പെണ്‍കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചതായി മന്ത്രി പ്രസ്താവിച്ചതായി വാര്‍ത്തയില്‍ പറഞ്ഞു. എത്രയും വേഗം അനുശോചനമറിയിക്കാനുള്ള ഏര്‍പാടുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും ചെയ്യുന്നതാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജില്ല-ഗ്രാമ-ബ്ലോക്ക് തലങ്ങളില്‍ പ്രത്യേക പ്രതിഷേധ
പെണ്‍കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചതായി മന്ത്രി പ്രസ്താവിച്ചതായി വാര്‍ത്തയില്‍ പറഞ്ഞു. എത്രയും വേഗം അനുശോചനമറിയിക്കാനുള്ള ഏര്‍പാടുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും ചെയ്യുന്നതാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജില്ല-ഗ്രാമ-ബ്ലോക്ക് തലങ്ങളില്‍ പ്രത്യേക പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതിനാവശ്യമായ സത്വര നിര്‍ദേശങ്ങള്‍ കലക്ടര്‍മാര്‍ക്ക് ഇതിനകം തന്നെ അയച്ചിട്ടുണ്ട്. ഇതിനുപുറമെ, ഈ ക്രൂരകൃത്യത്തെ ശക്തമായി അപലപിക്കാന്‍ മുഖ്യമന്ത്രി എല്ലാവരോടും ആഹ്വാനം ചെയ്തു. (അപലപനം ശക്തമായി പോരാ, അതിശക്തമായി വേണമെന്ന് പിറകെ മറ്റൊരു സര്‍ക്കുലറില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. കടുത്ത നടപടികള്‍ ആവശ്യപ്പെടുന്നതാണ് ഈ ഹീനകൃത്യമെന്ന് വിശദീകരണത്തില്‍ പറയുന്നു.)
സംഭവസ്ഥലത്ത് കുതിച്ചെത്തിയ പ്രശസ്ത സിനിമാതാരം സുഭഗകുമാര്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയാണ.് തല്‍സമയ ദൃശ്യങ്ങളിലേക്ക്.
റിപ്പോര്‍ട്ടര്‍: സര്‍, താങ്കളുടെ പ്രതികരണം?
സുഭഗകുമാര്‍: ഞാന്‍ ഷൂട്ടിലായിരുന്നു. സെറ്റിലെ തിരക്കുകള്‍ മാറ്റിവെച്ച് ഞാന്‍ ഓടി വരികയായിരുന്നു. അറിയാമല്ലോ, എന്റെ അടുത്ത പടത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു കഴിഞ്ഞതാണ്.
റി: സര്‍, പ്രതികരണം?
സു.കു: റിലീസിന് മുമ്പേ വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍...
റി: അല്ല, സര്‍- കൊലപാതകത്തെപ്പറ്റി...
സു.കു: അതെ, ഇതൊരു സസ്‌പെന്‍സ് ത്രില്ലറാണ്. രണ്ട് കൊലപാതകങ്ങള്‍ ഉണ്ട്. ഒന്നുകൂടി ചേര്‍ക്കണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍...
റി: ഇവിടെ താങ്കള്‍ വന്നത്...
സു.കു: ഉവ്വ്, ഷൂട്ടിങ്ങിന്റെ തിരക്കില്‍ വന്നതാണ്. ഞാന്‍ ശരിക്കും ഞെട്ടി. എന്റെ ഓര്‍മയില്‍ ഇത്തരമൊരു സംഭവം വേറെയില്ല. അല്ല, ആരാ മരിച്ചത്?
**** ****
വലിയ കൈലേസുമായി കാറില്‍ വന്നിറങ്ങിയ യുവനേതാവ് സംഭവം ചോദിച്ചറിയുകയും താന്‍ ഞെട്ടിയതായി പ്രസ്താവിക്കുകയും അനുശോചകരുടെ പട്ടിക പത്രത്തിലിടുമ്പോള്‍ തന്റെ പേര് പ്രത്യേകം ഓര്‍മിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്ത ശേഷം കാമറകളെ അഭിമുഖീകരിച്ച് ഒരിക്കല്‍കൂടി കൈലേസ് കണ്ണിനു മുകളില്‍ വെച്ചിട്ട് കാമറകളിലേക്ക് മറ്റേ കണ്ണ് തിരിച്ച് മടങ്ങിപ്പോയി.
**** ****
സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിക്കുന്ന മുദ്രാവാക്യങ്ങള്‍ക്കു മുമ്പിലായി കടന്നുവന്ന നേതാവ് കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോള്‍ പ്രസ്തുത മുദ്രാവാക്യങ്ങള്‍ അടങ്ങി.
സംഭവത്തില്‍ ഗൂഢാലോചനയുണ്ട്; അതന്വേഷിക്കണം - അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയെപ്പറ്റി അന്വേഷിക്കണം.
-അപ്പോള്‍ കുറ്റകൃത്യത്തെപ്പറ്റി അന്വേഷിക്കണ്ടേ?
-വേണം. വലിയ കുറ്റകൃത്യമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. അത് അന്വേഷിക്കാന്‍ നല്ലൊരു സംഘത്തെ ഉടനെ നിയോഗിക്കണം. അവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും സര്‍ക്കാര്‍ നല്‍കണം.
**** ****
ഭരണകക്ഷി പ്രസിഡന്റിന്റെ പത്രസമ്മേളനം.
പ്രസിഡന്റ്: ഇത് നടക്കാന്‍ പാടില്ലാത്ത കുറ്റകൃത്രമായിപ്പോയി. ഊര്‍ജിതമായി അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ഥിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടര്‍: എന്തെങ്കിലും വിവരങ്ങള്‍ കിട്ടിയോ?
പ്രസി: കൊലപാതകം നടന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിനു പിന്നില്‍ ഏതോ കുറ്റവാളി ഉണ്ടാകുമെന്ന നിഗമനത്തിലാണ് പാര്‍ട്ടി. അത് ആരാണ് എന്നാണ് അന്വേഷിക്കാനുള്ളത്. പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണ്. കൊല നടന്നെങ്കില്‍ കൊലയാളിയാകും അത് ചെയ്തിരിക്കുക. അന്വേഷണം നടത്തി അയാളെ കണ്ടെത്തണമെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കും.
റി. മരണം നടന്ന വീട്ടുകാര്‍ക്ക് എന്തെങ്കിലും...
പ്രസി: ഒരു വോട്ട് അവിടെ കുറഞ്ഞു എന്നാണ് മനസ്സിലാകുന്നത്. എന്നാലും അത്യാവശ്യം ആശ്വാസവാക്കുകള്‍ എത്തിക്കാന്‍ പാര്‍ട്ടിപ്രത്യേക ദൂതന്മാരെ നിയോഗിക്കുന്നുണ്ട്.
കൊല ചെയ്യപ്പെടാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രത്യേകം അഭ്യര്‍ഥിച്ചു കൊള്ളുന്നു.
നന്ദി, നമസ്‌കാരം!