മുത്ത്വലാഖിനുള്ള ശിക്ഷ സ്ത്രീക്കോ പുരുഷനോ?
ശൈഖ് മുഹമ്മദ് കാരകുന്ന്
2015 നവംബര്‍
ദാമ്പത്യബന്ധം ശിഥിലമാകാതിരിക്കാന്‍ ഇസ്ലാമിനെപ്പോലെ ശാസ്ത്രീയവും യുക്തി ഭദ്രവുമായ വ്യവസ്ഥയും ക്രമവും നിശ്ചയിച്ച മറ്റൊരു ദര്‍ശനവും ലോകത്തില്ല. ബന്ധം ഭദ്രവും സുന്ദരവും സന്തോഷകരവും സംതൃപ്തവും ശാന്തവും സര്ഗാത്മകവുമാകാനാവശ്യമായ നിര്‍ദ്ദേശങ്ങളെല്ലാം ഇസ്ലാം നല്‍കിയിട്ടുണ്ട്. എന്നിട്ടും ദമ്പതികള്‍ക്കിടയിലെ ബന്ധം വഷളാവുകയാണെങ്കില്‍ വേര്‍പിരിയാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുകയും ശ്രമിക്കുകയും വേണം. അതിനാല്‍
ഖുര്‍ആനിലെ സ്ത്രീ 10
ദാമ്പത്യബന്ധം ശിഥിലമാകാതിരിക്കാന്‍ ഇസ്ലാമിനെപ്പോലെ ശാസ്ത്രീയവും യുക്തി ഭദ്രവുമായ വ്യവസ്ഥയും ക്രമവും നിശ്ചയിച്ച മറ്റൊരു ദര്‍ശനവും ലോകത്തില്ല. ബന്ധം ഭദ്രവും സുന്ദരവും സന്തോഷകരവും സംതൃപ്തവും ശാന്തവും സര്ഗാത്മകവുമാകാനാവശ്യമായ നിര്‍ദ്ദേശങ്ങളെല്ലാം ഇസ്ലാം നല്‍കിയിട്ടുണ്ട്. എന്നിട്ടും ദമ്പതികള്‍ക്കിടയിലെ ബന്ധം വഷളാവുകയാണെങ്കില്‍ വേര്‍പിരിയാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുകയും ശ്രമിക്കുകയും വേണം. അതിനാല്‍ ഇരുവിഭാഗത്തെയും പങ്കെടുപ്പിച്ച് അനുരജ്ഞന സംഭാഷണം നടത്തണം. ഇതൊക്കെ ഖുര്‍ആന്‍ തന്നെ തെളിയിച്ചു പറഞ്ഞ കാര്യങ്ങളാണ്.
ദമ്പതികള്‍ക്കിടയില്‍ വേര്‍പിരിയലിനെക്കുറിച്ച് നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍ പുരുഷന്റെ ഭാഗത്തുനിന്ന് ഒരു മാധ്യസ്ഥനെയും സ്ത്രീയുടെ പക്ഷത്തുനിന്ന് ഒരു മാധ്യസ്ഥനെയും നിയോഗിക്കുക. ഇരുവിഭാഗവും അനുരജ്ഞനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ ഐക്യത്തിന് വഴിവെക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു അഭിമതനും സൂക്ഷ്മജ്ഞനുമത്രെ(4:35)
മാധ്യസ്ഥര്‍ അവസാന നിമിഷംവരെ അനുരജ്ഞനത്തിന് ശ്രമിക്കണം. വേര്‍പിരിക്കാന്‍ ലക്ഷ്യമാകരുത്. എന്നിട്ടും മാധ്യസ്ഥശ്രമം പരാജയപ്പെടുകയും യോജിപ്പിനുള്ള സകല ബാധ്യതകളും അവസാനിക്കുകയും പിരിയുകയല്ലാതെ മാര്‍ഗമില്ലെന്ന് ഉറപ്പാവുകയും ചെയ്താല്‍ വിവാഹ മോചനം ആകാവുന്നതാണ്. അതിന് ഏറ്റം പറ്റിയ സമയം സ്ത്രീ ശുദ്ധിയുള്ളവളായിരിക്കുമ്പോഴാണ്. പ്രസവ രക്തമോ ആര്‍ത്തവരക്തമോ ഇല്ലാത്ത സമയമാണത്. ആശുദ്ധിയുടെ ഘട്ടത്തില്‍ ലൈംഗിക ബന്ധം നടക്കാതിരുന്നാലാണിത്. ഗര്‍ഭിണിയല്ലെങ്കിലും ഖുര്‍ആന്‍ പറയുന്നു.
നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ ശുദ്ധിയുടെ ഘട്ടത്തില്‍ മൊഴി ചൊല്ലുക(65:1)
വിവാഹ മോചിതയായ സ്ത്രീ ദീക്ഷാകാലത്ത് ഭര്‍തൃഗൃഹത്തിലാണ് താമസിക്കേണ്ടത്. സാധാരണ ഗതിയിലത് മൂന്ന് ആര്‍ത്തവം പൂര്‍ത്തിയാക്കലാണ്. അല്ലാഹു പറയുന്നു:
'ഇദ്ദകാലം നിങ്ങള്‍ കൃത്യമായി കണക്കാക്കുക. നിങ്ങളുടെ നാഥനായ അല്ലാഹുവെ സൂക്ഷിക്കുക. ഇദ്ദാവേളകളില് അവരെ അവരുടെ വീടുകളില്‍ നിന്ന് പുറം തള്ളരുത്. അവര്‍ സ്വയം ഇറങ്ങിപ്പോവുകയും അരുത്. അവര്‍ വ്യക്തമായ ദുര്‍വൃത്തികളില്‍ ഏര്‍പ്പെട്ടാലല്ലാതെ. അല്ലാഹുവിന്റെ നിയമപരിധികളാണിവ. അല്ലാഹുവിന്റെ പരിധി ലംഘിക്കുന്നവന് തന്നോടുതന്നെയാണ് അതിക്രമം ചെയ്യുന്നത്. അതിനു ശേഷം അല്ലാഹു വല്ല പുതിയ കാര്യവും ചെയ്തേക്കാം.നിനക്കതറിയില്ല.' (65:1)
'വിവാഹ മോചിതര്‍ മൂന്നു തവണ മാസമുറ ഉണ്ടാകുന്നതുവരെ തങ്ങളെ സ്വയം നിയന്ത്രിച്ചു കഴിയണം. അല്ലാഹു അവരുടെ ഗര്‍ഭാശയങ്ങളില്‍ സൃഷ്ടിച്ചുവെച്ചതിനെ മറച്ചു വെക്കാന്‍ അവര്‍ക്ക് അനുവാദമില്ല. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍!' (2:228)
ഗര്‍ഭിണികളുടെ ദീക്ഷാകാലം പ്രസവംവരെയാണ്. രോഗം, വാര്‍ധക്യം പോലുള്ള കാരണങ്ങളാല്‍ ആര്‍ത്തവം നിലച്ചവരുടെ ദീക്ഷാകാലം മൂന്നു മാസവും.
'നിങ്ങളുടെ സ്ത്രീകളില്‍ ആര്‍ത്തവം നിലച്ചവരുടെ ഇദ്ദാകാര്യത്തില് നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അറിയുക, അവരുടെ ഇദ്ദാകാലം മൂന്നു മാസമാണ്. ഋതുമതികളായിട്ടില്ലാത്തവരുടേയും ഇതു തന്നെ. ഗര്‍ഭിണികളുടെ കാലാവധി അവര്‍ പ്രസവിക്കുന്നതുവരെയാകുന്നു. ആര് അല്ലാഹുവോട് ഭക്തിയുള്ളവരാകുന്നുവോ അവന്റെ കാര്യം അല്ലാഹു എളുപ്പമാക്കും.' (65:4)
ദീക്ഷാകാലത്ത് സ്ത്രീ ഭര്‍ത്താവിനെ സംബന്ധിച്ചേടത്തോളം ഭാര്യയല്ല. എന്നാല്‍ അന്യയുമല്ല. ഈ കാലത്ത് ഉഭയ സമ്മത പ്രകാരം ബന്ധം പുനഃസ്ഥാപിക്കാവുന്നതാണ്. ഇത് വാചികമായും കര്‍മപരമായും ആകാവുന്നതാണ്. ദീക്ഷാകാലം മുഴുവനും ഒരുമിച്ച് താമസിച്ചിട്ടും ഒത്തുപോകാന്‍ സാധ്യമല്ലെന്ന് ഉറപ്പാവുകയാണെങ്കില്‍ നല്ല നിലയില്‍ വേര്‍പിരിയുകയാണ് വേണ്ടത്.
'നിങ്ങള്‍ സ്ത്രീകളെ വിവാഹ മോചനം നടത്തുകയും അങ്ങനെ അവരുടെ ഇദ്ദാ അവധി എത്തുകയും ചെയ്താല്‍ അവരെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ മാന്യമായി പിരിച്ചയക്കുക. അവരെ ദ്രോഹിക്കാനായി അന്യായമായി പിടിച്ചുവെക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ തനിക്കുതന്നെയാണ് ദ്രോഹം വരുത്തുന്നത്. അല്ലാഹുവിന്റെ നിയമങ്ങളെ നിങ്ങള്‍ കളിയാക്കി തള്ളരുത്.' (2:231).
ഇങ്ങനെ വേര്‍പിരിക്കുന്നത് സാക്ഷികളുടെ സാന്നിധ്യത്തിലായിരിക്കണമെന്നും ഖുര്‍ആന്‍ ആവശ്യപ്പെടുന്നു.
'അവരുടെ ഇദ്ദാകാലാവധി എത്തിയാല്‍ നല്ല നിലയില്‍ അവരെ കൂടെ നിര്‍ത്തുക അല്ലെങ്കില്‍ മാന്യമായ നിലയില്‍ അവരുമായി വേര്‍പിരിയുക. നിങ്ങളില്‍ നീതിമാന്മാരായ രണ്ടു പേരെ അതിനു സാക്ഷികാളാക്കുക. സാക്ഷികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നേരാംവിധം സാക്ഷ്യം വഹിക്കുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കു നല്കപ്പെടുന്ന ഉപദേശമാണിത്.' (65:2).
ദീക്ഷാകാലം കഴിയുന്നതിനു മുമ്പ് മടക്കിയെടുക്കാന്‍ അവകാശമുള്ളതുപോലെത്തന്നെ അതിനുശേഷം അവളെ പുനര്‍വിവാഹം ചെയ്യാനും ഭര്‍ത്താവിന് അനുവാദമുണ്ട്. ഇരുവരും അതാണാഗ്രഹിക്കുന്നതെങ്കില്‍ ആരും അതിനു തടസ്സം നില്‍ക്കാവതല്ല. ഇതും അല്ലാഹു തന്നെ അറിയിച്ചിരിക്കുന്നു.
'നിങ്ങള്‍ സ്ത്രീകളെ വിവാഹ മോചനം ചെയ്തു. അവര്‍ തങ്ങളുടെ ദീക്ഷാകാലം പൂര്‍ത്തീകരിക്കുകയും ചെയ്തു. പിന്നീട് ന്യായമായ നിലയില്‍ പരസ്പരം ഇഷ്ടപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ ഭര്ത്താക്കന്മാരെ വേള്‍ക്കുന്നത് നിങ്ങള്‍ വിലക്കരുത്. നിങ്ങളില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണിത്. അതാണ് നിങ്ങള്‍ക്ക് ഏറ്റം ശ്രേഷ്ഠവും വിശുദ്ധവും. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.' (2:232)
ഒന്നാമത്തെ വിവാഹ മോചനത്തിനുശേഷവും വീണ്ടും ബന്ധത്തിലേക്കു മടങ്ങുകയും പിന്നീട് അവര്‍ക്കിടയില്‍ അകല്ച്ചയുണ്ടാവുകയുമാണെങ്കില് നന്നാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തണം. വിജയിക്കുന്നില്ലെങ്കില്‍ നേരത്തെ ഒന്നാമത്തെ വിവാഹ മോചനവുമായി ബന്ധപ്പെട്ടു പറഞ്ഞ ക്രമങ്ങളെല്ലാം പാലിച്ച് രണ്ടാമതും വിവാഹ മോചനം നടത്താവുന്നതാണ്. അപ്പോഴും ഇദ്ദാകാലത്ത് പുതിയ വിവാഹം കൂടാതെയും ഇദ്ദാകാലം കഴിഞ്ഞാല്‍ വിവാഹത്തിലൂടെയും മൂന്നാമതും ദാമ്പത്യം പുനഃസ്ഥാപിക്കാവുന്നതാണ്.
മൂന്നാമതും വിവാഹമോചനം നടത്തുകയാണെങ്കില്‍ അവര്‍ക്കിടയിലെ അകല്‍ച്ച അപരിഹാര്യമാണെന്നതിന് വേറെ തെളിവുകള്‍ വേണ്ടതില്ല. അതുകൊണ്ടുതന്നെ മൂന്നാമത്തെ വിവാഹ മോചന ശേഷം അവളെ മടക്കിയെടുക്കാനോ പുനര്‍ വിവാഹം നടത്താനോ അനുവാദമില്ല. മറ്റൊരു ഭര്‍ത്താവ് തനിക്കുവേണ്ടി ശരിയാംവിധം വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം അന്യോന്യം അകന്ന് മേല്പറഞ്ഞ ഘട്ടങ്ങളെല്ലാം പുര്‍ത്തിയാക്കി യോജിപ്പ് സാധ്യമല്ലെന്ന് ഉറപ്പായി മൊഴി ചൊല്ലിയ ശേഷമല്ലാതെ ആദ്യഭര്‍ത്താവിന് അവള് ഒരു നിലക്കും അനുവദനീയമായിത്തീരുകയില്ല. അല്ലാഹു പറയുന്നു: 'വിവാഹ മോചനം രണ്ടു തവണയാകുന്നു. പിന്നെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുകയോ നല്ല നിലയില്‍ ഒഴിവാക്കുകയോ വേണം.' (2:229)
'വീണ്ടും വിവാഹ മോചനം നടത്തിയാല്‍ പിന്നെ അവള് അവന് അനുവദനീയമാവുകയില്ല. അവളെ മറ്റൊരാള്‍ വിവാഹം കഴിക്കുകയും അയാള്‍ അവളെ വിവാഹ മോചനം നടത്തുകയും ചെയ്താലല്ലാതെ. അപ്പോള്‍ മുന്‍ ഭര്‍ത്താവിനും അവര്‍ക്കും ദാമ്പത്യത്തിലേക്ക് തിരിച്ചു വരുന്നതില്‍ വിരോധമില്ല. മേലില്‍ ഇരുവരും ദൈവിക നിയമങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍. ഇത് അല്ലാഹു നിശ്ചയിച്ച നിയമ പരിധികളാണ്. കാര്യമറിയുന്ന ജനത്തിന് അല്ലാഹു അത് വിശദീകരിച്ചു തരികയാണ്.' (2:230)
മൂന്നു തവണ വിവാഹ മോചനം നടത്തുന്നവര്‍ക്കുള്ള കര്കശമായ ഈ നിയമവും വ്യവസ്ഥയും സ്ത്രീ വിരുദ്ധമല്ല. മറിച്ച്, വിവാഹമെന്ന മഹദ് കര്‍മത്തെയും ദാമ്പത്യ ജീവിതത്തെയും കുട്ടിക്കളിയാക്കുന്ന പുരുഷനെതിരെയുള്ള ശിക്ഷാ നടപടിയാണ്. മറ്റൊരാള്‍ ഉപയോഗിക്കാതെ തന്റെ ഭാര്യയായിരുന്ന സ്ത്രീയെ തിരിച്ചുകിട്ടുകയില്ലെന്നത് പുരുഷനാണല്ലോ. വളരെയേറെ അസഹ്യമായി അനുഭവപ്പെടുന്നതും അയാള്‍ക്കുതന്നെ.
ഖുര്‍ആന്റെ അവതരണകാലത്ത് വിവാഹ മോചിതരുടെ പുനര്‍ വിവാഹം ഒട്ടും പ്രയാസകരമായിരുന്നില്ല. ഇദ്ദ കഴിയാന്‍ കാത്തിരിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. അതിനാലാണ് ഖുര്‍ആന്‍ അക്കാര്യം വിശദമായിത്തന്നെ വിശദീകരിച്ചത്. വിധവകളുടെ ഇദ്ദാനിയമം വിശദീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
'ആ സ്ത്രീകളുമായി നിങ്ങള്‍ വിവാഹ കാര്യം വ്യംഗ്യമായി സൂചിപ്പിക്കുകയോ മനസ്സില്‍ ഒളിപ്പിച്ചുവെക്കുകയോ ചെയ്യുന്നത് കുറ്റമല്ല. നിങ്ങള്‍ അവരെ ഓര്‍ത്തേക്കുമെന്ന് അല്ലാഹുവിന്ന് നന്നായറിയാം.
എന്നാല്‍ സ്വകാര്യമായി അവരുമായി ഒരുടമ്പടിയും ഉണ്ടാക്കരുത്. നിങ്ങള്‍ക്ക് അവരോട് മാന്യമായ നിലയില്‍ സംസാരിക്കാം. നിശ്ചിത അവധി എത്തുംവരെ വിവാഹ ഉടമ്പടി നടത്തരുത്. അറിയുക. തീര്‍ച്ചയായും നിങ്ങളുടെ മനസ്സിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അതിനാല്‍ അവനെ സൂക്ഷിക്കുക.' (2:235)
മൂന്നു തവണ വിവാഹം കഴിച്ച് മൂന്നു തവണ വിവാഹ മോചനം നടത്തലാണ് മുത്ത്വലാഖെന്ന് ഖുര്‍ആന്‍ സംശയ രഹിതമായി വിശദീകരിക്കുകയും പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും മൂന്നു ത്വലാഖും എന്നു പറയുന്നതിനെ മുത്ത്വലാഖായി അവതരിപ്പിക്കുന്നതും അങ്ങനെ ചെയ്യുന്നതും തീര്‍ത്തും ജുഗുപ്സാവഹംതന്നെ. അതോടൊപ്പം തന്നെ യഥാര്‍ഥ മുത്ത്വലാഖിനെ തുടര്‍ന്നുള്ള കര്കശമായ നിയമവും വ്യവസ്ഥയും സ്ത്രീ വിരുദ്ധമല്ലെന്നും പുരുഷനുള്ള ശിക്ഷയാണെന്നുമുള്ള വസ്തുതയും വിസ്മരിക്കാവതല്ല.