മക്കള്‍ മാതാപിതാക്കളുടെ കണ്‍കുളിര്‍മയും മനസ്സിന്റെ ശാന്തിയുമാണ്. നല്ല ശിക്ഷണത്തിലൂടെ കുട്ടികളെ വളര്‍ത്തേണ്ട ബാധ്യത മാതാപിതാക്കളുടേതാണ്. ഇക്കാലത്ത് അതൊരു വലിയ ഉത്തരവാദിത്തം തന്നെ. ''ഓരോ കുഞ്ഞും
മക്കള്‍ മാതാപിതാക്കളുടെ കണ്‍കുളിര്‍മയും മനസ്സിന്റെ ശാന്തിയുമാണ്. നല്ല ശിക്ഷണത്തിലൂടെ കുട്ടികളെ വളര്‍ത്തേണ്ട ബാധ്യത മാതാപിതാക്കളുടേതാണ്. ഇക്കാലത്ത് അതൊരു വലിയ ഉത്തരവാദിത്തം തന്നെ. ''ഓരോ കുഞ്ഞും ശുദ്ധപ്രകൃതിയോടെ ജനിക്കുന്നു. അവന്റെ മാതാവും പിതാവുമാണ് അവനെ ജൂതനോ കൃസ്ത്യാനിയോ അഗ്നി ആരാധകനോ ആക്കുന്നത്'' എന്നാണല്ലോ നബിവചനം.
കുട്ടികളുടെ വളര്‍ച്ചയില്‍ അവരുടെ ആദ്യത്തെ രണ്ടു വയസ്സ് വളരെ പ്രധാനമാണ്. എന്തുചെയ്താലും അവരുടെ മനസ്സില്‍ പതിയും. രണ്ടു വയസ്സ് മുതല്‍ എട്ടു വയസ്സ് വരെ കുട്ടികളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇസ്‌ലാമിക തലത്തില്‍നിന്ന് വിലയിരുത്തുമ്പോള്‍ ഏഴ് വയസ്സാകുമ്പോള്‍ കുട്ടികളെ ആരാധനാലയങ്ങളിലേക്ക് പോകാന്‍ പ്രേരിപ്പിക്കണമെന്ന് കാണാം. ഒരു കുട്ടിയുടെ ശിക്ഷണത്തില്‍ ആദ്യം വേണ്ടത് നമസ്‌കാരത്തിന് പ്രചോദനം നല്‍കുകയാണ്. ''കുട്ടിക്ക് ഏഴ് വയസ്സാകുമ്പോള്‍ നമസ്‌കരിക്കാന്‍ കല്‍പിക്കണം. പത്ത് വയസ്സാകുമ്പോള്‍ അതിനായി വേണ്ടിവന്നാല്‍ അടിക്കണം. മാതാപിതാക്കളുടെ കിടപ്പറയില്‍നിന്ന് മാറ്റിക്കിടത്തുകയും വേണം.'' (അബൂദാവൂദ്, ഹാകിം)
ഇബ്രാഹിം നബിയുടെ പ്രാര്‍ഥന ഇതായിരുന്നു. 'നാഥാ! എന്നെ നമസ്‌കാരക്കാരില്‍ ഉള്‍പ്പെടുത്തേണമേ! എന്റെ മക്കളെയും അപ്രകാരം ആക്കേണമേ, നാഥാ! എന്റെ പ്രാര്‍ഥന സ്വീകരിച്ചാലും.' (ഇബ്രാഹീം: 40)
കുട്ടികളെ പഠിപ്പിക്കേണ്ടത് കേവല നമസ്‌കാരമല്ല, സമയക്രമം പാലിച്ചും ജമാഅത്തായി ഒരുമിച്ച് നമസ്‌കരിച്ചും ശീലിപ്പിക്കണം. ആദ്യം സമയത്തിന്റെ പ്രാധാന്യം, അംഗശുദ്ധിയുടെ (വുദു)വിധികള്‍, പ്രാര്‍ഥനാവാക്യങ്ങള്‍, ഖുര്‍ആന്‍പാരായണത്തില്‍ താല്‍പര്യം വളര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളിലും കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ പരിശീലനം കിട്ടണം. സ്വന്തം വാക്കും പ്രവൃത്തിയും മുഖേന സത്യം പറയാനും പ്രവര്‍ത്തിക്കാനും കുട്ടികളെ പഠിപ്പിക്കണം. അതവര്‍ കണ്ട് വളരണം. കളവില്‍നിന്ന് ഏതവസ്ഥയിലും വലിയവര്‍ വിട്ടുനില്‍ക്കണം. ഹസ്രത്ത് അബ്ദുല്ലാഹിബ്‌നു ആമിര്‍ പറയുന്നു ''ഒരുദിവസം നബിതിരുമേനി (സ) ഞങ്ങളുടെ വീട്ടില്‍ വന്നു. ഇതിനിടക്ക് എന്റെ ഉമ്മ എന്നെ വിളിച്ചു. ''ഇങ്ങു വാ, ഇതാ നിനക്ക് ഒരു വസ്തു തരാം.'' നബി തിരുമേനി മാതാവിനോടു ചോദിച്ചു: ''നീ അവന് എന്ത് സാധനമാണ് കൊടുക്കുന്നത്.'' അവര്‍: ''ഞാന്‍ അവന് ഉണങ്ങിയ കാരക്ക കൊടുക്കാന്‍ ഉദ്ദേശിക്കുന്നു.'' ''അഥവാ നീ അവന് ഒന്നും കൊടുക്കാതെ വെറുതെ വിളിച്ചതാണെങ്കില്‍ നിന്റെ പേരില്‍ ഒരു കളവ് രേഖപ്പെടുത്തിയേക്കും.'' (അബൂദാവൂദ്)
ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും പൊതുവെ പതിവായി കളവ് പറയുന്ന രക്ഷിതാക്കള്‍ അവരറിയാതെ അത് മക്കളിലേക്ക് പ്രസരണം ചെയ്യുന്നുണ്ടെന്നറിയുക. പിതാവ് വീട്ടിലിരിക്കെ ഫോണിലും മറ്റും വിളിവരുമ്പോള്‍ ''ഉപ്പ ഇവിടില്ല'' എന്ന് പറയാന്‍ കുട്ടികളോട് പറഞ്ഞുകൊടുക്കുന്നതില്‍ നിന്ന് ഈ കുട്ടി എന്താണ് ഭാവിയിലേക്ക് പഠിച്ചെടുക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍വിപത്ത് പില്‍ക്കാലത്തുണ്ടാവും. കാരണം കളവിന് അങ്ങനെയൊരു കളം ഉണ്ട്. അതെ മനസ്സ് മരവിക്കും, യഥാര്‍ഥ്യം കാണാനാവാതെ പോകും, കണ്ടതും കേട്ടതും പറയും, പ്രചരിപ്പിക്കും, ഇഹലോകം പരാജയപ്പെടും. പരലോകത്തില്‍ വലിയ ഖേദത്തിനിടവരും.
ജോലിചെയ്യാനുള്ള പ്രവണത ചെറുപ്പത്തിലേ കുട്ടികളില്‍ വളര്‍ത്തണം. മക്കളില്‍ ഉത്തരവാദിത്തബോധം മൊട്ടിടാന്‍ ഇത് കാരണമാകും. കുട്ടികളുടെ സംസ്‌കരണം സംബന്ധിച്ച് വന്ന ഒരു നബിവചനം. ''ഒരു മനുഷ്യന്‍ തന്റെ മക്കള്‍ക്ക് സംസ്‌കരണം നല്‍കുന്നത് ഒരു പിടി ധാന്യം ദാനം ചെയ്യുന്നതിനേക്കാള്‍ ഉത്തമമാണ്.'' (തിര്‍മുദി)
സ്വന്തം സന്താനത്തെ സംസ്‌കരണം നല്‍കി വളര്‍ത്തുന്നത് ശത്രുവിനെ നിരാശനാക്കും എന്നൊരു ചൊല്ലുണ്ട്. കുട്ടികള്‍ ശത്രുവിന്റെ കയ്യിലെ കളിപ്പാവയാണ്.
മക്കള്‍ക്കിടയില്‍ നീതിപാലിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് പ്രത്യേക ശ്രദ്ധവേണം. നബിതിരുമേനി (സ) പ്രസ്താവിച്ചു. തങ്ങളുടെ കുട്ടികള്‍ക്കിടയില്‍ നീതി പാലിക്കുക. പ്രമുഖ സ്വഹാബി അനസ് (റ) ഉദ്ധരിക്കുന്നു. ഒരാള്‍ പ്രവാചകന്റെ സദസ്സില്‍ ഇരിക്കുകയായിരുന്നു. അതിനിടക്ക് അയാളുടെ ആണ്‍കുട്ടി കടന്നുവന്നു. അയാള്‍ അവനെ എടുത്ത് ഉമ്മവെച്ച് മടിയിലിരുത്തി. പിന്നീട് അയാളുടെ മകള്‍ ഓടിവന്നു. അവളെ അയാള്‍ മുന്നില്‍ ഇരുത്തി. തത്സമയം തിരുമേനി പ്രസ്താവിച്ചു. രണ്ടുമക്കളോടും ഒരുപോലെയല്ല താങ്കള്‍ പെരുമാറിയത്. മക്കളോട് വ്യത്യസ്ത സമീപനം ശരിയായില്ല എന്ന് പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍ തിരുമേനി.
അടിയും പിടിയും വഴക്കും വക്കാണവുമായി മക്കളെ ശല്യപ്പെടുത്തുന്നതും നന്നല്ല. അരുതരുതെന്നും പറഞ്ഞ് ഓരോ കാര്യത്തിലും ഇടപെടുന്നതും നല്ല പ്രവണതയല്ല. ദേഷ്യവും ഈര്‍ഷ്യവും വിപരീത ഫലം ചെയ്യാതെ നോക്കണം. സ്‌നേഹത്തോടും കാരുണ്യത്തോടും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് ഉത്തമം. കുട്ടികളുടെ കഴിവ് അംഗീകരിക്കുക. കഴിവുകേട് മനസ്സിലാക്കുക. മക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. അവര്‍ക്കെതിരില്‍ പ്രാര്‍ഥിക്കാതിരിക്കുക.
ഇമാം ജഅ്ഫര്‍ സാദിഖ് പറയുകയുണ്ടായി: ''തന്റെ പിതാവ് ഇമാം ബാഖിര്‍ അഞ്ച് വിഭാഗം ആളുകളുമായി കുട്ടികള്‍ കൂട്ടുകൂടുന്നതിനെ വിലക്കിയിരുന്നു. കളവ് പറയുന്നവര്‍, ലുബ്ധര്‍, തെമ്മാടി, വിഡ്ഢി, കുടുംബബന്ധം മുറിക്കുന്നവര്‍, ഇവരാണ് അക്കൂട്ടര്‍.'' ശൈഖ് സഅദി ഒരിക്കല്‍ പറഞ്ഞു. മക്കള്‍ക്ക് പത്ത് വയസ്സായാല്‍ അന്യരോടും അപരിചതരോടും ഒപ്പം ഇരിക്കരുത്. മക്കളെ വല്ലാതെ ഓമനിക്കരുത്. ഗുരുവിനെ വണങ്ങാന്‍ പഠിപ്പിക്കണം. അധ്യാപകനെ ആദരിച്ചേ പറ്റൂ. കുട്ടികളുടെ ആവശ്യങ്ങള്‍ നല്ല നിലയില്‍ നിവര്‍ത്തിച്ചു കൊടുക്കുക. ആവശ്യങ്ങള്‍ക്കുവേണ്ടി മറ്റുള്ളവരെ തേടിപ്പോകേണ്ടിവരരുത്. പ്രാഥമിക പാഠങ്ങള്‍ നല്‍കുമ്പോള്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കണം. നല്ലത് ചെയ്യുമ്പോള്‍ പുകഴ്ത്തുകയും വേണം. കാര്‍ക്കശ്യം ആവശ്യമുള്ളപ്പോള്‍ പാകത്തിന് ആവാം. ചില നൈപുണികള്‍ കുട്ടികളില്‍ വളര്‍ത്തുക, മറ്റുള്ളവരുടെ മുമ്പില്‍ അവര്‍ക്ക് ഉയര്‍ന്ന് നില്‍ക്കാമല്ലോ.
ഒരു റിപ്പോര്‍ട്ടനുസരിച്ച് മഹാനായ ലുഖ്മാന്‍ (റ) മകന് നല്‍കിയ ഉപദേശം ഇങ്ങനെ: ''നമസ്‌കാരത്തില്‍ മനസ്സിനെ നിയന്ത്രിക്കുക. തീന്‍മേശയില്‍ കൈ നിയന്ത്രിക്കുക, അന്യരുടെ വീട്ടില്‍ കണ്ണിനെ നിയന്ത്രിക്കുക, ജനക്കൂട്ടത്തില്‍ നാവിനെ നിയന്ത്രിക്കുക. മരണത്തെ ഓര്‍ക്കുക. അവനവന്റെ നന്മ മുറുകെ പിടിക്കുക. അന്യരുടെ തി• പകരാതെ നോക്കുക.''
കുട്ടികളെ തൗഹീദില്‍ അടിയുറച്ചവരായും ജീവിത ചിട്ടയുള്ളവരായും വളര്‍ത്തണം. അല്ലാഹുവിനോടും സമസൃഷ്ടികളോടുമുള്ള ബാധ്യത, മതാപിതാക്കളോടുള്ള കടപ്പാട്, മനുഷ്യസ്‌നേഹം ഇവ ശീലിപ്പിക്കുക. ഒഴിവുസമയം നബിചരിതത്തിന്റെ പാരായണത്തിനും ചരിത്രവായനക്കും പ്രേരിപ്പിക്കുക. ആശിച്ചത് കിട്ടുമ്പോള്‍ ദൈവത്തിന് സ്തുതി അര്‍പ്പിക്കുക, കിട്ടാതെവരുമ്പോള്‍ ക്ഷമിക്കുക. അപരന്റെ സന്തോഷത്തിലും ദു:ഖത്തിലും പങ്കുചേരുക. തെറ്റില്‍ മാപ്പിരക്കുക, ചീത്ത പേരില്‍ ആരെയും അഭിസംബോധന ചെയ്യരുത്. ഏത് കാര്യത്തിന്റെയും നല്ലവശം കാണാന്‍ ശീലിപ്പിക്കുക, വാക്ക് പാലിക്കുക, തര്‍ക്കം ഒഴിവാക്കുക - എങ്കില്‍ എക്കാലത്തെയും മഹാന്മാരും മഹതികളും ഉടലെടുക്കും തീര്‍ച്ച!