സ്ത്രീകള്‍ അശ്രീയാകുന്ന മതമേലാവുകള്‍
പി.ടി. കുഞ്ഞാലി
2015 നവംബര്‍
നാരികള്‍ നരകത്തിലെ അഗ്നിപ്രളയമാണെന്നും അവര്‍ ലോകവിപത്തിന്റെ നാരായവേരുകളാണെന്നും മലയാളത്തില്‍ നമ്മോടു പാടിപ്പറഞ്ഞത് ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയാണ്. എത്ര മനോഹര കാവ്യങ്ങളുടെ കാമുകനാവുമ്പോഴും ആരാചക ജീവിതത്തിന്റെ ഉപഭോക്താവായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ അത്രമേല്‍ സാന്ദ്രതയില്ലാതെയാണ് നാം അന്ന് കേട്ടതും അപ്പാടെ അവഗണിച്ചതും. അതിനുശേഷം കാലമെത്ര നാം പിന്നിട്ടു. വൈജ്ഞാനികവും
നാരികള്‍ നരകത്തിലെ അഗ്നിപ്രളയമാണെന്നും അവര്‍ ലോകവിപത്തിന്റെ നാരായവേരുകളാണെന്നും മലയാളത്തില്‍ നമ്മോടു പാടിപ്പറഞ്ഞത് ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയാണ്. എത്ര മനോഹര കാവ്യങ്ങളുടെ കാമുകനാവുമ്പോഴും ആരാചക ജീവിതത്തിന്റെ ഉപഭോക്താവായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ അത്രമേല്‍ സാന്ദ്രതയില്ലാതെയാണ് നാം അന്ന് കേട്ടതും അപ്പാടെ അവഗണിച്ചതും. അതിനുശേഷം കാലമെത്ര നാം പിന്നിട്ടു. വൈജ്ഞാനികവും സാംസ്‌കാരികവുമായ നിരവധി നവോത്ഥാന പുതുമകളെ ആത്മഹര്‍ഷത്തോടെ ഏറ്റുവാങ്ങിയ ഭൂരൂപമാണ് കേരളം. പൊയ്കയില്‍ അപ്പച്ചന്‍ മുതല്‍ നാരായണഗുരു വരെയും ചട്ടമ്പിസ്വാമി തൊട്ടു മക്തിത്തങ്ങള്‍ വരെയുമുള്ള നിരവധി മഹാജീവിതങ്ങളുടെ സ്വാധീനംകൊണ്ട് ഇന്ത്യയില പരദേശങ്ങളെ അപേക്ഷിച്ച് എന്നേ നവോത്ഥാനത്തിന്റെ തുടിപ്പുകള്‍ പ്രസരിച്ച ഒരു ദേശം. സജീവമായ മത മതേതര പരിസരങ്ങള്‍ തീവ്രമായ ഇടപെടലുകളിലൂടെ വികസിപ്പിച്ചതാണീ കേരളീയ പൊതുമണ്ഡലം. എല്ലാ പ്രതിലോമതകളുടെ വന്‍മേരുക്കളും വകഞ്ഞു വളര്‍ന്ന ഒരു സാംസ്‌കാരിക തുറസ്സ് അതിനാല്‍തന്നെ നമുക്കുണ്ട്. ഈ തുറസ്സില്‍ മാനവികതയുടെ അശ്വരഥങ്ങളാണ് എന്നും സഞ്ചരിക്കേണ്ടത്. ഈയൊരു മാനവിക നവോത്ഥാനത്തിന്റെയും നവീകരണത്തിന്റെയും തങ്കരശ്മികള്‍ തട്ടി തിളക്കം വന്നതാണ് പൊതുവെ നമ്മുടെ സഹോദരിമാരുടെ ജീവിത പരിസരം.
തീര്‍ത്തും പുരുഷ കേന്ദ്രീകൃതമാണ് പൊതുവേ നമ്മുടെ മത-മതേതര സാമൂഹികത. ഈയൊരു രാവണക്കോട്ട നിരന്തരമായ പോരാട്ടത്തിലൂടെയാണ് കേരളത്തില്‍ ഇത്തിരിയെങ്കിലും വിശാലതയില്‍ തുറന്നുകിട്ടിയത്. അതുണ്ടാക്കിയ ആശ്വാസത്തിലും അതിലേറെ വിസ്മയത്തിലുമാണ് കേരളീയ സഹോദരിമാര്‍. അപ്പോഴാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തു നിന്നും പുതിയ അവതാരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍ രാഷ്ട്രപതിയും ഭാരതീയ യൗവനങ്ങളുടെ അധ്യാപകനുമായിരുന്ന എ.പി.ജെ അബ്ദുല്‍ കലാമിന്റെ പുസ്തക പരിഭാഷയുടെ പ്രകാശനവേദിയാണ് ഇത്തരമൊരു ക്ഷുദ്രാവതാരത്തിന്റെ നേര്‍ പ്രത്യക്ഷമുണ്ടായത്. കലാമിന്റെ പുസ്തകം പ്രകാശനം ചെയ്യേണ്ടിയിരുന്നത് ഗുജറാത്തിലെ അഹമദാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നാരായണാശ്രമത്തിലെ സ്വാമി ബ്രഹ്മവിഹാരി ബോസ് ആയിരുന്നു. ഈ സ്വാമിക്ക് സ്ത്രീകള്‍ ചതുര്‍ത്ഥിയാണത്രേ. വേദിയിലും സദസ്സിന്റെ മുന്‍നിരകളില്‍ പോലും ഇയാള്‍ക്കു സ്ത്രീ സാന്നിധ്യം നിഷിദ്ധം. അതുകൊണ്ട് പുസ്തക പ്രസാധകര്‍ പ്രകാശന ചടങ്ങില്‍ നിന്നു പുസ്തകത്തിന്റെ വിവര്‍ത്തകയായ ശ്രീദേവി കര്‍ത്തയോട് അകന്നു നില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നാണ് വാര്‍ത്ത. സ്വാമിക്കൂട്ടങ്ങളൊന്നും ഈയൊരു വാര്‍ത്ത നിഷേധിച്ചിട്ടില്ല. പ്രസാധകര്‍ പക്ഷേ ഇതംഗീകരിക്കുകയും ചെയ്തു. വിവര്‍ത്തകയായ ശ്രീദേവി നവമാധ്യമത്തിലൂടെ ഹീനമായ ഈ സാമൂഹ്യ വിവേചനം പുറത്തറിയിച്ചതോടെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്ത് രോഷമിരമ്പിയപ്പോള്‍ സ്വാമിക്കൂട്ടങ്ങളും പ്രസാധകരും പതുങ്ങി രക്ഷപ്പെട്ടു. തല്‍ക്കാലം. സമയവും ഒത്ത സന്ദര്‍ഭങ്ങളും പ്രാപ്തമാവുമ്പോള്‍ പൂര്‍വ്വാധികം ശേഷിയോടെ ഇത്തരം ക്ഷുദ്രതകള്‍ അരങ്ങത്താടുക തന്നെ ചെയ്യും എന്നതാണ് സത്യം.
ഈ സ്വാമിമാരും പൗരോഹിത്യ പരിഷകളും എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്. ദൈവത്തെയോ മതശാസനകളുടെ വിശുദ്ധ പ്രമാണങ്ങളേയോ. ഒരു മൗലിക പ്രമാണങ്ങളും ഇങ്ങനെയൊരു പരസ്യമായ അവമതിപ്പിനു കൂട്ടുനില്‍ക്കുന്നതല്ല. സിത്രീ അശ്രീകരമാവുന്നത് എങ്ങിനെയാണ്. ദുര്‍ഗയും ദേവിയും സരസ്വതിയും ലക്ഷ്മിയുമൊക്കെ ദേവിമാരും ദൈവങ്ങളുമായി നില്‍ക്കുന്ന ഒരു പ്രമാണ മണ്ഡലത്തില്‍ അതിന്റെയൊക്കെ മൊത്തം നടത്തിപ്പുകാരെന്നു സ്വയം നടിക്കുന്ന സന്യാസിമാര്‍ക്ക് സ്ത്രീകളെ കാണുന്നതു തന്നെ അലോസരമാകുന്നത് ഇവരൊക്കെ എത്രമാത്രം പുരുഷ കേന്ദ്രീകൃത സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നതിന്റെ തന്നെ നേര്‍ക്കാഴ്ചയാണ്. പുസ്തക പ്രകാശനം പോലെ നിരുപദ്രവമായ ഒരു ചടങ്ങില്‍ പോലും സ്ത്രീ സാന്നിധ്യം പാടില്ലെന്നു പറയുമ്പോള്‍ ഇവര്‍ക്കൊന്നും സ്ത്രീകളെ വിശുദ്ധമായ മാതൃസ്ഥാനത്തിരുത്തി ആദരിക്കാന്‍ പറ്റാത്തത്ര അപായ വസ്തുവാണോ ഈ സമൂഹം. അതോ മാതാവ്, സഹോദരി എന്നീ തലങ്ങളില്‍ സ്ത്രീകളെ ആദരിക്കുന്നതിനു പകരം ദൃശ്യത്തില്‍ പോലും ഇവര്‍ ഭോഗചേതന ഉണര്‍ത്തുംവിധം അപകടകാരികളോ വെറുക്കപ്പെടുന്ന അസുരജന്മങ്ങളോ. എന്താണു നമ്മുടെ ആചാര്യന്‍മാര്‍ക്ക് സംഭവിച്ചത്. ഇവര്‍ക്കൊന്നും അമ്മയേയും സഹോദരിമാരേയും സങ്കല്‍പ്പിക്കാന്‍ സാധിക്കാതെ വന്നോ. അതേ വേദിയിലും സദസ്സിന്റെ മുന്‍നിരകളിലും ഈ സ്ത്രീ രൂപങ്ങളെ കണ്ടാല്‍ യോഗദണ്ഡും ദീക്ഷയും പറന്നു പോകുമോ. രാക്ഷസ രാജാവിന്റെ കൊട്ടാരത്തില്‍ പണ്ടു വൈദേഹി പോലും എത്ര സുരക്ഷിതയായിരുന്നു. ദീര്‍ഘമായ കാട്ടു ജീവിതത്തില്‍ സീതയോട് എത്ര അനുതാപത്തിലും ആദരവിലുമാണ് ലക്ഷ്മണന്‍ പെരുമാറിയത്.
അല്ലെങ്കില്‍ ആര്യപ്രോക്തമായ സനാതന സംഹിതകള്‍ എന്നും സ്ത്രീവിരുദ്ധവും പുരുഷ കേന്ദ്രീകൃതവുമാണ്. സ്ത്രീ കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റേയും യുവതിയായാല്‍ ഭര്‍ത്താവിന്റേയും മാതാവായാല്‍ ആണ്‍മക്കളുടേയും സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാകണമെന്നും സ്ത്രീ സ്വാതന്ത്ര്യത്തിനേ അര്‍ഹതയില്ലെന്നും സ്മൃതികളില്‍ പ്രമാണ രേഖയാക്കിയവര്‍ക്ക് ഇതൊരു സംഘര്‍ഷമേയല്ല. അവരോട് ഇതൊന്നും ചൊല്ലുന്നതിലും കാര്യമേതുമില്ല. പുരുഷനാണ് സമൂഹ വിധാതാവെന്നും സ്ത്രീ അവന്റെ ജീവിത കാമനകള്‍ക്കു മാത്രമുള്ള നിരവധി ഉപകരണങ്ങളില്‍ ഒന്നാണെന്നുമാണോ ഈ മഹാസംസ്‌കൃതിയുടെ പുതിയ ആചാര്യന്‍മാരുടെ പ്രമാണം. പശുവിനേയും എലികളേയും വരാഹത്തേയും പോത്തിനേയുമൊക്കെ ദൈവിക പദിവിയിലിരുത്തി ആരവോടെ പരിഗണിക്കുന്ന ആളുകള്‍ക്ക് 'യശോധ'യുടേയും 'കൗസല്യ'യുടേയും 'രാധ'യുടേയും സമൂഹത്തെ എന്തുകൊണ്ട് അംഗീകരിക്കാന്‍ കഴിയാതെ പോകുന്നു. അല്ലെങ്കിലും വൈരാഗികളും പരിത്യാഗികളുമായ ഈ മഹാമുനിമാര്‍ക്ക് ആള്‍ക്കൂട്ടത്തില്‍ ഉച്ചവെളിച്ചത്തില്‍ നിര്‍ദോഷമായ ഒരു പൊതുചടങ്ങില്‍ ഒരു സ്ത്രീയെ കണ്ടെന്നാല്‍ എന്ത് ഇളക്കമാണ് സംഭവിക്കുക. തീര്‍ച്ചയായും പ്രബുദ്ധ കേരളം ഇത്തരം പ്രതിലോമ സ്വാമിമാരെ നമ്മുടെ സാംസ്‌കാരിക തലസ്ഥാനത്തുനിന്ന് തുരത്തി എന്നത് ആശ്വാസം. അപ്പോഴും നിലനില്‍ക്കുന്ന ഒരുപാട് ഇരുട്ടുകളുണ്ട്.
ഇതുപോലുള്ള സംഭവങ്ങളോട് എന്നും നമ്മുടെ മതേതര പൊതുമണ്ഡലം സ്വീകരിച്ച പക്ഷപാതമാണ് അല്‍ഭുതം. അന്നേ ദിവസം തൃശൂരില്‍ നേരിയ കോലാഹലമുണ്ടായി എന്നതൊഴിച്ചാല്‍ നമ്മുടെ മതേതര ലോകം പൊതുവേ നിശ്ശബ്ദവും നിര്‍വികാരവുമായിരുന്നു. തീര്‍ത്തും ലഘുവായ ഒരു സാംസ്‌കാരിക ലംഘനം പോലുമായി അവരൊന്നും അത് കണ്ടതേയില്ല. വാചാലമായ മൗനം കൊണ്ടവര്‍ അതിനെ അനുഗ്രഹിച്ചു. ഇനിയിതൊരു ഇസ്‌ലാമിക സദസ്സില്‍ സംഭവിച്ചതായിരുന്നുവെങ്കില്‍ എങ്ങനെയാകും ഈ കോലാഹലമെന്നതാണ്. ഒരു സമുദായം മൊത്തമായി സമൂഹ മധ്യത്തില്‍ അവമതിക്കപ്പെടും. ഇതിപ്പോള്‍ മൃദു ഹിന്ദുത്വം പൊതുബോധമായി വികസിച്ചതിന്റെ ഫലവും കൂടിയാണ്. അല്ലെങ്കില്‍ സമൂഹത്തിന്റെ അര്‍ധഭാഗമായ സ്ത്രീജനം ഇവ്വിധം അപമാനിക്കപ്പെട്ടതു നിസ്സാരമായിപ്പോകുമായിരുന്നില്ല.