തിരസ്‌കാരം
അഷ്‌റഫ് കാവില്‍
2015 ഡിസംബര്‍
സീറ്റ് മുറുക്കാനുള്ള അപേക്ഷയാണ് മുഴങ്ങുന്നത്... ഒപ്പം വിമാനം ലാന്റ് ചെയ്യാന്‍ പോവുകയാണ് എന്ന മുന്നറിയിപ്പും...
വിമാനം ഒന്നുകൂടി മുരണ്ടു. മേഘപാളികളെ ഉരുമ്മിക്കൊണ്ട് യന്ത്രപ്പക്ഷി താഴ്ന്നു പറക്കുകയാണ്. ദൂരെ പൊട്ടുപോലെ തുരുത്തുകള്‍ തെളിയാന്‍ തുടങ്ങി.
സീറ്റ് മുറുക്കാനുള്ള അപേക്ഷയാണ് മുഴങ്ങുന്നത്... ഒപ്പം വിമാനം ലാന്റ് ചെയ്യാന്‍ പോവുകയാണ് എന്ന മുന്നറിയിപ്പും...
വിമാനം ഒന്നുകൂടി മുരണ്ടു.
മേഘപാളികളെ ഉരുമ്മിക്കൊണ്ട് യന്ത്രപ്പക്ഷി താഴ്ന്നു പറക്കുകയാണ്. ദൂരെ പൊട്ടുപോലെ തുരുത്തുകള്‍ തെളിയാന്‍ തുടങ്ങി.
ഇനി അല്‍പംകൂടി താഴേക്കു വരുമ്പോള്‍ തെങ്ങിന്‍ തലപ്പുകളുടെ മോഹനരൂപം കണ്ണില്‍ തെളിയും.
നാട്ടിലേക്ക്... പച്ചയുടെയും പാടത്തിന്റെയും നടുവിലേക്ക്... സ്‌നേഹത്തിന്റെയും കിളികളുടെയും നാട്ടിലേക്ക്...
റണ്‍വേ തൊട്ട കുലുക്കം അറിഞ്ഞതും കണ്ണില്‍ നിറഞ്ഞു... പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ മനസ്സിലൂടെ മിന്നിമറഞ്ഞു.
എല്ലാവരും കാത്തുനില്‍ക്കുകയാവും.. മക്കളും പേരക്കുട്ടികളും...
മൂത്തവള്‍ക്ക് രണ്ടാണ്‍മക്കള്‍..
ഇളയവള്‍ക്ക് ഒരു പെണ്‍കുഞ്ഞ്..
മൂന്നു പേരമക്കളുടെ വല്ല്യുപ്പ..
കൈയില്‍ ലഗേജുകള്‍ അധികമൊന്നുമില്ലാത്തതു കൊണ്ട് അല്‍പം ആശ്വാസമുണ്ട്. അല്ലെങ്കില്‍ അതിനായി കാത്തുകെട്ടികിടക്കണം.
കുറച്ച് ഉടപുടവകളാണുള്ളത്. ഉപയോഗിച്ചുകൊണ്ടിരുന്ന സാമാന്യം നല്ല ഒരു കമ്പിളിയും.
ബാക്കി സ്ഥാവര ജംഗമങ്ങളൊക്കെ അയല്‍വാസി ഹബീബിനെ ഏല്‍പിച്ചിരിക്കുകയാണ്. അയാള്‍ കാര്‍ഗോ വഴി അയക്കാമെന്ന് ഏറ്റിരിക്കുകയാണ്.
ലോഞ്ചിലിരുന്ന് പുറത്തെ ആഹ്ലാദക്കാഴ്ചകളിലേക്ക് കണ്ണോടിച്ചു. സ്വീകരിക്കാനെത്തിയവരുടെ ബാഹുല്യമാണ്. സെക്യൂരിറ്റി ജീവനക്കാര്‍ ലാത്തിയും തോക്കുമൊക്കെയായി യുദ്ധത്തിന് തയ്യാറാണെന്ന മട്ടില്‍ നില്‍ക്കുന്നു.
കൊണ്ടുപോകാന്‍ ആരാണ് വന്നിട്ടുണ്ടാവുക? എല്ലാവരും ഒരുമിച്ച് വന്നിട്ടുണ്ടാകുമോ? ചിലപ്പോള്‍ അങ്ങനെയും പതിവുണ്ട്. മൊയ്തീന്‍ക്കയുടെ വലിയ വാന്‍ ഓര്‍ഡറാക്കി തനിക്കൊരു സര്‍പ്രൈസ് ആകട്ടെ എന്നുകരുതി എല്ലാവരുമെത്തും.
ഇക്കുറി അങ്ങനെ എല്ലാവരും പോന്നിട്ടുണ്ടാകുമോ... മൂത്തവള്‍ വീട്ടില്‍ തന്നെയായതിനാല്‍ അവളും മക്കളുമുണ്ടാകുമെന്ന് ഏകദേശം ഉറപ്പാണ്. ഭാര്യ തനിക്ക് സുഖമില്ലെന്നറിഞ്ഞതിനാല്‍ അവള്‍ ഉണ്ടാകാതിരിക്കില്ല.
പുറത്തെ കൂട്ടപ്പൊരിച്ചിലിനിടയിലൂടെ കണ്ണ് പാഞ്ഞു... ആഘോഷിക്കുകയാണ് ആളുകള്‍.
കേവലാഹ്ലാദങ്ങളുടെ ഇത്തിരി മധുരം എല്ലാ ദുഖങ്ങളും മറന്ന് ഗള്‍ഫുകാരും പങ്കുവെക്കുന്നു.
കെട്ടിപ്പിടിച്ചും, മുത്തമിട്ടും തലോടിയും, തങ്ങളുടെ സ്‌നേഹത്തിന് തേയ്മാനം വന്നിട്ടില്ലെന്ന് പ്രഖാപിക്കുന്നു ചിലര്‍..
വര്‍ഷങ്ങളുടെ നീണ്ട പ്രവാസ ജീവിതത്തിനുശേഷം ബന്ധുക്കളുടെ മുഖം ഒരിക്കല്‍ക്കൂടി കണ്ട നിര്‍വൃതിയില്‍ ചിലര്‍ കരയുന്നു. ടാക്‌സി ഡ്രൈവര്‍മാരും, ദീനാറിന്റെ ആവശ്യക്കാരും ശര്‍ക്കരയില്‍ ഉറുമ്പ് പൊതിയുന്നതുപോലെ ഗള്‍ഫുകാരെ വലംവെക്കുന്നു. ആകെ ബഹളമയമായ അന്തരീക്ഷം.
ബാഗുകളും, രേഖകളും ഒരു ട്രോളിയില്‍ വെച്ച് മുഖത്ത് പ്രസാദപൂര്‍ണമായ ഒരു ചിരിയും ഫിറ്റ് ചെയ്ത് പതുക്കെ പുറത്തേക്ക് നടന്നു.
ആരായിരിക്കും സ്വീകരിക്കാനായി വന്നത് എന്നറിയാനുള്ള ചിരപുരാതനമായ ഒരാകാംക്ഷ എന്നിട്ടുമുണ്ടായിരുന്നു കണ്ണുകളില്‍. ഇല്ല.. പരിചിത മുഖങ്ങളൊന്നും കാണാനില്ല.
ഒരുപക്ഷേ പുറത്തു വെയിറ്റ് ചെയ്യുകയാവും..
ടാക്‌സിക്കാരുടെ പരിധിവിട്ട ബഹളമാണ് എങ്ങും.. ഒരു ഡ്രൈവര്‍ സമീപത്തേക്ക് വന്ന് ട്രോളി ബലമായി പിടിക്കാന്‍ ഒരു ശ്രമം നടത്തി.
''വേണ്ട.... വണ്ടി വന്നിട്ടുണ്ട്...''
അതു കേട്ടതും അയാള്‍ മുഖം കറുപ്പിച്ച് അടുത്ത ഇരയെ തേടിപ്പോയി. അപ്പോള്‍ ദൂരെനിന്നും തന്റെ സമീപത്തേക്ക് ഓടിക്കിതച്ച് വരുന്ന ജേഷ്ഠന്റെ മകന്‍ ആശിഖിനെ കണ്ടു. അവന് സലാം പറഞ്ഞ് കൈപിടിക്കുമ്പോഴും കണ്ണുകള്‍ ചുറ്റും പരതുകയായിരുന്നു.
അത് കണ്ടിട്ടായിരിക്കണം അവന്‍ പറഞ്ഞു. 'എളാപ്പാ.. ആരും വന്നിട്ടില്ല. അയല്‍വാസി ബഷീര്‍ക്കാടെ മോളെ കല്ലാണാ ഇന്ന്. എല്ലാവരും ആ വീട്ടിലാണുള്ളത്...'
''ബാരിമോന്‍.. വന്നിട്ടില്ലേ...''
''വരാന്ന് പറഞ്ഞതായിരുന്നു. വിളിച്ചിട്ട് ഓനെ കിട്ടീല്ല. നേരം വൈകണ്ടാന്ന് കരുതി ഞാനിങ്ങ് പോന്നു.''
ഒരു ചിരി വരുത്തി സാരല്ല, അങ്ങോട്ടല്ലേ പോകുന്നത്. എന്നോമറ്റോ പറഞ്ഞു.
അങ്ങനെ പറഞ്ഞു എന്നല്ലാതെ അകത്ത് ഒരു ദുഖം വിതുമ്പി നില്‍ക്കുന്നുണ്ടായിരുന്നു. ആരോട് പറയാന്‍?
മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍വന്ന ഒരു ഗള്‍ഫുകാരനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോ കാന്‍ അയാളുടെ ഭാര്യക്കും മക്കള്‍ക്കും താല്‍പര്യമില്ലാതായെന്നോ? അങ്ങനെ ചിന്തിച്ചപ്പോള്‍ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതാകുമെന്ന് ഭയന്നു.
ഒരു നീരാളിയെപ്പോലെ ആ ചിന്ത ദുഖത്തിന്റെ കയത്തിലേക്ക് പിടിച്ചുതാഴ്ത്തിയേക്കാം.
ഡോക്ടര്‍ പറഞ്ഞത് മനസ്സിലോര്‍ത്തു. പോസിറ്റീവായി ചിന്തിക്കാന്‍ പരിശീലിക്കുക. അതാണ് മനസ്സിന്റെ ആരോഗ്യത്തിന് ഏറ്റവും നന്നാവുക.
യാദൃശ്ചികമായിരിക്കാം. ആരും വരാതിരുന്നത്. തൊട്ടടുത്ത വീട്ടിലെ കല്ല്യാണമല്ലേ. എല്ലാവരും ഇന്നലെ രാത്രി അവിടെയായിരിക്കും. നേരത്തെ ഉണരാന്‍ കഴിയാത്തതുകൊണ്ടായിരിക്കാം..
ഇങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും ഉള്ളില്‍നിന്ന് ആരോ തേങ്ങുന്നുണ്ടായിരുന്നു. ഏറെ കൊതിച്ചിട്ടും സ്‌നേഹം തിരിച്ചുകിട്ടാതെ പോയ ഒരു ഹതഭാഗ്യന്‍.
മുക്കാല്‍ മണിക്കൂറോളം നീണ്ട ഓട്ടം കഴിഞ്ഞ് വീട്ടിലേക്കുള്ള പോക്കറ്റ് റോഡിലേക്ക് ഒരു മുരള്‍ച്ചയോടെ കാര്‍ പ്രവേശിച്ചു.
വേലിപ്പൂക്കള്‍ മുറ്റിവളര്‍ന്നു നില്‍ക്കുന്ന മതിലുകള്‍, കുളവാഴയും, ആഫ്രിക്കന്‍ പായലും മൂടിനില്‍ക്കുന്ന പഴയപള്ളിക്കുളം തവളകളുടെ പോക്രോം
പാട്ടിനാല്‍ മുഖരിതമാണ്. പണ്ട് മുങ്ങാം കുഴിയിട്ടു മത്സരിച്ച കുളമാണ്. ബാല്യത്തിന്റെ എത്രയെത്ര ഓര്‍മകളാണ് ഈ കുളത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നുണ്ടാവുക!
പണ്ട് കന്നുപൂട്ടും ആരവുമൊഴിയാത്ത വിശാലമായപാടം. ആരോ മണ്ണിട്ടു തൂര്‍ത്തിരിക്കുന്നു.
രണ്ടുമൂന്നു കോണ്‍ക്രീറ്റ് വീടിന്റെ അസ്ഥിമാത്രമുയര്‍ന്നിട്ടുണ്ട്. കടങ്കഥയില്‍നിന്നും കയറിവന്ന വന്യമൃഗങ്ങളെപ്പോലെ അവ വാ പൊളിച്ചുനില്‍ക്കുന്നുണ്ടായിരുന്നു!
മുറിച്ചു വില്‍ക്കലാണ് ഇപ്പോള്‍ നാട്ടുമ്പുറത്തിന്റെ ബിസിനസ്സ്. ചെറിയ ചായക്കടകളില്‍പോലും സ്ഥലക്കച്ചടവമാണ് പ്രധാന ചര്‍ച്ചാവിഷയം. സ്ഥലമുള്ളവര്‍ കൊച്ചുകഷ്ണങ്ങളായി മുറിച്ചുവില്‍ക്കുന്നു. അത് ഊഹക്കച്ചവടക്കാരുടെ ചാകരയായി മാറാന്‍ അധികം സമയം വേണ്ട. രണ്ട്, മൂന്ന് എന്നൊക്കെ കൊച്ചാക്കിപ്പറയുന്ന അക്കങ്ങള്‍ യഥാര്‍ഥത്തില്‍ കോടികളാണ്. പണ്ട് ലക്ഷത്തിന്റെ സ്ഥാനത്ത് കോടികള്‍ കയറിവന്നു എന്നു സാരം.
ഉമ്മറിന്റെ ചായക്കടയും, അറുമുഖന്റെ ഫര്‍ണിച്ചര്‍ കടയും കടന്നു. ഓവുപാലം കൂടിവന്നാല്‍ പിന്നെ കുത്തനെ ഒരിറക്കം. നേരെ കടക്കുന്നത് വിശാലമായ ഒരു പറമ്പിലേക്കാണ്.
വീട്ടുപടിക്കല്‍ കാറുനിര്‍ത്തി ഹോണടിച്ചിട്ടും അനക്കമൊന്നുമില്ല. ഗേറ്റ് തുറക്കാനായി ആരും വന്നില്ല.
കല്ല്യാണവീടിന്റെ ആരവമുയരുന്നുണ്ട്. അവരാരും ബഹളത്തിനിടയില്‍ ഹോണടി കേട്ടുകാണില്ല.
പുറത്തിറങ്ങി ഗേറ്റു തുറന്നു.
കാര്‍ ഒരു മുരള്‍ച്ചയോടെ വീടിന്റെ പോര്‍ച്ചില്‍ കയറിനിന്നു.
കല്ല്യാണവീടിന്റെ പിന്‍ഭാഗത്തുനിന്നും ഏതോ ഒരു സ്ത്രീ ശരം വിട്ടപോലെ അകത്തേക്ക് ഓടുന്നതു കണ്ടു.
ഭാര്യയെ വിവരമറിയിക്കാനായിരിക്കും. വരട്ടെ, അവര്‍ വന്നിട്ട് പോയാല്‍ മതി കല്ല്യാണവീട്ടിലേക്ക്. വീട്ടുകാരന്‍ പ്രത്യേകം വിളിച്ചു പറഞ്ഞിരുന്നു കല്ല്യാണക്കാര്യം. സഹായത്തിനായി ഒരു സംഖ്യ ഭാര്യയുടെ കൈവശം അയച്ചിട്ടുണ്ട്.
പിന്നേയും ഒരഞ്ചുമിനിട്ടോളം കാത്തുനില്‍ക്കേണ്ടിവന്നു ആരെങ്കിലും വരാന്‍. ആദ്യം വന്നത് രണ്ടാമത്തെ മകളാണ്. ഉമ്മു എന്നാണ് അവളുടെ ഓമനപ്പേര്. ജഹനാര എന്ന് അവള്‍ക്ക് പേരിട്ടപ്പോള്‍ പലരും കളിയാക്കിയതാണ്. പക്ഷേ, വാശിപിടിച്ചു. ആയിരത്തിയൊന്നു രാവുകള്‍ എന്ന പ്രശസ്തമായ അറബിക്കഥയിലെ മന്ത്രിപുത്രിയുടെ പേരാണ് ജഹനാര. മുഗള്‍ രാജവംശത്തിലും അങ്ങനെയൊരു പേരില്‍ ഒരു രാജകരുമാരിയുള്ളതായി വായിച്ചിരുന്നു. ആ ഓര്‍മയിലിട്ട പേരാണ്.
ഉപ്പാ, പെയ്യാന്‍ വെമ്പുന്ന മുഖവുമായി അവള്‍ ഓടിവന്നു കെട്ടിപ്പിടിച്ചു. ''ഉപ്പാ.. ഞാനൊരുപാട് പറഞ്ഞിരുന്നതാ എയര്‍പ്പോര്‍ട്ടില്‍ പോകുമ്പം ഒന്നുവിളിക്കണംന്ന്... ആരും വിളിച്ചില്ല.''
''സാരല്ല മോളെ.. എന്തൊക്കെയാ നിന്റെ വിവരങ്ങള്‍. അവള്‍ നിറകണ്ണുകളോടെ ശരീരത്തില്‍ മൊത്തം നോക്കി. ഒരു വിതുമ്പലോടെ അവള്‍ ചോദിച്ചു.''
''എന്താ, ന്റുപ്പാക്ക് പറ്റീത്...''
''ഒന്നൂല്ലെടീ... ഒരു ചെറിയ ക്ഷീണം.. അല്ലാതെ അങ്ങനെ പറയത്തക്ക ഒരു സൂക്കേടുംല്ല...''
''ന്നാലും.. ഒഴിവാക്കി
പോരാന്‍ മാത്രം എന്താണ്ടായത്. ഉപ്പ മോളോട് പറ...''
അവളുടെ മൂര്‍ധാവിലൂടെ വിരലോടിച്ചപ്പോള്‍. അറിയാതെ കണ്ണ് നിറഞ്ഞു. പുറകെ കൈകൊണ്ട് അത് തുടച്ചു.
''ഞാന്‍ പറഞ്ഞില്ലെടീ.. നീണ്ട ഗള്‍ഫ് ജീവിതം ചില നട്ടും ബോള്‍ട്ടും ലൂസാക്കിയിട്ടുണ്ട്. അതൊന്നു മുറുക്കാന്‍ വന്നതാണെടീ...''
അപ്പോഴേക്കും വീട്ടുകാരും ബന്ധുക്കളുമൊക്കെ കേട്ടറിഞ്ഞ് വന്നു. വന്നവരുടെ മുഖത്ത് ആഹ്ലാദമില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിച്ചു. ജയിലില്‍നിന്നും വന്ന് ആളെകാണുന്നത് പോലെയാണ് മിക്കവരുടെയും നോട്ടം.
ഈയൊരനുഭവം തീരെ പ്രതീക്ഷിക്കാതിരുന്നതിനാല്‍ മനസ്സ് അല്‍പം ബേജാറിലായി. ഇവരൊക്കെക്കൂടി ഇതെന്തിനുള്ള പുറപ്പാടാണ്.
''ഇതെന്ത് കഥയാ... നീണ്ട യാത്രകഴിഞ്ഞ് മുഷിഞ്ഞു വരുന്ന ഒരാള്‍ക്ക് എല്ലാവരും കൂടി കണ്ണീരാണോ കുടിക്കാന്‍ കൊടുക്കുന്നത്.'' ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ അബ്ദുക്കയാണ്. നാട്ടിലെ കല്ല്യാണ ബ്രോക്കര്‍. അയല്‍പക്കത്തുതന്നെയാണ് മൂപ്പരുടെയും വീട്.
അബ്ദുക്കയുടെ ശബ്ദം കേട്ടതും എല്ലാവരും അകത്തേക്ക് കയറിപ്പോയി.
''നന്നായിട്ടൊന്ന് കുളിച്ചു. നാടിന്റെ ഓര്‍മകളില്‍. ഏറ്റവും പ്രമുഖമായത് ഈ കുളിയാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കിണര്‍വെള്ളത്തില്‍ ശരീരം നനയുമ്പോഴുള്ള ഒരു സുഖം ലോകത്തിലെ ഏതു സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള മുങ്ങിക്കുളിയേക്കാളും മഹത്തരമായതുതന്നെ.
ശരീരത്തിന് ഒരു നവോന്മേഷം കൈവന്നതു പോലെ അനുഭവപ്പെട്ടു.
തിരിച്ചുപോരാനായി എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ കൂടെവന്ന സുഹൃത്ത് പറഞ്ഞത് ഓര്‍മവന്നു.
''നാട്ടിലെ കാറ്റ് തട്ട്യാമതി. ആരോഗ്യം തനിയേ വന്നുകൊള്ളും. നീ പേടിക്കേണ്ട.''
എത്ര ശരിയാണ് ഒരു വശ്യത. സമാധാനത്തിന്റെ സാന്ത്വമന്ത്രമാണ് കാറ്റിലാടുന്ന തെങ്ങോലകള്‍ക്ക് പോലും പറയാനുള്ളത്.
''ങ്ങള്... ഇങ്ങനെ നിന്നാമത്യോ.. തൊട്ടപ്പുറത്ത് ഒരു കല്ല്യാണം നടക്ക്വല്ലേ... അവിടെ പോയി ഇരുന്നോളീം...''
തിരക്കുപിടിച്ച് പുറത്തേക്ക് നടക്കുന്നതിനിടയില്‍ ഭാര്യ പറഞ്ഞു. അവരൊക്കെ കല്ല്യാണവീട്ടിലേക്ക് പോയപ്പോള്‍ വീണ്ടും തനിച്ചായതുപോലെ തോന്നി.
ആര്‍ക്കും തന്നോട് വിശദമായി ഒന്നും ചോദിക്കാനില്ലേ. മൂന്നുവര്‍ഷത്തിനുശേഷം കാണുമ്പോള്‍ ഇത്രയൊക്കെ മതിയോ?
എന്തൊക്കെയോ വ്യത്യാസങ്ങള്‍ മുമ്പുവന്നപ്പോഴത്തെ പ്രകടനങ്ങളില്‍നിന്നും ഇപ്പോഴത്തേതിലേക്കെത്തുമ്പോള്‍ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.
പെട്ടെന്ന് മനസ്സ് തന്നെ തിരുത്തി.
ഇതൊക്കെ ഇഴകീറി പരിശോധിക്കുന്നതാണ് ഒന്നാമത്തെ തെറ്റ്. സന്ദര്‍ഭത്തെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അല്ലാതെ വെറുതേ മനസ്സിന് ടെന്‍ഷന്‍ കൊടുക്കുകയല്ല.
കല്ല്യാണവീട്ടിലേക്കു തന്നെ...
നാട്ടുകാരും ബന്ധുക്കളുമായി ഒട്ടനവധി പേരുണ്ട്. എല്ലാവരും തിരക്കിലാണ്. കണ്ട ഉടന്‍തന്നെ വീട്ടുകാരന്‍ വന്ന് കെട്ടിപ്പിടിച്ചു. ''നീ വന്നെന്ന് കേട്ട്.. ഏതായാലും കല്ല്യാണത്തിന് നിന്നെക്കൂടി ഞാന്‍ പ്രതീക്ഷിച്ചതാണ്.''
ഏതോ ഒരു കുട്ടി അല്‍പം നാരങ്ങാവെള്ളവുമായി വന്നു. ഒറ്റ വലിക്ക് കുടിച്ചു. സത്യം പറഞ്ഞാ ല്‍ അല്‍പസ്വല്‍പം വിശപ്പ് തോന്നിത്തുടങ്ങിയിരിക്കുന്നു.
അപ്പോഴേക്കും ബീരാന്‍കുട്ടി മുസ്‌ല്യാര്‍ അടുത്തേക്ക് വന്നു. മക്കളെ പഠിപ്പിച്ച ഉസ്താദാണ്. ''അസ്സലാമു അലൈക്കും.''
''വഅലൈക്കും അസ്സലാം.. ഏതായാലും കാണാനൊത്തതു നന്നായി. അടുത്ത പതിനാലിന് മോളെ കല്ല്യാണാണ്. അതിന് കൂടണം.'' പുഞ്ചിരിയോടെ ഉസ്താദ് പറഞ്ഞു. ''ആയിക്കോട്ടെ.''
''അല്ലാ... ഒരു വാര്‍ത്ത കേട്ടല്ലോ.. ഒഴിവാക്കി പോര്വാന്ന്.'' മുസ്‌ല്യാരുടെ ആ ചോദ്യത്തില്‍ ഒരു ദുസ്സൂചന ഒളിഞ്ഞ് കിടക്കുന്നതുപോലെ
''ഒഴിവാക്കിപോന്നതല്ല. കുറച്ചു ചികിത്സ ചെയ്യാനുണ്ട്. അതിനു ശേഷം തിരിച്ചുപോകണം.''
''അത് ശരി..''
ആ സംഭാഷണം കുറച്ച് ഉച്ചത്തിലാണ് പറഞ്ഞത്. അത് കേട്ടവരോട് പിന്നീട് പറയേണ്ടതില്ലല്ലോ വിശേഷങ്ങള്‍!
ഉച്ചക്ക് രണ്ടേകാലോടു കൂടിയാണ് ചെറുക്കനും കൂട്ടരും വന്നത്. നിക്കാഹ് നേരത്തേ കഴിഞ്ഞതുകൊണ്ട് ചടങ്ങുകളെല്ലാം വേഗത്തില്‍ തീരുമെന്ന് കരുതി.
ഏതോ ഹിന്ദി സിനിമയില്‍നിന്നും ഇറങ്ങി വന്ന സുല്‍ത്താന്റെ മട്ടും ഭാവവുമാണ് വരന്റെ മുഖത്ത്. കേരളീയമല്ലാത്ത വേഷവിധാനങ്ങള്‍, ലിപ്സ്റ്റിക്, മുഖത്ത് പൗഡറൊക്കെയിട്ട് മിനുക്കിയിരിക്കുന്നു. ആളുകള്‍ കൗതുകത്തോടെ വരനെ നോക്കിക്കാണാന്‍ മത്സരിക്കുന്നു.
പടച്ചവനേ... ഇതെന്ത് കഥയാണ്. മൂക്കത്ത് വിരല്‍വെച്ചുപോയി. ഉള്‍പ്രദേശത്തെ ഒരു കല്ല്യാണാഘോഷം ഇപ്രകാരമാണെങ്കില്‍ ടൗണിലൊക്കെ എങ്ങനെയൊക്കെയാകാം ഈ അത്യാചാരങ്ങള്‍?
വൈകുന്നേരം അഞ്ച് മണിയോളം നീണ്ട ഫോട്ടോസെഷന്‍. വരന്റെ കൈയില്‍ സ്വര്‍ണമോതിരമിടുന്ന ബന്ധുക്കളുടെ ഫോട്ടോ! (ഇതൊന്നും ഹറാമല്ലേ) സീരിയല്‍ ഷൂട്ട് ചെയ്യുന്നത് കാണാന്‍വന്ന കൗതുകത്തോടെ കുട്ടികള്‍ ഇതെല്ലാം നോക്കിക്കണ്ടുനില്‍ക്കുന്നു.
പടച്ചവനേ... പത്ത് സ്വലാത്ത് ചൊല്ലി. മകളെ കെട്ടിച്ചയച്ച ലാളിത്യം പഠിപ്പിച്ച ഒരു മതത്തിന്റെ ആളുകളാണ് ഈ കാട്ടിക്കൂട്ടുന്നത്. അനാചാരങ്ങളുടെയും ഹറാമായ ചടങ്ങുകളുടെയും പ്രധാന നിലനില്‍പ് ഈ വിവാഹ വേളകളെന്നുവന്നാല്‍.
ബാക്കി കാണാനുള്ള കരുത്ത് ചോര്‍ന്ന് പോയിരിക്കുന്നു. പതുക്കെ വീട്ടിലേക്ക് തിരിച്ചുനടന്നു.
ക്ഷീണം ശരീരത്തെ തളര്‍ത്തുന്നു. ഒന്നുറങ്ങണം.
(തുടരും)