ലിംഗനീതിയുടെ ഇസ്‌ലാമിക പാഠങ്ങള്‍

മുഹമ്മദ് ശമീം No image

പ്രത്യേകം സ്ത്രീയേയോ പുരുഷനേയോ പരാമര്‍ശിച്ചു കൊണ്ടുള്ളതല്ലാത്ത പൊതു നിയമങ്ങളുടെ കാര്യത്തിലെല്ലാം തുല്യമായ ബാധ്യതകളാണ് ഇസ്ലാം രണ്ടു കൂട്ടരിലും ചുമത്തുന്നത്. പൊതുജീവിതത്തിന്റെ കാര്യത്തിലും ഇതേ നിലപാടാണുള്ളത് (അത്തൗബ : 71, അല്‍ മുംതഹന : 12). അല്‍ മുംതഹന പന്ത്രണ്ടാം സൂക്തം സ്ത്രീകളില്‍ നിന്ന് പ്രത്യേകമായി ബൈഅത്ത് സ്വീകരിക്കാന്‍ പ്രവാചകനോടു കല്‍പിക്കുന്നു. ഭരണ നേതൃത്വത്തിന് പൗരന്മാര്‍ നല്‍കുന്ന സത്യവാങ്മൂലവും കൂടിയാണ് ബൈഅത്ത്. സ്വാഭാവികമായും വോട്ടു ചെയ്യുന്നതിലും മറ്റ് ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളിലും പെണ്ണിന്റെ പങ്കാളിത്തത്തെ പ്രത്യേകമായിത്തന്നെ കല്‍പിച്ചു സ്ഥാപിക്കുകയാണിവിടെ ഖുര്‍ആന്‍ ചെയ്യുന്നത്. മക്കാവിജയ ഘട്ടത്തില്‍ സ്ത്രീകളില്‍ നിന്ന് ബൈഅത്ത് സ്വീകരിക്കാന്‍ പ്രവാചകന്‍ ഉമറിനെ പ്രത്യേകമായേല്‍പിക്കുകയുണ്ടായി. പെരുന്നാള്‍ നിസ്‌കാരാനന്തരം നബിതിരുമേനി അവിടെ ഒത്തുചേര്‍ന്ന സ്ത്രീകളോട് പ്രത്യേകമായി സംസാരിക്കുകയും അവരുടെ ബൈഅത്ത് പുതുക്കുകയും ചെയ്തിരുന്നു (ബുഖാരി). ഭരണപരവും രാഷ്ട്രീയവുമായ കാര്യങ്ങളിലുള്ള സ്ത്രീയുടെ അവകാശങ്ങളെയും പങ്കാളിത്തത്തെയും ഇവിടെയെല്ലാം ഉറപ്പു വരുത്തുന്നു. ഇത്തരം കാര്യങ്ങളില്‍ ചില പ്രത്യേക സംഭവങ്ങളും നബിയുടെ ജീവിതത്തില്‍ നിന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഉമ്മു ഹാനി ബിന്‍ത് അബീത്വാലിബ് എന്ന മുസ്ലിം വനിത ശത്രു സേനയിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് രാഷ്ട്രീയാഭയം നല്‍കുകയുണ്ടായി. ഇക്കാര്യത്തില്‍ അവരെ പലരും ആക്ഷേപിച്ചുവെങ്കിലും നബി അവരോടിങ്ങനെ പ്രതികരിച്ചു: 'ഉമ്മു ഹാനി, നീ അഭയം നല്‍കിയവര്‍ക്ക് നാമും അഭയം നല്‍കിയിരിക്കുന്നു. ആരുടെ സമാധാനവും നിര്‍ഭയത്വവും നീ ഏറ്റെടുത്തിട്ടുണ്ടോ അവരുടെ സമാധാനം നാമും ഉറപ്പു വരുത്തുന്നതാകുന്നു' (ഇബ്‌നു ഇസ്ഹാഖ്, ബുഖാരി). മക്കാവിജയത്തിനു ശേഷം നബി തിരുമേനിക്ക് ബൈഅത്തു നല്‍കിയ ഉമ്മുഹാകിം എന്ന സ്ത്രീ തന്റെ ഭര്‍ത്താവിനെ നബി പ്രഖ്യാപിച്ച പൊതു മാപ്പില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് അതംഗീകരിച്ചു. ബദ്‌റിലെ പോരില്‍ ശത്രുപക്ഷത്തിന്റെ നേതാവായിരുന്ന അബൂജഹലിന്റെ മകന്‍, അപ്പോഴും ഇസ്ലാമുമായി യുദ്ധത്തിലായിരുന്ന ഇക്‌രിമയായിരുന്നു ഉമ്മുഹാകിമിന്റെ ഭര്‍ത്താവ്.
അതേയവസരം, സ്ത്രീ പുരുഷന്മാരുടെ, ശാരീരികവും മാനസികവുമായ പ്രകൃതങ്ങളിലുള്ള വ്യത്യാസത്തിനനുസരിച്ച് നിയമപരവും മറ്റുമായ വിശദാംശങ്ങളിലും ഉത്തരവാദിത്തങ്ങളിലും വ്യത്യാസങ്ങള്‍ കല്‍പിച്ചിട്ടുണ്ട് ഇസ്ലാം. പ്രകൃതത്തിലും ഉത്തരവാദിത്തങ്ങളിലുമുള്ള ഭിന്നതയെക്കുറിച്ച പാഠങ്ങളും വിവേചനവും വ്യത്യസ്തമാണ്. വിഭിന്നം എന്നതോടൊപ്പം പരസ്പരപൂരകമാണ് ഈ ബാധ്യതകളും രണ്ടു വിഭാഗത്തിന്റെയും അവകാശങ്ങളും. 'വിശ്വാസം കൈക്കൊണ്ട പുരുഷന്മാരും സ്ത്രീകളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. നിസ്‌കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്തു നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുകതന്നെ ചെയ്യും. നിശ്ചയം, അല്ലാഹു സകലര്‍ക്കും അജയ്യനും യുക്തിമാനുമാകുന്നു' (അത്തൗബ : 71). 'സ്ത്രീയാവട്ടെ പുരുഷനാവട്ടെ, നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളിലൊരു വിഭാഗം മറുവിഭാഗത്തില്‍ നിന്നുള്ളവര്‍ തന്നെയാണല്ലോ' (ആലു ഇംറാന്‍ : 195). മാതാക്കളുടെയും പിതാക്കളുടെയും, ഭാര്യമാരുടെയും ഭര്‍ത്താക്കന്മാരുടെയും എന്നിങ്ങനെ വേറിട്ടുള്ള ചില പരാമര്‍ശങ്ങള്‍ വ്യത്യാസത്തിനുദാഹരണങ്ങളാണ്. എന്നാല്‍ രണ്ടും ഒരു പോലെ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നതിന്റെ തെളിവാണ് ഉദ്ധരിച്ച സൂക്തങ്ങള്‍. രണ്ടുത്തരവാദിത്തങ്ങള്‍ക്കും ശേഷി ശേമുഷികളുടെ വിനിയോഗം ആവശ്യമാണ്. രണ്ടും മതസദാചാര നിയമങ്ങള്‍ക്ക് ഒരു പോലെ വിധേയവുമാണ്. കുടുംബത്തില്‍ നേതൃസ്ഥാനം പുരുഷനു നല്‍കിയതും ഇപ്രകാരം കാണേണ്ടതാണ്. നേതാവ് അധികാരിയല്ല. കുടുംബപരിപാലനവുമായി ബന്ധപ്പെട്ട, നേതൃപരമായ സിദ്ധി ആണിനാണുള്ളതെന്ന ന്യായം ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്. പുരുഷന്‍ സ്ത്രീയുടെ കാര്യത്തില്‍ ഉത്തരവാദിത്വമുള്ളവനാകുന്നുവെന്ന സൂക്തത്തില്‍ത്തന്നെ തുടര്‍ന്നിങ്ങനെ പറയുന്നതു കാണാം: 'അല്ലാഹു അവരില്‍ ഒരു വിഭാഗത്തിന് (പുരുഷന്) മറുവിഭാഗത്തെ (സ്ത്രീ)ക്കാള്‍ ശേഷി നല്‍കിയതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാകുന്നു അത്' (അന്നിസാഅ് : 34). അതേസമയം പ്രകൃതിപരമായ ശേഷിയിലുള്ള വ്യത്യാസം മാത്രമാണിവിടെ സൂചിതമാകുന്നത്. 'മറിച്ച് പുരുഷന് കൂടുതല്‍ മാന്യതയും മഹത്വവും അന്തസ്സും നല്‍കി എന്ന അര്‍ഥത്തിലല്ല ഈ പ്രയോഗം' (സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, തഫ്ഹീമുല്‍ ഖുര്‍ആന്‍). അതോടൊപ്പം തന്നെ, ചെലവഴിക്കാന്‍ നിയമപരമായി ബാധ്യസ്ഥയല്ലെങ്കില്‍പ്പോലും പെണ്ണിന് സമ്പാദിക്കാനുള്ള അവകാശത്തെ ഇസ്ലാം തടയുന്നില്ല. 'പുരുഷന്മാര്‍ സമ്പാദിച്ചതനുസരിച്ച വിഹിതം അവര്‍ക്കുണ്ട്; സ്ത്രീകള്‍ സമ്പാദിച്ചതനുസരിച്ച വിഹിതം അവര്‍ക്കുമുണ്ട്' (അന്നിസാഅ് :32). നല്ലതും തിയ്യതുമായ കര്‍മങ്ങളുടെ ഫലാനുഭവവും മാനസികമോ കായികമോ ആയ അധ്വാനം ചെലവഴിച്ചു നേടുന്ന സമ്പത്തും ഇതില്‍പ്പെടും. അതായത്, സ്ത്രീയുടെ സാമ്പത്തികമായ സ്വയം പര്യാപ്തതയെയും അവകാശങ്ങളെയും കുറിച്ച് ഖുര്‍ആന്‍ വ്യക്തമായ കല്‍പനകള്‍ പുറപ്പെടുവിക്കുന്നുവെന്നര്‍ത്ഥം.
സത്യത്തില്‍ അന്നത്തെ അറബ് സമൂഹത്തിന്റെ ആചാരമനുസരിച്ച് സ്ത്രീ തന്നെ അനന്തരസ്വത്തായി പരിഗണിക്കപ്പെട്ടിരുന്നു. ഒരാള്‍ മരിച്ചാല്‍ അയാളുടെ ഭാര്യയെ അയാളുടെ മറ്റേതെങ്കിലും ഭാര്യയിലുള്ള മകനോ സഹോദരനോ ജാമാതാവിനോ തന്റെ വെപ്പാട്ടിയെന്ന നിലക്കോ ഭാര്യയെന്ന നിലക്കോ സ്വന്തമാക്കാനുള്ള അധികാരം വരെ ഉണ്ടായിരുന്നു. ഇതില്‍ ഇടപെട്ടു കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെയൊരു നിയമം പുറപ്പെടുവിച്ചു: 'സത്യത്തിന്റെ അനുഗാതാക്കളേ, സ്ത്രീകളെ ബലാല്‍ അനന്തരമെടുക്കാനുള്ള യാതൊരവകാശവും നിങ്ങള്‍ക്കില്ല' (അന്നിസാഅ് 19). ഇപ്രകാരം ഒരാളുടെ ഭാഗിക്കപ്പെടേണ്ടുന്ന അനന്തരസ്വത്ത് എന്ന നിലക്ക് അയാളുടെ പെണ്ണിനെയും പരിഗണിച്ചിരുന്ന സമൂഹത്തില്‍ ആ അവസ്ഥയില്‍ നിന്ന് അവളെ മുക്തയാക്കിയതിനു പുറമേ അവള്‍ക്ക് തന്നെയും അനന്തരസ്വത്തില്‍ സ്വതന്ത്രപങ്കാളിത്തം നല്‍കിക്കൊണ്ടാണ് ഈ വിഷയത്തില്‍ ഖുര്‍ആന്‍ അതിന്റെ വിപ്ലവം പൂര്‍ത്തീകരിച്ചത്. 'മാതാപിതാക്കളും മറ്റ് ബന്ധുക്കളും വിട്ടേച്ചു പോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും മറ്റ് ബന്ധുക്കളും വിട്ടേച്ചു പോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. ആ അനന്തരസ്വത്ത് എത്ര കൂടുതലായാലും എത്ര കുറവായാലും അവരുടെ വിഹിതം എന്നത് അല്ലാഹുവിന്റെ തീരുമാനമാകുന്നു'(അന്നിസാഅ് 7). ഇങ്ങനെ കിട്ടുന്നതോ അല്ലാത്തതോ ആയ സമ്പത്തിന്റെ വികാസം, നിക്ഷേപം, ലാഭം മുതലായ കാര്യങ്ങളിലും മുകളില്‍പ്പറഞ്ഞതു പോലെ ആണിനും പെണ്ണിനും ഒരു പോലെ സ്വതന്ത്രപരമാധികാരവും ഖുര്‍ആന്‍ നല്‍കുന്നുണ്ട്. 'ആണുങ്ങള്‍ക്ക് അവര്‍ സമ്പാദിച്ചതിന്റെ വിഹിതമുണ്ട്, പെണ്ണുങ്ങള്‍ക്കും അവര്‍ സമ്പാദിച്ചതിന്റെ വിഹിതമുണ്ട്. നിങ്ങള്‍ അല്ലാഹുവോട് അവന്റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുവിന്‍, നിശ്ചയം അല്ലാഹു എല്ലാമറിയുന്നവനത്രേ' (അന്നിസാഅ് 32).

സ്ത്രീ പ്രവാചകന്റെ കണ്ണിലും മനസ്സിലും
ഈമാനിന്റെയും നന്മയുടെയും പൂര്‍ണത ഒരാണിനെസ്സംബന്ധിച്ചേടത്തോളം, സ്ത്രീയോടുള്ള അയാളുടെ പെരുമാറ്റത്തിന്റെ ആധാരത്തിലാണ് അളക്കപ്പെടുക എന്ന് പഠിപ്പിക്കുന്ന പ്രവാചകവചനങ്ങളുണ്ട്. സ്വഭാവത്തില്‍ വിശുദ്ധിയുള്ളവനാണ് നിങ്ങളില്‍ ഈമാനില്‍ പൂര്‍ണതയുള്ളവന്‍, നബിതിരുമേനി പറഞ്ഞു. എന്നിട്ടവിടുന്ന് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, എന്നാല്‍ നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ അവരുടെ സ്ത്രീകളോട് ഏറ്റവും ശ്രേഷ്ഠമായി പെരുമാറുന്നവനത്രേ.
പ്രവാചകന്റെ ജീവിതത്തെയും പില്‍ക്കാലത്ത് ഇസ്ലാമിന്റെ തന്നെ വളര്‍ച്ചയെയും കാര്യമായി സ്വാധീനിച്ചിട്ടുള്ള ഒട്ടേറെ സ്ത്രീകളുണ്ട്. അവിടുത്തെ പത്‌നി ഖദീജ തന്നെ അതില്‍ ഒന്നാമത് നില്‍ക്കുന്നത്. ഖദീജയുടെ വിയോഗശേഷം തന്റെ ജീവിതാവസാനം വരെ അവരുടെ ബന്ധുക്കളോടും നബി അങ്ങേയറ്റം ആദരവ് വെച്ചുപുലര്‍ത്തിയിരുന്നു. തന്റെ ഭാര്യമാരില്‍ വൈകാരികമായി നബിയെ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യക്തിയായിരുന്നു ഖദീജ. ഒപ്പം അപാരമായ ധീരതയും കരുത്തും അവര്‍ക്കുണ്ടായിരുന്നു. ഇതാണ് പ്രബോധനത്തിന്റെ ആദ്യഘട്ടങ്ങളില്‍ നബിക്ക് തന്നെ താങ്ങായി വര്‍ത്തിച്ചത്. ഇതുപോലെ ധൈഷണികവും ബൗദ്ധികവുമായി നബിയെ സ്വാധീനിച്ചിട്ടുള്ള പത്‌നിമാരാണ് ആയിശയും ഉമ്മുസലമയും.
മക്കയിലെ നേതാക്കന്മാരുമായി നബി ഒപ്പു വെച്ച ഹുദൈബിയാ സന്ധി പ്രത്യക്ഷത്തില്‍ മുസ്ലിംകള്‍ അടിയറവു പറഞ്ഞതിനു തുല്യമായിരുന്നു. അതേസമയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുഹമ്മദ് നബിയുടെ പ്രസ്ഥാനത്തിന് ഏറ്റവും സഹായകമായ ഒന്നായിത്തീര്‍ന്നു അത്. എന്നാല്‍ ഭാവിയിലുണ്ടാകാവുന്ന ഗുണങ്ങളെപ്പറ്റി വേണ്ടത്ര ബോധമില്ലാത്തതു കൊണ്ടു തന്നെ നബിയുടെ കൂടെയുണ്ടായിരുന്നവര്‍ അസ്വസ്ഥരായി. മദീനയില്‍ നിന്നും മക്കയിലേക്ക് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ടതായിരുന്നു നബിയും സംഘവും. കരാര്‍ പ്രകാരം ഉംറ നിര്‍വഹിക്കാതെയാണ് അവര്‍ തിരിച്ചു പോകേണ്ടത്. തല്‍ക്കാലം എല്ലാവരും മുടി മുറിച്ച് ബലിയര്‍പ്പിക്കാന്‍ നബി തിരുമേനി ആവശ്യപ്പെട്ടെങ്കിലും 'അനാവശ്യമായ ഒരടിയറവിന്റെ അസ്വാസ്ഥ്യത്തില്‍ നില്‍ക്കുകയായിരുന്ന അനുചരന്മാര്‍ അതു ഗൗനിച്ചതേയില്ല. ഇതോടെ ദുഃഖാകുലനായി തന്റെ കൂടാരത്തിലേക്കു വന്ന നബിയുടെ മുഖഭാവം കണ്ട് ഉമ്മുസലമ കാര്യമന്വേഷിച്ചു. അദ്ദേഹം കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ അവര്‍ പറഞ്ഞു, നബിയേ, താങ്കളെ താങ്കളുടെ ജനത ഒരിക്കലും ധിക്കരിക്കില്ല. ചെയ്യാന്‍ ആവശ്യപ്പെടുന്നതിനു പകരം താങ്കള്‍ ആദ്യം അതങ്ങു ചെയ്യൂ. അവരെല്ലാവരും താങ്കളെ അനുകരിക്കുക തന്നെ ചെയ്യും, തീര്‍ച്ച.
ഉമ്മുസലമയുടെ വാക്കുകള്‍ നബിക്ക് പുതുജീവന്‍ പകര്‍ന്നു. അവിടുന്ന് നേരെ ചെന്ന് തന്റെ മുടി മുറിക്കുകയും ബലി നല്‍കുകയും ചെയ്തു. അതോടെ അനുചരന്മാരും കൂട്ടത്തോടെ അപ്രകാരം ചെയ്തു. ഇവിടെ നബിയുടെ അനുചരന്മാരെ തിരിച്ചറിയുന്നതിലും അവിടുത്തേക്ക് ഊര്‍ജം പകരുന്നതിലും അസ്വാസ്ഥ്യമകറ്റി കര്‍മോല്‍സുകനാകാന്‍ പ്രേരിപ്പിക്കുന്നതിലും ഉമ്മുസലമ പ്രകടിപ്പിച്ച ശേഷി പ്രത്യേകം പ്രസ്താവ്യമാണ്. ഇപ്രകാരം പല സന്ദര്‍ഭങ്ങളിലും അവര്‍ പ്രവാചകന് താങ്ങായി വര്‍ത്തിച്ചിട്ടുണ്ട്.
പ്രവാചകാനുചരന്മാരില്‍ വിജ്ഞാനം കൊണ്ടും ധിഷണ കൊണ്ടും ഏറ്റവും ഉയര്‍ന്നു നിന്ന ചിലരില്‍പ്പെടും ആയിശയും ഉമ്മുസലമയും. ഒരു ശിഷ്യപരമ്പര തന്നെയുണ്ട് ആയിശക്ക്. മദീനയിലെ ഏഴ് ഫുഖഹാ എന്നറിയപ്പെട്ടിരുന്ന, ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ പണ്ഡിതന്മാരിലൊരാളായ ഉര്‍വത് ബ്‌നു സുബൈര്‍ ആയിശയുടെ ശിഷ്യനാണ്. സ്ത്രീകള്‍ക്കു വേണ്ടി അവര്‍ ഒരു വിദ്യാലയം തുടങ്ങി. അതില്‍ അവരുടെ ക്ലാസ്സുകള്‍ ശ്രവിക്കാന്‍ വേണ്ടി പുരുഷന്മാരും വരാറുണ്ടായിരുന്നു. നിങ്ങള്‍ നിങ്ങളുടെ ദീനിന്റെ ഒരു ഭാഗം ഹുമൈറയില്‍ നിന്ന് ഗ്രഹിക്കുക എന്ന് നബി പറഞ്ഞിട്ടുണ്ട്. ആയിശയെ നബി വിളിച്ചിരുന്ന ചെല്ലപ്പേരാണ് ഹുമൈറ. ഹദീസുകളിലെ പല റിപ്പോര്‍ട്ടുകളെയും ആയിശ തിരുത്തിയിട്ടുണ്ട്, പ്രത്യേകിച്ചും സ്ത്രീവിരുദ്ധപരാമര്‍ശങ്ങളടങ്ങിയ ഹദീസുകളെ. ഓരോന്നിലും നബി അങ്ങനെ പറഞ്ഞിട്ടില്ലെന്നു തന്നെയായിരുന്നു നബിയുടെ പ്രിയപത്‌നിയുടെ ഖണ്ഡനം. വീട്, കുതിര, സ്ത്രീ എന്നിവ ശകുനപ്പിഴകളായിത്തീരും എന്ന ഒരു ഹദീസ് പ്രചാരത്തിലുണ്ട്. ആയിശ ഇതേപ്പറ്റി ഇങ്ങനെ പറഞ്ഞു: കാര്യങ്ങളെ തെറ്റായി മനസ്സിലാക്കാതിരിക്കൂ. നബി പറഞ്ഞത്, അല്ലാഹു ഇസ്രായേല്യരെ നേര്‍വഴിയിലാക്കട്ടെ, വീടും കുതിരയും പെണ്ണും ഭാഗ്യദോഷം വരുത്തും എന്ന് അവര്‍ പറയുന്നു എന്നാണ്.
നിസ്‌കരിക്കുന്ന ഒരാള്‍ക്കു മുന്നിലൂടെ കടന്നുപോകുന്ന നായയും കഴുതയും സ്ത്രീയും അയാള്‍ക്കും ഖിബ്‌ലയ്ക്കും ഇടയില്‍ കടന്നു വന്ന് നിസ്‌കാരത്തെ തടസ്സപ്പെടുത്തുകയും കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍ പ്രചാരമുള്ള മറ്റൊരു ഹദീസിനെക്കുറിച്ചും ആയിശയുടെ പ്രതികരണം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പല കാര്യങ്ങളിലും സംശയമുണ്ടാവുമ്പോള്‍ അതിന്റെ നിവാരണത്തിനായി വിശ്വാസികള്‍ ആയിശയെ സമീപിക്കാറുണ്ട്. അങ്ങനെയൊരു സന്ദര്‍ഭത്തില്‍ ചിലര്‍ ഇതേപ്പറ്റി അവരോട് ചോദിച്ചു. അപ്പോളവര്‍ പ്രതികരിച്ചത്, നിങ്ങള്‍ ഞങ്ങളെ നായ്ക്കളോടും കഴുതകളോടും താരതമ്യം ചെയ്യുകയാണോ? എന്നാല്‍ നബിക്കും ഖിബ്‌ലക്കുമിടയില്‍ കിടക്കയില്‍ കിടന്നു കൊണ്ട് പലപ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ നിസ്‌കാരം വീക്ഷിച്ചിട്ടുണ്ട്. ചില റിപ്പോര്‍ട്ടുകളില്‍ നബി തിരുമേനി നിസ്‌കാരത്തില്‍ പ്രണാമത്തിലേക്കു പോകുമ്പോള്‍ മുന്നില്‍ കിടക്കുന്ന ആയിശയുടെ കാലില്‍ തൊടുകയും അപ്പോള്‍ അവര്‍ കാല്‍ മടക്കിവെച്ച്, പ്രണാമത്തില്‍ നിന്ന് നബി ഉയരുന്ന സമയത്ത് വീണ്ടും നീട്ടിവെക്കുകയും ചെയ്യുമായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകളുടെ ആര്‍ത്തവവും മറ്റുമായി ബന്ധപ്പെട്ട് തെറ്റായി പ്രചരിച്ചിരുന്ന ചില കാര്യങ്ങളെയും ആയിശയും മറ്റ് പ്രവാചകപത്‌നിമാരും തിരുത്തിയതായി കാണാം. മനുഷ്യനില്‍ താല്‍ക്കാലികമായോ സ്ഥിരമായോ അശുദ്ധി ആരോപിക്കുന്ന പരാമര്‍ശമൊന്നും ഖുര്‍ആനിലില്ല. അശുദ്ധാവസ്ഥയെ സൂചിപ്പിച്ചു കൊണ്ട് കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ സൂചിപ്പിക്കുന്ന ഹദസ് എന്ന പദം പോലും ഖുര്‍ആനിലോ ഹദീസിലോ ഇല്ലാത്തതാണ്. മാത്രവുമല്ല ഹദസ് എന്ന പദത്തിനു തന്നെ അശുദ്ധി എന്ന് അര്‍ത്ഥവുമില്ല. പുതുതായി വന്നു ചേര്‍ന്ന അവസ്ഥയെ സൂചിപ്പിക്കുന്ന പദമാണ് അത്. വുദു ചെയ്യുന്നത് ഖുര്‍ആന്റെ കല്‍പനയില്‍ വായിച്ചാല്‍ നിസ്‌കാരത്തിനു വേണ്ടിയുള്ള ഒരുക്കമായാണ് മനസ്സിലാക്കാന്‍ പറ്റുക. വുദുവെടുത്ത് വൃത്തിയാവാന്‍ വേദഗ്രന്ഥം കല്‍പിക്കുന്നു. ഇതിനാകട്ടെ, നിസ്‌കാരത്തിന്റേതായ മാനസികാവസ്ഥയിലേക്ക് പ്രവേശിക്കുക എന്നതല്ലാതെ അതിനുമുമ്പ് തീണ്ടലും തൊടീലും പറ്റാത്ത അവസ്ഥയിലോ അയിത്തത്തിലോ ആയിരുന്നുവെന്ന് അര്‍ത്ഥമില്ല. ലൈംഗികബന്ധത്തെത്തുടര്‍ന്നുള്ള അവസ്ഥക്ക് ജനാബത്ത് എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുണ്ട്. അകന്നിരിക്കുന്ന അവസ്ഥ എന്ന് ഈ വാക്കിന് അര്‍ത്ഥമുണ്ടെങ്കിലും അശുദ്ധി എന്ന നിലക്കല്ല ഇതും പരിഗണിക്കപ്പെട്ടിരുന്നത്. പുതുതായ അവസ്ഥ എന്ന നിലക്ക് കര്‍മശാസ്ത്രഭാഷയില്‍ ഹദസ് എന്നു പറയാം. എന്നാല്‍പ്പോലും നിസ്‌കാരമല്ലാത്ത ഒന്നും ജനാബത്ത് ഉള്ളവര്‍ക്ക് നിര്‍ബന്ധപൂര്‍വം വിലക്കുന്നില്ല. എന്തിന്, ജനാബത്തില്‍ ആയിരിക്കുന്നവര്‍ക്ക് നോമ്പു നോറ്റവരായിക്കൊണ്ട് ഉറക്കമുണരുന്നതു പോലും വിലക്കപ്പെട്ടിട്ടില്ല. രതിവേഴ്ചയുടെ സന്ദര്‍ഭത്തില്‍ ധരിച്ചിരുന്ന വസ്ത്രമുടുത്തു കൊണ്ടു തന്നെ പ്രാര്‍ത്ഥനയിലും ഏര്‍പ്പെടുന്നതില്‍ ഒരു തെറ്റുമില്ലെന്ന് ഉമ്മുഹബീബ എന്ന പ്രവാചക പത്‌നി സാക്ഷ്യപ്പെടുത്തുന്നു.
അശുദ്ധാവസ്ഥ എന്ന് വ്യവഹരിക്കുന്നേടത്ത് തൊടീലും തീണ്ടലും പ്രശ്‌നമാകുന്നുണ്ട്. ജാതിവ്യവസ്ഥക്കു കീഴില്‍ ജാതിയില്‍ താഴ്ന്നവര്‍ തൊട്ടു കൂടാത്തവരായി ഗണിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് അവരുടെ ആര്‍ത്തവസന്ദര്‍ഭങ്ങളില്‍ തീണ്ടാരി കല്‍പിക്കപ്പെടുന്ന ആചാരം പല കാലത്തും പലേടങ്ങളിലും നിലനിന്നിരുന്നു. ഖുര്‍ആന്‍ ആര്‍ത്തവത്തെ അശുദ്ധം (അയിത്തം) ആയി പരിഗണിക്കുന്നില്ല. സൂറഃ അല്‍ബഖറയിലെ ഇരുനൂറ്റി ഇരുപത്തി രണ്ടാം മന്ത്രത്തില്‍ ആര്‍ത്തവത്തെ അദന്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അയിത്തം, തീണ്ടാരി തുടങ്ങിയ നാട്ടാചാരങ്ങളെ കുറിക്കുന്ന തരത്തില്‍ അശുദ്ധം എന്നര്‍ത്ഥമുള്ള വാക്കല്ല അത്. എന്നല്ല, അതിന് അശുദ്ധം എന്ന അര്‍ത്ഥമേയില്ല. കവിഞ്ഞാല്‍ കലര്‍പ്പ് എന്നും മാലിന്യം എന്നും അതിനര്‍ത്ഥം പറയാന്‍ കഴിയും. അതോടൊപ്പം രോഗം എന്നും ബുദ്ധിമുട്ട്, പ്രയാസം എന്നിങ്ങനെയും അദന്‍ എന്ന പദത്തിന് അര്‍ത്ഥമുണ്ട്. കലര്‍പ്പ് എന്ന അര്‍ത്ഥത്തില്‍ ആര്‍ത്തവരക്തത്തെ സൂചിപ്പിക്കുന്നതാണ് ഒരു നിലക്ക് ഈ പ്രയോഗം. അപ്പോഴും ആര്‍ത്തവക്കാരി അശുദ്ധാവസ്ഥയിലാവുന്നില്ല. അതേസമയം തന്നെ അന്നേരത്തെ അവരുടെ പ്രയാസം കണക്കിലെടുത്തു കൊണ്ട് ആ അര്‍ത്ഥത്തിലുള്ള പദവുമാണ് അത്. അതേ മന്ത്രത്തില്‍ത്തന്നെ അവരെ സമീപിക്കരുത് എന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നത് പൂര്‍ണാര്‍ത്ഥത്തിലുള്ള ലൈംഗികബന്ധത്തിന്റെ മാത്രം കാര്യമാണെന്നും മറ്റു തരത്തിലുള്ള സാമീപ്യങ്ങള്‍ക്ക് പോയിട്ട്, നേര്‍ക്കു നേര്‍ സംഭോഗമല്ലാത്ത കാമകേളികള്‍ക്കു പോലും വിലക്കില്ലെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്. അതാകട്ടെ, ആ സമയത്ത് പുരുഷനോടുള്ള കല്‍പനയുമാണ്. അതേസമയം ഈ പ്രയാസഘട്ടത്തില്‍ നിസ്‌കാരവും നോമ്പും അവര്‍ക്ക് വിലക്കിയിട്ടുണ്ടെന്നുള്ളതു മാത്രമാണ് സ്ത്രീയോടുള്ള കല്‍പന. ഒരു നിയമശാസനമായിട്ടാണ് അത് വരുന്നതെങ്കിലും അതില്‍ അവളുടെ ബുദ്ധിമുട്ടുകള്‍ തന്നെയാണ് പരിഗണിക്കപ്പെടുന്നതെന്നു കാണാം. ആര്‍ത്തവം അകറ്റിനിര്‍ത്തേണ്ട അശുദ്ധിയുടെ ഘട്ടമാണെന്ന, മദീനയിലെ യൂദന്മാരുടെ സങ്കല്‍പത്തിന് എതിരായി നബി പ്രതികരിച്ചിട്ടുണ്ട്. അതേസമയം അജ്ഞതയുടെ കാലത്തെ ഇത്തരം അയിത്താചരണങ്ങളുടെ മാനസിക സ്വാധീനം കൊണ്ടാവാം, സമാനമായ അസ്വാസ്ഥ്യങ്ങളും തദനുബന്ധമായ അഭിപ്രായപ്രകടനങ്ങളുമൊക്കെ പിന്നീട് മുസ്ലിം സമൂഹത്തിലുമുണ്ടായത്. ഈ സന്ദര്‍ഭത്തില്‍ രംഗത്തു വന്ന് ശരിയായ നിലപാട് പഠിപ്പിക്കുകയാണ് നബിപത്‌നിമാര്‍ ചെയ്തത്. താന്‍ ആര്‍ത്തവത്തിലായിരിക്കേ, നബി തിരുമേനി തന്റെ മടിയില്‍ തലവെച്ച് കിടക്കുകയും ആ കിടപ്പില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തിരുന്നതായി മൈമൂന പറയുന്നു. ആയിശയുടെ ഒരു വിവരണത്തില്‍, നബി അവരോട് പള്ളിയില്‍ച്ചെന്ന് മുസല്ല എടുത്തു കൊണ്ടുവരാന്‍ പറഞ്ഞു. തനിക്ക് മാസമുറയാണല്ലോ എന്നു ശങ്കിച്ച ആയിശയോട്, അത് നിന്റെ വിരലിന്മേലല്ലല്ലോ എന്നു പ്രതികരിച്ചു കൊണ്ട് വീണ്ടും അവരോട് അതെടുത്തു കൊണ്ടുവരാന്‍ പറഞ്ഞു.

സ്ത്രീയും ഹിജാബും
ഇസ്ലാമില്‍ സ്ത്രീവിരുദ്ധതയുടെ പാരമ്പര്യത്തെ സ്ഥാപിക്കുന്നതിനു വേണ്ടി പലപ്പോഴും ഉപയോഗിക്കപ്പെടാറുള്ള ഒരു തത്വമാണ് ഹിജാബിന്റെ ആയത്ത് എന്നറിയപ്പെടുന്ന മന്ത്രം. ഖുര്‍ആനിലെ മുപ്പത്തിമൂന്നാമത്തെ സൂറഃ ആയ അല്‍ അഹ്‌സാബിലെ അമ്പത്തിമൂന്നാമത്തെ മന്ത്രമാണ് അത്. അതിങ്ങനെ വായിക്കാം: 'സത്യാനുഗാതാക്കളേ, നബിയുടെ വീടുകളില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. ആഹാരം പാകമാകുന്നതും പ്രതീക്ഷിച്ച് അവിടെ തങ്ങിനില്‍ക്കരുത്. നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ അങ്ങോട്ടു ചെല്ലുക. ആഹാരം കഴിച്ച ഉടനെ പിരിഞ്ഞു പോവുക. വെടിവട്ടം പറഞ്ഞ് രസിച്ചിരിക്കരുത്. അത്തരം പ്രവൃത്തികള്‍ നബിയെ അലോസരപ്പെടുത്തുന്നുണ്ട്. എന്നാലോ, നിങ്ങളോടതു തുറന്നു പറയുന്നതില്‍ അദ്ദേഹത്തിന് സങ്കോചവുമുണ്ട്. എന്നാല്‍ നിങ്ങളെ സത്യത്തില്‍ നയിക്കുന്നതില്‍ അല്ലാഹു ഒട്ടും സങ്കോചപ്പെടുന്നില്ല. ഇനിയും, നബിയുടെ വീട്ടുകാരോട് വല്ലതും ചോദിക്കേണ്ടതുണ്ടെങ്കില്‍ അത് മറയ്ക്കു പിന്നില്‍ നിന്നാവട്ടെ. അതാണ് അവരുടെയും നിങ്ങളുടെയും മനഃശുദ്ധിക്ക് ഉചിതമായത്. അല്ലാഹുവിന്റെ റസൂലിനെ അലോസരപ്പെടുത്താന്‍ നിങ്ങള്‍ക്കനുവാദമില്ല. നബിയുടെ വിയോഗാനന്തരം അവിടുത്തെ ഭാര്യമാരെ (വിശ്വാസികളുടെ മാതാക്കളെ) വിവാഹം കഴിക്കാനും പാടില്ല. ഈ കല്‍പനകളെല്ലാം അല്ലാഹുവിന്റെ പക്കല്‍ ഗൗരവപ്പെട്ട കാര്യങ്ങള്‍ തന്നെ.'
ഈ മന്ത്രത്തിന് ഒരു അവതരണകാരണമുണ്ട്. അവതരണകാരണങ്ങള്‍ എന്നത് ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ പരമപ്രധാനമാകുന്നു. ജീവിതത്തെക്കുറിച്ച തത്വങ്ങളെയും പ്രത്യേകമായ ഇടങ്ങളിലും നേരങ്ങളിലും നാം സ്വീകരിക്കേണ്ട നിലപാടുകളെയും മര്യാദകളെയും പ്രവാചകന്റെയും സ്വഹാബികളുടെയും ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തി, അവയില്‍ വേരൂന്നിക്കൊണ്ടാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഹിജാബിന്റെ സൂക്തത്തിന്റെ അവതരണകാരണങ്ങളെ അനസ് ബ്‌നു മാലിക് വിവരിക്കുന്നുണ്ട്.
സൈനബുമായുള്ള, നബിയുടെ വിവാഹം കഴിഞ്ഞ അന്ന് ലഘുവായ ഒരു വിവാഹസദ്യ ഒരുക്കപ്പെട്ടിരുന്നു. അതു കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയെങ്കിലും അനസും മറ്റ് മൂന്നു പേരും മാത്രം അവിടെത്തന്നെ സംസാരിച്ചിരുന്നു. ഇതങ്ങനെ നീണ്ടുപോയത് പ്രവാചകന് പ്രയാസമുണ്ടാക്കി. സത്യത്തില്‍ ഇതു മാത്രമല്ല ഇത്തരമൊരു വിധിയുടെ പശ്ചാത്തലം. മദീനയില്‍ സമൂഹവുമായുള്ള തുറസ്സ് സാധ്യമാകുന്ന വിധത്തിലാണ് പ്രവാചകന്റെ താമസം ഒരുക്കപ്പെട്ടിട്ടുള്ളത്. ആയിശയുടെ വീട് നേരെ പള്ളിയിലേക്ക് തുറക്കുന്ന വിധത്തിലായിരുന്നു. പ്രവാചകന്റെ പള്ളിയാകട്ടെ, കേവലം ആരാധനക്കു വേണ്ടി നിര്‍മിക്കപ്പെട്ട ഒന്നായിരുന്നില്ല. പള്ളിയുടെയും പ്രവാചകഗേഹങ്ങളുടെയും ഈ തുറസ്സും ഘടനയും കാരണം അനുയായികളുമായി എപ്പോഴും സജീവമായ ബന്ധം കാത്തു സൂക്ഷിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും പ്രയാസങ്ങളില്‍ ആശ്വാസം പകരാനും നബിക്ക് എല്ലായ്‌പോഴും സാധിച്ചിരുന്നു. പൊതുവേ മദീനാ സമൂഹത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ കാര്യങ്ങളും പ്രവാചകന്റെ പള്ളി കേന്ദ്രീകരിച്ചാണ് നടന്നു പോന്നത്.
നബിയുടെ വീടുകളും പള്ളിയും പരിസരത്തെ മറ്റ് താമസസ്ഥലങ്ങളുമൊക്കെ ഒന്നു ചേര്‍ന്നു രൂപപ്പെടുന്ന ഈ ഘടന മദീനാ സമൂഹത്തിന് കെട്ടുറപ്പും സമാധാനവും നല്‍കിയെങ്കിലും ഒരു വ്യക്തി എന്ന നിലയില്‍ മുഹമ്മദിന്റെ ജീവിതത്തിലെ സ്വകാര്യതയും അദ്ദേഹത്തിന്റെ പൊതു ഇടപെടലുകളും തമ്മില്‍ അഥവാ സ്വകാര്യജീവിതവും പൊതുജീവിതവും തമ്മില്‍ വേര്‍തിരിക്കേണ്ടത് അനിവാര്യമായിരുന്നു. ഈ വേര്‍തിരിവാണ് സൈനബുമായുള്ള വിവാഹദിവസം അവതീര്‍ണമായ ഖുര്‍ആന്‍ മന്ത്രം, ഹിജാബിന്റെ ആയത്ത് സൃഷ്ടിക്കുന്നത്. ഇതാകട്ടെ, നബിയുടെ ജീവിതത്തെ മാത്രം പരാമര്‍ശിക്കുന്ന ഒന്നുമല്ല. സമൂഹത്തില്‍ ഇടപെടുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന എല്ലാവരുടെയും കാര്യം ഇതില്‍ വരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഭിന്നലിംഗവര്‍ഗങ്ങള്‍ക്കിടയില്‍ ഇരുമ്പുമതില്‍ സൃഷ്ടിക്കാനും സാമൂഹിക ജീവിതത്തില്‍ നിന്ന് പെണ്ണിനെ പൂര്‍ണമായും അടര്‍ത്തിമാറ്റാനും ഉപയോഗിക്കുന്ന ഈ ഹിജാബിന്റെ ആയത്ത് അതിന്റെ അവതരണപശ്ചാത്തലം മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ ആണിനും പെണ്ണിനുമിടയിലല്ല, മറിച്ച് ആണിനും ആണിനുമിടയിലാണ് വേര്‍തിരിവ് സൃഷ്ടിച്ചത് എന്നതത്രേ യാഥാര്‍ത്ഥ്യം. ഈ സൂക്തത്തിന്റെ അവതരണത്തെത്തുടര്‍ന്ന് സംസാരിച്ചിരുന്ന മൂന്നു പേരില്‍ നിന്ന് തന്നെയും വധുവിനെയും വേര്‍തിരിക്കുന്ന രീതിയില്‍ നബിതിരുമേനി ഒരു മറയിട്ടു. ഇതാണ് ഹിജാബ്.
ഇക്കാര്യം അല്‍പം കൂടി വിപുലമായ രീതിയില്‍, നേതാക്കന്മാരോ അല്ലാത്തവരോ ആയ എല്ലാവരോടും കാണിക്കേണ്ട മര്യാദ എന്ന നിലയില്‍ സൂറഃ അന്നൂര്‍ ഇരുപത്തേഴ് ഇരുപത്തെട്ട് മന്ത്രങ്ങളില്‍ പറയുന്നുമുണ്ട്.
പെരുമാറ്റത്തിലും സമ്പ്രദായത്തിലും ജാഹിലിയ്യ രീതികളില്‍ നിന്നു ഭിന്നരായിരിക്കാനാണ് ഈ കല്‍പനകളിലൂടെയെല്ലാം ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അതോടൊപ്പം ഈ വേര്‍തിരിക്കല്‍ ഉള്‍പ്പെടെ ഇസ്ലാമിന്റെ സാംസ്‌കാരികനിര്‍ദ്ദേശങ്ങളെ പൊതുവില്‍ ഹിജാബ് എന്ന പദം കൊണ്ട് വിവക്ഷിക്കാവുന്നതാണ്. അതാകട്ടെ, ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം ഏറ്റവും പ്രാധാന്യമുള്ള ഒരു പദവുമാണ്. മറ എന്നാണ് ഹിജാബിന്റെ പദാര്‍ത്ഥം. ഇത് പല അര്‍ത്ഥങ്ങളിലും പ്രയോഗിക്കാറുണ്ട്. നബിയോട് തര്‍ക്കിച്ച ബഹുദൈവാരാധകര്‍ നിനക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു ഹിജാബ് ഉണ്ട് (ഖുര്‍ആന്‍, ഫുസ്സ്വിലത്ത് 5) എന്നു പറയുന്നുണ്ട്. ഇതിന് സമാനമായി സൂഫികള്‍ ദിവ്യപ്രകാശത്തിലേക്ക് വികസിക്കുന്നതില്‍ ആത്മാവിന് തടസ്സം നില്‍ക്കുന്ന, മറയിടുന്ന ഇന്ദ്രിയജന്യമായ അഭിനിവേശങ്ങളെ ഹിജാബ് എന്നു പറയാറുണ്ട്. ഇന്ദ്രിയാസക്തനായ മനുഷ്യനെ മഹ്ജൂബ് എന്നും പറയും. ഇവിടെ ആ പദത്തിന് നിഷേധാത്മകമായ അര്‍ത്ഥമാണുള്ളത്. ഈ ഹിജാബിനെ തകര്‍ത്ത് ദിവ്യപ്രകാശത്തെ അനുഭൂതമാക്കലാണ് സൂഫി പരിശ്രമങ്ങളുടെ ലക്ഷ്യം. ദ്രോഹബുദ്ധിയും ദുഷ്‌കര്‍മങ്ങളും വഴി മനസ്സിന് കറ പിടിച്ചവര്‍ പുനരുത്ഥാന നാളില്‍ ദൈവകടാക്ഷത്തില്‍ നിന്ന് മറയ്ക്കപ്പെട്ടവരായിരിക്കും എന്ന അര്‍ത്ഥത്തില്‍ മഹ്ജൂബൂന്‍ എന്ന പദപ്രയോഗം ഖുര്‍ആന്‍ നടത്തുന്നുണ്ട് (അല്‍ മുത്വഫ്ഫിഫീന്‍ 15).
എന്തായാലും മറ എന്ന അര്‍ത്ഥത്തില്‍ത്തന്നെയാണ് ഹിജാബ് പ്രയോഗിക്കപ്പെടുന്നത്. പരലോകത്ത് ശപ്തനും മുക്തനുമിടയില്‍ ഒരു ഹിജാബ് ഉണ്ടാകും എന്ന് സൂറഃ അല്‍ അഅ്‌റാഫ് 46 ല്‍ പറയുന്നു. നബിക്കും നിഷേധികള്‍ക്കും ഇടയിലുള്ള ഹിജാബ് ആദര്‍ശപരമാണ്. എന്നാലും ഇവിടെയും അര്‍ത്ഥം മറ എന്നു തന്നെയാണ്. അതേസമയം സാങ്കേതികമായി ഹിജാബ് എന്ന ശബ്ദം ഇസ്ലാമിന്റെ സംസ്‌കാരത്തെത്തന്നെ സൂചിപ്പിക്കുന്നുണ്ടെന്ന് മുകളില്‍ പറഞ്ഞുവല്ലോ. അത് സ്വകാര്യജീവിതത്തിനും പൊതുജീവിതത്തിനുമിടയിലുള്ള വേര്‍തിരിവിനെ പഠിപ്പിക്കുന്നു. അതോടൊപ്പം മറ്റൊരാളിന്റെ ജീവിതത്തിനും തനിക്കുമിടയിലുള്ള അതിര്‍വരമ്പുകളെയും അത് അടയാളപ്പെടുത്തുന്നു.
അതോടൊപ്പം, ഈ ആശയം വാക്ക്, നോട്ടം, പെരുമാറ്റം, വസ്ത്രധാരണം തുടങ്ങിയ കാര്യങ്ങളിലുള്ള മര്യാദകളെ ഉള്‍ക്കൊള്ളുന്നുണ്ട്. ഇതാകട്ടെ, ജാഹിലിയ്യത്തിന്റെ നിര്‍ലജ്ജതക്കെതിരായ പ്രതിരോധമായാണ് വിവരിക്കപ്പെടുന്നത്. അല്‍ അഹ്‌സാബ് സൂറയില്‍ തന്നെ വീടുകളില്‍ അടക്കത്തോടെ കഴിയണമെന്ന് സ്ത്രീയോട് ഒരു നിര്‍ദ്ദേശം കാണാം (33). നാം നേരത്തേ വിവരിച്ച ഹിജാബിന്റെ ആയത്തിനെ പെണ്ണിന്റെ ശരീരം ആകെ മൂടിപ്പൊതിയാനുള്ള ഉപായമാക്കിയതു പോലെ ഇപ്പറഞ്ഞ കല്‍പനയെ അവളെ വീട്ടുതടങ്കലിലിടാനുള്ള ശാസനയായും മാറ്റിയിട്ടുണ്ട്. എന്നാല്‍ ഈ സൂക്തം അല്‍പം ദീര്‍ഘിച്ച ഒന്നാണ്. അതില്‍ത്തന്നെ ഇവിടെ ഉദ്ധരിച്ച കല്‍പനക്കു തൊട്ടുടനെ വരുന്ന വാചകത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ഇതിന് അര്‍ത്ഥകല്‍പന നടത്തുന്നത് ശരിയല്ല. കല്‍പന ഇങ്ങനെയാണ്: 'വീടുകളില്‍ അടക്കത്തോടെ കഴിയണം. പണ്ട് ജാഹിലിയ്യത്തില്‍ പ്രദര്‍ശനക്കമ്പത്തോടെ ഞെളിഞ്ഞു നടന്നതു പോലെ ഇനി അരുത്.'
ഇവിടെ, അടക്കത്തോടെ കഴിയണമെന്ന ഉപദേശം ജാഹിലിയ്യത്തിന്റേതായ പ്രകടനപ്രേമം ഉപേക്ഷിക്കണം എന്നതോടു ചേര്‍ത്താണ് വായിക്കേണ്ടത്. മറിച്ച് അതിനെ വേറിട്ട് ഒരു നിയമമാക്കി വികസിപ്പിക്കുന്നതോടെ പെണ്ണിന് ഒരിക്കലും പടിക്കു പുറത്തിറങ്ങാന്‍ പാടില്ലാതെ വരുന്നു. ഇതല്ല യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രവാചകശിഷ്യരില്‍പ്പെട്ട വനിതകളുടെ ജീവിതം പരിശോധിച്ചാല്‍ത്തന്നെ ബോധ്യപ്പെടും.
നബിയുടെ പത്‌നി ഖദീജ മക്കയിലെ വര്‍ത്തകപ്രമാണിയും പൊതു രംഗത്ത് അംഗീകരിക്കപ്പെട്ടവരുമായിരുന്നു. ഇതേ സ്വഭാവത്തില്‍ നേതൃപരമായ ആദരവ് ലഭിച്ചിട്ടുള്ള, യേശുവിന്റെ മാതാവായ മര്‍യമിനെ ഖുര്‍ആന്‍ ഉത്തമമനുഷ്യര്‍ക്കുള്ള മാതൃകയായി അവതരിപ്പിച്ചു. ഉമ്മു വറഖഃ എന്ന സ്ത്രീയെ അവരുടെ ദേശത്ത് നിസ്‌കാരത്തിന് ഇമാമായി നിശ്ചയിച്ചിരുന്നു നബി തിരുമേനി. കൂടുതലുച്ചത്തില്‍ ബാങ്കു വിളിക്കുന്നതിനായി ഒരു പുരുഷനെ മുഅദ്ദിന്‍ ആയി നിയമിച്ചു കൊടുത്തതായും പറയപ്പെടുന്നു. ഇമാമിനു പിന്നില്‍ നിന്നു കൊണ്ടാണല്ലോ മുഅദ്ദിന്‍ നിസ്‌കരിക്കേണ്ടത്.
വിഖ്യാതചിന്തകന്‍ അലി ശരീഅത്തിയെ ഉദ്ധരിച്ചു കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. 'സ്ത്രീ പ്രവാചകഹൃദയത്തിലും ജീവിതത്തിലും ഒരു ദൗര്‍ബല്യമായിരുന്നില്ല, മറിച്ച് അവിടുത്തെ മഹാമനസ്‌കതയുടെയും ഉദാരതയുടെയും ഉജ്വലഭാവങ്ങളിലൊന്നായിരുന്നു'   

(ഉടന്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന, 'ബക്ക ഒരു സാധകന്റെ സഞ്ചാരങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്ന്)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top