രണ്ടു പെണ്ണുങ്ങള്‍
മലിക മര്‍യം
2015 ഡിസംബര്‍
ആട്ടുകല്ലിലമര്‍ന്നരഞ്ഞ്
പൂവായ് വിരിഞ്ഞ ദോശ
ഉരലിലിടിച്ചിടിച്ച്
മൈലാഞ്ചിക്കൈകള്‍
ആട്ടുകല്ലിലമര്‍ന്നരഞ്ഞ്
പൂവായ് വിരിഞ്ഞ ദോശ
ഉരലിലിടിച്ചിടിച്ച്
മൈലാഞ്ചിക്കൈകള്‍
മയക്കിയെടുത്ത പത്തിരി
അമ്മികടഞ്ഞ
വെണ്ണത്തേങ്ങ ചേര്‍ത്ത ചാറ്
എന്തിന്?
കല്ലലക്കിയെടുക്കുന്ന
വെണ്‍മ വരെ
അയാള്‍ ഉമ്മറത്തിരുന്നു
തലയാട്ടുന്ന അതിഥിയോട്
നെടുവീര്‍പ്പിട്ടു നൊസ്റ്റാള്‍ജിച്ചു
അകത്ത്
നിസ്‌കാരകുപ്പായത്തിലിരുന്ന്
ദിക്ര്‍ ചൊല്ലുന്ന ആയിശുമ്മ
ഇതുകേട്ടു.
ഉരലും അമ്മിയും
ഒരു ഉലക്കയും
അവളിലൊരു പഞ്ചാരക്കാലവും
ഉണര്‍ത്തിയില്ല.
കയറിവന്ന വീടിന്റെ
അടുക്കളമുറ്റവും
എരിഞ്ഞു നീറുന്ന കൈകളും
അന്നു ഒരുപാടു ചീത്തകേള്‍പ്പിച്ച
പുള്ളിക്കിടാവിനെപ്പോലെ
ഓര്‍മയിലേക്ക്
കയറുപൊട്ടിച്ചു
കയറിവന്നു
ഒരു മതിലപ്പുറത്ത്
കൂട്ടുകാരി കൊറ്റിക്കുട്ടിയുടെ
വീട്ടുപൂമുഖത്തിരുന്ന്
പേരക്കുട്ടിയുടെ കവിത കരഞ്ഞു....
''വെയിലും കൊണ്ട്
പാടിപ്പാടി
കൊയ്ത് കൊയ്ത്
പെണ്‍മണികള്‍
നിരയൊപ്പിച്ചു മുന്നേറും
സുന്ദരക്കാഴ്ച
എവിടെപ്പോയ് മറഞ്ഞൂ....''
തന്നാലും തന്നാലും
തികയാത്ത കൂലിയും
തിന്നാലും കുടിച്ചാലും
അരവയര്‍ പോലും
നിറക്കാത്ത കഞ്ഞിയും
അരിവാള്‍ മൂര്‍ച്ചയുള്ള ഒളിക്കണ്ണുകളും
ആരാന്റെ പച്ചത്തെറിയും
ഓര്‍മ വന്ന്
അവള്‍ക്കു കിതച്ചു.
*** *** *** ***
കിതപ്പും കൊണ്ട്
കയറിവന്ന
കൊറ്റിക്കുട്ടി കേട്ടു,
ആയിശുമ്മ
കണ്ണുചിമ്മി
ജപമുത്തുകള്‍ നീക്കി
അമര്‍ത്തിച്ചൊല്ലുന്നത്
''മിക്‌സിക്ക് അല്‍ഹംദുലില്ലാഹ്..
വാഷിംഗ് മെഷീന് അല്‍ഹംദുലില്ലാഹ്.
ഗ്രൈന്ററിന് അല്‍ഹംദുലില്ലാഹ്.''
''കൊടുക്ക് ആയിശുമ്മേ
ട്രാക്ടറിനും കൊയ്ത്തുയന്ത്രത്തിനും
വലുത് രണ്ടെണ്ണം കൂടി....''
അവര്‍ പരസ്പരം നോക്കി
കണ്ണുകളിറുക്കിച്ചിരിച്ചു
പിന്നെ മുകളിലേക്കു നോക്കി
നീയാണെടാ ചുണക്കുട്ടി
കേട്ടല്ലോ നീ
തേങ്ങലിലമര്‍ന്ന
ഒരായിരം പ്രാര്‍ഥനകള്‍