റാബിയത്തുല്‍ അദവിയ്യ
അബ്ദുല്ല നദ്‌വി കുറ്റൂര്‍
2016 ജനുവരി
വിശുദ്ധമായ ദൈവപ്രേമം ഉല്‍ബോദിപ്പിച്ച് അല്ലാഹുവിനെ ആരാധിച്ച് ആത്്മീയുടെ ഉത്തുംഗ ശ്രേണിയിലെത്തിയ പ്രസിദ്ധ സൂഫി വനിതാരത്‌നമാണ് റാബിയത്തുല്‍ അദവിയ്യ. ഹിജ്‌റ 95 എഡി 718-ല്‍ ഇറാഖിലെ ട്രൈഗ്രീസ് നദീതീരത്ത് റാബിയ ജനിച്ചു. ദരിദ്രനും ഭക്തനുമായ ഇസ്മാഈല്‍ അദവിയുടെ നാലാമത്തെ മകളാണ് റാബിയ. യഥാര്‍ഥ നാമം ഉമ്മുല്‍ഖൈര്‍ എന്നാണ്. ഇസ്മാഈല്‍ തന്റെ നാലാമത്തെ മകളായ ഉമ്മുല്‍ ഖൈറിനെ റാബിയ
ചരിത്രത്തിലെ സ്ത്രീ
വിശുദ്ധമായ ദൈവപ്രേമം ഉല്‍ബോദിപ്പിച്ച് അല്ലാഹുവിനെ ആരാധിച്ച് ആത്്മീയുടെ ഉത്തുംഗ ശ്രേണിയിലെത്തിയ പ്രസിദ്ധ സൂഫി വനിതാരത്‌നമാണ് റാബിയത്തുല്‍ അദവിയ്യ. ഹിജ്‌റ 95 എഡി 718-ല്‍ ഇറാഖിലെ ട്രൈഗ്രീസ് നദീതീരത്ത് റാബിയ ജനിച്ചു. ദരിദ്രനും ഭക്തനുമായ ഇസ്മാഈല്‍ അദവിയുടെ നാലാമത്തെ മകളാണ് റാബിയ. യഥാര്‍ഥ നാമം ഉമ്മുല്‍ഖൈര്‍ എന്നാണ്. ഇസ്മാഈല്‍ തന്റെ നാലാമത്തെ മകളായ ഉമ്മുല്‍ ഖൈറിനെ റാബിയ (നാലാമത്തവള്‍) എന്ന് വിളിച്ചു. പിന്നീട് ആ പേരില്‍ അവര്‍ പ്രസിദ്ധയാകുകയും ചെയ്തു.
റാബിയക്ക് പത്ത് വയസ്സ് തികയും മുമ്പേ ഇസ്മാഈല്‍ അദവി മരണമടഞ്ഞു. അധികം താമസിയാതെ മാതാവും. നാട്ടിലാകെ വറുതിയും ക്ഷാമവും പ്ലേഗും പടര്‍ന്നുപിടിച്ച കാലം. ദാരിദ്ര്യം രൂക്ഷമായതിനെ തുടര്‍ന്ന് മഹതി മൂന്ന് സഹോദരിമാരോടൊപ്പം നാടുവിട്ടു. യാത്രാമധ്യേ സഹോദരിമാരെല്ലാം ഓരോരുത്തരായി മരണമടഞ്ഞു. റാബിയ പൂര്‍ണമായും ഏകാകിയും നിരാലംബയുമായി വഴിയില്‍ നില്‍ക്കവേ ഒരാള്‍ റാബിയയെ തട്ടികൊണ്ടുപോയി അടിമച്ചന്തയില്‍ ആറ് ദിര്‍ഹമിന് വിറ്റു. കഠിന ഹൃദയനായ ഇദ്ദേഹത്തിന്റെ ബന്ധനത്തില്‍ ദീര്‍ഘകാലം ചെലവഴിച്ച ശേഷം അയാള്‍ റാബിയയെ ഖൈസിയ ഗോത്രജനായ ആതിഖ് എന്നൊരാള്‍ക്ക് വിറ്റു. ഇദ്ദേഹവും ആദ്യത്തെ യജമാനനെപ്പോലെ റാബിയയെക്കൊണ്ട് കഠിനമായ ജോലികള്‍ ചെയ്യിപ്പിച്ചു. യജമാനന്റെ വീട്ടുജോലികള്‍ ചെയ്ത് തന്റെ ദുസ്ഥിതിയില്‍ കുണ്ഠിതപ്പെടാതെ ജീവിതയാതനകളെ അവര്‍ ക്ഷമയോടെ തരണം ചെയ്തു.
യജമാനന്‍ റാബിയയുടെ മഹത്വം തിരിച്ചറിഞ്ഞ് അവരുടെ ജീവിതത്തിന് വഴിത്തിരിവായി. പാതിരാവില്‍ നിദ്രാവിഹീനയായി നമസ്‌കരിക്കുന്നതും നാഥാ, 'എന്റെ കുറവുകള്‍ മാപ്പാക്കണേ, യഥാവിധം നിന്നെ ആരാധിക്കാന്‍ എനിക്ക് സാധിക്കുന്നില്ലല്ലോ. ഞാന്‍ മറ്റൊരാളുടെ അടിമയാണ്. നീയാണ് എന്റെ യഥാര്‍ത്ഥ യജമാനന്‍' എന്ന് പ്രാര്‍ഥിക്കുന്നത് കേട്ടതും അദ്ദേഹത്തിന്റെ മനസ്സില്‍ മഹതിയോട് അനുകമ്പയും ആദരവും ഉളവാക്കി. അദ്ദേഹം റാബിയയെ സ്വതന്ത്രയാക്കി.
ദാസ്യജീവിതത്തില്‍നിന്ന് മോചനം നേടിയ റാബിയ അധ്യാത്മിക മേഖലയിലേക്ക് തിരിഞ്ഞു. ഭവതിയുടെ സാരോപദേശങ്ങള്‍ ശ്രദ്ധിക്കാനും അവരുടെ അനുഗ്രഹം തേടാനും ജനങ്ങള്‍ മത്സരിച്ചു.
സ്ത്രീകള്‍ക്ക് പുറമെ ചക്രവര്‍ത്തിമാരും വിശിഷ്ട വ്യക്തിത്വങ്ങളുമുള്‍പ്പടെ അനേകം പുരുഷജനങ്ങളും മഹതിയുടെ സദസ്സിനെ ധന്യമാക്കി. സുഫ്‌യാന്‍ സൗരി, മാലിക് ഇബ്‌നു ദീനാര്‍, റബാഹ് ഇബ്‌നു ഖൈസ് തുടങ്ങിയവര്‍ റാബിയയുടെ ശിഷ്യഗണങ്ങളില്‍ പ്രധാനികളാണ്.
സൂഫി ചിന്താധാരയിലെ വിശുദ്ധമായ ദൈവപ്രേമം എന്ന ആശയത്തിന് ബീജാവാപം നല്‍കിയത് റാബിയയാണ്. അതുവരെ നരകത്തെ ഭയന്നും സ്വര്‍ഗത്തെ മോഹിച്ചും ദൈവത്തെ ആരാധിക്കുക എന്ന സിദ്ധാന്തമാണ് സൂഫി വൃത്തങ്ങളില്‍ നിലനിന്നിരുന്നത്. ദൈവത്തെ ഭയപ്പെട്ടുകൊണ്ടല്ല, അവനെ ആരാധിക്കേണ്ടത്. മറിച്ച്, അവനെ പ്രേമഭാജനമായി സങ്കല്‍പ്പിച്ചുകൊണ്ടാണ് ആരാധിക്കേണ്ടതെന്ന് റാബിയ സിദ്ധാന്തിച്ചു. അല്ലാഹുവിന്റെ നാല് സവിശേഷഗുണങ്ങളായ ദാത്ത് (സത്ത) ജലാല്‍ (ഗാംഭീര്യം) ജമാല്‍ (സൗന്ദര്യം) കമാല്‍ (പൂര്‍ണത) എന്നിവയില്‍ ജമാലിന്റെ ഉപാസനക്കാണ് റാബിയ പ്രാമുഖ്യം കല്‍പിച്ചത്. ദൈവത്തെ ഭയപ്പെടുക എന്നത് ദൈവസാമീപ്യമാര്‍ഗത്തില്‍ വിഘാതം സൃഷ്ടിച്ചേക്കുമെന്ന് അവര്‍ നിരീക്ഷിച്ചു. ദൈവത്തെ പ്രേമിച്ചുകൊണ്ട് അവനെ ഉപാസിക്കുക എന്ന ദര്‍ശനം കൂടുതല്‍ ജനപ്രീതി നേടുകയും ചെയ്തു.
ദൈവാനുരാഗത്താല്‍ ഉന്മത്തയായ റാബിയ അതിന്റെ ആനന്ദലഹരിയില്‍ ഇപ്രകാരം ഉല്‍ഘോഷിച്ചിരുന്നു.
ആകാശ നീലിമയില്‍ നക്ഷത്രങ്ങള്‍ കണ്ണുതുറന്നു നില്‍ക്കുന്ന ഈ സുന്ദര രാത്രിയില്‍ ജനങ്ങളെല്ലാം കണ്ണുചിമ്മി നിദ്രയിലാണ്ടു കഴിഞ്ഞു. ചക്രവര്‍ത്തിമാര്‍ കൊട്ടാര കവാടങ്ങള്‍ ബന്ധിച്ചു. ഓരോ കാമുകനും തന്റെ പ്രേയസിയോടൊപ്പം ഒറ്റക്ക് ആനന്ദാനുഭൂതി പങ്കിടുന്ന അനര്‍ഘ നിമിഷമാണിത്. ഈ ഞാനും... ഇവിടെ അങ്ങയുടെ ചാരത്ത്.... ഏകാകിയായി.. അങ്ങയെ ഒഴികെ മറ്റാരെയും ഞാന്‍ കാമിക്കുന്നില്ല. നിന്റെ ആവരണത്തെ എന്റെ കണ്‍മുമ്പില്‍ നിന്ന് അനാവരണം ചെയ്‌തേക്കുക. എന്റെ കണ്ണുകള്‍ നിന്റെ അനശ്വര സൗന്ദര്യമൊന്ന് ദര്‍ശിച്ചോട്ടെ. ഒരു നിലക്കും ഈ ഉല്‍ക്കര്‍ഷത്തിന് ഞാന്‍ അര്‍ഹയല്ല. അങ്ങയുടെ കൃപാകടാക്ഷം അത് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ബസറയിലെ ഒരു സൂഫിവര്യന്‍ റാബിയയുടെ സന്നിധിയില്‍ചെന്ന് ദുന്‍യാവിനെ കുറിച്ച് ആക്ഷേപിച്ച് സംസാരിച്ചു. അതിന്റെ സുഖസൗകര്യങ്ങളുടെ നൈമിഷികതയെ കുറിച്ചും വര്‍ണപ്പകിട്ടിനെയും നശ്വരതയെ കുറിച്ചും നിശിതമായി അപലപിച്ചു. റാബിയ അദ്ദേഹത്തോട് പറഞ്ഞു: ദുന്‍യാവിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന നീയും അതിന്റെ ആകര്‍ഷണവലയത്തില്‍ കരുങ്ങിയവന്‍ തന്നെയാണ്. ദുന്‍യാവുമായി ബന്ധം വിഛേദിച്ചിരുന്നുവെങ്കില്‍ അതിന്റെ സൗന്ദര്യവും വൈരൂപ്യവും നീ പരാമര്‍ശിക്കുമായിരുന്നില്ല.
യഥാര്‍ഥ സൂഫിസമെന്താണെന്ന് ഇവിടെ റാബിയ അദ്ദേഹത്തെ പഠിപ്പിക്കുകയാണ്. ഐഹികവിഭവങ്ങള്‍ ആരില്‍നിന്നും ഉപഹാരമായോ പാരിതോഷികമായോ റാബിയ സ്വീകരിച്ചിരുന്നില്ല. ഒരിക്കല്‍ ഒരു ധനാഢ്യന്‍ മഹതിക്ക് ഭീമമായ ഒരു സംഖ്യ കാഴ്ചവെച്ചപ്പോള്‍ റാബിയ പറഞ്ഞു. തന്റെ അടിമകളില്‍ തന്നെ വിസ്മരിക്കുന്നവര്‍ക്ക് പോലും ഭക്ഷണം നല്‍കുന്നവനാണ് അല്ലാഹു. അപ്പോള്‍ സദാ അവനെ സ്മരിക്കുന്നവരുടെ കാര്യം പറയേണ്ടതുണ്ടോ? അതിലുപരി, നിന്റെ സമ്പാദ്യം ഹലാലാണോ ഹറാമാണോ എന്ന് നിശ്ചയമല്ലാത്ത സ്ഥിതിക്ക് ഞാനിതെങ്ങനെ സ്വീകരിക്കും?
പശ്ചാത്തപിച്ചു മടങ്ങുന്നവരുടെ തൗബ അല്ലാഹു സ്വീകരിക്കുമോ? ഒരാള്‍ മഹതിയോട് ചോദിച്ചു.
റാബിയ പറഞ്ഞു. ഖേദിച്ച് മടങ്ങാന്‍ ഒരാള്‍ക്ക് തോന്നിപ്പിക്കുന്നത് തന്നെ അവന്‍ അത് സ്വീകരിക്കുന്നതിന്റെ ഒന്നാന്തരം തെളിവാണ്.
ദൈവത്തെ മണവാളനായി സ്വീകരിച്ച റാബിഅ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെട്ടില്ല. റാബിയ ഇസ്്‌ലാമിലെ രണ്ടാം മര്‍യമാണെന്ന് ഫരീദുദ്ദീന്‍ അക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബസറയിലെ അമീര്‍ ഉള്‍പ്പെടെ പല ഉന്നത വ്യക്തിത്വങ്ങളും വിവാഹ അഭ്യര്‍ഥനയുമായി മഹതിയെ സമീപിച്ചു. എന്റെ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ വിവാഹത്തെ കുറിച്ച് ആലോചിക്കാമെന്ന് റാബിയ പറഞ്ഞു. ഒന്ന് ഞാന്‍ ഈമാനോട് കൂടിയാണോ മരിക്കുക. രണ്ട് പുനരുത്ഥാന ദിവസം എന്റെ ഏട് എനിക്ക് നല്‍കപ്പെടുക എന്റെ വലത് കൈയിലോ അതോ ഇടത് കൈയിലോ? മൂന്ന് ഞാന്‍ സ്വര്‍ഗാവകാശിയോ അതോ നരകാവകാശിയോ?
സ്വര്‍ഗത്തെ കുറിച്ച് റാബിയ പറഞ്ഞു. ആദ്യം അയല്‍വാസി, പിന്നെ വീട് (അല്‍ജാറുസുമ്മദ്ദാര്‍) ഇത് ഇമാം ഗസ്സാലി ഇങ്ങനെ വിശദീകരിക്കുന്നുണ്ട്. ആദ്യം നീ അല്ലാഹുവിനെ അയല്‍വാസിയായി സ്വീകരിക്കുക. അവനുമായി സൗഹൃദവും സഹവാസവും സ്ഥാപിക്കുക. എങ്കില്‍ നിനക്ക് സ്വര്‍ഗമാകുന്ന വീട് സമ്പാദിക്കാം.
പ്രവാചക സ്‌നേഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ റാബിയ ഇങ്ങനെ പ്രതികരിച്ചു. ഞാന്‍ പ്രവാചകനെ സ്‌നേഹിക്കുന്നു. എന്നാല്‍, ദൈവത്തോടുള്ള സ്‌നേഹം അവന്റെ സൃഷ്ടികളോടുള്ള സ്‌നേഹത്തില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കുന്നു. ദൈവത്തോടുള്ള അദമ്യമായ അനുരാഗം മൂലം എനിക്ക് അവനെയല്ലാതെ മറ്റാരെയും സ്‌നേഹിക്കാന്‍ സാധിക്കുന്നില്ല.
പരലോകത്തെക്കുറിച്ച് റാബിയ പറഞ്ഞു. പരലോകത്ത് നിന്നാണ് നാം ഇവിടെ വന്നത്. അങ്ങോട്ടാണ് നാം പോകുന്നതും.
സ്ത്രീ സമൂഹത്തില്‍ പെണ്‍കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായും ഭക്തിയുടെയും വിരക്തിയുടെയും ദൈവിക സ്‌നേഹത്തിന്റെയും നിത്യസ്മാരകമായും റാബിയ അനുസ്‌കമരിക്കപ്പെടുന്നു. അവരുടെ കവിത ശകലങ്ങളിലും ഈരടികളിലും പ്രസരിക്കുന്ന ദൈവികാനുരാഗം ഏത് ഹൃദയത്തെയും തരളിതമാക്കാന്‍ പര്യാപ്തമാണ്.
തന്റേതെന്ന് പറയാന്‍ ഒരു പൊട്ടിയ മണ്‍പാത്രവും ഒരു പരിക്കന്‍ പായയും ഇഷ്ടികയുടെ തലയിണയും മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. സര്‍വ്വസംഗപരിത്യാഗിയായ ആ സ്‌നേഹ ഗായിക തന്റെ എണ്‍പതാം വയസ്സില്‍ ഹിജ്‌റ 180-ല്‍ ഈ ലോകത്തോട് വിടപറഞ്ഞു.