അമാനുഷിക ഇടപെടലുകളിലൂടെ മൂന്ന് വിശുദ്ധ ഗര്‍ഭധാരണം
ശൈഖ് മുഹമ്മദ് കാരകുന്ന്
2015 ഏപ്രില്‍
ഗര്‍ഭധാരണത്തിനും പ്രസവത്തിനും നിയതമായ പ്രകൃതിനിയമവും വ്യവസ്ഥയുമുണ്ട്. അത് ദൈവനിശ്ചിതമാണ്; അല്ലാഹുവിന്റെ
ഖുര്‍ആനിലെ സ്ത്രീ - 4
ഗര്‍ഭധാരണത്തിനും പ്രസവത്തിനും നിയതമായ പ്രകൃതിനിയമവും വ്യവസ്ഥയുമുണ്ട്. അത് ദൈവനിശ്ചിതമാണ്; അല്ലാഹുവിന്റെ പ്രത്യേകമായ ഇടപെടല്‍ ഇല്ലാത്തപ്പോള്‍ അലംഘനീയവും. വിശുദ്ധ ഖുര്‍ആന്‍ അതേക്കുറിച്ച് പലയിടങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:
'മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ നാമവനെ ബീജകണമാക്കി ഭദ്രമായ ഒരിടത്ത് സ്ഥാപിച്ചു. അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി. പിന്നീട് ഭ്രൂണത്തെ മാംസക്കട്ടയാക്കി. അതിനു ശേഷം മാംസത്തെ എല്ലുകളാക്കി. എല്ലുകളെ മാംസംകൊണ്ടു പൊതിഞ്ഞു. പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു. ഏറ്റം നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണന്‍ തന്നെ'' (23:12-14).
'മനുഷ്യനെ നാം കൂടിക്കലര്‍ന്ന ബീജത്തില്‍നിന്ന് സൃഷ്ടിച്ചു; നമുക്ക് അവനെ പരീക്ഷിക്കാന്‍. അങ്ങനെ നാമവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി'' (76:2).
ഖുര്‍ആന്റെ അവതരണകാലത്ത് അറേബ്യന്‍ സമൂഹം ധരിച്ചിരുന്നത് ലിംഗനിര്‍ണയം നടത്തുന്നത് മാതാവാണെന്നാണ്. അതുകൊണ്ടു തന്നെ പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകളോട് പുരുഷന്മാര്‍ വെറുപ്പും അകല്‍ച്ചയും കാണിച്ചിരുന്നു. അതിനാലാണ് ഒരറബിപ്പെണ്ണ് ഇങ്ങനെ പാടിയത്.
'മാലി അബീഹംസത ലായഅ്തീനാ
അലാ അന്‍ലാ നലിദല്‍ബനീനാ.''
'അബൂഹംസക്കെന്തുപറ്റി? അദ്ദേഹം നാം ആണ്‍കുട്ടികളെ പ്രസവിക്കാത്തതിനാല്‍ നമ്മുടെ അടുത്ത് വരുന്നില്ലല്ലോ''
പുരുഷബീജമാണ് ലിഗനിര്‍ണയത്തില്‍ പങ്കുവഹിക്കുന്നതെന്ന് അടുത്ത കാലം വരെ ആര്‍ക്കുമറിയില്ലായിരുന്നു. ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇപ്പോള്‍ നാം മനസ്സിലാക്കുന്നു.
'മനുഷ്യന്‍ തെറിച്ചുവീഴുന്ന നിസ്സാരമായ ഒരു ഇന്ദ്രിയത്തുള്ളി മാത്രമായിരുന്നില്ലേ? പിന്നെയത് ഭ്രൂണമായി. അനന്തരം അല്ലാഹു അവനെ സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അവനില്‍നിന്ന് ആണും പെണ്ണുമായി ഇണകളെ ഉണ്ടാക്കി'' (75:37-39).
'ഇണകളെ- ആണിനെയും പെണ്ണിനെയും- സൃഷ്ടിച്ചതും അവനാണ്. ബീജത്തില്‍നിന്ന്; അത് ഗര്‍ഭാശയത്തില്‍ സ്രവിക്കപ്പെടുമ്പോള്‍'' (53:45,46).
പ്രകൃതിനിയമമനുസരിച്ച് ഗര്‍ഭധാരണത്തിന് പ്രായവും കാലവുമൊക്കെയുണ്ട്. ഈ പൊതുനിയമം ലംഘിക്കപ്പെട്ട രണ്ട് ഗര്‍ഭധാരണത്തെസംബന്ധിച്ച് ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. സാധാരണഗതിയില്‍ ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും കാലം കഴിഞ്ഞ ശേഷം അല്ലാഹുവിന്റെ പ്രത്യേകമായ ഇടപെടലുകളിലൂടെ നടന്നവയായാണ് ഖുര്‍ആന്‍ അവയെ പരിചയപ്പെടുത്തുന്നത്. ഇവയിലൊന്ന് ഇബ്രാഹീം നബിയുടെ സഹധര്‍മിണി സാറയുടെ ഗര്‍ഭധാരണമാണ്. ഇക്കാര്യം ഖുര്‍ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു: 'ഇബ്രാഹീമിന്റെ ആദരണീയരായ അതിഥികളുടെ വിവരം നിനക്ക് വന്നെത്തിയിട്ടുണ്ടോ? അവരദ്ദേഹത്തെ സമീപിച്ച സന്ദര്‍ഭം. അവരദ്ദേഹത്തിന് സലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ക്കു സലാം. അപരിചിതരാണല്ലോ.'' അനന്തരം അദ്ദേഹം അതിവേഗം തന്റെ വീട്ടുകാരെ സമീപിച്ചു. അങ്ങനെ കൊഴുത്ത പശുക്കിടാവിനെ പാകംചെയ്ത് കൊണ്ടുവന്നു. അവരുടെ സമീപത്തുവെച്ചു. അദ്ദേഹം ചോദിച്ചു: 'നിങ്ങള്‍ തിന്നുന്നില്ലേ?'' അപ്പോള്‍ അദ്ദേഹത്തിന് അവരെപ്പറ്റി ആശങ്ക തോന്നി. അവര്‍ പറഞ്ഞു: 'പേടിക്കേണ്ട.' ജ്ഞാനിയായ ഒരു പുത്രന്റെ ജനനത്തെക്കുറിച്ച ശുഭവാര്‍ത്ത അവരദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഒച്ചവെച്ചോടിവന്നു. സ്വന്തം മുഖത്തടിച്ചുകൊണ്ട് അവര്‍ ചോദിച്ചു: 'വന്ധ്യയായ ഈ കിഴവിക്കോ.''
അവര്‍ അറിയിച്ചു: 'അതെ, അങ്ങനെ സംഭവിക്കുമെന്ന് നിന്റെ നാഥന്‍ അറിയിച്ചിരിക്കുന്നു. അവന്‍ യുക്തിമാനും അഭിജ്ഞനും തന്നെ'' (51:24-30).
'ഇബ്രാഹീമിന്റെ അതിഥികളെപ്പറ്റി നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുക. അവര്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്ന സന്ദര്‍ഭം. അപ്പോള്‍ അവര്‍ പറഞ്ഞു: 'താങ്കള്‍ക്കു സമാധാനം.' അദ്ദേഹം പറഞ്ഞു: 'സത്യമായും ഞങ്ങള്‍ക്ക് നിങ്ങളെപ്പറ്റി പേടി തോന്നുന്നു.''
അവര്‍ പറഞ്ഞു: 'താങ്കള്‍ പേടിക്കേണ്ട. ജ്ഞാനമുള്ള ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത ഞങ്ങളിതാ താങ്കളെ അറിയിക്കുന്നു.' അദ്ദേഹം പറഞ്ഞു: 'ഈ വയസ്സുകാലത്താണോ നിങ്ങളെന്നെ പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്തയറിയിക്കുന്നത്? എന്തൊരു ശുഭവാര്‍ത്തയാണ് നിങ്ങള്‍ ഈ നല്‍കുന്നത്.''
അവര്‍ പറഞ്ഞു: 'ഞങ്ങള്‍ താങ്കള്‍ക്കു നല്‍കുന്നത് ശരിയായ ശുഭവാര്‍ത്ത തന്നെ. അതിനാല്‍ താങ്കള്‍ നിരാശനാവാതിരിക്കുക'' (15:52-54).
പ്രകൃതിപരമായ പരിമിതികളെല്ലാം ലംഘിക്കുന്ന മറ്റൊരു ഗര്‍ഭധാരണം സകരിയ്യാ നബിയുടെ സഹധര്‍മിണിയുടേതാണ്. ഇക്കാര്യം ഖുര്‍ആന്‍ വിശദമായി വിവരിച്ചിട്ടുണ്ട്.
'നിന്റെ നാഥന്‍ നിന്റെ ദാസന്‍ സകരിയ്യയോടു കാണിച്ച കാരുണ്യത്തെ സംബന്ധിച്ച വിവരണമാണിത്. അദ്ദേഹം തന്റെ നാഥനെ പതുക്കെ വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: 'എന്റെ നാഥാ, എന്റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു. എന്റെ തല നരച്ചു തിളങ്ങുന്നതുമായിരിക്കുന്നു. നാഥാ, ഞാന്‍ നിന്നോട് പ്രാര്‍ഥിച്ചതൊന്നും നടക്കാതിരുന്നിട്ടില്ല. എനിക്ക് പിറകെ വരാനിരിക്കുന്ന ബന്ധുക്കളെയോര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു. എന്റെ ഭാര്യ വന്ധ്യയാണ്. അതിനാല്‍ നിന്റെ കാരുണ്യത്താല്‍ എനിക്കൊരു പിന്‍ഗാമിയെ പ്രദാനം ചെയ്യേണമേ! അവനെന്റെ അനന്തരാവകാശിയാകണം. യഅ്ഖൂബ് കുടുംബത്തിന്റെയും പിന്‍മുറക്കാരനാകണം. എന്റെ നാഥാ, നീയവനെ നിനക്കിഷ്ടപ്പെട്ടവനാക്കേണമേ?''
'സകരിയ്യാ, നിശ്ചയമായും നിന്നെയിതാ ഞാന്‍ ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് യഹ്‌യാ എന്നായിരിക്കും. ഇതിന്റെ മുമ്പ് നാം ആരെയും അവന്റെ പേരുള്ളവനാക്കിയിട്ടില്ല.''
അദ്ദേഹം പറഞ്ഞു: 'എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്റെ ഭാര്യ വന്ധ്യയാണ്. ഞാനോ വാര്‍ധക്യത്താല്‍ പരവശനും.' അല്ലാഹു അറിയിച്ചു: 'അതൊക്കെ ശരിതന്നെ. നിന്റെ നാഥന്‍ അരുള്‍ ചെയ്യുന്നു. എനിക്കതു നന്നെ നിസ്സാരമാണ്. നേരത്തെ നീ ഒന്നുമായിരുന്നില്ല. എന്നിട്ടും ഇതിനു മുമ്പ് നാം നിന്നെ സൃഷ്ടിച്ചില്ലേ'' (19:2-9).
'അവിടെ വെച്ച് സകരിയ്യാ തന്റെ നാഥനോട് പ്രാര്‍ഥിച്ചു: 'എന്റെ നാഥാ, എനിക്കു നിന്റെ വകയായി നല്ലവരായ മക്കളെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനല്ലോ.''
'അങ്ങനെ അദ്ദേഹം മിഹ്‌റാബില്‍ പ്രാര്‍ഥിച്ചുകൊണ്ടുനില്‍ക്കെ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: 'നിശ്ചയമായും അല്ലാഹു നിന്നെ യഹ്‌യയെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവില്‍ നിന്നുള്ള വചനത്തെ സത്യപ്പെടുത്തുന്നവനായാണ് അവന്‍ വരിക. അവന്‍ നേതാവും ആത്മസംയമനം പാലിക്കുന്നവനും സദ്‌വൃത്തരില്‍ പെട്ട പ്രവാചകനുമായിരിക്കും.''
സകരിയ്യാ ചോദിച്ചു: 'എന്റെ നാഥാ, എനിക്കെങ്ങനെ ഇനിയൊരു പുത്രനുണ്ടാകും? ഞാന്‍ കിഴവനായിക്കഴിഞ്ഞു; എന്റെ ഭാര്യയോ വന്ധ്യയും.' അല്ലാഹു അറിയിച്ചു: 'അതൊക്കെ ശരിതന്നെ, എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു' (3:38-40).
ഇവിടെ ഇസ്ഹാഖ് നബിയെയും യഹ്‌യാ പ്രവാചകനെയും തങ്ങളുടെ മാതാക്കള്‍ ഗര്‍ഭംധരിച്ചത് അസ്വാഭാവികവും അമാനുഷികവുമായ ഇടപെടലിലൂടെയാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു.
എന്നാല്‍ ഈസാനബിയെ മര്‍യംബീവി ഗര്‍ഭംധരിച്ചത് ഭര്‍ത്താവിന്റെ സാന്നിധ്യംപോലും ഇല്ലാതെയാണ്. ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു.
' ഈ വേദപുസ്തകത്തില്‍ മര്‍യമിന്റെ കാര്യം വിവരിക്കുക. അവര്‍ തന്റെ സ്വന്തക്കാരില്‍നിന്ന് അകലെ കിഴക്കൊരിടത്ത് കഴിഞ്ഞു കൂടിയ കാലം. സ്വന്തക്കാരില്‍നിന്നും ഒളിഞ്ഞിരിക്കാന്‍ അവരൊരു മറയുണ്ടാക്കി. അപ്പോള്‍ നാം നമ്മുടെ മലക്കിനെ മര്‍യമിന്റെ അടുത്തേക്കയച്ചു. മലക്ക് അവരുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ പറഞ്ഞു: 'ഞാന്‍ നിങ്ങളില്‍നിന്ന് പരമകാരുണികനായ അല്ലാഹുവില്‍ അഭയം തേടുന്നു. നിങ്ങളൊരു ഭക്തനെങ്കില്‍. മലക്ക് പറഞ്ഞു: 'നിനക്ക് പരിശുദ്ധനായ ഒരു പുത്രനെ പ്രദാനം ചെയ്യാന്‍ നിന്റെ നാഥന്‍ നിയോഗിച്ച ദൂതന്‍ മാത്രമാണ് ഞാന്‍.' അവര്‍ പറഞ്ഞു: 'എനിക്കെങ്ങനെ പുത്രനുണ്ടാകും? ഇന്നോളം ഒരാണും എന്നെ തൊട്ടിട്ടില്ല. ഞാന്‍ ദുര്‍നടപ്പുകാരിയുമല്ല.' മലക്ക് പറഞ്ഞു: 'അതൊക്കെ ശരിതന്നെ. എന്നാലും അതുണ്ടാകും. നിന്റെ നാഥന്‍ പറയുന്നു. ' നമുക്കത് നന്നെ നിസ്സാരമായ കാര്യമാണ്. ആ കുട്ടിയെ ജനങ്ങള്‍ക്കൊരടയാളവും നമ്മില്‍ നിന്നുള്ള കാരുണ്യവുമാക്കാനാണ് നാം അങ്ങനെ ചെയ്യുന്നത്. അത് തീരുമാനിക്കപ്പെട്ട കാര്യമാണ്.'
'അങ്ങനെ അവര്‍ ആ കുഞ്ഞിനെ ഗര്‍ഭംധരിച്ചു. ഗര്‍ഭം ചുമന്ന് അവര്‍ അകലെ ഒറ്റക്കൊരിടത്ത് മാറിത്താമസിച്ചു' (19:16-22).
അല്ലാഹുവിന്റെ പ്രത്യേക ഇടപെടലിലൂടെ സംഭവിച്ച മൂന്ന് ഗര്‍ഭധാരണങ്ങളിലൂടെ രൂപംകൊണ്ടത് മൂന്ന് ശ്രേഷ്ഠരായ പ്രവാചകന്മാരാണ്. അവരെയും അവരുടെ മാതാപിതാക്കളെയും സംബന്ധിച്ച് ഉണ്ടായേക്കാവുന്ന എല്ലാവിധ തെറ്റിദ്ധാരണകളുടെയും വേരറുക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്; ഒപ്പം അവരുടെയൊക്കെ ദൈവസാമീപ്യവും ജീവിത വിശുദ്ധിയും വെളിപ്പെടുത്തുകയും.