MOOCS പുതിയ ക്ലാസ് മുറി

സുലൈമാന്‍ ഊരകം No image

ആര്‍ക്കും നേടാം ഉന്നത വിദ്യാഭ്യാസം 4
ഇന്ന് ഉന്നത വിദ്യഭ്യാസമേഖലയില്‍ ലോകത്ത് നിരവധി സാങ്കേതിക വിദ്യകള്‍ പ്രാവര്‍ത്തികമാക്കിവരുന്നുണ്ട്. എങ്കിലും വിദഗ്ദരായ അധ്യാപകരുടെ ക്ഷാമം ലോകത്തെമ്പാടും നിലനില്‍ക്കുന്നു. നിലവില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ 50 ശതമാനം കോളേജുകളില്‍ 33 ശതമാനം അധ്യാപക കുറവുണ്ടെന്നാണ് യു.ജി.സിയുടെ ഉന്നത വിദ്യഭ്യാസ സര്‍വെ പറയുന്നത്. അതിനാല്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുള്ള ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വിപുലപ്പെട്ടുവരുന്നു. അമേരിക്കന്‍ സര്‍വകലാശാലകളാണ് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ കൂടുതലായും ആരംഭിച്ചുവരുന്നത്. ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകള്‍ ലോകത്തെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിച്ചുകഴിഞ്ഞു. 15 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കാണ് ഇതിലൂടെ പ്രവേശനം ലഭിക്കുന്നത്. ഇന്ന് ഐവി ലീഗില്‍പ്പെടുന്ന ബി സ്‌കൂള്‍, മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഇന്ത്യയിലെ ഐ.ഐ.എമ്മുകള്‍, ഐ.ഐ.ടി എന്നിവയും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തിവരുന്നു.
ഉന്നത വിദ്യഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു നാന്ദികുറിച്ചു കൊണ്ട് കടന്നുവരുന്ന പുതിയ വിദ്യാഭ്യാസ രീതിയാണ് MOOCS അഥവാ മാസീവ്‌ലി ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സ്. വിവരസാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ ഉപയോഗിച്ച് അറിവിന്റെ ലോകത്ത് വഴികാട്ടിയാകുകയാണ് MOOCS. ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉണ്ടെങ്കില്‍ കംപ്യൂട്ടറുകളും സ്മാര്‍ട് ഫോണുകളും അറിവ് തേടുന്നവനു മുമ്പില്‍ അധ്യയനത്തിന്റെ വാതായനങ്ങള്‍ തുറക്കുകയാണ് ഇതുവഴി. പരമ്പരാഗത വിദ്യഭ്യാസ രീതിയില്‍ അതിസമര്‍ഥര്‍ മുതല്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ വരെ പല തലത്തിലുള്ള വിദ്യാര്‍ഥികളാണ് അധ്യാപകനു മുമ്പില്‍ ക്ലാസില്‍ തിങ്ങി നിറഞ്ഞിരിക്കുന്നത്. പിന്നോക്കം നില്‍ക്കുന്നവര്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പെടാപ്പാടുപെടുമ്പോള്‍ മിടുക്കര്‍ക്കു ക്ലാസ് വളരെ വിരസമായി തീരുന്നു. അധ്യാപകരുടെ കാര്യത്തിലും ഈ വ്യത്യാസം കാണാന്‍ കഴിയും. മികച്ച അധ്യാപകരുടെ ക്ലാസുകളില്‍ തിരക്കും അല്ലാത്തവരുടെ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ ഒഴിവാക്കുന്നതും പല കോളേജുകളിലും സ്ഥിരം കാഴ്ചയാണ്.
മറുവശം ചിന്തിച്ചാല്‍ വ്യക്തിഗത ശ്രദ്ധകിട്ടുമെന്നു വാഗ്ദാനം നല്‍കുന്ന കോച്ചിംഗ് സെന്ററുകളില്‍ മിക്കവയും വിദ്യാര്‍ഥികളുടെ ആധിക്യം കാരണം സാധാരണ ക്ലാസ്‌റൂം മാത്രമായി തീരുന്ന സ്ഥിതിയാണ് ഇന്ത്യയില്‍ പല സ്ഥലത്തും കാണാന്‍ കഴിയുക.
ചില പ്രത്യേക പരീക്ഷകള്‍ മാത്രം ലക്ഷ്യം വെച്ച് റിസള്‍ട്ട് ഉണ്ടാക്കിയാണ് ഇത്തരം കോച്ചിംഗ് സെന്ററുകള്‍ പിടിച്ച് നില്‍ക്കുന്നത്. ഇവിടെ വിദ്യാഭ്യാസം വിലകൂടിയ ഏര്‍പ്പാടുാകുന്നത് മൂലം സാധാരണക്കാരനു താങ്ങാന്‍ കഴിയാതെ വരുന്നു. ഇത്തരം സമ്പ്രദായത്തിന്റെയും നല്ലവശങ്ങള്‍ സ്വാംശീകരിച്ചതാണ് ഭാവിയിലെ ക്ലാസ് മുറി എന്ന് പറയപ്പെടുന്ന MOOCS.
യൂണിവേഴ്‌സിറ്റികള്‍ അവരുടെ ഏറ്റവും പ്രഗത്ഭരായ പ്രൊഫസര്‍മാരുടെ പ്രഭാഷണങ്ങള്‍ (Leaders) പൂര്‍ണമായും റിക്കാര്‍ഡ് ചെയ്ത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നു. ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ള പേഴ്‌സണല്‍ കമ്പ്യൂട്ടറുകളോ സ്മാര്‍ട്ട്‌ഫോണുകളോ വഴി ഇത് കാണാനും ഗ്രഹിക്കാനും ആവശ്യക്കാരായ വിദ്യാര്‍ഥിക്കും പഠിതാവിനും കഴിയുന്നു. ഫലത്തില്‍ ഇതാണ് MOOCS വാഗ്ദാനം ചെയ്യുന്നതും.
MOOCS നു ഗുണവുമുണ്ട് ദോഷങ്ങളുമുണ്ട്. ഏകപക്ഷീയമായ ആശയ വിനിമയമാണ് നല്‍കുന്നതെന്നാണ് പ്രധാന ദോഷം. അധ്യാപകനുമായി സംവദിക്കാനുള്ള അവസരം വിദ്യാര്‍ഥിക്കു ലഭിക്കുന്നില്ല. രണ്ടാമത്തേത് സമയം യഥാര്‍ഥമല്ലെന്നതാണ്. അധ്യാപനം നടക്കുന്ന സമയത്തല്ല പഠനം. പിന്നീട് എപ്പോഴോ എവിടെയോ വിദ്യാര്‍ഥിയുടെ സൗകര്യത്തിനാണ് ഇതു ശ്രവിക്കപ്പെടുന്നത്. പക്ഷേ ഇത് ആവര്‍ത്തിച്ചു കണ്ട് സ്വന്തം ഗ്രാഹ്യശേഷിക്കനുസരിച്ച് ഒരു പാഠഭാഗം മനസ്സിലാക്കാന്‍ വിദ്യാര്‍ഥിക്കു കഴിയുന്നു എന്ന സൗകര്യമുണ്ട്.
വിദ്യാര്‍ഥി എവിടെയാണെന്നോ ഏതു പ്രദേശത്താണെന്നോ ഉള്ളതു പ്രശ്‌നമല്ല. ഇപ്പോള്‍ നിലവിലുള്ള വിദൂര വിദ്യഭ്യാസ രീതിയിലും (Distance Education) റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും പാഠഭാഗങ്ങള്‍ സംപ്രേഷണം ചെയ്യുകയും വിദ്യാര്‍ഥികള്‍ക്ക് അതുവഴി കാര്യങ്ങള്‍ ഗ്രഹിക്കാനും പരീക്ഷയെഴുതാനും കഴിയുന്ന ഇന്ത്യയില്‍ തന്നെ പല ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളും ഈ രീതി പിന്തുടരുന്നുണ്ട്. എങ്കിലും MOOCS യും വിദൂരവിദ്യാഭ്യാസ രീതിയും തമ്മില്‍ ഒട്ടേറെ അന്തരമുണ്ടെങ്കിലും ഗുണമേന്മയുടെ കാര്യത്തില്‍ MOOCS ഒരു പടി മുന്നില്‍ നില്‍ക്കും. റഗുലര്‍ കോളേജുകളിലോ സര്‍വകലാശാലകളിലോ പ്രവേശനം ലഭിക്കാത്തവരും  കുടുംബ-ജീവിത-ദാരിദ്ര്യ സാഹചര്യം കാരണം റഗുലര്‍ പഠനം നടത്താന്‍ സധിക്കാത്തവരോ ആണ് വിദൂരവിദ്യഭ്യാസ സമ്പ്രദായത്തെ ആശ്രയിക്കുന്നതെന്നാണ് പൊതുവെയുള്ള ധാരണ. മാത്രമല്ല തൊഴില്‍ വിപണിയിലും വിദൂരവിദ്യഭ്യാസം അധിക യോഗ്യത ആയിട്ടെ മിക്കവാറും പരിഗണിക്കാറുള്ളൂ.
പുതിയ MOOCS സമ്പ്രദായം ഇക്കാര്യത്തില്‍ വളരെ മെച്ചപ്പെട്ടതാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സിലിക്കണ്‍വാലിയില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരണമുള്ള കമ്പനികളാണ് ഈ ആശയം ആദ്യമായി മുന്നോട്ടു വച്ചത്. പിന്നീട് വിശ്വപ്രസിദ്ധ സര്‍വകലാശാലകളായ MIT, ഹാര്‍വാര്‍ഡ് തുടങ്ങിവരും, ഈ സമ്പ്രദായം ഏറ്റുപിടിച്ചു. പേരും പെരുമയുമുള്ളവര്‍ കൂടുതലായി രംഗപ്രവേശനം ചെയ്തതോടെ പുതിയ സമ്പ്രദായത്തിന്റെ വിശ്വാസ്യതയും ഏറി.
കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ച Courser, udacity, edx തുടങ്ങിയ വന്‍കിടക്കാരും ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പങ്കെടുത്ത് പരീക്ഷ എഴുതി പാസായാല്‍ അവരുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറുണ്ടെന്നതാണ് എടുത്തുപറയേണ്ടുന്ന കാര്യം. അതായത് തുല്ല്യതാ പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടാതെയും ഭാരിച്ച പണച്ചിലവില്ലാതെയും വീട്ടിലിരുന്നു തന്നെ edx/MIT ബിരുദങ്ങള്‍ സ്വന്തമാക്കാം.
ഓണ്‍ലൈനില്‍ Synchronous രീതികളുണ്ട്. Synchronous രീതിയില്‍ ഒരേ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് തല്‍സമയ സംപ്രേക്ഷണത്തിലൂടെ ക്ലാസുകള്‍ ശ്രദ്ധിക്കാം. ടെക്‌സാസ് സര്‍വകലാശാല ആരംഭിച്ച Synchronous രീതിയിലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ സൈക്കോളജി കോഴ്‌സുകളായിരിക്കുന്നു. സ്റ്റുഡിയോവില്‍ പ്രൊഫസര്‍ ക്ലാസ്സെടുക്കുമ്പോള്‍ പഠിതാക്കളായി 510 പേരുണ്ടാകും. ഇവരുമായുള്ള ചര്‍ച്ചകള്‍ ക്ലാസുകള്‍ സജീവമാക്കും. ഇതില്‍ ഓണ്‍ലൈന്‍ പഠിതാക്കള്‍ക്കും സംവാദത്തിലേര്‍പ്പെടാം. കോഴ്‌സിന്റെ പഠനകാലയളവില്‍ പ്രത്യേകം ക്ലാസുകളുണ്ടാകും. മാത്രമല്ല, രജിസ്‌ട്രേഷന്‍ കുറ്റരഹിതമാകാന്‍ പ്രത്യേക മെത്തഡോളജിയും രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. 550 അമേരിക്കന്‍ ഡോളറാണ് യൂണിവേര്‍സിറ്റി വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ്. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് SMOC (Synchronous move on to online course) എന്ന പേരിലറിയപ്പെടുന്നു.
എന്നാല്‍ ഹാര്‍വാര്‍ഡും സ്റ്റാന്‍ഫോര്‍ഡും നടത്തിവരുന്നത് MOOC രീതി അനുവര്‍ത്തിച്ചാണ്. ഇതുമായി ബന്ധപ്പെട്ട് എല്ലാ കോഴ്‌സുകളും സൗജന്യമായാണ് നടത്തിവരുന്നത്. ഇതില്‍ ഓണ്‍ലൈനും ഓഫ്‌ലൈനും പഠിതാക്കളുടെ സൗകര്യത്തിന് അനുസരിച്ച് ക്ലാസിലിരിക്കാം. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഈ രീതി പ്രയോജനപ്പെടുത്തുന്നത്. അതില്‍ റഗുലര്‍ കോഴ്‌സുകള്‍ മറ്റുയൂണിവേഴ്‌സിറ്റികളില്‍ ചെയ്യുന്നവരുമുണ്ട്.
യു.കെ.യിലെ എഡിന്‍ബറോ സര്‍വകലാശാല അനിമല്‍ വെല്‍ഫെയറിലും കാനഡയില്‍ ഗ്വള്‍ഫ് സര്‍വകലാശാല ലബോറട്ടറി അനിമല്‍ മെഡിസിനിലും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തിവരുന്നു.
ഈ പ്രവണത ഉന്നത വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സ്‌കൂള്‍ തലത്തില്‍ ട്യൂഷന്‍ ക്ലാസുകളും ഓണ്‍ലൈന്‍ വഴി നടത്തിവരുന്നു. കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ച അമേരിക്കയിലെ ഖാന്‍ അക്കാദമി, Next Edu, Edunet എന്നിവ കുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കാന്‍ പറ്റുന്നവയില്‍ ചിലതാണ്.
എന്നാല്‍ അമേരിക്കയില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് എതിരെയുള്ള നീക്കങ്ങളുണ്ട്. ഭാവിയില്‍ ഉന്നത വിദ്യഭ്യാസം കോര്‍പ്പറേറ്റുകളുടെ കയ്യിലെത്താന്‍ ഇതുപകരിക്കുമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. വിദ്യഭ്യാസം സാമൂഹിക പ്രതിബദ്ധതയില്‍ നിന്നും മാറി ബിസിനസ്സാകുമെന്നാണ് ഇവരുടെ കണക്കു കൂട്ടല്‍. എന്നാല്‍ Knowledge Connectivtiy രംഗത്തുള്ള അത്ഭുതാവഹമായ മാറ്റങ്ങള്‍ ലോകത്തിലെ മികച്ച സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ പഠിക്കാന്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സഹായകരമാകും എന്നാണ് ഓണ്‍ലൈന്‍ വിദ്യഭ്യാസ സമ്പ്രദായത്തിന്റെ പ്രധാനപ്പെട്ട നേട്ടം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top