തഫ്ഹീമുല്‍ ഖുര്‍ആന്‍ ഡിജിറ്റല്‍ വായന

കെ.എ നാസര്‍ No image

പ്രശസ്ത പണ്ഡിതനും ചിന്തകനുമായ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ വിഖ്യാത കൃതിയായ തഫ്ഹീമുല്‍ ഖുര്‍ആന്റെ സമ്പൂര്‍ണ ഓഡിയോ ഉള്‍പ്പെടുത്തിയ പുതിയ സോഫ്റ്റ്‌വെയര്‍ പതിപ്പിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഗഹനമായ പഠനവും മനനവും നടത്തി ഉര്‍ദുവില്‍ ആറ് വാല്യങ്ങളിലായി രചിച്ച വിഖ്യാത ഗ്രന്ഥമാണ് തഫ്ഹീം. ഇന്ത്യയിലെ മിക്ക ഭാഷകളിലും, അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, പുഷ്തു, തുര്‍കി, ജാപ്പനീസ്, തായ്, സിംഹള, റഷ്യന്‍ തുടങ്ങിയ വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടതുതന്നെ തഫ്ഹീമിനു ലോകം നല്‍കിയ വലിയ അംഗീകാരമാണ്. വിശുദ്ധഖുര്‍ആന്റെ ആശയവും അകക്കാമ്പും ഏത് സാധാരണക്കാരനും മനസ്സിലാക്കാന്‍ സാധിക്കുമെന്നതാണ് തഫ്ഹീമുല്‍ ഖുര്‍ആനിനെ വേറിട്ട രചനയാക്കി മാറ്റുന്നത്. അക്ഷരജ്ഞാനമുള്ള സാധാരണക്കാര്‍ക്ക് ഖുര്‍ആനിന്റെ ആത്മാവ് കണ്ടെത്താന്‍ കഴിയുമാറ് ഖുര്‍ആനിക വചനങ്ങളുടെ ആശയങ്ങളും താല്‍പര്യങ്ങളും മനസ്സിലാവുംവിധം വിശദീകരിക്കുകയും, ഖുര്‍ആനിന്റെ തര്‍ജമ മാത്രം വായിക്കുമ്പോള്‍ മനസ്സില്‍ രൂപപ്പെടുന്ന സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുകയും സംക്ഷിപ്തമായോ സംഗ്രഹിച്ചോ പറഞ്ഞുപോയ കാര്യങ്ങള്‍ ആവശ്യമായ അളവില്‍ അപഗ്രഥിച്ചു വിശദമാക്കുകയുമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍ ചെയ്യുന്നത്.
കാലട്ടത്തിന്റെ വായനക്കും കേളിക്കും അനുയോജ്യമായ വിധത്തില്‍ നിലവിലെ ഡെസ്‌ക്‌ടോപ്, ലാപ്‌ടോപ്, സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ് പി.സി, എം.പി 3 പ്ലെയര്‍ തുടങ്ങിയ വ്യത്യസ്ത ഉപകരണങ്ങളില്‍ വായിക്കാനും കേള്‍ക്കാനും സാധ്യമാകുന്ന വിധത്തില്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി ഫോര്‍ മീഡിയ തുടക്കം കുറിക്കുന്നത് 2013 ജൂണ്‍ മാസത്തിലാണ്. ഇതിന്റെ ഡബ്ബിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം ഓഡിയോ സ്റ്റുഡിയോ തന്നെ സൗകര്യപ്പെടുത്തി. സിനി ആര്‍ട്ടിസ്റ്റ് കൂടിയായ നൗഷാദ് ഇബ്രാഹീമാണ് ഡബ്ബിംഗ് ജോലി ഏറ്റെടുത്ത് ഭംഗിയായി പൂര്‍ത്തീകരിച്ചത്.
പണ്ഡിതന്മാര്‍, സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാര്‍, കണ്ടന്റ് എഡിറ്റര്‍മാര്‍, സൗണ്ട് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഒരു വലിയ സംഘത്തിന്റെ രണ്ടര വര്‍ഷം നീണ്ടുനിന്ന കഠിനവും ശ്രമകരവുമായ തീവ്രയത്‌നമാണ് ഈ ബൃഹത് സംരംഭത്തിന് പിന്നിലുള്ളത്. നേരത്തെ പുറത്തിറക്കിയ സോഫ്റ്റ്‌വെയറിന്റെ പോരായ്മകള്‍ പൂര്‍ണമായും പരിഹരിച്ചാണ് പുതിയ പതിപ്പ് പുറത്തിറക്കുന്നത്. ഇത്തരമൊരു ഡിജിറ്റല്‍ 'സ്വപ്നപദ്ധതി' മലയാളത്തിലെത്തന്നെ ആദ്യത്തെ സംരംഭമായിരിക്കും. തഫ്ഹീമിന്റെ മുന്‍ ഡിജിറ്റല്‍ പതിപ്പിന്റെ വികസനത്തിന് സഹായ സഹകരണങ്ങള്‍ നല്‍കിയ സൗദി കെ.ഐ.ജി പ്രവര്‍ത്തകര്‍ തന്നെയാണ് പുതിയ പതിപ്പിന്റെ നിര്‍മാണത്തിനും പ്രചോദനമായി വര്‍ത്തിച്ചത്.
നേരത്തെ 2008 ഒക്ടോബറില്‍ പുറത്തിറങ്ങിയ തഫ്ഹീം സോഫ്റ്റ്‌വെയര്‍ വിന്‍ഡോസ് എക്‌സ്പിയെ അടിസ്ഥാനമാക്കിയാണ് പുറത്തിറക്കിയിരുന്നത്. വിന്‍ഡോസിനു തന്നെ അതിനു ശേഷം പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ വന്നു. ഇപ്പോള്‍ ഒടുവില്‍ പുറത്തിറങ്ങിയ വിന്‍ഡോസ് 10-ന് പുറമെ ലിനക്‌സ്, മാക് ഓപറേറ്റിംഗ് സിസ്റ്റങ്ങളെ കൂടി പരിഗണിച്ചു കൊണ്ടാണ് പുതിയ പതിപ്പ് പുറത്തിറങ്ങുന്നത്. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ വളരെ എളുപ്പത്തില്‍ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധ്യമാക്കുന്ന മുഖപ്പേജും, മറ്റൊരാളുടെ സഹായമില്ലാതെ സ്വയം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ലേഔട്ട് സംവിധാനവും സോഫ്റ്റ്‌വെയറിനെ സാധാരണക്കാരോട് ഏറെ ചേര്‍ത്തുനിര്‍ത്തുന്നവയാണ്.
ഒരുകൂട്ടം ആയത്തുകളെ ഒന്നിച്ചെടുത്തു വ്യാഖ്യാനിക്കുന്ന രീതിയാണല്ലോ തഫിഹീമിനുള്ളത്. അതനുസരിച്ച് സ്‌ക്രീനിന്റെ വലതു ഭാഗത്ത് മുകളില്‍ ഖുര്‍ആന്‍ ബ്ലോക്കും തൊട്ട് താഴെയുള്ള ഏരിയയില്‍ ആയത്തുകളുടെ അര്‍ഥവും ഇടതു ഭാഗത്ത് വാക്കര്‍ഥവും കാണാം. ബന്ധപ്പെട്ട വ്യാഖ്യാന കുറിപ്പുകളിലേക്ക് കടക്കാനുള്ള നമ്പറുകള്‍ സൂപ്പര്‍ സ്‌ക്രിപ്റ്റായും നല്‍കിയിട്ടുണ്ട്. ഈ നമ്പറുകളില്‍ മൗസ് ക്ലിക്ക് ചെയ്യുന്നതോടെ ഇടതു ഭാഗത്തെ സ്‌ക്രീനില്‍ വ്യാഖ്യാനം പ്രത്യക്ഷപ്പെടുകയായി. ഇവിടെ വ്യക്തി, സ്ഥല നാമങ്ങളുടെ വിശദീകരണമായി നോട്ട്‌സുകള്‍, തഫ്ഹീമില്‍ പരാമര്‍ശിച്ച ഹദീസുകളുടെ പൂര്‍ണ അറബിക് ടെക്സ്റ്റ്, ബഹുവര്‍ണത്തിലുള്ള മാപ്പ്, ബൈബിള്‍ ഉദ്ധരണികളുടെ പൂര്‍ണരൂപം എന്നിവ കൂടി ലഭ്യമാക്കുന്ന വിവിധ സ്വഭാവത്തിലുള്ള സൂപ്പര്‍ സ്‌ക്രിപ്റ്റുകള്‍ കാണാവുന്നതാണ്.
യുവതവമുറയുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് വിശുദ്ധ ഖുര്‍ആനിനെ ഏറ്റവും പുതിയ മാധ്യമത്തില്‍ അവതരിപ്പിക്കുകയെന്ന ഉത്തരവാദിത്തമാണ് ഇസ്‌ലാമിക പ്രസ്ഥാനം ഇതിലൂടെ നിര്‍വഹിക്കുന്നത്. ഖുര്‍ആന്‍ അധ്യായങ്ങളും അവയിലെ ആയത്തുകളും (തഫ്ഹീം ബ്ലോക്കുകള്‍) തെരഞ്ഞെടുക്കാനുള്ള സൗകര്യം, അധ്യായത്തിന്റെയും ആയത്തിന്റെയും നമ്പര്‍ നല്‍കി തഫ്ഹീം ബ്ലോക്കിലെത്താനുള്ള സൗകര്യം, സ്‌ക്രീനില്‍ കാണുന്ന വിവരങ്ങള്‍ കൂടുതല്‍ ഫലപ്രദമായും സൗകര്യപ്രദമായും പ്രയോജനപ്പെടുത്താനായി Bookmark, Show Word Meaning, Increase font size, Decrease font size, Copy, Clipbord, Forward/Backward, Sticky Notse, Switch Content Language, Preface എന്നിങ്ങനെയുള്ള പ്രത്യേകം ടൂള്‍ബാര്‍ ഐക്കണുകള്‍ ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് ഏറെ സൗകര്യം നല്‍കുന്നവയാണ്.
ലളിതമായ ഭാഷയില്‍ തജ്‌വീദ് പാഠങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം അതിന്റെ നിയമ വിധികളും ഈ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദീനാ മസ്ജിദിലെ ഇമാമായ ശൈഖ് അലി അല്‍ ഹുദൈഫിയുടെ ശബ്ദത്തിലൂടെയാണ് ഓരോ പാഠത്തിനും മൂന്ന് ഉദാഹരണങ്ങള്‍ നല്‍കിയിട്ടുള്ളത്. തഫ്ഹീമിന്റെ ഇംഗ്ലീഷ് പതിപ്പും പൂര്‍ണ സ്വഭാവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന മെനുവില്‍ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് പ്രവേശിക്കാനുള്ള ഐക്കണും സംവിധാനിച്ചിട്ടുണ്ട്. ആയത്തുകളുടെ അര്‍ഥം, വ്യാഖ്യാനം, വാക്കര്‍ഥം, വിപുലമായ സെര്‍ച്ച് സംവിധാനം, സാങ്കേതിക പ്രയോഗങ്ങളുടെ ഉദ്ദേശ്യം, പഠനാര്‍ഹമായ കുറിപ്പുകള്‍ എന്നിവയാണ് ഇംഗ്ലീഷ് വിഭാഗത്തിലുള്ളത്. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്കിത് ഏറെ സഹായകമാണ്.
ഖുര്‍ആനിലും തഫ്ഹീമിലും വ്യത്യസ്ത രീതിയിലുള്ള സെര്‍ച്ച് സംവിധാനമാണ് സോഫ്റ്റ്‌വെയര്‍ നല്‍കുന്നത്. ഖുര്‍ആന്‍, തഫ്ഹീം, മൂലപദം, മൂലപദം മാത്രം, അറബി വാചകം, മലയാള വാചകം എന്നിങ്ങനെ പ്രത്യേകം പ്രത്യേകം തെരച്ചില്‍ നടത്താവുന്നതാണ്. ക്ലാസെടുക്കുന്നവര്‍ക്കും വിഷയാധിഷഠിതമായി പഠിക്കുന്നവര്‍ക്കും റിസര്‍ച്ച് നടത്തുന്നവര്‍ക്കും ഖുത്വുബ നിര്‍വഹിക്കുന്നവര്‍ക്കും ഖുര്‍ആനിലെയും തഫ്ഹീമിലെയും മൊത്തം വിവരങ്ങളാണ് ഒരു മൗസ് ക്ലിക്കിലൂടെ മുന്നിലെത്തുന്നത്. പഴയ സോഫ്റ്റ്‌വെയറിനെ അപേക്ഷിച്ച് ധാരാളം അപ്‌ഡേഷനുകളും മോഡിഫിക്കേഷനുകളും നടത്തിയ ഭാഗം കൂടിയാണിത്.
തഫ്ഹീം പഠന പുരോഗതി സ്വയം വിലയിരുത്താനുള്ള സംവിധാനവും സോഫ്‌റ്റ്വെയറില്‍ ഒരുക്കിയിട്ടുണ്ട്. ഗെയിം രൂപത്തിലുള്ള രണ്ട് പ്രോഗ്രാമുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഖുര്‍ആന്‍ പദങ്ങളുടെ അര്‍ഥ പഠനത്തിന്റെ വിലയിരുത്തലിനായി ഡ്രാഗ് ആന്റ് ഡ്രോപ് ഗെയിമാണ് ഒന്ന്. മൂന്ന് ഓപ്ഷനുകളില്‍ നിന്ന് ശരിയുത്തരം തിരഞ്ഞെടക്കാനുള്ള സൗകര്യത്തോടെയുള്ള  പ്രശ്‌നോത്തരിയാണ് രണ്ടാമത്തേത്. ഇതിലൂടെ ഖുര്‍ആനിന്റെ ആശയപഠനത്തിന്റെ വിലയിരുത്തലാണ് ലക്ഷ്യമാക്കുന്നത്. ഓരോ ബ്ലോക്കിലും ശരാശരി മുന്ന് ചോദ്യങ്ങളുണ്ടാവും. പൂര്‍ണമായ സൂറത്ത് അടിസ്ഥാനത്തിലും ഇതു ലഭിക്കുന്നതാണ്.
മദീന മുസ്ഹഫിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഖുര്‍ആന്‍ ടെക്സ്റ്റിനായി ഉപയോഗിക്കുന്നത്. 3335 പേജുള്ള തഫ്ഹീമിന്റെ ടെക്സ്റ്റ് പൂര്‍ണമായും വായിച്ച് കേള്‍ക്കാന്‍, പ്രത്യോഗം തയ്യാറാക്കിയ അര്‍ഥവും വ്യാഖ്യാന കുറിപ്പുകളുമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. എളുപ്പത്തില്‍ ആശയം ഉള്‍കൊള്ളാന്‍ സാധിക്കുമാറ് പദങ്ങളിലും വാചകഘടനയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ഓഡിയോ ടെക്‌സ്റ്റ് പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്. മറ്റുജോലികള്‍ക്കിടയിലും ഖുര്‍ആനിന്റെ ആശയ പഠനം സാധ്യമാക്കുകയാണ് ഓഡിയോ സംവിധാനത്തിലൂടെ ചെയ്യുന്നത്. പ്രിന്റ് ചെയ്ത പേജുകള്‍ വായിച്ചെടുക്കാന്‍ സാധിക്കാത്തവര്‍ക്കും പ്രയാസമുള്ളവര്‍ക്കും ഇത് വലിയൊരു അനുഗ്രഹം തന്നെയാണ്.
ഖുര്‍ആന്‍ സൂക്തങ്ങളും അധ്യായങ്ങളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ട് മന:പാഠമാക്കാനുള്ള സൗകര്യവും സോഫ്റ്റ്‌വെയര്‍ നല്‍കുന്നുണ്ട്. സഅദ് അല്‍ ഗാമിദി, മിശാരി അല്‍ അഫാസി, അലി അല്‍ ഹുദൈഫി എന്നീ മൂന്ന് ഖാരിഉകളില്‍നിന്ന് ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാം. മന:പാഠം സ്വയം പരിശോധിക്കാനുള്ള മറ്റൊരു സംവിധാനവും ഇതിനോടൊപ്പമുണ്ട്.
2016 ഫെബ്രുവരിയിലാണ് സോഫ്റ്റ് വെയറിന്റെ ലോഞ്ചിംഗ് നടക്കുക. 300 രൂപ മുഖവിലയുള്ള കോപ്പിക്ക് പ്രീ ലോഞ്ചിംഗ് വില 150 രൂപ മാത്രമാണ്. ഡിഫോര്‍ മീഡിയ സ്‌റ്റോര്‍, ഐ.പി.എച്ച് ഷോറൂമുകള്‍, ജമാഅത്തെ ഇസ്‌ലാമി പ്രദേശിക ഘടകങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കോപ്പികള്‍ ബുക്ക് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് www.d4media.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

kanvr2@gmail.com

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top