കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞൈടുപ്പിന്റെ ചൂടിലാണ് കേരളവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളും ഉള്ളത്. അധികാരം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1994-ല്‍ നടപ്പില്‍വന്ന പഞ്ചായത്തീരാജ് നഗരപാലികാ ആക്ട് പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും വലിയ അധികാരം നല്‍കുന്നതാണ്. കേരള പഞ്ചായത്തീരാജ് ആക്്ടില്‍ 10 മുതല്‍ 151
കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞൈടുപ്പിന്റെ ചൂടിലാണ് കേരളവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളും ഉള്ളത്. അധികാരം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1994-ല്‍ നടപ്പില്‍വന്ന പഞ്ചായത്തീരാജ് നഗരപാലികാ ആക്ട് പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും വലിയ അധികാരം നല്‍കുന്നതാണ്. കേരള പഞ്ചായത്തീരാജ് ആക്ടില്‍ 10 മുതല്‍ 151 വരെയുള്ള സെക്ഷനുകളും അനുബന്ധ ചട്ടങ്ങളും പഞ്ചായത്ത് ഇലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ 68 മുതല്‍ 151 വരെയുള്ള സെക്ഷനുകളും അനുബന്ധചട്ടങ്ങളും മുനിസിപ്പാലിറ്റികളിലേക്കും കോര്‍പ്പറേഷനുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളും വിശദീകരിക്കുന്നുണ്ട്.
ഒരു പ്രദേശത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും ആവശ്യമായ സകല സംവിധാനങ്ങളുടെയും അധികാരം പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഉണ്ട്.
വിദ്യഭ്യാസം, തൊഴില്‍, പൊതുജന ആരോഗ്യം, മാലിന്യ നിര്‍മാര്‍ജനം, ആശുപത്രികള്‍ ഇങ്ങനെ സമസ്ത മേഖലകളുടെയും വികസനത്തിന്റെ അടിസ്ഥാന യൂണിറ്റ് പഞ്ചായത്തുകളാണ്. പലവിധത്തിലുള്ള ഫണ്ടുകളും ഈ ഭരണകേന്ദ്രങ്ങള്‍ക്ക് ധാരാളം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഈ അധികാരവും ഫണ്ടും നമ്മുടെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ഉപയോഗിക്കുന്ന കാര്യത്തില്‍ എത്രത്തോളം ആത്മാര്‍ഥതയും സത്യസന്ധതയും പുലര്‍ത്തുന്നുണ്ട് എന്ന് വിചിന്തനം നടത്തേണ്ട സമയമാണ് ഇപ്പോള്‍.
ലഭിക്കുന്ന ഫണ്ടുകള്‍ ഒട്ടും ചിലവഴിക്കാതെയും നിര്‍ബന്ധിത സാഹചര്യത്തില്‍ ഫണ്ടുകള്‍ ചെലവഴിക്കുകയാണെങ്കില്‍ നാല്‍പത് ശതമാനം മാത്രം ചെലവഴിച്ച് ബാക്കിവരുന്നത് ഭരണപക്ഷവും പ്രതിപക്ഷവുമായ ജനപ്രതിനിധികള്‍ സ്വന്തം പോക്കറ്റിലേക്ക് അടിച്ച് മാറ്റുകയാണ്. ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ യഥാര്‍ത്ഥ അവകാശികളിലേക്ക് പലപ്പോഴും എത്താറില്ല. സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കുമിടയില്‍ ആനുകൂല്യങ്ങള്‍ കറങ്ങുന്ന അവസ്ഥയാണ്.
ഓരോ പ്രദേശത്തും ജനങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ച് ജീവിതം വഴിമുട്ടി നില്‍ക്കുന്നു. ജീവിക്കാന്‍ വേണ്ടി പലരും സമരരംഗത്താണുള്ളത്. മഴ നിന്നാല്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം ലഭിക്കാത്തവര്‍, മഴ പെയ്താല്‍ ചെളിനിറഞ്ഞ വെള്ളക്കെട്ടിലൂടെ വീട്ടിലെത്താന്‍ സാഹസപ്പെടുന്നവര്‍, മാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ലാതെ അത് വരുത്തുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, ഒന്ന് ചവിട്ടി നില്‍ക്കാന്‍ ഒരു തുണ്ട് ഭൂമി ഇല്ലാത്തവര്‍, കുടുംബത്തിന് കഴിയാന്‍ സ്വന്തമെന്ന് അവകാശപ്പെടാനായി ഒരു കൊച്ചുകൂര പോലും ഇല്ലാത്തവര്‍, ഗവണ്‍മെന്റിന്റെ ആര്‍ത്തിമൂത്ത വികസനമോഹത്തില്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ വീടും പറമ്പും തൊഴിലിടവും നഷ്ടപ്പെട്ട് ജീവിത മോഹം കരിഞ്ഞുപോയവര്‍, നമുക്കു ചുറ്റും കാണുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ ഇതാണ്. വിവിധ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനവും അവകാശ ധ്വംസനവും ദിനേനയെന്നോണം നാം കണ്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീകളനുഭവിക്കുന്ന പീഢനങ്ങള്‍ അനുനിമിഷം കൂടുകയല്ലാതെ കുറഞ്ഞിട്ടേ ഇല്ല. തോട്ടം മേഖലകളിലും അസംഘടിത മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ സാമ്പത്തികമായി അനുഭവിക്കുന്ന ചൂഷണങ്ങള്‍ നിരവധിയാണ്. ടൗണുകളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ ദുരിതം തിന്ന് ജീവിക്കുന്ന മനുഷ്യരാണ് ചുറ്റും.
ജനസേവന കേന്ദ്രങ്ങളായി മാറേണ്ട ഭരണകേന്ദ്രങ്ങള്‍ ഏറ്റവും വലിയ ജനദ്രോഹ കേന്ദ്രങ്ങളായിട്ടാണ് ഇന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യസംവിധാനത്തില്‍ അധികാരം ജനങ്ങള്‍ക്കാണ്. മന്ത്രിമാര്‍, എം.പിമാര്‍, എല്‍.എല്‍.എമാര്‍ മുതല്‍ പഞ്ചായത്ത് മെമ്പര്‍ വരെയുള്ള ജനപ്രതിനിധികളും അവരുടെ ഉദ്യോഗസ്ഥന്മാരും ജനങ്ങള്‍ക്ക് സേവനം ചെയ്യേണ്ടവരാണ്. എന്നാല്‍ കാര്യങ്ങള്‍ നേരെതിരിച്ചാണ് നമ്മള്‍ അനുഭവിക്കുന്നത്. അധികാരത്തിന്റെ ഉന്നതങ്ങളില്‍ മുതല്‍ താഴെ തട്ട് വരെയുള്ള ജനപ്രതിനിധികള്‍ പൗരന്മാരെ വെറും അടിമകളായിട്ടാണ് കാണുന്നത്.
പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതിനെക്കുറിച്ച് ശക്തമായി പറയുന്ന ഇന്ത്യന്‍ ഭരണഘടനക്ക് ഒട്ടും വിലകല്‍പിക്കാത്ത രാഷ്ട്രീയ നേതൃത്വങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും പാര്‍ലമെന്റിലേക്കും അസംബ്ലികളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നമ്മുടെ പ്രതിനിധികളെ വോട്ട് ചെയ്ത് നമ്മള്‍ പറഞ്ഞയക്കുന്നുണ്ട്. അവരൊക്കെ അതത് കേന്ദ്രങ്ങളിലെ അധികാര കസേരകളില്‍ ഇരിക്കെ തന്നെ നമ്മുടെ നാടും നാട്ടുകാരും അനാഥമാണ്. ജനജീവിതത്തിന് യാതൊരു സുരക്ഷിതത്വവും ലഭിക്കുന്നില്ല. സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളും മാഫിയകളാണ് ഭരിക്കുന്നത്. മണല്‍മാഫിയ, കോറി മാഫിയ, ഭൂമാഫിയ, വനം മാഫിയ, മദ്യ മയക്കുമരുന്ന് മാഫിയകള്‍ തുടങ്ങി ഓരോ പ്രദേശത്തിന്റെയും നിയന്ത്രണം ഇവരുടെ കൈകളിലാണ്. പ്രകൃതി വിഭവങ്ങള്‍ ഇഷ്ടംപോലെ കൊള്ള ചെയ്യാനും പരിസ്ഥിതിയെ തകര്‍ക്കാനും ആവശ്യമായ എല്ലാ സൗകര്യങ്ങളും അധികാരികള്‍ അവര്‍ക്ക് ചെയ്തു കൊടുക്കുന്നു. ഗവണ്‍മെന്റിന്റെ എല്ലാ സംവിധാനങ്ങളും അതിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഇത്തരം ജനദ്രോഹികള്‍ നിയമത്തിന്റെ കണ്ണില്‍പെടാതെ പോവുന്നത്. അക്രമികളെ നിലക്ക് നിര്‍ത്താന്‍ ആവശ്യമായ നിയമങ്ങള്‍ ഇല്ലാത്തതല്ല, ആ നിയമങ്ങള്‍ യഥാവിധി പ്രയോഗിക്കാനുള്ള സംവിധാനങ്ങളുടെ പരിമിതിയാണ് നമുക്കുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ പണാധിപത്യത്തിലേക്ക് നീങ്ങിപ്പോയതുകൊണ്ടാണ്. ഇലക്ഷനില്‍ തങ്ങളുദ്ദേശിക്കുന്നവര്‍ വിജയിച്ചുവരാന്‍ പണച്ചാക്കുമായി രംഗത്തിറങ്ങുകയാണ് നിലവില്‍ അധികാരം കയ്യാളുന്ന കക്ഷികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പണമെറിഞ്ഞും മദ്യമൊഴുക്കിയും മറ്റുമെല്ലാം നല്‍കിയും വിജയിച്ചുകയറുന്ന ജനപ്രതിനിധികള്‍ക്ക് ജനങ്ങളുടെ കാര്യത്തിലല്ല താല്‍പര്യം, വിജയിപ്പിച്ച പണക്കാരോടും മാഫിയകളോടുമാണ്. കോര്‍പറേറ്റുകളും മാഫിയകളും തട്ടിയെടുത്ത ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങള്‍ വിജയിക്കാതെ പോകുന്നതും അതുകൊണ്ടാണ്.
ഇത്തരം അപകടകരമായ അവസ്ഥ ഇനിയും ഇവിടെ തുടരാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന് നമ്മള്‍ സ്ത്രീകളാണ് തീരുമാനിക്കേണ്ടത്. വോട്ടവകാശം വിനിയോഗിക്കുന്നതില്‍ നല്ല പങ്ക് സ്ത്രീകളാണ്. അങ്ങനെ ആത്മാര്‍ഥമായ ഒരു തീരുമാനം എടുക്കാന്‍ നമ്മള്‍ തയ്യാറായാല്‍ മാറ്റത്തിന്റെ കാറ്റ് വീശും എന്നതില്‍ സംശയമില്ല.
സാമൂഹ്യമാറ്റത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ലോകത്ത് സ്ത്രീകള്‍ ചരിത്രം രചിക്കുന്ന കാലമാണ് ഇത്. സ്ത്രീ അബലയാണ് ദുര്‍ബലയാണ് എന്ന പഴയ മനോഭാവം സമൂഹം തിരുത്തിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെ കഴിവും കരുത്തും സംഘശക്തിയും ലോകം അംഗീകരിച്ചിരിക്കുന്നു. അനീതിക്കും അഴിമതിക്കും അവകാശധ്വംസനങ്ങള്‍ക്കുമെതിരില്‍ ഓരോ പ്രദേശത്തും നടക്കുന്ന ചെറുതും വലുതുമായ ചെറുത്ത് നില്‍പുകളില്‍ പുരുഷന്മാരെക്കാള്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളും ശബ്ദങ്ങളും സ്ത്രീകളുടേതാണ് എന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. നാടിന്റെ വിവിധഭാഗങ്ങളില്‍ മാലിന്യത്തിനെതിരില്‍ നടക്കുന്ന സമരങ്ങളില്‍, ദേശീയപാതസമരങ്ങളില്‍, ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരെയുള്ള മുന്നേറ്റത്തില്‍, ഏറ്റവും അവസാനം മൂന്നാറില്‍ കണ്ണന്‍ദേവന്‍ കമ്പനിക്കെതിരില്‍ സ്ത്രീതൊഴിലാളികള്‍ നടത്തിയ ഐതിഹാസികസമരം.... ഇവയൊക്കെ സ്ത്രീ കൂട്ടായ്മയില്‍ രൂപപ്പെട്ടതാണ്. കണ്ണന്‍ ദേവന്‍ തേയിലത്തോട്ടങ്ങളില്‍ നിന്നും തുടങ്ങിയ സ്ത്രീ തൊഴിലാളി സമരമുന്നേറ്റം സംസ്ഥാനത്തെ മുഴുവന്‍ തോട്ടം മേഖലകളിലേക്കും പടരുന്നതും, ആദ്യം അവരെ അവഗണിച്ച ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളൊക്കെയും അവര്‍ക്കുപിന്നില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിനിരക്കുന്നതും നാം കാണുന്നുണ്ട്. എന്തായിരുന്നാലും ഒന്നുറപ്പാണ്, സ്ത്രീകള്‍ തീരുമാനിച്ചാല്‍ അവര്‍ സംഘടിച്ചാല്‍ ഏതൊരു കാര്യവും വിജയിപ്പിച്ചെടുക്കാന്‍ അവര്‍ക്ക് കഴിയും.
ഈ കഴിവും ശക്തിയും രാജ്യത്തിന്റെ നന്മയുടെ വഴിയിലേക്ക് തിരിച്ചുവിടാന്‍ സാധിച്ചാല്‍ നാടിന്റെ മുഖച്ചായ മാറ്റിവരക്കാനാവും.
ജനസംഖ്യാ അടിസ്ഥാനത്തിലും, വോട്ടര്‍മാരിലും, പുരുഷന്മാരെക്കാള്‍ മുന്നിലാണ് സ്ത്രീകള്‍. തദ്ദേശ സ്ഥാപനങ്ങളുടെ അന്‍പത് ശതമാനം ഭരണവും സ്ത്രീകള്‍ക്കാണ്. ആരുമാരുമറിയാതെ വീട്ടിനകത്ത് ഒതുങ്ങിയിരുന്ന സ്ത്രീകള്‍ സാമൂഹ്യരാഷ്ട്രീയ മേഖലയില്‍ സേവനം ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ പഞ്ചായത്തിലും വാര്‍ഡിലും അവരുടെ കഴിവും സേവനവും വലിയമാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പല വാര്‍ഡുകളിലേയും പഞ്ചായത്തുകളിലേയും വനിതാമെമ്പര്‍മാര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. എങ്കിലും നല്ല ശതമാനം വനിതാ മെമ്പര്‍മാര്‍ പുരുഷമേധാവിത്വത്തിന്റെ കീഴില്‍ ചിറകറ്റ പക്ഷിയെ പോലെ അവര്‍ കൈവെയ്ക്കുന്നേടത്ത് ഒപ്പ് വെയ്ക്കാന്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യങ്ങളുമുണ്ട്.
എല്ലാ തിന്മകളും ഏറ്റവും കൂടുതല്‍ നിറഞ്ഞ് നില്‍ക്കുന്ന രാഷ്ട്രീയ മേഖലയെ ശുദ്ധമാക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് നമ്മള്‍ സ്ത്രീകള്‍ തീരുമാനിക്കുക. നാടിന്റെ നല്ല ഭാവിക്കുവേണ്ടി നല്ല മൂല്യബോധമുള്ള ധാര്‍മിക പ്രതിബദ്ധതയുള്ള പാര്‍ട്ടിയുടെ ആളുകളുടെ കൈകളിലാണ് അധികാരം എത്തേണ്ടത്. അധികാരം എത്ര വലിയതാവട്ടെ ചെറിയതാവട്ടെ ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ് എന്ന ബോധമുള്ളവരുടെ കൈകളിലാണ് അത് ഏല്‍പ്പിക്കേണ്ടത്.
അധികാരത്തിലെത്തിയാല്‍ ജനങ്ങളെ തള്ളി അവര്‍ക്ക് കിട്ടേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും പണക്കാരുടെ കയ്യിലേല്‍പിച്ച് അവരുടെ അച്ചാരം പറ്റി കഴിയുന്നവരെ തദ്ദേശസ്ഥാപനങ്ങളുടെ പടി ചവിട്ടാനനുവദിക്കില്ലെന്ന്, അഴിമതിക്കാരെയും സ്വാര്‍ഥതാല്‍പര്യക്കാരെയും ഈ തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കുമെന്ന്, ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിച്ച് അവര്‍ക്കിടയില്‍ സംശയത്തിന്റെയും വിദ്വേഷത്തിന്റെയും വിത്ത് വിതച്ച് അധികാരത്തിലേക്ക് പാലം പണിയുന്നവരെ നിലക്ക് നിര്‍ത്തുമെന്ന് തീരുമാനിക്കേണ്ടത് മറ്റാരെക്കാളും സ്ത്രീകളാണ്.
ജീവന് ഭീഷണി നേരിടാതെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കാന്‍ കഴിയുന്ന ജീവിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്ന, ഫണ്ടുകളും ആനുകൂല്യങ്ങളും യഥാര്‍ഥ അവകാശികളിലേക്ക് തന്നെ എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ കഴിയുന്ന ജനസേവകരും രാജ്യസ്‌നേഹികളുമാണ് നമ്മുടെ നാടിന് ആവശ്യം.
രാഷ്ട്രീയ മാറ്റത്തിന്റെ ചാലകശക്തിയായി പ്രവര്‍ത്തിച്ചുകൊണ്ട് നമ്മുടെ നാട്ടില്‍ ഉള്‍പ്പെടെ ലോകത്ത് നടക്കുന്ന വനിതാമുന്നേറ്റത്തിന്റെ ഒരു കണ്ണിയായി അഴിമതിക്കാര്‍ക്കും അനീതിപ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരില്‍ സമ്മതിദാന അവകാശം പടവാളാക്കി ഈ വരുന്ന ഇലക്ഷനെ മാറ്റുക.
(വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വനിതാ കണ്‍വീനറാണ് ലേഖിക)