അധികാരം വഴങ്ങുന്ന പെണ്ണുങ്ങള്‍
ശശികുമാര്‍ ചേളന്നൂര്‍
2015 ഡിസംബര്‍
ജനാധിപത്യരാഷ്ട്രമായ ഇന്ത്യയില്‍ ഭരണകൂടനിര്‍മാണത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പങ്കാളിത്തം ഒഴിച്ചുകൂടാനാവാത്തതാണ്.
അധികാരം ജനങ്ങളിലേക്ക് എന്നതാണ് മുദ്രാവാക്യം.
ജനാധിപത്യരാഷ്ട്രമായ ഇന്ത്യയില്‍ ഭരണകൂടനിര്‍മാണത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പങ്കാളിത്തം ഒഴിച്ചുകൂടാനാവാത്തതാണ്.
അധികാരം ജനങ്ങളിലേക്ക് എന്നതാണ് മുദ്രാവാക്യം. എന്നാല്‍ അധികാരം മുകളില്‍നിന്ന് താഴേക്ക് വന്ന് എന്നില്‍ നില്‍ക്കണം എന്ന കാഴ്ചപ്പാടാണ് പലര്‍ക്കും. ഏതാനും ചില ആളുകളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന അധികാരം ജനങ്ങളിലേക്ക് വികേന്ദ്രീകരിക്കപ്പെടുമ്പോള്‍ മാത്രമേ ജനാധിപത്യം എന്ന വാക്ക് അര്‍ഥസമ്പുഷ്ടമാവുകയുള്ളൂ.
അധികാര വികേന്ദ്രീകരണത്തിന് ഉത്തമമാതൃകയാണ് രാഷ്ട്രപിതാവ് വിഭാവനം ചെയ്ത ഗ്രാമസ്വരാജ്. ഗാന്ധിജിയുടെ സ്വപ്‌നസാക്ഷാല്‍ക്കാരത്തിന് സ്വാതന്ത്ര്യലബ്ധി പിന്നിട്ട് അര നൂറ്റാണ്ട് കഴിയേണ്ടിവന്നുവെന്നത് വിധിവൈപരീത്യം. നിരവധി പ്രതികൂല ഘടകങ്ങളെ തരണം ചെയ്താണ് 1994-ല്‍ പഞ്ചായത്തീരാജ് നിയമം ഇന്ത്യയില്‍ നടപ്പിലാക്കിയത്. ഈ നിയമം ഫലപ്രദമായി നടപ്പാക്കുന്നതില്‍ കേരളം വിജയിച്ചുവെന്നത് നമുക്ക് അഭിമാനിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വനിതാസംവരണം ഏര്‍പ്പെടുത്തിയതും കേരളം കൈകൊള്ളുന്ന സ്ത്രീപക്ഷ സമീപനത്തിന്റെ ഉദാത്തമാതൃകളാണ്.
വനിതാ സംവരണം ആദ്യഘട്ടത്തില്‍ ഒരു വെല്ലുവിളിയായി മാറി പല രാഷ്ട്രീയപാര്‍ട്ടികള്‍ക്കും. മത്സരിക്കാന്‍ പ്രാപ്തയായ സ്ത്രീകളെ കിട്ടാതെ പലരും വലഞ്ഞു. സ്ഥാനാര്‍ഥികളെ കിട്ടാതെ വന്നപ്പോള്‍ ഭാര്യയേയും സഹോദരിമാരെയും തിരഞ്ഞെടുപ്പ് ഗോദയിലേക്കിറക്കേണ്ടി വന്നു. പിന്‍സീറ്റ് ഡ്രൈവിംഗായിരുന്നു ഭൂരിഭാഗസ്ഥലത്തും. ഇതിനു പ്രധാന കാരണം ജാഥക്കും ഘോഷയാത്രക്കും ആളെ കൂട്ടാനല്ലാതെ സ്ത്രീകളെ നേതൃസ്ഥാനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പുരുഷമേധാവിത്വമുള്ള രാഷ്ട്രീയപാര്‍ട്ടിക്കാര്‍ തയ്യാറായിരുന്നില്ല എന്നതാണ്. സ്ത്രീവിമോചനം ഉദ്‌ഘോഷിക്കുന്ന ഇടതുപാര്‍ട്ടികള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും പുരുഷകേന്ദ്രീകൃത നയം തുടരാനാണ് താല്‍പര്യം.
എന്നാല്‍ കുടുംബശ്രീ പ്രസ്ഥാനം കേരളത്തില്‍ വേരുപിടിച്ചതോടെ സ്ഥിതിയാകെ മാറി. സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരങ്ങളായി. കഴിവുകള്‍ തിരിച്ചറിഞ്ഞു. സ്ത്രീശാക്തീകരണത്തിന് മുഖ്യകാരണമാകുന്ന വരുമാനം സ്വയം തൊഴിലിലൂടെയും മറ്റും നേടാനായതോടെ സ്ത്രീ ശക്തിപ്രാപിച്ചു. സ്വന്തം കാലില്‍ നില്‍ക്കാനായി. അറിവുകള്‍ നേടുന്നതിലും കഴിവ് തെളിയിക്കുന്ന കാര്യത്തിലും ബഹുദൂരം മുന്നോട്ടുപോയി. അറിവും തിരിച്ചറിവും കോര്‍ത്തിണക്കി പ്രതികരിക്കാനുമവള്‍ തയ്യാറായി. ജനസംഖ്യയില്‍ ഭൂരിപക്ഷമായ സ്ത്രീകളെ ഇനി എഴുതിത്തളളാനാവില്ലെന്ന് പുരുഷപ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞു. കാലങ്ങളായി അടച്ചിട്ട അവസരങ്ങളുടെ കോട്ടവാതിലുകള്‍ പതുക്കെ പതുക്കെ സ്ത്രീക്കുമുന്നില്‍ തുറക്കപ്പെട്ടു. ചിലതെല്ലാം തള്ളിത്തുറന്നു. 33 ശതമാനം സംവരണമെന്നത് 50 ശതമാനമായി ഉയര്‍ത്തിയതോടെ പ്രാദേശിക ഭരണകൂടത്തില്‍ സ്ത്രീകള്‍ തലയെടുപ്പുള്ളവരായി മാറി. സംവരണസീറ്റില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ ചങ്കൂറ്റം കാണിക്കുന്ന, വാശിപിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. 21865 വാര്‍ഡ് ഡിവിഷനുകളാണ് കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ആകെയുള്ളത്. ഇതില്‍ 38268 സീറ്റുകളിലേക്ക് സ്ത്രീകള്‍ മത്സരിച്ചപ്പോള്‍ 37281 സീറ്റുകളിലേക്ക് മത്സരിക്കാനേ പുരുഷന്മാര്‍ക്കായുള്ളൂ. 50 ശതമാനമാണ് സംവരണം. എന്നാല്‍ ജയിച്ചവരുടെ കണക്കെടുത്തപ്പോള്‍ 54 ശതമാനവും വനിതകളാണ്.
സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഈ തെരഞ്ഞെടുപ്പെന്ന് കോട്ടയം നഗരസഭ ഒമ്പതാം വാര്‍ഡില്‍ നിന്നു ജയിച്ച പി.ആര്‍ സോന പറയുന്നു. മന്നാനം കെ.ഇ.കോളേജില്‍ ഗസറ്റ് അധ്യാപികയായിരിക്കെയാണ് സോനക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിളിവരുന്നത്. വീട്ടുകാരും നാട്ടുകാരും നിര്‍ബന്ധിച്ചപ്പോള്‍ മലയാളം പി.എച്ച്.ഡി ബിരുദധാരിയായ സോന കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ കന്നിയങ്കത്തിനിറങ്ങി വിജയിച്ചു.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഇന്ന് ധാരാളം സ്ത്രീകളുണ്ട്. അതുകൊണ്ടുതന്നെ വനിതാസ്ഥാനാര്‍ഥികളെ കിട്ടാന്‍ ഒരു പ്രയാസവുമില്ല. ഇടിച്ചുകയറി മത്സരിക്കാന്‍ വരെ സ്ത്രീകള്‍ തയ്യാറാണ്. ഒരു ജനപ്രതിനിധിയെ സംബന്ധിച്ചിടത്തോളം പ്രായവും വിദ്യഭ്യാസവും മാത്രമല്ല പ്രധാനം. മനുഷ്യത്വവും വേണം. ആത്മാര്‍ഥമായും സത്യസന്ധമായും ജനസേവനം നടത്താനുള്ള മനസ്സുണ്ടാവണം. ജനങ്ങള്‍ക്കുവേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയണം. സ്ത്രീക്ക് ഇതിനു കൂടുതല്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. സോന പറയുന്നു.
'സ്ത്രീകള്‍ അബലകളല്ല. നന്മയുടെ പക്ഷത്ത് കൂടുതല്‍ നില്‍ക്കാന്‍ സ്ത്രീകള്‍ക്കാണ് കഴിയുക''യെന്ന് പാലക്കാട് മുന്‍സിപ്പാലിറ്റി വെണ്ണക്കര സൗത്ത് ഡിവിഷനില്‍ നിന്നും വെല്‍ഫെയര്‍പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ജയിച്ച സൗര്യത്ത് സുലൈമാന്‍ പറയുന്നു. കന്നിയങ്കത്തിലൂടെ സംസ്ഥാനത്ത് വെല്‍ഫെയര്‍പാര്‍ട്ടിയുടെ ഏറ്റവും ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥി എന്ന തങ്കത്തിളക്കം സൗര്യത്ത് നേടിക്കഴിഞ്ഞു.
എവിടെ നോക്കിയാലും സ്ത്രീകളാണ് എല്ലാ പ്രശ്‌നങ്ങളും നേരിടുന്നത്. അത് പരിഹരിക്കാതെ നാടിന് വികസനമുണ്ടാകില്ല. യഥാര്‍ഥ സ്ത്രീശാക്തീകരണം നടപ്പാവണമെങ്കില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടി ജോലി കരസ്ഥമാക്കണം. വിദ്യഭ്യാസം നേടുന്നതോടെ പൊതുസമൂഹത്തില്‍ ഇറങ്ങാന്‍ സ്ത്രീകള്‍ക്ക് മടിയുണ്ടാകില്ല. കാര്യപ്രാപ്തിയുള്ള സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ രാഷ്ട്രീയനേതൃത്വവും തയ്യാറാകും എന്നതാണ് എന്റെ വിശ്വാസം. വികസനപ്രവര്‍ത്തനങ്ങളില്‍ എന്റെ വാര്‍ഡിനെ മാതൃകാവാര്‍ഡാക്കി മാറ്റുകയെന്നതാണ് ലക്ഷ്യം.
ഈ തെരഞ്ഞെടുപ്പില്‍ ധാരാളം സ്ത്രീകള്‍ ജനറല്‍ സീറ്റില്‍ മത്സരിച്ചിട്ടുണ്ട്. ഏറെപേരും വിജയിച്ചിട്ടുമുണ്ട്. ഇത് തെളിയിക്കുന്നത് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സ്ത്രീകള്‍ക്കാണ് ഇടപെടാന്‍ കഴിയുകയെന്നതാണെന്ന് കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലേക്ക് ജനറല്‍സീറ്റില്‍ നിന്നും വിജയിച്ച ടി.കെ.സുമയ്യ പറയുന്നു.
ഇത് രണ്ടാമങ്കമാണ്. കഴിഞ്ഞ തവണ 23-ാം വയസ്സില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി ഇതേവാര്‍ഡില്‍ സംവരണസീറ്റില്‍ മത്സരിച്ചു. 33 വോട്ടായിരുന്നു ഭൂരിപക്ഷം. വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടിയും ജനങ്ങളും ആവശ്യപ്പെട്ടു. ഭൂരിപക്ഷം 235 ആയി വര്‍ധിച്ചു. ജനറല്‍ സീറ്റില്‍ മത്സരിച്ച സ്ത്രീക്കുള്ള ജനങ്ങളുടെ അംഗീകാരം. പുരുഷന്മാരെക്കാളേറെ ജനങ്ങള്‍ക്ക് സ്ത്രീകളിലാണ് വിശ്വാസം. ഇതൊരു സ്ത്രീമുന്നേറ്റമായി കാണാവുന്നതാണ്. ഇതിനുപ്രധാന കാരണം കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വളര്‍ച്ച തന്നെയാണ്. സ്ത്രീകള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചതോടെ കഴിവുകള്‍ തെളിയിക്കാന്‍ സാധിച്ചു. സ്ത്രീവിദ്യഭ്യാസം വര്‍ധിച്ചതും മറ്റൊരു കാരണമാണ്. വിദ്യാഭ്യാസമുള്ള പെണ്‍കുട്ടിക്ക് അനുയോജ്യനായ പുരുഷനെ കിട്ടാത്ത അവസ്ഥയാണുള്ളത്. നിയമസഭയിലും ലോകസഭയിലും സ്ത്രീപ്രാധിനിധ്യം കുറവാണ്. ഇത് പരിഹരിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയ നേതൃത്വങ്ങളില്‍ വനിതകള്‍ വന്നാലേ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂ. അതും സാധ്യമാകുമെന്നു തന്നെയാണ് എന്റെ വിശ്വാസം. സുമയ്യയുടെ വാക്കുകളില്‍ പ്രതീക്ഷയുടെ തിരിനാളം.
സ്ത്രീകളെ പൊതുരംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ വെല്‍ഫെയര്‍പാര്‍ട്ടി മുന്നിലാണെന്ന് വളപട്ടണം പഞ്ചായത്ത് കോട്ടഭാഗം നാലാംവാര്‍ഡില്‍ നിന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി വിജയിച്ച എ.ടി.സമീറ പറയുന്നു.
കഴിഞ്ഞതവണ ജനകീയമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. പരാജയം തളര്‍ത്തിയില്ല, ഈ പൊതുപ്രവര്‍ത്തകയെ. തന്റെ കര്‍മപദത്തില്‍ സജീവമായിരുന്നു ഇവര്‍. കണ്ണൂര്‍ജില്ലാ ജമാഅത്ത് ഇസ്‌ലാമി വനിതാവിഭാഗം ജില്ലാപ്രസിഡന്റ്, മദ്യനിരോധനസമിതി ജില്ലാ വൈസ്പ്രസിഡന്റ്, പെയിന്‍ ആന്റ് പാലിയേറ്റീവ് എ്ന്നീ പ്രവര്‍ത്തനങ്ങളില്‍ ശോഭിച്ച സമീറയെ ജനങ്ങള്‍ അധികാര കസേരയിലേറ്റി.
കുടുംബം ഭരിക്കുന്ന സ്ത്രീക്ക് നാട് ഭരിക്കാന്‍ സാധിക്കും. മുമ്പ് അതിന് അവസരങ്ങളുണ്ടായിരുന്നില്ല. ഇപ്പോള്‍ അവസരം ലഭിച്ചപ്പോള്‍ അവള്‍ കഴിവ് തെളിക്കുകയാണ്. അധികാരം ഒരിക്കലും സ്ത്രീകളെ ദുഷിപ്പിക്കില്ല എന്നാണെന്റെ വിശ്വാസം. ഗ്രാമങ്ങളില്‍ അധികവും ചര്‍ച്ച ചെയ്യപ്പെടുന്നത് സ്ത്രീകളുടെ പ്രയത്‌നങ്ങളാണ്. അതുകൊണ്ട് തന്നെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കൂടുതല്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത് സ്ത്രീകള്‍ക്കാണ്. പാര്‍ട്ടിക്കതീതമായി സ്ത്രീകള്‍ ചിന്തിക്കുന്നുവെന്നതും പ്രധാനമാണ്. പൊതുസമൂഹത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം രാഷ്ട്രപുരോഗതിക്ക് ഗുണം ചെയ്യും.
കഴിവുള്ള സ്ത്രീക്ക് സമൂഹത്തിന്റെ മുഖ്യധാരയിലെത്താന്‍ സംവരണത്തിന്റെ ആവശ്യമില്ലെന്നാണ് അഭിപ്രായമെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ടെമ്പിള്‍ ഡിവിഷനില്‍ നിന്നും കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ വിജയിച്ച അമൃത രാമകൃഷ്ണന്‍ പറയുന്നു.
മുന്‍മന്ത്രി എന്‍. രാമകൃഷ്ണന്‍ - ജയലക്ഷ്മി ദമ്പതികളുടെ മകളായ അമൃതക്ക് രാഷ്ട്രീയം പുത്തരിയല്ല. ഹ്യൂമന്‍ റിസോഴ്‌സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ഇവര്‍ക്ക് പിതാവായിരുന്നു രാഷ്ട്രീയ ഗുരുവും പ്രചോദനവും. അമ്മ ജയലക്ഷ്മി ടെമ്പിള്‍ വാര്‍ഡിലെ കൗണ്‍സലറും വിദ്യാഭ്യാസ ചെയര്‍പേഴ്‌സണുമായിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ മത്സരിച്ചു. വിജയം കണ്ടു.
സ്ത്രീ പല റോളുകള്‍ വഹിക്കുന്നുണ്ട്. എന്നിട്ടും അവളെ ഏല്‍പ്പിക്കുന്ന ഏതുജോലിയും ഭംഗിയായി നിര്‍വഹിക്കുന്നു. ഏതുമേഖലയിലും സ്ത്രീ ശോഭിക്കുന്നുണ്ട്. എന്നാല്‍ ഭരണതലങ്ങളില്‍ സംവരണമില്ലെങ്കില്‍ സ്ത്രീകള്‍ക്ക് കടന്നുവരാന്‍ പ്രയാസമാണ്. നിയമസഭാ-ലോകസഭ സ്ത്രീ പ്രാതിനിധ്യം തന്നെ ഉദാഹരണം. കേരളത്തിനാകെയുള്ളത് ഒരു വനിതാമന്ത്രി. രാഷ്ട്രീയ നേതൃത്വം സ്ത്രീകളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അര്‍ഹമായ പ്രാതിനിധ്യം നല്‍കുകയാണ് വേണ്ടത്. സ്ത്രീശാക്തീകരണത്തോടൊപ്പം നാടിന്റെ വികസനമാണ് എന്റെ ലക്ഷ്യം.
യുവജനങ്ങള്‍ക്കും ജനപ്രതിനിധിസഭയിലേക്ക് സംവരണം വേണമെന്ന ആവശ്യമാണ് യുവതയുടെ ഇളമുറക്കാരി സ്റ്റെഫി മുന്നോട്ട് വെക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേശവദാസപുരം ഡിവിഷനില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച സ്‌റ്റെഫി ജെ. ജോര്‍ജ്ജിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ 21 വയസ്സ് പൂര്‍ത്തിയായി നാല് ദിവസം കഴിഞ്ഞതേയുള്ളൂ. എതിര്‍സ്ഥാനാര്‍ത്ഥിയെ 47 വോട്ടിന് പരാജയപ്പെടുത്തി. തദ്ദേശ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും പ്രായം കുറഞ്ഞ കന്നിയങ്ക വിജയിയായി സ്റ്റെഫി. നെടുമങ്ങാട് മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഒന്നാം വര്‍ഷ എം.സി.എ. വിദ്യാര്‍ത്ഥിനിയാണ്.
ബിരുദ പഠനകാലത്ത് നാഷണല്‍ സര്‍വ്വീസ് സ്‌കീമില്‍ സജീവമായിരുന്നു. കൗണ്‍സലറായിരുന്ന അച്ഛനായിരുന്നു പ്രചോദനം. കോണ്‍ഗ്രസ്സിന്റെ സേവാദളില്‍ കേഡറ്റായിരുന്നു. സാമൂഹിക സേവനം പണ്ടേ ഇഷ്ടമായതിനാല്‍ രാഷ്ട്രീയ തലത്തിലെത്തിയാല്‍ പൊതുപ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാകും. കൂടുതല്‍ പേര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ എത്തിക്കാനും രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്നാണ് തന്റെ കാഴ്ചപ്പാടെന്ന് സ്റ്റെഫി പറയുന്നു.
'പൊതുപ്രവര്‍ത്തന രംഗത്തിറങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള അടിസ്ഥാനപരിശീലനം ലഭിക്കുന്നത് ക്യാമ്പസുകളില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ക്യാമ്പസ് രാഷ്ട്രീയമല്ല ക്യാമ്പസ് അക്രമരാഷ്ട്രീയമാണ് നിരോധിക്കേണ്ടത്.'' ക്യാമ്പസിലൂടെയുള്ള പരിശീലനം യുവജനങ്ങളെ രാഷ്ട്രീയ നേതൃനിരയിലേക്കുകൊണ്ടുവരാന്‍ സഹായമാകും. അര്‍ഹമായ പരിഗണനയും അവസരവും നല്‍കിയാല്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ യുവജനപങ്കാളിത്തം വര്‍ധിക്കുമെന്നാണ് അഭിപ്രായമെന്ന് സ്റ്റെഫി.
മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുല്ലയുടെ മകള്‍ മുംതാസ് സമീറ കഴിഞ്ഞ അഞ്ച് വര്‍ഷം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അനുഭവസമ്പത്തുമായാണ് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പ്രാദേശിക ഭരണകൂടത്തില്‍ വനിതാപ്രാതിനിധ്യം പോലെ നിയമസഭയിലും ലോകസഭയിലും കൂടുതല്‍ വേണ്ടതില്ലെന്ന അഭിപ്രായമാണുള്ളതെന്ന് മുംതാസ് പറയുന്നു. പുരുഷന്മാര്‍ കൊണ്ടുവരുന്ന വികസനം സ്ത്രീകള്‍ക്ക് സാധിച്ചെന്നുവരില്ല. പുരുഷന്മാര്‍ ഇടപെടുന്ന രീതിയില്‍ സ്ത്രീക്ക് ഇടപെടാന്‍ കഴിയില്ലെന്നാണെന്റെ അഭിപ്രായം.
പഞ്ചായത്തുകളില്‍ 50 ശതമാനം സംവരണം വന്നതോടെ സ്ത്രീകളുടെ കഴിവുതെളിയിക്കാന്‍ സാധിച്ചതുപോലെ നിയമസഭാ മണ്ഡലങ്ങളില്‍ സ്ത്രീകള്‍ക്ക് സംവരണം വേണമെന്നാണ് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പറുമായ റീന മുണ്ടേങ്ങാട് പറയുന്നത്.
50 ശതമാനം സംവരണം വന്നപ്പോള്‍ സ്ത്രീകളുടെ കഴിവുകള്‍ വര്‍ധിക്കുകയാണ് ചെയ്തത്. സ്ത്രീകള്‍ പിന്നോട്ട് പോയിട്ടില്ല. മുന്നോട്ടുതന്നെയാണെന്ന് സി.പി.ഐ. പ്രതിനിധി റീന പറയുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി ആലപ്പുഴ അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എച്ച്. യാസ്മിന്‍ കാല്‍നൂറ്റാണ്ടിലേറെയായി പൊതുരംഗത്തുണ്ട്. പലിശരഹിതവായ്പ, ഐ.എച്ച്.ആര്‍.ഡി. സേവന വിഭാഗം മെമ്പര്‍, പാലിയേറ്റീവ് കെയര്‍, ജിവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം.
അഴിമതിയില്‍ പുരുഷന്മാരാണ് മുന്നില്‍. സ്ത്രീകള്‍ കുറവാണെന്നാണ് യാസ്മിന്റെ അഭിപ്രായം. സാധാരണ കണ്ടുവരുന്നത് മറ്റ് പാര്‍ട്ടിക്കാര്‍ സ്ത്രീകളെ മത്സരിപ്പിച്ച് ജയിച്ചതിനുശേഷം പുരുഷന്മാര്‍ പിന്നില്‍നിന്ന് ചരട് വലിക്കുന്ന കാഴ്ചയാണ്. ഇത് തിരിച്ചറിഞ്ഞ് സ്ത്രീകള്‍ സ്വന്തം കഴിവുകള്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് സ്ത്രീമുന്നേറ്റമുണ്ടാകുന്നത്. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞില്ലെങ്കില്‍ പുരുഷമേധാവിത്വത്തോടെയുള്ള ഭരണം തന്നെയാണ് സ്ത്രീകള്‍ക്കും കഴിയുകയെന്നാണ് പറയാനുള്ളത്. സ്ത്രീകള്‍ തഴയപ്പെടുന്ന അവസ്ഥമാറണം. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്നതെന്ന് യാസ്മിന്‍ പറയുന്നു.