പരേതന്റെ ജനാസ

അജ്മല്‍ മമ്പാട് /കഥ No image

         സേതുവേട്ടന്റെ പലചരക്കുകടയുടെ വിള്ളലുവീണ ചുവരില്‍ തട്ടി പ്രതിധ്വനിച്ച് അങ്ങാടിയുടെ മുകളിലേക്ക് ഒച്ചയെറിഞ്ഞ് ജീപ്പ് അരിച്ചരിച്ചുനീങ്ങി. 
'പരേതന്റെ ജനാസ.... നാല് മണിക്ക്... ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.''
മറ്റൊരു ജീപ്പെടുത്ത് പിറകെ കൂടിയാലാണ് നന്നേ ചുരുങ്ങിയത് 'മരണപ്പെട്ട പരേതന്റെ' പേരെങ്കിലും കേള്‍ക്കാനാവൂ. അറിഞ്ഞവര്‍ അറിഞ്ഞവര്‍ ഹാജ്യാരുടെ മാളികയിലേക്ക് പാഞ്ഞു. മരിച്ചത് ഹാജ്യാര്‍ തന്നെയാണെന്നും സംഭവിച്ചത് മരണം തന്നെയാണെന്നും ഉറപ്പുവരുത്താന്‍. ഒാട്ടത്തിനിടയില്‍ നീണ്ടുമെലിഞ്ഞ് നിറപ്പകിട്ടാര്‍ന്ന ഒരു ചെറുപ്പക്കാരന്‍ രണ്ടുവരകോപ്പിയോളം വിസ്തൃതി വരുന്ന ഒരു സാധനം ചെവിയോടടുപ്പിച്ച് പറയുന്നത്‌കേട്ടു.
'എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി...''
വെള്ളിയാഴ്ച പള്ളിയില്‍ പോവാനെന്ന പോലെ തൂവെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ് നീണ്ടുനിവര്‍ന്ന് കിടക്കുകയാണ് ഹാജ്യാര്‍. പതിവിനു വിപരീതമായി വെള്ളവസ്ത്രത്തില്‍ നിറയെ ചുളിവുകളാണ്.
'സക്കീനാ... ന്റെ വാച്ചെവിടെ'' എന്നലറി വിളിക്കാന്‍ ആഗ്രഹമുണ്ട് ഹാജ്യാര്‍ക്ക്. പക്ഷേ, ഒച്ച പൊന്തുന്നില്ല. കണ്ണുതുറക്കാനാവുന്നില്ല. എന്തിന്, ഒന്നിളകാനോ നേരെചൊവ്വേ ശ്വാസം വലിക്കാനോ പറ്റുന്നില്ല. വിവിധയിനം അത്തറുകളും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും കലര്‍ന്ന ബീഡിപ്പുകയുടെ പത്തറുപത് വര്‍ഷമായി പരിചയമുറ്റിയ മണവുമായി പലരും തന്നെ പ്രദക്ഷിണം വെക്കുന്നത് ഹാജ്യാര്‍ അറിയുന്നുണ്ട്. എണീറ്റിരുന്ന് ഒച്ചയിടാന്‍ ആഗ്രഹമുണ്ട്. ഇത്രയും കാലം തന്റെ വളപ്പില്‍ കാലുകുത്താന്‍ ഭയന്നവരൊക്കെയും വീടിനകത്തു കേറി നിരങ്ങുന്നു. പക്ഷേ, ഒച്ച പൊന്തുന്നില്ല. കണ്ണുതുറക്കാനാവുന്നില്ല. എന്തിന് ഒന്നിളകാനോ നേരെചൊവ്വേ ശ്വാസം വലിക്കാനോ പറ്റുന്നില്ല.
അപ്പുറത്തെ മുറിയില്‍നിന്നും താക്കോല്‍ കൂട്ടത്തിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്. അത് ഭീകരമായ ഒരു പൊട്ടിച്ചിരിയായിട്ടാണ് ഹാജ്യാര്‍ക്ക് തോന്നിയത്. മരണമാഘോഷിക്കാന്‍ വന്ന ഏതോ ഒരു വികൃതിപയ്യന്‍ അലമാരയുടെ വാതില്‍ ഇളക്കിക്കളിക്കുന്നു. ജീവനുള്ള സമയമായിരുന്നെങ്കില്‍ ഇപ്പോള്‍ ചെക്കന്റെ ചന്തിയില്‍ ഹാജ്യാരുടെ അഞ്ചുവിരലുകളുടെ ചുവന്ന പാടുകള്‍ കണ്ടുതുടങ്ങേണ്ടതാണ്. പക്ഷേ, ഒച്ച പൊന്തുന്നില്ല. കണ്ണുതുറക്കാനാവുന്നില്ല. എന്തിന് ഒന്നിളകാനോ നേരെചൊവ്വേ ശ്വാസം വലിക്കാനോ പറ്റുന്നില്ല.
ഹാജ്യാരദ്ദേഹത്തിന് ഭ്രാന്ത് പിടിക്കുന്നു. തലപെരുത്ത് കേറുന്നു. സക്കീന അപ്പുറത്തിരുന്ന് തേങ്ങുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്.
'ഇരുന്ന് മോങ്ങാതെടീ, ഞാന്‍ ചത്തിട്ടൊന്നും...'' അപ്പോഴാണ് ഓര്‍മവന്നത് മരിച്ചു കിടക്കുകയാണല്ലോ ഞാന്‍.
'വെറുതെ കരഞ്ഞ് നാട്ടുകാരെ കാണിക്കാന്‍ അഭിനയിക്കുകയാണ് മൂധേവി''
കെട്ടുകഴിഞ്ഞ് ഒരാഴ്ചകഴിഞ്ഞതുമുതല്‍ മുടങ്ങാതെ പഴികേട്ടുകൊണ്ടിരിക്കുകയായിരുന്നു. അതിന് അറുതി വന്നതിന്റെ ആനന്ദം സക്കീനയുടെ മുഖത്ത് പതിനാലാംരാവ് തീര്‍ക്കുന്നതായി ഹാജ്യാര്‍ക്ക് തോന്നി. അതിനിടയില്‍ മൂക്കില്‍ തിരുകിയ പഞ്ഞികൊണ്ട് ഇക്കിളി പൂണ്ട് ഹാജ്യാര്‍ക്ക് തുമ്മണമെന്നുണ്ട്. തുമ്മണമെങ്കില്‍ ജീവന്‍ വേണം. തനിക്ക് അതില്ലല്ലോ. ചുറ്റും കൂടി നിന്നവര്‍ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്നത് കേട്ടു. നാട്ടില്‍ പേരെടുത്ത ഏഷണി വീരാന്റെ ശബ്ദം ആ പതിഞ്ഞ സ്വരങ്ങളില്‍ നിന്നും ഹാജ്യാരുടെ കേള്‍വി വേര്‍തിരിച്ചെടുത്തു.
പെട്ടെന്ന് ശരീരത്തില്‍ എന്തോ ഒരു കനം വന്നുവീണു. തൊട്ടുടനെ ഇടത്തേ ചെവിയില്‍ ആരോ ഇങ്ങനെ മന്ത്രിച്ചു.
'അവടെക്കെടക്ക് ഹാജ്യാരേ... ഈ കെടത്തം കാണാന്‍ ഞാനെത്ര കൊതിച്ചതാ...''
പഞ്ചായത്ത് പ്രസിഡന്റ് കണാരനാണ്. ഹാജ്യാര്‍ക്ക് പതിവു തെറ്റിക്കാന്‍ മനസ്സുവന്നില്ല. പക്ഷേ, ഒച്ച പൊന്തുന്നില്ല. കണ്ണുതുറക്കാന്‍ ആവുന്നില്ല. എന്തിന് ഒന്നിളകാനോ നേരെചൊവ്വേ ശ്വാസം വലിക്കാനോ പറ്റുന്നില്ല.
മിനിഞ്ഞാന്ന് പള്ളിപ്പറമ്പില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കവും പ്രസിഡന്റ് കണാരന്‍ ഹാജ്യാരുടെ മൂര്‍ച്ചയേറിയ വാക്കുകള്‍ക്കു മുന്നില്‍ പഞ്ചപുഛമടക്കി കീഴടങ്ങിയതും, ബഹളം കേട്ട് ഓടിക്കൂടിയവരുടെ മുന്നിലൂടെ ഹാജ്യാര്‍ ഗര്‍വോടെ തുണിമടക്കിക്കുത്തി സ്ലോ മോഷനില്‍ നടന്നുപോയതും ഓര്‍മ്മയില്‍ ഒളിമിന്നി. അതിന്റെ പകവീട്ടലാണ് തന്റെ നെഞ്ചത്ത് കൊണ്ടുവെച്ച റീത്ത്. ഹാജ്യാര്‍ക്ക് പല്ലിറുമ്മാന്‍ തോന്നി. പക്ഷേ, നടക്കുന്ന കാര്യം വല്ലതുമാണോ അത്. കഴിഞ്ഞ വെള്ളിയാഴ്ച ഖതീബ് പറഞ്ഞ വേദവാക്യത്തിന്റെ ഒരു കഷ്ണം പള്ളിയുടെ ഒത്ത നടുക്ക് തൂണില്‍ ചാരിയിരുന്ന് മയങ്ങുന്നതിനിടയിലെപ്പോഴോ ഹാജ്യാര്‍ കേട്ടിരുന്നു.
'വലന്‍ യുഅഹ്ഹിറല്ലാഹു നഫ്‌സന്‍''
അങ്ങനെ ഒരവധികൂടി കിട്ടിയിരുന്നെങ്കില്‍ കണാരന്റെ നെഞ്ചത്ത് ഒരായിരം റീത്ത് വെക്കുമായിരുന്നു ഞാന്‍ എന്ന് ഹാജ്യാര്‍ കിടന്ന കിടപ്പില്‍ ആലോചിച്ചു.
സങ്കടം വന്നിട്ട് ഉറക്കെ കരയണമെന്നുണ്ട്. ജീവിതത്തില്‍ ഓര്‍മവെച്ച കാലം മുതല്‍ ഹാജ്യാര്‍ കരഞ്ഞിട്ടില്ല. തന്നെ ഉമ്മ പ്രസവിച്ചപ്പോഴും കരയാഞ്ഞത് കാരണം തലകുത്തനെ തൂക്കിപ്പിടിച്ച് വയറ്റാട്ടി ചന്തിക്കിട്ട് പൊട്ടിച്ചത് കണ്ണീരോടെ ഉമ്മ വിവരിക്കുന്നത് ഹാജ്യാര്‍ കുട്ടിയായിരിക്കുമ്പോള്‍ കേട്ടിട്ടുണ്ട്. ഇന്നിപ്പോള്‍ കരയാന്‍ തോന്നിയിട്ടും കരയാനാവുന്നില്ല. കണ്ണീരുവരാന്‍ ജീവനില്ലല്ലോ. ജീവനുള്ള ശരീരത്തിലല്ലേ കണ്ണീരുവരൂ.
അല്‍പം കഴിഞ്ഞപ്പോള്‍ പള്ളിവക ഖാള്യാര്‍ക്ക് അകമ്പടി സേവയുണ്ടായി. വന്ന ഉടനെ ഖാള്യാര്‍ ചോദിച്ചു:
'എപ്പളാ മയ്യത്ത് എട്ക്ക്വാ?''
തന്നെ കുഴിയിലേക്ക് ഇറക്കാനുള്ള ഖാള്യാരുടെ വ്യഗ്രതക്കു പിന്നിലുള്ള ചേതോവികാരം എന്തെന്ന് ഹാജ്യാര്‍ക്ക് മനസ്സിലായി. മൂന്നാമത്തെ ഹജ്ജ് കഴിഞ്ഞ് തിരിച്ചുവന്നതിന്റെ പിറ്റേന്നാണല്ലോ ഖാള്യാരുമായി ഉടക്കുണ്ടായത്.
'കൊറേ ഹജ്ജ് ചെയ്തിട്ടൊന്നും കാര്യല്ല. ഇങ്ങള് ആദ്യം ഈ കൊണംകെട്ട സ്വഭാവം മാറ്റണം. എന്നാലേ പടച്ചോന്‍ ഹജ്ജ് സ്വീകരിക്കൂ.''
ഖാള്യാരുടെ ആ വാക്കുകള്‍ ഹാജ്യാരുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടാക്കി. അവിടുന്നങ്ങോട്ട് ഖാള്യാരുമായി ബന്ധം ഒന്നുകൂടി വഷളായി, അത്ര തന്നെ. അങ്ങനെയാണ് ഹാജ്യാരുടെ സ്വഭാവത്തില്‍ ഉണ്ടായ മാറ്റം സജീവമായത്. അടുത്ത പള്ളിക്കമ്മറ്റി മീറ്റിങ്ങിനു കാണാം എന്ന പതിവുഭീഷണി മുഴക്കണമെന്നുണ്ട് ഹാജ്യാര്‍ക്ക്. പക്ഷേ, ഒച്ച പൊന്തുന്നില്ല. കണ്ണുതുറക്കാനാവുന്നില്ല. എന്തിന്, ഒന്നിളകാനോ നേരെചൊവ്വേ ശ്വാസം വലിക്കാനോ പറ്റുന്നില്ല.
ജീവിച്ച കാലമത്രയും ബേജാറുപിടിച്ച ഒരു മനുഷ്യനായിരുന്നു ഹാജ്യാര്‍. എല്ലാം ചടപടേന്നു നടക്കണം. ഇല്ലെങ്കില്‍ ചോദിക്കും;
'ഇനി എപ്പളാ, ഇന്റെ മയ്യത്ത് പള്ളിക്കാട്ട്ക്ക് എട്ക്കുമ്പളോ?''
ഈ അലര്‍ച്ച ഏറ്റവും കൂടുതല്‍ കേട്ടത് മൂത്ത മകന്‍ സറഫുദ്ദീനാണ്. ഒന്നും പറഞ്ഞയുടനെ ചെയ്യുന്ന ശീലം സറഫുദ്ദീന് പണ്ടേ ഇല്ല. അത് ഗള്‍ഫില്‍ പോവുന്നതിന് മുമ്പും, ശേഷവും അങ്ങനെത്തന്നെയാണ്. അവനിന്ന് വരാന്‍ കഴിയില്ല. 'ലീവ് കിട്ടാനില്ലത്രെ. അഥവാ ലീവ് കിട്ടിയാലും ടിക്കറ്റ് കിട്ടാനില്ലെന്ന്'' ഏഷണി വീരാന്റെ പ്രയോഗം ഹാജ്യാര്‍ കേട്ടു. ഹാജ്യാര്‍ക്ക് പറയണമെന്നുണ്ട്. 'ഇനി എപ്പളാ സറഫുദ്ദീനെ ഇജ്ജ് വര്വാ... ഇന്റെ മയ്യത്ത് പള്ളിക്കാട്ട്ക്ക് എട്ക്കുമ്പളോ?''
അങ്ങനെ ഒരിക്കല്‍കൂടി പറയാന്‍ ഹാജ്യാര്‍ക്ക് ആഗ്രഹമുണ്ട്. പറയാന്‍ കഴിയുന്നില്ല. ഇനി പറഞ്ഞിട്ടും കാര്യമില്ല. ആ പ്രയോഗത്തിന് ഇനി 'വാലിഡിറ്റി' ഇല്ലല്ലോ. ആയ കാലമത്രയും പറഞ്ഞ വാക്കിന് അവസാന സമയത്തു പോലും ഉപകാരമില്ലാതായ വിഷമം ഹാജ്യാരുടെ ഉള്ളില്‍ക്കിടന്ന്കത്തി. അതിന്റെ പുക ആരും കണ്ടില്ല. ആ വേദനയുടെ ചൂട് ആരും കൊണ്ടില്ല.
എല്ലാവരും കൂടി ഹാജ്യാരെ വെള്ളത്തുണിയില്‍ പൊതിഞ്ഞ് പൊക്കിയെടുത്ത് മയ്യത്തു കട്ടിലിലേക്ക് കിടത്തി. 'ഒന്ന് മെല്ലെ വെക്ക് പഹയന്മാരെ, വേദനിക്കുന്നു.'' പെട്ടെന്ന് നെഞ്ചത്ത് എന്തോ ഒരു കനം വന്നുവീണു. തന്റെ നെറ്റിത്തടത്തിലും കവിളിലും താടിയിലുമൊക്കെ നിറയെ നിറയെ ഉമ്മവെക്കുന്നു. സക്കീനയാണ.് അവള്‍ ഹാജ്യാരെ മുറുകെ പിടിച്ച് തേങ്ങി. അലമുറയിട്ട് കരഞ്ഞു. ജീവിതത്തിലാദ്യമായി അവളുടെ കണ്ണീരിന്റെ ചൂട് ഹാജ്യാരുടെ കവിളിലൂടെ കഫന്‍ പുടവയിലേക്ക് ഉറ്റിവീണു. 'ഇന്റെ സക്കീനാ...'' എന്നു വിളിച്ച് ഇരുകൈകളും കൂട്ടി നെഞ്ചത്തേക്ക് ചേര്‍ത്തുപിടിക്കണമെന്നുണ്ട്. തന്റെ ഒരു തുള്ളി കണ്ണീരെങ്കിലും സക്കീനയുടെ ശരീരത്തിലേക്ക് ഒന്ന് ഉറ്റിവീണെങ്കില്‍. ഇത്രയും കാലമായി അടിക്കാനോങ്ങിയിട്ടല്ലാതെ മനംനിറഞ്ഞ സ്‌നേഹത്തോടെ ആ ബലിഷ്ഠമായ കൈകള്‍ സക്കീനയുടെ നേരെ നീണ്ടുപോയിട്ടില്ല. ഒന്നു കരയാന്‍ പോലും ആവുന്നില്ലല്ലോ. കണ്ണീര്‍ഗ്രന്ഥി വറ്റിപ്പോയല്ലോ പടച്ചോനേ. ആരൊക്കെയോ സക്കീനയെ പിടിച്ചു മാറ്റുന്ന ശബ്ദം കേള്‍ക്കാം. അവളുടെ കരച്ചില്‍ അകന്നകന്നു പോയി. ഹാജ്യാരുടെ ഹൃദയം ജീവിതത്തിലാദ്യമായി സക്കീനക്കുവേണ്ടി തേങ്ങി. 'സക്കീനാ...'' ജീവിതത്തില്‍ സക്കീന പലതവണ ആഗ്രഹിച്ചതാണ് ഒരിക്കലെങ്കിലും അങ്ങനെയൊരു വിളി തന്റെ ഭര്‍ത്താവ് വിളിച്ചിരുന്നെങ്കില്‍ എന്ന്.
മയ്യത്തുകട്ടില്‍ മെല്ലെമെല്ലെ ആരുടെയൊക്കെയോ തോളുകളിലേക്ക് പൊങ്ങി. വിശാലമായ പൂമുഖത്തുനിന്നും കല്ലുപതിച്ച മുറ്റത്തേക്കിറങ്ങുന്നതിനിടയില്‍ അകത്തെ മുറിയില്‍നിന്നും താക്കോല്‍ കൂട്ടത്തിന്റെ ശബ്ദം കേള്‍ക്കാം. പണക്കെട്ടുകള്‍ ആരും കാണാതെ അടുക്കിപ്പെറുക്കി വെച്ച അലമാരയുടേതാണ്. അതിനകത്തെ ഇരുട്ടുകളുടെ സമ്പന്നത സക്കീനയുടെ അറിവില്‍നിന്നുതന്നെയും ഒട്ടു വിദൂരത്തായിരുന്നു. ആ അലമാരയുടെ താക്കോല്‍കൂട്ടത്തിന്റെ ശബ്ദമാണ് ഹാജ്യാരുടെ ചെവിയിലേക്ക് മണിമുഴങ്ങി കേറുന്നത്. മയ്യത്തു കട്ടില്‍ സാവധാനം ആരുടെയൊക്കെയോ തോളുകളില്‍ ഭദ്രമായി. ഇപ്പോള്‍ മറ്റാരുടെയൊക്കെയോ പേരുകളിലായ പറമ്പും പുരയിടവും കടന്ന് പെരുവഴിയിലൂടെ പള്ളിക്കാട്ടിലേക്ക് നീങ്ങി. ഹാജ്യാരുടെ വികാരങ്ങള്‍ ഉള്ളില്‍ കടന്ന് അലറി വിളിച്ചു. ഒച്ച പൊന്തുന്നില്ല. കണ്ണുതുറക്കാനാവുന്നില്ല. എന്തിന്, ഒന്നിളകാനോ നേരെചൊവ്വേ ശ്വാസം വലിക്കാനോ പറ്റുന്നില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top