വിവാഹം
പി.പി.അബ്ദുറഹ്മാന്‍, പെരിങ്ങാടി
2016 ജനുവരി
ഒരു പുതിയ കുടുംബത്തിന്റെ ശിലാസ്ഥാപനമാണ് വിവാഹം. ഒരാണും പെണ്ണും ഇണകളായി ന്യായമായും മാന്യമായും ഒരുമിച്ചു ജീവിക്കാനുള്ള സാമൂഹ്യാംഗീകാരം നല്‍കുന്ന ഉല്‍കൃഷ്ട കര്‍മ്മമാണത്. തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെയും ഉദാത്ത കാഴ്ചപ്പാടോടെയും നടക്കേണ്ട ഈ മഹത്കര്‍മ്മം ഇസ്‌ലാമിക ദൃഷ്ട്യാ ബലിഷ്ഠമായ ഒരു കരാര്‍ കൂടിയാണ്. ഭദ്രമായ ഈ കരാര്‍ വഴി ഒന്നിക്കുന്ന ആണും പെണ്ണും പിന്നെ രണ്ടല്ല 'മ്മിണി ബല്യ' ഒന്നാണ്.
ഒരു പുതിയ കുടുംബത്തിന്റെ ശിലാസ്ഥാപനമാണ് വിവാഹം. ഒരാണും പെണ്ണും ഇണകളായി ന്യായമായും മാന്യമായും ഒരുമിച്ചു ജീവിക്കാനുള്ള സാമൂഹ്യാംഗീകാരം നല്‍കുന്ന ഉല്‍കൃഷ്ട കര്‍മ്മമാണത്. തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെയും ഉദാത്ത കാഴ്ചപ്പാടോടെയും നടക്കേണ്ട ഈ മഹത്കര്‍മ്മം ഇസ്‌ലാമിക ദൃഷ്ട്യാ ബലിഷ്ഠമായ ഒരു കരാര്‍ കൂടിയാണ്. ഭദ്രമായ ഈ കരാര്‍ വഴി ഒന്നിക്കുന്ന ആണും പെണ്ണും പിന്നെ രണ്ടല്ല 'മ്മിണി ബല്യ' ഒന്നാണ്. തികഞ്ഞ പാരസ്പര്യമാണ് അതിന്റെ അന്തര്‍ധാര. ഒന്ന് മറ്റൊന്നിനെ ബലപ്പെടുത്തുന്നു; ഒന്ന് മറ്റൊന്നിന്റെ പോരായ്മകള്‍ ഫലപ്രദമായി പരിഹരിക്കുന്നു. ഒരു വാഹനത്തിന്റെ പരസ്പര ബന്ധിതമായ ഇരു ചക്രങ്ങള്‍പോലെ നീങ്ങുന്നു.
പ്രപഞ്ചത്തില്‍ എല്ലാ ജന്തുക്കളും ഇണകളാണ്; അചേതന വസ്തുക്കളും തഥൈവ. നെഗറ്റീവും, പോസിറ്റീവും പരസ്പര പൂരകമായി പ്രവര്‍ത്തനക്ഷമമാകുമ്പോാണ് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ നെഗറ്റീവിനാണോ പോസിറ്റീവിനാണോ പ്രാമുഖ്യവും പ്രാധാന്യവുമെന്ന ചര്‍ച്ച വ്യര്‍ത്ഥമാണ്. രണ്ടും തുല്യമാണ്. ഇതേപോലെ തന്നെയാണ് ആണും പെണ്ണും. ആണിനെ പ്രസവിക്കുന്നത് പെണ്ണാണ്. പെണ്ണിന് ജന്മമേകുന്ന ബീജം ആണിന്റെതുമാണ്. വിത്തും കായും പോലെ. വിശുദ്ധ ഖുര്‍ആന്‍ 3:195-ല്‍ ബഅഌക്കും മിന്‍ ബഅഌ എന്നാണ് പ്രസ്ഥാവിച്ചത്.
വിശേഷബുദ്ധികൊണ്ടനുഗ്രഹീതരായ മനുഷ്യരിലെ ആണും പെണ്ണും വ്യവസ്ഥാപിതമായി, ഇണ-തുണകളായി കുടുംബജീവിതം നയിക്കാനുള്ള പ്രാരംഭമാണ് വിവാഹം. സദാചാര ഭദ്രതയും വംശവര്‍ദ്ധനവുമാണ് ഇതിലൂടെ സുസാധ്യമാകേണ്ടത്. വിവാഹം സുപ്രധാനമാണ്. അനുപേക്ഷണീയവുമാണ്. ആകയാല്‍ അത് ലളിത സുന്ദരമായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌ക്കര്‍ഷിക്കുന്നു. സൃഷ്ടികര്‍ത്താവായ അല്ലാഹു യുക്തിപൂര്‍വം വളരെ ലളിതമാക്കി നിര്‍ണയിച്ചതിനെ സങ്കീര്‍ണമാക്കിയാല്‍ അത് വ്യാപകമായ വിനാശത്തിന് ഹേതുവാകും. സദാചാരഭദ്രത തകരാനും മ്ലേഛവൃത്തികള്‍ വര്‍ദ്ധിക്കാനും മറ്റും ഇടയാക്കും. ആകയാല്‍ വിവാഹത്തിന്റെ ലാളിത്യവും വിശുദ്ധിയും തകരാറിലാക്കുംവിധം അനാചാര-ദുരാചാരങ്ങളാല്‍ അതിനെ സങ്കീര്‍ണ്ണവും മലീമസവുമാക്കുന്നവര്‍ മനുഷ്യത്വത്തോട് മഹാദ്രോഹമാണ് ചെയ്യുന്നത്. മുഹമ്മദ് നബി(സ) പറഞ്ഞ പ്രസിദ്ധമായ വാക്യത്തിന്റെ പൊരുള്‍ ഇങ്ങനെ: 'നാലു പരിഗണനകളാല്‍ നാരികള്‍ വിവാഹം ചെയ്യപ്പെടും. സമ്പത്ത്, സൗന്ദര്യം, കുലീനത, ആദര്‍ശം, ആദര്‍ശവതിക്ക് മുന്തിയ പരിഗണന നല്‍കുക. (അല്ലാത്തപക്ഷം) നീ തുലഞ്ഞു മുടിഞ്ഞ് പോകും.''
വിവാഹ വിഷയത്തില്‍ ആദര്‍ശം സര്‍വപ്രധാനമായി പരിഗണിക്കണമെന്ന പ്രവാചക നിര്‍ദേശം അര്‍ഹിക്കുന്ന ഗൗരവത്തോടെ സജീവമായി പരിഗണിക്കാത്തതിന്റെ ദൂഷ്യവും ദുരന്തവും ഭീകരമാംവിധം ദൃശ്യമാണ്. പലപ്പോഴും സൗന്ദര്യവും സമ്പത്തും മറ്റുമാണ് പരപരിഗണന നേടുന്നത്. ആദര്‍ശം എന്നത് മേമ്പൊടിയായോ, മേനിപറച്ചിലായോ മാത്രം. ആദര്‍ശനിഷ്ഠ വിശ്വാസ-വീക്ഷണ ശുദ്ധിയും തദ്വാരാ വിചാര-വികാരങ്ങളുടെ സന്തുലിതത്വവുമാണ് ഉറപ്പുവരുത്തുന്നത്.
സത്യത്തില്‍ സൗന്ദര്യമെന്നത് ക്ഷണികമാണ്; ഭാഗികമാണ്; ആപേക്ഷികവുമാണ്. ഒരു സൗന്ദര്യവും നിത്യമല്ല; സമ്പൂര്‍ണവുമല്ല. ഒരു കോണില്‍ ചിലവശം സുന്ദരമെന്ന് തോന്നുമ്പോള്‍ മറ്റൊരു കോണില്‍ വേറെ ചിലത് അത്ര സുന്ദരമല്ലെന്ന് തോന്നുന്നു. കാലത്തിന്റെ കറക്കത്തില്‍ ബാഹ്യസൗന്ദര്യം പോയേക്കും. തീ ഒന്ന് പാളിക്കത്തി ദേഹത്തേക്ക് വന്നാല്‍ വിരൂപിയായേക്കും; വാര്‍ദ്ധക്യവും അവശതയും എന്തായാലും ബാഹ്യസൗന്ദര്യത്തെ സാരമായി ബാധിച്ചേക്കും. മറ്റൊന്നുമായി തട്ടിച്ചുനോക്കുമ്പോള്‍ അത്രപോരാ എന്നും തോന്നിയേക്കും. ആകയാല്‍ ഇതിനെ മാത്രം പരമപ്രധാനമായും ഏകമാനദണ്ഡമായും പരിഗണിക്കുകയും സൗന്ദര്യദ്രാന്തില്‍ ആദര്‍ശം പരിഗണിക്കാതെ പോകുകയും ചെയ്താല്‍ കുടുംബജീവിതം കാലത്തിന്റെ നീളത്തില്‍ ദുഃഖപൂര്‍ണ്ണമാവാനിടയുണ്ട്. ആന്തരിക സൗന്ദര്യമാണ് ദയ, വിശാലമനസ്‌കത, സ്‌നേഹാര്‍ദ്ര മനസ്സ് തുടങ്ങിയവ. ഇത് രോഗം, വാര്‍ധക്യം, അത്യാഹിതം തുടങ്ങിയവ കൊണ്ടൊന്നും കൈമോശം വരില്ല. ഈ ആന്തരിക സൗന്ദര്യം ഉണ്ടാക്കിയെടുക്കുന്നത് ആദര്‍ശമാണ് അഥവാ സത്യശുദ്ധമായ ദീനീ വീക്ഷണമാണ്. ദീനിന് പരമപ്രാധാന്യം നല്‍കിയാല്‍ ശാശ്വതമെന്നോ നിത്യമെന്നോ പറയാവുന്ന ഈ ആന്തരികസൗന്ദര്യം ആവോളം അനുഭവിച്ചാസ്വദിക്കാനുള്ള മഹാഭാഗ്യം സിദ്ധിക്കും. അല്ലാത്തപക്ഷം മഹാകഷ്ടമായിരിക്കും.
സമ്പത്ത് നല്ലതാണ്; പക്ഷെ സമ്പല്‍ സമൃദ്ധികൊണ്ട് തന്നെ പലരും ദുഷിച്ചു പിഴച്ചു പോകാറുണ്ട്. സമ്പത്ത് കൈകാര്യം ചെയ്യാനുള്ള വിവേകം ഇല്ലെങ്കില്‍ സമ്പത്ത് വിനാശകരമാണ്. ഈ വിവേകം ദീനീബോധവും ദീനീനിഷ്ഠയും കൊണ്ടേ വേണ്ടരീതിയില്‍ ഉണ്ടാവുകയുള്ളൂ. ആകയാല്‍ ആദര്‍ശനിഷ്ഠയോടൊപ്പം സമ്പത്ത് ഉണ്ടായാലേ നന്മയുള്ളൂ.
സമ്പത്ത് എന്നത് സംതൃപ്തി, സായൂജ്യം, സന്തോഷം എന്നിവ മിതമായ അളവില്‍ കൈവരിക്കാനുള്ള ഉപാധി മാത്രമാണ്. തികഞ്ഞ ദീനീബോധവും നിഷ്ഠയുമുള്ളവര്‍ക്ക് ഉള്ളതില്‍ തൃപ്തിയടഞ്ഞ് സന്തോഷമടയാനുള്ള അസാധാരണമായ ഗുണവിശേഷമുണ്ടാകും. ദീനീ വീക്ഷണമില്ലാത്തവരില്‍ അസംതൃപ്തിയും അസന്തുഷ്ഠിയും നിരാശയുമുണ്ടാകും. ഇത് കുടംബാന്തരീക്ഷത്തില്‍ പ്രശ്‌നസങ്കീര്‍ണതകള്‍ സൃഷ്ടിക്കും. ഉള്ള വിഭവങ്ങളില്‍ സന്തോഷം കണ്ടെത്തി സായൂജ്യം കൊള്ളുന്നതിനാണ് 'ഖനാഅത്ത്'' എന്ന് പറയുന്നത്. ഈ മഹല്‍ ഗുണം ദീനില്‍ നിന്നാണുല്‍ഭവിക്കുന്നത്.
കുലീനത എന്നത് അന്ധമായ തറവാട്ടുമഹിമയും ഗോത്രമഹിമയുമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരെല്ലാം ആദമിന്റെ സന്തതികളാണ്; ആദമാകട്ടെ മണ്ണില്‍നിന്നും. ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ മനുഷ്യരെല്ലാം തുല്യരാണെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.
വിത്തുഗുണവും വളരുകയും വിളയുകയും ചെയ്ത മണ്ണിന്റെ ഗുണവുമനുസരിച്ച് കായ്കനികള്‍ക്കും മറ്റുമുള്ള ചില പ്രത്യേകതകള്‍ മനുഷ്യര്‍ക്കുമുണ്ടാകാം. ഇതൊരിക്കലും അഹങ്കാരത്തിന് നിമിത്തമായിക്കൂടാ. അഹങ്കാരം നരകത്തിലേക്കുള്ള വഴിയാണെന്ന് നബി(സ) പല നിലക്കും ഊന്നിപ്പറഞ്ഞിട്ടുമുണ്ട്. യഥാര്‍ത്ഥത്തിലുള്ള കുലീനത സൂക്ഷ്മത(തഖ്‌വ)യാണെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. 'തീര്‍ച്ചയായും നിങ്ങളിലേറെ മാന്യന്‍ -കുലീനന്‍- നിങ്ങളില്‍ കൂടുതല്‍ ദൈവഭക്തിയുള്ളവരാണ്. നിശ്ചയം അല്ലാഹു സൂക്ഷ്മജ്ഞനും ഗൂഢജ്ഞനുമാണ്' (49:13). കൂടുതല്‍ ദൈവഭക്തി ആര്‍ക്കാണെന്ന് പറയുക മനുഷ്യസാധ്യമല്ല. ബാഹ്യവും ആന്തരികവുമായ പല ഘടകങ്ങളെ വിശദമായും പൂര്‍ണ്ണമായും ചിന്താവിധേയമാക്കി കൃത്യമായ വിധി തീര്‍പ്പിലെത്താന്‍ മനുഷ്യര്‍ക്ക് തീരെ സാധ്യമല്ലാത്തതിനാല്‍ ഉപര്യുക്ത സൂക്തം സൂക്ഷ്മജ്ഞനും ഗൂഡജ്ഞനും അല്ലാഹു മാത്രമാണെന്ന് ഉയര്‍ത്തിക്കൊണ്ട് ഉപസംഹരിച്ചത് ചിന്തനീയമാണ്. ദൈവഭക്തി ഏതൊരാള്‍ക്കും ആര്‍ജിക്കാം; എന്നാല്‍ കൂടുതല്‍ ദൈവഭക്തിയുള്ളവനാണെന്ന് ഈ ദുന്‍യാവില്‍ സ്വയം അവകാശപ്പെടാന്‍ ദീനീബോധമുള്ളവരാരും ധൃഷ്ടരാവുകയില്ല. അപ്പോള്‍ യഥാര്‍ഥ കുലീനതയും തവാടിത്തവും തഖ്‌വയാണ്; അതാവട്ടെ ആദര്‍ശനിഷ്ഠ വഴി മാത്രം ഉണ്ടായിത്തീരുന്നതാണ്.
ചുരുക്കത്തില്‍ നബി(സ) ഒടുവില്‍ പറഞ്ഞ ആദര്‍ശത്തെ പൂര്‍ണമായി പരിഗണിച്ചാല്‍, ആദ്യം പറഞ്ഞ മൂന്ന് നന്മകളും പരമാര്‍ഥത്തില്‍ അതിന്റെ ഉദാത്ത രീതിയില്‍ കരഗതമാവും.
മറ്റൊരു രീതിയില്‍ സൗന്ദര്യഭ്രാന്ത് പാശ്ചാത്യ (ക്രൈസ്തവ) നാഗരികതയുടെ സൃഷ്ടിയാണ്; സമ്പത്തിനെ പരമപ്രധാനമായി പരിഗണിക്കല്‍ ജൂതന്മാരുടെ സ്വഭാവമാണ്. ജൂതന്മാരാണല്ലോ ക്രൂര ചൂഷണമായ പലിശയുടെ അപ്പോസ്തലന്മാര്‍. ഷെയ്ക്‌സ്പിയറുടെ Merchant of Venice-ലെ പണക്കൊതിയനായ ഷൈലോക്ക് ജൂതനാണ്. വര്‍ഗ്ഗമഹിമയുടെയും കുലമഹിമയുടെയും അടിസ്ഥാനത്തില്‍ വിവേചനം പുലര്‍ത്തുന്നത് ബഹുദൈവവിശ്വാസം രൂഢമൂലമായ സമൂഹത്തില്‍ വളരെ വ്യാപകമാണ്. ശിര്‍ക്കന്‍ നാഗരികതയിലെ കുല ദൈവങ്ങളും വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള ക്ഷേത്രങ്ങളും മററും ഇതിന്റെ നിദര്‍ശനമാണ്. പ്രവാചകന് മുമ്പുള്ള ശിര്‍ക്കന്‍ സമൂഹം ഓരോ വിഭാഗങ്ങളും താന്താങ്ങളുടേത് മാത്രമായി പ്രത്യേകം പ്രത്യേകം വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചിട്ടാണല്ലോ കഅ്ബാലയത്തില്‍ അന്ന് നൂറുകണക്കിന് വിഗ്രഹങ്ങള്‍ കൂടിയിരുത്തപ്പെട്ടത്. മേല്‍പറഞ്ഞ മൂന്ന് നാഗരികതകളും നാശകാരിയാണ്. ആകയാല്‍കുടുംബത്തെ സംവിധാനിക്കുമ്പോള്‍, അതിന്റെ പ്രാരംഭ ശിലാസ്ഥാപനം നടത്തുമ്പോള്‍ ഈ ദൃശ കേവല ഭൗതിക നാഗരികതകളെ നിരാകരിച്ചുകൊണ്ട്, അവയുടെ ദുസ്വാധീനങ്ങളില്‍ നിന്ന് തീര്‍ത്തും വിമുക്തമായി സത്യശുദ്ധമായ ആദര്‍ശനിഷ്ഠയിലൂന്നി നിര്‍വ്വഹിക്കണമെന്നതാണ് പ്രവാചക അധ്യാപനത്തിന്റെ കാമ്പും കാതലും. എങ്കില്‍ കുടുംബം ഭദ്രമായിരിക്കും. കൂടുമ്പോള്‍ ഇമ്പമുള്ളതും ഈടുറ്റതുമായിരിക്കും.