വനിതാ വാര്‍ഡ്
പെണ്ണന്വേഷിച്ച് വന്നതാണെന്ന് വ്യക്തമായിരുന്നു. അതിനാല്‍ കസേരയിട്ട് മൂവരോടും ഇരിക്കാന്‍ പറഞ്ഞു.
ഒരാളുടെ കൈയില്‍ ഒരു ചെറിയ ഹാന്‍ഡ്ബാഗ്; മറ്റേ കൈയില്‍ കുട. ബ്രോക്കറായിരിക്കും.
'ങ്ങളും ഇരിക്കീന്‍'' എന്ന് അയാള്‍ പറഞ്ഞപ്പോള്‍ കുഞ്ഞിപ്പോക്കര്‍ തിരിച്ചു ചോദിച്ചു: 'പാര്‍ട്ടി ഏതാ?''
'അത് ചോദിക്കാനുണ്ടോ? നമ്മളൊക്കെത്തന്നെ.'' ബ്രോക്കര്‍ എന്തോ ബാഗില്‍ തപ്പുന്നുണ്ട്.
പെണ്ണന്വേഷിച്ച് വന്നതാണെന്ന് വ്യക്തമായിരുന്നു. അതിനാല്‍ കസേരയിട്ട് മൂവരോടും ഇരിക്കാന്‍ പറഞ്ഞു.
ഒരാളുടെ കൈയില്‍ ഒരു ചെറിയ ഹാന്‍ഡ്ബാഗ്; മറ്റേ കൈയില്‍ കുട. ബ്രോക്കറായിരിക്കും.
'ങ്ങളും ഇരിക്കീന്‍'' എന്ന് അയാള്‍ പറഞ്ഞപ്പോള്‍ കുഞ്ഞിപ്പോക്കര്‍ തിരിച്ചു ചോദിച്ചു: 'പാര്‍ട്ടി ഏതാ?''
'അത് ചോദിക്കാനുണ്ടോ? നമ്മളൊക്കെത്തന്നെ.'' ബ്രോക്കര്‍ എന്തോ ബാഗില്‍ തപ്പുന്നുണ്ട്.
കുഞ്ഞിപ്പോക്കര്‍ ചോദ്യമൊന്ന് മാറ്റിച്ചോദിച്ചു: 'എവിടുന്നാ?'' കൂട്ടത്തില്‍ കാരണവരെപ്പോലെ തോന്നിച്ചയാള്‍ ഒന്ന് ചിരിച്ചു. ചിരി രണ്ടുതരമുണ്ടെന്നറിയാമല്ലോ. ഒന്ന് ചിരി. മറ്റേത്, ഇതുപോലുമറിയില്ലേ എന്ന പരിഹാസം. ഇത് രണ്ടാമത്തെ ഇനമാണ്.
മൂന്നാമന്‍ കണ്ണട നേരെയാക്കി ചോദിച്ചു: 'മോള്‍ക്കിപ്പോള്‍ എത്രവയസ്സായി.'
'ഇരുപത്തൊന്ന് കഴിഞ്ഞു.''
'ശരി. കുഴപ്പമില്ല. ഒക്കും.''
കുഞ്ഞിപ്പോക്കര്‍ അകത്തേക്ക് നോക്കി ചായക്ക് ആംഗ്യം കാട്ടി. എന്നിട്ട് ചോദിച്ചു: 'കാര്യമെന്താന്ന് പറഞ്ഞില്ല?'
'പെണ്ണന്വേഷിച്ചു വന്നതാ.'' കാരണവര്‍ വ്യക്തമാക്കി. താന്‍ വിചാരിച്ചതു തന്നെയെന്ന് കുഞ്ഞിപ്പോക്കര്‍ സ്വയം അഭിനന്ദിക്കുകയും ചെയ്തു.
ബ്രോക്കര്‍ ബാഗില്‍നിന്ന് ഒരു ഫോറമെടുത്ത് നീട്ടി. 'ഇതൊന്ന് പൂരിപ്പിച്ചു തരാന്‍ മോളോടു പറയണം.''
കുഞ്ഞിപ്പോക്കര്‍ അന്തിച്ചു നിന്നു. കല്യാണമാലോചിക്കുമ്പോള്‍ ഫോറം പൂരിപ്പിച്ചു കൊടുക്കണോ? 'ചെറുക്കനേതാ?'' അയാള്‍ ചോദിച്ചു.
'ചെറുക്കനോ? ഇത് വനിതാവാര്‍ഡല്ലേ? പറഞ്ഞില്ലേ, ഞങ്ങള്‍ പെണ്ണന്വേഷിച്ച് വന്നതാ. സ്ഥാനാര്‍ഥിയാകാന്‍ ആളെ കിട്ടാനില്ല. അവസാനം പാര്‍ട്ടി തീരുമാനിച്ചത് കുഞ്ഞിപ്പോക്കറെ മോളെ നിര്‍ത്താനാ.''
കുഞ്ഞിപ്പോക്കര്‍ അകത്തേക്ക് വീണ്ടും ആംഗ്യം കാട്ടി. ഒന്നും വേണ്ട എന്ന്. അപ്പോള്‍, വിചാരിച്ചതു തന്നെ കാര്യം - ഇവര്‍ പെണ്ണന്വേഷിച്ചു വന്നതു തന്നെ.
ഓര്‍ക്കാപുറത്ത്, വെറും വയറ്റില്‍, ഇത്തരമൊരു വെളിപാട് മുന്നില്‍ വന്നുപൊട്ടുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്നതിന് കൃത്യമായ ചട്ടങ്ങളൊന്നും ആരും എഴുതി വെച്ചിട്ടില്ല. ചിലര്‍ വാപൊളിച്ചിരിക്കും. വേറെ ചിലര്‍ക്ക് കണ്ണുതള്ളും. ഇനിയും ചിലര്‍ ഞെട്ടിത്തരിച്ച് രണ്ടടി പിറകോട്ട് നീങ്ങും. കുഞ്ഞിപ്പോക്കര്‍ മൂന്നും ഒരുമിച്ച് ചെയ്തു.
'അറിയാലോ, നമ്മുടെ വാര്‍ഡ് വനിതാസംവരണമാണ്. സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അന്വേഷിച്ച് മടുത്തു.''
വലയില്‍ കുടുങ്ങിയ മീന്‍ എന്നതൊരു പ്രയോഗമാണ്. ആ സമയത്ത് അത്തരമൊരു മീനിനെ നേരിട്ട് കണ്ടിരുന്നെങ്കില്‍ കുഞ്ഞിപ്പോക്കര്‍ ഷേക്ക്ഹാന്‍ഡ് ചെയ്ത് പറഞ്ഞേനേ - സുഹൃത്തേ, താങ്കളുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു.
ഒരു പിടച്ചിലോടെ കുഞ്ഞിപ്പോക്കര്‍ വലയില്‍ തട്ടിനോക്കി.
'അതിന് അവളോട് ചോദിക്കണ്ടേ?''
ഇതൊന്നും ആരും ചോദിക്കാറില്ല. അതറിയില്ലേ?
'പക്ഷേ, അവള് പഠിക്ക്യല്ലേ?''
പഠിക്കുന്നവരെയാണ് വേണ്ടത്. കോളജ്‌മേറ്റ്‌സിന്റെ വോട്ടും കിട്ടും.''
'അവള്‍ക്ക് ഇതൊന്നും പരിചയമില്ല.''
- ഇങ്ങനെയൊക്കെയല്ലേ പരിചയിക്കുന്നത്.
'വോട്ടുപിടിച്ചു നടക്കാനൊന്നും അവള്‍ക്ക് ഒഴിവു കിട്ടില്ല, പരീക്ഷയാ വരുന്നത്.'
-ഈ ഫോറം ഒപ്പിട്ടു തന്നാ മാത്രം മതി. ബാക്കിയൊക്കെ ചെയ്യാനല്ലേ ഞങ്ങള്‍.
'ജയിക്കുമോ?'' കുഞ്ഞിപ്പോക്കര്‍ വാലിട്ടടിക്കുമ്പോലെ അവസാനചോദ്യം വിട്ടു.
- ഒറപ്പല്ലേ? നൂറുശതമാനം.
'എന്നാ പറ്റില്ല. തോല്‍ക്കൂന്ന് ഒറപ്പുണ്ടെങ്കി നിര്‍ത്താം.'
ബ്രോക്കര്‍ അതുകേട്ട് വാപൊളിച്ചു. കാരണവര്‍ക്ക് കണ്ണുതള്ളി. മൂന്നാമന്‍ ഞെട്ടിത്തരിച്ച് രണ്ടടി പിറകോട്ടു നീങ്ങി.
കാരണവര്‍ ഒന്ന് തൊണ്ടയനക്കി.
-സത്യം പറഞ്ഞാല്‍ നൂറുശതമാനം ഒറപ്പില്ല. ഒരു എഴുപതു ശതമാനമേ വരൂ.
അത്രത്തോളം ഒറപ്പുണ്ടെങ്കില്‍ പറ്റില്ല എന്നായി കുഞ്ഞിപ്പോക്കര്‍.
-അറുപതുശതമാനമായാലോ?
'പറ്റില്ല.''
അന്‍പത്?
'പറ്റില്ല.''
നമുക്ക് ഒരു ഇരുപതുശതമാനത്തില്‍ ഉറപ്പിക്കാം. മോളെ വിളിക്ക്. ഇവിടെ ഒപ്പിടണം.
നിസ്സഹായനായി കുഞ്ഞിപ്പോക്കര്‍ നില്‍ക്കുമ്പോഴാണ് ഭാര്യ അകത്തുനിന്ന് പറയുന്നത് - അതിന് അവളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടില്ലല്ലോ.
കാരണവര്‍ വിട്ടില്ല - അതൊക്കെ ഞങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അവളെ ഇങ്ങോട്ട് വിളിക്കെന്റെ കുഞ്ഞിപ്പോക്കറേ.
പെണ്ണിനെ അവര്‍ക്ക് ഇഷ്ടപ്പെട്ടു. കുഞ്ഞിപ്പോക്കറുടെ മകള്‍ സ്ഥാനാര്‍ഥിയായി. ഫലപ്രഖ്യാപനത്തിന്റെ രണ്ടാം നാളായിരുന്നു പരീക്ഷ. ജയിക്കേണ്ടിയിരുന്നിടത്ത് തോറ്റു. തോല്‍ക്കേണ്ടത് ജയിച്ചു.
പട്ടിപിടുത്തക്കാര്‍ക്ക് കോടതിയുടെയും മറ്റും നിയന്ത്രണമുണ്ട്. സ്ഥാനാര്‍ഥിപ്പിടുത്തക്കാര്‍ക്ക് അതൊന്നുമില്ല. അവരില്‍നിന്ന് നിരായുധരും പാവങ്ങളുമായ പെണ്‍കുട്ടികളെ രക്ഷിക്കുന്നതെങ്ങനെയെന്ന ചിന്തയിലാണ് ഒരു മനുഷ്യാവകാശപ്രവര്‍ത്തകന്‍ പുതിയ പുസ്തകമെഴുതിയത്. 'സ്ഥാനാര്‍ഥിപ്പിടുത്തക്കാരെ മാറി നടക്കാന്‍ 20 സൂത്രങ്ങള്‍'' എന്ന പുസ്തകം. ഉടനെ പുറത്തിറങ്ങും.
കട്ടിലിനടിയില്‍ ഒളിക്കുന്നത് പ്രയോഗികമല്ലെന്നാണ് ഗ്രന്ഥകാരന്റെ സുചിന്തിതമായ അഭിപ്രായം. സ്ഥാനാര്‍ഥിപ്പിടിത്തക്കാര്‍ ഈ സാധ്യത മുന്‍കൂട്ടിക്കണ്ട് വനിതാ പ്രവര്‍ത്തകരെ ഒപ്പം കൂട്ടാറുണ്ട്. കുശലാന്വേഷണത്തിനെന്നു പറഞ്ഞ് അവര്‍ അകത്തേക്ക് പോകുന്നത് കട്ടില്‍ ചുവടും വാതില്‍ വിരിപ്പുറവും വര്‍ക്ക് ഏരിയയിലെ മറയും നോക്കാനാണത്രെ.
ടോയ്‌ലറ്റിലൊളിക്കുന്നതും സുരക്ഷിതമല്ലെന്നാണ് വിദഗ്ധന്റെ മതം. വീട്ടില്‍ വരുന്ന പാര്‍ട്ടിക്കാര്‍ 'ബാത്ത്‌റൂം എവിടെ?'' എന്ന് ചോദിക്കുന്ന സംഭവങ്ങള്‍ കൂടിവരുന്നതായി സ്ഥിതിവിവരക്കണക്കുണ്ട്.
വിദഗ്ധന്റെ ഒരു ഉപദേശം, സ്വയം അയോഗ്യത സമ്പാദിക്കുക എന്നതാണ്. ഏതെങ്കിലും വാര്‍ഡില്‍ ഏതെങ്കിലും സ്ഥാനാര്‍ഥിയുടെ നിര്‍ദേശകയാവുക. അതോടെ സ്ഥാനാര്‍ഥിയാകാന്‍ പറ്റാതാകും.
സ്ഥാനാര്‍ഥിപ്പിടിത്തക്കാര്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്ത ഉപാധിവെക്കുകയാണ് മറ്റൊരു പോംവഴി. ജയിച്ചാല്‍ പ്രസിഡന്റാക്കണമെന്നാവശ്യപ്പെടാം. ആ കസേര കണ്ടുവെച്ചവര്‍ വന്നവരുടെ കൂട്ടത്തിലുണ്ടാകുമെന്നതിനാല്‍ അവര്‍ എത്രയും വേഗം സഥലം വിടാനാണ് സാധ്യത.
കൂടുതല്‍ സൂത്രങ്ങള്‍ പുസ്തകത്തിലുണ്ട്. ഇറങ്ങുമ്പോഴേക്ക് വിറ്റുതീരാന്‍ ഇടയുള്ളതിനാല്‍ പ്രീപബ്ലിക്കേഷന്‍ ബുക്കിങ് ചെയ്യുന്നത് നന്നായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രതീക്ഷിക്കുക.
വേറെയും ഇലക്ഷന്‍ ഗ്രന്ഥങ്ങള്‍ ഞങ്ങള്‍ ഇറക്കുന്നുണ്ട്. ജയമുറപ്പിച്ചിട്ടും തോറ്റുപോയവര്‍ക്കുള്ള സാന്ത്വന ചികിത്സ, തോല്‍ക്കുമെന്ന പ്രതീക്ഷയില്‍ മത്സരിക്കുകയും എന്തോ കാരണത്താല്‍ ജയിച്ചുപോവുകയും ചെയ്തവര്‍ക്കുള്ള മാനസികാഘാത കൗണ്‍സലിങ് തുടങ്ങിയവ പ്രതിപാദിക്കുന്ന പുസ്തകമാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊന്ന്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി തയാറാക്കുന്ന പുസ്തകമാണ് 'ഓപ്പന്‍ വോട്ടിന് പത്തു പോംവഴികള്‍.'' മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് രണ്ട് എക്‌സ്ട്രാ പോംവഴികള്‍ സൗജന്യം.
'വ്യാജ ഓപ്പന്‍ വോട്ട് കണ്ടെത്താനും തടയാനും പത്ത് പോംവഴികള്‍'' എന്ന ഗ്രന്ഥം പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്കുള്ളതാണ്. 'ബൂത്ത് ഏജന്റുമാരുടെ രോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ അഞ്ചുമാര്‍ഗങ്ങള്‍'' എന്ന ലഘുലേഖ അതോടൊപ്പം സൗജന്യമായി നല്‍കും. വ്യാജ ഓപ്പന്‍ വോട്ട് കണ്ടെത്തിയാലും തടയാതിരിക്കുക എന്നതടക്കം പ്രായോഗികമായ ഏതാനും നിര്‍ദേശങ്ങളാണ് അതിലുണ്ടാവുക.