ദുര്‍റയുടെ പരാതിയും പ്രവാചകന്റെ പരിഹാരവും

സഈദ് മുത്തനൂര്‍ No image

''എന്റെ രക്ഷിതാവേ ഞാനിതാ വന്നിരിക്കുന്നു. എന്റെ നാഥാ! എന്നെ ഈ വീട്ടുതടങ്കലില്‍ നിന്ന് രക്ഷിക്കേണമേ! എന്റെ പ്രിയപ്പെട്ട പ്രവാചകന്റെ അടുക്കല്‍ - യസ്‌രിബില്‍ എത്തിക്കേണമേ!'' പ്രവാചകന്‍ മുഹമ്മദ് (സ)യുടെ പിതൃസഹോദരനെങ്കിലും ഇസ്‌ലാമിന്റെ കഠിന ശത്രു അബൂലഹബിന്റെ പുത്രി ദുര്‍റയുടേതാണീ പരിവേദനം.

ദുര്‍റയുടെ കണ്ണ് കെട്ടി കൈ പിറകോട്ട് ബന്ധിച്ച് ഏകാന്ത തടവിലിട്ടിരിക്കയാണ് പിതാവ് അബൂലഹബ്. വീട്ടിലെ ഒറ്റ മുറിയാണ് തടവറ. അബൂലഹബും ഭാര്യ ഉമ്മു ജമീലും കടന്നുചെല്ലുമ്പോള്‍ ദുര്‍റ കണ്ണ് തുറക്കാന്‍ ശ്രമിക്കും. 'മോളേ ഉപ്പ പറഞ്ഞത് കേട്ടോ. മുഹമ്മദിന്റെ ദൈവത്തെ കൈവെടിയൂ' ഉമ്മു ജമീല്‍ മകളോട് ആവശ്യപ്പെട്ടു. 'ഉമ്മാ എന്നെ വിട്ടയക്കൂ! എന്റെ നാഥന്‍ എന്നെ വിളിക്കുന്നു.' ദുര്‍റ ആവേശം കൈവിട്ടില്ല.

''മുഹമ്മദിന്റെ മാരണം നിന്നില്‍ നിന്ന് ഇറങ്ങിപ്പോയില്ലേ' അബൂലഹബിന്റെ അട്ടഹാസം! 'പിതാവേ, ഇത് ലഹരിയല്ല കുറെ കഴിയുമ്പോള്‍ മത്ത് വിട്ട് പോകാന്‍.' മകളുടെ എടുത്തടിച്ച മറുപടി. അയാള്‍ ചാടിയെണീറ്റ് മകളുടെ മുഖത്തടിച്ചു. തുടര്‍ന്ന് ഒരു ഗര്‍ജനമായിരുന്നു. 

തുടര്‍ന്ന് ഭാര്യയോട് 'ഉമ്മു ജമീല്‍! നീ കാരണമാണ് 'ഇല്ലെങ്കില്‍ ഞാനിവളെ തീര്‍ത്തേനെ...' 'മോളേ, ഈ ക്ലേശം എന്തിന് സഹിക്കണം.'- ഉമ്മു ജമീല്‍ കണ്ണീര്‍ വാര്‍ത്തു. 'നിങ്ങളെന്നെ സ്വതന്ത്രയാക്കൂ. എന്നെ മോചിപ്പിക്കൂ..! എനിക്ക് യസ്‌രിബ്....''

'യസ്‌രിബ്' എന്ന് കേട്ടപാടെ അബൂലഹബ് പൊട്ടിത്തെറിച്ചു. മേലില്‍ യസ്‌രിബ് എന്ന വാക്ക് മിണ്ടിപ്പോകരുത്. ദുര്‍റ തല്‍ക്കാലം നാവടക്കി.

മകളെ, നിന്റെ കൈയ്യില്‍ ചോര കട്ട പിടിച്ചിരിക്കുന്നു. കൈകള്‍ കൂട്ടി ബന്ധിച്ചത് കെട്ടഴിക്കുമ്പോള്‍ ഉമ്മു ജമീല്‍ പറഞ്ഞു. 'എന്റെ ശരീരത്തിലെ മുഴുവന്‍ രക്തവും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കപ്പെടുകയാണെങ്കില്‍ അതിലാണ് എന്റെ സംതൃപ്തി.' ദുര്‍റയുടെ മറുപടികേട്ട് അബൂലഹബിന്റെ കണ്ണില്‍ നിന്നു തീപ്പൊരി പാറി. 

'തന്നെ എന്നോ ജീവനോടെ അടക്കം ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ.' അബൂലഹബിന്റെ നിരാശയില്‍ കുതിര്‍ന്ന ഈ അഭിലാഷം കേട്ടപ്പോള്‍ മകള്‍ ''അതിപ്പോഴും ചെയ്യാവുന്നതേയുള്ളൂ.'' അബൂലഹബ് മകളുടെ നേരെ വീണ്ടും കൈയോങ്ങിയെങ്കിലും മാതാവ് ഇടപെട്ടു. അതോടെ അയാള്‍ മുറിവിട്ടിറങ്ങിപ്പോയി.

'മോളെ നീ ധിക്കാരം ഒഴിവാക്കി മടങ്ങിവാ. കുലദൈവങ്ങളായ ലാതയും ഹുബ്‌ലും ഇപ്പോഴും നിനക്ക് മാപ്പ് നല്‍കും' ഉമ്മു ജമീല്‍ അനുനയത്തോടെ മകളെ സമീപിക്കാന്‍ ശ്രമിച്ചു. ''എനിക്ക് അവയുടെ കോപം പ്രശ്‌നമല്ല. ലോകരക്ഷിതാവായ നാഥന്‍ എന്നെ ഇഷ്ടപ്പെടുന്നെങ്കില്‍ അത് മതി.' മാതാവ് മകളുടെ വായ പൊത്തിപ്പിടിച്ചു. പ്രപിതാക്കളുടെ ദൈവങ്ങള്‍ നിനക്ക് നല്ലതേ വരുത്തൂ.

 'എന്നെ നിങ്ങള്‍ വെളിച്ചത്തില്‍ നിന്നും വീണ്ടും ഇരുട്ടിലേക്ക് വലിച്ചിഴക്കല്ലേ'. ദുര്‍റ കേണു.

ദുര്‍റാ! നിന്റെ പിതാവിന്റെ കോപം നിനക്കറിയാത്തതല്ല. കാട് കയറി ഒന്നും പറയല്ലേ. അപകടം മണത്ത ഉമ്മു ജമീല്‍ പുത്രിയെ ഉപദേശിച്ചു.

എന്റെ നാഥന്‍ എന്നെ തൃപ്തിപ്പെടുന്നെങ്കില്‍ ഒരാളുടെയും അതൃപ്തി എനിക്ക് പ്രശ്‌നമല്ല. ദുര്‍റ ഉറച്ചുനിന്നു. നിനക്ക് എന്തെങ്കിലും സംഭവിച്ചാല്‍... ഉമ്മു ജമീല്‍ കണ്ണീര്‍ വാര്‍ത്തു.

'നിങ്ങളും എന്റെ കൂടെ വരൂ. എത്ര സുന്ദരമാകും ആ രംഗം. നമ്മള്‍ ഇരുവര്‍ക്കും യസ്‌രിബിലേക്ക് ഓടിപ്പോകാം' ദുര്‍റ മാതാവ് ഉമ്മു ജമീലിനെ ക്ഷണിച്ചു.

'അങ്ങനെയൊന്നും പറയല്ലെ ദുര്‍റാ, ഹുബ്ല്‍ കോപിക്കും.' ദുര്‍റയെ ബന്ധിച്ചിരുന്ന കയറില്‍ നിന്നും സ്വതന്ത്രയാക്കി കൊണ്ട് ഉമ്മു ജമീല്‍ പറഞ്ഞു. ഒന്നുകൂടെ ചിന്തിക്ക്. നിന്റെ തീരുമാനം മാറ്റുക. ഇത്രയും പറഞ്ഞ് അവര്‍ പുറത്തേക്ക് പോയി. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ദുര്‍റ രഹസ്യമായി വീടുവിട്ടിറങ്ങി. അവര്‍ നേരെ മദീനയിലേക്ക് (യസ്‌രിബിലേക്ക്) വിട്ടു.

മദീനയിലെത്തിയപ്പോള്‍ ആ ചെറുപ്പക്കാരിയുടെ സന്തോഷത്തിനതിരില്ലായിരുന്നു. പ്രവാചകന്റെ തിരുമുഖം കാണാനും അദ്ദേഹത്തോട് സംവദിക്കാനും അവരുടെ ഉള്ളം തിടുക്കം കൂട്ടി

മദീനയിലാകട്ടെ വാര്‍ത്ത കേട്ട് ദുര്‍റയെ കാണാന്‍ വിശ്വാസികളും അവിശ്വാസികളും പലപ്പോഴായി വന്നുകൊണ്ടിരുന്നു. ഇസ്‌ലാമിന്റെ കൊടിയ ശത്രുവിന്റെ പുത്രി തിരുമേനി (സ)യുടെ തിരുമുറ്റത്ത് വിശ്വാസിനിയായിക്കൊണ്ട് എത്തിയിരിക്കുന്നു. ആളുകള്‍ക്ക് വിസ്മയമായി, സ്വഹാബി വനിതകളുടെ ഗണത്തിലേക്ക് അവര്‍ വന്നുചേരുകയാണ്.

റാഫിഅ് ബിന്‍ മുഅല്ലാ അന്‍സാരിയുടെ വീട്ടിലാണ് മുഹാജിറായ ദുര്‍റ (റ) താമസിച്ചത്. എന്നാല്‍ പുതിയ പരീക്ഷണം അവര്‍ അവിടെ നേരിടുകയായിരുന്നു. മറ്റൊരു സ്വഹാബി വനിതക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത തിക്താനുഭവം.

മദീനയിലെ ബനൂയസ്‌രിബ് കുടുംബത്തിലെ സ്ത്രീകള്‍ അവരെ ആക്ഷേപിച്ചു പറയാന്‍ തുടങ്ങി. 'ഇവരുടെ പലായനം ദൈവം സ്വീകരിക്കുമോ. ഇവരുടെ മാതാവും പിതാവും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും കഠിന ശത്രുക്കളല്ലെ. ഇവരുടെ മാതാപിതാക്കളെ കുറിച്ചല്ലെ ഖുര്‍ആനില്‍ 'തബ്ബത്ത് യദാ അബീലഹബിന്‍' (അബൂലഹബിന് ശാപം! നാശം) എന്ന് തുടങ്ങുന്ന അധ്യായം ഇറങ്ങിയത്.' ചിലര്‍ നേരിട്ടുതന്നെ ദുര്‍റയെ ചോദ്യം ചെയ്തു. 'നിന്റെ മാതാപിതാക്കളെ ദൈവം ശാശ്വതമായി ശപിച്ചിരിക്കെ നിന്റെ പലായനം കൊണ്ടെന്ത്? ഇത് പ്രതിഫലാര്‍ഹമാകുമോ?'

പക്ഷേ ദുര്‍റ ചിന്തിച്ചു. ഒരാളുടെ മാതാപിതാക്കളും കുടുംബവും ഇസ്‌ലാമിന്റെ ശത്രുക്കളാണെങ്കില്‍ അയാള്‍ക്ക് നേര്‍മാര്‍ഗം ലഭിക്കില്ലെന്നോ? ആ കുടുംബത്തിലെ ഒരാളും പിന്നെ നേര്‍വഴിയിലായിക്കൂടെന്നുണ്ടോ? ദുര്‍റ ഒരു നിമിഷം പകച്ചുപോയി. അവള്‍ വല്ലാത്ത പരുവത്തിലായി. അനേകം മൈല്‍ താണ്ടി ഹിജ്‌റ ചെയ്‌തെത്തിയിട്ട് എന്റെ അനുഭവം ഇതോ. എന്റെ ത്യാഗത്തിനും അര്‍പണത്തിനും ആരും വില കല്‍പ്പിച്ചെങ്കിലും എന്റെ നാഥന്‍ ഇത് അംഗീകരിക്കില്ലെ. നബി തിരുമേനി(സ)യെ കണ്ട് സങ്കടമുണര്‍ത്താന്‍ തന്നെ അവര്‍ തീരുമാനിച്ചു. തിരുമേനിയാകട്ടെ തന്റെ എളാപ്പയുടെ പുത്രിയെ സഹര്‍ഷം സ്വാഗതം ചെയ്തു. തന്റെ കുടുംബത്തിലെ ഈ കണ്‍മണിയെ ആരാണ് ആക്ഷേപിച്ചതെന്ന് അദ്ദേഹം ചോദിച്ചു. എന്റെ കുടുംബം പരലോകത്ത് എന്റെ ശിപാര്‍ശക്ക് പാത്രമായവരത്രെ. മാതാപിതാക്കളുടെ തെറ്റിനുള്ള ശിക്ഷ അനുഭവിക്കേണ്ടത് ഇവളല്ല.

'ഒരാളുടെയും കുറ്റം മറ്റൊരാള്‍ വഹിക്കുകയില്ല. മനുഷ്യന് അവന്‍ സമ്പാദിച്ചതാണ് ലഭിക്കുക' എന്ന ഖുര്‍ആന്‍ വചനം തിരുമേനി (സ) ഓതിക്കേള്‍പ്പിച്ചു. ഇതോടെ ദുര്‍റയുടെ മനം കുളിരണിഞ്ഞു. നബിതിരുമേനി ദുര്‍റയെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. 

തിരുമേനി (സ) ഇങ്ങനെ പ്രസ്താവിക്കുകയും ചെയ്തു. 'അന മിന്‍ക വഅന്‍ത മിന്നീ. (നാം  ഇരുവരും ഒരു കുടുംബത്തിലേതാണ്) ഹസ്രത്ത് ദുര്‍റയുടെ ഇസ്‌ലാം സ്വീകരണത്തെ തിരുമേനി അത്രമേല്‍ സ്വാഗതം ചെയ്തിരുന്നു. കാരണം ദുര്‍റ തന്നെ പറഞ്ഞതനുസരിച്ച് അവര്‍ കൂരിരുട്ടില്‍ നിന്നാണല്ലൊ പ്രകാശ ഗോപുരത്തിലേക്കെത്തിയത്.

ശത്രുപാളയത്തില്‍ എത്രത്തോളം ശത്രുത കാട്ടിയോ അതിലേറ്റം ശക്തമായി മദീനയിലെത്തിയപ്പോള്‍ ഇസ്‌ലാമിന്റെ വഴിയില്‍ അവര്‍ തിളങ്ങി. എല്ലാ നന്മയുടെയും മുന്നില്‍ അവരുണ്ടായിരുന്നു. സ്വഹാബി വനിതയായ ദുര്‍റ (റ) ഏതാനും ഹദീസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരില്‍ നിന്നുദ്ധരിച്ച പ്രസിദ്ധമായ രണ്ട് നബി വചനങ്ങള്‍ ഇങ്ങനെ.

ഒരിക്കല്‍ ഒരു അനുചരന്‍ പ്രവാചകനോട് ചോദിച്ചു. 'മനുഷ്യരില്‍ ഏറ്റവും ഉത്തമന്‍ ആരാണ്' പ്രവാചകന്‍ പറഞ്ഞു. 'പണ്ഡിതനും ഭക്തനുമായവന്‍, നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവന്‍, കുടുംബ ബന്ധം ഊട്ടിയുറപ്പിക്കുന്നവന്‍. (അഹ്മദ്)

മരണപ്പെട്ടവന്റെ കുറ്റത്തിന്റെ പേരില്‍ ജീവിച്ചിരിക്കുന്നവനെ ഉപദ്രവിക്കരുത് (അല്‍ ഇസ്തിആബ്)

നല്ലൊരു കവയിത്രിയുമായിരുന്നു ദുര്‍റ. അവരുടെ കവിതകള്‍ ചരിത്ര കൃതികളില്‍ വായിക്കാനാകും. ഹാരിസുബ്‌നു നൗഫലായിരുന്നു ദുര്‍റയുടെ ഭര്‍ത്താവ്. ബദ്ര്‍ യുദ്ധത്തില്‍ ശത്രുപക്ഷത്തായിരുന്നു ഹാരിസ്. യുദ്ധത്തില്‍ മരണപ്പെടുകയും ചെയ്തു. ഹാരിസ് - ദുര്‍റ ദാമ്പത്യത്തില്‍ ഉത്ബ, വലീദ് അബൂമുസ്‌ലിം എന്നീ മൂന്ന് പുത്രന്മാര്‍ പിറന്നു. ഹാരിസിന്റെ മരണശേഷം ദുര്‍റയെ ദഹ്‌യ കല്‍ബി വിവാഹം ചെയ്തിരുന്നു. ഹിജ്‌റ വര്‍ഷം 20 വരെ ദുര്‍റ (റ) ജീവിച്ചു. ഉമര്‍ബ്‌നു ഖത്താബ് (റ)ന്റെ ഭരണകാലത്താണ് മരണപ്പെട്ടതെന്ന് പറയപ്പെടുന്നു. 


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top