കുട്ടികള്‍ക്ക് ഒരു വേനലവധിക്കാലം കൂടി.... 'തിരക്കുപിടിച്ച അധ്യയന കാലത്തിനൊടുവില്‍ ചൂടുപിടിച്ച അന്തരീക്ഷത്തിലെ ഇളം കാറ്റുപോലെ,
കുട്ടികള്‍ക്ക് ഒരു വേനലവധിക്കാലം കൂടി.... 'തിരക്കുപിടിച്ച അധ്യയന കാലത്തിനൊടുവില്‍ ചൂടുപിടിച്ച അന്തരീക്ഷത്തിലെ ഇളം കാറ്റുപോലെ, വേനല്‍മഴ പോലെ സന്തോഷമായി, അനുഗ്രഹമായി...' ഇങ്ങനെയൊക്കെ എഴുതിത്തുടങ്ങണമെന്ന് കരുതിയതാണ്. പക്ഷെ, സാധാരണ ദിവസങ്ങളെക്കാള്‍ തിരക്കുപിടിച്ച അവധിക്കാലത്തെയാണ് ഇന്ന് കുട്ടികള്‍ വരവേല്‍ക്കുന്നത്. പരീക്ഷക്കു മുമ്പുതന്നെ അവധിക്കാലത്തെക്കുറിച്ച് ആലോചിച്ച് മാനസിക സമ്മര്‍ദ്ദത്തിലാണ് രക്ഷിതാക്കള്‍. പത്രങ്ങളിലും തെരുവിലും വാട്‌സ് ആപ് ഗ്രൂപ്പിലും അവധിക്കാല പരിപാടികളുടെ ഘോഷയാത്രയാണ്. എന്ത് ചെയ്യണം? ഇതിലേതു തെരഞ്ഞെടുക്കണം? അതിനുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതുതന്നെ പുതിയൊരു പ്രോഗ്രാമാക്കാമെന്ന് തോന്നുന്നു.
ഇനി ചിലരോ, അതിനെക്കുറിച്ച് ആലോചിച്ചിട്ടു തന്നെയില്ല. കുട്ടികള്‍ക്ക് ടിവിയും കമ്പ്യൂട്ടറുമുണ്ടല്ലോ. കാര്‍ട്ടൂണുകള്‍ കണ്ട്, ഉറങ്ങി, പുകഞ്ഞ് തീരുന്ന മറ്റൊരവധിക്കാലം. തീര്‍ച്ചയായും നാമാലോചിക്കണം: അവധിക്കാലം എങ്ങനെ ഫലപ്രദമാക്കാം.
കുട്ടികളോട് ചോദിക്കുക
കുട്ടികളുടെ വേനലവധിക്കാലത്തെ എങ്ങനെ ഫലപ്രദമാക്കണമെന്ന് തീര്‍ച്ചയായും രക്ഷിതാക്കളായ നാം ആലോചിക്കണം. ഫലപ്രദമായ ആസൂത്രണം വേണം. അത് കുട്ടികളുടെ ഭാവി കരുപ്പിടിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കും. എന്നാല്‍ ഇതേ ചോദ്യം നാം കുട്ടികളോട് ചോദിച്ചിട്ടുണ്ടോ? ഇക്കാര്യത്തില്‍ അവരുടെ അഭിപ്രായം മുഖവിലക്കെടുക്കാറുണ്ടോ? അറസ്റ്റുചെയ്ത് വിലങ്ങുവെച്ചവനെപ്പോലെ സംഗീതക്ലാസിലും നൃത്തക്ലാസിലും അഭിനയക്കളരിയിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചില കുട്ടികളുടെ മുഖം കണ്ടാലറിയാം, അവര്‍ക്കെന്തൊക്കെയോ പറയാനുണ്ടായിരുന്നു. പുറത്ത് കുട്ടികള്‍ തിമിര്‍ത്ത് കളിക്കുന്നത് കാണുമ്പോള്‍ വിടര്‍ന്ന കണ്ണുകളോടെ വാഹനത്തിന് പുറത്ത് തലയിട്ട് നോക്കുന്ന കുട്ടികളെ യാത്രകളില്‍ കാണാറുണ്ട്. പരിശീലനക്ലാസുകളിലേക്ക് പോകുമ്പോഴും അവന്റെ/അവളുടെ മനസ്സ് വഴിയോരങ്ങളില്‍ ഉടക്കിപ്പോകുന്നതാണ്. അവധിക്കാല പരിപാടികള്‍ രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് ആസൂത്രണം ചെയ്യണം. കുട്ടികളുടെ അഭിലാഷങ്ങള്‍ക്ക് മുഗണന നല്‍കാന്‍ ശ്രമിക്കുകയും വേണം. ഈ വേനലവധിക്ക് കുട്ടികളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പരിപാടികളാകട്ടെ വീട്ടില്‍ നടപ്പിലാക്കുന്നത്. അത്തരം കൂടിയാലോചനയില്‍ ഉള്‍പ്പെടാവുന്ന ചില കാര്യങ്ങള്‍...
കുട്ടികളോടൊപ്പം ഒരു കുടുംബയാത്ര
'കുട്ടികള്‍ക്കല്ലേ വെക്കേഷന്‍, ഞങ്ങള്‍ക്ക് ഓഫീസില്‍ തിരക്കുപിടിച്ച കാലമാണ്.' ആയിക്കോട്ടെ, എങ്കിലും ഒന്നോ രണ്ടോ ദിവസം കണ്ടെത്തി, കുടുംബം ഒരുമിച്ച് ഈ വേനലവധിക്ക് ഒരു യാത്ര ക്രമീകരിച്ചു നോക്കൂ. യാത്രയില്‍ ഔപചാരികതകള്‍ ഒഴിവാക്കി, കുട്ടികള്‍ക്ക് നിങ്ങളോട് സംസാരിക്കാന്‍ അവസരമുണ്ടാക്കണം. ചിലരുണ്ട,് കുട്ടികള്‍ക്ക് ചിട്ടയും മര്യാദയും അഭ്യസിപ്പിക്കണമെന്ന നല്ല ഉദ്ദേശത്തോടെ, ഇത്തരം യാത്രകളില്‍ നിയമാവലികള്‍ വെച്ച്, ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമൊക്കെ നിശ്ചയിച്ച് കുട്ടികളെ പ്രയാസപ്പെടുത്തുന്നവര്‍. തീര്‍ച്ചയായും യാത്രാ മര്യാദകള്‍ പറഞ്ഞുകൊടുക്കണം. പറയുന്നതിനേക്കാള്‍ അവര്‍ നിങ്ങളെ നിരീക്ഷിച്ച് പഠിക്കണം. ആഹ്ലാദവും അറിവും നിറഞ്ഞതാകണം യാത്ര. കളികള്‍ക്കും ഗുണപാഠങ്ങള്‍ക്കും അവസരമുണ്ടാകണം. മനസ്സിന് കുളിര്‍മ കിട്ടുന്ന പ്രകൃതി ദൃശ്യങ്ങളും ചരിത്ര- സാംസ്‌കാരിക ബോധമുണര്‍ത്തുന്ന ചരിത്രസ്ഥലങ്ങളും യാത്രയില്‍ കൂട്ടിയിണക്കുന്നത് നന്നാവും.
കുടുംബ ബന്ധങ്ങളുടെ വില
ഈ അവധിക്കാലത്ത് ദീര്‍ഘകാലമായി കാണാന്‍ കഴിയാതിരുന്ന ഒരു ബന്ധുവിന്റെ, സുഹൃത്തിന്റെ വീട്ടിലേക്കുള്ള ഒരു സന്ദര്‍ശനം വളരെ വിലപ്പെട്ടതാകും. കുട്ടികള്‍ക്ക് അവരെ പരിചയപ്പെടുത്തണം. ബന്ധുക്കളെ അവരുടെ കുടുംബത്തോടൊപ്പം അതിഥികളായി നമ്മുടെ വീട്ടിലേക്ക് ക്ഷണിക്കുകയുമാവാം. കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നതിന്റെ പാഠങ്ങള്‍ കുട്ടികള്‍ നമ്മില്‍നിന്ന് പഠിക്കട്ടെ.
അയല്‍പക്ക സംഗമം
ഒരു ദിവസം അയല്‍പക്കത്തെ കുട്ടികള്‍ക്ക് വേണ്ടി ഒരു സല്‍ക്കാരമൊരുക്കാം. അതിന്റെ സംഘാടകര്‍ കുട്ടികള്‍ തന്നെയാകട്ടെ. ആതിഥേയ മര്യാദകള്‍ പഠിപ്പിക്കാന്‍ കുട്ടികള്‍ക്ക് അത് അവസരമൊരുക്കും.
പച്ചപ്പിനായ്
കുട്ടികള്‍ക്ക് തൊടിയിലോ വീട്ടുവളപ്പിലോ ടെറസിലോ ഒരു പച്ചക്കറിത്തോട്ടം ആരംഭിക്കുന്നതിന് സൗകര്യമൊരുക്കിയാല്‍ അതുവഴി, വൈവിധ്യമാര്‍ന്ന ശേഷികള്‍ കുട്ടികള്‍ക്ക് നേടിയെടുക്കാനാകും. ഹ്രസ്വകാല വിളകള്‍ നിര്‍ദ്ദേശിച്ച് നല്‍കിയാല്‍ മതി. വീടിനടുത്ത പുഴയും കുളവും വയലും കൃഷിയിടങ്ങളുമൊക്കെ നടന്നുകാണാന്‍ അവസരമൊരുക്കാം. നഗരങ്ങളിലുള്ളവര്‍ ഒരു വൈകുന്നേരത്ത് ഏതെങ്കിലും ഒരു ഗ്രാമത്തില്‍ വൈകുന്നേരങ്ങള്‍ ചെലവഴിച്ചാല്‍ അത് എത്ര ഉന്മേഷദായകമാകും.
ഹോബികള്‍ക്ക് ഇത്തിരി നേരം
കുട്ടികളുടെ ഇഷ്ടവിനോദങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ മറക്കരുത്. അവരുടെ ഹോബികള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ അവസരം നല്‍കണം. സ്റ്റാമ്പുശേഖരവും നാണയശേഖരവും വികസിപ്പിക്കാനും കൈമാറ്റം നടത്താനും വൃത്തിയും വെടിപ്പുമുള്ളതാക്കാനും ചിട്ടപ്പെടുത്താനുമൊക്കെ അവധിക്കാലത്തെ ഒഴിവുവേള പ്രയോജനം ചെയ്യും. നല്ല പാട്ടുകള്‍ ശേഖരിക്കാനും സംഗീതോപകരണ വായന പരിശീലിക്കാനും ഇതൊരവസരമാണ്. വായനക്ക് പ്രത്യേക പ്രോത്സാഹനം നല്‍കണം. അധ്യാപകരോട് അന്വേഷിച്ച്, വായിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് അവര്‍ തയ്യാറാക്കട്ടെ. ലൈബ്രറികളില്‍ പോയി അവ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കണം. ലഭ്യമാകാത്തത് അവര്‍ക്ക് സമ്മാനമായി വാങ്ങിനല്‍കാം.
കായിക മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് ചിട്ടയായ പരിശീലനത്തിന് അവധിക്കാലം സഹായകമാകും. കുട്ടികള്‍ക്ക് ജീവിതത്തിലേറെ സഹായകമാകുന്ന ഒന്ന്- നീന്തലോ സൈക്കിളോ- ഈ അവധിക്കാലത്ത് പരിശീലിക്കണമെന്ന് തീരുമാനിച്ചാല്‍, അത് മറക്കാത്തൊരു അനുഭവമാകും.
കുറവുകള്‍ നികത്താന്‍
കുട്ടികള്‍ക്ക് പഠന മേഖലയില്‍ എന്തെങ്കിലും പ്രയാസമോ കുറവുകളോ അനുഭവപ്പെട്ടതായി അധ്യാപകര്‍ നിങ്ങളോടു പങ്കുവെച്ചിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് വേനലവധിയില്‍ കുറച്ച് സമയം കണ്ടെത്താം. ഗണിതത്തിന്റെ അടിസ്ഥാനങ്ങള്‍ പഠിപ്പിക്കാനോ ഭാഷാ മികവു വര്‍ധിപ്പിക്കാനോ അവസരമൊരുക്കാം. അതിന് കുട്ടികളുമായി കൂടിയാലോചിച്ച് അവരുടെ അഭിപ്രായം കൂടി ആരാഞ്ഞ്, സൗകര്യമൊരുക്കുന്നതാണ് നല്ലത്.
വ്യക്തിത്വ വികാസത്തിന്
വ്യക്തിവികാസത്തിനും ഇസ്‌ലാമിക പഠനത്തിനും പ്രകൃതി പഠനത്തിനുമൊക്കെ വേനലവധിയില്‍ എത്രയെത്ര പരിപാടികള്‍. ഒരു മുന്‍ഗണനയുമില്ലാതെ കുട്ടികളെ ഇത്തരം പരിപാടികളിലേക്ക് തള്ളിവിടരുത്. പ്രോഗ്രാമുകള്‍ നിരീക്ഷിച്ച്, സംഘാടകരെ അറിഞ്ഞ് കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്നവ തെരഞ്ഞെടുക്കാം. ആവര്‍ത്തനങ്ങള്‍ കുട്ടികള്‍ ഇഷ്ടപ്പെടണമെന്നില്ല. പുതുമകള്‍ അവര്‍ സ്വാഗതം ചെയ്യും. സമയനഷ്ടം വരുത്തുന്നതാവരുത് ഇത്തരം പരിപാടികള്‍. ചിലപ്പോഴെങ്കിലും കുട്ടികള്‍ വീട്ടില്‍നിന്ന് ഒഴിഞ്ഞ് നിന്നോട്ടെയെന്ന് കരുതി ക്യാമ്പുകളില്‍ ഉള്‍പ്പെടുത്തുന്നതാകരുത്.
കുറിപ്പെഴുതാം
ഇപ്രാവശ്യത്തെ വേനലവധി എങ്ങനെയൊക്കെ പ്രയോജനപ്പെട്ടുവെന്നത് കുറിച്ചുവെക്കാന്‍ കുട്ടികളോട് ആവശ്യപ്പെടുക. ഡയറിക്കുറിപ്പായോ അനുഭവക്കുറിപ്പായോ അവരത് തയ്യാറാക്കട്ടെ.
കുട്ടകളുടെ വികാസത്തിന് ഏറെ ഊര്‍ജം പകരാവുന്ന ഒന്നായി ഈ വേനലവധിക്കാലം മാറണം. കളിയും ചിരിയും ചിന്തയും കൂട്ടിയിണക്കുന്ന ഒന്ന്. മനസ്സ് നിറയെ ഊര്‍ജം പകരുന്ന ഒന്ന്. പുതിയ അധ്യയന വര്‍ഷം കൂടുതല്‍ കരുത്തോടെ പഠനത്തെയും ജീവിതത്തേയും നേരിടാന്‍ അവരെ പ്രാപ്തമാക്കുന്ന ഒന്ന്. ഈ അവധിക്കാലം നന്മകള്‍കൊണ്ട് നിറയട്ടെ. കുട്ടികള്‍ക്കും നിങ്ങള്‍ക്കും മനസ്സു നിറഞ്ഞ ഈ അവധിക്കാലത്ത്....