ആദ്യസന്തതിക്ക് കഴുത്തുറക്കും മുമ്പേ-
യടുത്ത സൂര്യനെ പ്രസവിക്കും
കിഴക്കിനെപ്പോലെ
ആദ്യാക്ഷരത്തിന്നമ്പരപ്പ് മാറും മുമ്പേ
അടുത്തയക്ഷരത്തെ പ്രസവിക്കും
തൂലികയെപ്പോലെ
അവളും....
ബേബിസെറ്റിന് മിനുപ്പും
മനം നിറച്ചും വാത്സല്യവുമില്ലാതെ
ചേച്ചി മുത്തശ്ശിയുടെ ഒക്കത്തിരുന്ന്
ആശുപത്രിമുറിയിലേക്കെത്തി.
പുതിയയാളെ നോക്കിച്ചിരിച്ചു.
ഭിത്തിയിലുറപ്പിച്ച ഘടികാരം കണ്ട്
തെളിഞ്ഞ് ചിരിച്ചു.
ഇടക്ക് വരുന്ന നഴ്സ്മാരെ കണ്ടും
ചിരിച്ചു
വട്ടം തിരിഞ്ഞുഷ്ണത്തെയാട്ടുന്ന
ഫാന്‍ കണ്ട്
രണ്ടുവട്ടം ചിരിച്ചു.
കുപ്പിപ്പാല് പകരം തന്ന്
പെട്ടെന്നൊരുനാള്‍ മുതല്‍
തരാന്‍ മടിച്ചുള്ളൊരാ അമ്മിഞ്ഞപ്പാല് മധുരം
പുതിയയാളിലേക്കൊഴുകുന്നത്
കണ്ടപ്പോള്‍ മാത്രം
കരഞ്ഞുകരഞ്ഞവളങ്ങനെ...