സ്ത്രീ, സ്വത്വം, ലിംഗഭേദം തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങളും ചര്‍ച്ചകളുമൊക്കെ ഇരുപതാം നൂറ്റാണ്ടിലെ
ഇസ്‌ലാമിന്റെ ചരിത്രം പെണ്ണിന്റെ കൂടി ചരിത്രമാണ്. കുടുംബജീവിതത്തിന്റെ എല്ലാ ബാധ്യതകളോടൊപ്പവും സാമൂഹ്യ ഇടപെടലുകള്‍ പൂര്‍ണാര്‍ഥത്തില്‍ നിറവേറ്റിയ സ്ത്രീരത്‌നങ്ങള്‍. പക്ഷേ, ചരിത്രത്തില്‍ നിയോഗം നിറവേറ്റിയ ഈ സ്ത്രീരത്‌നങ്ങളുടെ പിന്‍തലമുറ എന്തുകൊണ്ട് അവരെപ്പോലെ ചരിത്രത്തില്‍ ഇടം പിടിച്ചില്ല.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഒരുപാട് കുട്ടികള്‍ വിദ്യാഭ്യാസരംഗത്ത് മുന്‍പന്തിയില്‍ എത്തുന്നുണ്ട്. പ്രൊഫഷണല്‍ കോളേജുകളിലെ തട്ടമിട്ട കുട്ടികളെ കണ്ട് അറബിക്കോളേജാണോയിത് എന്ന് ആശ്ചര്യപ്പെട്ടുപോയ കേരളീയ സാംസ്‌കാരികത! അത് പെണ്ണിന്റെ വിവാഹത്തിനു മുമ്പ്. പക്ഷേ, വിവാഹ ശേഷം ഇവരെങ്ങോട്ടുപോകുന്നു. ഇവര്‍ പൂര്‍ണമായും സമൂഹത്തിന് ഉപകാരപ്പെടുന്ന രൂപത്തില്‍ പൊതുരംഗത്തേക്ക് വരുന്നില്ല. എന്താണ് തടസ്സം.?
നിലവിലെ ഇസ്‌ലാമിന്റെ കുടുംബ സങ്കല്‍പം, വിവാഹപ്രായം, പുരുഷന്റെ ആധിപത്യഭാവം...
സ്ത്രീക്ക് സാമ്പത്തിക ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടതില്ല എന്ന പേരില്‍ അവളുടെ ക്രിയാശേഷിയെ തളച്ചിടുന്ന സമൂഹ മനോഘടന? നിലവില്‍ നമ്മുടെ കുടുംബ സങ്കല്‍പ്പം ഇസ്‌ലാമിനോടാണോ ഭാരതീയ സവര്‍ണതാല്‍പര്യത്തോടാണോ ഒത്തുപോകുന്നത്. മുസ്‌ലിം സമുദായത്തില്‍ സ്ത്രീകള്‍ പൊതുസമൂഹത്തെ അഡ്രസ്സ് ചെയ്യുന്നവരിലധികവും മതേതര ലേബലിലാണ്. മതപണ്ഡിതകളായ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ വലിയ റോളുകള്‍ നിര്‍വ്വഹിക്കാനാവില്ലേ?
ഇത്തരം ചോദ്യങ്ങളുമായാണ് കേരളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാമിക കലാലയമായ ശാന്തപുരം ഇസ്‌ലാമിയ കോളേജിലെ പെണ്‍കുട്ടികളുമായി ആരാമം സംവദിച്ചത്.
സ്ത്രീ, സ്വത്വം, ലിംഗഭേദം തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങളും ചര്‍ച്ചകളുമൊക്കെ ഇരുപതാം നൂറ്റാണ്ടിലെ അവസാനത്തിലുണ്ടായ ചില സാമൂഹിക മാറ്റങ്ങളുടെ ഫലമാണ്. മറ്റു ചിന്താരീതികളെയും സമ്പ്രദായങ്ങളെയും ഒഴിവാക്കി ഇനി മുസ്‌ലിം വനിതകളിലേക്ക് വരാം. ഇസ്‌ലാമിക ഐഡന്റിറ്റിയില്‍ നിന്നുകൊണ്ടുള്ള ഒരു മുന്നേറ്റം സമൂഹത്തില്‍ നടപ്പാക്കാന്‍ സമുദായത്തിന് കഴിഞ്ഞിട്ടില്ല. പ്രൊഫഷണല്‍ കോളേജുകളില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ അഭൂതപൂര്‍വ്വമായ സാന്നിധ്യമുണ്ടാവുന്നുണ്ട്. പ്രശ്‌നം വിദ്യാഭാസത്തിന്റേതല്ല. ഇതര സമുദായങ്ങളോട് തത്തുല്യ തോതിലുള്ള ഭൗതിക വിദ്യാഭ്യാസം നേടാന്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്നുണ്ട്. പക്ഷേ, വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരിക രംഗത്തുമുണ്ടായ ഈ മുന്നേറ്റം മതത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടായിരുന്നില്ല എന്നതായിരുന്നു ഖേദകരം. നമ്പൂതിരി സമുദായത്തില്‍ വി.ടി ഭട്ടതിരിപ്പാട്, ഈഴവ സമുദായത്തില്‍ എസ്.എന്‍.ഡി.പിയെ പോലുള്ള സംഘടനകള്‍, ദേശീയ തലത്തില്‍ത്തന്നെ സതി നിര്‍ത്തലാക്കാന്‍ പ്രയത്‌നിച്ച രാജാറാം മോഹന്‍ റോയ് തുടങ്ങിയവര്‍ നടപ്പാക്കിയ സാമൂഹ്യ നവോത്ഥാനത്തിന്റെ ഭാഗമായി സ്ത്രീ മുന്നേറ്റം സാധ്യമായപ്പോള്‍ ഉണ്ടായിത്തീര്‍ന്ന സ്വാഭാവികമായ ഉന്നമനമാണ് മുസ്‌ലിം സ്ത്രീകള്‍ക്കുമിടയില്‍ സംഭവിച്ചത്. മദ്രസയിലെ ഉസ്താദുമാരും ഓത്തുപള്ളിയിലെ മൊല്ലാക്കമാരും പഠിപ്പിച്ചുവിട്ട പിന്തിരിപ്പന്‍ ചിന്തകളും സ്ത്രീവിരുദ്ധ ഫിഖ്ഹീ മസ്അലകളുമൊക്കെ സ്ത്രീയെ മതത്തിനെതിരാക്കാനാണ് ശ്രമിച്ചത്. മതത്തിന്റെ അടയാളങ്ങള്‍ സ്വീകരിച്ചാല്‍ തങ്ങള്‍ മുഖ്യധാരയില്‍നിന്ന് പുറംതള്ളപ്പെടുമോ എന്ന ഭയം ഒരു തരത്തില്‍ മതചിഹ്നങ്ങളഴിച്ചുവെക്കുന്നതിന് അവരെ പ്രേരിപ്പിക്കുകയായിരുന്നു.
മതകീയാടിസ്ഥാനത്തിലുള്ള മുന്നേറ്റമാണ് സാധിച്ചെടുത്തിരുന്നതെങ്കില്‍ അവര്‍ക്ക് ദീന്‍ പറയുന്നത് മനസ്സിലാവുകയും തങ്ങള്‍ക്ക് നല്‍കിയ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും കുറിച്ച് ആവേശപൂര്‍വ്വം പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് മറിച്ചാണ്. ചര്‍ച്ചയുടെ മോഡറേറ്റര്‍ എന്ന നിലക്ക് കെ.എം അഷ്‌റഫ് സാറിന്റെ മുഖവുരയോടു കൂടി വിഷയത്തിലേക്ക് കടന്നു .
'തന്റെ ഇസ്‌ലാമിക സ്വത്വം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ എത്രവലിയ ആളുകളുമായും ഇടപഴകാന്‍ കഴിയും. ഈ ജീവിത പദ്ധതി നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ അളവിനെക്കുറിച്ച് മുസ്‌ലിം സ്ത്രീയെ ബോധ്യപ്പെടുത്താന്‍ സമുദായത്തിന് കഴിയണമായിരുന്നു. ഇതിലൂടെ താന്‍ മതത്തെ കൈയൊഴിയുന്നതോടു കൂടിയാണ് തനിക്ക് വിദ്യാഭ്യാസപരമായും സാമൂഹികമായും ഉയര്‍ച്ച ലഭിക്കുന്നതെന്ന ധാരണ തിരുത്താന്‍ സാധിക്കും. ഇതര സമുദായങ്ങളില്‍ ഒന്നുംതന്നെ മതം അവരുടെ വിദ്യാഭ്യാസത്തിലോ സാമൂഹിക ജീവിതത്തിലോ ഇടപെടുന്നില്ല. എന്നാല്‍ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഒരു സെക്കന്റ് പോലും ദീനിന്റെ കാര്യമില്ലാതാകുന്നില്ല. മുസ്‌ലിം പെണ്ണിന്റെ ജീവിതത്തില്‍ യഥാര്‍ഥ ഇസ്‌ലാമിനെ പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്ന ഇടം ഉന്നംവെക്കുമ്പോഴേ ഈ ചര്‍ച്ചക്ക് പ്രസക്തിയുണ്ടാവുന്നുള്ളൂ.
'അവരുടെ നാഥന്‍ അവര്‍ക്ക് ഉത്തരമരുളി: സ്ത്രീയാകട്ടെ പുരുഷനാകട്ടെ, നിങ്ങള്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ. അതിനാല്‍ എനിക്കു വേണ്ടി സ്വദേശം വെടിയുകയും എന്റെ മാര്‍ഗത്തില്‍ സ്വഭവനങ്ങളില്‍നിന്ന് കുടിയിറക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും എനിക്കു വേണ്ടി യുദ്ധംചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ അവരുടെ സകല പാപങ്ങളും ഞാന്‍ പൊറുത്തുകൊടുക്കുന്നതുമാകുന്നു'' (3:195).
ഇവിടെ ലിംഗവ്യത്യാസത്തിന് പരിഗണനയേതുമില്ല. 'ആമില്‍' എന്നത് പുരുഷന്മാര്‍ക്ക് മാത്രമാണ് എന്ന വായന തെറ്റാണ്. ഹിജ്‌റയുടെ വേളയിലും സ്വഭവനങ്ങളില്‍നിന്ന് പുറത്താക്കുന്ന വേളയിലും മര്‍ദനമേറ്റുവാങ്ങുന്ന വേളയിലും സ്ത്രീയുടെ പങ്കാളിത്തമുണ്ടായിരുന്നു. യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്യുന്നതില്‍ നിന്നുമാത്രം സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതെങ്ങനെയാണ്. ഇസ്‌ലാമിക മാര്‍ഗത്തില്‍ ആരു ചെയ്യുന്ന ജിഹാദും അല്ലാഹുവിങ്കല്‍ സ്വീകാര്യമാണെന്നിരിക്കെ സ്ത്രീകള്‍ സാമൂഹിക ജീവിതത്തില്‍ ഇടപെടുന്നത് തെറ്റാണ് എന്ന് പറയുന്നത് എങ്ങനെ യുക്തിസഹമാകും. സ്ത്രീയുടെ സാമൂഹിക ഇടപെടലിനെ കൃത്യമായി സൂചിപ്പിക്കുന്ന വാക്യങ്ങളാണിത്. കുടുംബജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും സ്ത്രീകള്‍ക്ക് അവരുടേതായ പങ്ക് നിര്‍വഹിക്കാനുണ്ട്.
മാതൃത്വം, ശിശുപരിപാലനം പോലുള്ളവയൊക്കെ സ്ത്രീയെ സംബന്ധിച്ചിടത്തോളം അധിക യോഗ്യതയാണ്. ആനക്ക് ഉയരം കൂടുതലാണെന്നതും ഒച്ച് ഇഴഞ്ഞാണ് നീങ്ങുക എന്നതുമൊന്നും അവയുടെ ന്യൂനതകളല്ല, പ്രകൃതമാണ്. ഇത്തരത്തിലുള്ള ജൈവ ലയങ്ങളെ തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്. ഇസ്‌ലാമിക നിയമങ്ങളുടെ ഏറ്റവും വലിയ സവിശേഷത അത് ഇങ്ങനെയുള്ള പ്രത്യേകതകളെ പരിഗണിക്കുന്നു എന്നതാണ്.
ആധുനികതയുടെ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിനും യാഥാസ്ഥിതികത്വത്തിന്റെ ആഴത്തിലമര്‍ന്ന അപകര്‍ഷതാബോധത്തിനുമിടയില്‍ പക്വവും ഇസ്‌ലാമികവുമായ ഒരു മുന്നേറ്റമാണ് നമുക്കിടയില്‍ സാധ്യമാവേണ്ടത്.'
ഫര്‍ഹാന (ഡിഗ്രി ഒന്നാം വര്‍ഷം)
സമൂഹത്തിന്റെ ആണിക്കല്ല് സ്ത്രീയാണ്. സ്ത്രീയെ തകര്‍ത്താല്‍ സമൂഹത്തെ തകര്‍ക്കാം. പുരോഹിതര്‍ എക്കാലത്തും ചൂഷിത വര്‍ഗമായിരുന്നു. അവര്‍ ലക്ഷ്യമാക്കിയത് സ്ത്രീകളെയും. വിദ്യാഭ്യാസത്തിന്റെ വാതായനങ്ങള്‍ മുസ്‌ലിംപെണ്ണിനു മുന്നില്‍ കൊട്ടിയടക്കപ്പെട്ടു. ചിന്താശേഷി നഷ്ടപ്പെട്ട ഒരു വിഭാഗത്തെ സൃഷ്ടിക്കുക വഴി പൗരോഹിത്യത്തിന് ഒത്താശ ചെയ്തുകൊടുക്കാനും ഓശാന പാടാനുമായി മാത്രം ഒരു തലമുറയെ വളര്‍ത്തിക്കൊണ്ടുവരാനും അതിലൂടെ ദീനിലില്ലാത്ത സംഗതികളെ ദീനായി അവതരിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. മതത്തിന്റെ പേരില്‍ ഉയര്‍ന്നുവരേണ്ട സ്ത്രീ അതിന്റെ തന്നെ പേരില്‍ തളച്ചിടപ്പെടുന്ന അതിദയനീയമായ കാഴ്ചക്ക് സമുദായം സാക്ഷിയായി. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വലിയൊരളവോളം സ്ത്രീ ശാക്തീകരണ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നു. പക്ഷേ, ഇവര്‍ പെണ്ണിന്റെ അരയില്‍ കെട്ടിയ കയര്‍ പൂര്‍വ്വാധികം ശക്തിയോടെ പിറകോട്ടുതന്നെ വലിച്ചുകൊണ്ടിരിക്കുന്നു. ഇതിനൊരുമാറ്റം അനിവാര്യമാണ്. ദീനിന്റെ അടിത്തറയില്‍നിന്നുകൊണ്ടുള്ള വിദ്യാഭ്യാസ സമുദ്ധാരണം സ്ത്രീകള്‍ക്കിടയില്‍ സാധ്യമാക്കുക എന്നതാണ് അതിന്റെ പ്രായോഗികമായ മാര്‍ഗം. അതോടൊപ്പംതന്നെ സമുദായ ഐക്യം മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുക. സമുദായത്തെ പരസ്പരം ബന്ധിപ്പിക്കുന്ന നൂല്‍ക്കഷ്ണങ്ങള്‍ നമ്മള്‍ക്കിടയിലുണ്ടാവണം.
ഫര്‍ഹ ഹാഷിം (ഡിഗ്രി ഒന്നാം വര്‍ഷം)
എല്ലാവര്‍ക്കും ചിന്തിക്കാനുള്ള കഴിവുണ്ട്. അതിലുള്‍പ്പെട്ടവര്‍ തന്നെയാണ് സ്ത്രീകളും. അവരെ സംബന്ധിച്ചിടത്തോളം മറ്റൊരാള്‍ക്ക് വിധേയപ്പെട്ടു നില്‍ക്കുകയോ ചൂഷണത്തിനിരയാവുകയോ വേണ്ടതില്ല. ക്രിയാത്മകമായ ചിന്തയിലൂടെ ഉയര്‍ന്നുവന്ന ഒട്ടനവധി പേര്‍ മുന്‍കാലങ്ങളിലുണ്ടായിട്ടുണ്ട്. ജസ്റ്റിസ് ഫാത്തിമാ ബീവിയും ഹലീമാബീവിയുമൊക്കെ ഇത്തരത്തില്‍ പെട്ടവരായിരുന്നു. സ്ത്രീമൂന്നേറ്റം സാധ്യമാവാത്തതിന് സമൂഹമല്ല ഉത്തരവാദി; സ്ത്രീ തന്നെയാണ്. മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിന്റെ ഫലങ്ങള്‍ പ്രകടമാകും. മുന്നിട്ടിറങ്ങാനുള്ള കരുത്താര്‍ജ്ജിക്കലാണ് പ്രധാനം. ആദ്യം തിരസ്‌കരിക്കപ്പെട്ടാലും പിന്നീട് സമൂഹം നമ്മെ അംഗീകരിക്കാന്‍ തയ്യാറാവും. മഹറിന്റെ വിഷയത്തിലും അതുതന്നെയാണ് സംഭവിക്കേണ്ടത്. ഏതെങ്കിലും ഒരു പെണ്‍കുട്ടി പരിമിതികളെ അതിജീവിച്ചുകൊണ്ട് ഉയര്‍ന്നുവന്നാല്‍ അവരെ നോക്കി പറയുക 'അവളൊരു ആണായി ജനിക്കേണ്ടതായിരുന്നു' എന്നാണ്. പെണ്ണിങ്ങനെയാണ് പെരുമാറേണ്ടത് എന്ന് ആരാണ് നിശ്ചയിച്ചത്. പുരുഷാധിപത്യത്തെ മറികടന്ന് ഇസ്‌ലാം മുറുകെപ്പിടിക്കുന്ന സമത്വത്തിലേക്കാണ് നാം കടന്നുവരേണ്ടത്. ഇസ്‌ലാം നല്‍കുന്ന അവകാശങ്ങളെ ചോദിച്ചുവാങ്ങുന്നവരെ ഇസ്‌ലാമിക് ഫെമിനിസ്റ്റ് എന്ന് വിളിച്ച് കളിയാക്കുന്നവരോട് നമുക്ക് വര്‍ത്തമാനങ്ങളില്ല.
ഫിദാ ലുലു (ശരീഅ രണ്ടാം വര്‍ഷം)
ഒരു സമൂഹത്തിന്റെ അവസ്ഥയെന്തെന്നറിയാന്‍ അവിടുത്തെ സ്ത്രീകളുടെ പദവിയെന്താണെന്ന് നോക്കിയാല്‍ മതി. മെഴുകുതിരി പോലെ സ്വയം എരിഞ്ഞുതീരുന്ന പെണ്ണ് ചുറ്റുപാടും പ്രകാശം പ്രസരിപ്പിച്ചുകൊണ്ടേയിരിക്കും. പോരാളികളെയും വിപ്ലവകാരികളെയും സൃഷ്ടിച്ചെടുക്കുന്നതില്‍ മാതാക്കള്‍ക്ക് വലിയ പങ്കുണ്ട്. കുരിശുയുദ്ധ ഭടന്മാര്‍ ഈ സത്യം മനസ്സിലാക്കിയിരുന്നു. മുസ്‌ലിംകളുടെ ശക്തി എന്നത് ആയുധമല്ല, അവിടുത്തെ സ്ത്രീകളാണ്. അതുകൊണ്ടുതന്നെ അവരെ ക്ഷയിപ്പിച്ചാല്‍ ആധിപത്യം നേടിയെടുക്കുക എന്നത് അനായാസം കഴിയുമെന്ന് മനസ്സിലാക്കിയ അവര്‍ പെണ്ണിന്റെ ആര്‍ജ്ജവത്തെ, ചിന്താശേഷിയെ മലീമസമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. സ്ത്രീയെ ധൈഷണികമായി തകര്‍ക്കുക എന്നത് എല്ലാ കാലത്തുമുള്ള കുത്സിത താല്‍പര്യക്കാരുടെ ഇംഗിതങ്ങളില്‍ പെട്ടതായിരുന്നുവെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം.
നിദാ ലുലു (ശരീഅ, രണ്ടാം വര്‍ഷം)
മുസ്‌ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം അവള്‍ക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ മാതൃകകളില്ല. ഖിലാഫത്തു റാശിദക്കു ശേഷം ഇസ്‌ലാമിക ലോകത്ത് മദ്ഹബീ ഇമാമുമാരും ഫുഖഹാക്കളുമൊക്കെ ഉണ്ടായിത്തീര്‍ന്നെങ്കിലും സ്ത്രീ പ്രതിനിധാനങ്ങളുണ്ടായില്ല. മതത്തിന്റെ അടിസ്ഥാനത്തിലുള്ള നവോത്ഥാനങ്ങളെക്കാള്‍ അവളെ സ്വാധീനിച്ചത് സമൂഹത്തിന്റെ അടിത്തട്ടിലുണ്ടായ ചില കുത്തൊഴുക്കുകളായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും കുടുംബ സംവിധാനങ്ങള്‍ ഹൈന്ദവതയോട് ചേര്‍ന്നുനില്‍ക്കുന്ന പുരുഷാധിപത്യ പ്രവണതകള്‍ക്കിടം നല്‍കുന്നതായിത്തീര്‍ന്നു. വടക്കന്‍ മലബാറില്‍ നിലനില്‍ക്കുന്ന മരുമക്കത്തായ സമ്പ്രദായം നമ്പൂതിരി സമുദായങ്ങളുടെ ഭാഗമായിത്തീര്‍ന്നുണ്ടായതാണ്. പൗരോഹിത്യ വൃന്ദങ്ങളുടെ കൈയാല്‍ സ്ത്രീക്ക് സാമൂഹ്യ പ്രവേശനവും രാഷ്ട്രീയ രംഗവും തടയപ്പെട്ടു. ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനങ്ങള്‍ക്ക് പുരുഷന്മാരെ സമുദ്ധരിക്കാന്‍ തന്നെ ഒരുപാട് ശ്രമിക്കേണ്ടി വന്നു. ഇതിലൂടെ കുറെയേറെ മാറ്റങ്ങള്‍ സ്ത്രീകളിലുണ്ടാക്കാന്‍ സാധിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. മുസ്‌ലിം സ്ത്രീക്ക് മുന്നില്‍ നാം ഉയര്‍ത്തിപ്പിടിക്കുന്നത് ആയിശ (റ) വിനെയും ഖദീജ (റ)നെയുമാണ്. അതിനു ശേഷമുണ്ടായിത്തീര്‍ന്ന വലിയ വിടവു നികത്താന്‍ സമുദായത്തിനായിട്ടില്ല. കലാ സാഹിത്യ രാഷ്ട്രീയ രംഗങ്ങളിലൊക്കെ ഈയൊരു വിഭാഗത്തെ കാണുന്നില്ല. എഴുത്തുകാരി എന്ന നിലയില്‍ കമലാസുരയ്യയെ ഉയര്‍ത്തിക്കാട്ടിയേക്കാം. എന്നാല്‍ അവര്‍ സമുദായ പശ്ചാത്തലത്തില്‍നിന്നുകൊണ്ട് ഉയര്‍ന്നുവന്നവരല്ല. പരസ്യങ്ങള്‍ പരോക്ഷമായി ഉടുതുണി അഴിപ്പിക്കാന്‍ ശ്രമിക്കുന്നു. മനുഷ്യന്റെ വൈകാരികതയെ ഉത്തേജിപ്പിച്ച് പണം കൊയ്യുക എന്ന ലക്ഷ്യത്തോടുകൂടി നിര്‍മ്മിച്ചെടുക്കുന്ന പരസ്യങ്ങളുടെ സ്വാധീനം മൂലം സ്ത്രീകളുടെ സര്‍ഗാത്മകത നശിപ്പിക്കുന്നു. ഇതിന് സമൂഹം കനത്ത വില നല്‍കേണ്ടി വരും.
ഒരാളുടെ ചിന്താശേഷി നിര്‍ണ്ണയിക്കുന്നതില്‍ അയാളുടെ സ്വാതന്ത്ര്യത്തിന് വലിയ പങ്കുണ്ട്. അതല്ലെങ്കില്‍ പൊട്ടക്കിണറ്റിലെ തവള ചിന്തിക്കുന്നതുപോലെയുള്ള ചിന്തകളുടെ എല്ലാ പോരായ്മകളും അതില്‍ പ്രകടമാകും. സ്വതന്ത്രമായ പഠനമോ വിശാലാര്‍ഥത്തിലുള്ള വായനയോ ഇല്ലാത്ത ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പള്ളിയിലെ മൊല്ലാക്ക പറയുന്നത് വേദവാക്യമായിത്തീരുന്നത് ഇതുകൊണ്ടാണ്. മന്ത്രിച്ചൂതി നൂലുകെട്ടുന്നതിലൂടെയും പ്രശ്‌നപരിഹാരം നടത്തുന്നതിലൂടെയും മതത്തിന്റെ സാമീപ്യം അനുഭവിക്കാനാവുമ്പോള്‍ യഥാര്‍ഥ ഇസ്‌ലാമിനെയാണ് ബലികഴിപ്പിക്കുന്നത്.
പ്രൊഫഷണല്‍ രംഗത്തെ വളര്‍ച്ചയാണ് വിദ്യാഭ്യാസ ഉണര്‍വായി നാം ചൂണ്ടിക്കാണിക്കാറുള്ളത്. നാം തേടുന്നത് ഇസ്‌ലാമിക പ്രതിനിധാനങ്ങളായിരിക്കെ ശരിയായ രീതിയിലുള്ള മദ്രസാ വിദ്യാഭ്യാസം പോലും നേടാതെയാണ് പല മുസ്‌ലിം പെണ്‍കുട്ടികളും പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് എത്തുന്നത്. മദ്രസാ വിദ്യാഭ്യാസം നേടിയവരാകട്ടെ, അതിനെ അപ്പര്‍പ്രൈമറി തലം കഴിയുമ്പോഴേക്കും പിറകിലുപേക്ഷിച്ച് പോരുന്നു.
തങ്ങള്‍ക്ക് സാമൂഹ്യ ഇടപെടലും രാഷ്ട്രീയ രംഗത്തേക്കുള്ള പ്രവേശനവും അനുവദനീയമാണോ എന്ന കാര്യത്തില്‍ മുസ്‌ലിം സ്ത്രീ ഇപ്പോഴും സംശയത്തിലാണ്. അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ ലഭിക്കാത്തത്. മുസ്‌ലിം സ്ത്രീക്ക് ഇതെല്ലാം അനുവദനീയമാണെന്ന് അവരെ പഠിപ്പിച്ചുകൊടുക്കാന്‍ സാധിക്കേണ്ടതുണ്ട്.
ഫൗസിയ (യു.ജി ഫസ്റ്റ്)
സ്ത്രീ ഉയര്‍ന്നുവരാതിരിക്കുന്നതിന്റെ പ്രധാന കാരണം അവരുടെ വിവാഹപ്രായമാണ്. വളരെ നേരത്തെ പെണ്‍കുട്ടികളെ കെട്ടിച്ചയക്കുന്നതിലൂടെ അവര്‍ക്ക് ശരിയായ രീതിയില്‍ വിദ്യാഭ്യാസം നേടാനാവുന്നില്ല. താഴ്ന്ന ജാതിയിലുള്ള ആളുകള്‍ വരെ വിദ്യാഭ്യാസത്തിലൂടെ മുഖ്യധാരയിലേക്ക് കടന്നുവരുമ്പേള്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ ഗ്രാഫ് താഴോട്ടാണ് പോകുന്നത്. ഉത്തര മലബാറിലാണ് പെട്ടെന്ന് വിവാഹം കഴിപ്പിച്ചയക്കുന്ന പ്രവണത കൂടുതല്‍. മുസ്‌ലിംകള്‍ക്ക് അവരുടെ സ്വത്വത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധം ആഴത്തിലുണ്ട്. പൊതുസമൂഹത്തില്‍ മുസ്‌ലിം ഐഡന്റിറ്റിയെ പ്രതിനിധീകരിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം നാണക്കേടായി തീര്‍ന്നിരിക്കുന്നു. സ്‌കാര്‍ഫ് ധരിച്ചാല്‍ പിന്നാക്കക്കാരായിപ്പോകുമോ എന്ന ഭയം. ക്രിസ്ത്യന്‍ മതപഠിതാക്കള്‍ സമൂഹത്തില്‍ വിശുദ്ധരായി വാഴ്ത്തപ്പെടുന്നു. എന്നാല്‍ മുസ്‌ലിം സമൂഹത്തില്‍ മതം പഠിക്കാന്‍ പോകുന്നവര്‍ കാശില്ലാത്തവരും മാര്‍ക്കില്ലാത്തവരുമായി തരംതാഴ്ത്തപ്പെടുന്നതും ഈയൊരു അപകര്‍ഷതാബോധത്തിന്റെ ഫലമായിട്ടാണ്. നമ്മുടെ പള്ളി ജീവനക്കാരന്റെ വിദ്യാഭ്യാസയോഗ്യതയും പള്ളീലച്ചന്റെ യോഗ്യതയും നാമൊന്നു പഠിക്കണം. എം.ഫിലും പി.എച്ച്.ഡിയുമൊക്കെ പാസായ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ളവരാണ് വികാരികളും പള്ളീലച്ചന്മാരുമായി വരുന്നത്.
മുസ്‌ലിം സ്ത്രീകള്‍ക്ക് സാമുദായിക പ്രാതിനിധ്യം നേടാനുള്ള അവസരം ലഭിക്കാത്തതുകൊണ്ടാണ് ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഉറയൂരുന്ന സമീപനം സ്വീകരിക്കുന്നത്. വിവാഹത്തിനു ശേഷം പഠിപ്പിക്കാന്‍ സന്നദ്ധരാവുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ കുറവാണ്. പഴയകാല നേതാക്കള്‍ സ്ത്രീ വിദ്യാഭ്യാസത്തിന് ഒട്ടൊക്കെ പ്രാധാന്യം നല്‍കിയിട്ടുണ്ടുതാനും. തെക്കന്‍ കേരളത്തിലെ സ്ത്രീകള്‍ വിവാഹത്തിന് ശേഷവും പഠിക്കുന്നുണ്ട്. ഇതൊരുപക്ഷേ, സഹോദര സമുദായങ്ങളുടെ സ്വാധീനം മൂലമാവാം. വടക്കന്‍ കേരളത്തിലാണ് മതസംഘടനകളുടെ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടുതല്‍ ശക്തം എന്നിരിക്കെ, സ്ത്രീകള്‍ വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത കഴിവുകള്‍ സമൂഹത്തില്‍ ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും പിറകോട്ടടിക്കുന്നുണ്ടെങ്കില്‍ നാം ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. മുസ്‌ലിം ചെറുപ്പക്കാരെയോ മതസംഘടനകളെയോ?
അഫ്‌റ ശിഹാബ് (സീനിയര്‍ സെക്കന്ററി ഒന്നാംവര്‍ഷം)
വിവാഹശേഷമുള്ള പഠനം ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടുകൂടിയേ സാധ്യമാകൂ. തന്റെ ഭാര്യക്ക് തന്നേക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും ഉണ്ടാകുന്നതിനെ അംഗീകരിക്കുന്നവര്‍ അപൂര്‍വം. തന്റെ ഭക്ഷണം, സുഖം, തന്നോടുള്ള കടമകള്‍ എന്നിവയില്‍ ഒരുവിട്ടുവീഴ്ചയും സാധ്യമല്ല എന്ന ശാഠ്യമുള്ള ഭര്‍ത്താക്കന്മാരുള്ള സ്ത്രീകള്‍ക്ക് തുടര്‍വിദ്യാഭ്യാസവും പ്രാസ്ഥാനിക പ്രവര്‍ത്തനവുമൊക്കെ ഒരു ബാലികേറാ മലയായി. ദീനീകലാലയങ്ങളിലേക്ക് കുട്ടികളെ അയക്കുക എന്നത് സ്റ്റാറ്റസിന് കുറച്ചിലായി കരുതുന്ന മാതാപിതാക്കളും സ്ത്രീകള്‍ ഫത്‌വ പറയുന്നതിനെ അംഗികരിക്കാന്‍ മനസ്സില്ലാത്തവരും പടുത്തുയര്‍ത്തുന്ന അന്തരീക്ഷം ഇസ്‌ലാമിക പ്രതിനിധികളെ സൃഷ്ടിക്കാന്‍ പര്യാപ്തമല്ല.
നമ്മുടെ പൊതു ഇടങ്ങള്‍ എത്രത്തോളം സ്ത്രീ സൗഹാര്‍ദപരമാണ.് സ്ത്രീകള്‍ ജോലി ചെയ്യുന്ന ഇടവും സ്ഥലവും അവരുടെ കുടുംബത്തെക്കൂടി പരിഗണിച്ചുള്ളതാവുന്നില്ല. കലാലയങ്ങളിലേക്ക് പലപ്പോഴും ഭീതിയോടു കൂടിയാണ് രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ പറഞ്ഞുവിടുന്നത്. ഇത് ഒരുതരത്തില്‍ പൊതുഇടങ്ങളില്‍ സ്ത്രീ അരക്ഷിതയാണ് എന്നുതന്നെയാണ് തെളിയിക്കുന്നത്.
ഫാത്തിമ ഷിറിന്‍ (എസ്.എസ്.ഫസ്റ്റ്)
സമൂഹത്തെ പേടിക്കേണ്ടതില്ല എന്നൊക്കെ പറയാം. യഥാര്‍ഥത്തില്‍ നാം സമൂഹത്തെ ഭയപ്പെടുക തന്നെ വേണം. പത്രത്താളുകള്‍ മറിച്ചുനോക്കിയാല്‍ തീര്‍ത്തും വേദനാജനകമായ കാര്യങ്ങളാണ് ഉള്ളത്. കാമുകന്റെ കൂടെ ഒളിച്ചോടുന്ന വിവാഹിത, കുഞ്ഞുങ്ങളെ കൊല്ലുന്ന മാതാക്കള്‍ തുടങ്ങി മുസ്‌ലിം നാമധാരികള്‍ തന്നെ അനവധി. ഇത്തരം സ്ത്രീകള്‍ക്കാണ് നാം വിദ്യാഭ്യാസം നല്‍കുന്നത് എങ്കില്‍ അത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. മൂല്യങ്ങളുടെ സംരക്ഷകയായി മാറുന്ന ഒരു സമൂഹസൃഷ്ടിപ്പാണ് ഉണ്ടാവേണ്ടത്. വിദ്യാഭ്യാസത്തിലൂടെ സംഭവിക്കേണ്ടതും മൂല്യവല്‍ക്കരണം തന്നെ. വര്‍ധിച്ചുവരുന്ന പീഡനങ്ങള്‍ പെണ്‍മക്കളുള്ള രക്ഷിതാക്കളുടെ ഹൃദയമിടിപ്പാണ് കൂട്ടുന്നത്. അവര്‍ പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക എന്നത് സ്വാഭാവികമാണ്. ഇങ്ങനെ ഒരു പരിതസ്ഥിതിയില്‍ സ്ത്രീ മുന്നേറ്റം സാധ്യമാക്കുക എന്നത് അങ്ങേയറ്റം ക്ലേശകരമാണ്.
സര്‍ട്ടിഫിക്കറ്റുകളില്‍ ഒതുങ്ങാതെ മസ്തിഷ്‌കത്തില്‍ മാറ്റമുണ്ടാക്കുന്ന കരിക്കുലം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കേണ്ടതുണ്ട്. ബിരുദവും ബിരുദാനന്തരബിരുദവും നേടിയവര്‍ക്ക് വീട്ടിലിരിക്കാന്‍ തോന്നുന്നത് അവരുടെ യോഗ്യതകള്‍ സര്‍ട്ടിഫിക്കറ്റില്‍ ഒതുങ്ങി എന്നതിനാലാണ്.
ഫര്‍ഹ ഒ.എ (ഡിഗ്രി ഒന്നാംവര്‍ഷം)
സ്ത്രീ മുന്നേറ്റം സാധ്യമാവാത്തതിന്റെ പ്രധാനപ്പെട്ട കാരണം കിടക്കുന്നത് നമ്മുടെ പണ്ഡിതന്മാരിലാണ്. സ്ത്രീക്ക് ഏത് പരിധിവരെ പോകാമെന്ന കാര്യത്തില്‍ നമ്മുടെ പണ്ഡിതന്മാര്‍ തന്നെ ഒരു തീരുമാനത്തിലെത്തിയിട്ടില്ലെന്നും പഠനകാലയളവിന് ശേഷം സമൂഹത്തിലിറങ്ങി എന്ത് ചെയ്യണം എന്ന അറിവില്ലായ്മയും ഒരു പരിധിവരെ സ്ത്രീയുടെ സാമൂഹ്യ ഇടപെലിന് തടസ്സമാണ്. ഇതിനൊരു മാറ്റം വരേണ്ടതുണ്ട്.
നാസ്വിറ (ഡിഗ്രി മൂന്നാംവര്‍ഷം)
വിവാഹം വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസം വിവാഹത്തിനും പ്രശ്‌നമാണെന്ന നിലക്കുള്ള നടപ്പുരീതികളാണ് സമുദായത്തിനുള്ളില്‍ കണ്ടുവരുന്നത്. നന്നായി പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടി വിവാഹം കഴിഞ്ഞാല്‍ പഠനം നിര്‍ത്തുന്നതും വിദ്യാഭ്യാസത്തിന്റെ തോതനുസരിച്ച് വിവാഹ മാര്‍ക്കറ്റില്‍ സ്ഥാനക്കയറ്റം കിട്ടുന്നതും കാണാറുണ്ടല്ലോ.
ദീനിമദാരിസുകളിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്ന രക്ഷിതാക്കളുടെ ലക്ഷ്യം പെണ്‍മക്കള്‍ക്ക് നല്ല വിവാഹാലോചന, വിവാഹംവരെയുള്ള ഇടത്താവളം എന്നിങ്ങനെയാവുന്നിടത്തോളം കാലം നമ്മുടെ മുമ്പില്‍ പ്രതിസന്ധികള്‍ ഉണ്ടായിക്കൊണ്ടിരിക്കും.
ആയിശ ഷംസുദ്ദീന്‍ (യു.ജി ഫസ്റ്റ്)
കുടുംബം തന്നെയാണ് സ്ത്രീയുടെ ഇടം. പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന സ്ത്രീകളുടെ കുടുംബങ്ങളുടെ അവസ്ഥ പലപ്പോഴും പരിതാപകരമാണ്. വീട്ടിലെ പണികളൊക്കെ ചെയ്ത് തിരക്കിട്ട് ജോലിസ്ഥലത്തേക്ക് പുറപ്പെട്ട് വൈകുന്നേരം തളര്‍ന്നുവരുന്ന സ്ത്രീക്ക് പലപ്പോഴും ക്ഷീണിച്ചെത്തുന്ന ഭര്‍ത്താവിനെ യഥാവിധി പരിചരിക്കാനാവില്ല. സ്‌കൂള്‍ വിട്ട് വരുമ്പോള്‍ അടഞ്ഞുകിടക്കുന്ന വീട് ഒരുകുട്ടിക്കും ഇഷ്ടമുള്ള സംഗതിയല്ല. സമ്മര്‍ദ്ദങ്ങളില്‍ പെട്ട് കയറിവരുന്ന മനസ്സുകള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ അപാകതകളുണ്ടാവും. ആര് ആരെ താങ്ങണം എന്നറിയാതിരിക്കുമ്പോഴുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ മനസ്സമാധാനം നഷ്ടപ്പെടുമ്പോള്‍ തകരുന്നത് കുടുംബ ഭദ്രതയാണ്. സ്ത്രീകള്‍ക്ക് പലപ്പോഴും ഇരട്ട ജോലിയാണ് ചെയ്യേണ്ടിവരുന്നത്. ഇങ്ങനെ വരുന്ന ഭാരത്തെ ലഘൂകരിക്കാനായാല്‍ ഒരു വലിയ അളവോളം പ്രശ്‌നത്തിന് പരിഹാരമാവും. മിക്ക സ്വഹാബി വനിതകളുടെയും വീട്ടില്‍ വേലക്കാരികള്‍ ഉണ്ടായിരുന്നു. കഴിവും ബുദ്ധിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ളവര്‍ പൊതുരംഗത്തേക്കിറങ്ങട്ടെ. വീട്ടുഭരണം നന്നായി നിര്‍വഹിക്കുന്നവര്‍ അതും താളപ്പിഴ കൂടാതെ ചെയ്യണമെന്നു മാത്രമല്ല, വേലക്കാരികളെ വെക്കാന്‍ കഴിയാത്തവരെ ഭര്‍ത്താക്കന്മാര്‍ സാഹായിക്കുകയും വേണം.
ഹിക്മത്തുന്നിസ (യു.ഡി മൂന്നാംവര്‍ഷം)
സ്വന്തം ഉപജീവന മാര്‍ഗം കണ്ടെത്താതെ കല്യാണത്തിനൊരുങ്ങുന്ന മുസ്‌ലിം ചെറുപ്പക്കാരുടെ നാടാണിത്. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ കല്യാണം കഴിക്കുന്നവരും സുലഭം. മഹറ് വാങ്ങാനുള്ള കാശുപോലും സ്ത്രീധനത്തുകയില്‍ നിന്നീടാക്കുന്ന സമുദായത്തിനോട് മഹര്‍ ചോദിച്ചുവാങ്ങുന്നതിന്റെ വിഡ്ഢിത്തത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. ശരീഅത്ത് നല്‍കുന്ന പെണ്ണവകാശങ്ങളെക്കുറിച്ച് അതിന്റെ വക്താക്കള്‍ക്കു തന്നെ അറിവില്ല.
നിഷ്‌വ (എസ്.എസ്. സെക്കന്റ്)
ചില ഹദീസ് വ്യാഖ്യാതാക്കളുടെ തെറ്റായ വിശദീകരണങ്ങളും സ്ത്രീ മുന്നേറ്റത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 'സ്ത്രീയെ അധികാരത്തിലേറ്റിയ ജനത നശിച്ചു' എന്നത് അതിലൊന്നാണ്. എന്നാല്‍ സൂറ അന്‍ആമില്‍ അല്ലാഹു ബല്‍ക്കീസ് രാജ്ഞിയുടെ കഥപറയുന്നുണ്ടുതാനും. ഖുര്‍ആനും ഹദീസും വിരുദ്ധമാവുകയില്ലല്ലോ. ഹദീസുകള്‍ പഠിക്കുമ്പോള്‍ അവയുടെ പശ്ചാത്തലംകൂടി പഠിക്കണം.
തെറ്റായ വായനകളെ തിരുത്തി തെറ്റിദ്ധരിക്കപ്പെട്ടവരെക്കൂടി ശരിയായ മാര്‍ഗത്തിലേക്കെത്തിക്കണം.
അഭിപ്രായഭിന്നതയുള്ള വിഷയങ്ങളില്‍ സമുദായ നേതൃത്വങ്ങള്‍ കൂടിയിരുന്ന് ചര്‍ച്ച നടത്തുകയും പൊതുവായ നിലപാടിലെത്തിച്ചേരുകയും അത് പൊതുസമൂഹത്തിനു മുമ്പില്‍ വെക്കുകയും ചെയ്യുന്ന ഒരു രീതി രൂപപ്പെടേണ്ടതുണ്ട്.''
ഹുസ്‌ന മുംതാസ് (എസ്.എസ് സെക്കന്റ്)
വീട്ടിലിരുന്നുകൊണ്ട് തന്നെ സ്ത്രീക്ക് സാമൂഹ്യ രംഗത്തെ ഇടപെടലുകള്‍ നടത്താം. കുടുംബശ്രീ, കൃഷിഭവന്‍, സ്വയം തൊഴില്‍ സഹായങ്ങള്‍, ധനസഹായ പദ്ധതികള്‍ മുഖേനയുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിലൂടെ ഇത് സാധിച്ചെടുക്കാം. വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്ക് ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയും ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും ഒഴിവു സമയം പ്രയോജനപ്പെടുത്താം.
സുഹാന (എസ്.എസ് സെക്കന്റ്)
സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ സ്ത്രീ തന്നെയാണ് മുന്നോട്ടു വരേണ്ടത്. സമൂഹത്തിനും സമുദായത്തിനും ഉപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സ്ത്രീകള്‍ക്ക് സാധിക്കണം. ഇതിനാവശ്യമായ ട്രെയിനിംഗ് നല്‍കി സംഘടനാ നേതൃത്വം കൂടെ നിര്‍ത്തി പ്രോത്സാഹിപ്പിക്കണം.
ഷംസീന (യു.ജി ഫസ്റ്റ്)
മനശ്ശാസ്ത്ര പഠനങ്ങള്‍ പറയുന്നത് കുടുംബ പരിപാലനത്തിനനുയോജ്യമായ മാനസിക ഘടനയിലാണ് സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ്. കുട്ടികളുടെ പരിചരണത്തില്‍ ക്ഷമ, വാത്സല്യം, സഹനം തുടങ്ങിയവയിലൊക്കെ പ്രത്യേകമായ സഹജവാസന സ്ത്രീക്ക് നല്‍കപ്പെട്ടിരുന്നു. നല്ല കുടുംബത്തെ സൃഷ്ടിക്കുന്ന സ്ത്രീ അതിലൂടെ നല്ല സമൂഹത്തെയാണ് വാര്‍ത്തെടുക്കുന്നത്. ഭാര്യമാരുടെ കഴിവിനെ ഉള്‍ക്കൊള്ളാനും പ്രോത്സാഹിപ്പിക്കാനുമുള്ള വിശാലമായ കാഴ്ചപ്പാട് ഭര്‍ത്താക്കന്മാര്‍ക്കുണ്ടാവുകയാണെങ്കില്‍ നിലവിലെ സാമൂഹിക പരിതസ്ഥിതിയില്‍ വമ്പിച്ച പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.
ശമീമ
ഓരോരുത്തര്‍ക്കും ഓരോ ഉത്തരവാദിത്വമുണ്ട്. സ്ത്രീയുടെ പങ്ക് കുടുംബപരിചരണവുമായി ബന്ധപ്പെട്ടതാണ്. അതില്‍ അലംഭാവം കാണിച്ചാല്‍ ലോകനാഥനോട് ഉത്തരം ബോധിപ്പിക്കേണ്ടി വരും. പാണ്ഡിത്യം നേടുന്നതോടൊപ്പം നല്ല വീട്ടമ്മയും ആയിത്തീരണം. വീട്ടുതടങ്കല്‍ വ്യഭിചാരിണിക്കുള്ള ശിക്ഷയാണ്. പതിവ്രതയായ മുസ്‌ലിം സ്ത്രീയും വീട്ടിലിരിക്കണമെന്നു പറയുന്നത് ഇരു കൂട്ടര്‍ക്കും ഒരേ ശിക്ഷ പ്രയോഗത്തില്‍ വരുത്തുന്നതു പോലെയാണ്. പര്‍ദ്ദാ നിയമം ഉണ്ടാക്കിയതു തന്നെ സമൂഹത്തിലിറങ്ങുന്ന സ്ത്രീകള്‍ക്കു വേണ്ടിയാണ്.
ഷിറിന്‍
ഇന്നിറങ്ങുന്ന വനിതാ മാസികകള്‍ പുരുഷ്യ താല്‍പര്യങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. അവരുടെ ഇംഗിതത്തെ പൂര്‍ത്തീകരിക്കുന്നതിനപ്പുറം മറ്റൊന്നും ലക്ഷ്യംവെക്കുന്നില്ല. ഇതിനൊരു തിരുത്തല്‍ ശക്തിയായി മാറി സ്ത്രീകള്‍ക്കു കരുത്തുപകരാന്‍ ആരാമം മുന്നോട്ടുവരണം.
ഇത് തിരിച്ചറിവുള്ള പെണ്‍കൂട്ടമാണെന്ന മുഖവുരയാണ് ടി.കെ ഉബൈദ് ചര്‍ച്ചക്ക് വിരാമമിട്ടുകൊണ്ട് സംസാരിച്ചത്. തങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ തിരിച്ചറിയേണ്ടത് സ്വയം തന്നെയാണ്. സ്ത്രീ വീട്ടുകാര്യവും പുരുഷന്‍ സാമൂഹ്യ ഇടപെടലും നടത്തട്ടെയെന്ന് പാരമ്പര്യമായി പിന്തുടര്‍ന്നുപോരുന്ന ഒരു കാഴ്ചപ്പാടാണ്. ഇതും പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യമാണ്. സ്ത്രീ വീട്ടുകാര്യം മാത്രമേ നോക്കാവൂ എന്നത് തെറ്റിദ്ധാരണയുടെ ഫലമാണ്. ഇതില്‍ തിരുത്തലുകള്‍ സംഭവിക്കണം. സ്ത്രീകളിലെ സര്‍ഗാത്മക കഴിവുകളെ പരിപോഷിപ്പിച്ചുകൊണ്ടുവന്ന് ഫുള്‍ടൈം ഹൗസ് വൈഫ് എന്ന സങ്കല്‍പത്തില്‍ മാറ്റം വരുത്താന്‍ സ്വയം ശ്രമിക്കണം. ഖുര്‍ആനിനും ഹദീസിനും ഒരു പെണ്‍വായന വേണം. സ്ത്രീ വിരുദ്ധമായ ഒരുപാട് കാഴ്ചപ്പാടുകള്‍ ഫിഖ്ഹിലുണ്ട്. മുസ്‌ലിം സ്ത്രീ പള്ളിപ്രവേശം കണ്ണൊഴികെ ബാക്കി ഭാഗങ്ങളൊക്കെ മൂടണമെന്നുള്ള നിര്‍ബന്ധ വസ്ത്രധാരണം എന്നിവയൊക്കെ ബിദ്അത്തുകളാണ്. ഈ കൂട്ടം ഒരു വാഗ്ദാനമാണ്. ഫത്‌വ പറയാന്‍ യോഗ്യതയുള്ളവര്‍ നിങ്ങളില്‍ നിന്ന് ഉയര്‍ന്നു വരട്ടെ.'' ഈ ചര്‍ച്ച അവസാനിച്ചപ്പോള്‍ എന്തൊക്കെയോ ചെയ്യാനും പഠിക്കാനുമുണ്ടെന്ന തോന്നലായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും.