ചിലര്‍ ഫോണ്‍ ചെയ്താല്‍ മനസ്സിലാകില്ല. കളിക്കാന്‍ പുറത്തുപോയ ഫരീദിനോട് ഉമ്മ ജമീല ഫോണില്‍ വിളിച്ചുപറഞ്ഞത് സോഫിമോള്‍ക്ക് രണ്ട് നോട്ടുബുക്ക് വാങ്ങിക്കൊണ്ടുവരണമെന്നാണ്.
അവന്‍ കൊണ്ടുവന്നു. നോട്ടുബുക്കല്ല, ചിക്കന്‍ നൂഡ്ല്‍സ്. അത് വാങ്ങണമെന്ന് അവന്‍ കുറച്ചുദിവസമായി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഉപ്പ മൂസാക്ക സമ്മതിച്ചിട്ടില്ല. ഉമ്മ പൈസ കൊടുക്കുന്നുമില്ല.
ചിലര്‍ ഫോണ്‍ ചെയ്താല്‍ മനസ്സിലാകില്ല. കളിക്കാന്‍ പുറത്തുപോയ ഫരീദിനോട് ഉമ്മ ജമീല ഫോണില്‍ വിളിച്ചുപറഞ്ഞത് സോഫിമോള്‍ക്ക് രണ്ട് നോട്ടുബുക്ക് വാങ്ങിക്കൊണ്ടുവരണമെന്നാണ്.
അവന്‍ കൊണ്ടുവന്നു. നോട്ടുബുക്കല്ല, ചിക്കന്‍ നൂഡ്ല്‍സ്. അത് വാങ്ങണമെന്ന് അവന്‍ കുറച്ചുദിവസമായി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഉപ്പ മൂസാക്ക സമ്മതിച്ചിട്ടില്ല. ഉമ്മ പൈസ കൊടുക്കുന്നുമില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഈ ഓര്‍ഡര്‍ കിട്ടുന്നത്.
പക്ഷേ നോട്ടുബുക്ക് വാങ്ങാനല്ലേ പറഞ്ഞത്?
ഫരീദ് പറഞ്ഞു: ഞാന്‍ കേട്ടത് നൂഡ്ല്‍സ് എന്നാണ്. നോട്ടുബുക്കിന് കാശ് തന്നാല്‍ വാങ്ങിക്കൊണ്ടുവരാം. ഉള്ള കാശ് ചെലവായല്ലോ.
ചിക്കന്‍ നൂഡ്ല്‍സ് വാങ്ങാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ.
സത്യത്തില്‍ അത് ആരുടെയും കുറ്റമല്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ ചിലത് കേള്‍ക്കില്ല. വേറെ ചിലത് കേള്‍ക്കും. ഫോണിന്റെ കുഴപ്പമാണ്. ഫരീദ് തന്നെ പറഞ്ഞപോലെ ഉമ്മ നോട്ടുബുക്ക് എന്നു പറയുമ്പോള്‍ ചിക്കന്‍ നൂഡ്ല്‍സ് എന്ന് തോന്നുമത്രെ. ഏതായാലും സോഫി നോട്ടുബുക്കില്ലാതെ കോളേജില്‍ പോയി. പിന്നീട് ഫോണ്‍ വന്നു. ചാനല്‍ ചര്‍ച്ചക്കാരന്‍ പറയാറുള്ളതുപോലെ ''വ്യക്തമാണ് വിഷയം.'' സോഫിയെ പെണ്ണുകാണാന്‍ വൈകുന്നേരം വരുമെന്നാണ് അവരുദ്ദേശിച്ചത്. മൂസാക്കാക്ക് മനസ്സിലായതും അതുതന്നെ.
സോഫി മോളോട് ഒരുങ്ങാന്‍ പറഞ്ഞ് ജമീല അടുക്കളയില്‍ കയറി. വല്ല്യുമ്മയും.
ചിലര്‍ക്ക്് പണിയെടുക്കുമ്പോള്‍ വായ അടച്ചുവെക്കണം. വേറെ ചിലര്‍ക്ക് വായ തുറന്നുവെച്ചേ പണി നടക്കൂ.
വല്ല്യുമ്മ ഈ രണ്ടാം കൂട്ടത്തിലാണ്. സോഫിമോളെ കാണാന്‍ വരുന്നവര്‍ പുറപ്പെട്ടു കഴിഞ്ഞു എന്നും, മുമ്പ് ജമീലയെ കാണാനായി മൂസ വരുന്ന വഴിക്ക് കാര്‍ ബ്രേക്ക് ഡൗണായതുപോലെ നടക്കുമോ എന്നും, കാറിന്റെയൊക്കെ ടയറിനു വരെ എല്ലാം കുളമാക്കാന്‍ കഴിയുമെന്നും, നീര്‍ക്കോലി കടിച്ചാലും ഊണുമുടങ്ങുമെന്നും, നീര്‍ക്കോലിയാണോ ചേരയാണോ എന്നും, ഊണാണോ ഉറക്കമാണോ മുടക്കുകയെന്നും, ഓര്‍മയൊക്കെ പോയി എന്നും, ചായ കാച്ചാനുള്ള വെള്ളം അളന്നെടുക്കേ വല്ല്യുമ്മ പറയുന്നുണ്ടായിരുന്നു.
ആളുകള്‍ എത്താറായി. സോഫി മോള്‍ ഒരുങ്ങുന്നില്ലേ എന്ന് ജമീല.
സോഫി ഒരുങ്ങുന്നുണ്ടായിരുന്നു. വാതിലടച്ച്, തിരക്കിട്ട് പെട്ടിയിലും ഷെല്‍ഫിലുമൊക്കെ പരതുന്നു. പുസ്തകങ്ങളും ഡ്രസ്സുമൊക്കെ വാരിവലിച്ചിട്ട് തിരച്ചിലാണ്.
സോഫീ, ഒരുങ്ങിക്കഴിഞ്ഞോ,? ജമീലയുടെ ചോദ്യം അടഞ്ഞ വാതിലില്‍ തട്ടിവീണു. അവര്‍ കെയ്‌ക്കെടുത്ത് പുറത്തുവെച്ചു.
- എടാ ഫരീദേ, ഈ കെയ്ക്ക് ഒന്ന്് ശരിക്ക് മുറിച്ചുവെക്ക്. അതിനിടക്ക് വല്ല്യുമ്മക്ക് നല്ലൊരു വിഷയം കിട്ടിക്കഴിഞ്ഞരിക്കുന്നു. ചായക്ക് ഇടാന്‍ പഞ്ചസാര ഇല്ല.
പഞ്ചാര കഴിഞ്ഞൂ കഴിഞ്ഞൂന്ന് എത്ര പ്രാവശ്യം പറഞ്ഞതാ. ഒറ്റതരി ഇല്ല. പഞ്ചാരക്ക് പഞ്ചാരന്നെ വേണ്ടേ? അല്ല, അത് വേണ്ടാത്തോരുണ്ടാവും. ന്നാലും എല്ലാര്‍ക്കും ഷുഗറുണ്ടാവൂലല്ലോ. കാണാന്‍ വരണ ചെറുക്കനേതായാലും ഉണ്ടാവൂല. അല്ല, പറഞ്ഞൂടട്ടോ. ഇപ്പോ ചെറുപ്പക്കാര്‍ക്കും ഷുഗറും പ്രഷറും അല്ലേ, എടാ ഫരീദേ, ആ ബീവീന്റെ വീട്ടിലേക്ക് ഒന്ന് ഓടിച്ചെന്ന് ഒരു കപ്പ് പഞ്ചാര വാങ്ങിവാ. പഞ്ചാര കഴിഞ്ഞൂ കഴിഞ്ഞൂന്ന് എത്ര പ്രാവശ്യം പറഞ്ഞതാ...
ഫരീദ് എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ കെയ്ക്ക് മുറിക്കുന്നതിനിടെ എന്തുചെയ്യാന്‍.
അറിയില്ലേ, ഈ കെയ്ക്ക് മുറിക്കല്‍ വിചാരിക്കുന്നത്ര എളുപ്പമല്ല. കൃത്യമായ അളവെടുത്ത്, മൂര്‍ച്ചയുള്ള കത്തികൊണ്ട് തെറ്റാതെ മുറിക്കണം. മുറിച്ചത് ശരിയായോ എന്ന് പരിശോധിക്കാനായി ഒരു കഷ്ണം വായിലിട്ടുനോക്കണം. ഈ സന്ദിഗ്ധഘട്ടത്തിലാണ് വിളിവരുന്നത്.
നോക്കി കുഴപ്പമില്ല. മുറിച്ചത് ശരിയാണ്. ഇനി സൈസ് പാകമോ എന്നറിയണം. അവന്‍ ഒരു കഷ്ണം കൂടി വായിലിട്ടു. പാകമാണ്. അവന്‍ വിളികേട്ടു.
അപ്പറത്ത് പോയി കുറച്ച് പഞ്ചാര കൊണ്ടുവാടാ. പഞ്ചാര കഴിഞ്ഞൂ കഴിഞ്ഞൂന്ന് എത്രപ്രാവശ്യം പറഞ്ഞതാ. ....ടാ ആ ബീവീന്റെ വീട്ടിച്ചെന്ന് ഒരു കപ്പ് പഞ്ചാര കൊണ്ടുവാ. ഇങ്ങനെത്തന്നേണ്. തെരക്കുള്ള സമയത്താ ഓരോന്ന് കാണാണ്ടിരിക്ക്യ. ഞാന്‍ എത്രപ്രാവശ്യം പറഞ്ഞതാ പഞ്ചാര...
ഇപ്പോ നാലുപ്രാവശ്യമായി. (ജമീല എണ്ണുന്നുണ്ടായിരുന്നു.)
- സോഫീ, റെഡിയായോ എന്ന് ജമീല
- സോഫീ, റെഡിയായില്ലേ എന്ന് മൂസാക്ക
ടാ ഫരീദേ പഞ്ചാരക്ക് പോയില്ലേ എന്ന് വല്ല്യുമ്മ. ഞാന്‍ എത്രപ്രാവശ്യം പറഞ്ഞതാ.
അടച്ചിട്ടമുറിയില്‍ സോഫിമോള്‍ തകൃതിയായ തിരച്ചിലിലായിരുന്നു. അലമാര മുഴുവന്‍ നോക്കി. ചുമരിലെ തട്ട് മുഴുവന്‍ പരതി. കിടക്കയില്‍, മേശപ്പുറത്ത്...
പുറത്ത് കാര്‍ എത്തി. മൂസാക്ക അകത്തേക്ക് വിളിച്ചു പറഞ്ഞു.
ഫരീദ് അടുക്കളവാതിലിലൂടെ പഞ്ചസാരക്കപ്പ് കടത്തി. മൂസാക്ക വിരുന്നുകാരെ സ്വീകരിച്ചിരുത്തി.
ജമീല സോഫിമോളുടെ അടച്ചിട്ട വാതിലിനോടു ചോദിച്ചു. കഴിഞ്ഞില്ലേ ഒരുക്കം?
വാതില്‍ പറഞ്ഞു: ഹാവൂ! കിട്ടി. സമാധാനമായി. ഇതാവരുന്നു.
- നീല ഡ്രസ്സല്ലേ ഇടുന്നത്? ജമീല വാതിലിനോട് ചോദിച്ചു.
വാതില്‍ പറഞ്ഞു : ഡ്രസ്സ് മാറണോ? ഇതൊക്കെ പോരേ?
- പിന്നെ മാറണ്ടേ? നീയെന്താ പിന്നെ ഇത്ര നേരം തിരഞ്ഞുകൊണ്ടിരുന്നത്?
വാതില്‍ തുറന്നു സോഫിമോള്‍ വന്നു. ഡ്രസ് മാറിയിട്ടില്ല. കൈയില്‍ ഒരു ചെറിയ വടിയുണ്ട്.
- സെല്‍ഫിസ്റ്റിക്കാണുമ്മാ. ഒരുപാട് തിരഞ്ഞിട്ടായാലും കിട്ടി. ഇതില്ലെങ്കില്‍ നാണം കെടില്ലേ!
(2)
ഒരു സംഭവം കൂടി
ഇത്തവണ വിരുന്നുവരുന്നത് പണ്ട് അയല്‍ക്കാരായിരുന്ന മാധവനും ശ്രീദേവിയും മക്കളുമാണ്. ദുബായിലാണവര്‍. കുട്ടികള്‍ ഉത്സാഹത്തിലാണ്.
ഫരീദ് കര്‍ട്ടനൊക്കെ ശരിയാക്കി. സോഫാകുഷ്യനുകള്‍ നേരെയാക്കി. മേശവിരി മാറ്റി.
സോഫിമോള്‍ അടുക്കളയില്‍ പാത്രങ്ങള്‍ ഒരുക്കിവെക്കുന്നു. ഐസ്‌ക്രീം പാത്രങ്ങള്‍ വരെ സൂക്ഷിച്ചാണ് തെരഞ്ഞെടുത്തത്. മൂസാക്ക അന്തം വിട്ടു. പതിവില്ലാത്തതാണിത്.
അടുക്കളയില്‍ ബഹളം. സോഫിമോളും ഉമ്മയും തമ്മിലാണ്. ഐസ്‌ക്രീം വേണമെന്ന് സോഫി നിര്‍ബന്ധം പിടിച്ചിരുന്നു. അത് സമ്മതിച്ചതുമാണ്.
ഇപ്പോള്‍ പറയുന്നു കെയ്ക്ക് വേണമെന്ന്. അതും ഐസിങ്ങ് ഉള്ളത്. അതുതന്നെ നാലഞ്ചുപ്ലേറ്റില്‍. ഓരോന്നിലും, മുകളിലായി ചുവന്നു തുടുത്ത ചെറി നിര്‍ബന്ധം.
മേശനിറഞ്ഞു കിടക്കണം. മൊത്തത്തില്‍ ഒരു ചന്തമൊക്കെ വേണം. സോഫിമോള്‍ വിശദീകരിച്ചു.
ബെയ്ക്കറിയില്‍ നിന്ന് എല്ലാം തികഞ്ഞ കെയ്ക്കുകള്‍ പെട്ടെന്നുതന്നെ എത്തി.
വിരുന്നുകാര്‍ എത്തി. ഭക്ഷണം വിളമ്പേണ്ട സമയമായി. സോഫിമോള്‍ തന്നെ ശ്രദ്ധയോടെ പ്ലേറ്റുകള്‍ നിരത്തി. ബിരിയാണി ഭംഗിയായി അലങ്കരിച്ചു. കസേരയൊക്കെ വെടിപ്പോടെ ചുറ്റും നിരത്തി.
മേശ നിറഞ്ഞു. ബിരിയാണി, ചിക്കന്‍, അച്ചാര്‍, സാലഡ്, ചമ്മന്തി, പൊരിച്ചത്, ഉപ്പേരി, പപ്പടം, കുടിവെള്ളം, കെയ്ക്ക്, ഐസ്‌ക്രീം... എല്ലാം ചാതുരിയോടെ ചിട്ടപ്പെടുത്തിവെച്ചു.
അതിഥികളെ വിളിച്ചു. മാധവേട്ടന്‍ കസേരയിലിരുന്നു. ശ്രീദേവിയും മക്കളും മറ്റുകസേരകളില്‍ ഇരിക്കാന്‍ ശ്രമിക്കുന്നു.
വരട്ടെ! സോഫിമോള്‍ ഇടപെട്ടു.
ഒരുമിനിറ്റ്!
ഇരുന്നിടത്തു നിന്ന് മാധവേട്ടന്‍ എഴുന്നേറ്റു.
സോഫിമോള്‍ അകത്തേക്ക് പാഞ്ഞു മൊബൈല്‍ ഫോണുമായി തിരിച്ചെത്തി.
മേശപ്പുറം പല ആംഗിളുകളില്‍ ഫോട്ടോയെടുത്തു. എന്നിട്ട് അവള്‍ വീണ്ടും അകത്തേക്കോടി. അകത്തു നിന്ന് വിളിച്ചു പറഞ്ഞു: കഴിഞ്ഞു ഇനി ഇരിക്കാം.
വയറു നിറയെ കഴിച്ച ഭാവത്തിലാണ് അവള്‍ പിന്നെ പുറത്തു വന്നത്.
- മേശപ്പുറത്തുള്ളതെല്ലാം ഒന്നൊഴിയാതെ വാട്ട്‌സാപ്പില്‍ ഇട്ടു. ഇപ്പോള്‍ ഗ്രൂപ്പിലാകെ കടിപിടിയാണത്രെ.
കുശലങ്ങള്‍ക്കോ ഭക്ഷണത്തിനോ നില്‍ക്കാതെ സോഫിമോള്‍ അകത്തേക്കുതന്നെ പോയി.
വാട്ട്‌സാപ്പുകാര്‍ കഴിച്ചതിന്റെ ബാക്കി, വിരുന്നുകാര്‍ ഭക്ഷിച്ചുതുടങ്ങി.