മഹല്ലുകളിലെ സ്ത്രീ പങ്കാളിത്തം
കാലങ്ങളും ചിന്തകളും അടയാളപ്പെടുത്തുന്നതില്‍ സ്ത്രീ ചിന്തകള്‍ക്ക് എക്കാലവും പ്രസക്തിയുണ്ട്. അതിന് സ്ത്രീസമൂഹത്തിന് ദിശകാണിക്കുകയും
കാലങ്ങളും ചിന്തകളും അടയാളപ്പെടുത്തുന്നതില്‍ സ്ത്രീ ചിന്തകള്‍ക്ക് എക്കാലവും പ്രസക്തിയുണ്ട്. അതിന് സ്ത്രീസമൂഹത്തിന് ദിശകാണിക്കുകയും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന് പ്രാപ്തി നല്‍കുകയും ചെയ്യുന്ന പ്രസിദ്ദീകരണമാണ് ആരാമം. ദൈവം അവള്ക്കുനല്കിയ അവകാശങ്ങളെ കൃത്യമായി അളന്നെടുത്തു നല്കുന്നതില് ആരാമം എന്നും മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇന്ന് സമുദായത്തിനുള്ളില്‍ ഏറെ ചര്‍ച്ചയായ മഹല്ലുകളിലെ സ്ത്രീ പ്രാതിനിധ്യം വര്‍ഷങ്ങള്‍ക്കു മുമ്പേ ഗൗരവത്തിലെടുത്ത് ചര്‍ച്ചചെയ്തത്.
പഞ്ചായത്തു തലം മുതല്‍ അന്തര്‍ദേശീയ ബോഡികളില്‍ വരെ മുസ്ലിം പെണ്ണ് തന്റെ ഭാഗധേയം അടയാളപ്പെടുത്തുന്ന കാലത്ത് സമുദായത്തിന്റെ ആദ്യ ഭരണസംവിധാനമായ മഹല്ലുകളില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് പ്രവേശനമില്ലായെന്ന ചോദ്യത്തിന് ഉത്തരം അതിനു തടയിടുന്നവര്‍ പറയുന്ന ന്യായം പോലെ തന്നെ പാരമ്പര്യവും ആചാരവുമായ കീഴ്വഴക്കങ്ങളാണ്. തുടര്‍ന്നുപോയ്ക്കൊണ്ടേയിരിക്കുന്ന ആചാരങ്ങളുടെയും മാമൂലുകളുടെയും ബലത്തില്‍ എല്ലാവിധ അവകാശങ്ങളും നിഷേധിക്കുന്നവര്‍ 'സ്ത്രീയാകട്ടെ പുരുഷനാകട്ടെ നിങ്ങളില്‍ ആരുടെ കര്‍മത്തെയും ഞാന്‍ നിഷ്ഫലമാക്കുകയില്ല.' (3.195) എന്ന ദൈവവചനത്തെ ധിക്കരിക്കുകയാണ്.
സാമൂഹിക രാഷ്ട്രീയ കുടുംബ ഘടനകളില്‍ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ യാതൊരുവിധ അനീതിയും പ്രകടിപ്പിക്കാത്ത നിയമങ്ങള്‍ ഇസ്ലാമില്‍ നിലനില്‍ക്കെയാണ് ദൈവം പെണ്ണായി സൃഷ്ടിച്ചുവെന്ന ഒറ്റക്കാരണത്താല്‍ ഈ അസമത്വം സമുദായത്തിലെ ചില ആണുങ്ങള് പുലര്‍ത്തിപ്പോകുന്നത്.
വിദ്യാഭ്യാസ സാമൂഹികരംഗത്ത് പുരുഷന്മാരോടൊപ്പമാണ് സ്ത്രീകള്‍. അഭിപ്രായങ്ങള്‍ പറയാനും തീരുമാനമെടുക്കാനും മുസ്ലിംസ്ത്രീക്ക് മറ്റാരേക്കാളും പ്രാപ്തിയുണ്ട.് ഓരോ മഹല്ലുകളിലും ആണുങ്ങളെക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളാണ്. പുരുഷന്റെ അഭാവത്തില്‍ എല്ലാതരത്തിലുള്ള ഉത്തരവാദിത്വവും അവര്‍ ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്. മഹല്ലുകളിലെ മിക്കതിലും ഭരണം കയ്യാളുന്നവര്‍ സ്ത്രീകള്‍ക്ക് പള്ളികള്‍പോലും വിലക്കുന്നവരാണ്, നേര്‍ച്ചപ്പറമ്പുകളിലും ജാറങ്ങളിലും സ്ത്രീസാനിധ്യം ഇക്കൂട്ടര്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
മഹല്ലുകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളധികവും വിവാഹം, വിവാഹമോചനം, കുടുംബം എന്നിവയുമായി ബന്ധപ്പെട്ടതാണ്. സാമൂഹിക സാമ്പത്തിക ലിംഗ സദാചാരപരമായ കാര്യങ്ങളാണ് മിക്കവയും. ഇത് അധികവും സ്ത്രീകളുമായി ബന്ധപ്പെട്ടതാണുതാനും. പല വിവാഹമോചനങ്ങളും നടക്കുന്നത് മഹല്ലുകളില്‍ കൂടിയാണ്. അതും സ്ത്രീക്ക് ദോഷകരമായി ഭവിക്കുന്ന രൂപത്തില്‍. സ്ത്രീയെ ബാധിക്കുന്ന പ്രശ്നങ്ങളെ കൗണ്‍സലിംഗ് സംവിധാനത്തിലൂടെ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സാധിക്കുക സ്ത്രീക്ക് തന്നെയാണ്. സ്ത്രീകള്‍ വരുന്നതിനെ ഇഷ്ടപ്പെടാത്തവര്‍ പറയുന്ന ന്യായം സ്ത്രീയുടെ കാര്യം പറയാന്‍ പെണ്ണ് തന്നെ വേണ്ടായെന്നും പ്രവാചകന്മാരാണ് അക്കാര്യം പറഞ്ഞിരുന്നതെന്നുമായിരുന്നു. പള്ളിയോ പള്ളിയുമായി ബന്ധപ്പെട്ടതോ ആയ ഒരിടവും പ്രവാചകനോ അനുയായികളോ സ്ത്രീകള്‍ക്ക് തടഞ്ഞിരുന്നില്ലെന്നും അവകാശങ്ങള്‍ക്ക് പോരാടേണ്ട ഗതികേട് അക്കാലത്തെ സ്ത്രീകള്‍ക്കുണ്ടായിട്ടില്ല എന്നതും വസ്തുതയാണ്. മഹല്ലുകളും പള്ളികളും നിര്‍വ്വഹിക്കേണ്ട ദൗത്യം എന്താണന്ന് പോലും തിരിച്ചരിവില്ലാത്തതാണ് ഇക്കാര്യത്തിലെ വാശിക്ക് കാരണം. പ്രവാചക കാലത്ത് വിജ്ഞാനത്തിന്റെയും സാമൂഹിക പാരസ്പര്യത്തിന്റെയും പ്രദേശക്കാരുടെ കൂടിച്ചേരലിന്റെയും ഇടങ്ങളായിരുന്നു അവ. പ്രാപ്തിയും മതവിജ്ഞാനീയങ്ങളില്‍ അവഗാഹവുമുള്ളവരായിരുന്നു അവ നിയന്ത്രിച്ചിരുന്നത്.
കഴിവും പ്രാപ്തിയും അറിവും ഉള്ള പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷഭേദ മന്യേയുള്ളവരാണ് മഹല്ലുകളിലെ നേതൃസ്ഥാനത്തേക്ക് കടന്നുവരേണ്ടത്. മഹല്ലു പരിധിയിലുള്ള എല്ലാവര്ക്കും വോട്ടവകാശത്തിനുള്ള അര്‍ഹത ഉണ്ടായിരിക്കണം. മഹല്ലുഭരണസമിതികളില്‍ സ്ത്രീകള്‍ കടന്നുവരുന്നതിന് മഹല്ലില്‍ വോട്ടവകാശമുള്ള ജനറല്‍ ബോഡി മെമ്പര്‍മാരായി സ്ത്രീകളെ കൊണ്ടുവരണം.
എല്ലാതെരഞ്ഞെടുപ്പും നാട്ടുകാര്‍ അറിയും പക്ഷേ പള്ളിക്കമ്മറ്റി തെരഞ്ഞെടുപ്പ് പെണ്ണ് പോയിട്ട് ആണുപോലും ആറിയാത്ത അവസ്ഥയാണ്. ഇന്ന് മഹല്ലുകളില്‍ ഭരണത്തിലേറുന്നവരിലധികവും കുടുംബമഹിമയുടെയോ സമ്പത്തിന്റെ ബലത്തിലോ ആ വകുപ്പുകള്‍ ലഭിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ്. ഇത്തരം കീഴ്വഴക്കം തന്നെ മാറ്റിയെഴുതേണ്ടതുണ്ട്. വര്‍ഷാവര്‍ഷം പള്ളിക്ക് പെയിന്റടിക്കലും സ്ത്രീധനത്തുക ഒപ്പിച്ചുകൊടുക്കാന്‍ സെക്രട്ടറിയുടെ കത്തുണ്ടാക്കിക്കൊടുക്കലും മൊഴി ചൊല്ലിക്കൊടുക്കലുമാണ് കാര്യമായ പണിയെന്നാണ് പല മഹല്ലുകാരുടെയും വിചാരം. ഈ ചിന്ത മാറ്റിപ്പണിയണം. പെണ്ണിന് അവസരത്തെകുറിച്ച് പറയുമ്പോള്‍ മറ്റൊരു കാര്യം കൂടി ഓര്മ വേണം. പെണ്ണിന് വേണ്ടത് ആണിനരികില്‍ ഒരു കസേരയല്ല, പെണ്ണിന്റെ ആവശ്യങ്ങളെയും അവകാശങ്ങലെയും കൃത്യമായി മനസ്സിലാക്കി പറയാനും പ്രവര്‍ത്തിക്കാനും ആര്‍ജവമുള്ളവളെയാണ.്