നബിയെ ഞാന്‍ ഗൗരവത്തില്‍ പഠിക്കുന്നു
സിസ്റ്റർ ജസ്റ്റാൻ മേരി, കേരള യൂനിവേഴ്സിറ്റി തിരുവനൻതപുരം
2015 ഏപ്രില്‍
എന്റെ വായനയില്‍ ആരാമവും ഇപ്പോള്‍ ഉള്‍പ്പെട്ടുവരുന്നു. ആരാമത്തില്‍ തുടര്‍ച്ചയായി രണ്ടു ലക്കങ്ങളില്‍ പി.ടി കുഞ്ഞാലി എഴുതിയ
എന്റെ വായനയില്‍ ആരാമവും ഇപ്പോള്‍ ഉള്‍പ്പെട്ടുവരുന്നു. ആരാമത്തില്‍ തുടര്‍ച്ചയായി രണ്ടു ലക്കങ്ങളില്‍ പി.ടി കുഞ്ഞാലി എഴുതിയ ഇസ്‌ലാമിക ചരിത്രാഖ്യായിക വായിച്ചു. ഇത് മനോഹരം. മനസ്സിനെ ആര്‍ദ്രമാക്കുന്ന ഒരു വായനാനുഭവം. നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ ഒരു കാലവും കാലാവസ്ഥയും ഭാഷയുടെ മികവുകൊണ്ട് അദ്ദേഹം തന്റെ രചനകളിലേക്ക് കൊണ്ടുവന്നു. ഏതു മനുഷ്യരെയും പോലെ പ്രവാചകനും സ്വന്തം ജീവിതത്തില്‍ എന്തുമാത്രം സംഘര്‍ഷങ്ങള്‍ അനുഭവിച്ചു എന്ന് ഞാനറിയുന്നത് ഇപ്പോഴാണ്. ഈ എഴുത്തുകള്‍ ഇസ്‌ലാമിക ചരിത്ര വായനക്ക് എന്നെ വല്ലാതെ താല്‍പര്യപ്പെടുത്തുന്നു. അത്രക്ക് ചേതോഹരമാണാ ഭാഷ. ഇസ്‌ലാമിക നബിയെ പറ്റി ഞാന്‍ ഗൗരവത്തില്‍ വായിക്കാന്‍ പോകുന്നു എന്നു സന്തോഷത്തേടെ അറിയിക്കുന്നു. അതിനു കാരണമായത് ആരാമവും പി.ടി കുഞ്ഞാലിയുമാണെന്നും.
ചെറിയ ജീവിതത്തിലെ വലിയ സുകൃതം
'സ്വപ്‌നങ്ങള്‍ക്ക് ചിറക് വെച്ചപ്പോള്‍' മാര്‍ച്ച് ലക്കം ഫീച്ചര്‍ വായിച്ചു. ലേഖ എന്ന സാധാരണ സ്ത്രീയുടെ അസാധാരണമായ ആര്‍ജവവും നന്മചെയ്യാനുള്ള അത്യുത്സാഹവും സമൂഹ മധ്യത്തില്‍ എത്തിച്ച ബിന്‍ത് ഹസനും ആരാമത്തിനും നന്ദി. ചെറിയ ജീവിതം കൊണ്ട് വലിയ നന്മയാണ് ലേഖ ചെയ്തത്. മറ്റുള്ളവരുടെ വേദനകള്‍ സ്വന്തം വേദനയായി കണക്കാക്കുകയും പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുക എന്നത് എല്ലാവര്‍ക്കും കഴിയുന്നതല്ല. പരസ്പരം കടിച്ചു കീറുന്ന നീചന്മാര്‍ക്ക് പാഠമാകട്ടെ ആ ജീവിതം.
അബ്ദുല്‍ റസാഖ്
പുലാപറ്റ
വൈവിധ്യങ്ങള്‍ തിരിച്ചറിയുക
കലയുടെ ഇസ്‌ലാമികതയെക്കുറിച്ച് സഫാ അബ്ദുറഹ്മാന്‍ മാര്‍ച്ച് ലക്കം എഴുതിയ കുറിപ്പ് ശ്രദ്ധേയമായി. ഇസ്‌ലാം കലക്ക് എത്രമാത്രം പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് അത് വ്യക്തമാക്കുന്നു. അതുപോലെ ഇസ്‌ലാമിക പ്രബോധനം ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. എന്നാല്‍ അതിനെക്കുറിച്ച് ആരും നിരാശരാവേണ്ടതില്ല. കാരണം ഒരു കഴിവുമില്ലാതെ ആരും ജനിക്കുന്നില്ല. അവ കണ്ടെത്തി ജീവിതത്തില്‍ ക്രിയാത്മകമായി ഉപയോഗിക്കുമ്പോഴാണ് അയാള്‍ക്ക് വിജയിക്കാന്‍ കഴിയുക. അതൊരു സംഘടനയോ സമുദായമോ ആകുമ്പോള്‍ അതിന്റെ പ്രതിഫലനം ഏറെയായിരിക്കും. ചിത്രരചന, ഗാനാലാപനം, എഴുത്ത് ഇവയെല്ലാം ദൈവം നമുക്ക് നല്‍കിയ കഴിവുകളില്‍ പെടുന്നു. എന്നാല്‍ ഏറെ നിരാശകരമായ കാര്യം ഈ അനുഗ്രഹങ്ങള്‍ കൊണ്ട് കലോത്സവ വേദികളില്‍ തിളങ്ങിയവര്‍ ജീവിതത്തിരക്കുകള്‍ക്കിടയില്‍ അത് അവഗണിക്കുകയാണ്. പ്രബോധന പ്രവര്‍ത്തന മണ്ഡലത്തില്‍ കൂടി ഉപയോഗിക്കുമ്പോള്‍ അത് ഇസ്‌ലാമിന് നല്ല മൈലേജുണ്ടാക്കുമെന്ന് ചരിത്രം സാക്ഷിയാണ്. എനിക്കൊന്നിനും കഴിയില്ല എന്ന ചിന്താഗതി മാറ്റി എന്താണോ തനിക്ക് ദൈവം നല്‍കിയത് അത് ഉപയോഗപ്പെടുത്തുക, ഒരു നല്ല പ്രബോധകന്‍ നല്ല സ്വരമാധുര്യമുള്ളവനോ, ചിത്രകാരനോ ആയിരിക്കും. അയാള്‍ തനിക്ക് ജന്മസിദ്ധമായി ലഭിച്ച ഇത്തരം കഴിവുകള്‍കൂടി ഉപയോഗപ്പെടുത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക. ജീവിതം ഇസ്‌ലാമിന് വേണ്ടിയാവുമ്പോള്‍ നമ്മുടെ രചനയും, വരയും, സംസാരവുമൊന്നും പാഴാവുകയില്ല. വൈവിധ്യം നിറഞ്ഞ ഈ കാലത്ത് നമ്മള്‍ മാത്രം ഒറ്റപ്പെട്ടുകൂടാ...
ജമീല കെ.വി
എടക്കാട്
വേറിട്ട ചിന്തകള്‍
വിജ്ഞാനകുതുകികള്‍ക്ക് ഒട്ടേറെ വിഭവങ്ങള്‍ പങ്കുവെക്കുന്നതില്‍ ആരാമത്തിന്റെ കിതപ്പില്ലാത്ത കുതിപ്പില്‍ അഭിമാനമുണ്ട്. അന്തസാര്‍ന്ന ലേഖനങ്ങളും ചര്‍ച്ചകളും നല്‍കുന്ന അണിയറ ശില്‍പികളെയും അകമഴിഞ്ഞഭിനന്ദിക്കുന്നു.
രോഗബാധിതനായിക്കഴിയുന്ന എനിക്കിന്ന് ആരാമം മാസികയിലെ ലേഖനങ്ങള്‍ സാന്ത്വനമേകുന്നു. ഈ ലക്കം ലേഖനങ്ങള്‍ ഒന്നൊന്നായി വായിച്ചു തീര്‍ത്തു. ഒന്നിനൊന്ന് മെച്ചം.
ഫാത്തിമാ മൂസ മൗലവിയുടെ പിന്നിട്ട വഴികളെ കുറിച്ചുള്ള ലേഖനത്തിന് ആവേശപൂര്‍വ്വം എന്റെ കുടുംബം കാത്തിരിക്കുന്നു.
ശൈഖ് മുഹമ്മദ് കാരകുന്നിന്റെ മാതൃത്വത്തിന്റെ മഹിമ വല്ലാത്ത വായനാനുഭവമായി. അഭിനന്ദനം. ജോലി കഴിഞ്ഞു വീട്ടിലെത്തി മുഴുസമയം പൊതു പ്രവര്‍ത്തനത്തിനിറങ്ങി പാതിരാക്ക് വീട്ടിലെത്തുന്ന സമയം മരിച്ചു പോയ എന്റെ മാതാവ് നല്‍കിയ ഉപദേശ നിര്‍ദ്ദേശങ്ങള്‍ കാരകുന്നിന്റെ ലേഖനത്തിലൂടെ ഒരു ഓര്‍മപ്പെടുത്തലായി. ഡോക്ടര്‍ മുഹമ്മദ് ബിന്‍ അഹമ്മദിന്റെ 'കായവും' ഗിഫു മേലാറ്റൂരിന്റെ വെളിച്ചെണ്ണയിലെ മായവും വീട്ടമ്മമാര്‍ക്ക് നല്ല മുതല്‍കൂട്ടാണ്. സഈദ് മുത്തനൂരിന്റെ 'സ്വര്‍ഗത്തിലെ ഈത്തപഴ മരങ്ങള്‍' വല്ലാത്ത ഹൃദ്യമായി.
'മാലാഖമാര്‍ കൂട്ടിക്കൊണ്ടുപോയ മകളുടെ ഓര്‍മയില്‍' നല്ല ഗൃഹപാഠമായിരുന്നു. അഭിനന്ദനം.
എം.എ മുഹമ്മദ് മാസ്റ്റര്‍
തണ്ണീര്‍ക്കോട്