തിരിച്ചറിവില്ലാത്ത പോണ്‍ കാലം
പ്രൊഫ. നസീറാ നജീബ്
2015 നവംബര്‍
ഭരണകൂടത്തിന്റെയും നീതിന്യായ സ്ഥാപനങ്ങളുടെയും പല നടപടികളും സമീപകാലത്ത് പ്രതിഷേധങ്ങളും ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അവയില്‍ ഒന്നായിരുന്നു അശ്ലീല സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഒഴിവാക്കാന്‍ നടത്തിയ കേന്ദ്രസര്‍ക്കാര്‍ നീക്കം.
ഇന്റര്‍നെറ്റ് ഹൈവേയില്‍ നിര്‍ബാധം ഒഴുകുന്ന ലക്ഷക്കണക്കിനു സൈറ്റുകളില്‍ 800 ഓളം അശ്ലീല സൈറ്റുകള
ഭരണകൂടത്തിന്റെയും നീതിന്യായ സ്ഥാപനങ്ങളുടെയും പല നടപടികളും സമീപകാലത്ത് പ്രതിഷേധങ്ങളും ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അവയില്‍ ഒന്നായിരുന്നു അശ്ലീല സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഒഴിവാക്കാന്‍ നടത്തിയ കേന്ദ്രസര്‍ക്കാര്‍ നീക്കം.
ഇന്റര്‍നെറ്റ് ഹൈവേയില്‍ നിര്‍ബാധം ഒഴുകുന്ന ലക്ഷക്കണക്കിനു സൈറ്റുകളില്‍ 800 ഓളം അശ്ലീല സൈറ്റുകള്‍ തെരഞ്ഞു പിടിച്ചു നിരോധിക്കാന്‍ എടുത്ത തീരുമാനമാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്.
ആവിഷ്കാര സ്വാതന്ത്ര്യം മുതല്‍ ഖജൂരാഹോ സംസ്‌കാരവും കാമസൂത്രയുടെ പ്രാധാന്യവും വരെ ചര്‍ച്ച ചെയ്തിട്ടും മതിയാവാതെ ജനങ്ങളുടെ ജിജ്ഞാസക്കും വ്യക്തി സ്വാതന്ത്ര്യത്തിനും വരെ ചര്‍ച്ചയില്‍ ഇടം കിട്ടിയതായിരുന്നു അശ്ലീല സൈറ്റ് നിരോധന പ്രഖ്യാപനത്തിന്റെ ബാക്കിപത്രം.
നൈതികതക്കും മൗലികതക്കും ധാര്‍മികതക്കും അപ്പുറത്തും ചിലതുണ്ടെന്ന് തിരിച്ചറിഞ്ഞ ചര്‍ച്ചകളായിരുന്നു അവ.
അശ്ലീല സൈറ്റുകള്‍ക്കെതിരെ ഓങ്ങിയ വാള്‍ മണിച്ചിത്രത്താഴിലെ ഗംഗയുടെ വാള്‍ ഉയര്‍ന്നുതാണപ്പോള്‍ വെട്ടി നുറുക്കപ്പെട്ട ഡമ്മി മാതിരി ചൈല്‍ഡ് പോര്‍ണോഗ്രാഫിയുടെ മേല്‍ പതിച്ചതു കണ്ട് നമ്മുടെ പോര്‍ണോഗ്രാഫി വ്യവസായവും അതിന്റെ ആശ്രിതരും തല്‍ക്കാലം അടങ്ങി. പത്രക്കോളങ്ങളിലും സോഷ്യല്‍ മീഡിയയിലെ വെര്‍ച്ച്വല്‍ പ്രതലത്തിലും തെരുവോരങ്ങളിലും ചായക്കട(കഫേ)കളിലും ചൂടന്‍ ചര്‍ച്ചകള്‍ നടത്തിയ പോണ്‍ അനുകൂലികള്‍ പിന്നെയും ബ്രൗസിങ് തുടര്‍ന്നു. തോറ്റു പോയവര്‍ മൂക്കും മുഖവും പൊത്തുകയും ആരുമറിയാതെ ബ്രൗസറുകള്‍ തേടുകയും ചെയ്തു.
ആവിഷ്‌ക്കാരവും വ്യക്തി സ്വാതന്ത്ര്യവും എത്ര മഹത്വമുള്ളതാണെങ്കിലും അത് അതിരുകള്‍ ലംഘിക്കുമ്പോള്‍ അശ്ലീലത തന്നെയാണെന്ന് തുറന്നു പറഞ്ഞവരെ അടിച്ചിരുത്തിയത് ക്ഷേത്രഭിത്തികളിലെ കലാരൂപങ്ങളെ ചൂണ്ടികാണിച്ചായിരുന്നു. അതു കണ്ട് ആരും കണ്ണുപൊത്തുന്നില്ലെന്നും സകുടുംബം അവിടെ പോയി കണ്‍തുറന്നു കണ്ട് സായൂജ്യമടയണമെന്ന മറുപടിയില്‍ സദാചാര വാദികള്‍ ഒതുങ്ങി. പൊതു സമൂഹത്തിന്റെ ലജ്ജ പോയിമറഞ്ഞിരിക്കുന്നു. അതു വീണ്ടെടുക്കാന്‍ കൈകോര്‍ക്കാനാളില്ലാതെ പോയതാണു അശ്ലീല വാദികള്‍ക്ക് ഊര്‍ജമേകിയത്. വേണ്ടത്ര സദാചാര വാദികളില്ലാത്ത നാട്ടില്‍ സര്‍ക്കാര്‍ തന്നെ അശ്ലീലവാദികള്‍ക്കു മുന്നില്‍ മുട്ടുമടക്കി.
ദുബൈയിലും ബാങ്കോക്കിലും സിങ്കപ്പൂരിലുമൊക്കെ കോടികള്‍ ചെലവിട്ടു നിര്‍മിക്കുന്ന അതീവ മികവുള്ള പോണ്‍ സൈറ്റുകള്‍ വഴി കോടികളാണു മറിയുന്നത്. കാണുന്നതും കോടിക്കണക്കിനാളുകള്‍.
സ്മാര്‍ട്ട് ഫോണുകള്‍ കയ്യിലുള്ള അഞ്ചിലൊന്നു പേരും അശ്ലീല സൈറ്റുകള്‍ പരതുന്നുണ്ട്. 47-50 ശതമാനം കുട്ടികളും അശ്ലീലത ആസ്വദിക്കുന്നു. ഈയിടെ ഒരു ഹയര്‍സെക്കണ്ടറി വിദ്യാലയത്തില്‍ ക്ലാസെടുക്കാനെത്തിയപ്പോള്‍ പ്ലസ് വണ്‍ ക്ലാസിലെ ആണ്‍ കുട്ടികളില്‍ 60 ശതമാനത്തിനു മൊബൈല്‍ ഫോണ്‍ ഉള്ളതായി മനസ്സിലായി. അതില്‍ 90 ശതമാനം പേരും ഇടതടവില്ലാതെ നെറ്റ്-ഡാറ്റ ചാര്‍ജ് ചെയ്യുന്നവര്‍. അവരോടു ചോദിച്ചു: തുണി വാങ്ങാന്‍ നിവൃത്തിയില്ലാത്ത ചേച്ചിമാരെ കാണാനായി എത്രപേര്‍ നെറ്റ് ചാര്‍ജ് ചെയ്യുന്നുണ്ടെന്ന്. നേരത്തെ പറഞ്ഞ 90 ശതമാനവും കൈ ഉയര്‍ത്തി മറുപടി തന്നപ്പോള്‍ ശരിക്കും ഞെട്ടി.
പുതിയ സര്‍വേ പ്രകാരം കേരളീയ യുവാക്കളില്‍ എഴുപത് ശതമാനത്തോളം നെറ്റ് അഡിക്ഷന്‍ ഡിസോര്‍ഡറിന് അടിപ്പെട്ടവരാണത്രെ. പോണ്‍ അഡിക്ഷന്‍ സിന്‍ഡ്രോമുമായി കൗണ്‍സിലിങ് സെന്ററിലെത്തിയ അനവധി പേരുടെ കഥകള്‍ കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് ഭീകരമാണു നമ്മുടെ സംസ്‌കാരിക ജീര്‍ണത എന്നറിയുക. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും അശ്ലീലത വരുത്തിയ വിനകള്‍ തുറന്നെഴുതിയാല്‍ കേരളക്കര പിന്നെ തലയുയര്‍ത്തില്ല. സംസ്‌കാരവും കലയും ആവിഷ്്ക്കാരവും വിളമ്പുന്ന ആഴ്ചപ്പതിപ്പുകള്‍ക്ക് സ്വയം കണ്ടു കെട്ടുകയല്ലാതെ വേറെ പോം വഴിയില്ലാതാകും. അതല്ലെങ്കില്‍ അവയൊക്കെ ഫയര്‍ മാസികകളായി ന്യൂസ് സ്റ്റാന്റുകളില്‍ നിറയും.
പോണ്‍ ആസ്വാദകരെ കുറ്റവാളികളായും സംസ്‌കാരം കുറഞ്ഞവരായും കാണുന്ന പൊതുബോധം മാറണമെന്നുള്ള വാദം മുറുകെപ്പിടിക്കുന്നവര്‍ വെര്‍ച്ച്വല്‍ ലോകത്തുനിന്ന് നേരെ ഇറങ്ങി ഇത്തരം വൈകൃതങ്ങള്‍ ആസ്വദിച്ചും അനുഭവിച്ചും മനോവൈകല്യങ്ങളിലും മനോരോഗങ്ങളിലും പെട്ട് മനോരോഗാശുപത്രികളിലെ വാര്‍ഡുകളിലും സെല്ലുകളിലും കഴിയുന്ന ചിലരെയെങ്കിലും ഒന്നു പോയി കാണേണ്ടതാണ്.
പൊതു വികാരം വരുത്തുന്ന വിനകള്‍
അശ്ലീല സൈറ്റുകള്‍ നിരോധിച്ചുകളയാമെന്നു പണ്ട് ഡേവിഡ് കാമറൂണ്‍ ആഗ്രഹിച്ചു പോയിരുന്നു. അശ്ലീല വ്യവസായം പുരോഗതി കൈവരിച്ച ബ്രിട്ടണും അമേരിക്കയും കൈവിട്ടുകളിച്ച് ഇന്ന് ഏറെ ദുരന്തങ്ങള്‍ക്കുവിധേയമായ രാഷ്ട്രങ്ങളാണ്. അവിടെയാണു മൂന്നാമത്തെ പോണ്‍ വ്യവസായ സാമ്രാജ്യം ഇന്ത്യയുടേതാണെന്ന ഞെട്ടിക്കുന്ന വൃത്താന്തം പുറത്തു വരുന്നത്.
കുട്ടികളെ ഉപയോഗിച്ചുള്ള പോണ്‍ സൈറ്റുകള്‍ മുതിര്‍ന്നവര്‍ പരതുന്നു. മുതിര്‍ന്നവരെ ഉപയോഗിച്ചുള്ള സൈറ്റുകള്‍ കുട്ടികളും തപ്പുന്നു. എന്തും ഏതും കാണാനുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമെന്ന് ആരും പറഞ്ഞു പോകരുത്! എല്ലാം തുറന്ന കമ്പോളത്തില്‍ വിട്ട് വേലിക്കെട്ടുകള്‍ തകര്‍ത്തശേഷം ചൈല്‍ഡ് പോണ്‍ നിരോധിച്ചിട്ടെന്ത്?
കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണ് കുട്ടികളെ ഉപയോഗിച്ചുള്ള സൈറ്റുകളൊന്നും അവയുടെ പ്രചരണം തടയാനാണ് ചൈല്‍ഡ് പോണ്‍ സൈറ്റുകള്‍ തല്‍ക്കാലം നിരോധിച്ചതെന്ന വിശദീകരണത്തില്‍ സദാചാര വാദികള്‍ക്കും സമാധാനിക്കാന്‍ വകയുണ്ട്.
പഴയ ചുവന്ന തെരുവുകള്‍ക്കു പകരം ചാറ്റ് റൂമുകളും ചാറ്റ് ലൈന്‍ കോളിങ്ങും ഓണ്‍ലൈന്‍ സെക്‌സ് ചാറ്റിങ്ങും സെക്‌സ് കളിപ്പാട്ടങ്ങളും പോണ്‍ കോമിക്‌സുകളും സെക്‌സ് ടൂണുകളും ആവോളമുള്ളപ്പോള്‍ അശ്ലീല വാദികള്‍ക്കും കപട സദാചാര വാദികള്‍ക്കും ആശ്വാസം തേടാന്‍ മറ്റെന്തു വേണം.
തട്ടുകടയിലെ കൊച്ചു പുസ്തകവും തെരുവോരത്തെ ബ്ലൂ സി.ഡികളും ആഘോഷത്തോടെ റെയ്ഡു ചെയ്ത് ഗുഡ് സര്‍വീസ് എന്‍ട്രി നേടുന്ന നമ്മുടെ സിയമപാലകര്‍ക്ക് വെര്‍ച്ച്വല്‍ വേള്‍ഡിലെ ദുഷിച്ച ശീലങ്ങളെ തകര്‍ക്കാനാവില്ല എന്ന ഹുങ്ക് അശ്ലീലവാദികളെ ശക്തരാക്കുന്നുണ്ടാവാം.
പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അശ്ലീല സൈറ്റുകള്‍ കാണുന്നത് കുറ്റകരമാണ്. ഇന്ത്യയിലാകട്ടെ കാണുന്നത് കുറ്റകരമല്ല. അപ്്‌ലോഡ് ചെയ്യുന്നതാണ് കുറ്റകരം. അതല്ലെങ്കില്‍ ഷെയര്‍ ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതാണു നിയമ തടസ്സം. അതു മറികടക്കാനാണ് ഇവിടെ നിര്‍മിക്കുന്ന അല്ലെങ്കില്‍ രഹസ്യമായി ഷൂട്ടു ചെയ്യുന്ന രംഗങ്ങള്‍ വിദേശത്ത് കൊണ്ടുപോയശേഷം അപ്്‌ലോഡു ചെയ്യുന്നത്.
പോണ്‍ ആസ്വാദകരുടെ ദാമ്പത്യജീവിതം നരക തുല്ല്യമാണെന്നും പോണില്‍ കണ്ടത് ജീവിതത്തില്‍ നടപ്പാക്കാനാകാത്തതിനാല്‍ ആശ്വാസം നഷ്്ടപ്പെട്ടതും ബന്ധങ്ങള്‍ തകര്‍ന്നതും വിവാഹ മോചനത്തിലെത്തിയതും ലൈംഗിക ഉത്തേജനം നഷ്ടമായവരുമൊക്കെയായി ദിനേന മാനസിക വൈകല്യ/രോഗ ചികിത്സാലയങ്ങളിലെത്തുന്നവരുടെ കണക്കുകള്‍ ഇനി രഹസ്യമല്ലാതാവും. പടിഞ്ഞാറന്‍ നാടുകളില്‍ കെട്ടുപൊട്ടിയ മൃഗതൃഷ്ണയില്‍ വിറളി പിടിച്ച മനുഷ്യന്‍ ഇന്നു സാന്ത്വനവും സമാധാനവും തേടി അലയുകയാണ്. പടിഞ്ഞാറുവിട്ട് പൗരസ്ത്യനാടുകളാണ് അവരുടെ ലക്ഷ്യം. അപ്പോഴാണ് ഇവിടത്തുകാര്‍, പടിഞ്ഞാറന്‍ സമൂഹം അപകടമെന്നുകണ്ട് വലിച്ചെറിയാന്‍ വെമ്പുന്ന സംസ്‌കാരം അനുകരിക്കാന്‍ ശ്രമിക്കുന്നത്.
തകര്‍ന്നടിഞ്ഞ കുടുംബങ്ങളും പിതാവാരെന്നറിയാത്ത കുട്ടികളും, പങ്കാളികള്‍ അകന്നുപോയ ദമ്പതികളും ഇന്നവിടെ കുടുംബം എങ്ങനെ തിരിച്ചു പിടിക്കണമെന്നറിയാതെ നെട്ടോട്ടമോടുന്നു. നാമിവിടെ സകലതും തച്ചുതകര്‍ക്കുവാനാണു വെമ്പുന്നത്.
ശ്ലീലമെന്നത് ഒരു തിരിച്ചറിവാണ്. അതൊരു സംസ്‌കാരമാണ്. വികാരവും വിചാരവും പക്വതയും മനുഷ്യകുലത്തിനു മാത്രമുള്ളതാണ്. അത് നന്മയിലും ധാര്‍മികതയിലും മൗലികതയിലും ആഴ്ന്നിറങ്ങി പടര്‍ന്നു വളരേണ്ടതാണ്. ഇനിയും നാം പടിഞ്ഞാറു നോക്കികളായിരിക്കേണ്ടതുണ്ടോ?
നാം നേടേണ്ടതും ആര്‍ജിക്കേണ്ടതും തുറന്ന മൃഗതൃഷ്ണയും ലൈംഗികതയുമല്ല; മാനവികതയും ധാര്‍മികതയും തന്നെയാണ്. നമ്മുടെ മനോഭാവം, മൂല്യബോധം ഒക്കെ ധാര്‍മികതയിലൂന്നിയതാകണം
(തിരുവനന്തപുരം ക്രസന്റ് കൗണ്‍സിലിങ് സെന്റര്‍ ഡയറക്്ടറും കൗണ്‍സിലിങ് സൈക്കോളജിസ്റ്റുമാണ് ലേഖിക)