പ്രവാചക സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍

2015 ഡിസംബര്‍
ലോകത്തിന്ന് പ്രതീക്ഷയും യുവത്വത്തിന് ആവേശവുമായി മാറിക്കൊണ്ടിരിക്കുന്ന നേതാവാണ് മുഹമ്മദ്(സ). ദൈവത്തിന്റെ ഏകത്വം ഉറക്കെ പ്രഖ്യാപിക്കുന്ന മതം പൂര്‍ത്തീകരിക്കപ്പെട്ടത് അന്ത്യദൂതന്‍ മുഹമ്മദിലൂടെയാണ്.

ലോകത്തിന്ന് പ്രതീക്ഷയും യുവത്വത്തിന് ആവേശവുമായി മാറിക്കൊണ്ടിരിക്കുന്ന നേതാവാണ് മുഹമ്മദ്(സ). ദൈവത്തിന്റെ ഏകത്വം ഉറക്കെ പ്രഖ്യാപിക്കുന്ന മതം പൂര്‍ത്തീകരിക്കപ്പെട്ടത് അന്ത്യദൂതന്‍ മുഹമ്മദിലൂടെയാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറം മാനവികത കൈവിട്ടുപോയ കാലത്ത് മനുഷ്യനെ നാഗരികതയുടെ കൈവഴിയിലൂടെ നടത്തിയ മനുഷ്യസ്‌നേഹി. കുലമഹിമയുടെയും തറവാടിത്തത്തിന്റെയും പേരില്‍ രക്തം ചിന്തിയ മക്കാ തെരുവ്. മദ്യത്തിലും പെണ്‍ലാസ്യതയിലും ആറാടിയ ഗോത്രജനത. അനാഥരെ ആട്ടിയകറ്റിയ, പെണ്ണിനെ ജീവനോടെ കുഴിച്ചുമൂടിയ, യുദ്ധം ഹരമാക്കി മാറ്റിയ, ജാതീയ ഉച്ഛനീചത്വത്തെ വാരിപ്പുണര്‍ന്ന ആ ജനതക്കു മുമ്പിലായിരുന്നു മാനവികതയുടെ വിളംബരവുമായി ഇരുള്‍ മൂടിയ ഹിറാഗുഹയില്‍ നിന്നും 'നീ വായിക്കുക'' എന്ന ദൈവിക സന്ദേശവുമായി ആ ദൂതന്‍ കടന്നുവന്നത്. അതായിരുന്നു മനുഷ്യ വിമോചനത്തിന്റെ ആദ്യ വിളംബരം.

അധാര്‍മികതക്കു വേണ്ടി ദൈവങ്ങളെ കൂട്ടുപിടിച്ചവര്‍ക്കു മുമ്പില്‍ ഏക ദൈവത്വത്തിന്റെ സ്വത്വപ്രകാശനമായിരുന്നു അത്. മനുഷ്യരെല്ലാവരും സമന്മാരാണെന്നും ആര്‍ക്കും ആരെക്കാളും ലിംഗത്തിന്റെയോ വര്‍ണത്തിന്റെയോ പേരില്‍ ദൈവത്തിനടുത്ത് പ്രത്യേക സ്ഥാനമില്ലെന്നും പ്രഖ്യാപിച്ച വിമോചനശാസ്ത്രമായിരുന്നു അദ്ദേഹം ലോകത്തിനു സമര്‍പ്പിച്ചത്. കുടുംബനാഥനായും രാഷ്ട്രനായകനായും നീതിമാനായ ഭരണാധികാരിയായും ധര്‍മം പുലര്‍ത്തിയ യോദ്ധാവായും അദ്ദേഹം ദൈവിക ദീനിനെ വിളംബരം ചെയ്തു. യുദ്ധവേളയില്‍പോലും സ്ത്രീകളെയും കുട്ടികളെയും കൊല്ലരുതെന്നും മഠങ്ങളും മതസ്ഥാപനങ്ങളും പ്രകൃതിയും നശിപ്പിക്കരുതെന്നും അദ്ദേഹം താക്കീതുചെയ്തു. സ്ത്രീകളെ വെറുമൊരു ശരീരമായി കാണാതെ എല്ലാ അവകാശാധികാരങ്ങളുമുള്ള തികഞ്ഞ അസ്ഥിത്വമുള്ളവളായി കണക്കാന്‍ പഠിപ്പിച്ചു. ലോകം ഇന്നേവരെ കേട്ടിട്ടില്ലാത്ത മനുഷ്യാവകാശപ്രഖ്യാപനമായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗത്തിലൂടെ അനുയായികള്‍ കേട്ടത്. തീര്‍ത്തും മനുഷ്യരില്‍ ഒരാളായിക്കൊണ്ടാണ് ആ ദൗത്യം പ്രവാചകന്‍ നിറവേറ്റിയത്. അദ്ദേഹം ജീവിച്ചതും മരിച്ചതും അങ്ങനെ തന്നെ.

ദൈവത്തിലേക്ക് വഴിനയിച്ച ആ പ്രവാചകനെ സ്മരിച്ചും സ്‌നേഹിച്ചും കൊണ്ടുമാത്രമേ ഏതൊരു മനുഷ്യനും ദൈവത്തിനടുത്തെത്താനാവുകയുള്ളൂ. പക്ഷേ ആ സ്‌നേഹവും അനുസരണവും ഒരിക്കലും അദ്ദേഹത്തെ ദൈവത്തോളം ഉയര്‍ത്തിക്കൊണ്ടല്ല; അദ്ദേഹം നയിച്ച ദൈവിക പാത പിന്‍പറ്റിക്കൊണ്ടാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. അദ്ദേഹം ഒരിക്കലും ആരാധ്യനല്ല; ഏകനായ, ആരാധ്യനായ ദൈവത്തിലേക്ക് വഴി കാണിച്ചുതന്ന ശ്രേഷ്ഠവര്യനാണ്. ദൈവ ദൂതനെ വാക്കിലും പ്രവൃത്തിയിലും ചിന്തയിലും അനുസരിച്ചുകൊണ്ടു മാത്രമേ പരലോകമോക്ഷമെന്ന അവസാന ലക്ഷ്യം പൂര്‍ത്തീകരിക്കാനാവുകയുള്ളൂ.''നിശ്ചയം ദൈവദൂതനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്. ദൈവത്തിലും വിധി ദിനത്തിലും പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്കും ദൈവത്തെ അധികമായി ഓര്‍ക്കുന്നവര്‍ക്കും.'' (അല്‍അഹ്‌സാബ്: 21)

അദ്ദേഹത്താല്‍ പൂര്‍ത്തീകരിക്കപ്പെട്ട വിശുദ്ധ വേദഗ്രന്ഥത്തില്‍ ഉത്തമ സമുദായമെന്ന് വിളിച്ച മുസ്‌ലിം സമുദായം അദ്ദേഹത്തെ ഏറെ സ്മരിക്കുന്ന കാലമാണ് അദ്ദേഹത്തിന്റെ ജന്മ മാസമായ റബീഉല്‍ അവ്വല്‍. ഒരു പ്രത്യേക ദിവസത്താലോ മാസങ്ങളാലോ മാത്രം സ്മരിക്കുകയും ആദരിക്കുകയും ചെയ്യപ്പെടുന്നതല്ല ആ ഗുരുവര്യന്‍ പഠിപ്പിച്ച ജീവിത ദര്‍ശനങ്ങള്‍. അത് എക്കാലത്തും എല്ലാവരിലേക്കും എത്തേണ്ടതാണ്. പ്രവാചകനെ സ്‌നേഹിക്കുക എന്നതിനര്‍ഥം അല്ലാഹുവിനെ സ്‌നേഹിക്കുക എന്നതാണ്. അവന്‍ തന്റെ അടിമക്ക് നല്‍കിയ ജീവിത വ്യവസ്ഥയെ അംഗീകരിക്കുക എന്നതാണ്. പ്രവാചകനു ശേഷം ആ സന്ദേശം എത്താത്തവരിലേക്ക് എത്തിക്കുക എന്നതു പോലെ തന്നെ സ്വന്തം ജീവിതത്തില്‍ അതിനെ സ്വാംശീകരിക്കുക എന്നുള്ളതുകൂടിയാണ് പ്രവാചകനോടുള്ള നമ്മുടെ സ്‌നേഹപ്രകടനത്തിന്റെ മര്‍മം.

അധര്‍മവും അനീതിയും രാജി യായ സാമൂഹ്യവ്യവസ്ഥിതിയില്‍ ഏറെ പ്രസക്തമാണ് പ്രവാചകന്റെ സന്ദേശങ്ങള്‍. കാലം നീതിയുടെ ഒരു ലോകം തേടുന്നുണ്ട്. റബീഉല്‍ അവ്വല്‍ മാസത്തില്‍ ആ സന്ദേശം കൂടുതലായി എത്തിക്കുക എന്ന വലിയൊരു ബാധ്യത നമുക്കുണ്ട്. നബിദിനാഘോഷങ്ങള്‍ കൊടിതോരണ അലങ്കാരങ്ങളും മദ്ഹുകള്‍ പാടിപ്പുകഴ്ത്തലുമാകാതെ അദ്ദേഹത്തിന്റെ നിയോഗദൗത്യത്തെ പൂര്‍ത്തീകരിക്കപ്പെടുന്ന തരത്തിലാക്കിമാറ്റാനാണ് നാം ശ്രമി ക്കേണ്ടത്. സ്‌നേഹോഷ്മളമായ ആശയസംവാദത്തിന് വേദിയൊരുക്കിയും സഹോദരസമുദായത്തില്‍ പ്രവാചക സന്ദേശമെത്തിച്ചും ആ ദിനത്തെ ആഘോഷമാക്കി മാറ്റണം. അപ്പോഴാണ് ആഘോഷങ്ങള്‍ വെറുമൊരു ആചാരങ്ങ ളാകാതെ സക്രിയമാകുന്നത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media