പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍, ക്രിക്കറ്റ് ഇതിഹാസം യൂസുഫ് യോഹന്ന തുടങ്ങി പ്രതിഭയുടെ അദൃശ്യമായ പുറന്തോടുമായി പിറന്നുവീണ നിരവധി വ്യക്തിത്വങ്ങള്‍ സ്വമതം വെടിഞ്ഞ് ഇസ്‌ലാമിലേക്ക് മാറിയിയിട്ടുണ്ട്. അറ്റം
പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍, ക്രിക്കറ്റ് ഇതിഹാസം യൂസുഫ് യോഹന്ന തുടങ്ങി പ്രതിഭയുടെ അദൃശ്യമായ പുറന്തോടുമായി പിറന്നുവീണ നിരവധി വ്യക്തിത്വങ്ങള്‍ സ്വമതം വെടിഞ്ഞ് ഇസ്‌ലാമിലേക്ക് മാറിയിയിട്ടുണ്ട്. അറ്റം കാണാതെ നീണ്ടുപോവുന്ന ഈ ചങ്ങലയിലെ തിളക്കമേറിയൊരു കണ്ണിയാണ് ക്രിസ്റ്റിയന്‍ ബെക്കര്‍. ടി.വി. അവതാരക, പത്രപ്രവര്‍ത്തക, വോയിസ് ഓവര്‍ ആര്‍ടിസ്റ്റ്, തുടങ്ങിയ മേല്‍വിലാസങ്ങളില്‍നിന്നും മുസ്‌ലിം എന്ന സ്വത്വത്തിലേക്കുള്ള ബെക്കറിന്റെ യാത്രയിലെ ചുവടുവെപ്പുകള്‍ 'ഫ്രം എം.ടി.വി. റ്റു മക്ക'' എന്ന ആത്മകഥയില്‍ പതിഞ്ഞുകാണുന്നു. ജര്‍മന്‍ ഭാഷയില്‍ വിരചിതമായ ഈ കൃതി പ്രൊഫ. കെ.പി.കമാലുദ്ദീന്‍ ഈയിടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
മൈക്രോഫോണിനെ കൂടെക്കൂട്ടി പ്രശസ്ത വ്യക്തികളെ ഇന്റര്‍വ്യൂ ചെയ്യാന്‍ മോഹിച്ചു നടക്കുന്ന ക്രിസ്റ്റിയന്‍ ബെക്കറിനെ ഗ്രന്ഥാരംഭത്തില്‍ തന്നെ നമുക്ക് കാണാം. ഒരു ടോയ്‌മൈക്രോഫോണുമായി കുഞ്ഞനുജത്തിയെ ഇന്റര്‍വ്യൂ ചെയ്ത് അവളാ മോഹത്തിന്റെ മിനി സാക്ഷാത്ക്കാരത്തിലെത്തി. നന്നായി നനച്ചുവളര്‍ത്തിയ ആ മോഹച്ചെടിയിലെ നറുപൂക്കളായ് തളിരിട്ട റേഡിയോ ഹാംബര്‍ഗ് ദിനങ്ങളടര്‍ന്നുവീണ് ഒരു നിറപുഷ്പം ചിരിച്ചുനിന്നു - ചാനല്‍ ഗണത്തിലെ മുടിചൂടാ മന്നനായ എം.ടി.വിയുടെ യൂറോപ്യന്‍ ശാഖയിലെ അവതാരക പദവി!
അതോടെ ക്രിസ്റ്റിയന്‍ ബെക്കറിന്റെ ജീവിതത്തിന്റെ ചന്തവും സുഗന്ധവും വര്‍ധിച്ചു. പ്രശസ്തിയില്‍ മുങ്ങിക്കുളിച്ച മഹാവ്യക്തിത്വങ്ങള്‍ സെലിബ്രിറ്റിയുടെ ഉടയാടകളഴിച്ച് പച്ചമനുഷ്യരായി അവള്‍ക്കു മുമ്പില്‍ അഭിമുഖത്തിനിരുന്നു. കത്തുകളും സ്‌നേഹസമ്മാനങ്ങളുമയച്ചും ഓട്ടോഗ്രാഫിനായ് തിക്കിത്തിരക്കിയും ആരാധകവൃന്ദം അവളെ വീര്‍പ്പ് മുട്ടിച്ചു. പൊതുചടങ്ങുകളില്‍ ഒരിടം കണ്ടെത്താന്‍ മറ്റുപത്രപ്രവര്‍ത്തകര്‍ക്ക് വിയര്‍പ്പൊഴുക്കേണ്ടിവന്നപ്പോള്‍ അവള്‍ക്കും സംഘത്തിനും വേദിക്ക് തൊട്ടുമുമ്പില്‍ തന്നെ ഇരിപ്പിടം കിട്ടി.
എങ്കിലും നഗ്നനേത്രങ്ങളാല്‍ ദര്‍ശിക്കാനാവാത്ത ചില കുരുക്കളും വടുക്കളും ക്രിസ്റ്റ്യന്‍ ബെക്കറിന്റെ ജീവിതത്തിലുണ്ടായിരുന്നു. സഹോദരി സൂസന്‍ രോഗബാധിതയായി മരണത്തോട് മല്ലടിച്ചുകിടന്നപ്പോള്‍ ഒന്നു സന്ദര്‍ശിക്കുകപോലും ചെയ്യാതെ ടി.വി പ്രോഗ്രാമുകള്‍ തുടരേണ്ടിവന്നത് അവളെ കുറ്റബോധത്തിന്റെ ഗര്‍ത്തത്തിലേക്കുന്തിയിട്ടു. കരഞ്ഞുകലങ്ങിയ കണ്ണുകള്‍ക്കുമേല്‍ ചിരിയുടെ മുഖപടമണിയേണ്ടവരാണ് ടി.വി. അവതാരകരെന്ന തിരിച്ചറിവ് അവളെ നടുക്കികളഞ്ഞു. ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ച, ബോസ്‌നിയന്‍ യുദ്ധം, ഗള്‍ഫ് യുദ്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ ആര്‍ത്തലച്ചുപെയ്യുമ്പോഴും എം.ടി.വി വിനോദപരിപാടികള്‍ മാത്രം പ്രക്ഷേപണം ചെയ്ത് ജനങ്ങളുടെ ചിന്തകള്‍ക്ക് കൂച്ചുവിലങ്ങിടുന്നത് എന്തിനെന്ന ചോദ്യം അവളുടെ രാവുകളെ നിദ്രാവിഹീനങ്ങളാക്കി. ഏകാന്തതയെ തച്ചുടക്കാന്‍ ഒരു ജീവിതപങ്കാളിക്കായുള്ള തൃഷ്ണ അവളുടെ മനോമുകുരത്തില്‍ ഫണം നീര്‍ത്തിയാടി.
ആയിടക്കാണ് സുഹൃത്ത് സൂസന്ന കോണ്‍സ്റ്റന്റൈനിന്റെ ജന്മദിനാഘോഷപരിപാടിയില്‍ വെച്ച് ക്രിസ്റ്റ്യന്‍ ബെക്കര്‍ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇംറാന്‍ഖാനെ കാണുന്നത്. ലോകക്കപ്പ് നേട്ടത്തെ തുടര്‍ന്ന് പ്രശസ്തിയുടെയും ജനപ്രീതിയുടെയും രേഖകള്‍ സംഗമിക്കുന്ന കേന്ദ്രബിന്ദുവായി മാറിയിരുന്നു ഇംറാന്‍. കൊതിപ്പിക്കുന്ന ഈ സ്ഥിതിവിശേഷത്തിനിടയിലും, ക്രിക്കറ്റിന്റെ ക്രീസില്‍ നിന്ന് ഡിക്ലയര്‍ ചെയ്ത് സാമൂഹ്യസേവകന്റെ ജഴ്‌സിയണിയാനുള്ള ഇംറാന്റെ തീരുമാനം ബെക്കറിനെ ഞെട്ടിച്ചു. അര്‍ബുദ ബാധിതയായി മരണമടഞ്ഞ പ്രിയമാതാവിന്റെ സ്മരണാര്‍ഥം പാകിസ്താനിലെ പ്രഥമ കാന്‍സര്‍ ആശുപത്രി സ്ഥാപിക്കാനായി തന്റെ പ്രശസ്തി ഉപയോഗപ്പെടുത്തുമെന്ന ഇംറാന്റെ പ്രഖ്യാപനം കേട്ട് അവളുടെ മനസ്സില്‍ അത്ഭുതവും അവിശ്വസനീയതയും ഇരട്ടപെറ്റു.
പിന്നീട് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ കാറ്റ് പോലെയോ ശിശുവിന്റെ കരച്ചില്‍ പോലെയോ സാധാരണമായി. തികഞ്ഞ ഇസ്‌ലാം മതവിശ്വാസിയായ ഇംറാന്‍ മതാധ്യാപനങ്ങള്‍ക്കൊപ്പം ആ കൂടിക്കാഴ്ചകളുടെ വക്കുകളെ ലങ്കിച്ചു. ആത്മസംതൃപ്തിക്ക് ദൈവവിശ്വാസം അനിവാര്യമാണെന്ന ബെക്കറിന്റെ തിരിച്ചറിവില്‍ കലാശിച്ച അലി ശരീഅത്തിയുടെ 'ഇസ്‌ലാമും മുസ്‌ലിമും' എന്ന ഗ്രന്ഥം ഇംറാന്‍ അവള്‍ക്ക് നല്‍കി.
ഇക്കാലത്ത് എം.ടി.വി. അവതാരക എന്ന നിലയിലുള്ള ക്രിസ്റ്റ്യന്‍ ബെക്കറിന്റെ പ്രകടനമികവില്‍ സന്തുഷ്ടരായ ബ്രോവോ ടി.വി അധികൃതര്‍ ഒരു പുതിയ സംഗീതപരിപാടി സ്വയം തയ്യാറാക്കി ദേശവ്യാപകമായി അവതരിപ്പിക്കാന്‍ അവള്‍ക്ക് അവസരം നല്‍കി. പതിയെപ്പതിയെ ബെക്കര്‍ എം.ടി.വിക്കപ്പുറം ബ്രോവോ ടി.വിയുടെയും സര്‍വസ്വവുമായി.
ഏറെ ദിനങ്ങള്‍ക്കു ശേഷം ക്രിസ്റ്റിയന്‍ ബെക്കറും പഠനകാലസുഹൃത്ത് ബ്രിജിറ്റും ഇംറാനോടൊപ്പം രണ്ടാഴ്ചക്കാലത്തെ പാക്കിസ്താന്‍ സന്ദര്‍ശനം നടത്തി. ദാരിദ്ര്യകുടുക്കയില്‍ വെന്തുടയുമ്പോഴും സകലപ്രവൃത്തികള്‍ക്കും മുന്നോടിയായി ബിസ്മില്ല എന്നുച്ചരിക്കുകയും പ്രാര്‍ഥനകളുരുവിട്ടും റേഡിയോവില്‍നിന്ന് ഖുര്‍ആന്‍ പാരായണം ശ്രവിച്ചും തൊഴിലിടങ്ങളെപ്പോഴും ഭക്തിസാന്ദ്രമാക്കുകയും ചെയ്യുന്ന സാധാരണക്കാരിലൂടെയും, മഞ്ഞുരുക്കവേളയില്‍ ബിസ്മില്ല എന്നാരംഭിക്കുന്ന പ്രാര്‍ഥനയുരുവിട്ട് വെള്ളം നിറഞ്ഞ മലമ്പാതയിലൂടെ ജീപ്പോടിക്കാന്‍ ധൈര്യം കാണിച്ച നഈമിലൂടെയും അവള്‍ മര്‍ത്യജീവിതത്തില്‍ ദൈവവിശ്വസത്തിനുള്ള വ്യാപ്തി നേരിട്ടുകണ്ടു. ഇവിടെ ഞങ്ങള്‍ക്ക് നഴ്‌സിങ്ങ് ഹോമുകളില്ല. പ്രായാധിക്യം ബാധിച്ചവര്‍ സ്വന്തം കുടുംബത്തോടൊപ്പമാണ് കഴിയുന്നത് എന്നറിയിച്ച യൂസുഫിലും സ്വപിതാവിനോട് അതുല്യമായ ആദരവോടെ പെരുമാറിയ ഇംറാനിലും ഇസ്‌ലാം ഉദ്‌ഘോഷിച്ച മാനവസ്‌നേഹം അവള്‍ ദര്‍ശിച്ചു. അങ്ങനെ ഇസ്‌ലാമിന്റെ ഇതളുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരുന്ന തേന്‍തുള്ളികള്‍ ബെക്കറിന്റെ മനസ്സില്‍ നിന്ന് ചുണ്ടുകളിലേക്കിറ്റിറ്റുവീണുതുടങ്ങി.
ഇംറാനുമായുള്ള ചര്‍ച്ചയും വ്യാപ്തിയേറിയ വായനയും ബെക്കറിനെ ഇസ്‌ലാമിന്റെ യുക്തിഭദ്രതയെക്കുറിച്ച് ബോധവതിയാക്കി. ഹോളോകാസ്റ്റിന്റെ പേരില്‍ ജൂതമതവിശ്വാസികളില്‍നിന്നും കടുത്ത അവഗണനക്കും വിവേചനത്തിനും പാത്രമായിരുന്ന ബെക്കര്‍ കൂട്ടായ ശിക്ഷയെ അപ്രസക്തമാക്കി സ്വന്തം കര്‍മഫലം മാത്രം മനുഷ്യന്‍ അനുഭവിക്കുമെന്ന ഖുര്‍ആനികാധ്യാപനത്തില്‍ സംതൃപ്തയായി. ഖുര്‍ആനില്‍ നിരന്നുനില്‍ക്കുന്ന ശാസ്ത്രതത്വങ്ങള്‍ അവളെ അമ്പരപ്പിച്ചു. ചില പ്രവാചകന്മാര്‍ മദ്യപിച്ചിരുന്നുവെന്നും സ്വന്തം പുത്രിമാരുമായി ലൈംഗികബന്ധം പുലര്‍ത്തിയിരുന്നുവെന്നും പ്രസ്താവിക്കുന്ന പഴയനിയമത്തോട് ഖുര്‍ആന്‍ തെല്ലും സമരസപ്പെടുന്നില്ലെന്ന് അവളറിഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഇസ്‌ലാമിന്റെ യുക്തിഭദ്രതയെ അരക്കിട്ടുറപ്പിക്കുന്നുവെന്ന കാര്യത്തില്‍ അവള്‍ക്ക് സംശയമേതുമില്ലാതായി.
ക്രമേണ ഇംറാന്റെയും ബെക്കറിന്റെയും ബന്ധം പ്രണയത്തിന്റെ തിലകമണിഞ്ഞു. തരിശുഭൂമിയായിരുന്ന അവരുടെ ഹൃദയവീഥിയില്‍ സ്വപ്‌നലതകള്‍ തലപൊക്കിത്തുടങ്ങി.
പക്ഷേ, ഇംറാന്റെ ആത്മീയഗുരുക്കളിലൊരാള്‍ ബെക്കറുമായുള്ള ബന്ധം ശാശ്വതമായിരിക്കില്ലെന്ന് പ്രസ്താവിച്ചതോടെ അദ്ദേഹം അവളില്‍ നിന്നകന്നുതുടങ്ങി. എന്നിട്ടും നേര്‍ത്ത ഹൃദയമിടിപ്പുകളുണ്ടായിരുന്ന ബെക്കറിന്റെ പ്രത്യാശകളെ ഞെരിച്ചുകൊന്ന് ഇംറാന്‍ പരപുഷബന്ധമാരോപിച്ച് അവളുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു.
കൊടുംനിരാശയുടെ വയറ്റിലകപ്പെട്ട ക്രിസ്റ്റ്യന്‍ ബെക്കര്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ പാരായണത്തിലൂടെ പുറത്തുകടക്കാന്‍ ശ്രമിച്ചു. ഒടുവില്‍, മാര്‍ട്ടിന്‍ കിങ്‌സിന്റെ 'വാട്ട് ഈസ് സൂഫിസം?' എന്ന ഗ്രന്ഥം അവള്‍ക്ക് ഇസ്‌ലാമിലേക്കുള്ള വഴി കാണിച്ചുകൊടുത്തു. അങ്ങനെ ക്രിസ്റ്റ്യന്‍ ബെക്കര്‍ യുസ്‌റയായി.
ശാന്തമായൊഴുകുന്ന ചോലയായാണ് സുഹൃദ് വൃന്ദവും, കുഞ്ഞോളങ്ങളുതിര്‍ക്കുന്ന പുഴയായാണ് കുടുംബാംഗങ്ങളും ബെക്കറിന്റെ മതപരിവര്‍ത്തനവാര്‍ത്ത ശ്രവിച്ചതെങ്കിലും, സുനാമിത്തിരകളുയരുന്ന മഹാസമുദ്രമായാണ് ജര്‍മന്‍ മീഡിയ പ്രതികരിച്ചത്. ഇസ്‌ലാമിനെയും ബെക്കറിനെയും കരിതേച്ചു കാണിക്കല്‍ അതിന്റെ മുഖ്യ അജണ്ടകളിലൊന്നായി. ബ്രോവോ ടി.വി ബെക്കറിനെ അവതാരക പദവിയില്‍നിന്ന് തള്ളിപ്പുറത്താക്കി. തകര്‍ന്നുപോയ ബെക്കറിനെ തരിപ്പണമാക്കിക്കൊണ്ട് ഇംറാനും ഇംഗ്ലീഷുകാരിയായ ജമീമാ ഗോള്‍ഡ് സ്മിത്തും പ്രണയബദ്ധരായി വിവാഹം കഴിച്ചു. രക്തം വാര്‍ന്നൊഴുകിയ ബെക്കറിന്റെ മനസ്സിന്റെ മുറിവുകളില്‍ പത്രപ്രവര്‍ത്തകര്‍ മുളകുപുരട്ടി. അവളുടെ ചാരിത്ര്യത്തെ അവമതിക്കുന്ന വാര്‍ത്തകളുടെ ചാകര മാധ്യമങ്ങളില്‍ വന്നടിഞ്ഞുകിടന്നു. തളര്‍ന്നുവീഴാതിരിക്കാനായി ബെക്കര്‍ നമസ്‌കാരത്തിന്റെയും ഖുര്‍ആന്‍പാരായണത്തിന്റെയും ഇസ്‌ലാമിക പ്രഭാഷണങ്ങളുടെയും തിണ്ണയില്‍ പിടിച്ചുനിന്നു.
കാലത്തിന്റെ ചൂടില്‍ മനസ്സിലെ നോവുകള്‍ വാടിക്കൊഴിയുകയും മുറിവുകള്‍ വറ്റിപ്പോവുകയും ചെയ്തപ്പോള്‍ ബെക്കര്‍ ദക്ഷിണേന്ത്യയിലെ സ്‌കൂളുകള്‍ക്ക് ധനസഹായം നല്‍കിവന്നിരുന്ന 'ലേര്‍ണിങ്ങ് ഫോര്‍ ലൈഫ്' എന്ന ധര്‍മസ്ഥാപനത്തിന്റെ സജീവ പ്രവര്‍ത്തകയായി. കൊക്കക്കോള റിപ്പോര്‍ട്ട് ക്യാന്‍സല്‍ ചെയ്യപ്പെട്ടതിന്റെ നേരിയ വേദനയോടെയാണെങ്കിലും ചേതോഹരമായ ഏഴരവര്‍ഷക്കാലത്തിന്റെ സ്മൃതികള്‍ മനസ്സിലും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് സമ്മേളനത്തില്‍ സമ്മാനിച്ച മനോഹരമായ മൊറോക്കോ കണ്ണാടി കയ്യിലും പിടിച്ച് ബെക്കര്‍ എം.ടി.വിയുടെ പടികളിറങ്ങി.
കാലത്തിന്റെ കുത്തൊഴുക്കില്‍ ബെക്കറിന്റെ മനസ്സില്‍നിന്നും നിരവധി തെറ്റിദ്ധാരണകളൊലിച്ചുപോയി. ഇസ്‌ലാമിക ജീവിതം പ്രയാസകരമാണെന്ന് ആദ്യകാലത്ത് ബെക്കറിന്റെ ഹൃദയം മന്ത്രിച്ചെങ്കിലും അതേറെ അനായാസമാണെന്ന് പില്‍ക്കാലത്ത് അവളുടെ രോമകൂപങ്ങളോരോന്നും ആര്‍ത്തുവിളിച്ചു. 'റമദാന്‍ എനിക്കുള്ളതല്ലെന്ന് ഞാന്‍ തീരുമാനിച്ചു' എന്ന് ഒരിടത്തെഴുതിയ ബെക്കര്‍ തന്നെ 'നോമ്പ് നോല്‍ക്കാതിരിക്കാന്‍ കഴിയാത്ത വിധം ആവേശഭരിതയായിരുന്നു ഞാന്‍' എന്ന് മറ്റൊരിടത്തെഴുതി. നമസ്‌കാരത്തില്‍ തുടങ്ങി നോമ്പിലൂടെ മുന്നേറിയ ബെക്കര്‍ സഹ്‌റ എന്ന നാമധേയാനന്തരം ഉംറയും കടന്ന് ഹജ്ജിലെത്തുന്നത് നാം കാണുന്നു. 'ഫ്രം എം.ടി.വി റ്റു മക്ക'യില്‍ വായനക്കാരുടെ വാത്സല്യഭാജനങ്ങളായി തീര്‍ന്ന ഭാഗങ്ങളിലൊന്ന് വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ വിവരണം തന്നെയാണ്. ഏകാന്തത ഇഷ്ടപ്പെടാതെ എപ്പോഴും സംഗമിക്കുന്ന തെച്ചിപ്പൂക്കളെപ്പോലെ പ്രതിബന്ധങ്ങള്‍ കൂട്ടമായി വന്നിട്ടും പിന്‍വാങ്ങാതെ ഹജ്ജ് കര്‍മമനുഷ്ഠിക്കാന്‍ ബെക്കറിനെ പ്രാപ്തയാക്കിയത് തികഞ്ഞ ദൈവഭക്തിയാണ്.
ആദ്യം ആസ്ട്രിയക്കാരന്‍ ആല്‍ഫ്രഡുമായുള്ള ദാമ്പത്യവും പിന്നീട് മൊറോക്കോക്കാരന്‍ ടി.വി.ജേര്‍ണലിസ്റ്റ് റാഷിദുമൊത്തുള്ള അസഹിഷ്ണുതാധിഷ്ഠിതമായ അസംഖ്യം അനുഭവങ്ങള്‍ അണിനിരന്ന ദാമ്പത്യവും പരാജയപ്പെട്ടിട്ടും നിസ്തുലമായ ദൈവവിശ്വാസം നിമിത്തം ബെക്കര്‍ നിരാശയിലേക്ക് നിപതിക്കാതെ നിലനിന്നു. ഒടുവില്‍ താന്‍ അതിജീവിച്ച അഗ്നിപരീക്ഷണങ്ങളുടെ ആഴവും പരപ്പും കണ്ട് ബെക്കര്‍ അത്ഭുതം കൂറുന്നിടത്താണ് അനിതരസാധാരണമായ ജീവിതാനുഭവങ്ങള്‍ താണ്ഡവമാടുന്ന ഈ ആത്മകഥാഖ്യായികയുടെ തിരശ്ശീല താഴുന്നത്.
സ്വാനുഭവങ്ങള്‍ കൈയും കണക്കുമില്ലാതെ കടലാസിലേക്ക് വാരിവിതറുക എന്ന ആത്മകഥനത്തിന്റെ നടപ്പുരീതിയില്‍നിന്നും അകന്നുനിന്ന് താന്‍ സന്ദര്‍ശിച്ച കാനഡ, ഇറ്റലി, ബോസ്‌നിയ, ബ്രസീല്‍, അയര്‍ലണ്ട്, ഈജിപ്ത്, തുര്‍ക്കി, മൊറോക്കോ, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ചരിത്രവും സംസ്‌കാരവും ജനങ്ങളുടെ സാമൂഹിക ജീവിതവും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ ബെക്കര്‍ ബദ്ധശ്രദ്ധ ചെലുത്തുന്നുണ്ട്. അയര്‍ലണ്ട് സന്ദര്‍ശനത്തിനിടയിലുണ്ടായ, ക്ഷമാപണം ചെയ്തും ബെക്കറിനെ വഞ്ചിച്ച ശിക്ഷയെന്നോണം തന്റെ ദാമ്പത്യജീവിതം തകര്‍ന്നുവെന്നറിയിച്ചുമുള്ള ഇംറാന്റെ ഫോണ്‍വിളി നാമമാത്രമായ ഖണ്ഡികകളിലൊതുക്കിയ ബെക്കര്‍ ബോസ്‌നിയയില്‍ സൂഫിസത്തിനുള്ള സ്വാധീനത്തെക്കുറിച്ചും അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഭീതിദമായ അനന്തരഫലങ്ങളെക്കുറിച്ചും പറയുമ്പോള്‍ വാക്കുകള്‍ കോരിയൊഴിക്കുന്നു. ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയ യുസുഫ് ഇസ്‌ലാം എന്ന് പേര് സ്വീകരിച്ച പ്രസിദ്ധ പോപ്പ് ഗായകന്‍ കാറ്റ് സ്റ്റീവന്‍സ്, തന്റെ ആത്മീയഗുരു ഗായ് ഈറ്റണ്‍, ഇംറാന്‍ കൈയൊഴിഞ്ഞപ്പോള്‍ തനിക്ക് തണല്‍വിരിച്ച ഡോ.ആമിനയെന്ന ആനി കോക്‌സണ്‍, ഇസ്‌ലാമാശ്ലേഷണാനന്തരം നമസ്‌കാരവും മറ്റ് കര്‍മങ്ങളും അല്‍പാല്‍പമായഭ്യസിച്ചു തുടങ്ങിയാല്‍ മതിയെന്നുപദേശിച്ച ശൈഖ് നാസിം, ഇസ്‌ലാമിനെ സംബന്ധിച്ച് തനിക്കുള്ള സംശങ്ങള്‍ ദുരീകരിച്ച ഡോ. മുസ്തഫ സെര്‍ച്ച്, മയക്കുമരുന്നുകളുടെ ചുഴികളില്‍നിന്ന് മതജീവിതത്തിന്റെ കരയിലേക്ക് നീന്തിരക്ഷപ്പെട്ട അബ്ദുല്ലാശ്ശെഫറു തുടങ്ങിയ അനേകം വ്യക്തികളെ തന്റെ ആത്മകഥയെ അപരന്റെയും കഥയാക്കി മാറ്റി.
ബഹുഭാര്യത്വത്തെയും ഭീകരവാദത്തെയും ഇസ്‌ലാം കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നു എന്ന് മുദ്രാവാക്യം വിളിച്ചു നടക്കുന്നവര്‍ക്ക് മൂക്കുകയറിടുന്നു എന്നതാണ് 'ഫ്രം എം.ടി.വി റ്റു മക്ക'യുടെ മറ്റൊരു സവിശേഷത. കര്‍ശനമായ ചില വ്യവസ്ഥകള്‍ക്കു വിധേയമായി മാത്രമേ ഖുര്‍ആന്‍ ബഹുഭാര്യത്വം അനുവദിക്കുന്നുള്ളൂ എന്ന് ഞാന്‍ കണ്ടെത്തി. ആധുനികരായ പല പണ്ഡിതന്മാരും ഖുര്‍ആന്‍ യഥാര്‍ഥത്തില്‍ ഏകഭാര്യത്വമാണ് പ്രോത്സാഹിപ്പിക്കുന്നത് എന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത് എന്ന് ഞാന്‍ കണ്ടെത്തി (പേജ് 200). ''അപ്പോള്‍ ഉസാമ ബിന്‍ലാദന്‍ യു.എസില്‍ ജിഹാദിനാഹ്വാനം ചെയ്തത് ശരീഅത്ത് വിരുദ്ധമാണെന്നല്ലേ അര്‍ഥം?''ഞാന്‍ ചോദിച്ചു. ''വളരെ തീര്‍ച്ച;'' അദ്ദേഹം (ഗായ് ഈറ്റണ്‍) പ്രതികരിച്ചു. (പേജ് 324-325) തുടങ്ങിയ ഭാഗങ്ങളില്‍ യഥാര്‍ഥ ഇസ്‌ലാം അന്തപുരത്തില്‍ നിന്നിറങ്ങി അങ്കണത്തിലേക്ക് നടന്നുവരുന്നത് ഞാന്‍ കാണുന്നു.
'ചില പുസ്തകങ്ങള്‍ വെറുതെയൊന്ന് രുചിച്ചുനോക്കിയാല്‍ മതി. മറ്റു ചില പുസ്തകങ്ങള്‍ വിഴുങ്ങണം. വേറെ ചില പുസ്തകങ്ങളാവട്ടെ ചവച്ചരക്കുകയും ദഹിപ്പിക്കുകയും വേണം.' എന്നു പറഞ്ഞത് ഫ്രാന്‍സിസ് ബേക്കണ്‍ ആണ്. മതപരിവര്‍ത്തനം മനുഷ്യജീവിതത്തില്‍ മുദ്രിതമാക്കുന്ന സമൂലമാറ്റങ്ങള്‍ ഇതള്‍വിരിയുന്ന 'ഫ്രം എം.ടി.വി റ്റു മക്ക'യല്ലെങ്കില്‍ പിന്നേത് പുസ്തകമാണ് നാം ചവച്ചരച്ച് ദഹിപ്പിക്കേണ്ടത്? പ്രിയരേ... ജീവിതത്തിന്റെ നിറതിരി നേര്‍ത്ത് നേര്‍ത്തണയും മുമ്പ് ദയവായി 'ഫ്രം എം.ടി.വി റ്റു മക്ക' വായിക്കുക.. ഒരൊറ്റ തവണയെങ്കിലും.