുണ്ട്. എന്നാല്‍, അത് അവര്‍ സ്വയം ആര്‍ജിച്ചതല്ല. ദൈവം നല്‍കിയതാണ്.
ചരിത്രത്തില്‍നിന്ന് ഒന്നുരണ്ട് സംഭവങ്ങള്‍ പറയാം. മൂസാ നബി (മോസസ്സ്) ഫിര്‍ഔനിന്റെ (ഫറോവ) മുന്നില്‍ അദ്ദേഹത്തിന്റെ കൈയിലുള്ള വടി എറിയുന്നു. അത്ഭുതം! അത് പാമ്പുകള്‍ ആയി മാറുന്നു. ഭീമാകാരം പൂണ്ട ആ പാമ്പുകള്‍ മറ്റു പാമ്പുകളെ വിഴുങ്ങാന്‍ തുടങ്ങി. അതുകണ്ട് ഫിര്‍ഔന്‍ ഞെട്ടി വിറച്ചു. മനസ്സിലെ ഭീതി ഒളിപ്പിച്ചുകൊണ്ട് ഫിര്‍ഔന്‍ പറഞ്ഞു, 'നീ കാണിച്ചത് വെറും ജാലവിദ്യയാണ്'. പിന്നെ, ഫിര്‍ഔനിന്റെ സൈന്യത്തില്‍നിന്നും രക്ഷപ്പെടാനായി, സ്വന്തം അനുയായികളുമായി മൂസാ നബി ചെങ്കടല്‍തീരത്ത് അണയുന്നു. അനന്തരം വടികൊണ്ട് കടലില്‍ അടിക്കുന്നു. അത്ഭുതം! കടല്‍ രണ്ടായി വഴിമാറുന്നു. മൂസാ നബിയും അനുയായികളും മറുകര കടക്കുന്നു. ഈ അത്ഭുതം സംഭവിച്ചത് മൂസാ നബിയുടെ കഴിവുകൊണ്ടാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഒരിക്കലുമല്ല. ദൈവം അദ്ദേഹത്തിന് നല്‍കിയ അപാരശക്തികൊണ്ട് മാത്രം സംഭവിച്ചതാണ്.
ഈസാ നബി (യേശുക്രിസ്തു) കുരുടന്മാര്‍ക്ക് കാഴ്ച നല്‍കി. അഞ്ചപ്പം അയ്യായിരമാക്കി. പച്ചവെള്ളം മുന്തിരിച്ചാറാക്കി. കടലിനുമുകളിലൂടെ നടന്നു. അതൊന്നും ഈസാ നബിയുടെ കഴിവായിരുന്നില്ല. ദൈവം നല്‍കിയ അപാരസിദ്ധിയായിരുന്നു.
മഹാനായിരുന്നു സുലൈമാന്‍ നബി (സോളമന്‍). പ്രഗത്ഭനായ ഭരണാധികാരി. അദ്ദേഹം ജിന്നുകളെയും, ഭൂതഗണങ്ങളെയും ആജ്ഞാനുവര്‍ത്തികളാക്കി കൂടെ നിര്‍ത്തിയിരുന്നു. അദ്ദേഹത്തിന് പക്ഷിമൃഗാദികളുടേയും, ഉറുമ്പുകളുടേയും ഭാഷ അറിയാമായിരുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പക്ഷിയായിരുന്നു മാര്‍ഹാല എന്ന മരംകൊത്തി. യമനിലേക്ക്... ബള്‍ക്കീസ് രാജ്ഞി (ശേബാരാജ്ഞി)യുടെ കൊട്ടാരത്തിലേക്ക് സന്ദേശവാഹകനായി അദ്ദേഹം മരംകൊത്തിയെ പറഞ്ഞയച്ച കഥ നിങ്ങള്‍ കേട്ടിരിക്കുമല്ലോ ?
ഈ ലോകത്തിലെ സര്‍വ ചരാചരങ്ങള്‍ക്കും, ഒരു ദിവസം ഭക്ഷണം നല്‍കി അവരെ തൃപ്തിപ്പെടുത്തണമെന്ന ആഗ്രഹം സുലൈമാന്‍ നബിക്ക് ഉണ്ടായി. അദ്ദേഹം തന്റെ ആഗ്രഹം ദൈവത്തോട് പറഞ്ഞു.
'''നിനക്ക് അതിന് കഴിയുമോ?'
''കഴിയും, നിന്റെ സഹായമുണ്ടെങ്കില്‍'''
''ശരി. സമ്മതം തന്നിരിക്കുന്നു.''' ദൈവം മറുപടി നല്‍കി.
ശ്രമകരമായ ഒരു പ്രവൃത്തിയാണ് താന്‍ ഏറ്റെടുത്തതെന്ന് അദ്ദേഹത്തിന് നല്ല ബോധമുണ്ടായിരുന്നു. എങ്കിലും ഒരു വെല്ലുവിളിപോലെ അദ്ദേഹം അത് ഏറ്റെടുത്തു. ഒടുവില്‍ ലോകത്തിലെ സര്‍വജീവജാലങ്ങള്‍ക്കും അദ്ദേഹം സുഭിക്ഷമായി ഭക്ഷണം നല്‍കി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തോടെ അദ്ദേഹം കടല്‍തീരത്തേക്ക് നടന്നു. അകലെനിന്നും അലകടലിന്റെ ഹൃദയം കീറിമുറിച്ചുകൊണ്ട് ഒരു നീല തിമിംഗലം കരയോടടുത്ത് വന്നു. തിമിംഗലത്തിനോട് സുലൈമാന്‍ നബി ചോദിച്ചു.
''അല്ലയോ തിമിംഗലമേ... നിന്റെ വിശപ്പ് അടങ്ങിയില്ലേ ? നിനക്ക് തൃപ്തിയായില്ലേ?'''
''ഇല്ല നബിയേ... എന്റെ വിശപ്പടങ്ങിയിട്ടില്ല. വയര്‍ നിറഞ്ഞില്ല.''' തിമിംഗലം പറഞ്ഞു.
ആ നിമിഷം സര്‍വ്വജ്ഞനെന്ന് അഹങ്കരിച്ചിരുന്ന നബിയുടെ തല കുനിഞ്ഞുപോയി. അദ്ദേഹത്തില്‍നിന്നും അഹന്തയുടെ ഫണം താനെ കൊഴിഞ്ഞുവീണു. മുകളിലേക്ക് കൈ ഉയര്‍ത്തികൊണ്ട് അദ്ദേഹം പറഞ്ഞു.
''റബ്ബേ... ! നീതന്നെ വലിയവന്‍. നിന്നെ ജയിക്കാന്‍ ഈ ലോകത്ത് ആരുമില്ല.'''
ഇത്രയും കാര്യങ്ങള്‍ വിശദമായി ഞങ്ങള്‍ സംസാരിച്ചത് എന്തിനാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? ഇല്ലെങ്കില്‍ പറയാം. ഈ കഥ യുഗങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ പൂര്‍വ്വികരിലൊരുവനായ കുഞ്ഞുചിതല്‍ നേടിയ പ്ലസ് പോയിന്റിന്റെ കഥ പറയാനാണ്.
യാത്രയില്‍ എങ്ങിനെയോ വഴിതെറ്റി ഞങ്ങളുടെ പൂര്‍വ്വികനായ ഒരു ചിതല്‍ സുലൈമാന്‍ നബി ദൈവാരാധന നടത്തുന്ന മിഹ്‌റാബിനടുത്ത് വന്നുപെട്ടു. മിഹ്‌റാബിന്റെ ശില്‍പ്പഭംഗി കണ്ട് ചിതല്‍ അത്ഭുതപ്പെട്ടു. വര്‍ണ്ണകംബളം വിരിച്ച മാര്‍ബിള്‍ തറ. തിളങ്ങുന്ന സ്ഫടിക ഭിത്തികള്‍. അവിടെ സ്വര്‍ണ്ണ കസേര. എന്തൊരു മനോഹരമായ ദൃശ്യം. ചിതല്‍ കുറച്ചുകൂടെ അടുത്ത് ചെന്നു. ആ സ്വര്‍ണ്ണക്കസേരയില്‍ താടിമേല്‍ വടി കുത്തിപ്പിടിച്ച് ഒരു ധ്യാനത്തിലെന്നപോലെ സുലൈമാന്‍ നബി ഇരിക്കുന്നു. അദ്ദേഹം തന്നെ കണ്ടുകാണുമോ? ചിതലിന്റെ ഉള്ളില്‍ ഭയം ചിറകടിച്ചു. കാരണം സുലൈമാന്‍ നബിയുടെ മിഹ്‌റാബില്‍ കടന്നുചെല്ലാന്‍ ഒരാളും ധൈര്യപ്പെടുകയില്ല. ആ സ്ഥലത്താണ് പാവം ഞാന്‍ ചെന്നുപെട്ടിരിക്കുന്നത്. എന്തുസംഭവിച്ചാലും സുലൈമാന്‍ നബി ഇരിക്കുന്ന സ്ഥലത്തേക്ക് എനിക്ക് പോയേ പറ്റൂ. കാരണം വിശപ്പ് എന്റെ ആമാശയത്തെ കത്തിക്കുന്നു. അതുകൊണ്ട് നബിയുടെ കൈയ്യിലുള്ള വടി ഭക്ഷിച്ചേ പറ്റൂ. ചിതല്‍ മെല്ലെ അരിച്ചരിച്ച് വടിയുടെ സമീപത്തെത്തി.
''പ്രഭോ! മാപ്പ് തരണം. വല്ലാത്ത വിശപ്പുള്ളതിനാലും, ഭക്ഷിക്കാന്‍ മറ്റൊന്നും ഇവിടെ കാണാത്തതിനാലും ഞാന്‍ അങ്ങയുടെ വടി തിന്നാന്‍ പോകുകയാണ്.'''
നബിയില്‍നിന്നും മറുപടി ഒന്നും വന്നില്ല. ചിതലിന് സംശയമായി. അത് നബിയുടെ സമീപത്തേക്ക് അരിച്ചുചെന്നു.
''പ്രഭോ അങ്ങ് ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ലയോ ?'''
ഒരു പ്രതികരണവും ഇല്ലാത്തതിനാല്‍ ചിതല്‍ നബിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. നബിയുടെ കണ്ണുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നു. ചുണ്ടുകള്‍ വെള്ളാമ്പിച്ചിരിക്കുന്നു. പെട്ടെന്ന് ചിതലിന്റെ നെഞ്ചില്‍ ഒരു പിടച്ചിലുണ്ടായി.
''തമ്പുരാനേ... !'''
സുലൈമാന്‍ നബി മരിച്ചിരിക്കുന്നു.! മരണം നടന്നിട്ട് ഒരുപാട് കാലം കഴിഞ്ഞിരിക്കുന്നു. ചിതല്‍ പിന്നെ ഒന്നും ആലോചിച്ചില്ല. വടിയുടെ ഒരു ഭാഗം കാര്‍ന്നുതിന്നാന്‍ തുടങ്ങി. അത് അമരിവൃക്ഷത്തിന്റെ തടിയായിരുന്നു. അമരിയെ കുറിച്ചോര്‍ത്തപ്പോള്‍.. നാശത്തിന്റെ കുളമ്പടി നാദമാണ് ചിതല്‍ കേട്ടത്. നാശം ! സര്‍വ്വത്ര നാശം ! വടിയുടെ ഉടമസ്ഥന്‍ മരിച്ചിരിക്കുന്നു. താമസിയാതെ ആ സാമ്രാജ്യം ഉടനെ നിലംപൊത്തും.
പാതിയിലധികം തിന്നുകഴിഞ്ഞപ്പോള്‍ വടിക്ക് ഇളക്കം തട്ടി. അപ്പോള്‍... സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് നബി സിംഹാസനത്തില്‍നിന്നും താഴെ വീണു!
അതുകണ്ട് മിഹ്‌റാബിന് ചുറ്റും കാവല്‍ നിന്നിരുന്ന ജിന്നുകള്‍ ആകെ പരിഭ്രമിച്ചുപോയി. തങ്ങളുടെ സംരക്ഷകന്‍ മരിച്ചിരിക്കുന്നു. ഈ സത്യം തങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റിയില്ല.
ജിന്നുകളുടെ പരിഭ്രമം കണ്ട് ചിതലിന് ചിരിവന്നു. എല്ലാം അറിയുന്നവര്‍ എന്ന് ധരിക്കുന്നവരുടെ നിസ്സഹായാവസ്ഥ കണ്ടാല്‍ പിന്നെ എങ്ങനെ ചിരി വരാതിരിക്കും.
ഇതാണ് അന്ന് സംഭവിച്ചത്. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ, ജിന്നുകള്‍ക്ക് അദൃശ്യകാര്യങ്ങള്‍ അറിയുവാനുള്ള കഴിവില്ലെന്ന്. അത് തിരിച്ചറിയാന്‍ നിങ്ങള്‍ കാല്‍ക്കീഴിലിട്ട് ഞെരിക്കുന്ന ഞങ്ങളുടെ പൂര്‍വ്വികരില്‍ ഒരാള്‍തന്നെ വേണ്ടിവന്നു. അതില്‍ ഞങ്ങള്‍ക്ക് അനല്‍പ്പമായ അഭിമാനമുണ്ട്.
ഞങ്ങള്‍ക്ക് അറിയാം ഇതിലും ദൈവത്തിന്റെ ഇടപെടലുണ്ട്. അല്ലാതെ നിസ്സാരക്കാരായ ഞങ്ങളില്‍ ഒരാള്‍ക്ക് ഇതിന് കഴിയുകയില്ല.
ദൈവം വലിയവനാണ്.... ആരെയും കുറച്ചുകാണുന്നവനല്ല, ആ സ്‌നേഹസ്വരൂപന്‍...