പ്രവാസ ലോകത്തു നിന്നു വരുന്ന ഓരോ വിളിയും ഓരോ നിലവിളിയാണ്

പി.ടി കുഞ്ഞുമുഹമ്മദ്/ മൈമൂന No image

പ്രവാസം Diaspora എന്ന ആംഗലേയ വാക്കില്‍നിന്നാണ് വന്നത്. മനുഷ്യരാശിയുടെ ഉത്ഭവം തൊട്ടുതന്നെ പ്രവാസവുമുണ്ട്. എല്ലാ സാമൂഹിക രാഷ്ട്രീയമാറ്റങ്ങള്‍ക്കും പ്രവാസം ഒരു പ്രധാന ഘടകം തന്നെയാണ്. ആധുനിക കാലഘട്ടത്തിലും കുടിയേറ്റം തന്നെയാണ് പ്രധാന രാഷ്ട്രീയമായി വര്‍ത്തിച്ചത്. കുരിശുയുദ്ധത്തില്‍ ഉണ്ടായ കുടിയേറ്റങ്ങളാണ് ആധുനികലോകത്തെ മാറ്റിമറിച്ചത്. ബ്രിട്ടീഷുകാര്‍ നോര്‍ത്ത് അമേരിക്കയിലേക്കും ഓസ്ട്രിയയിലേക്കും നടത്തിയ കുടിയേറ്റവും യൂറോപ്യന്മാര്‍ ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് നടത്തിയ കുടിയേറ്റവും അധിനിവേശത്തിന്റെതായിരുന്നു. അപ്പോള്‍ കുടിയേറ്റം ഒരു വശത്ത് അടിമത്തത്തിന്റേതാകുമ്പോള്‍ മറുവശത്ത് അധിനിവേശത്തിന്റെതാകുന്നു. കുടിയേറ്റം മാനവരാശിയെ എന്നും സംസ്‌ക്കരിച്ചിട്ടുണ്ട്. 21-ാം നൂറ്റാണ്ടിന്റെ കുടിയേറ്റം വ്യവസായവല്‍ക്കരണ നഗരങ്ങളിലേക്കായിരുന്നു. ആദ്യകാലത്തുതന്നെ മലയാളിയും അതില്‍ പങ്കാളിയായി. ശ്രീലങ്ക, ബര്‍മ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കുടിയേറിയ മലയാളി പിന്നീട് ബോംബെ കൊല്‍ക്കത്ത, ചെന്നൈ, കറാച്ചി മുതലായ നഗരങ്ങളിലേക്കും കുടിയേറുന്നത് നമ്മള്‍ കണ്ടു. ഈ കുടിയേറ്റക്കാരിലധികവും അധകൃതരായിരുന്നു. മത്സ്യ തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍ കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയവരാണ് ഇത്തരത്തിലുള്ള കുടിയേറ്റക്കാരായി വന്നത്. 2-ാം ലോകമഹായുദ്ധത്തിനു ശേഷം പശ്ചിമേഷ്യ എണ്ണ സമൃദ്ധമായപ്പോള്‍ അതുവരെ ചരിത്രത്തില്‍ ഇല്ലാതിരുന്ന ചെറിയ ചെറിയ ഗള്‍ഫ് രാജ്യങ്ങള്‍ അതിസമ്പന്നതയിലേക്കുയരുന്നത് നമ്മള്‍ കണ്ടു. ലോകത്തിലെ വളരെ പിന്നാക്കം നിന്നിരുന്ന ജനതക്കാണ് ഈ സമ്പത്തിന്റെ ഉടമസ്ഥാവകാശം കിട്ടിയത്. അറേബ്യന്‍ ഗോത്രവര്‍ഗരീതിയില്‍ താമസിച്ചിരുന്ന ഈ സമൂഹം അവരുടെ വാതിലുകള്‍ ലോകത്തിലെ അധസ്ഥിതര്‍ക്ക് തുറന്നിട്ടു. സാമ്രാജ്യത്വശക്തികള്‍ ഈ സമ്പദ്‌വ്യവസ്ഥക്ക് കാവല്‍നിന്നു. ലക്ഷക്കണക്കിന് ആളുകള്‍ ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് അവിടേക്ക് ഒഴുകിയെത്തി. കേരളവുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്ന അറബ്‌ലോകത്തേക്ക് നമ്മള്‍ തിക്കിത്തിരക്കി പോയി. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികരംഗത്തും സാമൂഹികരംഗത്തും സാംസ്‌ക്കാരികരംഗത്തും ഇത് വലിയ സ്വാധീനം ചെലുത്തി. കേരളം ഇതര സംസ്ഥാനങ്ങളില്‍നിന്നും ഭിന്നമായ സംസ്ഥാനമായി മാറി. ടോയ്‌ലറ്റുകളും ടെലിവിഷനും ടെലിഫോണും ഇല്ലാത്ത വീടുകള്‍ ഇല്ലാതായി. കേരളത്തിലെ ഭൂപരിഷ്‌ക്കരണവും ജനകീയാസൂത്രണം പോലുള്ള പദ്ധതികളും ഇതിനെ സഹായിച്ചു. കേരളം ജീവിതസാഹചര്യം കൊണ്ട് ആധുനിക വ്യവസായ രാജ്യങ്ങള്‍ക്കൊപ്പം ഇതുമൂലം എത്തി. 

എന്നാല്‍ പ്രവാസികളില്‍ 80 ശതമാനവും തൊഴിലാളികളാണ്. അവര്‍ നിരവധി ദുരിതങ്ങളിലും കഷ്ടപ്പാടിലുമാണ്. നോം ചോസ്‌കിയെപ്പോലുള്ളവര്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലാളികളുടെ ജീവിതം അടിമസമാനമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് സ്വകാര്യ സ്ഥാപനവല്‍കൃതമായപ്പോള്‍ പാവപ്പെട്ടവന്റെ ജീവിതം ദുസ്സഹമായി. വീട്ടുജോലിക്ക് പോകുന്നവരുടെ കഥകള്‍ കേരളീയന്റെ കണ്ണീരിന്റെ ഭാഗമാണ്. എന്നാല്‍ ഇപ്പോഴും വലിയ കുടിയേറ്റം നടക്കുമ്പോഴും ഇതിനെ സമഗ്രമായി പഠിക്കാന്‍ സംസ്ഥാന കേന്ദ്ര ഗവണ്‍മെന്റ് തയ്യാറായില്ല. 1922-ല്‍ ബ്രിട്ടീഷുകാര്‍ പാസ്സാക്കിയ മൈഗ്രേഷന്‍ ആക്ട് തന്നെയാണ് ഇന്നും ഉപയോഗിക്കുന്നത്- വളരെ ചെറിയ മാറ്റം മാത്രം. 

ഇന്ത്യാ ഗവണ്‍മെന്റും ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളും കുടിയേറ്റക്കാരുടെ മാനുഷിക പ്രശ്‌നങ്ങള്‍ ഗൗനിക്കാതെ പോകുന്നു. ഐ.എഎല്‍.ഒ പോലുള്ള അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ മൗനം പാലിക്കുന്നു. യു.എന്‍ പോലുള്ള അന്തര്‍ദേശീയ ഇടപെടല്‍ ശേഷിയുളളവര്‍ ഇതികര്‍ത്തവ്യമൂഢരായിരിക്കുന്നു. പത്രമാധ്യമങ്ങള്‍, വാര്‍ത്താ ചാനലുകള്‍ എന്നിവ തങ്ങള്‍ക്ക് ആ രാജ്യങ്ങളിലുളള സാന്നിധ്യം ഇല്ലാതാകുമോ എന്ന ഭയത്തില്‍ നിശ്ശബ്ദരാവുന്നു. ഏറെ ശേഷിയുള്ള ഇസ്‌ലാമിക പണ്ഡിതന്മാര്‍ അവരെന്നും ചെയ്യാറുള്ളതുപോലെ മനുഷ്യാവകാശ പ്രഹസനങ്ങള്‍ക്കുനേരെ കണ്ണടക്കുകയും ചെയ്യുന്നു. എവിടെയാണ് ഇതിനുള്ള പരിഹാരം? മോര്‍ച്ചറിയിലുളള മൃതദേഹങ്ങളും നിരാലംബരായ മനുഷ്യരും ഒരു തുടര്‍ക്കഥപോലെ നമ്മുടെ സമൂഹത്തെ വേട്ടയാടുന്നു.

അമ്പത് ലക്ഷത്തിലധികം വരുന്ന കേരള പ്രവാസികളുടെ ദുരിതങ്ങളുടെ യഥാര്‍ഥ സ്രോതസ്സ് അവര്‍ മറ്റുളളവര്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന, ലോകത്തെങ്ങും കാണാത്ത വ്യത്യസ്ത ഇനത്തില്‍പെട്ട പച്ച മനുഷ്യരാണെന്നുളളതാണ്. അന്യ സംസ്ഥാനങ്ങളുടെ സ്ഥിതി ഇതല്ല. ഉദാഹരണത്തിന് മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ തമിഴരുടെ കാര്യം തന്നെയെടുക്കാം. അവര്‍ പ്രവാസം തുടങ്ങുന്നത് തന്നെ കുടുംബത്തോടും ജീവിതത്തോടും കൂടി ചേക്കേറിയാണ്. ഇന്നവര്‍ ആ നാടുകളിലെ ഭരണ സിരാകേന്ദ്രങ്ങളിലും കാര്യമായി പണിയെടുക്കുന്നുണ്ട്. മലയാളിയാവട്ടെ പ്രവാസിയാവുന്നതോടെത്തന്നെ തന്റെ കുടുംബത്തിന്റെ ജീവിതശൈലിയില്‍ത്തന്നെ പൊങ്ങച്ചത്തിന്റെ അടിത്തറ പാകുന്നു. ഇന്നിപ്പോള്‍ വലിയ വലിയ കോണ്‍ക്രീറ്റ് ബോക്‌സുകളാണ് ഓരോ പ്രവാസിയുടെയും വീടുകള്‍. കേരളീയ പ്രകൃതിക്കൊട്ടും ചേര്‍ന്നതുമല്ല അവയൊന്നും. സഹോദരിമാരെയും പിന്നീട് മക്കളെയും കെട്ടിച്ചയക്കുമ്പോഴും പ്രവാസികളുടെ പൊങ്ങച്ചത്തിനോ ആര്‍ഭാടത്തിനോ ഒരു കുറവും വരാറില്ല. കുടുംബക്കാരുടെയും നാട്ടിലെ രാഷ്ട്രീയ സാമൂഹിക സംഘടകളുടെയും ചവിട്ടിപ്പിഴിയലിന് വിധേയരാവുന്ന പാവം പ്രവാസിക്കൊടുവില്‍ അവശേഷിക്കുന്നത് നഷ്ടപ്പെട്ട ആരോഗ്യവും  കുറെ രോഗങ്ങളും മാത്രം. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് നേരായ ഒരു മാര്‍ഗമോ ശാസ്ത്രീയമായ കാഴ്ചപ്പാടോ ഇന്ന് വരെ ഒരു സര്‍ക്കാറുകളും പ്രസഥാനങ്ങളും രൂപം നല്‍കിയിട്ടുമില്ല. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ഏറെ പ്രതീക്ഷയോടെ രൂപം നല്‍കിയ നോര്‍ക്ക പ്രവാസികാര്യ ഗ്രൂപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഉദ്ദേശ്യഫലം കണ്ടതേയില്ല.

'പ്രവാസിലോകം' പരിപാടിയില്‍ ഓരോരുത്തരും പങ്കിട്ട വേദനകളാണ് എന്റെ ഓരോ സിനിമക്കും കാരണമായിട്ടുള്ളത്. അയല്‍ സംസ്ഥാനങ്ങളിലൊന്നും പ്രവാസികള്‍ക്ക് മലയാളികള്‍ക്കുണ്ടായതുപോലുള്ള ഗതി ഉണ്ടായിട്ടില്ല. അവരൊക്കെ കൂടുതലും ഉല്‍പാദന മേഖലയിലാണ് ശ്രദ്ധിച്ചത്. അമ്പത് ലക്ഷത്തോളം വരുന്ന നമ്മുടെ നാട്ടിലെ പ്രവാസികള്‍ തിരിച്ചെങ്ങാനും വരുന്നൊരു സാഹചര്യം ഉണ്ടായാല്‍ നമ്മുടെ നാടിനുണ്ടാകുന്ന ദുരന്തം എന്നെ അസ്വസ്ഥനാക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്ക്കരണം കാര്യമായി അരങ്ങേറുകയാണ്. കൈരളി ചാനലിന്റെ 'പ്രവാസ ലോകം' പരിപാടിയില്‍ നേരിട്ട് സംവദിച്ചവര്‍ക്കും സങ്കടം പറഞ്ഞവര്‍ക്കും പുറമെ നേരില്‍ ബന്ധപ്പെട്ടവര്‍ പതിനായിരങ്ങളാണ്. ദിനേന അഞ്ചുപത്തു പേരെങ്കിലും വിളിച്ച്  അവര്‍ അനുഭവിക്കുന്ന ദുരിതജീവിതം എന്നോടു പങ്കുവെക്കും. അതുകൊണ്ടുതന്നെ ആരെക്കാളും കൂടുതല്‍ പ്രവാസിയുടെ പ്രശ്‌നങ്ങള്‍ എനിക്ക് അനുഭവിക്കാനാവുന്നു. 2000-ലധികം വിവിധ തരത്തിലുള്ള കുടുംബ-സാമ്പത്തിക സാമൂഹിക-പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എനിക്കായിട്ടുണ്ട്. കേരളത്തിലെ എതു പട്ടണത്തിലെയും വലിയ വലിയ കെട്ടിടങ്ങള്‍ പ്രവാസികളുടെതാണ്. ഒരുലക്ഷത്തിലധികം കോടി രൂപയാണ് ഈ മനുഷ്യര്‍ നമ്മുടെ നാട്ടിലേക്കയക്കുന്നത്. ഗള്‍ഫ് മേഖലയിലുള്ള മലയാളി പ്രവാസികളുടെ ഇന്‍വെസ്റ്റ്‌മെന്റ് കോടികളാണ്. എന്നിട്ടും ഇതിനെയൊന്നും ഉല്‍പാദന മേഖലയിലേക്ക് വ്യാപിപ്പിക്കാതെ കേരളം ധൂര്‍ത്തടിച്ച് നീങ്ങുകയാണ് എന്നു തന്നെ ഞാന്‍ പറയും.

പ്രവാസികള്‍ക്കിടയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളാണ് എന്നെ ഏറെ വേദനിപ്പിക്കുന്നത്. ലോകത്ത് ഒരിടത്തും ഇത്രയും വലിയ പീഢനത്തിനിരയാവുന്ന മറ്റൊരു ജനതയെ നമുക്ക് കാണാനാവില്ല. കാരണം ഓരോ സര്‍ക്കാറിനും രാജ്യത്തിനും അവരുടെ പൗരന്മാരുടെ ക്ഷേമവും രക്ഷയും വളരെ പ്രധാനമാണ്. പ്രവാസികളെ സംരക്ഷിക്കേണ്ട നമ്മുടെ സ്ഥാനപതി കാര്യാലയത്തിലുളളവരടക്കം മലയാളി പ്രവാസികളെ രണ്ടാംതരം പൗരന്മാരായാണ് നാളിതുവരെ കണ്ടിട്ടുളളത്. നേരാംവണ്ണം ഭക്ഷണം കിട്ടാത്ത പാവപ്പെട്ട സ്ത്രീകളുടെയും പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും വേണ്ടവിധം സൗകര്യങ്ങള്‍ ഇല്ലാത്ത വീട്ടുതൊഴിലാളികളുടെ കാര്യമാണ് കഷ്ടം. മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്നതുപോലുള്ള അനുഭവം വേദനയോടെ ഒരു സ്ത്രീ എന്നോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. ഇത്തരം പ്രയാസങ്ങള്‍ കേട്ട് പ്രവാസിലോകം പരിപാടിയില്‍ ഇടക്കൊക്കെ പിടിച്ചുനില്‍ക്കാനാവാതെ ഞാനും കരഞ്ഞുപോയിട്ടുണ്ട്. പ്രവാസികള്‍ക്ക് പലിശയില്ലാത്ത ലോണും മറ്റും സമീപകാലത്തുണ്ടായ വാഗ്ദാനങ്ങളാണ്. എല്ലാം കടലാസില്‍ മാത്രം. സൊസൈറ്റിയും മറ്റും രൂപീകരിച്ച് ചിലര്‍ ഭാരവാഹികളായത് മിച്ചം. 

ഒരു സര്‍ക്കാറും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരാംവണ്ണം കൈകാര്യം ചെയ്ത് വിജയിച്ചിട്ടില്ല. എന്നാല്‍ വേണ്ടുവോളം എല്ലാവരും അവരെ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. പാവങ്ങളാണ് പ്രവാസികള്‍, നിഷ്‌കളങ്കരും. കുടുംബസ്‌നേഹം, രാജ്യസ്‌നേഹം ഇതാണ് അവരുടെ മുഖമുദ്ര. നാം ഇനിയും വൈകിക്കൂടാ... ഒരു ഇടതുപക്ഷ സഹയാത്രികന്‍ കൂടിയായ എനിക്ക് പറയാന്‍ കഴിയും; ഇഛാശക്തിയുളള ഒരു സര്‍ക്കാറിനും അതിന്റെ നേതൃത്വത്തിനും മാത്രമെ -സമയമെടുക്കുന്ന പ്രക്രിയയാണെങ്കിലും -അതിലേക്കുള്ള ഒരു പാത തുറക്കാനെങ്കിലും കഴിയൂ. പ്രവാസിയുടെ സമ്പത്ത് വേണ്ടവിധം ഉപയോഗപ്പെടുത്തണം. ഒരു പൗരനെന്ന നിലയില്‍ നമ്മുടെ നാട്ടില്‍ ജീവിക്കുന്ന ഒരാള്‍ അനുഭവിക്കുന്ന പൗരാവകാശങ്ങളും എല്ലാം ഒരോ പ്രവാസിക്കും അവന്റെ കുടുംബത്തിനും ലഭിക്കേണ്ടതുണ്ട്. ഇതുണ്ടാവണമെങ്കില്‍ പ്രവാസികള്‍ക്ക് പങ്കാളിത്തമുളള നല്ല നല്ല പദ്ധതികള്‍ വരികയും അത് കൈയിട്ടു വാരാത്ത നേതൃത്വം അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അതിന് ചുക്കാന്‍ പിടിക്കുകയും വേണം. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹത്തിന് അതിന് കഴിയുമെന്നും എന്റെ പ്രതീക്ഷയും അപേക്ഷയുമാണ്. ഇക്കാര്യത്തില്‍ ഞാന്‍ ശുഭാപ്തിവിശ്വാസത്തിലുമാണ്. 


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top