അസുഖം മാറ്റാം നാട്ടറിവിലൂടെ
എ.എം. ഖദീജ /കുറിപ്പ്
2015 ഡിസംബര്‍
ആശുപത്രിയില്‍ മരുന്നിന്റെ ഗന്ധം നുകര്‍ന്നുകൊണ്ടാണ് ഇന്ന് ചോരപ്പൈതങ്ങള്‍ പിറന്നുവീഴുന്നത്. പിറ്റേന്നു തുടങ്ങും മൂക്കടപ്പും പാല്‍ കുടിക്കാന്‍ ബുദ്ധിമുട്ടും. പിറന്ന കുഞ്ഞിനെ ആശുപത്രിക്കു വെളിയിലിറക്കണമെങ്കില്‍ കുത്തിവെപ്പ്
ആശുപത്രിയില്‍ മരുന്നിന്റെ ഗന്ധം നുകര്‍ന്നുകൊണ്ടാണ് ഇന്ന് ചോരപ്പൈതങ്ങള്‍ പിറന്നുവീഴുന്നത്. പിറ്റേന്നു തുടങ്ങും മൂക്കടപ്പും പാല്‍ കുടിക്കാന്‍ ബുദ്ധിമുട്ടും. പിറന്ന കുഞ്ഞിനെ ആശുപത്രിക്കു വെളിയിലിറക്കണമെങ്കില്‍ കുത്തിവെപ്പ് നടത്തിയ രേഖകള്‍ നിര്‍ബന്ധമാണ്. എന്നിട്ടും ഓരോ കുഞ്ഞും രോഗിയായാണ് വളരുന്നത്. പഴയ കാലത്തും ഇതൊക്കെ ഉണ്ടായിരുന്നു.
ഗര്‍ഭമുള്ളപ്പോഴും മുലയൂട്ടുമ്പോഴും അമ്മക്കു കഴിക്കാന്‍ ഇലക്കറികളും പഴങ്ങളും ധാന്യങ്ങളും കൊടുത്താല്‍ കുഞ്ഞിനെ ചവര്‍പ്പുളള മരുന്നുകള്‍ കഴിപ്പിച്ച് ബുദ്ധിമുട്ടാക്കാതെ നോക്കാം. ആരോഗ്യമുള്ള അമ്മക്ക് നല്ല മുലപ്പാലുണ്ടാവും. മുലപ്പാല്‍ ധാരാളം കുടിക്കുന്ന കുഞ്ഞിന് ആരോഗ്യവും രോഗപ്രതിരോധ ശേഷിയും ഉണ്ടാകും.
മരുന്നുവേണ്ട മൂക്കടപ്പിന്
പനികൂര്‍ക്കയില വാട്ടി നീരെടുത്ത് ഒരു തുള്ളി മൂക്കിനു പുറത്തും നെറ്റിയിലും നേര്‍പ്പിച്ച് പുരട്ടാം. കുട്ടിയുടെ പ്രായം അനുസരിച്ചാവണം ഇത്. വാട്ടിയ പനിക്കൂര്‍ക്കയില (ഇടത്തരം വലിപ്പം) മെല്ലെ കുഞ്ഞിന്റെ മൂര്‍ധാവില്‍ വെച്ചാല്‍ നീര് വലിച്ചെടുക്കും. കുഞ്ഞിന്റെ ജലദോഷവും തലവേദനയും (കരച്ചിലും) ശമിക്കും. ഒരുനുള്ള് രാസ്‌നാദി ചൂര്‍ണം മുലപ്പാലില്‍ ചാലിച്ച് നെറ്റിയില്‍ അരച്ചിടാം.
കുഞ്ഞിന് ജലദോഷം വന്നാല്‍
കഫവും ചുമയുമാകുമ്പോള്‍ പൊരിവെയിലത്തു നടന്നും, ബസ്സ് കയറിയും സ്‌പെഷലിസ്റ്റിനെ തന്നെ കാണിക്കേണ്ട ആവശ്യമില്ല. മുറ്റത്തെ തുളസിയില്‍നിന്ന് ഒരിലയുടെ നീരെടുത്ത് ഒരു തുള്ളി തേനില്‍ ചാലിച്ച് കൊടുക്കുകയേ വേണ്ടൂ.
നേരിയ ജലദോഷപ്പനിയുണ്ടെങ്കില്‍ പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞ് കൊമ്പന്‍ജാതി ഗുളിക പൊടിച്ചുചേര്‍ത്ത് ജനിച്ചയുടനേയുള്ള കുഞ്ഞുങ്ങള്‍ക്ക് രണ്ടോ മൂന്നോ പ്രാവശ്യം കൊടുക്കാം. കുറച്ചുകൂടി മുതിര്‍ന്നാല്‍ പനിക്കൂര്‍ക്കയില കൊണ്ടുമാത്രം കഫക്കെട്ട് മാറുന്നില്ലെങ്കില്‍ മല്ലി ഒരു ടീസ്പൂണ്‍, തുളസിയില മൂന്ന്, പനിക്കൂര്‍ക്കയില വലുത് ഒന്ന്, എന്നിവ തിളപ്പിച്ച് കഷായമാക്കി ഗോപീചന്ദനാദി ഗുളികയും പൊടിച്ചുചേര്‍ത്ത് കൊടുക്കാവുന്നതാണെന്ന് ആയുര്‍വേദം പറയുന്നു. കുട്ടിയെ തണുപ്പടിക്കാതെ കാലില്‍ സോക്‌സ് ധരിപ്പിച്ചു കിടത്താനും ശ്രദ്ധിക്കണം.
നാട്ടിന്‍പുറത്തുതന്നെയുള്ള ഈ മരുന്നുകള്‍ ഉപയോഗിക്കാതെ ആബാലവൃദ്ധം ജനങ്ങളും പാരസെറ്റമോളും ആന്റിബയോട്ടിക്കും തേടിപ്പോകുന്നത് ആശുപത്രിയുടെ എണ്ണം കൂട്ടുമെങ്കിലും പാര്‍ശ്വഫലങ്ങള്‍ രോഗിക്ക് ഗുണകരമാകില്ല.
തുളസിനീരും തേനും കൂട്ടി വെറും വയറ്റില്‍ കഴിച്ചിട്ടും ചുമ മാറിയില്ലെങ്കില്‍ മാത്രം ഡോക്ടറെ കാണിക്കുക.
രോഗം തിരിച്ചറിയാതിരിക്കുക, വെറും വയറ്റില്‍ തലേന്ന് കുതിര്‍ത്ത് വെച്ച കറുത്ത ഉണക്കമുന്തിരി നീര് കൊടുത്തിട്ടും ശോദന ഇല്ലാതിരിക്കുക, വിശപ്പ് കെട്ടിട്ടും ഉറങ്ങാതിരിക്കുക, മൂത്രം പോകാതിരിക്കുക എന്നിവക്ക് മാത്രമേ കുഞ്ഞുങ്ങളെ ഡോക്ടറെ കാണിക്കേണ്ടതുള്ളൂ. കര്‍പ്പൂരം പൊടിച്ച് എണ്ണ കാച്ചി, പുറത്തും നെഞ്ചത്തും തിരുമ്മിയാല്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് കഫക്കെട്ട് കുറയും.
ചൂടുകുരുവിന് ചെമ്പരത്യാദി വെളിച്ചെണ്ണ തേച്ച്, ചൊക്കിവേരിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിച്ചാല്‍ മതി. കുളികഴിഞ്ഞ് മച്ചിങ്ങ അരച്ചിടുന്നതും നല്ലതാണ്. തേങ്ങാപ്പാലും മഞ്ഞളും തേച്ചു കുളിപ്പിക്കുന്നത് ദേഹം കുരുവാളിച്ച കുഞ്ഞുങ്ങള്‍ക്ക് നന്ന്. പ്രസവിച്ച ഉടനെയുള്ള പെണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം വൃത്തിയാക്കി അല്‍പം തേങ്ങവെന്ത വെളിച്ചെണ്ണ പുരട്ടിയാല്‍ അണുബാധ തടയാം.
ആഹാരം കഴിച്ചു തുടങ്ങിയാല്‍ ഒന്നര വയസ്സിനുശേഷമേ മീന്‍ കൊടുക്കേണ്ടതുള്ളൂ. കൊടുക്കുന്നത് പുതിയ മീനാകാന്‍ ശ്രദ്ധിക്കുക. കറിവെച്ച് കൊടുക്കുന്നതാണ് നല്ലത്. പ്രസവിച്ചു കിടക്കുമ്പോള്‍ തന്നെ തുളസിക്കഷായം, തിളപ്പിച്ചാറിയ വെള്ളം ഒക്കെ (രണ്ടുമാസത്തിനുള്ളില്‍) കുഞ്ഞിനെ ശീലിപ്പിക്കാം. ആറുമാസത്തിനു ശേഷം ഫീഡിങ്ങ് ബോട്ടിലും (വെള്ളം) ആവശ്യമെങ്കില്‍ ആട്ടിന്‍പാലും കൊടുക്കാം.
മൂന്നു വയസ്സിനു ശേഷമേ മാംസാഹാരം കൊടുക്കാവൂ. അതും വീട്ടില്‍ ഉണ്ടാക്കിയതായാല്‍ നന്ന്. ചെറുപ്രായത്തിലേ ശ്രദ്ധയുണ്ടായാല്‍ കുട്ടികള്‍ പാക്കറ്റ് പലഹാരത്തിന് അടിമയാകാതെ നോക്കാം. ഗ്യാസ്, പ്രമേഹം എന്നിവ കുട്ടികള്‍ക്ക് വരുന്നത് ഇങ്ങനെയാണ്. ന്യൂഡില്‍സ് ഒരുപാട് കുട്ടികള്‍ക്ക് വൃക്കയില്‍ കല്ലുണ്ടാക്കുകയും രോഗപ്രതിരോധ ശേഷി കുറക്കുകയും ചെയ്തിട്ടുണ്ട്. അല്‍പം ശ്രദ്ധ വെച്ചാല്‍ കുഞ്ഞുങ്ങളുടെ അസുഖം വീട്ടില്‍ തന്നെ മാറ്റാം.