ബാല്‍ക്കന്‍ പെനിന്‍സുലയില്‍ തെക്കുകിഴക്കായി നമുക്ക് ബള്‍ഗേറിയ എന്ന രാജ്യത്തെ കാണാന്‍ കഴിയും. കടലോര മേഖലകള്‍, പര്‍വതങ്ങള്‍ പ്രകൃതിരമണീയമായ സ്ഥലങ്ങള്‍, ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവയാല്‍ പ്രസിദ്ധമാണ് ബള്‍ഗേറിയ. വിശ്രമ യോഗ്യമായ സ്ഥലമായതുകൊണ്ടും പുരാതന അവശിഷ്ടങ്ങള്‍ കാണാനായും ചരിത്രാതീത ക്രിസ്ത്യന്‍ പാരമ്പര്യം അറിയാനായും മറ്റും നിരവധി
ബാല്‍ക്കന്‍ പെനിന്‍സുലയില്‍ തെക്കുകിഴക്കായി നമുക്ക് ബള്‍ഗേറിയ എന്ന രാജ്യത്തെ കാണാന്‍ കഴിയും. കടലോര മേഖലകള്‍, പര്‍വതങ്ങള്‍ പ്രകൃതിരമണീയമായ സ്ഥലങ്ങള്‍, ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവയാല്‍ പ്രസിദ്ധമാണ് ബള്‍ഗേറിയ. വിശ്രമ യോഗ്യമായ സ്ഥലമായതുകൊണ്ടും പുരാതന അവശിഷ്ടങ്ങള്‍ കാണാനായും ചരിത്രാതീത ക്രിസ്ത്യന്‍ പാരമ്പര്യം അറിയാനായും മറ്റും നിരവധി ടൂറിസ്റ്റുകള്‍ ബള്‍ഗേറിയയില്‍ എത്തുന്നുണ്ട്
ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയിലൂടെ തന്നെ ഇസ്‌ലാം മത വിശ്വാസികള്‍ക്ക് അവരുടെതായ ഒരു സമൂഹം ഉണ്ടാക്കാന്‍ ബള്‍ഗേറിയന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ബള്‍ഗേറിയയിലെ ഇസ്‌ലാമിക ചരിത്രം 14-ാം CE (Common Era)യില്‍ അവരുടെ ഫലഭൂയിഷ്ഠമായ മണ്ണ്കീഴടക്കുകയും, രാജ്യത്തെ രാജാധികാരത്തിന്റെ പരിധിയില്‍ നിന്ന് യൂറോപ്യന്‍ പരിധിക്കുള്ളില്‍ കൊണ്ടുവരികയും ചെയ്ത ഓട്ടോമന്‍ സാമ്രാജ്യത്തില്‍ നിന്നും തുടങ്ങുന്നു.
അഞ്ചുനൂറ്റാണ്ടുകാലം ഭരണം തുടര്‍ന്ന ഓട്ടോമന്‍ സാമ്രാജ്യം ഇത്രയും കെല്‍പ്പുള്ളതും എല്ലാം തികഞ്ഞതുമായ ഒരു സമൂഹമായി വാര്‍ത്തെടുത്തതിനാല്‍ ചരിത്രം ഉണ്ടാക്കിത്തീര്‍ത്ത യാതനകളില്‍ നിന്നും അവര്‍ വേഗം തന്നെ കരകയറി.
തീര്‍ച്ചയായും ഈ അടുത്തകാലം വരെ ബള്‍ഗേറിയയില്‍ മുസ്‌ലിമായി ജീവിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. ബള്‍ഗേറിയന്‍ മുസ്‌ലിംകള്‍ക്ക് സഹോദര രാഷ്ട്രങ്ങളായ ബോസ്‌നിയയെയും ഹംഗറിയെയും പോലെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ലെങ്കിലും അവര്‍ക്ക് അവരുടെതായ കഷ്ടപ്പാടുകള്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ചരിത്രം അവരുടെ, വിവിധ സംസ്‌കാരങ്ങളുമായി ഒത്തൊരുമിച്ചു കഴിയുന്നതിനുള്ള സഹനശേഷി മൊത്തമായി തുടച്ചുനീക്കിയിരുന്നില്ല. യുവത്വപരമായ ജിജ്ഞാസക്ക് പരിധിയില്ല, അതുന്നെയാണ് ബള്‍ഗേറിയന്‍ ജനതയുടെ മനോവിശാലതക്ക് കാരണവും. ബള്‍ഗേറിയയിലെ യുവാക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കിട്ടുന്നതിനാല്‍ അവര്‍ക്ക് നല്ല ജോലിയും മെച്ചപ്പെട്ട സാമൂഹിക ഉന്നതിയും ഉണ്ടാവുന്നു.
പ്രധാനമായും ബള്‍ഗേറിയന്‍ മുസ്‌ലിംകളെ Phodope എന്ന മല നിരകളിലെ ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും കണ്ടുവരുന്നു. അവിടത്തെ മുസ്‌ലിം അവരുടെ പിതാക്കന്മാര്‍ കൊണ്ടുനടന്ന ഇസ്‌ലാമിനെ ചേര്‍ത്തുപിടിക്കുകയും സ്വയം മുസ്‌ലിമായി വിശേഷിപ്പിക്കുന്നതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നവരാണ്.
തെക്ക് വടക്ക് സ്ഥിതി ചെയ്യുന്ന Phodope മലനിരകള്‍ അവിശ്വസനീയവും പ്രകൃതിരമണീയവുമായ സ്ഥലമാകുന്നു. ഇപ്പോഴും പഴയ ഹീറോസിന്റെയും മറ്റും ചരിത്രം അവിടുത്തെ താഴ്‌വരകള്‍ കൊണ്ടുനടക്കുന്നു. സര്‍വശക്തനായ ദൈവത്തിന്റെ കഴിവുകളെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരാള്‍ക്ക് എത്ര നേരമെങ്കിലും ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിച്ചിരിക്കാം. ബാങ്ക് വിളികള്‍ വളരെ കൃത്യതയോടെ കേള്‍ക്കാം. എല്ലായിടത്തും അവിടത്തെ ജനങ്ങള്‍ ആ മണ്ണിന്റെ വിശ്വസ്ത സുഹൃത്തുക്കളാകുന്നു. അവര്‍ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവരും പഴമക്കാര്‍ പഠിപ്പിച്ച രീതിയില്‍ ഇസ്‌ലാമിന്റെ രീതികളും മറ്റും ഉയര്‍ത്തിപ്പിടിക്കുന്നവരുമാണ്. റമദാന്‍ മാസത്തില്‍ എല്ലാവിധ തിന്മകളില്‍ നിന്നും വിട്ടകന്ന് അന്നവും പാനീയവും അനാവശ്യമായതെന്തും ഒഴിവാക്കി നോമ്പനുഷ്ഠിക്കുന്നവരാണ് ബള്‍ഗേറിയക്കാര്‍.
നോമ്പുകാലത്ത് ഗ്രാമപ്രദേശവാസികള്‍ നേരത്തേ എണീക്കുകയും അത്താഴം കഴിക്കുകയും ചെയ്യും. നോമ്പ് അവിടെയൊരു ആഘോഷം തന്നെയാണ്. വേനല്‍ക്കാലം നോമ്പിന്റെ ദൈര്‍ഘ്യം ചിലപ്പോള്‍ കൂടുമെങ്കിലും നോമ്പെടുക്കുന്നവര്‍ക്ക് അവരുടെ ജോലികള്‍ക്ക് സമയക്രമീകരണമൊന്നുമില്ല. പ്രത്യേകിച്ചും കൃഷിപോലത്തെ കാര്യങ്ങള്‍. അതൊരിക്കലും നമുക്ക് തോന്നിയപോലെ ചെയ്യാന്‍ പറ്റുന്നതല്ല. ഇത് രാജ്യത്തെല്ലായിടത്തും ബാധകമാണ്. ഇവിടെ മുസ്‌ലിമാവുകയെന്നത് വെല്ലുവിളി തന്നെയാണ്. നോമ്പുകാലത്തും ദിവസങ്ങളെപ്പോഴും പഴയതുപോലെത്തന്നെയാണ്. ജനങ്ങള്‍ അവരുടെ കടമകളും കര്‍ത്തവ്യങ്ങളുമായി നോമ്പിന്റെ ഓരോ ദിവസവും തുടങ്ങും. മഗ്‌രിബിന്റെ ബാങ്കുവിളി ഉയരാനാകുമ്പോഴേക്കും നോമ്പുതുറക്കുള്ള സജ്ജീകരണങ്ങള്‍ എല്ലായിടത്തും ഒരുക്കിയിട്ടുണ്ടാവും. അന്തരീക്ഷമാകെ ഭക്തിയുടെ നിറവിലായിരിക്കും. നോമ്പുകാരെല്ലാവരും പള്ളികളില്‍ ഒരുമിച്ചു കൂടും. പള്ളികളിലും വീടുകളിലും മാത്രമല്ല ഭക്തിയാലുള്ള സന്തോഷവും ആഹ്ലാദവും തെരുവില്‍ കൂടി പ്രകടമാവും. ബള്‍ഗേറിയയില്‍ പൊതുവെ നോമ്പുതുറ വളരെ ലളിതമാണ്. ഈത്തപ്പഴവും ഒരു ബൗളില്‍ നിറയെ സൂപ്പും കുറച്ചു ബ്രഡ്ഡും ഇതിനൊപ്പം വീട്ടിലുണ്ടാക്കിയ പ്രത്യേക തരം ഭക്ഷണവും. ഇതല്ലാതെ കുറച്ചു പഴവര്‍ഗങ്ങളും ഉണ്ടാകും. പരിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞതുപോലെ ഭക്ഷണത്തിലെ ധാരാളിത്തം ഒഴിവാക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കും. ചിലയിടങ്ങളില്‍ ധനികരായ മുസ്‌ലിംകള്‍ സാമ്പത്തിക സുസ്ഥിരതയില്ലാത്തവര്‍ക്ക് അവരെ സഹോദരന്മാരായി കണ്ട് അവര്‍ക്കുള്ള ഭക്ഷണം കൊടുക്കും. നോമ്പുതുറക്കു ശേഷം പുരുഷന്മാര്‍ പ്രദേശത്തുള്ള കഫേകളില്‍ പോകുകയും അവിടെനിന്ന് ചെറിയൊരു ചായ കുടിക്കുകയും ദേശീയ അന്തര്‍ദേശീയ ചര്‍ച്ചകളില്‍ മുഴുകുകയും ചെയ്യുന്നത് ഒരു പാരമ്പര്യം പോലെയാണ്. നോമ്പിന്റെ ക്ഷീണ മൊന്നും രാത്രി നമസ്‌കരത്തില്‍ കാണില്ല. എല്ലാവരും പള്ളികളിലേക്ക് വരും. നോമ്പിനെ വെറുതെയാക്കാതെ വിശ്വാസം ബലപ്പെടുത്തുന്നതിനു വേണ്ടി ഖുര്‍ആന്‍ പാരായണത്തിലും പാപമോചന പ്രാര്‍ഥനയിലും സന്മാര്‍ഗത്തിനായുള്ള പ്രാര്‍ഥനയിലും ചെലവഴിക്കും.
പിന്നെ എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്ന ഈദുല്‍ ഫിത്വര്‍. ബള്‍ഗേറിയന്‍ മുസ്‌ലിംകള്‍ അതിനെ റംസാന്‍ Bayram അല്ലെങ്കില്‍ Sheker bayaram എന്നു പറയും. ബള്‍ഗേറിയന്‍ മുസ്‌ലിംകള്‍ തുര്‍ക്കി ഭാഷയാണ് പൊതുവെ ഉപയോഗിക്കുന്നത്. Sheker എന്നതിന് തുര്‍ക്കി ഭാഷയില്‍ മധുരം എന്നാണ് പറയുക. അവിടെ പ്രത്യേകമായി കൊടുക്കുന്ന ഭക്ഷണത്തിനാണ് ഇതു പറയുന്നത്. ഈദുല്‍ ഫിത്വറിന് പറയുന്ന മറ്റൊരു പേരാണ് Kyuchuk Bayram . ശരിക്കുള്ള നോമ്പ് പെരുന്നാളിന്റെ ഒരുദിവസം മുമ്പാണെന്നു പറയാം. പള്ളികളിലെ ഗേറ്റുകള്‍ വെകുന്നേരത്തെ പ്രാര്‍ഥനക്കായി തുറക്കപ്പെടുന്നതോടെ ആഘോഷം തുടങ്ങുകയായി. പാരമ്പര്യ ആചാരമെന്നമെന്ന നിലയില്‍ കുട്ടികളും യുവാക്കളും മുതിര്‍ന്നവരുെട കൈമുത്താന്‍ കാത്തിരിക്കും. അത് സ്‌നേഹത്തിന്റെയും ആദരവിന്റെയും ചിഹ്നം മാത്രമല്ല, കലഹങ്ങളും വെറുപ്പും പൊറുത്തുതരാനുള്ള അപേക്ഷ കൂടിയാണ്. കുട്ടികള്‍ക്ക് മധുരവും പൈസയും മറ്റു ഗിഫ്റ്റുകളും പെരുന്നാള്‍ സമ്മാനമായി കൊടുക്കും. ഇത് എല്ലാ ഹൃദയങ്ങളിലും സന്തോഷം നിറക്കും. പെരുന്നാള്‍ ദിനത്തില്‍ വീട്ടമ്മമാര്‍ പലതരത്തിലുളള കേക്കുകളും സ്‌പെഷല്‍ സ്വീറ്റ്‌സും ഉണ്ടാക്കി അയല്‍വാസികളെയും കുടുംബക്കാരെയും മറ്റും സന്ദര്‍ശിക്കുകയും ചെയ്യും.
കുട്ടികള്‍ എന്നും ഉല്ലാസഭരിതരായി നടക്കുന്നു. ഒരു തരത്തിലുള്ള വിദ്വേഷപരമായ നോട്ടങ്ങളും അവര്‍ അനുഭവിക്കുന്നേയില്ല. പാവപ്പെട്ടവരും ഇവിടെ മറക്കപ്പെട്ട വിഭാഗമല്ല. കുടുംബത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ഇവര്‍ക്കായി സകാത്ത് നല്‍കിപ്പോരുന്നു. ഫിത്വ്ര്‍ സകാത്തും തലേന്ന് വൈകുന്നേരം തന്നെ നല്‍കിപ്പോരുന്നതില്‍ ബല്‍ഗേറിയക്കാര്‍ ശ്രദ്ധാലുക്കളാണ്.
പെരുന്നാള്‍ രാവിലെ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ഒന്നുചേര്‍ന്ന് പള്ളിയിലേക്ക് തക്ബീറുകള്‍ മുഴക്കിക്കൊണ്ട് നമസ്‌കാരത്തിനായി പുറപ്പെടും. ബള്‍ഗേറിയയില്‍ ആരും തന്നെ പെരുന്നാള്‍ നമസ്‌കാരം ഒഴിവാക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അതൊരു മാജിക്കല്‍ അനുഭവവും ആത്മീയപരമായ ഉന്മേഷവുമാണ് വിശ്വാസികള്‍ക്ക്. സുഹൃത്തുക്കളും കുടുംബക്കാരും പരസ്പരം മംഗളങ്ങള്‍ ചൊരിയുന്ന അന്നേ ദിവസം ലോകത്തെ മറ്റെവിടെയും പോലെ തന്നെ ഇവിടെയും പെരുന്നാള്‍ നമസ്‌കാരവും ഖുതുബയും തുടങ്ങുന്നു. ചിരിച്ചും ആഹ്ലാദിച്ചും സൗഹൃദസംഭാഷണങ്ങള്‍ നടത്തിയും ആഘോഷങ്ങള്‍ പങ്കിടുന്ന ചെറുതും വലുതുമായ ആള്‍ക്കൂട്ടങ്ങളെ പള്ളിയുടെ പുറത്ത് നമസ്‌കാരം കഴിഞ്ഞാല്‍ കാണാം.
മേശപ്പുറത്തു തയ്യാറാക്കി വെച്ച ഭക്ഷണം എല്ലാവര്‍ക്കും ഒരുപോലെ പങ്കിട്ടെടുക്കാം. ചിലപ്പോള്‍ ഒരുപ്രദേശത്തെ മുഴുവന്‍ പേരും ഭക്ഷണം ഒരുമിച്ച് പങ്കിടുന്നു. അതൊരു ആഘോഷാനുഭൂതി തന്നെയാണ്. പ്രധാനമായും കേക്കും കബാബും വിവിധ തരം ഫ്രൂട്ട് സാലഡുകളും പച്ചക്കറികളും ഇറച്ചി സൂപ്പും ചീസും ഇവിടെ തയ്യാറായിട്ടുണ്ടാവും. എല്ലാറ്റിന്റെയും കൂടെ ഒരു നിര്‍ബന്ധ ഭക്ഷണമാണ് ബ്രഡ്. മധുരപലഹാരങ്ങളും ഡ്രൈഫ്രൂട്ട്‌സും എവിടെയും കാണാം. കുട്ടികള്‍ക്കേറ്റവും സന്തോഷം ഡസേര്‍ട്ട്‌സ് വിളമ്പുമ്പോഴാണ്.
പെരുന്നാള്‍ ദിവസം വിശ്വാസികള്‍ പരസ്പരം സന്തോഷം പങ്കിടുന്നതോടൊപ്പം നമ്മെ വിട്ടുപിരിഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഖബറുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു. ഈ ചടങ്ങുകള്‍ കഴിയുന്നതോടെ പെരുന്നാള്‍ അവസാനിക്കുന്നു എന്ന തോന്നല്‍ വിശ്വാസികള്‍ക്കുണ്ടാവുന്നു. പവിത്രമാസമായ നോമ്പ് മാസത്തിലൂടെ നല്ല മുസ്‌ലിമും നല്ല മനുഷ്യനുമായ ഓരോരുത്തരുടെയും പ്രാര്‍ഥനകളും പ്രവൃത്തികളും ലോകരക്ഷിതാവായ അല്ലാഹു സ്വീകരിക്കുമെന്നും പാപങ്ങള്‍ പൊറുത്തുതരുമെന്നും ഉള്ള പ്രതീക്ഷയോടെ പെരുന്നാള്‍ ദിവസം പൂര്‍ത്തിയാക്കുന്നു.
മൊഴിമാറ്റം:ഫെബിന്‍ ഫാത്തിമ